Monday 21 May 2012

മഞ്ഞിലലിഞ്ഞ്..

പ്രതീക്ഷിതമല്ലെങ്കിലും 4 മാസത്തോളം നീണ്ടുനിന്ന അവധിക്കാലത്തിനിടയിൽ തരപ്പെട്ടത്, നിരവധി യാത്രകൾ; എല്ലാം ഒന്നിനൊന്ന് മെച്ചം.. പാച്ചുവും മറ്റ് കൂട്ടുകാർക്കുമൊപ്പമുള്ള വയനാട് യാത്ര, ചേട്ടന്റെയും കൂട്ടുകാരുടെയും കൂടെ പോയ ആതിരപ്പള്ളി – മൂന്നാർ യാത്ര അങ്ങനെ ചെറുതും വലുതുമായ സഞ്ചാരങ്ങളിലൂടെ താണ്ടിയ ദൂരങ്ങൾക്ക് കണക്കില്ല.. സൌദിയിലേയ്ക്ക് തിരികെപ്പോകാൻ കേവലം ഒരാഴ്ച മാത്രം ബാക്കിനിൽക്കവേയാണ് ഒരു യാത്രയ്ക്കുകൂടെ അവസരമുണ്ടായത് – കുട്ടിക്കാനത്തിനടുത്ത് പരുന്തുംപാറ എന്ന മനോഹരമായ സ്ഥലത്തേയ്ക്ക്.. 5 വർഷങ്ങൾക്ക് മുൻപ്, ഒരു തവണ ഇതേ സ്ഥലത്ത് പോയിട്ടുള്ളതാണ്. കാലമൊരുക്കിയ മാറ്റങ്ങൾ കണ്ടറിയാൻ ഒരു സന്ദർശനം കൂടെ..

കാഞ്ഞിരപ്പള്ളിക്കാരൻ ഷാജിയാണ് സഹയാത്രികൻ; ഈ യാത്രയുടെ ആസൂത്രകനും അദ്ദേഹം തന്നെ.  കാഞ്ഞിരപ്പള്ളിയിൽ നിന്നും “കോട്ടയം – കുമളി“ (കെ.കെ) റോഡിലൂടെ കുട്ടിക്കാനം ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ സമയം ഉച്ച കഴിഞ്ഞ് ഒന്നര മണി.. വഴിവക്കിലെ ഏതോ ഒരു പ്രത്യേക ഹോട്ടലിൽ കയറി ശാപ്പാട് കഴിക്കാമെന്നാണ് ഷാജി പറഞ്ഞിരിക്കുന്നത്. വഴിയിലുടനീളം അനവധി ഹോട്ടലുകൾ പിന്നിലേയ്ക്ക് ഓടിമറഞ്ഞെങ്കിലും ആ “പ്രത്യേക” ഹോട്ടൽ എന്തെ പ്രത്യക്ഷപ്പെടാത്തത് എന്ന ചിന്ത ഇടയ്ക്കിടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. യാത്രയ്ക്കിടയിലെ പ്രധാന പട്ടണമായ മുണ്ടക്കയത്ത് ചെറിയൊരു ഇടവേള. വിശപ്പിന്റെ അഗ്നിയിലേയ്ക്ക് ഇത്തിരി നാരങ്ങാവെള്ളം കോരിയൊഴിച്ച് താൽക്കാലിക ശമനം വരുത്തി യാത്ര തുടർന്നു..  

പ്രകൃതിയുടെ ഭാവവും പാതയുടെ രൂപവും മാറിത്തുടങ്ങി.. പുറത്ത് തണുപ്പ് കൂടിക്കൂടി വരുന്നു; ചെറിയ ചാറ്റൽ മഴയും ഇടയ്ക്കിടെ എത്തുന്ന മൂടൽമഞ്ഞും. ഇടുങ്ങിയ റോഡിലെ വളവുകളുടെ എണ്ണവും കയറ്റവും കൂടി. ഇതൊന്നും വകവയ്ക്കാതെ ആർത്തിരമ്പി വരുന്ന ബസ്സുകളും ചരക്കുലോറികളും, കയറ്റം കയറിവരുന്നവരെ തൃണവൽഗണിച്ച് കടന്നുപോകുന്നു. ചെറിയ നീർച്ചാലുകളും അഗാധമായ കൊക്കകളും ഒക്കെയായി പതിവ് ചുരം കാഴ്ചകൾ കണ്ണിന് വിരുന്നൊരുക്കുന്നുണ്ട്. 

