Monday 4 October 2010

ബിരിയാണിച്ചായക്ക്‌ ഉപ്പില്ല!

'ട്രോജൻസ്‌ മീഡിയ' അവതരിപ്പിക്കുന്ന പുത്തൻ പുതിയ ജനോപദ്രവകാരിയായ കലോപഹാരം 'ബിരിയാണിച്ചായക്ക്‌ ഉപ്പില്ല!' എന്ന ഏകാങ്കനാടകത്തിന്റെ കലാശക്കൊട്ട്‌ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുന്നു... അതിന്‌ മുമ്പായി, ഈ നാടകത്തിന്റെ അണിയറപ്രവർത്തകരെ സസന്തോഷം നിങ്ങൾക്കായി പരിചയപ്പെടുത്തട്ടെ..

Susha
സുഷ ജോർജ്ജ്‌ - Wild Rose എന്ന ബ്ലോഗാങ്കന.. Daffodils In Desert എന്ന യാഹൂ ഗ്രൂപ്പിന്റെ സാരഥികളിൽ ഒരാൾ... കഴിഞ്ഞ ഏതാനും വർഷങ്ങളായി ദുബായിയിൽ അൽപസ്വൽപം ബിസിനസ്സുകളൊക്കെ ചെയ്ത്‌ സ്ഥിരതാമസമാക്കിയ കുടുംബിനി.

Arun
അരുൺ രാജ്‌ - തിരുവനന്തപുരത്തുനിന്നും കുറ്റിയും പറിച്ചുപോന്നതാണ്‌, ഇപ്പോ സൗദി അറേബ്യയിലെ ജുബെയിലിൽ ഒരു പ്രമുഖ കമ്പനിയിൽ ജോലി. ഒരു പായ്കറ്റ്‌ സിഗരറ്റ്‌ ഒന്നിച്ച്‌ വലിക്കുന്നതിനെപ്പറ്റിയുള്ള ഗവേഷണത്തിലാണ്‌ ടിയാൻ.. 'അരുണേട്ടൻ' എന്നുവിളിക്കപ്പെടാൻ തീരെ താൽപ്പര്യമില്ല, പക്ഷെ എന്തുചെയ്യാം... കുഴിയിലേക്ക്‌ കാലുംനീട്ടിയിരിക്കുന്ന വല്ല്യപ്പന്മാർ വരെ ഇദ്ദേഹത്തെ 'അരുണേട്ടാ' എന്നല്ലാതെ വിളിക്കില്ല..

Notty
നിഖിൽ നോട്ടി - Kerala Peers എന്ന യാഹൂ ഗ്രൂപ്പിന്റെ അമരക്കാരൻ.. പേരിന്റെ അവസാനഭാഗം സൂചിപ്പിക്കുന്നതുപോലെ തന്നെയാണ്‌ കയ്യിലിരിപ്പും... ദുബായിക്കാരനാണെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ല. തങ്കപ്പെട്ട മനുഷ്യൻ.. ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്യുക എന്നതാണ്‌ പ്രധാന ഹോബി. 'ഉദയനാണ്‌ താര'ത്തിലെ ജഗതിച്ചേട്ടനെപ്പോലെ, മുഖം മുഴുവൻ 'രസങ്ങൾ' വാരിപ്പൂശിയിരിക്കുന്നതിനാൽ, ഏത്‌ രസത്തിൽ ക്ലിക്ക്‌ ചെയ്യുമെന്നറിയാതെ ഫോട്ടോ എടുക്കുന്നവൻ കുഴങ്ങും!

Suresh - Jimmy - Prashanth
ഇവരെക്കൂടാതെ പ്രശാന്ത്, സുരേഷ് എന്നീ അതിഥിതാരങ്ങളും പിന്നെ ഈയുള്ളവനും! (വേറെ ഒരു പണിയുമില്ലാഞ്ഞിട്ട് എല്ലാവനും കൂടെ, ഈദ്‌ അവധിയുടെ പേരിൽ, കെട്ടും കെട്ടി ദുബായിയിലേക്ക് വണ്ടി കയറിയിരിക്കുകയാണ്‌..)



ഞങ്ങൾക്ക് ഈ വേദി ഒരുക്കിത്തന്ന ദുബായ് - കരാമയിലെ കാലിക്കറ്റ് പാരഗൺ ഹോട്ടലിലെ എല്ലാ നല്ലവരായ പ്രവർത്തകർക്കും ‘ട്രോജൻസ്‌ മീഡിയ’യുടെ അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ....

'നാട്ടകം' ആരംഭിക്കുന്നു!!

------------------ --------------------------------------------- ----------------------
ദുബായ്‌ പര്യടനത്തിന്റെ മഹത്തായ ആറാം ദിനം... ഔട്ട്‌ ലറ്റ്‌ മാളിലും 'സ്നോ വൈറ്റി'ലുമൊക്കെ അൽപ്പം ഷോപ്പിംഗ്‌, ഉച്ചയൂണിന്റെ നേരത്ത്‌ സുഷയുമായി കൂടിക്കാഴ്ച.. വൈകുന്നേരം അരുണേട്ടന്റെ ബന്ധുവിനെ കാണാൻ ജബൽ അലി ഫ്രീ സോണിലേക്കൊരു യാത്ര... തലേദിവസം രാത്രിയിൽ തന്നെ പരിപാടികളൊക്കെ തയ്യാറാക്കി കിടന്നെങ്കിലും പതിവുതെറ്റിക്കാതെ എല്ലാവരും താമസിച്ചുതന്നെ ഉറക്കമുണർന്നു!

നോട്ടിച്ചേട്ടൻ കാലേക്കൂട്ടി ഹാജർ വച്ചിരിക്കുന്നു... ഇനിയിപ്പോ രക്ഷയില്ല, വേഗം റെഡിയായി ഇറങ്ങുക തന്നെ... ഇടയ്ക്ക്‌ ഷാർജയിൽനിന്നും സുഷയുടെ ഫോൺ കോൾ... ഞങ്ങളുടെ നീക്കങ്ങൾ അറിഞ്ഞിട്ടുവേണം കക്ഷിക്ക്‌ അവിടെനിന്നും പുറപ്പെടാൻ... ലഞ്ച്‌ ഒന്നിച്ചുകഴിക്കുന്ന കാര്യം ഒന്നുകൂടെ ഓർമ്മിപ്പിക്കാൻ അവൾ മറന്നില്ല.

ഔട്ട്‌ ലറ്റ്‌ മാളിനെയും ദുബായ്‌ മാളിനെയുമൊക്കെ അവരുടെ പാട്ടിനുവിട്ട്‌ നേരെ Carrefour-ലേക്ക്‌ വണ്ടി വിട്ടു. അവിടെ നടത്താൻ പറ്റുന്ന ഷോപ്പിംഗ്‌ നടത്തി വേഗം സ്ഥലം വിട്ടോ എന്ന മട്ടിലാണ്‌ നോട്ടിച്ചേട്ടന്റെ നടപ്പ്‌. അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി എല്ലാവരും പുറത്തുകടന്നു. സുഷ എത്തിച്ചേരാൻ ഇനിയും സമയമുണ്ട്‌.. അപ്പോളേക്കും 'ദുബായ്‌ മ്യൂസിയം' കാണാമെന്നുള്ള നോട്ടിച്ചേട്ടന്റെ നിർദ്ദേശം ഐക്യകണ്ഠേന പാസ്സാക്കപ്പെട്ടു... പെട്ടെന്ന് തോന്നിയ ഐഡിയ ആയിരുന്നെങ്കിലും, അവിടം കാണാതെ പോയിരുന്നെങ്കിൽ ചെറുതല്ലാത്തൊരു നഷ്ടം തന്നെ ആയേനേയെന്ന് ആ മ്യൂസിയത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തോന്നി. അടുത്ത ലക്ഷ്യം 'സ്നോവൈറ്റ്‌'... അവിടെയെത്തി അധികം താമസിയാതെ തന്നെ സുഷയുടെ വിളി വീണ്ടും - ആൾ 'ലുലു'വിന്റെ മുന്നിൽ ഹാജർ വച്ചിരിക്കുന്നു. 'ഞങ്ങൾ ഇതാ വരുന്നു' എന്ന് ഉറപ്പുകൊടുത്ത്‌ 'സ്നോവൈറ്റി'ലെ തുണികൾക്കിടയിലൂടെ ഊളിയിട്ടു.

സമയം ഏതാണ്ട്‌ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു, ഷോപ്പിംഗിന്റെ ഹരത്തിനിടയിൽ ആരും അതത്ര കാര്യമായി എടുത്തില്ല. പക്ഷേ ഇനിയും താമസിച്ചാൽ ചിലപ്പോൾ നാരീകോപത്തിന്‌ ഇരയാവേണ്ടി വരും എന്ന തിരിച്ചറിവിൽ പുറപ്പെട്ടു ചെല്ലുമ്പോൾ, 'ലുലു'വിന്റെ മുന്നിലും പിന്നിലും ഉള്ളിലുമൊന്നും സുഷയെ കാണാനില്ല! തിരികെ പോയോ എന്ന സംശയത്തിൽ ഫോൺ വിളിച്ചു. ഇല്ല, പോയിട്ടില്ല... ലുലുവിന്റെ മുന്നിൽ കാത്തുനിന്ന് മടുത്തിട്ട്‌, അടുത്തുള്ള ബസ്‌ ഷെൽട്ടറിൽ കയറിയിരിപ്പാണ്‌ കക്ഷി. കനം വച്ച മുഖവുമായി ആൾ രംഗപ്രവേശം ചെയ്തു; അത്രനേരം കാത്തിരുന്ന് മുഷിഞ്ഞതിന്റെ സകല ഐശ്വര്യവും ആ മുഖത്ത്‌ കാണാനുണ്ട്‌! ഹോ, എന്തൊരു തേജസ്‌!!

'നിങ്ങളെന്താ, ദുബായ്‌ മുഴുവൻ വാങ്ങിക്കോണ്ട്‌ പോവാൻ വന്നതാണോ?'

ആൾ നല്ല ചൂടിൽ തന്നെ. തിരുവായ്ക്ക്‌ എതിർ വാ ഇല്ലെന്ന മട്ടിൽ, ആരും മറുത്തൊന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ, കൊടുങ്കാറ്റ്‌ വീശുമ്പോൾ ആരും ഓലക്കുട ചൂടില്ലല്ലോ... ഇത്തിരി കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞപ്പോൾ രംഗം ശാന്തമായി. അപ്പോളേക്കും അജണ്ടയിലെ അടുത്ത ഇനം അവതരിപ്പിക്കപ്പെട്ടു - ലഞ്ച്‌. വിശപ്പിന്റെ കാര്യത്തിൽ സൗദിയെന്നോ ദുബായിയെന്നോ വ്യത്യാസമില്ലാത്തതിനാൽ, അധികം ചർച്ചകളൊന്നും കൂടാതെ തന്നെ തീരുമാനമായി. അങ്ങനെ 'കാലിക്കറ്റ്‌ പാരഗണി'ലെ 2 മേശകൾക്ക്‌ ചുറ്റും എല്ലാവരും അക്ഷമയോടെ ആസനസ്ഥരായി...

ചോറും കറികളുമൊക്കെ നിരന്നു; ആക്രാന്തത്തിന്റെ കാര്യത്തിൽ ആരും മോശമായില്ല. ഫോൺ വിളിക്കുമ്പോളെല്ലാം ഭക്ഷണം കഴിക്കുന്ന കാര്യം ഓർമ്മിപ്പിക്കാൻ സുഷ കാണിച്ച ശുഷ്കാന്തിയുടെ ഗുട്ടൻസ്‌ പിടികിട്ടി; അത്ര നല്ല പോളിംഗ്‌. ഇന്നത്തെ ഈ ഉച്ചയൂണിനായി പുള്ളിക്കാരി ഇന്നലത്തെ അത്താഴം വരെ ഉപേക്ഷിച്ച ലക്ഷണമുണ്ട്‌. 'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യം തീന്മേശയിലെങ്കിലും പ്രാവർത്തികമാക്കാൻ എല്ലാവർക്കും സാധിച്ചു എന്നത്‌ ചെറിയ കാര്യമാണോ?. 'അധ്വാനിച്ച്‌' ഭക്ഷണം കഴിച്ചതിന്റെ ക്ഷീണത്തിൽ ഇരിക്കുമ്പോളാണ്‌ 'ചായ വേണോ, ഐസ്ക്രീം വേണോ' എന്നൊക്കെ ചോദിച്ച്‌ വെയിറ്ററുടെ വരവ്‌..

