Saturday 6 October 2007

ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ... [Part 3]

ചുവപ്പും വെള്ളയും നിറങ്ങള്‍ ഇടകലര്‍ത്തി Air India എന്ന് മനോഹരമായി എഴുതിവച്ചിരിക്കുന്ന കൗണ്ടറുകള്‍, വെള്ളയടിച്ച കുഴിമാടങ്ങളേപ്പോലെ നിരന്നിരിക്കുന്നു. ഉത്സവത്തിനും പെരുന്നാളിനുമൊക്കെ വെടിക്കെട്ടിനുശേഷം പൊട്ടാത്ത പടക്കങ്ങള്‍ തേടി നടക്കുന്നവരെപ്പോലെ ചില ആളുകള്‍ അവിടെയും ഇവിടെയുമായി ചുറ്റിത്തിരിയുന്നുണ്ട്‌... ആരോട്‌ ചോദിച്ചാലാണ` കാര്യങ്ങള്‍ പിടികിട്ടുക? കൗണ്ടറുകളിലൊന്നിലും ആരെയും കാണുന്നില്ല... അല്ല, ആരോ ഉണ്ട്‌, അതാ ഒരു ടേബിളിനുപിന്നില്‍ പച്ചനിറത്തിന്റെ മിന്നലാട്ടം. ട്രോളി ഒരിടത്ത്‌ ഒതുക്കിവച്ച്‌, ഗ്രഹിണി ബാധിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ടവണ്ണം, ആ 'മരുപ്പച്ച'യെ ലക്ഷ്യമാക്കി ഓടി...

പച്ചനിറത്തിലുള്ള സാരി ധരിച്ച ഒരു മധ്യവയസ്ക, കാര്യമായി എന്തോ തിരയുന്നു. സ്വതവേ പൊക്കം കുറഞ്ഞ അവര്‍ കുനിഞ്ഞിരുന്നതിനാലാണ` ദൂരെ നിന്നും നോക്കിയപ്പോള്‍ കണ്ണില്‍പ്പെടാതെ പോയത്‌. ആവശ്യക്കാരന` ഔചിത്യമില്ലല്ലോ, അതുകൊണ്ട്‌ അവരുടെ തിരച്ചില്‍ തീരാന്‍ നില്‍ക്കാതെ ആംഗലേയത്തില്‍ ഇടിച്ചുകയറി;

"മാഡം, ജിദ്ദ ഫ്ലൈറ്റ്‌ ബോര്‍ഡിംഗ്‌ കഴിഞ്ഞോ?"


ഉച്ചക്ക്‌ ഒന്നും കഴിക്കാതിരുന്നതും, ആ വിശാലമായ ഹാളിലെ ബഹളവും കാരണം എന്റെ ശബ്ദത്തിന` ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരാന്‍ സാധിച്ചില്ല എന്ന് അവരുടെ 'പ്രതികരണ'ത്തില്‍ നിന്നും മനസ്സിലായി - വര്‍ദ്ധിതവീര്യത്തോടെ അവര്‍ തിരച്ചില്‍ തുടരുകയാണ`!


കാത്തുനില്‍ക്കാന്‍ സമയമില്ല... റിയലിറ്റി ഷോകളില്‍ മല്‍സരാര്‍ത്ഥികള്‍ പറയുന്നതുപോലെ 'നിങ്ങളുടെ വോട്ട്‌ ഉണ്ടെങ്കിലേ എനിക്ക്‌ അടുത്ത റൗണ്ടിലേക്ക്‌ കടക്കാന്‍ പറ്റൂ' എന്ന് മനസ്സില്‍ പറഞ്ഞു. സകലസൂപ്പര്‍ സ്റ്റാറുകളേയും ധ്യാനിച്ച്‌, ശ്വാസം അകത്തേക്ക്‌ ആഞ്ഞുവലിച്ച്‌, പരമാവധി ഉറക്കെ ചോദ്യം ആവര്‍ത്തിച്ചു... ഇത്തവണ പണിപറ്റി, കുനിഞ്ഞിരുന്നിരുന്ന ആ സ്ത്രീരൂപത്തിന` ചെറിയ അനക്കം... തല ഉയര്‍ത്തി നോക്കി അവര്‍ ഒന്നുപുഞ്ചിരിച്ചു. കത്തിനില്‍ക്കുന്ന മെയ്‌ മാസത്തില്‍ പുതുമഴ പെയ്തതുപോലെ ഒരു കുളിര`. എന്നാല്‍ അവരുടെ മറുപടി കേട്ടപ്പോള്‍ ഇടിയും വെട്ടി കാലവര്‍ഷം വന്ന പ്രതീതി...


"ജിദ്ദ ഫ്ലൈറ്റ്‌ ലേറ്റാണ`, രാത്രി 9:30ന` മാത്രമേ പുറപ്പെടുകയുള്ളു..."


തലക്ക്‌ അടി കിട്ടിയതുപോലെ... എന്തിനാണോ ഈ പെടാപ്പാടൊക്കെ കഴിച്ച്‌ ഓടിപ്പാഞ്ഞ്‌ എത്തിയത്‌, അതൊക്കെ വെറുതെയായിരിക്കുന്നു... 'ആഗേ ചലിക്കാന്‍' പറഞ്ഞിട്ട്‌ ആ കൊശവന്മാര്‍ കൈകൊട്ടിക്കളി നടത്തിയതിന്റെ ഡിങ്കോള്‍ഫി ഇതായിരുന്നല്ലേ... സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ അന്തംവിട്ടുനില്‍ക്കുമ്പോള്‍ ഒരു അശരീരിപോലെ ആ പച്ചപ്പനംതത്ത കൂട്ടിച്ചേര്‍ത്തു...


"ലഗ്ഗേജ്‌ ഉണ്ടെങ്കില്‍ തന്നേക്കൂ... എന്നിട്ട്‌ 6:30 ആകുമ്പോള്‍ വന്നാല്‍ മതി..."

അതുനല്ല കാര്യമാണ`, ഇപ്പോള്‍ സമയം 2:30 ആകുന്നതേയുള്ളു. ലഗ്ഗേജ്‌ കൊടുത്താല്‍ ബാക്കിയുള്ള സമയം ഫ്രീ ആയി നടക്കാമല്ലോ. നേരത്തെ മാറ്റിവച്ചിരുന്ന ട്രോളിയും തള്ളിയെത്തുമ്പോള്‍ 2-3 ആളുകള്‍കൂടി കൗണ്ടറില്‍ എത്തിയിരിക്കുന്നു... കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച്‌, കയ്യിലൊരു ബ്രീഫ്‌കേസുമായി ഒരു മധ്യവയസ്കന്‍. കണ്ടാല്‍ത്തന്നെ അറിയാം, അദ്ദേഹം ഒരു ബിസിനസ്സുകാരനാണെന്ന്. വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിയിക്കുന്ന വിധത്തില്‍ പാന്റ്സും ടി-ഷര്‍ട്ടും ധരിച്ച 2 അറബ്‌ വംശജര്‍. അവരുടെയൊക്കെ പിന്നില്‍ സ്ഥാനം പിടിക്കുമ്പോള്‍, എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയെക്കുറിച്ച്‌ ആ മധ്യവയസ്കന്‍ കത്തിക്കയറുകയാണ`. കൂടുതല്‍ കാര്യങ്ങള്‍ പറയാനുള്ളതുകൊണ്ടാവാം, തന്റെ പിന്നില്‍നിന്നിരുന്ന അറബി പയ്യന്മാരെ മുന്നോട്ട്‌ കയറ്റിവിട്ട്‌ അങ്ങേര്‍ സംസാരം തുടര്‍ന്നു.


കൗണ്ടറില്‍ ആളുകള്‍ എത്തിയതുകൊണ്ടാവണം, തിരച്ചിലൊക്കെ നിര്‍ത്തി, തന്റെ ജോലിയില്‍ വ്യാപൃതയാണ` പച്ചക്കാരി. കമ്പ്യൂട്ടറില്‍ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ബിസിനസുകാരന്റെ ചോദ്യങ്ങള്‍ക്ക്‌ ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തി, യാതൊരു അഹങ്കാരവുമില്ലാതെ, മറുപടി കൊടുക്കുന്നുണ്ട്‌ അവര്‍. അതുവരെ കിട്ടിയ "അടി"കളുടെ എണ്ണത്തിന്റെ ലസാഗുവാണോ ഉസാഘയാണോ കണ്ടുപിടിക്കേണ്ടത്‌ എന്ന് ചിന്തിച്ച്‌ കാടുകയറാന്‍ തുടങ്ങുമ്പോളാണ` കോട്ടുധാരി ഒരു എമണ്ടന്‍ ചോദ്യം പച്ചക്കാരിയുടെ നേരെ തൊടുത്തത്‌;


"മാഡം, നിങ്ങള്‍ ഏതു നാട്ടുകാരിയാണ`? നിങ്ങളുടെ ഹിന്ദി കേട്ടിട്ട്‌, മഹാരാഷ്ട്രക്കാരി അല്ലെന്ന് തോന്നുന്നു..."


'ശെടാ, ഇയ്യാള്‍ക്ക്‌ എന്തിന്റെ കേടാണ`? അപ്പം തിന്നാല്‍ പോരേ, കുഴി എണ്ണണോ?' എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും അവരുടെ ഹിന്ദി പറച്ചിലില്‍ ഒരു തെക്കന്‍ ചായ്‌വ്‌ രുചിച്ചതിനാല്‍ മറുപടിക്കായി കാക്കയെപ്പോലെ ചെവി വട്ടം പിടിച്ചു;


"നേരാണ`, ഞാന്‍ മറാത്തിയല്ല. ഹിന്ദിയേക്കാള്‍ നന്നായി ഇംഗ്ലീഷും എന്റെ മാതൃഭാഷയായ മലയാളവുമാണ` എനിക്ക്‌ വഴങ്ങുന്നത്‌..."


കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചതിനേക്കാള്‍ വലിയ കണ്ടുപിടുത്തം നടത്തിയ ഭാവത്തില്‍, ചുറ്റിനും കണ്ണോടിച്ച്‌, വി. എസ്‌. സ്റ്റെയിലില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന കോട്ടുവാലയെ നോക്കി, അതിമനോഹരമായ ഒരു പുഞ്ചിരിയുടെ മേമ്പൊടിയോടെ അവര്‍ പറഞ്ഞുനിര്‍ത്തി.


മലയാളം എന്ന വാക്ക്‌, കൂര്‍പ്പിച്ചുവച്ചിരുന്ന ചെവികളിലൂടെ അകത്തുകടന്ന് ലസാഗുവിനെയും ഉസാഘയെയും തട്ടിമാറ്റി, തലച്ചോറിന്റെ മുക്കിലും മൂലയിലുമൊക്കെ തപ്പിത്തടഞ്ഞ്‌, ഒരു ദീര്‍ഘനിശ്വാസമായി പുറത്തേക്ക്‌ പോയതിന്റെ ഫലമായി, കുറച്ചുസമയത്തേക്ക്‌ വായ തുറന്നുതന്നെ ഇരുന്നു. വായയ്ക്ക്‌ ഒരു സപ്പോര്‍ട്ടിനെന്നോണം, സ്വതവേ തള്ളിയ കണ്ണുകള്‍ സ്വസ്ഥാനത്തുനിന്നും അല്‍പ്പം കൂടി മുന്നോട്ട്‌ കയറിനിന്നു...


കോട്ടുവാലയും അറബിപിള്ളേരും പച്ചക്കറിമാര്‍ക്കറ്റില്‍ പോകുന്നതുപോലെയാണ` വന്നിരിക്കുന്നത്‌. ഇത്രയും ദൂരം സഞ്ചരിക്കുന്നതല്ലേ, മനുഷ്യരെക്കൊണ്ട്‌ വെറുതെ ഒന്നും പറയിക്കേണ്ട എന്ന് കരുതിയാവണം, പേരിന` ഓരോ ബാഗും തൂക്കിയാണ` ഈ പഹയന്മാരുടെ നില്‍പ്പ്‌... മെല്ലെ തലതിരിച്ച്‌ ട്രോളിയിലേക്ക്‌ നോക്കി; പറമ്പിലുള്ള ചക്കയും മാങ്ങയും പോരാഞ്ഞിട്ട്‌, നാട്ടിലെ ബേക്കറി മൊത്തമായി വാങ്ങി കുത്തിനിറച്ച രണ്ടുബാഗുകള്‍ അതിലിരുന്ന് ഉറക്കംതൂങ്ങാന്‍ തുടങ്ങിട്ട്‌ നേരം കുറച്ചായി. അവറ്റകളെ എങ്ങനെ അക്കരെ എത്തിക്കും എന്നോര്‍ത്ത്‌ വിഷമിക്കാന്‍ ഇതുവരെ സമയം കിട്ടാഞ്ഞത്‌ ഭാഗ്യം, അതിനിടക്കാണ` എവിടെപ്പോയി തേടും എന്നുകരുതിയ വള്ളിയുടെ അറ്റം ഈ മലയാളിമങ്കയുടെ രൂപത്തില്‍ മുന്നിലവതരിച്ചിരിക്കുന്നത്‌. രക്ഷപ്പെടുമോ ആവോ?


അല്‍പ്പസമയം നീണ്ട ഇടപാടുകള്‍ക്ക്‌ ശേഷം അറബിപിള്ളേരും അധികം സമയമെടുക്കാതെ കോട്ടുകാരനും കളമൊഴിഞ്ഞു. മുന്നോട്ട്‌ കയറ്റിവിടാന്‍ ആരെങ്കിലുമുണ്ടോയെന്നു പിന്നോട്ടുനോക്കി... ആരുമില്ല. സമാധാനമായി, ലഗ്ഗേജ്‌ കൂടുതലാണെന്ന് പറഞ്ഞ്‌ ചീത്തവിളിച്ചാല്‍ വേറെയാരും കേള്‍ക്കില്ലല്ലോ. ടിക്കറ്റും പാസ്പോര്‍ട്ടും മുന്നോട്ട്‌ നീട്ടി, മലയാളികളുടെ ട്രേഡ്‌മാര്‍ക്കായ സൈക്കിളില്‍ നിന്നും വീണ ചിരി പാസ്സാക്കി, പക്ഷേ ഏറ്റില്ല.


"keep the luggages here.."


പാസ്പോര്‍ട്ടും ടിക്കറ്റുമൊക്കെ പരിശോധിച്ച്‌ തൃപ്തിപ്പെട്ടതിനാല്‍ ചേച്ചി വേഗം അടുത്ത നടപടികളിലേക്ക്‌ കടന്നു; അവര്‍ ചൂണ്ടിക്കാണിച്ച ഇലക്ട്രോണിക്‌ ത്രാസിലേക്ക്‌ ബാഗുകള്‍ എടുത്തുവച്ചു. 100 മീറ്റര്‍ മല്‍സരത്തിന` ഓടുന്നതുപോലെ, ത്രാസിന്റെ സ്ക്രീനില്‍ അക്കങ്ങള്‍ കുതിച്ചുപായുന്നു... ഒടുവില്‍ അണച്ച്‌ കിതച്ച്‌ 38-ല്‍ എത്തി നിന്നു. ക്രയിനില്‍ തൂക്കിയ ക്യാമറ പോലെ, ചേച്ചിയുടെ കണ്ണുകള്‍ ആ 38-ല്‍ നിന്നും പതിയെ എന്റെ നേരെ തിരിഞ്ഞു; 'no problems, right?' എന്ന് ചോദിക്കാനാണ` വായ തുറന്നത്‌, പക്ഷേ 'No'യില്‍ തുടങ്ങിയപ്പോളേക്കും മനസ്സിന്റെ മച്ചകത്തിരുന്ന് ഏതോ കിളി 'മാതൃഭാഷ മലയാളം' എന്നുചിലച്ചു, തത്‌ഫലമായി ഉരിയാടിയത്‌ ഇപ്രകാരം;


"നോ കുഴപ്പംസ്‌, അല്ലേ?"


അരുതാത്തത്‌ എന്തോ കേട്ടതുമാതിരി ചേച്ചി അന്തം വിട്ടൊന്നുനോക്കി. മലയാളിമങ്ക കൈവിട്ടുപോകുമോ? ഉടന്‍ തന്നെ തിരുത്ത്‌ പ്രസിദ്ധീകരിച്ചു, ശുദ്ധമലയാളത്തില്‍;


"കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?"


"ഉം... സാധാരണ 25 കിലോയെ അനുവദിക്കാറുള്ളൂ, ഇത്‌ അതിലും കൂടുതലാണല്ലോ..."


ഉള്ളൊന്നു കാളി... പെണ്ണുമ്പിള്ള പണിതരുമോ? പതുക്കെ കൈ പിന്നിലേക്കിട്ട്‌, പേഴ്സ്‌ പോക്കറ്റില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. പക്ഷേ പണം?


"അല്ല ചേച്ചീ, അതുപിന്നെ..."


കൂടുതല്‍ എന്തെങ്കിലും പറയുന്നതിനുമുന്നെതന്നെ ടിക്കറ്റും പാസ്പോര്‍ട്ടും മടക്കിക്കിട്ടി, കൂടെ ഒരു പുഞ്ചിരിയും. നന്ദി പറഞ്ഞ്‌ പിന്തിരിയുമ്പോള്‍ ടിക്കറ്റൊക്കെ ഒന്നുകൂടെ ഉറപ്പുവരുത്തി, "ലഗ്ഗേജ്‌ കേസില്‍ നിരപരാധിയായെന്ന്" വിശ്വസിക്കാന്‍ പ്രയാസം. ഇനി എവിടെയെങ്കിലും അല്‍പ്പനേരം ഇരിക്കണം, എന്നിട്ട്‌ വയറിന്റെ വിളിക്ക്‌ ഉത്തരം കൊടുക്കാം എന്ന് ചിന്തിക്കുമ്പോളാണ` ആരോ ഉച്ചത്തില്‍ വിളിച്ചത്‌...