പെരുവന്താനം പിന്നിടുന്നു.. വഴിവക്കിൽ കുറച്ച് പെട്ടിക്കടകളും വീടുകളും.. അല്പം കൂടെ മുന്നോട്ട് പോകുമ്പോൾ നേരത്തെ പറഞ്ഞ ഹോട്ടൽ എത്തുമെന്ന് ഷാജി.. അധികം താമസിയാതെ തന്നെ, റോഡ്സൈഡിൽ ഒരു ഹോട്ടൽ പ്രത്യക്ഷപ്പെട്ടു. എന്തെങ്കിലും ‘പ്രത്യേകത’ കണ്ടെത്താൻ പരിസരമൊക്കെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഹോട്ടലിന്റെ അകത്തേയ്ക്ക് കയറി.. എല്ലാം പതിവുപോലെ തന്നെ എന്ന് ചിന്തിച്ച്, ഹോട്ടലിന്റെ പിന്‌വശത്തുള്ള ഹാളിലേയ്ക്ക് കടന്നപ്പോളാണ് ഞെട്ടിയത് – ഇരുമ്പിന്റെ ഗ്രില്ലിട്ട ചെറിയ വേലിയ്ക്കപ്പുറം ശൂന്യത! താഴേയ്ക്ക് നോക്കുമ്പോൾ തല കറങ്ങുന്നതുപോലെ; അത്രയ്ക്കും അഗാധതയിലാണ് താഴെയുള്ള സ്ഥലം. വലിയ തെങ്ങുകളും മറ്റ് മരങ്ങളുമൊക്കെ ചെറിയ കുറ്റിച്ചെടികൾ പോലെ തോന്നിച്ചു. അതിലും രസകരമായ കാഴ്ച അങ്ങ് മലമുകളിൽ - കോടമഞ്ഞിന്റെ ആവരണം മലയെ പൊതിയുന്നു..! നല്ല ചൂടൻ കപ്പ വേവിച്ചതും മീൻ കറിയും വയറുനിറയെ അകത്താക്കിയതോടെ തണുപ്പകന്നതുപോലെ.. കൂടുതൽ ഉന്മേഷത്തോടെ കാറിലേയ്ക്ക്..

ഹോട്ടലിന്റെ ഡെക്കിൽ നിന്നുള്ള കാഴ്ച..

വഴിവക്കിലൊരു ചെറിയ നീർച്ചാൽ – നിന്നുമുള്ളിപ്പാറ എന്നാണത്രെ ടിയാന്റെ പേര്. വേനൽക്കാലത്തും നീരൊഴുക്ക് നിലയ്ക്കാത്തതുകൊണ്ടാവണം ഇങ്ങനെയൊരു പേര് കിട്ടിയത്. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ, പാ‍റയിൽ നിന്നും വെള്ളം താഴേയ്ക്ക് പതിച്ചുകൊണ്ടേയിരിക്കുന്നു.. 

നിന്നുമുള്ളിപ്പാറ.. 



 ചുരത്തിന്റെ ഉച്ചിയിലെത്തി – ഒരു T ജംഗ്ഷൻ.. ഇടത്തേയ്ക്കുള്ള വഴി, ഏലപ്പാറയിലൂടെ വാഗമണ്ണിലേയ്ക്ക് നീളുന്നു. സഞ്ചാരം തുടരേണ്ടത്, വലത്തേയ്ക്കുള്ള കെ.കെ റോഡിലൂടെയാണ്.. അത്, പീരുമേടും കുമളിയും കടന്ന് തമിഴ്നാട്ടിലെ കമ്പത്തേയ്ക്ക്.. സമയം മൂന്നര കഴിഞ്ഞിരിക്കുന്നു.. ചന്നം‌പിന്നം പെയ്യുന്ന മഴയും കനത്ത മൂടൽമഞ്ഞും വഴി മുടക്കികളായി കൂട്ടിനുണ്ട്.. കുട്ടിക്കാനം ജംഗ്ഷനിൽ നിന്നും ഏതാണ്ട് 7 കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ, പ്രധാനപാതയിൽ നിന്നും വലത് വശത്തേയ്ക്കുള്ള ചെറിയ റോഡിലേയ്ക്ക് തിരിയാൻ സുഹൃത്തിന്റെ നിർദ്ദേശം – പരുന്തുംപാറയിലേയ്ക്കുള്ള പാത അവിടെ ആരംഭിക്കുന്നു..