'ഓരോ ബിരിയാണിച്ചായ ആയാലോ?'

ചോദ്യം സുഷയുടെ വകയാണ്‌... ബിരിയാണിച്ചായ? അങ്ങനെ തന്നെയാണോ കേട്ടത്‌ എന്നുറപ്പിക്കാൻ നോട്ടം അവളുടെ നേരെ തിരിച്ചു.

'ഇതുവരെ കുടിച്ചിട്ടില്ലേ, ബിരിയാണിച്ചായ?'

കേട്ടത്‌ സത്യം തന്നെ... പക്ഷേ, സീറ്റിൽ ഒന്ന് ഇളകിയിരുന്ന്, പരമാവധി പുച്ഛഭാവം മുഖത്തേക്ക്‌ ആവാഹിച്ച്‌, അവൾ തൊടുത്ത ആ ചോദ്യശരത്തിൽ എന്തോ ഒരു കുണുക്കേടില്ലേ?

'സൗദിയിൽ നിന്നും ഈ കണ്ട ദൂരം മുഴുവൻ സഞ്ചരിച്ച്‌ ദുബായ്‌ വരെ വന്നിട്ട്‌, 'ബിരിയാണിച്ചായ' എന്നൊരു ഭീക്ഷണിക്ക്‌ മുന്നിൽ തലകുനിക്കുകയോ? ഛേയ്‌, മോശം... മോശം..' - ഉള്ളിലെവിടെയോ ആരോ മന്ത്രിക്കും പോലെ... പിന്നെ ഒന്നും ആലോചിച്ചില്ല, ഒരു ലെമൺ ടീ കുടിക്കാമെന്ന അതിമോഹമൊക്കെ അടിച്ചമർത്തി, ബിരിയാണിച്ചായ എന്ന പുത്തൻ അവതാരത്തിനായി കൈ പൊക്കി... അങ്ങനെ അഞ്ചും ഒന്നും ആറ്‌ ബിരിയാണിച്ചായകൾക്കുള്ള ഓർഡറുമെടുത്ത്‌ വെയിറ്റർ മറഞ്ഞു.

മട്ടൺ ബിരിയാണി, ചിക്കൻ ബിരിയാണി എന്നൊക്കെ പറയുമ്പോലെ ബിരിയാണിച്ചായയിലും അത്തരം വകതിരിവുകളുണ്ടോ? ഏത്‌ അരിയായിരിക്കും ബിരിയാണിച്ചായയിൽ ഉപയോഗിക്കുക? ബിരിയാണിയുടെ മസാലയും ചായയും പാലുമൊക്കെ എങ്ങനെ കൂടിച്ചേരും?? ആലോചിക്കുംതോറും സംശയങ്ങൾ കൂടുന്നു... ഇതൊക്കെ സുഷയോട്‌ ചോദിച്ച്‌ മനസ്സിലാക്കാമെന്ന് വച്ചാൽ, ആ ഹോട്ടലിന്റെ മുതലാളിയെക്കാളും ഗമയിലാണ്‌ അവളുടെ ഇരിപ്പ്‌! നേരത്തെ മുഖത്തേക്ക്‌ ആവാഹിച്ചുവച്ച പുച്ഛഭാവത്തിന്‌ തെല്ലുമില്ല മാറ്റം... ബിരിയാണിച്ചായ കണ്ടുപിടിച്ചത്‌ തന്നെ താനാണ്‌ എന്ന മട്ട്‌... വെറുതെ ചോദിച്ച്‌ കൂടുതൽ കുഴപ്പങ്ങളൊന്നും ഉണ്ടാക്കേണ്ട എന്ന് കരുതി, തികട്ടി വന്ന സംശയങ്ങളെ അടക്കിപ്പിടിച്ച്‌ കാത്തിരുന്നു...

സുഷയൊഴികെ, ബാക്കിയുള്ളവരെല്ലാം തങ്ങളുടെ മുന്നിലേക്ക്‌ എത്തിച്ചേരാൻ പോകുന്ന ആ വിശിഷ്ട പാനീയത്തെക്കുറിച്ചുള്ള ആകാംഷയിലാണെന്ന് സ്പഷ്ടം. അധികം വൈകാതെ തന്നെ, ഒരു ട്രേയ്ക്കുള്ളിൽ 6 ഗ്ലാസ്സുകളും താങ്ങിപ്പിടിച്ച്‌ വെയിറ്റർ എത്തി; ഓരോരുത്തരുടെ മുന്നിലായി ഓരോ ഗ്ലാസ്സുകൾ പ്രതിഷ്ഠിക്കപ്പെട്ടു...

'ശെടാ, ഇത്‌ ബീയർ അല്ലേ? ഗ്ലാസ്സിലേക്ക്‌ ഒഴിച്ച ദ്രോഹി അതു മുഴുവൻ പതപ്പിച്ചുകളഞ്ഞല്ലോ..'

കണ്മുന്നിലെത്തിയ ഗ്ലാസ്സിലേക്ക്‌ നോക്കിയപ്പോൾ ആദ്യം മനസ്സിൽ തോന്നിയത്‌ ഇങ്ങനെ... ഗ്ലാസ്സിന്റെ മുക്കാൽ ഭാഗവും നല്ല വെളുവെളുത്ത പത... അടിഭാഗത്തായി നല്ല ബ്രൗൺ നിറത്തിൽ എന്തോ ദ്രാവകം കാണപ്പെടുന്നുണ്ട്‌... ഒറ്റനോട്ടത്തിൽ ബീയർ അല്ലെന്ന് മദ്യവർജ്ജന സമിതിക്കാരുപോലും പറയില്ല!

ഇനി എന്ത്‌?? സുഷയെ ഒന്ന് പാളിനോക്കി... 'മുതലാളി.. പുച്ഛം.. മസ്സിലുപിടുത്തം..' ഇല്ല, ഭാവപ്രകടനങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല...

"ക്രീം അധികമാണെന്ന് തോന്നുന്നെങ്കിൽ എടുത്ത്‌ മാറ്റിക്കോളൂ.."

ഹാവൂ, അവസാനം ഭവതി തിരുവാ മൊഴിഞ്ഞു... പറഞ്ഞതല്ലേ, ഇനി അനുസരിച്ചില്ല എന്നുവേണ്ട. ഇങ്ങനെ എടുത്ത്‌ കളയാനായിരിക്കും ഗ്ലാസ്‌ നിറയെ ക്രീം നിറച്ചുവച്ചിരിക്കുന്നത്‌.. അല്ലെങ്കിൽ, അതായിരിക്കും അതിന്റെ ഇത്‌.. എന്നുവച്ചാൽ, കഴിക്കേണ്ട രീതി... ആറ്റുനോറ്റുകിട്ടിയ ബിരിയാണിച്ചായയല്ലേ, അതിന്റേതായ ഗമയിൽ തന്നെ കഴിക്കണം...

ഒട്ടും താമസിച്ചില്ല, ഒരു സ്പൂണെടുത്ത്‌ ഗ്ലാസ്സിനുള്ളിൽ പഞ്ഞിപോലെ കിടക്കുന്ന പതയെ കോരിക്കോരി അടുത്തുകിടന്ന പ്ലേറ്റിലേക്ക്‌ 'ട്രാൻസ്പോർട്ട്‌' ചെയ്തു!! ഇടയ്ക്ക്‌ തലയുയർത്തി നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ മനംകുളിർത്തു - ഒരാളുടെ മുന്നിലൊഴികെ (അതാരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ?) ബാക്കി എല്ലാവരുടെയും മുന്നിലെ പ്ലേറ്റുകളിൽ പത നിറഞ്ഞിരിക്കുന്നു!! ഗ്ലാസ്സുകളിലെ ക്രീം ഏതാണ്ട്‌ തീർന്ന മട്ടായി..

"അയ്യോ, മുഴുവൻ കോരിക്കളയല്ലേ.. ബാക്കി അതിൽ ഇളക്കിച്ചേർക്കൂ.."

അതാ വരുന്നു അടുത്ത നിർദ്ദേശം... ഇവൾക്ക്‌ ഇതൊക്കെ ആദ്യമേ അങ്ങ്‌ പറഞ്ഞുകൂടെ? പ്ലേറ്റിൽ കിടക്കുന്ന പതയെ ഒന്നുകൂടെ നോക്കി... കോരിക്കളഞ്ഞത്‌ അധികമായോ? ആരും കാണാതെ കുറച്ചെടുത്ത്‌ ഗ്ലാസ്സിലേക്ക്‌ തിരികെയിട്ടാലോ? ആലോചിച്ച്‌ നിൽക്കാൻ സമയമില്ല, കാരണം ബിരിയാണിച്ചായ അതിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നിരിക്കുന്നു..

'ഉള്ള ക്രീമുംകൊണ്ട്‌ ഓണം പോലെ' എന്നുറപ്പിച്ച്‌, സ്പൂൺ കൊണ്ട്‌ നന്നായിളക്കി ബാക്കി ക്രീം അലിയിച്ചെടുത്തു... അതുവരെ 'ഒബാമ'യുടെ ചേലിലിരുന്നവൻ ക്രീം പുരട്ടി 'ബിൽ ക്ലിന്റണാ'യി.. ഉള്ളതുപറഞ്ഞാൽ, ആദ്യം വന്ന 'ഓബാമയ്ക്ക്‌' തന്നെ ഭംഗി.. ഇപ്പോ കണ്ടാൽ ഒരു സാദാ 'ലൈറ്റ്‌' ചായ എന്നുപറയും, അത്ര തന്നെ... പക്ഷേ, ഇത്‌ ജനുസ്സ്‌ വേറെയല്ലേ.. അതുകൊണ്ട്‌ അൽപം ബഹുമാനമൊക്കെ ആവാം..

ബിരിയാണിച്ചായ റെഡി... ഒരാളൊഴികെ (ഇല്ല, ആരാണെന്ന് പറയൂല്ല.. വേണേൽ ചൂണ്ടിക്കാണിക്കാം..) ബാക്കി എല്ലാവരും കുടിക്കാനും റെഡി... ഏതാണ്ട് ഒരേ സമയത്തുതന്നെ ആ മഹനീയ കർമ്മം നടന്നു... ആദ്യകവിൾ കുടിച്ച്, എല്ലാവരും ഗ്ലാസ്സുകൾ മേശയിൽ വച്ചു... പരസ്പരം ഒന്നുനോക്കി... ആർക്കും പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നുമില്ല... പിന്നെ എല്ലാ കണ്ണുകളും സുഷയുടെ നേരെ തിരിഞ്ഞു... അവിടെയും തഥൈവ... ‘മുതലാളി... പുച്ഛം.... മസ്സിലുപിടുത്തം..’ പ്രകടനം ഇത്തിരി കൂടിയിട്ടുണ്ടെങ്കിലേയുല്ലൂ.. അന്തരീക്ഷമാകെ, അവാർഡ് സിനിമ പ്രദർശിപ്പിക്കുന്ന തീയ്യേറ്ററിന്റെ പ്രതീതി...

കൈകൾ വീണ്ടും ഗ്ലാസ്സുകളിലേക്ക്... രണ്ടാമത്തെ കവിൾ.. ഇത്തവണ രുചിഭേദങ്ങളൊക്കെ മനസ്സിലാക്കിത്തന്നുകൊണ്ടാണ്‌ ചായയുടെ യാത്ര... ഗ്ലാസുകൾ വീണ്ടും മേശപ്പുറത്ത് മടങ്ങിയെത്തി... കണ്ണുകൾ തമ്മിലുടക്കി... തലകൾ കുലുങ്ങി..

“ഇത് നമ്മുടെ സാധാരണ ചായ തന്നെയല്ലേ? ഇതിനെന്താ പ്രത്യേകത..?”