ഇവിടെയും പരിചയക്കാരോ? ആരാണെന്ന് അറിയാന്‍ ചുറ്റും നോക്കുമ്പോളാണ`, കൈകളുയര്‍ത്തി എന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന പഴയ ആ കോട്ടുകാരനെ കണ്ണില്‍പ്പെട്ടത്‌... ഈ പഹയന` എങ്ങനെ പേരുപിടികിട്ടി? നേരത്തെ ടിക്കറ്റ്‌ നോക്കിയപ്പോളോ മറ്റോ പിടിച്ചെടുത്തതാവണം. എന്തായാലും അങ്ങേരുടെ കൂടെ കൂടാം, ഒറ്റയ്ക്ക്‌ ബോറഡിക്കുന്നതിലും നല്ലതാണല്ലോ കോറസായി ആരെയെങ്കിലും താറടിക്കുന്നത്‌...


"she is also from your place..."


അടുത്തിരിക്കുന്ന സുന്ദരിക്കുട്ടിയെ ഉദ്ദേശിച്ചാണ` കോട്ടുകാരന്റെ പ്രസ്താവന. 'ഇങ്ങേര്‍ കൊള്ളാമല്ലോ' എന്ന് മനസ്സിലോര്‍ത്ത്‌, ഒരു പുഞ്ചിരി അവള്‍ക്ക്‌ ഫ്രീയായിട്ട്‌ കൊടുത്തു. കണ്ടാല്‍ ഒരു മലയാളി ലുക്കില്ല, എന്നാലും പരിചയപ്പെടാതിരിക്കുന്നത്‌ മോശമല്ലേ, പ്രത്യേകിച്ച്‌ മലയാളിയാണെന്ന് അറിഞ്ഞ സ്ഥിതിക്ക്‌. പൂനെയില്‍ പഠിക്കുന്ന അവള്‍ കൊച്ചിയിലേക്ക്‌ പോകാനാണ` വന്നിരിക്കുന്നത്‌. 'നിനക്കൊക്കെ വല്ല ട്രെയിനിലും പൊയ്ക്കൂടെ കൊച്ചേ' എന്ന് അത്മഗതിച്ച്‌ പതിയെ പിന്തിരിഞ്ഞു. ആക്രമണത്തിന്റെ നേതൃത്വം കോട്ടുവാലാ ഏറ്റെടുത്തു.


അതിനിടയില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്താന്‍ മറന്നില്ല; എ. കെ. ഷെയ്ക്‌, ജിദ്ദയിലെ ഒരു പ്രമുഖ കമ്പനിയില്‍ Business Development Manager ആയി ജോലി ചെയ്യുന്നു. അകമ്പടിയായി ഓരോ വിസിറ്റിംഗ്‌ കാര്‍ഡും എടുത്തുനീട്ടി. ഷെയ്ക്‌ വാചാലനാവുകയാണ` - ഭാര്യ അദ്ദേഹത്തിന്റെയൊപ്പം 15 വര്‍ഷം സൗദിയിലായിരുന്നു, അവിടെ ടീച്ചറായിരുന്ന അവരിപ്പോള്‍ പൂനെയില്‍ 2 കോളേജുകളും 4 സ്കൂളുകളും നടത്തുന്നു. പറഞ്ഞുപറഞ്ഞ്‌ കൊച്ചിക്കാരിയുടെ ചേച്ചിക്ക്‌ അവരുടെ സ്കൂളില്‍ ജോലി വരെ വാഗ്ദാനം ചെയ്തു ആ പഹയന്‍. അപ്പോളതാ "ജിമ്മീ" എന്നുറക്കെ വിളിച്ച്‌ കൗണ്ടറിലെ ചേച്ചിവരുന്നു;


"5 മണിയാവുമ്പോള്‍ റെസ്റ്റോറന്റില്‍ പോയി ലഞ്ച്‌ കഴിച്ചോളൂ, നിങ്ങളുടെ പേരുകള്‍ അവിടെ കൊടുത്തിട്ടുണ്ട്‌."


'അഞ്ച്‌ മണിക്ക്‌ ലഞ്ചോ' എന്ന് ചോദിക്കാന്‍ മനസ്സുകൊതിച്ചെങ്കിലും ചോദിച്ചില്ല, വെറുതെയെന്തിനാ ഉള്ള കഞ്ഞിയില്‍ മണ്ണുവാരിയിടുന്നത്‌. മലയാളത്തില്‍ കേട്ട അറിയിപ്പിലെ ലഞ്ചും റെസ്റ്റോറന്റുമൊക്കെ പിടിച്ചെടുത്തെങ്കിലും ഷെയ്കിന` കാര്യം വ്യക്തമായില്ല. ചോദ്യഭാവത്തില്‍ നോക്കിയ ഷെയ്കിനുവേണ്ടി അറിയിപ്പിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ ഉടനടി അടിച്ചിറങ്ങി. 3 മണി കഴിഞ്ഞതേയുള്ളൂ, 5 മണിവരെ ഷെയ്ക്കിന്റെ വിടല്‍സ്‌ കേട്ട്‌ വയറുനിറയ്ക്കുക തന്നെ...


സമയം ഇഴഞ്ഞുനീങ്ങുകയാണ`...ഭാര്യയുടെ സ്കൂളിന്റേയും കോളേജിന്റെയും വിശേഷങ്ങള്‍ പറഞ്ഞുമടുത്ത ഷെയ്‌ക്‍സാബ്‌ മയക്കത്തിലേക്ക്‌ വഴുതിവീണിരിക്കുന്നു... കേട്ടുമടുത്ത കൊച്ചിക്കാരി ഇടയ്ക്‌ വായനയില്‍ മുഴുകുകയും, ഫ്ലൈറ്റിന്റെ സമയമായപ്പോള്‍ യാത്രപറഞ്ഞ്‌ പോവുകയും ചെയ്തു.


നാലര മണിയായപ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ഷെയ്ക്‌ റെസ്റ്റോറന്റിലേക്ക്‌ നടന്നു, മറ്റുമാര്‍ഗ്ഗമില്ലാത്തതിനാല്‍ പിന്നാലെ കൂടി. ഏതാണ്ട്‌ ഒരുകിലോമീറ്ററോളം അകലെയാണ` റെസ്റ്റോറന്റ്‌. അവാര്‍ഡ്‌ പടത്തിന` ആളുകയറിയതുപോലെ ഒന്നുരണ്ട്‌ ടേബിളുകളില്‍ ആളനക്കമുണ്ട്‌. എല്ലാക്കാര്യങ്ങളും ഷെയ്ക്കിനെ ഏല്‍പ്പിച്ച മട്ടില്‍ ഒതുങ്ങിനിന്നു; റെസ്റ്റോറന്റുകാര്‍ കനിയുന്ന ലക്ഷണമില്ല. കുറച്ചുനേരം അവിടെ ഇരുന്നെങ്കിലും "എയര്‍ ഇന്ത്യയില്‍ നിന്നും അറിയിപ്പില്ലാത്തതിനാല്‍ ഭക്ഷണം തരാന്‍ പറ്റില്ല" എന്നുകേട്ടതോടെ മെല്ലെ പുറത്തേക്കിറങ്ങി. ഷെയ്ക്‌ വിടാന്‍ ഭാവമില്ല; അങ്ങേരുടെ നടത്തത്തിന` വേഗം കൂടിയിരിക്കുന്നു, ഒപ്പമെത്താന്‍ ഇടയ്കൊക്കെ ഓടേണ്ടി വന്നു. പോകുന്നവഴിക്ക്‌ അറബിപിള്ളേരെയും കിട്ടി. ഒരു ജാഥ പോലെ നേരെ ചെന്നത്‌ ഡ്യൂട്ടി ഓഫീസറുടെ അടുക്കലേക്കാണ`... വലിയ ഓഫീസില്‍ കുറെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. ഇതിലാരാണ` ഓഫീസര്‍ എന്ന് കണ്‍ഫ്യൂഷനടിക്കുമ്പോളാണ` ഷെയ്ക്‌ ആളെ കണ്ടുപിടിച്ചത്‌; പൊക്കംകുറഞ്ഞ്‌, ഉരുണ്ടുതടിച്ച്‌, പ്രായംചെന്ന ഒരു 'ചെറുപ്പക്കാരന്‍'. ഉള്ള ബുദ്ധിമുട്ടുകള്‍ പോരാഞ്ഞ്‌, പുതിയതായി ഒരു സൊല്ലകൂടി വന്നുചേര്‍ന്നതിന്റെ പ്രങ്ങ്യാസം അദ്ദേഹത്തിന്റെ മുഖത്ത്‌ നിഴലിക്കുന്നു...


ഓഫീസറെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി; അദ്ദേഹം റെസ്റ്റോറന്റിലേക്ക്‌ വിളിച്ച്‌ ലഞ്ച്‌ ഏര്‍പ്പാടുചെയ്തു - ആകെമൊത്തം 4 ലഞ്ച്‌; പോയി കഴിക്കേണ്ട താമസമേയുള്ളു. ഒത്തുകിട്ടിയപ്പോള്‍ 4 സ്കൂളിന്റെയും 2 കോളേജിന്റെയും കാര്യം പറയാന്‍ ഷെയ്ക്‌ മറന്നില്ല. ജാഥ തിരികെ റെസ്റ്റോറന്റിലേക്ക്‌ പുറപ്പെട്ടു, പക്ഷേ അവിടെ എത്തിയിട്ടും കാര്യങ്ങള്‍ക്ക്‌ യാതൊരുമാറ്റവുമില്ല. ഈ നടത്തമൊക്കെ കഴിഞ്ഞപ്പോളേയ്ക്കും 'ലഞ്ച്‌' കഴിക്കാനുള്ള ഊര്‍ജ്ജമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു, ഇനി ഒന്നുംകിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന അവസ്ഥയായി. എന്നാല്‍ ഷെയ്ക്‌ കൂടുതല്‍ ഉഷാറായിരിക്കുന്നു, അടുത്ത ജാഥ തുടങ്ങാനുള്ള പുറപ്പാടിലാണ`. ഈ ജാഥ കഴിഞ്ഞ്‌ വേറെ ജാഥ ഇല്ലാത്തതിനാല്‍ അവസാനവരിയില്‍ കയറിപ്പറ്റി... അതേ ഓഫീസര്‍, അതേ പല്ലവി, അതേ ഫോണ്‍വിളി... '4 സ്കൂളും 2 കോളേജും' പണിയാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പക്ഷേ ജാഥ തിരികെ പുറപ്പെടുമ്പോള്‍ അംഗബലം കൂടി; കാര്യങ്ങള്‍ക്ക്‌ തീര്‍പ്പുണ്ടാക്കാന്‍ ആ ഓഫീസറും കൂടെ പോന്നിരിക്കുകയാണ`. ഷെയ്കിന്റെ അതിഗംഭീരമായ പ്രകടനവും കുറിക്കുകൊള്ളുന്ന ചില ഡയലോഗുകളുമാണ` അത്തരമൊരു നടപടിയുടെ ആധാരം എന്ന് പറയാതെ വയ്യ... ആളുകളൊക്കെ ശ്രദ്ധിച്ചുതുടങ്ങ്യിരിക്കുന്നു, ഇനിയുമൊരു ജാഥയ്ക്ക്‌ ഇടവരുത്തല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചാണ` നടക്കുന്നത്‌, എന്താകുമോ ആവോ?


ജാഥയുടെ അവസാനഭാഗം റെസ്റ്റോറന്റില്‍ എത്തുന്നതിനുമുന്നെ തന്നെ അവിടെ കാര്യങ്ങള്‍ക്ക്‌ തീരുമാനമായിത്തുടങ്ങിയിരുന്നു. പക്ഷെ, അതുവരെ നായകനായി വിലസിയിരുന്ന ഷെയ്കിന്റെ ഇമേജിന` അല്‍പ്പം ഇടിവുസംഭവിച്ചു, കാരണം റെസ്റ്റോറന്റ്‌ മാറിപ്പോയി! ലഞ്ച്‌ ഏര്‍പ്പാടുചെയ്തിരുന്നതും ഓഫീസര്‍ വിളിച്ചുകൊണ്ടിരുന്നതും മറ്റൊരു സ്ഥലത്താണ`. ഈ നാടകമൊക്കെ അരങ്ങേറിയത്‌ 'മൈതാനത്തിന്റെ' മറ്റൊരു ഭാഗത്തും. എങ്കിലും കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കാതെ, എല്ലാം രമ്യമായി പരിഹരിച്ച്‌, ക്ഷമാപണങ്ങളും നടത്തി, ആ ഓഫീസര്‍ വിടവാങ്ങി. ആദ്യം വന്നപ്പോള്‍ ഇരുന്ന അതേ ടേബിളില്‍ തന്നെ ഇരുപ്പുറപ്പിച്ചു, അരമണിക്കൂറിനകം 'ലഞ്ച്‌' എത്തിക്കാമെന്നാണ` റെസ്റ്റോറന്റുകാരന്‍ പറഞ്ഞിരിക്കുന്നത്‌. സ്കൂളിന്റെയും കോളേജിന്റെയും എണ്ണത്തില്‍ ഹോട്ടലുകാരന്‍ വീണലക്ഷണമില്ല!


കാത്തിരിപ്പിന` വിരാമമിട്ടുകൊണ്ട്‌, ഒടുവില്‍ ഭക്ഷണം എത്തിച്ചേര്‍ന്നു - ബ്രെഡ്‌ കഷണങ്ങള്‍, ചിക്കന്‍ കറി, ദാല്‍ഫ്രൈ, ചോറ` എന്നിവയാണ` നിരത്തിവച്ചിരിക്കുന്നത്‌. 2 കഷണം ബ്രെഡ്‌, കറിയില്‍ മുക്കി കഴിച്ചു. കോഴിക്കഷണത്തിന്മേല്‍ കത്തിയും സ്പൂണും ഉപയോഗിച്ച്‌ ഒന്നു മസില്‍പിടിച്ചുനോക്കി, രക്ഷയില്ല. ആയുധങ്ങളൊക്കെ മാറ്റിവച്ചിട്ട്‌ തനിമലയാളി മോഡല്‍ പരീക്ഷിച്ചു... ഹാവൂ, ഒരു കഷണം അടര്‍ത്തിയെടുക്കാന്‍ പറ്റി. 'പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കണം' എന്ന് അമ്മച്ചി പഠിപ്പിച്ചിട്ടുള്ളതിനാല്‍, തല്‍ക്കാലം 'ചാറില്‍ മുക്കി നക്കാമെന്ന്' ഉറപ്പിച്ചു. അല്‍പ്പം ചോറെടുത്ത്‌, പരിപ്പുകറി ഒഴിച്ച്‌ കഴിക്കാന്‍ തുടങ്ങുമ്പോളാണ` ഷെയ്കിന്റെ ചോദ്യം;


"how is the chicken?"


ഈ പഹയന്‍ എന്തിനുള്ള പുറപ്പാടാണ`? കഞ്ഞികുടി മുട്ടിക്കുമോ? ആ ചോദ്യത്തില്‍ എന്തോ പന്തികേടുതോന്നിയതിനാല്‍, ഒന്നും പറയാതെ അങ്ങേരെ നോക്കി. പ്ലേറ്റില്‍കിടന്നു ചിരിക്കുന്ന കോഴിയെ കണ്ടില്ലാന്ന് നടിച്ച്‌, ഷെയ്ക്‌ ചുറ്റും നോക്കുകയാണ`...


"hey man, come here please..."


അല്‍പ്പം അകലെയായി നിന്നിരുന്ന ജോലിക്കാരനെയാണ` വിളിക്കുന്നത്‌; മടിയൊന്നും കൂടാതെ അവന്‍ വന്നു...


"what is this?"


കോഴിക്കറിയുടെ പാത്രം ചൂണ്ടിക്കാണിച്ചാണ` ഷെയ്ക്‌ ചോദിക്കുന്നത്‌; അതില്‍നിന്നും കാര്യമായി ഒന്നുംകഴിച്ചിട്ടില്ലെന്ന് കാണുന്നമാത്രയില്‍ത്തന്നെ പിടികിട്ടും...


"chicken curry, sir"


വിനയമൊട്ടും കുറയ്ക്കാതെ ജോലിക്കാരന്‍ മറുപടി നല്‍കി.


"then, call your manager..."


ഷെയ്ക്‌ ചൂടിലാണ`. അതിനിടയില്‍, പരമാവധി ചോറ` അകത്താക്കാനുള്ള ബദ്ധപ്പാടിലാണ` ഈയുള്ളവന്‍; ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തിയിട്ട്‌ ചോറില്ല എന്ന് പറയുന്ന അവസ്ഥയിലേക്കാണ` കാര്യങ്ങളുടെ പോക്ക്‌...