 വീതി അൽ‌പ്പം കുറവാണെങ്കിലും വഴി അത്ര മോശമൊന്നുമല്ല.. വാഹനങ്ങളുടെ തിരക്കുമില്ല.. സാമാന്യം തരക്കേടില്ലാത്ത ഒരു കയറ്റം കയറിയെത്തിയത് പുതിയ ഏതോ ലോകത്താണെന്ന് തോന്നിപ്പോയി.. വിശാലമായ കുന്നുകളും പുൽമേടുകളും കൈനീട്ടി വരവേൽക്കുന്നതുപോലെ.. മഴ കൂടുതൽ ശക്തി പ്രാപിച്ചതിനാൽ കാറിൽ നിന്നും പുറത്തേയ്ക്കിറങ്ങാൻ നിർവാഹമില്ല.. മഴ മാറുന്നതുവരെ വണ്ടിക്കുള്ളിൽ ഇരിക്കുക തന്നെ..

മഴ മഴാ.. പക്ഷേ കുടയെടുത്തിട്ടില്ല..

പുറത്തെ കാഴ്ചകൾ മറച്ചുകൊണ്ട്, കോടമഞ്ഞിന്റെ ആവരണം വന്ന് മൂടിയത് പെട്ടെന്നായിരുന്നു.. മഞ്ഞും മഴയും ഒത്തുചേർന്ന അസുലഭനിമിഷങ്ങൾ! അല്പം മുന്നെ കണ്മുന്നിൽ കണ്ട കാഴ്ചകളൊക്കെ വെള്ളപ്പട്ട് കൊണ്ട് മറച്ചതുപോലെ.. 

മഞ്ഞണിഞ്ഞ മാമലകൾ...

  മഴ മാറാൻ അധികനേരമെടുത്തില്ല; അടുത്തുകണ്ട കുന്നിലേയ്ക്ക് നടന്നുകയറുമ്പോൾ മഞ്ഞുകണങ്ങൾ മുഖത്തേയ്ക്ക് പാറിവീണുകൊ ണ്ടിരുന്നു.. പതിയെ പതിയെ ചുറ്റുവട്ടത്തെ കാഴ്ചകൾ തെളിഞ്ഞു.. എതിർവശത്തുള്ള കുന്നിന്റെ നെറുകയിലാണ് കൂടുതൽ പേരും കയറിനിൽക്കുന്നത്. മറുവശം അഗാധമായ കൊക്കയായതിനാൽ അവിടം വേലികെട്ടി തിരിച്ചിട്ടുണ്ട്.. ഒരു പള്ളീലച്ചനും രണ്ടുമൂന്ന് കന്യാസ്ത്രീകളും ചെറുപ്പക്കാരായ കുറച്ച് ‘കുഞ്ഞാടുകളും’ അതിലെ മേഞ്ഞ് നടക്കുന്നു.. എവിടെ നിന്നോ  പൊട്ടിവീണതുപോലെ നാലഞ്ച് പയ്യന്മാർ താഴെ റോഡിൽ പ്രത്യക്ഷപ്പെട്ടു.. മഞ്ഞും മഴയുമൊക്കെ നനഞ്ഞ്, കൈകൊട്ടി, പാട്ടുപാടി, നൃത്തം ചവിട്ടി അവരങ്ങനെ നടന്നു.. എല്ലാവരും നല്ല ‘ഫോമി’ലാണ്..
 
കുഞ്ഞാടുകൾ മേയുന്ന മേച്ചിൽ‌പ്പുറം...

കുന്നിന് മുകളിൽ നിൽക്കുമ്പോൾത്തന്നെ വീണ്ടും മൂടൽമഞ്ഞെത്തി.. തൊട്ടടുത്ത് നിൽക്കുന്ന ഷാജിയെപ്പോലും കാണാൻ പറ്റാത്ത അവസ്ഥ!! പയ്യന്മാരുടെ ആഘോഷത്തിന് ശക്തികൂടി.. അവരുടെ ശബ്ദം മാത്രം മഞ്ഞിനുമീതെ അലയടിച്ചു.. തണുപ്പ് ശരീരത്തിലേയ്ക്ക് തുളച്ചുകയറിത്തുടങ്ങി.. 

പറവതിനെളുതാമോ..
  
സൂര്യൻ കത്തിജ്ജ്വലിക്കുന്ന ഏപ്രിൽ മാസത്തിൽ‌പ്പോലും ഇത്തരമൊരു കാലാവസ്ഥയൊരുക്കുന്ന പ്രകൃതിയുടെ വികൃതിയോർത്ത് അത്ഭുതം തോന്നാതിരുന്നില്ല. മഞ്ഞിന്റെ മേലാപ്പ് വീണ്ടും അകന്നു; ഇന്നത്തെ കലാപരിപാടികൾ അവസാനിച്ചുവെന്ന് ഷാജി. വൈകുന്നേരം 4 മണിയോടുകൂടി, എല്ലാദിവസവും ഇതുപോലെ ഒന്നോ രണ്ടോ തവണ മഞ്ഞ് വന്ന് മൂടും പോലും. ഏതായാലും കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നതുകൊണ്ട്, ആ ‘കുടമാറ്റം’ നന്നായി ആസ്വദിക്കാൻ സാധിച്ചു. 