വീർപ്പുമുട്ടലുകൾക്ക് വിരാമമിട്ട്, വാക്കുകൾ ശബ്ദരൂപേണ പുറത്തേക്ക് പോന്നു.. ആരാണ്‌ ഉത്തരം പറയേണ്ടതെന്ന് എല്ലാവർക്കും വ്യക്തമായി അറിയാവുന്നതുകൊണ്ട്, മറുപടിക്കായി കാത്തു.. മാഡം തന്റെ ഗ്ലാസ്സെടുത്ത് ഒരു കവിൾ ചായ ആസ്വദിച്ചുകുടിച്ചു.. എന്നിട്ട് പതുക്കെയെങ്കിലും തനിക്കറിയാവുന്ന മലയാളത്തിൽ ഇങ്ങനെ അരുളിച്ചെയ്തു;

“അതെ, ഇതിന്‌ സാദാ ചായയുടെ രുചി തന്നെ... പക്ഷേ, ഇത് ആദ്യം കൊണ്ടുവന്നപ്പോഴുള്ള ആ രീതി കണ്ടില്ലേ, ഓരോരൊ ലെയറുകളായി ഒഴിച്ചിരിക്കുന്നത്? അതാണ്‌ ഈ ചായയുടെ പ്രത്യേകത... അങ്ങനെ ഒ​‍ാരോ ലെയറുകളായി തയ്യാറാക്കുന്നതുകൊണ്ടാണ്‌ ഇതിനെ ബിരിയാണിച്ചായ എന്ന് വിളിക്കുന്നത്..”

എന്തോ വലിയ ഒരു രഹസ്യം വെളിപ്പെടുത്തിയ മട്ടിൽ, സുഷ പറഞ്ഞവസാനിപ്പിച്ചു...

ദാണ്ടെ കിടക്കുന്നു...! അപ്പോ ഇതിനാണോ ഈ പങ്കപ്പാടൊക്കെ നടത്തിയത്?? ആദ്യം വന്നവനാണ്‌ ഒറിജിനൽ ബിരിയാണിച്ചായ!! സ്പൂണിട്ടിളക്കിയാൽ അവൻ വെറും സാദാ ചായ!! നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഒരു ഫോട്ടോ എടുത്തുവയ്ക്കാമായിരുന്നു.. ഇനിയിപ്പോ അതും നടക്കില്ല.. (ഒരു ഫോട്ടോ എടുക്കാൻ, വേറെ ആരെങ്കിലും ഓർഡർ ചെയ്ത ബിരിയാണിച്ചായ ആ വഴി കടന്നുപോകുന്നുണ്ടൊ എന്ന് നോക്കി കുറെ നിന്നെങ്കിലും നിരാശയായിരുന്നു ഫലം.. അവരൊക്കെ അവിടുത്തെ സ്ഥിരം കസ്റ്റമേഴ്സ് ആയിരിക്കണം!!)

എങ്കിലും, കിട്ടിയതാവട്ടെ എന്നുകരുതി, പാതിയായ ഒരു ഗ്ലാസ്സിന്റെ ഫോട്ടോ കീച്ചി... അതാണ്‌ ഈ കാണുന്നത്... നമ്മുടെ ഹീറോ - ബിരിയാണിച്ചായ!!

ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ, ഞങ്ങളിരുന്ന മേശയിലേക്ക് വെറുതെ ഒന്നു തിരിഞ്ഞുനോക്കി... കാലിയായിരിക്കുന്ന ഗ്ലാസ്സുകൾക്കിടയിലൂടെ, നിരന്നിരിക്കുന്ന പ്ലേറ്റുകളിൽ കോരിവച്ചിരിക്കുന്ന പതയുടെ തിളക്കം, ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നതുപോലെ... (ഒരബദ്ധമൊക്കെ ഏത് സൗദിക്കും പറ്റും ചേട്ടാ...)

ഇതി ചായാ!! 

Tuesday 10 August 2010

ഇന്ത്യന്‍ കോഫീ ഹൗസിലേക്ക്...


ഇന്ത്യൻ കോഫീ ഹൗസ്‌... കേൾക്കുമ്പോൾ തന്നെ ഉള്ളം കുളിർക്കും, അപ്പോൾപ്പിന്നെ അവിടെ ചെന്നാലത്തെ കാര്യം പറയണോ? 3 വർഷത്തോളം നീണ്ടുനിന്ന കമ്പ്യൂട്ടർ പഠനകാലത്താണ്‌ എന്റെ 'കോഫീ ഹൗസ്‌' പ്രണയം മൊട്ടിട്ട്‌ വിരിഞ്ഞത്‌. 40-ൽ അധികം കിലോമീറ്ററുകൾ അകലെയുള്ള പഠനകളരിയിലേക്ക്‌ അതിരാവിലെ പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും പ്രാതൽ കഴിക്കുക എന്നത്‌ ഒരിക്കലും സാധിക്കാറില്ല. അങ്ങനെയാണ്‌, കണ്ണൂർ റെയിൽവേ സ്റ്റേഷന്‌ അടുത്തുള്ള പ്ലാസ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസിൽ ഒരു പതിവുകാരനായി മാറുന്നത്‌... കുറഞ്ഞവിലയ്ക്ക്‌ ഗുണമേന്മയുള്ള ഭക്ഷണം, ഒപ്പം സൗകര്യപ്രഥമായ അന്തരീക്ഷവും - ഇതായിരുന്നു അവിടേയ്ക്ക്‌ ആകർഷിക്കാനുള്ള പ്രധാന ഘടകങ്ങൾ. പതിയെപ്പതിയെ, 'പ്ലാസ' കോഫീ ഹൗസ്‌ സ്വന്തം വീടുപോലെ പ്രിയങ്കരമായി..

പ്ലാസ കോഫീ ഹൗസിലെ പ്രഭാതങ്ങൾക്ക്‌ എന്നും റൊമാന്റിക്‌ ഭാവമാണ്‌. ഫോർട്ട്‌ റോഡിലെ വാഹനങ്ങളുടെയോ ജനസഞ്ചയങ്ങളുടെയോ ബഹളങ്ങളൊന്നും ആ ഇടുങ്ങിയ ഇടനാഴിയിലൂടെ ഉള്ളിലേക്ക്‌ കടന്നുവരില്ല. ഹാളിൽ പ്രകാശത്തിന്റെ അതിപ്രസരമില്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത... സമാധാനമായിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റിയ അന്തരീക്ഷം. (പക്ഷേ, ആ ശാന്തതയൊന്നും ഉച്ചഭക്ഷണ സമയത്ത്‌ കണികാണാൻ കിട്ടില്ല... മറ്റേതൊരു കോഫീ ഹൗസിലേയുമെന്നതുപോലെ 'കസേരകളിക്കാരുടെ' ബഹളം ഗ്യാരണ്ടി..)


പൂരി - മസാല... കൂടെ ഒരു കാപ്പി; ഇതായിരുന്നു മിക്കവാറും എന്റെ മെനു. കീശയിലെ കാശിന്റെ കനത്തിനനുസരിച്ച്‌ പൂരികളുടെ എണ്ണം കൂടിയും കുറഞ്ഞുമിരുന്നു. പിന്നെയൊരു വീക്നെസ്‌ ഉപ്പുമാവ്‌ ആണ്‌.. (ഇന്നും അങ്ങനെ തന്നെ.. :)). കണ്ണൂർ ആസ്ഥാനമായുള്ള കോഫീ ഹൗസുകളിൽ 'നോൺ വെജ്‌' ഭക്ഷണം കിട്ടില്ല.. (ഇന്നും ആ പതിവ്‌ തുടരുന്നു എന്നാണെന്റെ വിശ്വാസം.) നോൺ വെജ്‌ വേണ്ടവർക്ക്‌ 'ബുൾസ്‌ ഐ' (പ്രാതലിന്‌) അല്ലെങ്കിൽ 'ഓംലറ്റ്' (ഉച്ചയൂണിന്‌) കഴിച്ച്‌ സമാധാനിക്കാം. പക്ഷേ, ഇതൊക്കെ പരീക്ഷിച്ചുനോക്കാനുള്ള ചങ്കൂറ്റം അന്നുണ്ടായിരുന്നില്ല.

ഫോർട്ട്‌ റോഡിൽ തന്നെയുണ്ട്‌ മറ്റൊരു ശാഖ... അക്കാലത്ത്‌ ഉച്ചയൂണ്‌ അവിടെ നിന്നാണ്‌. 14 രൂപയ്ക്ക്‌ അത്ര നല്ല ചോറും കറികളും വേറെ എവിടെ കിട്ടാൻ! ഇരിപ്പിടം കിട്ടാനുള്ള പരക്കംപാച്ചിലൊഴിച്ചാൽ ബാക്കിയെല്ലാം ബഹുകേമം. 'കാൽടെക്സി'ലാണ്‌ ഇനിയൊരെണ്ണം. ഹൈവേയുടെ ഓരത്തായതിനാൽ ഇവിടെ തിരക്കൊഴിഞ്ഞ നേരമില്ല.

കണ്ണൂരിലെ പഠനത്തിൽ നിന്നും തളിപ്പറമ്പിലെ ജോലിയിലേക്ക്‌ കാലുമാറ്റിച്ചവിട്ടിയപ്പോൾ, ഉച്ചഭക്ഷണത്തിന്‌ ഹൈവേയിലെ കോഫീ ഹൗസായിരുന്നു ആശ്രയം. കൂട്ടുകറിയും തൈരും കൂട്ടിക്കുഴച്ചുള്ള ആ 'അവസാന പിടുത്ത'ത്തിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ നിൽക്കുന്നു.. തലശ്ശേരി സ്റ്റേഡിയത്തിന്‌ സമീപം, പാലക്കാട്‌ ബസ്റ്റാന്റിന്‌ അരികെ, തൃശ്ശൂർ റൗണ്ടിൽ, എറണാകുളം സൗത്തിൽ, ബോട്ട്‌ ജെട്ടിക്കരികിൽ, കാലടിക്കടുത്ത് മറ്റൂര്‍ ജംഗ്ഷനില്‍... അങ്ങനെ ഒറ്റയ്ക്കും തെറ്റയ്ക്കും കയറിയിറങ്ങിയ കോഫീ ഹൗസുകളുടെ ലിസ്റ്റ്‌ നീളുന്നു...

തൊഴിലാളിവർഗ്ഗത്തിന്റെ ഒരുമയുടെയും സഹനത്തിന്റെയും അധ്വാനത്തിന്റെയുമൊക്കെ വിജയഗാഥയാണ്‌ ഇന്ന് ഇന്ത്യൻ കോഫീ ഹൗസുകൾക്ക്‌ പറയാനുള്ളത്‌.. 1940-കളിൽ, ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 'കോഫീ ബോർഡി'ന്റെ കീഴിൽ തുടക്കമിട്ട 'ഇന്ത്യ കോഫീ ഹൗസു'കളായിരുന്നു ഇന്നത്തെ 'ഇന്ത്യൻ കോഫീ ഹൗസു'കളുടെ പൂർവ്വികർ. എന്നാൽ 1950-കളുടെ മദ്ധ്യത്തോടെ, എന്തോ ചില നയപരമായ മാറ്റങ്ങളുടെ പേരിൽ, 'ബോർഡ്‌' കുറെയേറെ 'കോഫീ ഹൗസു'കൾ അടച്ചുപൂട്ടുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഒരു വലിയ തൊഴിലാളി മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു അത്‌... പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവായ സഖാവ്‌ എ. കെ. ഗോപാലന്റെ (എ.കെ.ജി) നേതൃത്വത്തിൽ, പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ ഒരുമിച്ചുകൂട്ടി, ഇന്ത്യയൊട്ടാകെ 'ഇന്ത്യ കോഫീബോർഡ്‌ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റി' എന്ന പേരിൽ സോസൈറ്റികൾ രൂപീകരിക്കുകയും അതിൽ ആദ്യത്തേത്‌ 1957 ആഗസ്ത്‌ മാസത്തിൽ ബാംഗ്ലൂരിൽ തുടക്കമിടുകയും ചെയ്തു. രണ്ട്‌ മാസങ്ങൾക്കു ശേഷം (1957 ഒക്ടോബർ 27), ഡെൽഹിയിൽ, ഇന്നുകാണുന്ന ഇന്ത്യൻ കോഫീ ഹൗസുകളുടെ ആദ്യശാഖ തുറന്നു. കേരളത്തിലെ ആദ്യ സോസൈറ്റി രൂപീകൃതമാവുന്നത്‌ 1958 ഫെബ്രുവരിയിൽ തൃശ്ശൂരിലാണ്‌. അതേവർഷം മാർച്ച്‌ 8-ന്‌, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ നാലാമത്തേതുമായ കോഫീ ഹൗസ്‌ ശാഖ, സാക്ഷാൽ എ.കെ.ജി തന്നെ തൃശ്ശൂരിൽ ഉത്ഘാടനം ചെയ്തു. ഇന്ന്, 50-ൽ അധികം ശാഖകളുമായി കേരളം, മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്‌...