മാനേജര്‍ വന്നു; വില്ലനായ കോഴിക്കറിയെ മുന്‍നിര്‍ത്തി ഷെയ്കിന്റെ പ്രകടനം തുടരുകയാണ`... ഒടുവില്‍, കഷണത്തിന്റെ വേവ്‌ സ്വയം പരീക്ഷിക്കാന്‍ മാനേജര്‍ തയ്യാറായി. ഫോര്‍ക്കുകൊണ്ട്‌ ഒരു കഷണത്തില്‍ കുത്തിനോക്കിയതോടെ സംഭത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടു. കാരണം, ഫോര്‍ക്കില്‍നിന്നും കഷണത്തെ വേര്‍പെടുത്താന്‍ മാനേജര്‍ക്ക്‌ ഒരു മല്‍പ്പിടുത്തം തന്നെ നടത്തേണ്ടി വന്നു. ഷെയ്കിന്റെ മുന്നില്‍ നിരത്തിയ പ്ലെറ്റുകളൊക്കെയും തിരികെ എടുക്കപ്പെട്ടു, പകരം സാന്റ്വിച്ചിന` ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ`. ഇനിയും അരമണിക്കൂര്‍ കാത്തിരിക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ കിട്ടിയതുകൊണ്ട്‌ തൃപ്തിപ്പെടാന്‍ ഞാന്‍ തീരുമാനിച്ചു. അറബികളാവട്ടെ, ഇതൊക്കെ തന്നെ ധാരാളം എന്ന ഭാവത്തില്‍, ബ്രെഡ്‌ മാത്രം കഴിച്ച്‌ കൈകഴുകി. ഗൂഢസ്മിതവുമായി കാത്തിരിക്കുന്ന ഷെയ്കിന്റെ മുന്നിലേക്ക്‌ സാന്റ്‌വിച്ചുകളെത്തി, പക്ഷേ നാലെണ്ണത്തില്‍ ഒരെണ്ണം മാത്രം കഴിച്ച്‌ ഷെയ്ക്‌ തന്റെ പരാക്രമങ്ങള്‍ തല്‍ക്കാലത്തേക്ക്‌ അവസാനിപ്പിച്ചു.


ജാഥയും മറ്റ്‌ ബഹളങ്ങളുമൊക്കെയായി കുറേ സമയം പോയിക്കിട്ടി. security check-in ചെയ്യാനുള്ള സമയമായിട്ടും അറിയിപ്പൊന്നുമില്ല. ചെറിയൊരു ഉറക്കമൊക്കെ കഴിഞ്ഞ്‌ ഷെയ്ക്‌ ഒന്നുകൂടി ഉഷാറായിരിക്കുന്നു. check-in ചെയ്തിട്ടുതന്നെ കാര്യം എന്ന മട്ടില്‍ കക്ഷി മുന്നോട്ടുനടന്നു... കൗണ്ടറിലെത്തിയപ്പോള്‍ കാര്യം വ്യക്തമായി - ഇങ്ങനെയൊരു ഫ്ലൈറ്റിന്റെ വിവരം കമ്പ്യൂട്ടറില്‍ ഇല്ല! ഇനിയിപ്പോ, ഉത്തരവാദപ്പെട്ടവര്‍ ആരെങ്കിലും പറഞ്ഞാലേ വണ്ടി ഓടത്തുള്ളൂ... 4 സ്കൂള്‍, 2 കോളേജ്‌... കിട്ടിയതക്കത്തിന` ഷെയ്കിന്റെ കലാപരിപാടി ആരംഭിച്ചു. ഭാഗ്യം, അധികം താമസിക്കാതെ തന്നെ പ്രശ്നങ്ങള്‍ക്ക്‌ തീരുമാനമായി; check-in സുഗമമായി നടന്നു. സമയം 7.30, ഇനി കുറച്ചുസമയം ലോഞ്ചിനുള്ളില്‍ ചിലവഴിക്കാം. ഒറ്റയ്ക്കും തെറ്റയ്ക്കുമായി ആളുകള്‍ എത്തിക്കൊണ്ടേയിരിക്കുന്നു, കുറെപ്പേരൊക്കെ രാവിലെ തന്നെ എത്തി, പിന്നീട്‌ ഹോട്ടലിലേക്ക്‌ മാറ്റപ്പെട്ടവരാണത്രേ... നമ്മളേക്കാള്‍ വലിയ 'ഭാഗ്യവാന്മാര്‍' വേറെ ഉണ്ടെന്നറിഞ്ഞപ്പോള്‍ മനസ്സിലൊരു കുളിര്‍...


"Jeddah passengers, please move forward to get in to the flight..."


ഗ്ലാസ്‌ ഡോര്‍ തുറന്നുപിടിച്ച്‌, ഒരു നീലഷര്‍ട്ടുകാരന്‍ വിളിച്ചുപറയുന്നു. കുറച്ച്‌ ആളുകളേയുള്ളൂവെങ്കിലും, ഹാളിനെ മൊത്തത്തില്‍ ഇളക്കാന്‍ പര്യാപ്തമായിരുന്നു ആ അറിയിപ്പ്‌. ഹര്‍ത്താല്‍ ദിനത്തിലോടുന്ന കെഎസ്‌ആര്‍ടിസി ബസ്സിലേക്കെന്നപോലെ ആളുകള്‍ ആ വാതിലും കടന്ന് മുന്നോട്ട്‌ കുതിച്ചു. അവസാനമില്ല എന്നുതോന്നിക്കുന്നവിധത്തില്‍ നീണ്ടുകിടക്കുന്ന ഒരു ഇടനാഴിയിലൂടെയാണ` പോകേണ്ടത്‌. നേരത്തെ നടത്തിയ ജാഥകളുടെ ക്ഷീണം മാറിയിട്ടില്ല എന്ന് പെട്ടെന്നുതന്നെ മനസ്സിലായി, എങ്കിലും വലിച്ചുനടന്നു. ഇടനാഴിയുടെ അങ്ങേത്തലക്കല്‍ ഒരു വാതില്‍ ദൃശ്യമായി, പക്ഷെ അതിനുമുന്നില്‍ ഒരാള്‍ക്കൂട്ടം... മുന്നെ നടന്നുപോയവരാണ` അവിടെ കൂടിനില്‍ക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി. അവരുടെ വഴി തടഞ്ഞ്‌ ഒരു പോലീസ്‌ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ പന്തികേട്‌ മണത്തു, അടുത്തെത്തിയപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമായി...


'പോകാനുള്ള വിമാനം ഇപ്പോള്‍ ജിദ്ദയില്‍നിന്നും വന്നിട്ടേയുള്ളൂ, അതിനുള്ളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കഴിയാതെ ആരെയും കടത്തിവിടില്ല, എല്ലാവരും തിരികെ ഹാളില്‍ ചെന്നിരിക്കണം, സമയമാകുമ്പോള്‍ അറിയിക്കാം...'


ഷെയ്ക്‌ എവിടെ? ആളെ കാണുന്നില്ലല്ലോ... അല്ല, ആ പോലീസുകാരന്റെ മുന്നില്‍ നില്‍ക്കുന്നത്‌ അദ്ദേഹമല്ലേ? അതെ, അങ്ങേരുതന്നെ... തിരികെ നടക്കാന്‍ എല്ലാവര്‍ക്കും മടി, അതുകൊണ്ടുതന്നെ ആരും തിരികെ പോകരുതെന്ന് ഷെയ്ക്‌ പറഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. എയര്‍ ഇന്ത്യയുടെയും അതിലെ ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയെക്കുറിച്ച്‌ ഷെയ്കിന്റെ പ്രഭാഷണം തുടരുകയാണ`. കേള്‍വിക്കാരില്‍ പലരും തങ്ങളുടെ ദുരിതങ്ങളും കൂട്ടിച്ചേര്‍ക്കുന്നു. വഴി തടഞ്ഞുനില്‍ക്കുന്ന പോലീസ്‌ഉദ്യോഗസ്ഥന്‍ ഇടക്കിടെ വയര്‍ലസ്സിലൂടെ വിളിച്ച്‌ അന്വേഷിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയായ ലക്ഷണമില്ല. യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും അവിടെയും "സ്കൂളും കോളേജും" പണിയാതെ ഷെയ്ക്‌ പിന്മാറിയില്ല!


ഏതാണ്ട്‌ അരമണിക്കൂര്‍ നീണ്ട 'സമര'ത്തിനുശേഷം വിമാനത്തില്‍ കയറാനുള്ള മണിമുഴങ്ങി. 'ഇനി എന്ത്‌?' എന്ന ആശങ്ക പലരുടെയും മുഖത്ത്‌ ദൃശ്യമാണ`. വാതില്‍ക്കല്‍ സ്വാഗതമോതാന്‍, സാരിചുറ്റിനിക്കുന്ന 'അമ്മച്ചി'മാരെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ശങ്കിച്ചു. അനുവദിച്ച സീറ്റ്‌ തപ്പിപ്പിടിച്ച്‌ ഇരിപ്പുറപ്പിച്ചപ്പോള്‍, താമസിച്ചതിന` ക്ഷമാപണം ചെയ്തുകൊണ്ട്‌ ക്യാപ്റ്റന്റെ കുമ്പസാരം. ഇത്രയൊക്കെ 'ഉപകാരങ്ങള്‍' ചെയ്തുതന്നിട്ടും 'പോട്ടെ, സാരമില്ല' എന്നുകരുതുമ്പോളാണ` അവസാനവെടി പൊട്ടിയത്‌;


"എയര്‍ ഇന്ത്യ XXX വിമാനത്തിലേക്ക്‌ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം. ജിദ്ദയിലേക്ക്‌ പോകുന്ന വിമാനം, ഹൈദരാബാദിലെത്തി അവിടെ നിന്നും 1 മണിക്കൂറിനുശേഷം യാത്ര തുടരുന്നതാണ`..."


കൂടുതല്‍ കേള്‍ക്കാന്‍ ശക്തിയുണ്ടായിരുന്നില്ല... ഏതോ സീറ്റിലിരുന്ന് മുറുമുറുക്കുന്ന ഷെയ്കിന്റെ മുഖം മനസ്സിലോര്‍ത്തുകൊണ്ട്‌, ചാരിക്കിടന്നു. മുംബൈയില്‍ നിന്നും പുറപ്പെടുമ്പോള്‍ കാലിയായിരുന്ന സീറ്റുകളിലൊക്കെ ഹൈദരാബാദില്‍നിന്നും ആളുകളെത്തി. ആകാശത്തിലൂടെയാണെങ്കിലും ഗട്ടറുകള്‍ക്ക്‌ യാതൊരു കുറവുമില്ല, ഇതിലും ഭേദം നാട്ടിലെ റോഡുയാത്രതന്നെയെന്ന് അടുത്തിരിക്കുന്നവന്റെ കമന്റ്‌.


അങ്ങനെയിങ്ങനെ ആടിപ്പാടി വിമാനം ജിദ്ദയിലെ റണ്‍വേയില്‍ സ്പര്‍ശിച്ചപ്പോള്‍ പലരില്‍നിന്നും ദീര്‍ഘനിശ്വാസങ്ങളുയര്‍ന്നു, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചതുപോലെ... 'അത്രയും സമാധാനം, ഇനി ആകാശത്തുവച്ച്‌ എന്തേലും പറ്റുമെന്ന് പേടിക്കേണ്ടല്ലോ' എന്ന് അടുത്തിരുന്നയാളോട്‌ അറിയാതെ പറഞ്ഞു...
"thank you sir, come again"
വാതിലിന്നരികില്‍ 'മരിച്ച മയ്യത്തുപോലെ' നിന്ന് നന്ദിപറയുന്നു, ഒരു 'അമ്മച്ചി'...
"ഇവിടെവരെ എത്തിച്ചുതന്നതിന` നിങ്ങള്‍ക്കും നന്ദി... പക്ഷേ, എയര്‍ ഇന്ത്യയില്‍ ഇനി ഒരു പരീക്ഷണത്തിന` ഞാനില്ല, എന്നെന്നേക്കുമായി വിട..."
മുഖത്തടിച്ചതുപോലെ പറഞ്ഞെങ്കിലും, പലരില്‍നിന്നും ഇതുപോലെ പലതും കേട്ടിട്ടുള്ളതുകൊണ്ടാവണം, 'അമ്മച്ചി'യുടെ പ്രതികരണം നിര്‍ജ്ജീവമായ ഒരു പുഞ്ചിരിയിലൊതുങ്ങി.
കോണിപ്പടികളിറങ്ങി നിലത്തെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം, പതിയെ തിരിഞ്ഞ്‌ വിമാനത്തെനോക്കി ഒരിക്കല്‍കൂടി യാത്രപറഞ്ഞു. പരിശോധനകളൊക്കെ കഴിഞ്ഞ്‌, ലഗ്ഗേജുമെടുത്ത്‌ പുറത്തുകടന്നപ്പോള്‍ നീണ്ട ഒരുറക്കത്തില്‍നിന്നും ഉണര്‍ന്ന പ്രതീതി... സംഭവിച്ചതൊക്കെ ആ ഉറക്കത്തിനിടയില്‍ കണ്ട സ്വപ്നങ്ങളായിരിക്കട്ടെയെന്ന് മനസ്സിനോട്‌ മന്ത്രിച്ചു; അതെ, കുറെ ദു:സ്വപ്നങ്ങള്‍!
^ ശുഭം ^

Wednesday 26 September 2007

ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ... [Part 2]

സമയം കാലത്ത്‌ 6 മണി... യാത്ര പുറപ്പെടാനുള്ള സമയമായിരിക്കുന്നു. ഇപ്പോള്‍ ഇറങ്ങിയാല്‍ ഏതാണ്ട്‌ 9:30-ന` മംഗലാപുരം എയര്‍പോര്‍ട്ട്‌ പിടിക്കാം, അവിടെ നിന്നും 11 മണിക്കാണ` മുംബൈയ്ക്കുള്ള "ജെറ്റ്‌" പുറപ്പെടുന്നത്‌. ഇടയ്ക്കിത്തിരി താമസിച്ചാലും സമയത്തിനെത്തിച്ചേരാം എന്ന് പിതാശ്രീയുടെ സപ്പോര്‍ട്ട്‌. ആദ്യം പറഞ്ഞുവച്ചിരുന്ന വണ്ടിക്കാരന` കര്‍ണ്ണാടകത്തിലേക്കുള്ള പെര്‍മിറ്റ്‌ ഇല്ലാത്തതിനാല്‍ അവസാന നിമിഷം വേറെ ആളെ അന്വേഷിക്കേണ്ടി വന്നെങ്കിലും, അതൊന്നും അത്ര വല്ല്യ കാര്യമായി പരിഗണിക്കാതെ "അംബി" മുന്നോട്ട്‌ ഓടിത്തുടങ്ങി.

NH-17-ലെ ഗട്ടറുകള്‍ പരമാവധി ഒഴിവാക്കി കാര്‍ കുതിക്കുകയാണ`... യാത്ര തിരിക്കുന്നതിനുമുന്നെതന്നെ മൂടിക്കെട്ടി നിന്നിരുന്ന മാനത്തുനിന്നും മഴത്തുള്ളിക്കിലുക്കം കേട്ടുതുടങ്ങി. മന്ദഗതിയില്‍ ആരംഭിച്ച്‌, ഉച്ചസ്ഥായിയില്‍ എത്തിയ, തൃശ്ശൂര്‍പൂരത്തിന്റെ പഞ്ചാരിമേളം പോലെ,മഴ തിമിര്‍ത്തുപെയ്യുന്നു. ഈ കണ്ട ദിവസമൊക്കെ നാട്ടില്‍ നിന്നിട്ടും ഇത്ര മനോഹരമായ മഴ പെയ്തില്ലല്ലോ എന്ന് മനസ്സിലോര്‍ത്ത്‌, കാറിന്റെ സൈഡ് ഗ്ലാസ്‌ പതുക്കെ ഉയര്‍ത്തിവച്ചു. ആര്‍ത്തുപെയ്യുന്ന മഴയില്‍ നനഞ്ഞുകുളിക്കുക എന്ന ആഗ്രഹം ബാക്കിവച്ചിട്ടാണ` മടക്കം. ജിദ്ദയിലെത്തിയാല്‍ മഴ പോയിട്ട്‌ മഴക്കാറുപോലും കണ്ണിനു കാണാക്കനിയാവും എന്ന തിരിച്ചറിവ്‌ ഉള്ളിലുള്ളതിനാലാവണം, മഴക്കാഴ്ചകളില്‍ നിന്ന് മുഖം തിരിക്കാനേ തോന്നുന്നില്ല.

"പഞ്ചാരി മേളം" കൊട്ടിനിര്‍ത്തിയപ്പോളേക്കും വണ്ടി, പയ്യന്നൂരും കരിവെള്ളൂരും കാഞ്ഞങ്ങാടും ചന്ദ്രഗിരിപ്പുഴയും കാസര്‍ഗോഡുമൊക്കെ പിന്നിട്ട്‌ കുമ്പള എത്തിയിരുന്നു.

"ഇനി എന്തേലും കഴിച്ചിട്ടാവാം യാത്ര..."

മുന്‍സീറ്റിലിരുന്ന് പിതാശ്രീ ഉറക്കെ പ്രഖ്യാപിച്ചതോടെ ആ കാര്യത്തിലും തീരുമാനമായി. പ്ലേറ്റിനുചുറ്റും ആര്‍ത്തിരമ്പുന്ന ഈച്ചകളോട്‌ മത്സരിച്ച്‌ ഒന്നുരണ്ട്‌ ഇഡ്ഡലികള്‍ അകത്താക്കിയെങ്കിലും ചായയില്‍ ചാടി ആത്മഹത്യ ചെയ്തവരെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിച്ചില്ല. അകത്തുള്ള "സുന്ദര ദൃശ്യങ്ങള്‍" പുറത്തുകാണാതിരിക്കാനെന്നവണ്ണം സ്റ്റീല്‍ഗ്ലാസ്സില്‍ ഒഴിച്ചുവച്ചിരുന്ന വെള്ളം, കണ്ണുകള്‍ അടച്ച്‌, 2 കവിള്‍ അകത്താക്കിയതിന്റെ ഫലമായി തൊണ്ടയില്‍ തങ്ങിയിരുന്ന ഇഡ്ഡലിയമ്മാവന്മാര്‍ പതുക്കെ താഴേക്കിറങ്ങി...