പുകയുന്ന താഴ്വര..


സമയം 5 മണി കഴിഞ്ഞിരിക്കുന്നു; ഇരുളിന് കനം കൂടുന്നതിനുമുന്നെ ചുരമിറങ്ങണം. ‘കുഞ്ഞാടുകളൊക്കെ’ നേരത്തെതന്നെ യാത്രയായിരിക്കുന്നു.. പുതിയ സഞ്ചാരികൾ മലകയറിയെത്തുന്നുണ്ട്; തങ്ങൾക്ക് നഷ്ടമായ ഒരു അസുലഭ കാഴ്ചയുടെ, അനുഭവത്തിന്റെ വിലയറിയാതെ.. 

മഞ്ഞും മഴയും അരങ്ങൊഴിഞ്ഞപ്പോൾ..
  
മനസ്സില്ലാമനസ്സോടെ കാറിൽ കയറി.. പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ, വഴിമധ്യേ ഒരു ‘ഡാൻസ് പാർട്ടി’.. നേരത്തേ കണ്ട പയ്യന്മാരാണ്. ആഘോഷത്തിന്റെ പൊലിമയ്ക്ക്, എല്ലാവരും ഷർട്ട് ഊരിമാറ്റി മഴയും മഞ്ഞുമൊക്കെ സ്വന്തം ശരീരത്തിലേയ്ക്ക് നേരിട്ട് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. അവരുടെ അരികിലേയ്ക്ക് വണ്ടി ചേർത്ത് നിർത്തി ചോദിച്ചു;

“അല്ല മക്കളെ, നിങ്ങൾ ഏത് ബ്രാൻഡാണ് കഴിച്ചത്? മഞ്ഞും മഴയുമൊക്കെ നനഞ്ഞിട്ടും കത്തലിന് ഒരു കുറവുമില്ലല്ലോ.. അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാ..”

ഉച്ചത്തിൽ ആർപ്പുവിളിച്ച്, കയ്യടിച്ച് ആ ചോദ്യത്തിന്റെ ‘സ്പിരിറ്റ്’ അവർ ഉൾക്കൊണ്ടു.. മറുപടി കോറസ്സായിട്ടായിരുന്നു..

“അങ്ങനെ ഒരു പ്രത്യേക ബ്രാൻഡ് എന്നൊന്നുമില്ല ചേട്ടാ.. ഏതും ഓകെ-യാണ്.. കൂടുന്നോ ഞങ്ങളുടെ കൂടെ..?”

കാണാക്കാഴ്ചകൾ തേടി..
  
കൂടാൻ നിന്നില്ല.. ആ കൂട്ടത്തെ പിന്നിലാക്കി കാർ മുന്നോട്ട് നീങ്ങി മഞ്ഞിലലിഞ്ഞ ഒരു നല്ല സായാഹ്നത്തിന്റെ കുളിരാർന്ന ഓർമ്മകളുമായി, ഇരുട്ട് വീണുതുടങ്ങിയ കെ.കെ റോഡിലൂടെ താഴ്വാരത്തിലേയ്ക്ക്..

ഷാജിയ്ക്കൊപ്പം..
************************************************

മുറിവാൽ: മടക്കയാത്രയിൽ വീണ്ടും നിന്നുമുള്ളിപ്പാറ.. പാറ നിന്ന് മുള്ളുന്നത് കണ്ടപ്പോൾ, സഹജമായ ‘മലയാളിത്തം’ വിളിച്ചു.. പിന്നെ ഒന്നുമാലോചിച്ചില്ല; വെള്ളച്ചാട്ടത്തിന്റെ എതിർഭാഗത്ത്, അൽ‌പ്പം മാറ്റി വണ്ടിയൊതുക്കി മഞ്ഞും മഴയുമൊക്കെ അതിജീവിച്ച്, അതുവരെ തടുത്ത് നിർത്തപ്പെട്ട ഒരു കൊച്ചുവെള്ളച്ചാട്ടം, താഴേയ്ക്ക് പ്രയാണമാരംഭിച്ചു.. ഭാഗ്യം, സഞ്ചാരികളുടെ കണ്ണിൽ‌പ്പെടുന്നതിനുമുന്നെ തന്നെ ആ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് നിലച്ചു..!