കേരളത്തിൽ 2 സോസൈറ്റികളാണുള്ളത്‌; തൃശ്ശൂർ ഒഴികെയുള്ള മലബാർ ജില്ലകളിലെ കോഫീ ഹൗസുകളുടെ ആസ്ഥാനം കണ്ണൂരിലും, ബാക്കി ജില്ലകളുടെ കേന്ദ്രം തൃശ്ശൂരിലും... നേരത്തെ പറഞ്ഞതുപോലെ 'മലബാർ' കോഫീ ഹൗസുകൾ ശുദ്ധ വെജിറ്റേറിയന്മാരും 'തെക്കൻ' കോഫീ ഹൗസുകൾ നോൺ വെജുമാണ്‌... (ഈ പറഞ്ഞത്‌ സ്വയം രുചിച്ചറിഞ്ഞ്‌ കണ്ടെത്തിയത്‌..)

'മലബാറികൾക്ക്‌' പിന്നെയുമുണ്ട്‌ പ്രത്യേകത.. അതാത്‌ സമയങ്ങളിലെ ഭക്ഷണം മാത്രമേ കിട്ടുകയുള്ളൂ... എന്നുവച്ചാൽ, ഊണിന്റെ നേരത്ത്‌ ചായ ചോദിച്ചാൽ കിട്ടില്ല... പ്രാതലിന്‌ ഉപ്പുമാവ്‌, പൂരി-മസാല, ചപ്പാത്തി, പൊറോട്ട തുടങ്ങിയവ... ഉച്ചയ്ക്ക്‌ ചൂടുചോറും കറികളും മാത്രം.. കൂട്ടത്തിൽ കേമന്മാർ വൈകുന്നേരമാണ്‌ എത്തുക - മസാല ദോശ, വെജിറ്റബിൾ കട്‌ലറ്റ്‌.. സ്വന്തം കോഫീ ബോർഡിൽ നിന്നുമുള്ള പൊടി ചേർത്ത ഒരു കാപ്പിയോ ചായയോ കൂടെ ആയാൽ ബലേഭേഷ്‌! നല്ല ഒന്നാന്തരം കാപ്പിപ്പൊടിയും ഇവിടെ വാങ്ങാൻ കിട്ടും എന്നത്‌ മറക്കേണ്ട.



സമൂഹത്തിലെ ഉന്നതന്മാർ മുതൽ താഴേത്തട്ടിലെ സാധാരണക്കാർ വരെയെത്തുന്ന കോഫീഹൗസുകളിലെ ഭക്ഷണപ്രിയർക്കുമുണ്ട്‌ ചില പ്രത്യേകതകൾ... കൂടുതൽ പേരും കുടുംബത്തോടൊപ്പാണ്‌ ഇവിടെയെത്തുന്നത്‌.. സ്വന്തം വീട്ടിലെന്നതുപോലെ, ശാന്തത്തയോടെ, സന്തോഷത്തോടെ ഭക്ഷണം ആസ്വദിക്കുന്നവർ... എത്ര തിരക്കുണ്ടായാലും ക്ഷമയോടെ കാത്തിരിക്കുന്നവർ... 'വീട്‌ വിട്ടാൽ മറ്റൊരു വീട്‌' എന്ന പരസ്യവാചകം പോലെ, എല്ലാവരെയും സ്വീകരിക്കാൻ പ്രസന്നഭാവത്തോടെ, സദാ സന്നദ്ധരായി നിൽക്കുന്ന ജീവനക്കാർ... അവരുടെ ആതിഥേയത്വമൊക്കെ ആസ്വദിച്ച്‌, സംതൃപ്തിയോടെ മടങ്ങുമ്പോൾ 'അടുത്ത വരവ്‌ എപ്പോൾ' എന്നാവും ഓരോരുത്തരും ചിന്തിക്കുന്നുണ്ടാവുക.
 
ഇന്ന് രാവിലേയെന്നതുപോലെ, ഗൃഹാതുരമായ ഓർമ്മകളിൽ കോഫീഹൗസുകൾ തിളങ്ങുന്നു.. തലയിൽ പ്രത്യേകരീതിയിൽ മെടഞ്ഞ തൊപ്പിയും ധരിച്ച്‌, കയ്യിലെ ട്രേയിൽ നിന്നും ചൂടുകരിങ്ങാലിവെള്ളം നിറച്ച ഗ്ലാസ്സ്‌ മേശപ്പുറത്തുവച്ച്‌, 'എന്താണ്‌ കഴിക്കാൻ വേണ്ടത്‌?' എന്ന ചോദ്യഭാവത്തിൽ നിൽക്കുന്ന ഒരു വെള്ള വസ്ത്രധാരി കണ്മുന്നിൽ തെളിയുന്നു..
 
ഇന്ത്യൻ കോഫീ ഹൗസുകളിലെ എല്ലാ തൊഴിലാളികൾക്കും അഭിവാദനങ്ങൾ... ആശംസകൾ..



വാൽക്കഷണം: കോഫീഹൗസുകളിൽ പൊതുവായി കാണുന്നത്‌ ഒരാളുടെ ചിത്രം മാത്രം - തങ്ങളുടെ 'രക്ഷകനായി' അവതരിച്ച സഖാവ്‌ എ.കെ.ജി-യുടേത്‌!


(കടപ്പാട്‌: ഗൂഗിൾ, ഐ.സി.എച്ച്‌. വെബ്സൈറ്റ്‌, വിക്കിപീഡിയ)

Wednesday 4 August 2010

അമ്മമനസ്സ്…

അമ്മ... രണ്ടക്ഷരങ്ങളിൽ സമ്മേളിക്കുന്ന സ്നേഹപ്രവാഹം.. അമ്മയെന്ന് കേൾക്കുമ്പോൾ സ്വന്തം അമ്മയെ ഓർക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. പത്ത് മാസം തന്റെ ചോരയും നീരും പകർന്ന്, നൊന്ത് പ്രസവിച്ച്, അമ്മിഞ്ഞപ്പാലിന്റെ മാധുര്യമൂട്ടി, നമ്മെ നാമാക്കിയ നമ്മുടെ അമ്മമാർ!

ഇവിടെയിതാ ഒരമ്മ.. ഊണും ഉറക്കവുമുപേക്ഷിച്ച്, കണ്ണുതുറക്കാത്ത തന്റെ കുഞ്ഞിന്‌ കാവലിരിക്കുന്ന മാതൃത്വം. ഇന്നലെ രാവിലെയാണ്‌, ഫ്ലാറ്റിലെ കോണിപ്പടികൾക്കു താഴെ ഈ അതിഥികളെത്തിയത്... വൈകീട്ട് ഓഫീസിൽ നിന്ന് തിരികെ ചെല്ലുമ്പോഴും രണ്ടാളും അവിടത്തന്നെയുണ്ട്; ഒരേ കിടപ്പ്! രാത്രിയിൽ, ഭക്ഷണം കഴിച്ച് മടങ്ങി വരുമ്പോളാണ്‌, രണ്ടാളുടെയും പടം പിടിക്കാമെന്ന കൗതുകം തോന്നിയത്..

ടൈൽസ് പതിച്ച തറയുടെ തണുപ്പിൽ തലചേർത്ത്, ക്ഷീണിതയായി കിടക്കുന്ന സുന്ദരിയമ്മ! ആ കിടപ്പിലും അവളുടെ നോട്ടമെത്തുന്നത് തന്നോട് ചേർന്നുകിടക്കുന്ന പൊന്നോമനയിലേക്ക് തന്നെ.. ഗർഭപാത്രത്തിലെ സുഖസുഷുപ്തിയിൽ നിന്നും ഭൂമിയിലേക്ക് വിളിച്ചുണർത്തിയതിന്റെ ദേഷ്യത്തിലെന്നവണ്ണം, കണ്ണുകൾ ഇറുകെപ്പൂട്ടി കിടക്കുന്ന കൊച്ചുമിടുക്കി (അതോ, മിടുക്കനോ?).
മൊബൈൽ ക്യാമറയുടെ ഫ്ലാഷ് മിന്നിയപ്പോൾ, കണ്ണുകളുയർത്തി ഒന്നുനോക്കിയതല്ലാതെ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല ആ അമ്മ. കുഴപ്പക്കാരനല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടോ, അല്ലെങ്കിൽ വയ്യായ്ക കൊണ്ടോ ആവാം. അവരെ കൂടുതൽ ശല്യപ്പെടുത്താതെ റൂമിലേക്ക് പോകാൻ തുടങ്ങവെയാണ്‌ ഒരു ചിന്ത മനസ്സിലുദിച്ചത് - ഇവൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ? രാവിലെ കണ്ടപ്പോൾ മുതൽ ഇതേ കിടപ്പാണ്‌, കുഞ്ഞിന്റെ അരികിൽ നിന്ന് മാറിയ ലക്ഷണമൊന്നും കാണുന്നില്ല.

അധികം ആലോചിക്കാൻ നിന്നില്ല; രാവിലെ ചായയുടെ കൂടെ കഴിക്കാനായി വാങ്ങിയ ബിസ്കറ്റിൽ ഒരെണ്ണം പൊട്ടിച്ച് അവളുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു... ചിക്കനും മട്ടനും കഴിച്ചുവളരുന്ന ഇവിടത്തെ പൂച്ചകൾ മധുരം കഴിക്കുമോ എന്ന സംശയം ഉടനെ തന്നെ മാറിക്കിട്ടി; ഒരു മടിയും കൂടാതെ അവൾ കഴിച്ചു തുടങ്ങി. കുഞ്ഞിനെ ബുദ്ധിമുട്ടിക്കാതിരിക്കാനാവണം, കിടന്ന കിടപ്പിൽ തല മാത്രം അനക്കിയാണ്‌ തീറ്റ! ഒരു കഷണം കഴിച്ചിട്ട് അവളാദ്യം ചെയ്തത് , ആ കുരുന്നുജീവനെ നന്നായൊന്ന് നക്കിത്തുടക്കുകയാണ്‌! എന്തായിരിക്കും അതിന്റെ ഗുട്ടൻസ് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല. കുഞ്ഞിനെയും അമ്മയെയും അവരുടെ സ്വകാര്യതയിൽ വിട്ട് റൂമിലെത്തിയിട്ടും ആ ചിത്രം മനസ്സിൽ തങ്ങി നിന്നു.

ഇത്രമാത്രം പറയാൻ ഈ ‘പൂച്ചക്കഥ’യിൽ എന്താണിത്ര പ്രത്യേകത എന്നാവും ഇപ്പോ ചിന്തിക്കുന്നത് അല്ലേ? അതിന്‌ എനിക്കും ഉത്തരമില്ല. പക്ഷേ; നവജാത ശിശുവിനെ കുളിമുറിയിലോ കുപ്പത്തൊട്ടിയിലോ ഉപേക്ഷിക്കുന്ന അമ്മമാരുടെ, പിഞ്ചുകുഞ്ഞിന്റെ കയ്യും കാലും പിരിച്ചൊടിക്കുന്ന മാതാപിതാക്കളുടെ, അമ്മത്തൊട്ടിലുകളിൽ ദിനേനയെന്നോണം കൂടുന്ന അംഗസംഖ്യയുടെ വാർത്തകൾ നിറയുന്ന പത്രത്താളുകളിൽ നിന്നും ഈ ‘പൂച്ചമ്മ’യിലേക്കുള്ള ദൂരം എത്ര വിദൂരം!! (തള്ളുമ്പോഴും കൊള്ളുമ്പോഴും തല്ലുമ്പോഴും കൊല്ലുമ്പോഴും തന്റെ കുഞ്ഞിനോടുള്ള സ്നേഹം മാത്രമാവും ഏതൊരു അമ്മയുടെയും മനസ്സിലുണ്ടാവുക എന്ന് സ്വയം ആശ്വസിക്കുന്നു...)