ഇതിലും ഭേദം ഒന്നും കഴിക്കാതിരിക്കുന്നതായിരുന്നു എന്ന് പിറുപിറുത്ത്‌ കാറിനുള്ളിലേക്ക്‌ ഊളിയിട്ടു. മഞ്ചേശ്വരവും തലപ്പാടിയുമൊക്കെ പിന്നിട്ട്‌ നേത്രാവതിപ്പാലത്തിലൂടെ വണ്ടി മംഗലാപുരത്ത്‌ എത്തി. എയര്‍പോര്‍ട്ടിലേക്ക്‌ ഇനി അധികദൂരമില്ല, പക്ഷേ അടുത്തിടെ അന്താരാഷ്ട്രപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നതിനാല്‍ വഴിമുഴുവന്‍ തടസ്സമാണ`. സമയത്ത്‌ എത്തിച്ചേരാന്‍ സാധിക്കില്ലേ എന്ന് ഇടക്ക്‌ പേടിച്ചെങ്കിലും ഉദ്ദേശിച്ച സമയത്തുതന്നെ ചെന്നുപെട്ടു.

പുതിയ റണ്‍വേ... അത്യാവശ്യം മോടിപിടിപ്പിക്കല്‍... പണ്ടുകണ്ടിട്ടുള്ളതില്‍ നിന്നും പ്രകടമായ മാറ്റങ്ങള്‍ എയര്‍പോര്‍ട്ടില്‍ ദൃശ്യമാണ`. പുറത്തുനിന്ന് വെറുതെ സമയം കളയേണ്ട എന്ന് കരുതി ലഗ്ഗേജുമായി അകത്തേക്കുകടന്നു. "ജെറ്റ്‌" കൗണ്ടറില്‍ വല്ല്യതിരക്കില്ല, പുഞ്ചിരിയോടെ സ്വാഗതമോതിയ സുന്ദരിക്ക്‌ മറുപടി നല്‍കി, മറ്റ്‌ ചടങ്ങുകളൊക്കെ അവസാനിപ്പിച്ച്‌, സ്വസ്ഥമായി ഇരിപ്പുറപ്പിച്ചു.

സമയം 11 മണി... മുംബൈയില്‍നിന്നും എത്തേണ്ട വിമാനം ഇതുവരെ വന്നിട്ടില്ല... കൂനിന്‍മേല്‍ കുരുപോലെ അതാ വരുന്നു ഒരു അറിയിപ്പ്‌;

"മുംബൈ വിമാനത്താവളത്തിലെ ട്രാഫിക്‌ ജാമില്‍ കുടുങ്ങിയ വിമാനം 15 മിനിട്ടുകള്‍ വൈകി എത്തിച്ചേരും"

മനസ്സിലെ കമ്പ്യൂട്ടറില്‍ കണക്കുകള്‍ മിന്നിമറഞ്ഞു... അല്‍പ്പം താമസിച്ചാലും മുംബൈയില്‍നിന്നുള്ള ജിദ്ദാവിമാനത്തില്‍ കയറിപ്പറ്റാന്‍ സധിക്കും എന്നതില്‍ സംശയമൊന്നുമില്ല. 11:30ന` പുറപ്പെട്ടാലും ഏതാണ്ട്‌ 1 മണിയോടെ മുംബൈയില്‍ എത്തും. ബാക്കിയുള്ള രണ്ടേകാല്‍ മണിക്കൂറിനുള്ളില്‍ ജിദ്ദാവിമാനം പിടിക്കാം എന്നാണ` പ്രതീക്ഷ. 15 മിനിറ്റ്‌ ലേറ്റായതുകൊണ്ട്‌, പൈലറ്റുചേട്ടന്‍ ഒന്ന് ആഞ്ഞുചവിട്ടി നഷ്ടമായ സമയം തിരികെ പിടിക്കും എന്ന് സ്വയം ആശ്വസിച്ചു. കൂടൂതല്‍ ചിന്തിച്ച്‌, നിലവിലുള്ള ഭ്രാന്തിന്റെ അളവുകൂട്ടേണ്ട എന്നുകരുതി അടുത്തുകണ്ട വൈന്‍ഡിംഗ്‌ യന്ത്രത്തില്‍നിന്നും വാങ്ങിയ കാപ്പിയും ഊതിക്കുടിച്ചുകൊണ്ട്‌ നില്‍ക്കുമ്പോളാണ`, "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന മട്ടില്‍ റണ്‍വേയില്‍ക്കൂടി ഒരു "ജെറ്റന്‍" പതിയെ ഉരുണ്ടുവന്നത്‌.

പകുതി സമാധാനമായി, 15 മിനിറ്റ്‌ ലേറ്റായിട്ടാണേലും വന്നല്ലോ... അതുവരെ നിശ്ചലമായിരുന്ന നിര്‍ഗമന ഹാളിന` പെട്ടെന്ന് അനക്കം വച്ചു. അറിയിപ്പുകിട്ടിയതും ബാഗുകളും തൂക്കി ആളുകള്‍ വിമാനത്തിനടുത്തേക്ക്‌ നടന്നു. താമസിച്ചുവന്നതുകൊണ്ടാവണം, എല്ലാ നടപടികളും പെട്ടെന്ന് തീര്‍ത്ത്‌ യാത്ര പുറപ്പെടാനുള്ള തിരക്കിലാണ` വിമാനജോലിക്കാര്‍. ആളുകള്‍ അധികമില്ല, സീറ്റുകള്‍ മിക്കതും കാലിയാണ`. അധികം ആള്‍ക്കാര്‍ ഇല്ലാത്തത്‌ വിമാനത്തിലെ ഭാരം കുറയ്ക്കുമെന്നും അതു പെട്ടെന്നുള്ള പോക്കിന` വിമാനത്തെ സഹായിക്കുമെന്നും ഉള്ള സാമാന്യചിന്ത തലയില്‍ ഉദിക്കാതിരുന്നില്ല.

പൈലറ്റ്‌ നമ്മുടെ ആളല്ലെന്ന്, മുംബൈ നഗരത്തിന്റെ മുകളില്‍ക്കൂടി വിമാനം വട്ടമിട്ടപ്പോളാണ` മനസ്സിലായത്‌. നഷ്ടമായ 15 മിനിറ്റ്‌ തിരികെപിടിക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്നുമാത്രമല്ല, 1 മണിയാകാതെ വിമാനം നിലത്തിറക്കില്ല എന്ന് വാശിയുള്ളതുപോലെയായിരുന്നു അദ്ദേഹത്തിന്റെ "ഡ്രൈവിംഗ്‌". വിമാനം നിലത്തിറങ്ങിയെങ്കിലും ആള്‍ക്കാര്‍ക്ക്‌ ഇറങ്ങാന്‍ പിന്നെയും സമയം വേണ്ടിവന്നു. നിരയായി കിടക്കുന്ന വിമാനങ്ങള്‍ക്കിടയില്‍ ഒതുക്കിയിടാന്‍ സ്ഥലം കിട്ടിയിട്ടുവേണ്ടേ. ഇടക്കിടെ വാച്ചില്‍ നോക്കി ചെറുതും വലുതുമായ നെടുവീര്‍പ്പുകള്‍ പാസ്സാക്കി; 3:15 ആവാന്‍ ഇനി 2 മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളു... കൂടുതല്‍ ക്ഷമ പരീക്ഷിക്കാന്‍ അവസരമുണ്ടാക്കാതെ, യാത്രക്കാരൊക്കെ വിമാനത്തില്‍ നിന്നും ഇറങ്ങിത്തുടങ്ങി.

ഇനി അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക്‌ പോകണം... ലഗ്ഗേജ്‌ എടുക്കാന്‍ നില്‍ക്കുമ്പോള്‍ ചുറ്റും പരതി; 'ആഭ്യന്തര'ത്തില്‍നിന്നും 'അന്താരാഷ്ട്ര'ത്തിലേക്ക്‌ ബസ്‌ സര്‍വീസ്‌ ഉണ്ടെന്നുകേട്ടിട്ടുണ്ട്‌, അത്‌ എവിടെ നിന്നാണാവോ? അധികം തിരയേണ്ടി വന്നില്ല, ചെറുതാണെങ്കിലും ബസ്‌ സര്‍വീസിനെക്കുറിച്ചുള്ള ബോര്‍ഡ്‌ കണ്ണില്‍പ്പെട്ടു. കണ്‍വെയര്‍ ബെല്‍റ്റിലൂടെ ആടിത്തൂങ്ങിവന്ന ബാഗും വലിച്ചെടുത്ത്‌, ബസില്‍ കയറാനായി പാഞ്ഞുചെന്നെങ്കിലും പ്രത്യേകിച്ച്‌ കാര്യമൊന്നുമുണ്ടായില്ല. എന്നെ ഒറ്റയ്ക്ക്‌ കൊണ്ടുപോകില്ല എന്ന് ഡ്രൈവര്‍ക്ക്‌ വാശി, ബസ്സില്‍ നിറയെ ആളുകള്‍ കയറുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ബസ്‌ നീങ്ങിത്തുടങ്ങിയെങ്കിലും, അതിനേക്കാള്‍ വേഗത്തിലാണ` വാച്ച്‌ ഓടുന്നതെന്ന് പെട്ടെന്ന് മനസ്സിലായി. ബാക്കിയുള്ള സമയവും പാഴായ സമയവും ഒക്കെക്കൂടി ചേര്‍ത്ത്‌ ഒരു പുതിയ സൂത്രവാക്യം കണ്ടുപിടിക്കാനായി മനസ്സിലെ കമ്പ്യൂട്ടര്‍ ഓണാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുവരെയുള്ള കണക്കുകൂട്ടലുകളെല്ലാം പാളിയതിന്റെ വിഷമത്തിലാവാം മനോമുകുരത്തില്‍ 'ബ്ലാങ്ക്‌ സ്ക്രീനാ'ണ` തെളിഞ്ഞത്‌.

വഴിയില്‍ക്കണ്ട വിമാനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയെയൊക്കെ ആദരിച്ച്‌, ബസ്‌ അന്താരാഷ്ട്ര ടെര്‍മിനലിന്റെ പടിവാതില്‍ക്കലെത്തി. ബാഗുകള്‍ എടുത്ത്‌ ട്രോളിയിലേക്ക്‌ വയ്ക്കുമ്പോള്‍, ഒരു സമധാനത്തിനുവേണ്ടി വാച്ചില്‍ ഒന്നുകൂടിനോക്കി സമയം ഉറപ്പുവരുത്തി - 2:00 മണി. താമസിച്ചതിന്റെ കാരണം ബോധിപ്പിച്ചാല്‍ ഒരുപക്ഷേ ജിദ്ദാവിമാനത്തില്‍ കയറ്റാതിരിക്കില്ല, പോയി നോക്കുക തന്നെ. ഒന്നുമില്ലെങ്കിലും നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ അല്ലേ?

ഏതാണ്ട്‌ 1 കിലോമീറ്ററിലധികം ട്രോളി തള്ളി, അകത്തേക്കുള്ള വഴി കണ്ടുപിടിച്ചു. തോക്കേന്തിയ പോലീസുകാരനെ ടിക്കറ്റും പാസ്പോര്‍ട്ടുമൊക്കെ കാണിച്ച്‌ തൃപ്തിപ്പെടുത്തി, അകത്തുകയറിപ്പറ്റി. ഭാഗ്യം, 'അന്വേഷണം' എന്ന ബോര്‍ഡ്‌ തൂക്കിയ റൂമിനുള്ളില്‍ 2 പേര്‍ ചിരിച്ചുരസിച്ചിരിക്കുന്നുണ്ട്‌. ചിരിക്കാനുള്ള മാനസീകാവസ്ഥയിലല്ലെങ്കിലും, മുഖത്ത്‌ ചിരിയുണ്ട്‌ എന്നുവരുത്തി "എയര്‍ ഇന്ത്യ ജിദ്ദ ഫ്ലൈറ്റ്‌" എന്ന 4 വാക്കുകള്‍ ഒരു ചോദ്യചിഹ്നത്തില്‍ കൊളുത്തി ആ റൂമിലേക്ക്‌ ഇട്ടുകൊടുത്തു. ഏതെങ്കിലും ഒരു വാക്കില്‍ അവന്മാര്‍ കൊത്തും എന്നായിരുന്നു പ്രതീക്ഷ, അതു തെറ്റിയില്ല;

"ജിദ്ദ ഫ്ലൈറ്റ്‌?"

തമ്മില്‍ പറഞ്ഞുരസിച്ചിരുന്ന തമാശയ്ക്ക്‌ അല്‍പ്പം ഇടവേളകൊടുത്ത്‌, നല്ല ഒരു ഇരയെ കിട്ടിയപോലെ, അതിലൊരാള്‍ എന്റെ നേരെ തിരിഞ്ഞു... കാര്യമായ എന്തോ വിവരം കിട്ടുമെന്നുകരുതിയാണ`, 'അതെ' എന്ന അര്‍ത്ഥത്തില്‍ തലകുലുക്കിയത്‌. പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട്‌, അയാള്‍ അപരന്റെ നേരെ മുഖം തിരിച്ചു, എന്തോ വലിയ തമാശ കേട്ടതുപോലെ പൊട്ടിച്ചിരിച്ചു...

"ആഗേ ചലോ ഭായി, വഹാം ജാകേ പൂച്ഛോ"

ചിരിക്കിടയില്‍ അയാള്‍ ഇത്രയും പറയാന്‍ മറന്നില്ല, 'ആഗേ ചലി'ക്കുകതന്നെ... 'എയര്‍ ഇന്ത്യ' എന്ന് എഴുതിയ നിരവധി കൗണ്ടറുകള്‍ കുറച്ചുമുന്നിലായി കാണുന്നുണ്ട്‌. ബാഗും ചുമന്ന് ക്ഷീണിച്ചുനിന്നിരുന്ന ട്രോളിയും തള്ളി മുന്നോട്ട്‌ നീങ്ങുമ്പോള്‍, ആ പഹയന്‍മാര്‍ എന്തിനായിരിക്കും പൊട്ടിച്ചിരിച്ചത്‌ എന്നോര്‍ത്ത്‌ മനസ്സില്‍ ഒരു ഇത്‌, ഏത്‌?

(തുടരും)

Tuesday 18 September 2007

ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ... [Part 1]

‍അവധിക്കാലത്തിന്റെ ആലസ്യത്തില്‍ നിന്നും മടക്കയാത്രയുടെ യാഥാര്‍ത്യത്തിലേക്ക്‌ മനസ്സ്‌ പതുക്കെ നടന്നടുക്കുകയാണ`. ഗള്‍ഫ്‌ മലയാളികളുടെ "കണ്ണിലുണ്ണിയും" ഇന്ത്യന്‍ വ്യോമയാനചരിത്രത്തിലെ നാഴികക്കല്ലുമായ എയര്‍ ഇന്ത്യയുടെ കോഴിക്കോട്‌-ജിദ്ദ വിമാനത്തിലാണ` സീറ്റ്‌ തരപ്പെടുത്തിയിരുന്നത്‌. എന്നാല്‍ അവിചാരിതമായി യാത്രാദിവസം മാറ്റേണ്ടിവന്നതിനാല്‍ കോഴിക്കോടിന` പകരം മുംബൈ വഴിയുള്ള ടിക്കറ്റ്‌ എടുക്കേണ്ടി വന്നു. ഏതുവഴി ആണെങ്കിലും സീറ്റ്‌ കിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ യാത്രക്കുള്ള വട്ടങ്ങള്‍ കൂട്ടി... എല്ലാം പ്രതീക്ഷിച്ചതുപോലെ മുന്നേറുന്നു എന്നതിന്റെ സൂചനയായി, തലേദിവസം കാലത്ത്‌ എയര്‍ ഇന്ത്യാ ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ച്‌ പച്ചക്കൊടി കാണിച്ചു. പലരും പല അപഖ്യാതികളും പറഞ്ഞിട്ടുള്ള എയര്‍ ഇന്ത്യയില്‍ നിന്നും അത്തരം ഒരു ഫോണ്‍കോള്‍ അപ്രതീക്ഷിതമായിരുന്നു. അതോടെ കൂടുതല്‍ സമാധാനമായി... എയര്‍പ്പോര്‍ട്ടിലേക്ക്‌ പോകാനായി ഏല്‍പ്പിച്ചിരുന്ന വണ്ടിക്കാരനെ വിളിച്ച്‌ സമയം ഒന്നുകൂടെ ഉറപ്പുവരുത്തി; കാലത്ത്‌ 4 മണിക്ക്‌ പുറപ്പെടണം. 10:10-ന` ആണ` മുംബൈയ്ക്കുള്ള വിമാനം പുറപ്പെടുന്നത്‌, അവിടെ നിന്നും വൈകുന്നേരം 3:15-ന` ജിദ്ദയ്ക്ക്‌...

നേരത്തെ സംഘടിപ്പിച്ചുവച്ചിരുന്ന പെട്ടി മേശപ്പുറത്ത്‌ സ്ഥാനം പിടിച്ചു. ചക്ക, മാങ്ങ, കൈതച്ചക്ക തുടങ്ങിയ വെജിറ്റബിള്‍സും മിച്ചര്‍, ചിപ്സ്‌, ചക്ക വറുത്തത്‌, ഹലുവ തുടങ്ങിയ കൊറിക്കബിള്‍സും, മാങ്ങ അച്ചാര്‍ പോലെയുള്ള ടച്ചിങ്ങ്‌സും പതിയെ പെട്ടിക്കുള്ളിലെ സ്ഥലം അപഹരിച്ചു തുടങ്ങി. അമ്മച്ചി വക, കൈതച്ചക്കയുടെ തൊലിയിട്ടുണ്ടാക്കിയ ഒരു കുപ്പി വൈന്‍ പെട്ടിയുടെ ഒരു മൂലക്കായി ഒതുക്കിവച്ചു. ഇനി ഒന്നും ആ പെട്ടിയിലേക്ക്‌ വയ്ക്കാന്‍ പറ്റത്തില്ല എന്ന തിരിച്ചറിവില്‍ "ഇത്രയും മതി"എന്ന് ഉറക്കെ പ്രഖ്യാപിച്ച്‌, പെട്ടി കെട്ടാനുള്ള കയറെടുത്ത്‌ പിതാശ്രീയെ ഏല്‍പ്പിച്ചു. ആ നേരത്താണ` മൊബൈല്‍ ഫോണ്‍ നീട്ടിവിളിച്ചത്‌...

"ഹലോ, മി. ജോണ്‍ അല്ലേ?"

ഒരു കിളി നാദം. "അതെ" എന്നു പറയുന്നതിനുമുന്നെ ഒന്നു സംശയിച്ചു... ജോണ്‍ എന്നത്‌ പിതാശ്രീയുടെ പേരാണ`. എന്റെ മൊബൈലില്‍ വിളിച്ച്‌ അങ്ങേരെ അന്വേഷിക്കുന്നവള്‍ ആരായിരിക്കും? അതിന്റെ ഉത്തരം ഉടനെ കിട്ടി;

"ഞാന്‍ എയര്‍ ഇന്ത്യയില്‍ നിന്നാണ`..."

അപ്പോ അതു എനിക്കുള്ള കോള്‍ തന്നെ... അപ്പനെ വെറുതെ സംശയിച്ചു. പെട്ടി കെട്ടുന്ന തിരക്കിനിടയില്‍ തന്നെ അന്വേഷിച്ച്‌ ഒരു പെണ്ണുവന്നതൊന്നും അങ്ങേര്‍ അറിഞ്ഞിട്ടില്ല.

"അതെ, ജിമ്മി ജോണാണ`... എന്താ കാര്യം?"

"നിങ്ങള്‍ നാളെ ജിദ്ദയിലേക്ക്‌ സീറ്റ്‌ ബുക്ക്‌ ചെയ്തിട്ടില്ലേ?"

'അമ്പടി കേമീ, നിനക്ക്‌ എല്ലാ കാര്യങ്ങളുമറിയാമല്ലോ' എന്ന് മനസ്സില്‍ പറഞ്ഞ്‌ "ഉണ്ട്‌" എന്ന് ഉത്തരം കൊടുത്തു.

"കോഴിക്കോടുനിന്നും പോകുന്ന ഫ്ലൈറ്റ്‌ ലേറ്റ്‌ ആണ`"

ഇടനെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി... കേട്ടത്‌ വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു. ഉത്സവപ്പറമ്പിലെ നാടകത്തിന്റെ ഇടവേളയില്‍ റ്റ്യൂബുലൈറ്റുകള്‍ തെളിയുന്നതുപോലെ, സ്ഥലകാലബോധം വീണ്ടെടുത്തു. തീരെ പ്രതീക്ഷിക്കാതെ വന്ന അറിയിപ്പായതുകൊണ്ട്‌, അതുമായി പൊരുത്തപ്പെടാന്‍ ഒരു പ്രയാസം. ടേപ്പ്‌ ചെയ്തുവച്ചിരിക്കുന്നതുപോലെ കിളിനാദം അറിയിപ്പ്‌ തുടരുന്നു...

"10:10-നു പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക്‌ 1:45-നു മാത്രമേ പുറപ്പെടുകയുള്ളു..."

"അപ്പോള്‍ മുംബൈയില്‍ നിന്നുള്ള കണക്ഷന്‍ ഫ്ലൈറ്റ്‌ കിട്ടുമോ?"

മനസ്സിലുദിച്ച ന്യായമായ സംശയം, അതിനേക്കാള്‍ മുന്നേ തികട്ടിവന്ന ദേഷ്യം കടിച്ചമര്‍ത്തി, ഉന്നയിച്ചു.

"അതിനെപ്പറ്റി ഇപ്പോള്‍ അറിയിപ്പൊന്നുമില്ല, കോഴിക്കോട്‌ എയര്‍പ്പോര്‍ട്ടിലെ എയര്‍ ഇന്ത്യാ ഓഫീസില്‍ അന്വേഷിക്കൂ..."

കൂടുതല്‍ എന്തെങ്കിലും പറഞ്ഞ്‌ എന്റെ മനസ്സ്‌ വിഷമിപ്പിക്കേണ്ട എന്നു കരുതിയാവണം, മറുതലക്കലെ ആ ശബ്ദസൗകുമാര്യം ഫോണ്‍ ബന്ധം വിഛേദിച്ചു. പതുക്കെ തലതിരിച്ചുനോക്കുമ്പോള്‍, പെട്ടിയുടെ മുകളില്‍ അവസാന കുരുക്ക്‌ മുറുക്കുകയാണ` പിതാശ്രീ.

ആ എയര്‍ ഇന്ത്യന്‍ ഷോക്കില്‍ നിന്നും മുക്തമാവാന്‍ അല്‍പ്പസമയം എടുത്തു. എന്നാല്‍ വെറുതെ കളയാന്‍ സമയം സ്റ്റോക്കില്ല എന്ന തിരിച്ചറിവില്‍ എയര്‍ ഇന്ത്യയുടെ കണ്ണൂര്‍, കോഴിക്കോട്‌ ഒാഫീസുകളിലേക്ക്‌ ഫോണ്‍ വിളി ആരംഭിച്ചു... അത്തരമൊരു സമയമാറ്റത്തെക്കുറിച്ച്‌ യാതൊരു അറിവും ഇല്ലെന്നായിരുന്നു കോഴിക്കോടന്‍ മറുപടി. കണ്ണൂരുകാര്‍ കാര്യം സമ്മതിച്ചു, പക്ഷെ, ബോബെയില്‍ നിന്ന് എങ്ങനെ പോകും എന്നതിനെക്കുറിച്ച്‌ അവര്‍ക്കും വല്ല്യ പിടിപാടില്ല.

തിരക്കിട്ട ഫോണ്‍വിളികളും എരിപൊരിസഞ്ചാരവും മറ്റും കണ്ട്‌, എന്തോ പന്തികേട്‌ മനസ്സിലാക്കിയ മാതാശ്രീ കാര്യം തിരക്കി. പരമാവധി ചുരുക്കി ഒരു അപ്ഡേറ്റ്‌ കൊടുത്തു. അതുവരെ തകൃതിയായി നടന്നുവന്ന പെട്ടികെട്ടല്‍ മഹാമഹം തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവച്ചു. വിനാശകാലേ വിപരീത ബുദ്ധി എന്ന പ്രയോഗം മനസ്സില്‍ തോന്നിയിട്ടല്ല റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച്‌ ബോബെയ്ക്കുള്ള ട്രെയിനിന്റെ വിശേഷം അന്വേഷിച്ചത്‌, വേറെ മാര്‍ഗ്ഗമൊന്നും മനസ്സില്‍ തെളിയാത്തതുകൊണ്ടാണ`. അങ്ങനെ അവസാനം ട്രെയിന്‍ യാത്ര ഉറപ്പിച്ചു, "മഹാമഹം" പുനരാരംഭിച്ചു...

ഒരു അവസാന ശ്രമം കൂടി നടത്തിനോക്കാമെന്ന് മനസ്സ്‌ പറയുന്നു... മനസ്സല്ലേ, അങ്ങനെ പലതും പറയും എന്നുകരുതി അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കുന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ തളിപ്പറമ്പിലെ UAE Exchange Center-ലേക്ക്‌ വിളിച്ചു, കോഴിക്കോട്ടുനിന്നോ മംഗലാപുരത്തുനിന്നോ രാവിലെ ബോംബെയ്ക്ക്‌ പോകുന്ന ഫ്ലൈറ്റ്‌ വല്ലതുമുണ്ടോ എന്നറിയണം. "ജാതകം" കുറിച്ചെടുത്ത്‌ ഉടനെ തന്നെ തിരികെ വിളിക്കാം എന്ന് പറഞ്ഞ്‌ ഫോണ്‍ വച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വിളിവരാഞ്ഞതിനാല്‍ അങ്ങോട്ട്‌ വീണ്ടും വിളിച്ചു, അപ്പോള്‍...

"സാര്‍, ഇവിടെ രാവിലെ മുതല്‍ പവര്‍ ഇല്ല... വേറെ എവിടെ നിന്നെങ്കിലും നോക്കിയിട്ട്‌ 10 മിനിറ്റിനകം തിരികെ വിളിക്കാം..."

മറുത്തൊന്നും പറയാന്‍ തോന്നിയില്ല. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍... പത്ത്‌ മിനിറ്റ്‌ കഴിഞ്ഞിട്ട്‌ പത്ത്‌ മിനിറ്റായി, എന്നിട്ടും ആ UAE-ക്കാര്‍ വിളിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. അങ്ങനെ ചിന്തിച്ച്‌ വിവശനായി ഇരിക്കുമ്പോളതാ മൊബൈല്‍ ചിലയ്ക്കുന്നു...

"ജിമ്മി അല്ല്ലേ? UAE Exchange-ല്‍ നിന്നാണ`..."

നേരത്തെ സംസാരിച്ച ആള്‍ തന്നെയാണ`.

"അതെ... ടിക്കറ്റ്‌ വല്ലതും ശരിയായോ?"

ആകാംക്ഷ അടക്കാനാവുന്നില്ല.

"കോഴിക്കോടുനിന്നും ഇല്ല, മംഗലാപുരത്തുനിന്നും കാലത്ത്‌ 11 മണിക്ക്‌ ഒരു "ജെറ്റ്‌" ഉണ്ട്‌. അത്‌ മതിയോ?"

ഇതില്‍ക്കൂടുതല്‍ എന്തു മതിയാവാന്‍? 'കിട്ടിയ സീറ്റ്‌ കളയേണ്ടാ, ടിക്കറ്റ്‌ ഇഷ്യു ചെയ്തോ, ഞാനിതാ എത്തി' എന്ന് ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ച്‌, ഉടനെ തന്നെ പുറപ്പെട്ടു. ജീപ്പ്പില്‍ അര മണിക്കൂര്‍ യാത്രയുണ്ട്‌ തളിപ്പറമ്പിലേക്ക്‌... 6 മണിക്ക്‌ മുന്നെ എത്തണം, ഇല്ലെങ്കില്‍ കട അടച്ചു വീട്ടില്‍ പോകും എന്ന UAE ഭീഷണി മനസ്സില്‍ മുഴങ്ങുന്നതിനാല്‍, 94 മോഡല്‍ വണ്ടിയുടെ നാണംകുണുങ്ങല്‍ അവഗണിച്ച്‌ ആഞ്ഞുപിടിച്ചു. പറഞ്ഞ സമയത്തുതന്നെ എത്തി ടിക്കറ്റ്‌ വാങ്ങിയപ്പോള്‍ എല്ലാം നേരേചൊവ്വേ ആയി എന്നാണ` കരുതിയത്‌, പക്ഷേ...

(തുടരും)

Sunday 19 August 2007

പാച്ചുവിനെത്തേടി...

"ഞാന്‍ നാളെ രാവിലെ ത്രിശ്ശൂര്‍ക്ക്‌ പോകുന്നു..."

ത്രിസ്സന്ധ്യാനേരത്ത്‌ ടൗണില്‍ പോയി മടങ്ങി വന്ന് കുപ്പായം മാറുമ്പോള്‍, പതിവുള്ള ഒരു ഗ്ലാസ്സ്‌ വെള്ളവുമായി അരികിലെത്തിയ വാമഭാഗത്തിന്റെ മുഖത്തേക്കു നോക്കാതെ പറഞ്ഞൊപ്പിച്ചു. കാരണമുണ്ട്‌, നേരത്തെ വീട്ടില്‍നിന്നുപോകുമ്പോള്‍ ഇങ്ങനെ ഒരു യാത്രയുടെ സൂചന പോലും കൊടുത്തിരുന്നില്ല. എങ്ങനെ കൊടുക്കാനാണ`, യാത്ര പ്ലാന്‍ ചെയ്തത്‌ വളരെ പെട്ടെന്ന് ആയിരുന്നില്ലേ. ടൗണിലേക്ക്‌ പോകുന്ന വഴിക്കു കിട്ടിയ ഒരു ഫോണ്‍കോളാണ` ഈ യാത്രയുടെ സദുദ്ദേശം സഫലമാക്കാന്‍ തുണയായത്‌. കുറെ നാളുകളായി മുങ്ങിനടക്കുന്ന ഒരു ചങ്ങാതി ചില്ലറ ഇടപാടുകള്‍ തീര്‍ക്കാന്‍ വരാമെന്ന് സമ്മതിച്ചിരിക്കുന്നു. ത്രിശ്ശൂരല്ല, ഏതു നരകത്തില്‍ പോകേണ്ടിവന്നാലും ഇത്തവണ അവനെ വിടാന്‍ ഒരുക്കമല്ലാത്തതിനാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി പുറപ്പെടാന്‍ തീരുമാനിച്ചു.

"ഉം... എന്താ പെട്ടെന്നൊരു യാത്ര? നേരത്തെ പറഞ്ഞില്ലല്ലോ?"

ഗ്ലാസ്‌ കൈമാറുമ്പോള്‍ ഉയര്‍ന്ന മറുചോദ്യത്തിന` ഒരു "നാഗവല്ലി" ടച്ചില്ലേയെന്ന സംശയം പെട്ടെന്ന് പൊട്ടിമുളച്ചതുകൊണ്ട്‌ കൂടുതലൊന്നും പറയാതെ റൂമില്‍ നിന്നും ഈ "രാമനാഥന്‍" വേഗം പുറത്തേക്ക്‌ നടന്നു। അതിനിടയില്‍, അടുത്ത ആക്രമണത്തിന` ഇടകൊടുക്കാതിരിക്കാന്‍ കൂട്ടുകാരനെ കാണാനാണെന്നുള്ള കാരണം പറയാതിരുന്നില്ല.

തിണ്ണയിലെ ഭിത്തില്‍ തൂങ്ങിക്കിടന്നാടുന്ന മനോരമ കലണ്ടറിന്റെ പിന്നാമ്പുറത്തെ തീവണ്ടി സമയങ്ങളിലൂടെ കണ്ണോടിച്ചു। രാവിലെ തെക്കോട്ടു പോകുന്ന ട്രെയിനുകളാണ` ലക്ഷ്യം. ദൂരയാത്രയാവുമ്പോള്‍ ട്രെയിനാണ` നല്ലത്‌. ഒടുവില്‍, കാലത്ത്‌ 9:20-നുള്ള ട്രിച്ചി ലിങ്കിനു പോകാന്‍ തീരുമാനിച്ചു. ലിങ്കിന` പോയാല്‍ ഷൊര്‍ണ്ണൂരുനിന്നും "വേണാട്‌" കിട്ടും, അതില്‍ക്കയറി തൃശ്ശൂര്‍ ഇറങ്ങി അവിടുത്തെ ഇടപാടുകള്‍ തീര്‍ത്ത്‌, അടുത്ത ദിവസം പാച്ചുവിനെകാണാന്‍ പോകാം. കുറെ നാളുകളായുള്ള ആഗ്രഹമാണ`, ഇത്തവണ അതു സാധിക്കണം. ഇതാണ` മാസ്റ്റര്‍ പ്ലാന്‍.

രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ട്‌ 9 മണിയയപ്പോഴേക്കും റെയില്‍വേ സ്റ്റേഷനില്‍ എത്തി। ഒന്നും കഴിക്കാതെ പുറപ്പെട്ടതുകൊണ്ട്‌ നല്ല വിശപ്പ്‌. ട്രെയിന്‍ കൃത്യസമയം പാലിക്കുന്നു എന്ന റെയില്‍വേ അറിയിപ്പ്‌ അവഗണിക്കാനുള്ള മനസ്സില്ലാത്തതിനാല്‍ വിശപ്പ്‌ സഹിക്കാന്‍ തീരുമാനിച്ചു. ചെലവാകുന്ന ഭാഷയിലൊക്കെ റെയില്‍വേ സുന്ദരി ഇടക്കിടെ വണ്ടിയുടെ വരവറിയിക്കുന്നു. കാര്യത്തോടടുത്തപ്പോള്‍ അവള്‍ കാലുമാറി, ട്രെയിന്‍ 10 മിനിറ്റ്‌ താമസിക്കുമെന്ന്. ഇതു നേരത്തെ പറഞ്ഞിരുന്നേല്‍ വല്ലതുമൊക്കെ കഴിക്കാമായിരുന്നു എന്ന് മനസ്സില്‍ പറഞ്ഞ്‌, വിഷമത്തോടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നയാളെ വെറുതെ നോക്കിയിരുന്നു.