ഇന്ന് രാവിലെ ഓഫീസിലേക്ക് പോകാനായി കോണിപ്പടികൾ ഇറങ്ങുമ്പോൾ ആദ്യം തിരഞ്ഞത് ആ അമ്മയെയും കുഞ്ഞിനെയുമാണ്‌... പക്ഷേ, ഇന്നലെ കൊടുത്ത ബിസ്കറ്റിന്റെ ചില കഷണങ്ങളല്ലാതെ പൂച്ച കിടന്നിടത്ത് പൂട പോലുമില്ല! പെട്ടെന്ന്, പുറത്തൊരു കരച്ചിൽ... ചെന്നുനോക്കുമ്പോൾ അവളാണ്‌, എന്നെ കാത്തുനില്ക്കുന്ന ഭാവത്തിൽ... ‘നിന്റെ കുഞ്ഞെവിടെ?’ എന്ന് മനസ്സിൽ ചോദിച്ചു... അത് മനസ്സിലാക്കിയിട്ടോ എന്തോ, അവൾ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. ഇത്തിരി നേരം അവിടെ നിന്നിട്ട്, ഓഫീസിലേക്കുള്ള നടത്തം തുടരുമ്പോഴും പിന്നിൽ അവളുടെ ശബ്ദമുയരുന്നു...
 
എന്താവാം അവൾ പറയുന്നത്??

Saturday 24 July 2010

സീമകളില്ലാതെ...



കൊച്ചിയിലെ ജോലിക്കാലം... പതിവുപോലെ, ആഴ്ചവട്ടം ചിലവിടാനായി പോകാറുള്ള കൂട്ടുകാരന്റെ വീട്ടിൽ, ഒരു ഗ്ലാസ്സ് കാപ്പിയുടെ അകമ്പടിയോടെ ‘മനോരമ’ പത്രത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്ന ഒരു പ്രഭാതം... 


‘ആത്മഹത്യാശ്രമം: വിദ്യാർത്ഥിനി ആശുപത്രിയിൽ’ 


മറിഞ്ഞുപോകുന്ന താളുകളിലൊന്നിൽ തെളിഞ്ഞ ആ ചെറിയ തലക്കെട്ട് കണ്ണുകളിൽ ഉടക്കിയെങ്കിലും ഒരു പതിവ് വാർത്ത എന്നതിലപ്പുറം പ്രാധാന്യം കൊടുക്കാതെ അടുത്ത പേജിലേക്ക് കടക്കുമ്പോളാണ്‌, ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ മിന്നിയത്... ആ ഫോട്ടോ.. എവിടെയോ കണ്ടുപരിചയമുള്ള മുഖം... ഈശ്വരാ, ഇത് ശ്യാമയല്ലേ!!


വാർത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന പേരിലേക്കാണ്‌ പെട്ടെന്ന് കണ്ണോടിച്ചത്... അതെ, അത് ശ്യാമ തന്നെ. പത്താം ക്ളാസ്സുവരെ, വ്യത്യസ്ത ക്ലാസ്സുകളിലാണെങ്കിലും, ഒരേ സ്കൂളുകളിൽ പഠിച്ചുവളർന്നവർ... പഠനത്തിൽ കേമിയായിരുന്ന ശ്യാമ, ടീച്ചേഴ്സിന്റെ വാത്സല്യഭാജനവുമായിരുന്നു; അതുകൊണ്ടുതന്നെ മറ്റ് കുട്ടികൾക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾക്ക്, അവളോട് ഇത്തിരി അസൂയ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്‌. സദാ പുഞ്ചിരി തൂവുന്ന മുഖവുമായി, പ്രസന്നവതിയായി നടന്നിരുന്ന ശ്യാമയ്ക്ക് ഇങ്ങനെ ഒരു ഗതി വന്നുചേരുകയോ? ഉൾക്കൊള്ളാൻ സാധിക്കുന്നില്ല...


താൻ പഠിക്കുന്ന കോളേജിലെ അധ്യാപകനുമായി സ്നേഹബന്ധത്തിലേർപ്പെടുകയും, ഒടുവിൽ രണ്ടാളും ചേർന്നുള്ള ആത്മഹത്യാശ്രമത്തെ തുടർന്ന്, ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്‌ വാർത്തയുടെ ചുരുക്കം. എന്നിട്ടും സംശയം ബാക്കി... ശ്യാമ എന്തിനിതു ചെയ്തു? 


സിനിമാ നടി മേനകയുടെ മുഖഛായയായിരുന്നു ശ്യാമയ്ക്ക്... ആരെയും ആകർഷിക്കുന്ന, സൗമ്യമായ പെരുമാറ്റവും സംസാരവും. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനും അമ്മയും അനുജത്തിയും അനുജനും അടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ വിളക്കായിരുന്നു അവൾ..


ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒപ്പിച്ച ഒരു കുരുത്തക്കേടാണ്‌, ശ്യാമയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത്... ഉച്ചഭക്ഷണസമയത്തെ ഇടവേള... രണ്ട് കൂട്ടുകാരികൾക്കൊപ്പം ശ്യാമ പുറത്തേക്കെവിടേക്കോ നടന്നുനീങ്ങുന്നു. ആ നേരത്താണ്‌ എവിടെനിന്നെന്നറിയാതെ ഒരു തുമ്മൽ എന്നെ തേടിയെത്തിയത്.. വല്ല്യ ‘തെറ്റില്ലാത്ത’ മട്ടിൽ തുമ്മൽ അവസാനിപ്പിച്ച്, തലയുയർത്തിനോക്കുമ്പോൾ, തുമ്മൽ പരാക്രമം കണ്ടിട്ടെന്ന മട്ടിൽ ചിരിച്ചുകൊണ്ട് പോകുന്ന ശ്യാമയും കൂട്ടരും!! എരിതീയിൽ എണ്ണയൊഴിക്കാനെന്ന വണ്ണം, കൂട്ടുകാരൻ ഷാനവാസ് കൈകൊട്ടിച്ചിരിക്കുന്നു..! ആ പെൺകുട്ടികളുടെ ചിരിയേക്കാൾ അവന്റെ ആ പ്രകടനം ചങ്കുതകർത്തു... ആലോചിക്കാൻ നേരമില്ല, ചമ്മൽ മറയ്ക്കാൻ എന്തെങ്കിലും മാർഗം പെട്ടെന്ന് കണ്ടെത്തിയേ മതിയാവൂ...


‘തുമ്മൽ തുമ്മലേന ശാന്തി..’ വീണതു വിദ്യയാക്കുക തന്നെ... വീണ്ടും തുമ്മി - നല്ല ഒറിജിനൽ ഡ്യൂപ്ളിക്കേറ്റ് തുമ്മൽ.. പക്ഷെ സാധാരണ കേട്ടുപരിചയമുള്ള ‘ഹാ...ച്ഛീ..’ എന്ന തുമ്മൽ ശബ്ദത്തിന്‌ ചെറിയ മാറ്റം വരുത്തി ‘ശ്യാമാ...ച്ഛീ’ എന്നാണ്‌ പ്രയോഗിച്ചത്.. ഒന്നല്ല, പല തവണ. ആ തുമ്മലുകളുടെ ശബ്ദം ലക്ഷ്യത്തിൽ തന്നെ എത്തിയെന്ന്, രണ്ടുമൂന്നുതവണ തിരിഞ്ഞുനോക്കിക്കൊണ്ട് നടന്നുനീങ്ങിയ ശ്യാമയുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായി... ഷാനവാസ് ‘കൈകൊട്ടിക്കളി’ തുടർന്നു... അധികം വൈകാതെ തന്നെ, ഇടവേളയുടെ അവസാനമറിയിച്ചുകൊണ്ടുള്ള മണി മുഴങ്ങി, കുട്ടികളൊക്കെ അവരവരുടെ ക്ലാസ്സുകളിലേക്ക് ചേക്കേറി..


‘ജിമ്മിയെ ഹെഡ്മാസ്റ്റർ വിളിക്കുന്നു...’


നേരത്തെ ശ്യാമയുടെ കൂടെ നടന്നിരുന്ന പെൺകുട്ടികളിലൊരുവൾ ക്ലാസ്റൂമിന്റെ വാതില്ക്കൽ തലകാണിച്ച് വിളംബരം നടത്തി... സ്കൂൾ ലീഡർ ആയതിനാൽ, അടുത്തദിവസത്തെ അസംബ്ലിയിൽ ചെയ്യേണ്ട എന്തെങ്കിലും പ്രത്യേക കാര്യത്തെക്കുറിച്ച് പറയാനാവും ഹെഡ്മാസ്റ്റർ വിളിച്ചത് എന്ന് കരുതി ഗമയിൽ പുറപ്പെട്ടെങ്കിലും ഓഫീസിന്റെ വാതില്ക്കൽ എത്തിയപ്പോളേ പന്തികേട് മണത്തു. ആദ്യലക്ഷണമായി, ശ്യാമയുടെ കൂട്ടുകാരികൾ ഓഫീസ് റൂമിന്റെ വെളിയിൽ നില്പ്പുണ്ട്. എന്തോ മഹത്തായ കാര്യം ചെയ്തമട്ടിൽ നില്ക്കുന്ന അവരുടെ നോട്ടം അവഗണിച്ച് ഓഫീസിന്റെ ഉള്ളിലേക്ക് കടന്നപ്പോൾ അടുത്ത സൂചനയായി അവിടെ ശ്യാമ... 


‘എന്താ ജിമ്മീ കാര്യം? നീ ശ്യാമയെ കളിയാക്കിയോ?’ 


കസേരയിൽ ഒന്ന് ഇളകിയിരുന്ന്, മേശപ്പുറത്ത് വിശ്രമിക്കുന്ന തന്റെ സന്തതസഹചാരിയായ ചൂരലിൽ പതുക്കെ വിരലുകളോടിച്ച്, ജോസഫ് സാർ നേരേ കാര്യത്തിലേക്ക് കടന്നു. പിടി വീണു എന്നുറപ്പായി, കാരണം ജോസഫ് സാറിന്റെ മുന്നിൽ ഒരുമാതിരിപ്പെട്ട നമ്പറുകളൊന്നും വിലപ്പോവില്ല. എന്നാലും പെട്ടെന്ന് കീഴടങ്ങുന്നത് ശരിയല്ലല്ലോ.. 


‘ഇല്ല സാർ... ഒരിക്കലുമില്ല... എപ്പോ?‘


ആദ്യത്തെ രണ്ടുവാക്കുകൾ സാറിനെ നോക്കിയും അവസാനത്തെ ചോദ്യം ശ്യാമയുടെ നേരെയും, പരമാവധി നിഷ്കളങ്കതയുടെ മേമ്പൊടിയോടെ പറഞ്ഞൊപ്പിച്ചു.