അറിയിച്ചതുപോലെ തന്നെ ട്രെയിന്‍ വന്നെത്തി। എക്സ്പ്രെസ്‌ ആയതുകൊണ്ട്‌ ജനറല്‍ കൂപ്പയില്‍ കയറുന്നതാണ` ഉത്തമം എന്ന് നേരത്തെ ചിന്തിച്ചുറപ്പിച്ചതിനാല്‍, അത്‌ തേടി പിന്നിലേക്ക്‌ നടന്നെങ്കിലും, ഒടുക്കം ഒരു തിരക്ക്‌ പിടിച്ച കമ്പാര്‍ട്ട്‌മെന്റില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അതിനുള്ളില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ല. അങ്കവും കാണാം താളിയും ഒടിക്കാം എന്ന ഭാവത്തില്‍, വാതിലിന്നരികില്‍ നില്‍പ്പുറപ്പിച്ചു.

"ചായ... കാപ്പീ... വടേ.." എന്നൊക്കെ ഒച്ചയിട്ട്‌ ഒാരോരുത്തരായി കടന്നുപോകുന്നു। അവരുടെ ഒാരോ വിളിയും എന്റെ വിശപ്പിന്റെ നിലനില്‍പ്പിനെ സഹായിക്കാന്‍ പോന്നതാണ`. എന്നാല്‍ ആള്‍ക്കാരുടെ നിരന്തരമായ സഞ്ചാരവും വണ്ടിക്കുള്ളിലെ തിരക്കും "എന്തെങ്കിലും കഴിക്കാം" എന്നൊരു തീരുമാനമെടുക്കാന്‍ എന്നെ സഹയിച്ചതേയില്ല. സമയവും സാഹചര്യവും ഒത്തുവന്നപ്പോള്‍ ഒരു ഗ്ലാസ്സ്‌ കാപ്പി വഴി വിശപ്പിന്റെ വിളിക്ക്‌ താല്‍ക്കാലിക ശമനം കൊടുത്തു.

"കോഴിക്കോട്ടേക്ക്‌ എത്ര നേരമെടുക്കും?"

വാതില്‍പ്പടിയില്‍ കാലുംനീട്ടിയിരുന്ന ഒരു മഹാന്‍ എന്തോ ബോധോദയം ഉണ്ടായതുപോലെ എന്റെ നേരെ തിരിഞ്ഞു।

"3 മണിക്കൂര്‍..."

പറഞ്ഞുകഴിഞ്ഞപ്പോളാണ` അബദ്ധം മനസ്സിലായത്‌... ബസ്സില്‍ സഞ്ചരിക്കുവാന്‍ വേണ്ടിവരുന്ന സമയമാണ` പറഞ്ഞത്‌, ട്രെയിനിലാകുമ്പോള്‍ അതിന്റെ പകുതിമതി। എങ്ങനെ മാറ്റിപ്പറയും എന്നാലോചിക്കുമ്പോളാണ` ഉച്ചത്തിലുള്ള ഒരു ആത്മഗതം കേട്ടത്‌;

"ഞാന്‍ പണ്ട്‌ ഈ വഴിയൊക്കെ വന്നിട്ടുണ്ട്‌। അന്നൊക്കെ കല്‍ക്കരിവണ്ടികളായിരുന്നെങ്കിലും 2 മണിക്കൂര്‍ കൊണ്ട്‌ എത്തും... ഇന്നിപ്പോ...."

അങ്ങേര്‍ പറഞ്ഞുമുഴുമിപ്പിക്കുന്നതിനുമുന്നേ ഞാന്‍ തിരുത്ത്‌ പ്രസിദ്ധീകരിച്ചു;

"ഒന്നര രണ്ട്‌ മണിക്കൂര്‍ മതിയാവും..."

നവരസങ്ങളിലെ രണ്ട്‌മൂന്നെണ്ണം ഒന്നിച്ചെടുത്ത്‌ ആറ്റിക്കുറുക്കി ഒരു പ്രത്യേക ഭാവത്തില്‍ എന്നെ നോക്കിയിട്ട്‌ അദ്ദേഹം പുറംകാഴ്ച്ചകളില്‍ വ്യാപൃതനായി। കൂടുതല്‍ പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ഞാനും കാഴ്ച്ചക്കാരനായി.

പലഹാരപ്രിയരുടെ തലശ്ശേരിയെ പിന്നിലാക്കി, മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ട്രെയിന്‍ കോഴിക്കോട്ടേക്ക്‌ എത്താറാവുന്നു। വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും ആളുകള്‍ കയറിയതോടെ വണ്ടിയില്‍ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. കോഴിക്കോട്‌ എത്തിയപ്പോളാണ` ആശ്വാസമായത്‌, കാരണം കുറെയധികം ആളുകള്‍ അവിടെയിറങ്ങി. ആ തക്കത്തില്‍ ഒത്തുകിട്ടിയ ഒരു സീറ്റില്‍ ആസനമുറപ്പിച്ചതിനാല്‍ കാലിനും നടുവിനും അല്‍പ്പം വിശ്രമവും തരപ്പെട്ടു. പെട്ടെന്നാണ` മൊബൈല്‍ ഫോണ്‍ ചിലച്ചത്‌, മറ്റാരുമല്ല, ആരെയാണോ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌, അവന്‍ തന്നെ.

"ഹലോ, നീ പുറപ്പെട്ടോ?"

"പിന്നില്ലേ,... ഞാനിപ്പോള്‍ കോഴിക്കോടെത്തി॥"

"പക്ഷെ, ഇന്ന് നിന്നെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല। എനിക്ക്‌ നാളെയേ തൃശ്ശൂരെത്താന്‍ സാധിക്കൂ..."

പാതിവഴിയെത്തിയപ്പോളാണ` അവന്റെ ഒരു അറിയിപ്പ്‌। എന്തുചെയ്യണമെന്ന് ചിന്തിച്ചിട്ട്‌ ഒരു എത്തുംപിടിയും കിട്ടുന്നില്ല. പെട്ടെന്ന് തലക്കുള്ളില്‍ ബള്‍ബ്‌ കത്തിയത്‌... എന്തുകൊണ്ട്‌ പാച്ചുവിനെ കാണാന്‍ ഇന്നു പൊയ്ക്കൂടാ?

ഫറോക്കും കടലുണ്ടിപ്പാലവും കടന്ന് ട്രെയിന്‍ കുതിപ്പ്‌ തുടര്‍ന്നു। എടപ്പാളും കുറ്റിപ്പുറവും പിന്നിട്ടിരിക്കുന്നു. ഭാരതപ്പുഴയുടെ മനോഹരതീരങ്ങളിലൂടെയുള്ള യാത്ര എന്നും ഹരംപിടിപ്പിക്കുന്നതാണ`. വേനലിന്റെ കാഠിന്യത്തില്‍ പുഴ വറ്റിവരണ്ടെങ്കിലും പുഴയോരത്തെ പച്ചപ്പിന` കാര്യമായ മാറ്റമില്ല.

വണ്ടിയുടെ ശബ്ദത്തെയും അതിനുള്ളിലെ ആളുകളുടെ ബഹളത്തെയും കീറിമുറിച്ചുകൊണ്ട്‌ അതിമനോഹരമായ വയലിന്‍ നാദം ഒഴുകിയെത്തി। അവ്യക്തമായി തുടങ്ങിയ ശബ്ദം ക്രമേണ അടുത്തെത്തിക്കൊണ്ടിരുന്നു. കാല-ഭാഷാ ഭേദമന്യേ പ്രവഹിക്കുന്ന ആ നാദമാധുരിയുടെ ഉടയോനെ ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. ഞങ്ങള്‍ ഇരിക്കുന്നതിന്റെ അടുക്കല്‍ വന്നു വയലിന്‍ വായിക്കുമ്പോള്‍ അതു റെക്കോര്‍ഡ്‌ ചെയ്യാന്‍ മൊബൈല്‍ഫോണ്‍ റെഡിയാക്കിവച്ചു. എന്നാല്‍ എന്നെ നിരാശപ്പെടുത്തിക്കൊണ്ട്‌ ആ ചങ്ങാതി കടന്നുപോയി.

പാച്ചുവിന്റെ അടുക്കലേക്ക്‌ ഷൊര്‍ണ്ണൂരില്‍ നിന്നും എളുപ്പത്തില്‍ പോകാം എന്നായിരുന്നു എന്റെ ധാരണ। എന്നാല്‍ അത്‌ വെറും തെറ്റിധാരണയാണെന്ന് മനസ്സിലാവാന്‍ അധികം സമയം വേണ്ടിവന്നില്ല... ട്രെയിന്‍ പട്ടാമ്പിയിലെത്തിയിരിക്കുന്നു, അടുത്ത സ്റ്റേഷന്‍ ഷൊര്‍ണ്ണൂരാണ`. അവിടെനിന്നും അവന്റെ അടുക്കല്‍ എത്തിച്ചേരാണുള്ള വഴി ചോദിച്ചറിയാനാണ` പാച്ചുവിനെ ഫോണില്‍ വിളിച്ചത്‌;

"പാച്ചൂ, നിന്റെ വീട്ടിലേക്ക്‌ വരാന്‍ ഷൊര്‍ണ്ണൂര്‍ ഇറങ്ങുന്നതല്ലേ എളുപ്പം?"

"നീയിപ്പോള്‍ എവിടെയാണ`?"

ചോദ്യത്തെ മറുചോദ്യം കൊണ്ട്‌ നേരിടുന്ന കോട്ടയംകാരനായി അവന്‍।

"ഞാനിതാ പട്ടാമ്പി സ്റ്റേഷനിലെത്തിയിരിക്കുന്നു॥"

"അതെയോ... എന്റെ വീട്‌ പട്ടാമ്പിയിലാണ`... അവിടെ ഇറങ്ങിക്കോളൂ..."

അതുകേട്ടപ്പോള്‍ ഉള്ളൊന്നു കാളി॥ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി ട്രെയിന്‍ പുറപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തി, എന്നിട്ട്‌ അവനോട്‌ പറഞ്ഞു;

"ഇറങ്ങിയിട്ട്‌ വിളിക്കാം॥ അല്ലെങ്കില്‍ വണ്ടി വിട്ടുപോകും"

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... ബര്‍ത്തില്‍ ഒതുക്കിവച്ചിരുന്ന ബാഗും വലിച്ചെടുത്ത്‌ ഒരുവിധം വെളിയില്‍ ചാടുമ്പോളേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു।

പ്ലാറ്റ്‌ഫോറത്തിലൂടെ പുറത്തേക്ക്‌ നടക്കുമ്പോള്‍ പാച്ചുവിനെ വീണ്ടും വിളിച്ചു। വീട്ടിലേക്കുള്ള വഴി പലപ്രാവശ്യം പറഞ്ഞുതന്നത്‌ എനിക്ക്‌ പിടികിട്ടിയില്ല എന്ന് മനസ്സിലാക്കിയതിനാലാവണം, ബസ്‌റൂട്ട്‌-ഇറങ്ങേണ്ട സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു മെസ്സേജ്‌ അവന്‍ സൗജന്യമായി അയച്ചുതന്നത്‌.

സ്റ്റേഷനില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ ആദ്യം കണ്ട ബേക്കറിയില്‍ കയറി, പാച്ചുവിനെ പറ്റിക്കാനാവശ്യമായ ചില കൂട്ടങ്ങളൊക്ക്‌ വാങ്ങി ബാഗില്‍വച്ചു। അവന്‍ കൊച്ചുപയ്യനല്ലേ, മുട്ടായിയൊക്കെ തിന്നുവളരേണ്ട പ്രായം॥

ബേക്കറിക്കാരന്‍ പറഞ്ഞുതന്ന ഹോട്ടലില്‍ കയറി ഊണൊക്കെ കഴിച്ച്‌ ബസ്സ്റ്റാന്റിലെത്തി, ആദ്യം കണ്ട പെരിന്തല്‍മണ്ണ ബസ്സില്‍ക്കയറി ഇരുപ്പുറപ്പിച്ചു। ആളൊഴിഞ്ഞുകിടന്നിരുന്ന ഇരിപ്പിടങ്ങള്‍ നിറഞ്ഞപ്പോള്‍, ഇനി ആരും വരാനില്ല എന്ന മട്ടില്‍ ബസ്‌ മുന്നോട്ട്‌ നീങ്ങിത്തുടങ്ങി. അതിനിടയില്‍ അടുത്തുവന്നിരുന്ന ഒരു താടിക്കാരനെ ഞാന്‍ ശ്രദ്ധികാതിരുന്നില്ല.

പട്ടാമ്പി സ്റ്റാന്റില്‍ നിന്നും പ്രധാന വീഥിയിലേക്ക്‌ വണ്ടി പതുക്കെ തിരിഞ്ഞിറങ്ങുമ്പോളാണ` ആ കാഴ്ച എന്റെ കണ്ണില്‍ പെട്ടത്‌ - "സമാനതകളില്ലാത്ത താര രാജാവിന` ഭാവുകങ്ങള്‍" എന്നെഴുതിയ ഒരു കൂറ്റന്‍ കട്ടൗട്ടില്‍ സിനിമാ നടന്‍ മമ്മൂട്ടി ചിരിതൂകി നില്‍ക്കുന്നു! പല ഭാവത്തിലുള്ള "മമ്മൂട്ടികളെ" ആ ബോര്‍ഡിന്റെ അവിടവിടെയായി പ്രതിഷ്ഠിച്ചിട്ടുണ്ട്‌। ഓള്‍ കേരള മമ്മൂട്ടി ഫാന്‍സ്‌ & വെല്‍ഫെയര്‍ അസ്സോസിയേഷന്‍ എന്ന് എഴുതി തിട്ടൂരം ചാര്‍ത്തിയിരിക്കുന്നു പഹയന്മാര്‍. സീറ്റില്‍ ഇരുന്നുകൊണ്ടുതന്നെ ചുറ്റുപാടും കണ്ണോടിച്ചു... വേറെ ഒന്നിനുമല്ല; "പട്ടാമ്പിയാണേ രാജ്യം" എന്ന ഒറ്റ ഡയലോഗിലൂടെ പട്ടാമ്പിയെ എന്റെ മനസ്സില്‍ കുടിയിരുത്തിയ ലാലേട്ടന്‍ ആ പരിസരത്ത്‌ എവിടെയങ്കിലും ഉണ്ടോ എന്നറിയാന്‍. എന്നാല്‍, "പൊടിപോലുമില്ല കണ്ടുപിടിക്കാന്‍" എന്ന പഴയ റേഡിയോ പരസ്യം പോലെ, ഒരു "കുഞ്ഞൗട്ട്‌" പോലും അവിടെയെങ്ങുമില്ല. ബസിന്റെ മുന്നോട്ടുള്ള ഗതി തുടരുന്നതിനിടയില്‍ ചില "മമ്മൂട്ടികളും" ഒരു "ദിലീപും" കടന്നുപോയി, പക്ഷെ॥

കണ്ടക്ടര്‍ അടുത്തെത്തിയിരിക്കുന്നു... പേഴ്സില്‍ നിന്നും കാശ്‌ എടുത്ത്‌, പാച്ചു അയച്ച മെസ്സേജില്‍ നോക്കി ഇറങ്ങേണ്ട സ്ഥലപ്പേര` ഉരുവിട്ടു, "കരിങ്ങണാംകുണ്ട്‌"। ടിക്കറ്റും ബാക്കി കിട്ടിയ പൈസയും മേടിച്ച്‌ പോക്കറ്റിലേക്ക്‌ ഇടുമ്പോളാണ`, അടുത്തിരിക്കുന്ന താടിക്കാരന്‍ കണ്ടക്ടറോട്‌ "കുണ്ട്‌" എന്ന് പറയുന്നത്‌ ശ്രദ്ധിച്ചത്‌. അതോടെ ആ കണ്‍ഫ്യൂഷനായി...ഇതേത്‌ കുണ്ട്‌? ഞാന്‍ ഉദ്ദേശിച്ച കരിങ്ങണാംകുണ്ട്‌ തന്നെയാണോ അങ്ങേര്‍ പറഞ്ഞ കുണ്ട്‌? എന്നിലെ കണ്‍ഫ്യൂഷന്റെ കടുപ്പം അനുനിമിഷം വര്‍ദ്ധിക്കുകയും, ഇനി സഹിക്ക വയ്യ എന്ന ടേര്‍ണിംഗ്‌ പോയിന്റില്‍ എത്തിച്ചേരുകയും ചെയ്തതോടെ ഞാന്‍ അദ്ദേഹത്തെ ആക്രമിച്ചു;

"ഈ കരിങ്ങണാംകുണ്ടും കുണ്ടും ഒന്നുതന്നെയാണോ?"

അപരിചിതത്ത്വത്തിന്റെ ലാഞ്ചന തെല്ലുമില്ലാതെ മറുപടി കിട്ടി।

"അതെ, ഒന്നുതന്നെ... പറയാനുള്ള സൗകര്യത്തിന` വെട്ടിച്ചുരുക്കിയതാണ`।"

എനിക്ക്‌ സമാധാനമായി।

"അവിടെ ആരെ കാണാനാ`?" - താടിക്കാരന്‍ വിടുന്ന മട്ടില്ല।

"പാച്ചുവിനെ... അല്ലല്ല, ഫൈസല്‍ ബാബുവിനെ... മുന്‍പ്‌ ഒരു അപകടമൊക്കെ..."

"ഓ॥ അവന്‍ എന്റെ ബന്ധുവാണ`..."

ഞാന്‍ ഒരു ഞെട്ടല്‍ രേഖപ്പെടുത്തി। തേടാതെ തന്നെ ഒരു വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. "കുണ്ടിന്റെ കാര്യമൊക്കെ മറന്നേക്കൂ" എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച്‌ ഞാന്‍ അങ്ങേരോട്‌ ലോഹ്യം കൂടി.