’അതുപിന്നെ, ഞാൻ നേരത്തെ അതിലെ നടന്നുപോകുമ്പോൾ ജിമ്മി പിന്നിൽ നിന്നും തുമ്മുന്ന രീതിയിൽ കളിയാക്കി വിളിച്ചില്ലേ.. എന്റെ കൂടെയുള്ളവരും കേട്ടതാ...‘ 


ശ്യാമ വിടുന്ന മട്ടില്ല. സാക്ഷി പറയാൻ രണ്ടുപേർ മുറിയുടെ വെളിയിൽ കാത്തുനില്ക്കുന്നു... ഇനി രക്ഷയില്ല... അവസാന ശ്രമമെന്ന നിലയിൽ സംഭവത്തെ എന്റേതായ ’രീതി‘യിൽ ചുരുക്കി പറഞ്ഞുകൊടുത്ത് ജോസഫ് സാറിന്റെ വിധിപ്രസ്താവനയ്ക്കായി കാത്തുനിന്നു. മേശപ്പുറത്തുനിന്നും ചൂരലുമെടുത്ത്, സാർ മെല്ലെ എന്റെ അരികിലെത്തി... ആദ്യം വിധി;


’സ്കൂൾ ലീഡർ എന്ന നിലയിൽ മറ്റ് കുട്ടികൾക്ക് മാതൃകയാവേണ്ട നിന്നിൽ നിന്നും ഇത്തരമൊരു പ്രവർത്തി ഒരിക്കലും ഉണ്ടായിക്കൂടാ. ആയതിനാൽ, എല്ലാവർക്കും ഇത് ഒരു പാഠമായിരിക്കട്ടെ... കൈ നീട്ട്.. ഇനി മേലാൽ ആവർത്തിക്കരുത്..‘


പിന്നെ ശിക്ഷ; മുന്നോട്ട് നീട്ടിപ്പിടിച്ച എന്റെ വലതുകയ്യിലേക്ക് ജോസഫ് സാർ വക ’ചൂരല്ക്കഷായം‘ ആഞ്ഞുപതിച്ചു... ഭാഗ്യം, കഷായം ഒരു ഡോസ് കൊണ്ട് അവസാനിച്ചു.. അടിയുടെ തരിപ്പ് മാറ്റാൻ കൈ ചുരുട്ടിപ്പിടിച്ച് ക്ലാസ്സിലേക്ക് തിരികെ നടക്കുമ്പോൾ, പിന്നിലുയർന്ന കളിയാക്കിച്ചിരികൾ കേട്ടില്ലെന്ന് നടിച്ചു. പിന്നെ കുറെ കാലത്തേക്ക് ശ്യാമയുടെ മുന്നില്പ്പോലും ചെന്നുപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


SSLC പരീക്ഷയുടെ സ്റ്റഡിലീവ് സമയത്താണ്‌ ശ്യാമയുമായി സൗഹൃദം പുന:സ്ഥാപിക്കുന്നത്... പ്രതീക്ഷിച്ചതുപോലെ തന്നെ, പരീക്ഷയിൽ ഉയർന്നമാർക്കുകൾ വാങ്ങി പാസ്സായ അവൾ, കാസർഗോഡുള്ള ഒരു സർക്കാർ കോളേജിൽ പഠനം തുടരുന്നു എന്നറിഞ്ഞത് വളരെ നാളുകൾക്ക് ശേഷമാണ്‌... ഹോസ്റ്റലിൽ താമസിച്ചുപഠിച്ചിരുന്ന അവൾ, ഒരു അവധിക്കാലത്ത് അപ്രതീക്ഷിതമായിട്ടാണ്‌ ഞങ്ങളുടെ ’സായാഹ്ന സൗഹൃദ സദസ്സിലേക്ക്‘ വന്നത്. നാരായണൻമാഷിന്റെ വീടിന്റെ അടുക്കളമുറ്റത്ത്, നളിനിയേച്ചിയും കുഞ്ഞുമണിയും ജാനകിയേച്ചിയും ജയയും ജ്യോതിയും ജിഷയുമെല്ലാം ഒത്തുകൂടുന്ന വൈകുന്നേരങ്ങൾ... കുശുമ്പും കുന്നായ്മയും തമാശകളും പാട്ടുകളുമൊക്കെയുള്ള ആ കൂടിച്ചേരലുകളിലെ തന്റെ ആദ്യദിനം തന്നെ ശ്യാമ നന്നായി ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു, തുടർന്നുള്ള ദിനങ്ങളിലെ അവളുടെ സജീവ സാന്നിധ്യം. തമാശകൾ കേട്ട് കൊച്ചുകുട്ടിയേപ്പോലെ പൊട്ടിച്ചിരിക്കുന്ന ആ മുഖം വാടിയത്, അവളുടെ മടക്കയാത്രയുടെ തലേദിവസമാണ്‌.. ’എന്തു രസായിരുന്നു ഇത്രേം ദിവസം..‘ അന്നുവൈകുന്നേരം യാത്രപറഞ്ഞ് പിരിയുമ്പോൾ, ഈയൊരു കൊച്ചുവാചകത്തിൽ അവളെല്ലാമൊതുക്കി.. 


ജീവിതത്തിരക്കുകളിൽപ്പെട്ട് പലരും പലവഴിക്ക് പോയതോടെ ബന്ധങ്ങളെല്ലാം മുറിഞ്ഞു... വൈകുന്നേരങ്ങളിലെ ഒത്തുകൂടലുകൾ ഇല്ലാതായി... അങ്ങനെ ശ്യാമയും പതിയെ ഓർമ്മയുടെ ഏതോ ഏടുകളിലൊന്നിലേക്ക് സ്ഥലം മാറ്റപ്പെട്ടു.. ഇപ്പോൾ, ഈ വാർത്ത വീണ്ടും അവളെ മുന്നിലെത്തിച്ചിരിക്കുന്നു... എന്താണ്‌ അവൾക്ക് സംഭവിച്ചിട്ടുണ്ടാവുക?


വീട്ടിൽ വിളിച്ചപ്പോളാണ്‌ കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്... ആ അധ്യാപകൻ വിവാഹിതനായിരുന്നു, അതിലുപരി 2 കുട്ടികളുടെ അച്ഛനും! പ്രതിബന്ധങ്ങളുണ്ടായിട്ടും, പിരിയാനാവാത്തവിധം അന്ധമായ, ആത്മാർത്ഥമായ പ്രണയമായിരുന്നിരിക്കണം അവരുടേത്. അല്ലെങ്കിൽ, ഒരിക്കൽ അച്ഛന്റെ കാലുപിടിച്ച് മാപ്പപേക്ഷിച്ചശേഷവും അവൾ ആ ബന്ധം തുടരുകയില്ലായിരുന്നല്ലോ. അയാളുടെ പുതിയ വീടിന്റെ പാലുകാച്ചലിന്റെ അന്നുതന്നെ, അവളുടെ കഴുത്തിൽ താലി ചാർത്തി, അവരൊന്നിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതും യാദൃച്ഛികമാവില്ല.


പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ മരണത്തോട് മല്ലടിച്ച് ഏതാനും ദിവസങ്ങൾക്കൂടി... അത്രയേ ആ വിലപ്പെട്ട ജീവന്‌ ആയുസ് നീട്ടിക്കിട്ടിയുള്ളൂ... തന്നെക്കാൾമുന്നെ യാത്രയായ കാമുകനെത്തേടി ശ്യാമയും ഈ ലോകത്തോട് വിടവാങ്ങി... 


ശ്യാമ... സ്നേഹിച്ച്, ജീവിച്ച് കൊതിതീരാതെ, അകാലത്തിൽ പൊഴിയാൻ വിധിക്കപ്പെട്ട ഒരു പനിനീർപ്പൂവ് പോലെ, യാത്രപോലും പറയാതെ നീ എങ്ങോ പോയ്മറഞ്ഞിരിക്കുന്നു.. ഒരുപക്ഷേ, മാനത്തുമിന്നുന്ന താരകളിലൊന്നായി നീ പുനർജ്ജനിച്ചിട്ടുണ്ടാവാം. നീ ഏതുലോകത്തായാലും സന്തോഷവതിയായിരിക്കട്ടെ - അറിയാതെയെങ്കിലും ഓർമ്മച്ചെപ്പിന്റെ ഉള്ളറകളിലൊന്നിൽ സ്ഥാനം പിടിച്ച കൂട്ടുകാരിക്ക് സമർപ്പിക്കാൻ, ഒരുപിടി അശ്രുപൂക്കൾക്കൊപ്പം ഈ പ്രാർത്ഥന മാത്രം...

Saturday 10 July 2010

ഒരുവട്ടം കൂടിയെന്‍…

ത്തവണത്തെ അവധിക്കാല പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് എത്രയോ മുന്നെ തന്നെ ഉറപ്പിച്ചതാണ് ഒറ്റപ്ലാക്കല്‍ അച്ചനുമായുള്ള കൂടിക്കാഴ്ച്ച... ഫാദര്‍ ജോസഫ് ഒറ്റപ്ലാക്കല്‍.. അച്ചനെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ തീരില്ല, അതുപോലെ പറയാനുണ്ട്ഒരുകാലത്ത്, പെരുമ്പടവ് എന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളെ ജാതി-മത ഭേദമന്യേ സ്വാധീനിച്ച ഇതുപോലൊരു വ്യക്തിത്വം വേറെയുണ്ടാവില്ല(ഇന്നും അതിന് മാറ്റമൊന്നുമില്ല എന്നാണ് തോന്നുന്നത്.) ഏഴുവര്‍ഷത്തോളം ആ നാടിന്റെ സാമൂഹികവും സാംസ്കാരികവും മതപരവുമായ ഉന്നമനത്തിന് അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമായി ഇന്ന്, ഇന്‍ഫാം എന്ന കര്‍ഷക സംഘടനയുടെ ദേശീയ പ്രസിഡന്റായി, തലശ്ശേരി ബിഷപ്സ് ഹൌസിനോട് ചേര്‍ന്നുള്ള സന്ദേശഭവനി’ല്‍ ആസ്ഥാനമൊരുക്കി തിരക്കുകളുമായി കഴിയുന്നു, അച്ചന്‍.

മുന്‍‌നിശ്ചയപ്രകാരം ഇരിട്ടി എന്ന സ്ഥലത്തുവച്ച് ഞങ്ങള്‍ കണ്ടുമുട്ടി.. എന്നാ ഒണ്ടെടാ വിശേഷം?’ എന്ന പതിവു ശൈലിയില്‍ അച്ചന്‍ സംസാരപ്പെട്ടി തുറന്നു. അടുത്തുതന്നെയുള്ള ഒരു കശുവണ്ടി ഫാക്ടറി സന്ദര്‍ശനമാണ് അച്ചന്റെ കാര്യപരിപാടിഅച്ചനും കൂടി അംഗമായ ഒരു സമിതിയാണ്, തലശ്ശേരി രൂപതയുടെ കീഴിലുള്ള ആ ഫാക്ടറിയുടെ ഭരണം നടത്തുന്നതത്രേഇവിടം വരെ വന്ന സ്ഥിതിക്ക് അവിടെയും ഒന്നു പോയേക്കാംഎന്ന് അച്ചന്‍

ഫാക്ടറിയില്‍ നിന്നും തിരികെ വരുമ്പോള്‍, തൊട്ടടുത്ത വളപ്പില്‍ പഴുത്ത് ചുവന്നുകിടക്കുന്ന കശുമാങ്ങ പഴങ്ങള്‍ എന്റെ മനസ്സിളക്കി.. ഇറങ്ങി ഒരെണ്ണം പറിച്ചാലോഎന്ന് പതിയെ പറഞ്ഞ് വണ്ടി നിര്‍ത്തി നോക്കുമ്പോള്‍ അച്ചനെ കാണാനില്ല! ഈ നേരംകൊണ്ട് അച്ചന്‍ കശുമാവിന്റെ ചുവട്ടിലെത്തി കയ്യെത്തുന്ന ഉയരത്തിലുള്ള പഴങ്ങളൊക്കെ പറിച്ചെടുക്കുകയാണ്, ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തില്‍ കൈകള്‍ നിറഞ്ഞപ്പോള്‍, പതുക്കെ തീറ്റ ആരംഭിച്ചു. ഇടയ്ക്ക് ഓരോന്ന് എനിക്ക് തരാനും മറന്നില്ല.


അല്ലച്ചാ, ആരെങ്കിലും നമ്മളെ ഓടിക്കുമോ?’ – എന്റെ ആശങ്ക മറച്ചുവച്ചില്ല.


ഇത് ആശ്രമം നടത്തുന്ന അമ്മമാരുടെ സ്ഥലമാ, എനിക്കവരെ അറിയാം.. നീ ധൈര്യമായി തിന്നോടാ..’ – അച്ചന്റെ ഉറപ്പ്


'അവര്‍ക്ക് അച്ചനെ അറിയാമോഎന്ന് ചോദിക്കാ‍ന്‍ വാ തുറന്നെങ്കിലും വെറുതെ അച്ചന്റെ സെല്‍ഫ് കോണ്‍ഫിഡന്‍സില്‍കോലിട്ട് കിള്ളേണ്ട എന്നുകരുതി ഒരു പഴം കൂടി അകത്തേക്കിട്ട് തുറന്ന വായ അടച്ചു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു നില്‍ക്കാതെ, ഈ കാണുന്ന ഫോട്ടോസ് എടുത്ത് ഞങ്ങള്‍ വണ്ടി വിട്ടു, തലശ്ശേരിയിലേക്ക്..