അത്‌ പാച്ചുവിന്റെ ബാപ്പയുടെ പെങ്ങളുടെ മകനായ അലവി ആണ`। എന്റെ പേരും ഊരും ഒക്കെ ചോദിച്ചറിഞ്ഞ്‌ അലവിക്ക വാചാലനായി. പാച്ചുവിന` അപകടം സംഭവിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന അലവിക്ക ആ സംഭവമൊക്കെ ചുരുക്കി വിവരിച്ചു തന്നു. അലവിക്ക പറയുന്നതൊക്കെ തലകുലുക്കി കേള്‍ക്കുന്നതിനിടയിലും പുറത്തെ കാഴ്ചകളൊക്കെ എന്റെ കണ്ണുകള്‍ ഒപ്പിയെടുത്തുകൊണ്ടേയിരുന്നു.

"അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം"

മടിയില്‍ അടക്കിപ്പിടിച്ചിരുന്ന പൊതി കയ്യിലെടുത്തുകൊണ്ട്‌ അലവിക്ക എണീറ്റു। ഒട്ടും മടിക്കാതെ ബാഗും തൂക്കിയെടുത്ത്‌ ഞാനും ഇറങ്ങാനുള്ള വട്ടം കൂട്ടി. തിരക്കിനിടയില്‍ക്കൂടി ഒരുവിധം പുറത്തിറങ്ങി, തല ഉയര്‍ത്തി നോക്കിയപ്പ്പ്പോള്‍ കണ്ട മഞ്ഞബോര്‍ഡ്‌ ഉള്ളില്‍ അല്‍പ്പം ആശ്വാസം പകര്‍ന്നു. ഒരു 110 KV സബ്‌സ്റ്റേഷനിലേക്കുള്ള വഴികാട്ടിയാണ`, പാച്ചുവിന്റെ വീട്ടിലേക്കുള്ള അടയാളമായി അവന്‍ പറഞ്ഞതും ഇതേ ബോര്‍ഡിനെക്കുറിച്ചുതന്നെയെന്ന് ഞാന്‍ ഉറപ്പിച്ചു. മെയിന്‍റോഡ്‌ മുറിച്ചുകടന്ന് നടന്നുനീങ്ങിയ അലവിക്കയുടെ പിന്നാലെ വച്ചുപിടിച്ചു. അധികദൂരം പോകേണ്ടിവന്നില്ല, കുറച്ചകലെയായി കാണുന്ന ഇരുമ്പ്ഗെയിറ്റ്‌ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അലവിക്ക ഇപ്രകാരം അരുളി;

"ആ കാണുന്നതാണ` ഫൈസലിന്റെ വീട്‌।"

എന്തോ അത്യാവശ്യകാര്യമുള്ളതിനാല്‍ അദ്ദേഹം വിടപറഞ്ഞുപിരിഞ്ഞു। ഞാന്‍ പതുക്കെ മുന്നോട്ട്‌ നടന്ന്, ആ ഗെയിറ്റിനുമുന്നില്‍ ഒരു നിമിഷം നിന്നു... "ഉപാസന" എന്ന, വളരെ പരിചിതമായ നാമം ഗെയിറ്റില്‍ എഴുതിവച്ചിരിക്കുന്നു. പാച്ചുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന കാര്യമാണ` ഉപാസന എന്ന ആ വീട്ടുപേര`. പെട്ടെന്നാണ` വീടിനുള്ളില്‍ നിന്നും "ജിമ്മിച്ചോ" എന്നൊരു വിളികേട്ടത്‌. പലപ്പോഴും ഫോണില്‍ക്കൂടി കേട്ടിട്ടുള്ളതായതിനാല്‍ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല. അതു പാച്ചു തന്നെ, തുറന്നിട്ടിരിക്കുന്ന ജനാലയിലൂടെ അവന്‍ എന്നെ കണ്ടിട്ടുണ്ടാവണം. ഞാന്‍ വിളികേട്ടു;

"പാച്ചുവേ..."

"മടിച്ചു നില്‍ക്കാതെ കടന്നുവരൂ॥"

ഗേറ്റ്‌ തുറന്ന് അകത്തേക്കുകടക്കുന്നതിനിടയില്‍ അവന്റെ കല്‍പ്പന കേട്ടു।

തൊട്ടുമുന്നില്‍ക്കൂടി കടന്നുപോകുന്ന റോഡില്‍നിന്നും വീടിനെ രക്ഷിക്കാന്‍ കെട്ടിയുണ്ടാക്കിയ മതിലിനും വീടിനുമിടയില്‍, ചെറുതെങ്കിലും മനോഹരമായ നടുമുറ്റം। ഷൂ വെളിയില്‍ ഊരിവച്ച്‌ തിണ്ണയിലേക്ക്‌ കടക്കുമ്പോള്‍, നിറഞ്ഞ ചിരിയുമായി മുന്നിലെത്തിയത്‌ പാച്ചുവിന്റെ ഉമ്മയാണെന്ന് അനായാസം ഊഹിച്ചു. തിണ്ണയില്‍ നിന്നും ഉമ്മ കാണിച്ചുതന്ന റൂമിലേക്ക്‌ കടന്നു, ഏറെക്കാലമായി കാണാന്‍ കൊതിച്ച പാച്ചുവിന്റെ അരികിലേക്ക്‌...

കട്ടിലിന്റെ ക്രാസിയിലേക്ക്‌ ഉയര്‍ത്തിവച്ച തലയിണയില്‍ ചാരിയിരുന്ന്, എന്റെ നേരെ നീട്ടിയ പാച്ചുവിന്റെ വലതുകരം ഗ്രഹിക്കുമ്പോള്‍ എന്തോ ഒരു പ്രത്യേക ഉണര്‍വ്‌ അനുഭവപ്പെടുന്നതുപോലെ... അടുത്തുകിടന്ന കസേര കട്ടിലിനരികിലേക്ക്‌ വലിച്ചടുപ്പിച്ച്‌ ഞാന്‍ ഇരിപ്പുറപ്പിച്ചു। ആദ്യമായാണ` കണ്ടുമുട്ടുന്നത്‌ എന്ന തോന്നല്‍ രണ്ടാള്‍ക്കും ഉണ്ടായില്ല. ഇന്നലെ കണ്ടുപിരിഞ്ഞവരെപ്പോലെ ഞങ്ങള്‍ വിശേഷങ്ങള്‍ കൈമാറി. ഞങ്ങളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് അവന്റെ ഉമ്മ വാതില്‍ക്കല്‍ നിന്നു.

ചെറുതാണെങ്കിലും സകലവിധ സന്നാഹങ്ങളുമുള്ള ഒരു സാമ്രാജ്യമാണ` പാച്ചുവിന്റെ ആ മുറി। വഴിയേ പോകുന്ന ആരെയും വെറുതെ വിടത്തില്ല എന്ന ഹിഡന്‍ അജണ്ടയുടെ ബാക്കിപത്രമെന്നോണം തുറന്നിട്ടിരിക്കുന്ന രണ്ട്‌ ജാലകങ്ങള്‍... ഭിത്തിയിലൊരു കോണില്‍ ക്യൂബന്‍ വിപ്ലവനേതാവായ ചെഗുവേര ചിരിതൂകി നില്‍ക്കുന്നു. ഉള്ളിലെ നിശ്ചയദാര്‍ഡ്യത്തിന്റെ തിരിനാളം കെടാതെ സൂക്ഷിക്കാനാവണം ആ ഫോട്ടൊ തന്റെ നേരേ, എപ്പോഴും കാണുന്ന വിധത്തില്‍, വച്ചിരിക്കുന്നത്‌ എന്ന് ഞാന്‍ മനസ്സിലോര്‍ത്തു. അവനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന ഉപാധിയായ ടെലിഫോണ്‍ കട്ടിലിന്റെ അരികിലായിത്തന്നെയുണ്ട്‌. കിടന്നുകൊണ്ട്‌ കാണുവാന്‍ പാകത്തില്‍ ടെലിവിഷന്‍... മുറിയുടെ മറ്റൊരുകോണില്‍ കമ്പ്യൂട്ടര്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. പാച്ചുവിനെ പുനര്‍ജന്മത്തിലേക്ക്‌ കൈപിടിച്ചുനടത്തിയ പ്രധാന സഹായി ഒരുപക്ഷെ ആ കമ്പ്യൂട്ടര്‍ ആയിരിക്കാം. സൈഡിലെ ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങള്‍... കഴിഞ്ഞ പത്തുവര്‍ഷത്തോളായി പാച്ചുവിന്റെ സാമീപ്യവും മിഴിലാളനവും കൊണ്ട്‌ ധന്യരാവാന്‍ ഭാഗ്യം ചെയ്ത പുസ്തകങ്ങള്‍, ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. അടുത്തിടെ ഒരു സുഹൃത്ത്‌ സമ്മാനിച്ച മൊബെയില്‍ഫോണ്‍ കയ്യെത്തും ദൂരത്തുണ്ട്‌. അത്‌ ഏത്‌ നേരവും ചാര്‍ജ്ജിങ്ങില്‍ വയ്ക്കണം, അല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആ ഫോണ്‍ മരണത്തിന` കീഴ്‌പ്പെടുമെന്ന് അവന്‍ പറഞ്ഞത്‌ ഞാന്‍ കേട്ടില്ലാന്ന് നടിച്ചു.

തുടക്കത്തിലെ കുശലാന്വേഷണങ്ങള്‍ക്ക്‌ ശേഷം ഞങ്ങളുടെ ചര്‍ച്ച പല വിഷയങ്ങളിലൂടെയും കയറിയിറങ്ങി. ചില യാഹൂ ഗ്രൂപ്പുകളിലൂടെ തമ്മില്‍ പരിചയപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ട്രോജന്‍സിന്റെ രൂപീകരണവും എന്നുവേണ്ട പലപല ദേശീയ-അന്തര്‍ദ്ദേശീയ കാര്യങ്ങളെക്കുറിച്ചും "കൂലങ്കഷണമായി" തലപുകച്ചു. നാട്ടുകാരും കൂട്ടുകാരും ഞങ്ങളുടെ സൊറപറച്ചിലിന്റെ നായകരും വില്ലനുമൊക്കെയായി കടന്നുപോയി. ഇടയ്ക്‌ ഉമ്മ കൊണ്ടുവന്ന ചായയും കടികളും യാതൊരു ദാക്ഷിണ്യവും കൂടാതെ ഞങ്ങള്‍ അകത്താക്കി. ആ ഇടവേളയിലാണ` അവന്റെ ബാപ്പയുടെ വരവ്‌ - തന്റെ സ്റ്റീല്‍ബോഡിയുടെ കരുത്ത്‌ കാണിക്കാനെന്നവണ്ണം, ഷര്‍ട്ട്‌ ധരിക്കാതെ എത്തിയ കക്ഷി ഞങ്ങളുടെ കൂടെ കൂടി. കാഴ്ച്ചയില്‍ അല്‍പ്പം പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തിലും പെരുമാറ്റത്തിലും വളരെ രസികനാണ` ബാപ്പ. ഒരുവര്‍ഷത്തോളം സൗദിയിലെ ദമാമില്‍ ജോലിചെയ്തിട്ടുള്ള അദ്ദേഹം ആ ഓര്‍മ്മകളൊക്കെ ഉത്സാഹത്തോടെ പങ്കുവച്ചു. ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരം കാരണം സുഖനിദ്രയ്ക്ക്‌ തടസ്സം നേരിട്ട ഒരാള്‍ ആ വഴിയെത്തി. അത്‌ മറ്റാരുമായിരുന്നില്ല, പാച്ചുവിന്റെ ചേച്ചിയുടെ മകന്‍. അല്‍പ്പനേരം പരുങ്ങിനിന്ന ആ കുസൃതിക്കുരുന്ന് അവിടം മുഴുവന്‍ ഇളക്കിമറിക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

സമയം പാഴാക്കാതെ ബാഗില്‍ നിന്നും വീഡിയോ ക്യാമറ പുറത്തെടുത്തു. ചാഞ്ഞും ചെരിഞ്ഞും പാച്ചുവിനെയും അവന്റെ സാമ്രാജ്യത്തെയും അണുവിട വിടാതെ ഞാന്‍ ഫിലിമിലാക്കിക്കൊണ്ടിരുന്നു. എന്റെ പ്രകടനം കണ്ട്‌ ആവേശംപൂണ്ട ബാപ്പ സൂത്രത്തില്‍ ക്യാമറ കൈക്കലാക്കി. ഒരു പ്രൊഫഷണല്‍ ക്യാമറാമാനെ വെല്ലുന്ന പാടവത്തോടെ ഞങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരാനും അദ്ദേഹം മറന്നില്ല. തകൃതിയായ ഷൂട്ടിങ്ങിനിടയില്‍ പാച്ചുവിനെ കാണാന്‍ എത്തിയ അശോകന്‍ ചേട്ടനും ഞങ്ങളുടെ കൂടെ അഭിനയിക്കാനുള്ള യോഗം ഉണ്ടായി.
സമയം അഞ്ച്‌ മണി കഴിഞ്ഞിരിക്കുന്നു... 3 മണിക്കൂറുകള്‍ കടന്ന്പോയത്‌ അറിഞ്ഞതേയില്ല. അന്ന് രാത്രിതന്നെ ത്രിശ്ശൂര്‍ എത്തേണ്ടിയിരുന്നതിനാല്‍ ഞാന്‍ പുറപ്പെടാന്‍ തയ്യാറായി. ഒരുപാടുനാളത്തെ കാത്തിരിപ്പിനും കണക്കുകൂട്ടലുകള്‍ക്കും ശേഷം ഇത്തവണയെങ്കിലും പാച്ചുവിനെ കാണാനയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക്‌ സന്തോഷം തോന്നി. ക്യാമറയും ബാഗുമെടുത്ത്‌ എല്ലാവരോടും യാത്ര പറയുമ്പോള്‍ അലവിക്ക വീണ്ടുമെത്തി. എന്നെ ബസ്‌ കയറ്റിവിടാനായി ബാപ്പയും ഒരുങ്ങിവന്നു. പാച്ചുവിനോട്‌ ഒരിക്കല്‍കൂടി യാത്രപറഞ്ഞ്‌ "ഉപാസന"യുടെ ഗേറ്റ്‌ കടന്ന് ബസ്‌സ്റ്റോപ്പിലേക്ക്‌ നടന്നു.

ആദ്യം വന്ന പട്ടാമ്പി ബസ്സില്‍ കയറി... കൈകളുയര്‍ത്തി യാത്ര പറയുന്ന ബാപ്പയുടെ രൂപം പിന്നിലേക്ക്‌ മറഞ്ഞു। "താര രാജാവും" "കൊച്ചിരാജാവും" വീണ്ടും കണ്മുന്നില്‍ക്കൂടി മിന്നിമറഞ്ഞു. സ്റ്റാന്റില്‍ നിന്നും കുന്ദംകുളത്തിനുള്ള ഒരു കുഞ്ഞന്‍വണ്ടിയില്‍ തൃശ്ശൂരേക്കുള്ള യാത്രതുടരുമ്പോള്‍ പട്ടാമ്പിയുടെ വീഥികളില്‍ ഇരുള്‍വീണുതുടങ്ങിയിരുന്നു. പാതിതുറന്നിട്ട വാതില്‍പ്പാളികളുടെ പിന്നില്‍നിന്നും, ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം പുറത്തേക്ക്‌ നോക്കിനില്‍ക്കുന്ന സുറുമയിട്ട കണ്ണുകളുടെ തിളക്കം റോഡരികിലെ മിക്കവാറും എല്ലാ വീടുകളില്‍നിന്നും ഇരുട്ടിനെ വകഞ്ഞുമാറ്റി മുന്നിലെത്തി. ഇരുട്ടിനു കൂട്ടായെത്തിയെ ചാറ്റല്‍മഴയില്‍നിന്നും രക്ഷനേടാന്‍ ബസിന്റെ സൈഡ്‌കര്‍ട്ടന്‍ താഴ്ത്തിയിടുമ്പോള്‍, ആ ഏകാന്തമനസ്സുകളിലെ ചിന്തകള്‍ എന്തായിരിക്കുമെന്ന് വെറുതെ ചിന്തിച്ചു...

കുന്ദംകുളം ലക്ഷ്യമാക്കി ബസ്സിന്റെ കുതിപ്പ്‌ തുടരുകയാണ`... ഏതൊക്കെയോ സ്റ്റോപ്പുകളില്‍ നിന്നും ആരൊക്കെയോ കയറിയിറങ്ങുന്നു... അവിസ്മരണീയമായ കടന്നുപോയ ഒരു പകലിന്റെ സുഖകരമായ ഒാര്‍മ്മകളില്‍ മുഴുകിയിരുന്ന എന്റെ കണ്ണുകളില്‍ ഉറക്കം ഊഞ്ഞാലുകെട്ടുന്നതുപോലെ...

*** ശുഭം

Tuesday 19 June 2007

അന്തോണി വധം!