വെയില്‍ ചാഞ്ഞുതുടങ്ങിയിരിക്കുന്നു.. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ റോഡുപണി നടക്കുന്നതിനാല്‍ വഴിയില്‍ ചരക്കുലോറികളുടെ ബഹളമില്ല എങ്കിലും ചീറിവരുന്ന പ്രൈവറ്റ് ബസ്സുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ആയുസ്സിന്റെ ഭാഗ്യം തന്നെ വേണം.


കശുവണ്ടി ഫാക്ടറിക്കടുത്തുള്ള പള്ളിയിലെ അച്ചന്‍ സമ്മാനിച്ചഒരു ചക്ക കാറിന്റെ പിന്നിലെ സീറ്റില്‍ വിശ്രമിക്കുന്നുണ്ട്.. കൂട്ടുപുഴക്കാരി ആന്റി നിനക്കും അച്ചനും കൂടെഎന്നുപ്രത്യേകം പറഞ്ഞുതന്ന അപ്പവും ബീഫ് ഫ്രൈയും മുന്നിലെ ഡാഷ്-ബോര്‍ഡിലും. വൈകുന്നേരമായതിനാല്‍ ഒരു ചായ കുടിച്ചാല്‍ കൊള്ളാംഎന്ന് മനസ്സില്‍ തോന്നിയെങ്കിലും ഇത്തിരികൂടെ കഴിയട്ടെഎന്ന് സ്വയം ആശ്വസിപ്പിച്ച് ഡ്രൈവിംഗ് തുടര്‍ന്നു.


ഇന്‍ഫാമിന്റെ കാര്യങ്ങള്‍, അടുത്തിടെ നടത്തിയ ദുബായ് യാത്രയുടെ വിശേഷങ്ങള്‍ തുടങ്ങി പഴയതും പുതിയതുമായ ഒത്തിരി വിശേഷങ്ങള്‍ അച്ചന്‍ പറഞ്ഞുകൊണ്ടേയിരുന്നു കൂത്തുപറമ്പില്‍ എത്താറായപ്പോള്‍ മനസ്സില്‍ ലഡു പൊട്ടിയതുപോലെ അദ്ദേഹത്തിനൊരാഗ്രഹം..


എടാ, നമുക്ക് ഇവിടെ അടുത്തൊരു വീട്ടില്‍ കയറിയിട്ട് പോകാം അവിടത്തെ വല്ല്യമ്മയെ കണ്ടിട്ട് കുറെ കാലമായി.. എന്റെ പഴയൊരു പരിചയക്കാരാ..


അങ്ങനെ, മെയിന്‍ റോഡില്‍ നിന്നും ഉള്ളിലേക്ക്, അച്ചന്‍ പറഞ്ഞ വഴിയിലൂടെ വണ്ടി ഗതിമാറിയോടി ഒരു വീടിന്റെ മുന്നിലെത്തി കാറില്‍ നിന്നും ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാനെത്തിയത് ആ വീട്ടിലെ കുടുംബനാഥ.. നാഥന്‍ വെളിയിലെവിടെയോ പോയിരിക്കുന്നുവത്രേ.. തൊട്ടടുത്തുള്ള നിര്‍മലഗിരി കോളേജിലെ അധ്യാപികയാണ് എന്ന് പറയാന്‍ അച്ചന് ഒരു അവസരം കിട്ടി, പിന്നീടൊരിക്കലും മൈക്ക്അച്ചന് കിട്ടിയില്ല!!. പുതിയ കാര്‍ വാങ്ങിയത്, ഡ്രൈവിംഗ് പഠിച്ചത്, ഇതുവരെ ഉണ്ടാക്കിയ അപകടങ്ങള്‍, അങ്ങനെ അങ്ങനെ ആദ്യത്തെ അര മണിക്കൂര്‍ ടീച്ചര്‍തന്റേതാക്കി മാറ്റി മുറ്റത്തുവച്ചുള്ള ഈ കൊലപാതകംഎപ്പോ തീരും എന്നാലോചിച്ച് ഈയുള്ളവന്‍ നില്‍ക്കുമ്പോള്‍, റേഡിയോയിലെ ക്രിക്കറ്റ് കമന്ററിക്കിടയില്‍ പരസ്യം വരുന്നതുപോലെ ഒരു ഡയലോഗ്..


അയ്യോ, അച്ചനെന്നാ വന്നപടി മുറ്റത്തുതന്നെ നിക്കുന്നേ? ഹാളിലോട്ട് കയറിയാട്ടെ..


അച്ചനെ മാത്രമേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുള്ളൂ എന്നത് കാര്യമാക്കാതെ, അച്ചനെക്കാള്‍ മുന്നെ ഞാന്‍ ചാടിക്കയറി ഹാളിലെ ഒരു കസേരയില്‍ ആസനമുറപ്പിച്ചു. ഹോമ്‌ലി അറ്റ്മോസ്ഫിയര്‍ ആയതിനാല്‍ ചായ കിട്ടാതിരിക്കില്ല എന്ന കണക്കുകൂട്ടലില്‍, കുറച്ചകലെ മാറിക്കിടന്നിരുന്ന ടീപ്പോയ് , അതിന്റെ മുകളില്‍ കിടന്ന പത്രം എടുക്കാനെന്ന വ്യാജേന, ഒതുക്കത്തില്‍ അരികിലേക്കടുപ്പിച്ചിട്ടു. ടീച്ചര്‍ കത്തിക്ക് വീണ്ടും മൂര്‍ച്ച കൂട്ടുകയാണ്.. കൂട്ടിനായി അകത്തെ മുറിയില്‍ നിന്ന് വല്ല്യമ്മയും ഇറങ്ങി വന്നിരിക്കുന്നു അവരുടെ ആക്രമണം മുഴുവന്‍ അച്ചന്റെ നേരെ ആയതിനാല്‍ ഞാന്‍ വല്ല്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു നില്‍ക്കുകയാണ്.. ചായ കിട്ടിയിരുന്നെങ്കില്‍ സ്ഥലം കാലിയാക്കാമായിരുന്നു, പക്ഷേ അതിനുള്ള യാതൊരു ലക്ഷണവും കാണുന്നില്ല..


വീണ്ടും പരസ്യം ഇത്തവണ വല്ല്യമ്മയുടെ വക


അല്ലെടീ, നീ ഇവര്‍ക്കു വല്ലതും കുടിക്കാന്‍ കൊടുത്തോ?..”


തൊണ്ടയില്‍ അവലോസുണ്ട കുടുങ്ങിയതുപോലെ ഞാന്‍ അറിയാതെ വല്ല്യമ്മയെ നോക്കിപ്പോയിഇപ്പോള്‍ തന്നെ ഏകദേശം സെഞ്ച്വറിതികച്ച് മികച്ച ഫോമില്‍ നില്‍ക്കുന്ന വല്ല്യമ്മ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ കനിവുണ്ടാകണേ എന്നൊരു പ്രാര്‍ത്ഥന അപ്പോള്‍ തന്നെ സകല വിശുദ്ധന്മാരുടെയും കെയറോഫില്‍ കര്‍ത്താവിന് സബ്മിറ്റ് ചെയ്തു... ഇത്തിരി കേഴ്വിക്കുറവുള്ള വല്ല്യമ്മയുടെ കുറ്റവും കുറവും ശബ്ദം താഴ്ത്തിയും അല്ലാത്ത കാര്യങ്ങള്‍ ഉറച്ച ശബ്ദത്തിലും കീച്ചുന്ന ടീച്ചറിന് നമ്മളാലാവുന്ന ഒരു സഹായംചെയ്ത സംതൃപ്തി


വല്ല്യമ്മയുടെ ചോദ്യത്തോട് ടീച്ചറിനുള്ള പ്രതികരണമറിയാന്‍ ന്യൂസ് അവറുകാരന്റെ ജിജ്ഞാസയോടെ ക്യാമറതിരിച്ചു.. വൈഡ് ആംഗിളില്‍ നിന്നും ടപ്പേന്ന് ഡീപ് ക്ലോസപ്പ്


ഓ.. അല്ലേല്‍ തന്നെ ചൂടല്ലേ ഇനി ചായേം കാപ്പീം ഒന്നും വേണ്ടായിരിക്കും അല്ലേ അച്ചാ..?”


അപ്രഖ്യാപിത ‘പവര്‍ കട്ട്‘ സമയത്ത് കറന്റ് പോയാലെന്നതുപോലെ കണ്ണില്‍ ഇരുട്ടുകയറി ക്യാമറ ഔട്ട് ഓഫ് ഫോക്കസ്നിമിഷങ്ങള്‍ക്കകം സ്ഥലകാലബോധം വീണ്ടെടുത്തു.അല്ലേ അച്ചാ?’ എന്ന ചോദ്യഛിഹ്നത്തിലാണ് ഇനി ഏകപ്രതീക്ഷ.. എക്സ്ട്രാ ടൈമും കഴിഞ്ഞ് ഷൂട്ടൌട്ടിലേക്ക് കടന്ന ഫുട്ബോള്‍ കളിപോലെയായി കാര്യങ്ങള്‍.. പെനാല്‍ട്ടി കിക്കെടുക്കാന്‍ നില്‍ക്കുന്ന അച്ചനെ ഞാന്‍ ദയനീയമായി നോക്കി, പക്ഷേ അച്ചന്‍ അത് ശ്രദ്ധിച്ച മട്ടില്ല


നേരാ കേട്ടോ എനിക്കൊന്നും വേണമെന്നില്ല നിനക്കോടാ..?”


[യൂ റ്റൂ, അച്ചാ!!]


എന്റെ ചായക്കോപ്പയില്‍ മണ്ണുവാരിയിട്ട്, ടീച്ചര്‍ & ടീമിനെ ജയിപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ അച്ചന്‍ അടുത്ത പെനാല്‍ട്ടി ചാന്‍സ് എനിക്ക് തന്നിരിക്കുന്നു!! ഗോള്‍ അടിച്ചാലും അടിച്ചില്ലെങ്കിലും പ്രശ്നം.. മനസ്സില്‍ മുകുളമിട്ട്, ക്ഷണനേരത്തില്‍ പടര്‍ന്ന് പന്തലിച്ച്, പൂത്തുതളിര്‍ത്ത ചായകുടിഎന്ന സുന്ദരസ്വപ്നത്തെ അകാലത്തില്‍ 'അബോര്‍ട്ട്' ചെയ്ത്, ഞാന്‍ നയം വ്യക്തമാക്കി..


ഇത്തിരി പച്ചവെള്ളം കിട്ടിയിരുന്നെങ്കില്‍..


മുഴുവന്‍ പറയേണ്ടിവന്നില്ല, ഭിത്തിയില്‍ ചാരി നിന്നിരുന്ന ടീച്ചര്‍ അടുക്കളയിലേക്ക് പാഞ്ഞു ഒരു കയ്യില്‍ ഗ്ലാസ്സും മറ്റേ കയ്യില്‍ ജഗ്ഗ് നിറയെ വെള്ളവുമായി പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തി..


ഇതിലും ഭേദം ടാങ്കറില്‍ വെള്ളം കൊണ്ടുവരുന്നതായിരുന്നുഎന്ന മനസ്സില്‍ പറഞ്ഞ്, 2 ഗ്ലാസ്സ് വെള്ളം മടമടാ കുടിച്ചു


ടീച്ചറും വല്ല്യമ്മയും കൂടി ‘അച്ചന്‍ വധം’ തുടരുന്നു.. ഇനി സമയം കളയേണ്ടഎന്ന മട്ടില്‍ ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി.. ഒടുവില്‍, നിവര്‍ത്തികെട്ടിട്ടാവണം, അച്ചനും പുറപ്പെടാന്‍ തയ്യാറായി വന്നു നല്ല ചുറുചുറുക്കോടെ ആ വീട്ടിലേക്ക് ചെന്ന ആളിപ്പോള്‍ വവ്വാല്‍ ചപ്പിയ അടയ്ക്കാ പോലെ വാടിത്തളര്‍ന്നാണ് വരുന്നത്.. പാവം അച്ചന്റെ അവസ്ഥയിതാണെങ്കില്‍, ഒരു വര്‍ഷം മുഴുവന്‍ ആ ടീച്ചറെ സഹിക്കേണ്ടി വരുന്ന കുട്ടികളുടെ ഗതികേട് എന്താവുമെന്ന് ഞെട്ടലോടെ ഓര്‍ത്തു..