കുട്ടപ്പന്‍ നേഴ്സറി വാഴും കാലം... നേരത്തെ പറഞ്ഞപോലെ മഹത്തായ 3 വര്‍ഷം കയറിയിറങ്ങീട്ടാണ` കുട്ടപ്പന്‍ നേഴ്സറി പാസ്സായത്‌. ഏതുകാര്യവും മനസ്സിരുത്തി മനസ്സിലാക്കി പഠിക്കണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല കുട്ടപ്പന്‍ ഇക്കണ്ടകാലമൊക്കെ നേഴ്സറിയുടെ പടി ചവിട്ടിയത്‌. അതിന` കാരണം, മരിയ എന്നുപേരുള്ള ഒരു കന്യാസ്ത്രീ ആയിരുന്നു. സ്നേഹമയിയായ ആ മഠത്തിലമ്മയെ വിട്ട്‌ വേറൊരു ലാവണത്തിലേക്ക്‌ കുടിയേറുന്ന കാര്യം കുട്ടപ്പന` ആലോചിക്കന്‍ പോലും സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ, അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ നമ്മുടെ കഥനായകന്‍ പ്രസ്താവന ഇറക്കും, "ഞാന്‍ ഇക്കൊല്ലവും നേഴ്സറിയിലേക്ക്‌ തന്നെ". പക്ഷേ, കുട്ടപ്പന്റെ ഈ "നേഴ്സറിപ്രേമത്തില്‍" കഷ്ടപ്പെട്ടത്‌ അവന്റെ നേരെ മൂത്തപെങ്ങള്‍ അന്നമ്മയാണ`. കുട്ടപ്പന്റെ പ്രായവും "സ്വഭാവശുദ്ധിയും" പരിഗണിച്ച്‌, അവന്റെ നേഴ്സറിയാത്രകളുടെ "ഫസ്റ്റ്‌ ഇയറില്‍" അകമ്പടിപോകേണ്ട ഗതികേട്‌ ആ പാവത്തിനുണ്ടായി. അങ്ങനെ കുട്ടപ്പനെപ്പോലെ തന്നെ അന്നമ്മയ്ക്കും 3 വര്‍ഷം നേഴ്സറില്‍ പോകേണ്ടിവന്നു എന്നത്‌ ഒരു പരസ്യമായ രഹസ്യമാണ`. (പില്‍ക്കാലത്ത്‌ അന്നമ്മയ്ക്ക്‌ വന്ന പല കല്ല്യാണ ആലോചനകളും ഇക്കാരണത്താല്‍ മുടങ്ങിപ്പോയെന്നും മുടങ്ങാന്‍ മടികാണിച്ച കല്ല്യാണങ്ങളെ ചിലര്‍ ബലംപ്രയോഗിച്ച്‌ മുടക്കിയെന്നും അനുബന്ധം)

നേഴസറിയില്‍ കുട്ടപ്പന്‍ രാജാവായിരുന്നു। അകമ്പടി സേവിക്കുന്ന പരിവാരങ്ങളേക്കാള്‍ അടുത്തിരിക്കുന്ന "തരുണീമണികളോട്‌" കുട്ടപ്പന്‍ കൂടുതല്‍ സ്നേഹം കാണിക്കുന്നത്‌ പ്രായത്തിന്റെ ചാപല്ല്യമായിട്ടേ എല്ലാവരും കണക്കാക്കിയുള്ളു. "അവിടെ തിരിഞ്ഞാല്‍ പ്രിന്‍സ്‌... ഇവിടെ തിരിഞ്ഞാല്‍ പ്രിന്‍സ്‌..." എന്ന സിനിമാപ്പാട്ട്‌ പോലെ, ഇടത്തും വലത്തും ഓരോ പെണ്‍കുട്ടികളുടെ സാമീപ്യത്തിലായിരുന്നു കുട്ടപ്പന്‍ ക്ലാസ്സിലിരുന്നിരുന്നത്‌. ആദ്യരണ്ടുവര്‍ഷങ്ങള്‍ വല്ല്യ അപകടമൊന്നും കൂടാതെ കടന്നുപോയി. എന്നാല്‍ "ഫൈനല്‍ ഇയറില്‍" കുട്ടപ്പന്‍ "സ്റ്റാറായി". ആ കൊല്ലത്തെ നേഴ്സറി വാര്‍ഷികത്തിന` കുട്ടികള്‍ അവതരിപ്പിച്ച നാടകത്തിലെ "ഹീറോ" ആയിരുന്നു കുട്ടപ്പന്‍. രൂപത്തിലും ഭാവത്തിലും മറ്റ്‌ കുട്ടികളേക്കാള്‍ കേമനായതുകൊണ്ടാണ` താന്‍ "ഹീറോ" ആയത്‌ എന്ന ഭാവമൊന്നും കുട്ടപ്പന്‍ പുറത്തുകാണിച്ചില്ല. നാടകത്തിന്റെ "റിഹേഴ്സല്‍" പുരോഗമിക്കവേയാണ`, ഞെട്ടിപ്പിക്കുന്ന ഒരു സത്യം കുട്ടപ്പന്‍ മനസ്സിലാക്കിയത്‌. അത്‌ മറ്റൊന്നുമായിരുന്നില്ല - ക്ലാസ്സില്‍ തന്റെ 'വാമഭാഗം' അലങ്കരിച്ചിരുന്ന സൂസി നാടകത്തില്‍ പെങ്ങളാകുന്നു! ഈ വിവരം അറിഞ്ഞപ്പോളുണ്ടായ "ഷോക്കില്‍" നിന്നും കരകയറാനെടുത്ത കാലതാമസം കുട്ടപ്പന്റെ ജീവിതത്തിലെ കറുത്ത അധ്യായമായി അവശേഷിച്ചേനെ. എന്നാല്‍ തന്റെ അഭാവം മുതലാക്കി, നായകനാവാന്‍ വള്ളിട്രസറും ഇട്ടുവന്ന അന്തോണിക്കുട്ടിയുടെ മനസ്സിലിരുപ്പ്‌ "ഐ എസ്‌ ഐ" ചാരന്മാരെ വെല്ലുന്ന തന്റെ "ഇന്റലിജെന്‍സ്‌ ബ്യൂറോ" വഴി കണ്ടുപിടിച്ചതോടെ "പെങ്ങള്‍ എങ്കില്‍ പെങ്ങള്‍... സൂസി എന്റെ കൂടെയുണ്ടേല്‍ ജീവിക്കാന്‍ വേണ്ടി ഞാന്‍ മരിക്കാനും തയ്യാറാണ`" എന്ന ധീരപ്രഖ്യാപനവും നടത്തി കുട്ടപ്പന്‍ വീണ്ടും തട്ടകത്തില്‍ കയറി. ഒടുവില്‍, വാര്‍ഷിക ദിനത്തില്‍ വല്യ അപകടങ്ങളൊന്നും കൂടാതെ നാടകം അരങ്ങേറി. എന്നാല്‍ നാടകമദ്ധ്യേ, അറിയാതെ എന്ന മട്ടില്‍ കുട്ടപ്പന്‍ സൂസിയുടെ കയ്യില്‍ രണ്ടുമൂന്നുതവണ പിടിച്ചത്‌, സംവിധായകന്റെ മാത്രമല്ല, കണ്ടുകൊണ്ടിരുന്ന അന്തോണിക്കുട്ടിയുടെ ഉള്ളിലും തീ കോരിയിട്ട പ്രതീതി ഉണ്ടാക്കി.

കുട്ടപ്പന്റെ "നാടക"ത്തെ കടത്തിവെട്ടിക്കൊണ്ട്‌ ഒരു ഡാന്‍സ്‌ പ്രകടനം തുടര്‍ന്നു നടന്നു... "കീയാം കീയാം കുരുവി" എന്ന ഗാനത്തിനൊപ്പിച്ചു കുട്ടികള്‍ അരങ്ങുവാഴുന്നു. കാലൊടിഞ്ഞ കുരുവിക്ക്‌ കൂടുവെയ്ക്കാന്‍ ഇടംനല്‍കാത്ത മരങ്ങളൊക്കെ കാറ്റടിച്ചുവീഴുന്നതും ഇടം നല്‍കിയ മരം മാത്രം നിലനില്‍ക്കുന്നതുമാണ` ഡാന്‍സിന്റെ "സെന്റര്‍ ബോള്‍ട്ട്‌". കുരുവിയായി ഒരു കുട്ടി സ്റ്റേജ്‌ മുഴുവന്‍ ഓടിനടക്കുന്നു. പലതരത്തിലുള്ള മരച്ചില്ലകളും പിടിച്ചു വേറെ കുറെ കുട്ടികള്‍ സ്റ്റേജില്‍ അവിടവിടെയായി നില്‍ക്കുന്നു. കുറെ പാടുപെട്ടെങ്കിലും ഒടുവില്‍ കുരുവിക്കു കൂടുവെയ്ക്കാന്‍ ഒരു ചില്ല കിട്ടി. അധികം താമസിയാതെ കാറ്റടിക്കാന്‍ തുടങ്ങി. മാവ്‌, തെങ്ങ്‌ തുടങ്ങി ഒരുമാതിരി മരങ്ങളൊക്കെ നിലംപറ്റി. ഇനി വീഴാനുള്ളത്‌ പ്ലാവാണ`, അതും കുരുവിക്ക്‌ ഇടംകൊടുക്കാത്ത ലിസ്റ്റില്‍ പെട്ട മരമാണ`. വീഴാനുള്ള സൂചനയൊക്കെ കൊടുത്തിട്ടും "പ്ലാവിന`" അനക്കമില്ല. "ഈ കാറ്റത്ത്‌ ഒരു പുല്ലും വീഴില്ല" എന്ന മട്ടില്‍ പ്ലാവിന്റെ കൊമ്പും പിടിച്ചുനില്‍ക്കുന്നത്‌ മറ്റാരുമല്ല, കുട്ടപ്പന്റെ "ബോണ്‍ എനിമി" അന്തോണിക്കുട്ടി.

കാര്യങ്ങളുടെ പോക്ക്‌ അത്ര പന്തിയല്ലല്ലോ എന്ന് ആളുകള്‍ ചിന്തിച്ചുതുടങ്ങിയപ്പോളാണ` പെട്ടെന്ന് പ്ലാവ്‌ പെടന്നുവീണത്‌. എന്താണ` സംഭവിച്ചതെന്നറിയാന്‍ തലപൊക്കി നോക്കിയവര്‍ കണ്ടത്‌, അന്തോണിക്കുട്ടിയുടെ പിന്നില്‍ നിന്നും നാട്ടിലെ പ്രമാണിമാരിലൊരാളും സല്‍സ്വഭാവിയും സാമാന്യം ഭേദപ്പെട്ട കള്ളുകുടിക്കാരനുമായ കുഞ്ഞപ്പന്‍ ചേട്ടന്‍ നടന്നുപോകുന്നതാണ`. അങ്ങേര്‍ അന്തോണിക്കുട്ടിയെ തള്ളിയിട്ടതാണെന്നും, അതല്ല കുഞ്ഞപ്പന്‍ ചേട്ടന്റെ കൊമ്പന്‍ മീശ കണ്ടുപേടിച്ച്‌ കുട്ടി അന്തോണി തനിയെ വീണതാണെന്നുമുള്ള തര്‍ക്കം കാണികള്‍ക്കിടയില്‍ മുറുകുമ്പോള്‍, ഇതിലൊന്നും വല്ല്യ കാര്യമില്ല എന്ന മട്ടില്‍ കുഞ്ഞപ്പന്‍ ചേട്ടന്‍ തന്റെ കൊമ്പന്‍ മീശയില്‍ അമര്‍ത്തി തടവി. ഈ സമയം, അന്തോണിക്ക്‌ പണികൊടുത്ത്‌, മീശയും പിരിച്ചോണ്ടു നില്‍ക്കുന്ന കുഞ്ഞപ്പന്‍ ചേട്ടനെ രണ്ടുകണ്ണുകള്‍ ആരാധനയോടെ നോക്കിയിരുന്നു...

Sunday 8 April 2007

ആരംഭശൂരത്വം...

കുട്ടപ്പന്റെ ജീവചരിത്രത്തിന്റെ ആരംഭം എന്നാണെന്ന് കൃത്യമായി പറയാന്‍ കുട്ടപ്പന്റെ അമ്മയായ തങ്കമ്മക്കോ അച്ഛനായ തങ്കപ്പനോ സാധിക്കില്ല എന്നതില്‍ അതിശയോക്തിയില്ല। മൂന്നാം ലോകമഹായുദ്ധം പോലെയുള്ള ഭാരിച്ച പലകാര്യങ്ങളും ഓര്‍ത്തിരിക്കാനുള്ളതുകൊണ്ട്‌ തങ്കപ്പനച്ഛന്‍ ഇത്തരം "സില്ലി മാറ്റേഴ്സ്‌" ഒന്നും തന്റെ തലയില്‍ കയറ്റിയില്ല. തങ്കമ്മായാവട്ടെ, തന്റെ വയറുകഴുകി വന്നവനല്ലേ എന്നുകരുതി, ആ മഹത്തായ ദിവസം മനസ്സില്‍ കുറിച്ചിട്ടു. എന്നാല്‍, കുട്ടപ്പന്റെ തലയില്‍ ഹാനാന്‍ വെള്ളം (മാമ്മോദീസ വെള്ളം എന്ന് "കൊളോക്കിയല്‍" മറുഭാഷ) ഒഴിച്ചിട്ട്‌, പള്ളീലച്ചന്‍ തന്റെ തടിച്ച പുസ്തകത്തില്‍ കുറിച്ചിട്ടത്‌ വേറെ ഏതോ തിയ്യതിയാണെന്ന കാര്യം തങ്കമ്മ മനസ്സിലാക്കിയത്‌, കുട്ടപ്പനെ ഞായറാഴ്ച പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ മൂത്തമോളായ ഏലിക്കുട്ടിയുടെ കൂടെ പറഞ്ഞുവിട്ടപ്പോളാണ`.

പ്രായത്തില്‍ ഇത്തിരി വ്യത്യാസം വന്നലെന്താ, ചെറുക്കനെ പള്ളിക്കാര്‍ തള്ളിക്കളഞ്ഞില്ലല്ലോ എന്നശ്വസിച്ചു തങ്കമ്മ। അങ്ങനെയിരിക്കവേയാണ` അടുത്ത മാരണം വന്നുപെട്ടത്‌. 3 വര്‍ഷത്തില്‍ കൂടുതല്‍ നേഴ്സറിയില്‍ കുട്ടപ്പനെ ഇരുത്താന്‍ സധ്യമല്ല എന്ന് പള്ളിവക നേഴ്സറിയിലെ സിസ്റ്റര്‍ കടുപ്പിച്ചു പറഞ്ഞപ്പോള്‍, അവനെ സ്കൂളില്‍ അയക്കാതെ വേറെ നിവര്‍ത്തിയില്ലാതെയായി. അങ്ങനെ ഏഴാമത്തെ വയസ്സില്‍ കുട്ടപ്പന്‍ ഒന്നാംക്ലാസ്സില്‍ ചേരാന്‍ പുറപ്പെട്ടു. സ്കൂളിലെ "തല മൂത്തസാറ`", ജോസഫ്‌ മാഷ്‌, തന്റെ കണ്ണട ഒന്നു നേരെ വച്ചു, കുട്ടപ്പനെ അടിമുടി നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു. "കുട്ടപ്പനെ ഇവിടെ ചേര്‍ക്കാം, പക്ഷെ, 2 വയസ്സ്‌ വെട്ടിക്കുറക്കും... സമ്മതമാണോ?" കുട്ടപ്പന്റെ ശല്ല്യം വീട്ടില്‍ കൂടിക്കൂടി വരുന്നകാര്യം മനസ്സില്‍ എപ്പോഴും തികട്ടിവരുന്നതിനാല്‍ ജോസഫ്‌ മാഷിന്റെ ആവശ്യം, തങ്കമ്മ തലകുലുക്കി സമ്മതിച്ചു. ചെറുക്കന്റെ 2 വയസ്സ്‌ ഒരു ചെലവുമില്ലാതെ കുറച്ചെടുത്തതിന്റെ അഹങ്കാരത്തില്‍ തങ്കമ്മ വീട്ടിലേക്ക്‌ നടന്നു. നാളെ മുതല്‍ ഇവനെ സ്കൂളിലെ സാറന്മാര്‍ സഹിച്ചുകൊള്ളുമല്ലോ എന്ന് ആശ്വാസം ഉള്ളിലൊതുക്കാന്‍ അവള്‍ പാടുപെട്ടു.

പക്ഷെ, ഈ നീക്കുപോക്കുകളുടെയും വെട്ടിക്കുറയ്ക്കലിന്റെയും അനന്തരഫലമായി, തങ്കമ്മയ്ക്ക്‌ കുട്ടപ്പന്റെ ജന്മദിനത്തിലുള്ള "പേറ്റന്റ്‌" നഷ്ടപ്പെട്ടു എന്ന സത്യം ഏച്ചുകെട്ടിയ കയറുപോലെ മുഴച്ചുനിന്നു. എന്നാല്‍ "ഇതൊന്നും വല്ല്യ കാര്യമല്ലന്നേ" എന്ന ആജീവനാന്ത "പോളിസി" ജനിച്ചുവീണപ്പോഴേ സ്വന്തമാക്കിയ കുട്ടപ്പന്‍, ബട്ടന്‍സ്‌ പൊട്ടിയ നിക്കര്‍ ഒന്നുകൂടി മുറുക്കികുത്തി, ആറാംതമ്പുരാന്‍ സ്റ്റെയിലില്‍ നടത്തമാരംഭിച്ചു...

Tuesday 27 March 2007

Welcome to Kuttappan's World...

Dears,

So happy to meet you here... Welcome on board with Kuttappan...

Wait for Kuttappan, the Great... He will be with you very soon...

Regards,

Kuttappan

കൂട്ടരെ,

കുട്ടപ്പന്റെ സാമ്രാജ്യത്തിലേക്ക്‌ സ്വാഗതം...ഇതു നമ്മുടെ ലോകം... നമുക്കിവിടെ തകര്‍ത്തടിക്കാം...കൂടുതല്‍ വിശേഷങ്ങളുമായി ഈ കുട്ടപ്പന്‍ ഉടനെത്തുന്നു... കാത്തിരിക്കുക...

സ്നേഹപൂര്‍വ്വം

കുട്ടപ്പന്‍