പിന്നെ സമയം പാഴാക്കിയില്ല തിടുക്കത്തില്‍ കാറില്‍ കയറി സ്ഥലം കാലിയാക്കി ഇരുളുമൂടിയ ഇടവഴിയിലൂടെ പ്രധാന പാതയിലേക്ക്..


ഇരുളിന്‍ നടുവില്‍, വൈദ്യുതിവിളക്കുകളുടെ സഹായത്താല്‍ വിളറി വെളുത്ത കൂത്തുപറമ്പ് ടൌണും, പോലീസുകാരുടെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ പാനൂര്‍ പട്ടണവും താണ്ടി കാര്‍ തലശ്ശേരിയിലെത്തി സമയം 8 മണിസന്ദേശ ഭവനില്‍ വല്ലതും കഴിക്കാനുണ്ടാവുമോ എന്നൊരു ശങ്ക.. ഒരു ചായ കുടിയുടെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല, അതുകൊണ്ട് അച്ചന് ഒരു സൂചന നല്‍കി;


സമയമിത്രയും ആയില്ലേ കഴിക്കാന്‍ വല്ലതും മേടിച്ചുകൊണ്ടു പോകണോ?”


ഹെയ്, അതൊന്നും വേണ്ട പോയി നോക്കാം എന്തെങ്കിലും കാണാതിരിക്കില്ല..


പണിയാവുമോ? ഡാഷ്-ബോറ്ഡില്‍ വിശ്രമിക്കുന്ന അപ്പവും ബീഫ് ഫ്രൈയും മനസ്സില്‍ തെളിഞ്ഞുഒരു ബലത്തിന് പിന്സീറ്റിലിരിക്കുന്ന ചക്കയുമുണ്ട് പക്ഷേ, പച്ച ചക്ക എങ്ങനെ മുറിക്കും?? ഏതായാലും വരുന്നിടത്തുവച്ചു കാണാം വണ്ടി സന്ദേശ ഭവനിന്റെ മുന്നില്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോളാണ് അച്ചന് അടുത്ത ലഡ്ഡുപൊട്ടിയത്..


അയ്യോടാ ഈ ചക്ക ഒരിടത്തുകൊടുക്കണമായിരുന്നു ഇപ്പോള്‍ തന്നെ കൊടുക്കുവായിരുന്നെങ്കില്‍ അവര്‍ രാവിലെ വേവിച്ചു തിന്നോണ്ടേനെ..


മനസ്സില്‍ ചക്ക വച്ചിരുന്ന സ്ഥലത്ത് അതോടെ വേലികെട്ടിത്തിരിച്ച് വില്‍പ്പനയ്ക്ക്എന്ന ബോറ്ഡ് നാട്ടിഅല്ലെങ്കില്‍ തന്നെ ഈ പച്ചചക്ക ആര്‍ക്ക് വേണംഎന്ന് ഉള്ളിന്റെയുള്ളില്‍ വളരെ പതുക്കെ പറഞ്ഞ് വീണ്ടും വണ്ടി സ്റ്റാര്‍ട്ടാക്കി തൊട്ടടുത്തുതന്നെയുള്ള ഒരു വൃദ്ധസദനത്തിലേക്കാണ് പോകുന്നത് എന്ന കാര്യം അവിടെ ചെന്നപ്പോളാണ് അറിഞ്ഞത്.. രാത്രിയായതിനാല്‍ വണ്ടി കോമ്പൌണ്ടിനുള്ളിലേക്ക് കടത്തിവിടില്ല.. ഇത്തിരിനേരം കാത്തുനിന്നപ്പോള്‍, മനസ്സുകുളിര്‍ക്കുന്ന പുഞ്ചിരിയോടെ ഒരു അമ്മവന്നെത്തിഅസമയത്തു കാറില്‍ വന്നിറങ്ങിയ ചക്കയെ കണ്ടപ്പോള്‍ ആ അമ്മയുടെ മുഖത്ത് അമ്പരപ്പ്.. യാത്രപറഞ്ഞ്, കുറച്ചുമുന്നിലേക്ക് വണ്ടിനീങ്ങിയപ്പോളാണ് അപ്പവും ബീഫും കൂടെ അവര്‍ക്കു കൊടുത്താലോ എന്ന് അച്ചന്‍ ചോദിച്ചത് മറുത്തൊന്നും പറയാതെ, അതേ ക്ഷണത്തില്‍ കാര്‍ പിന്നിലേക്ക് എടുത്തു


ഇതു കുറച്ച് അപ്പമാണേ ഇവന്റെ ആന്റി കൊടുത്തുവിട്ടതാ എല്ലാവരും കൂടെ കഴിച്ചോ കേട്ടൊ..


മുന്നോട്ട് പോയതിനേക്കാള്‍ വേഗതയില്‍ കാര്‍ പിന്നിലേക്ക് വരുന്നതും നോക്കി അമ്പരപ്പോടെ നിന്നിരുന്ന അമ്മയുടെ കയ്യിലേക്ക് ആ പായ്ക്കറ്റ് കൊടുത്ത് അച്ചന്‍ പറഞ്ഞതുകേട്ടപ്പോള്‍ ഇത്തിരി കുറ്റബോധം തോന്നാതിരുന്നില്ല


വീണ്ടുംസന്ദേശ ഭവനിലേക്ക്..


സന്ദേശ ഭവന്‍ തലശ്ശേരി അതിരൂപതയുടെ ഭരണസിരാകേന്ദ്രം നാഷണല്‍ ഹൈവേയില്‍ നിന്നും അധികം അകലെയല്ലാതെ, കടല്‍തീരത്തോട് ചേര്‍ന്നുള്ള ശാന്തസുന്ദരമായ തെങ്ങിന്‌തോപ്പില്‍ തന്റെ വരാന്തകളും നീട്ടിവച്ച് ആരെയോ കാത്തിരിക്കുന്ന ഭാവത്തില്‍ നിലകൊള്ളുന്ന ഈ ‘ഭവന’ത്തില്‍ എത്രയോ തവണ അന്തിയുറങ്ങിയിരിക്കുന്നു! തൊട്ടടുത്ത വളപ്പിലാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ ‘ബിഷപ്സ് ഹൌസ്’

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, തലശ്ശേരി അതിരൂപത സംബന്ധമായ എല്ലാകാര്യങ്ങളും ഈ സന്ദേശഭവനിലൂടെയാണ് നടക്കുന്നത്അതിരൂപതയുടെ കീഴില്‍ വരുന്ന ഒട്ടുമിക്ക സാമൂഹിക-സാംസ്കാരിക-ക്രിസ്തുമത സംഘടനകളുടെയും ആസ്ഥാനവും മറ്റൊന്നല്ല. ‘മിഷന് ലീഗ്’ എന്ന ബാലസംഘടനയുടെ ബലത്തിലാണ് ഞാന്‍ എറ്റവും കൂടുതല്‍ തവണ ഈ പടികള്‍ ചവിട്ടിയതെങ്കിലും നന്നേ ചെറുപ്പത്തില്‍ തന്നെ അവിടത്തെ ഇടനാഴികളും മുറികളും മറ്റും എനിക്ക് പരിചതമായിരുന്നു പില്‍ക്കാലത്ത് ‘മിഷന്‍ ലീഗി’ന്റെ വകയായുള്ള ക്യാമ്പുകള്‍, രൂപതാ തലത്തിലുള്ള മത്സരങ്ങള്‍ തുടങ്ങിയ പലപരിപാടികള്‍ക്കും ഈ ഭവനം എനിക്ക് ആതിഥ്യമരുളിപ്രസംഗ മത്സരത്തില്‍ പങ്കെടുത്തിരുന്ന എന്റെ ചിലമ്പിച്ച ശബ്ദം ആ വലിയ ഹാളിലെ ഭിത്തികളില്‍ തട്ടി എത്ര വട്ടം തകര്‍ന്നിരിക്കുന്നു!


ഒരിക്കല്‍കൂടി ആ തിരുമുറ്റത്തെത്തുവാന്‍, ആ മടിത്തട്ടില്‍ തല ചായ്ച്ചുറങ്ങാന്‍ ഭാഗ്യമുണ്ടായിരിക്കുന്നുകാലം കാര്യമായ മാറ്റങ്ങളൊന്നും സന്ദേശഭവനില്‍ വരുത്തിയിട്ടില്ല.. കടല്‍ക്കാറ്റിന്റെ സമൃദ്ധിയില്‍ മുങ്ങിക്കുളിക്കുന്ന നീളന്‍ വരാന്തകളും ശാന്തമായ ചാപ്പലും പാഞ്ചാലിയുടെ അക്ഷയപാത്രം പോലെ സദാസമയവും ഭക്ഷണമൊരുക്കി കാത്തിരിക്കുന്ന ആ അടുക്കളയും – ഒന്നും മാറിയിട്ടില്ല.


അടുത്ത ദിവസം ഞായറാഴ്ചയാണ് കാലത്ത് പള്ളിയില്‍ പോയാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒറ്റപ്ലാക്കന്‍ അതിനുള്ള വഴികള്‍ ആലോചിച്ചു. രാവിലെ 6.30-ന് ആണ് കുര്‍ബാന, അതും കഴിഞ്ഞ് നേരെ കോട്ടയത്തേക്ക് തിരിക്കണം. കുറച്ചകലെയായി സ്ഥിതിചെയ്യുന്ന കത്തീഡ്രല്‍ എവിടെയാണെന്ന് എനിക്കറിയാമെന്ന്‍ പറഞ്ഞെങ്കിലും അച്ചന്‍ സമ്മതിക്കുന്നില്ല


“നീ കുര്‍ബാന സമയമാവുമ്പോള്‍ ആ റോഡിലേക്ക് ഇറങ്ങിയാല്‍ മതി നേഴ്സുമാരു പിള്ളേരും സിസ്റ്റേഴ്സുമൊക്കെ നടന്നുപോവുന്നത് കാണാം.. അവരുടെ പിന്നാലെ പോയാല്‍ പള്ളിയിലെത്തും..”


അച്ചന്‍ ഒന്ന് ആക്കിയതാണോ?? പാളി നോക്കി ഹേയ്, അച്ചന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല സീരിയസ് ആയി തന്നെ പറഞ്ഞതാണ് (അല്ലെങ്കില്‍ തന്നെ, ഡീസന്റായ എന്നെക്കുറിച്ചു അച്ചന്‍ മറിച്ച് ചിന്തിക്കേണ്ട കാര്യമൊന്നുമില്ലല്ലോ..). കാലത്തെ റോഡിലിറങ്ങിയപ്പോള്‍ അച്ചന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് മനസ്സിലായി പള്ളിയിലേക്കുള്ള വഴിനീളെ പെണ്‍പട.. സമീപത്തെ മഠങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമൊക്കെ ജാഥപോലെ നാരീജനങ്ങള്‍ വരിവരിയായി നീങ്ങുന്നു.


(ഇത് തലശ്ശേരി കത്തീട്രല്‍... ഇടതുവശത്തായി കാണുന്നത്, ഈയിടെ 'തട്ട വിവാദ'ത്തിലൂടെ കുപ്രസിദ്ധി നേടിയ സാന്ജോം സ്കൂള്‍..)

പള്ളിയില്‍നിന്നും തിരികെയെത്തി, അച്ചനോട് യാത്ര പറഞ്ഞിറങ്ങി തലശ്ശേരി ടൌണില്‍ ഒരു കുടുംബം കാത്തുനില്‍ക്കുന്നു, അവരോടൊപ്പമാണ് കോട്ടയം യാത്ര സന്ദേശഭവന്റെ ഗേറ്റ് കടക്കുമ്പോള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കി, ഒരു യാത്രപറച്ചില്‍ പോലെഇനിയൊരിക്കല്‍ കൂടി അവിടെയെത്തുവാന്‍ അവസരമുണ്ടാകുമോ എന്നറിയല്ല..

എങ്കിലും ഈ (ജീവിത) യാത്ര തുടരുന്നു