Tuesday 10 August 2010

ഇന്ത്യന്‍ കോഫീ ഹൗസിലേക്ക്...


ഇന്ത്യൻ കോഫീ ഹൗസ്‌... കേൾക്കുമ്പോൾ തന്നെ ഉള്ളം കുളിർക്കും, അപ്പോൾപ്പിന്നെ അവിടെ ചെന്നാലത്തെ കാര്യം പറയണോ? 3 വർഷത്തോളം നീണ്ടുനിന്ന കമ്പ്യൂട്ടർ പഠനകാലത്താണ്‌ എന്റെ 'കോഫീ ഹൗസ്‌' പ്രണയം മൊട്ടിട്ട്‌ വിരിഞ്ഞത്‌. 40-ൽ അധികം കിലോമീറ്ററുകൾ അകലെയുള്ള പഠനകളരിയിലേക്ക്‌ അതിരാവിലെ പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും പ്രാതൽ കഴിക്കുക എന്നത്‌ ഒരിക്കലും സാധിക്കാറില്ല. അങ്ങനെയാണ്‌, കണ്ണൂർ റെയിൽവേ സ്റ്റേഷന്‌ അടുത്തുള്ള പ്ലാസ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസിൽ ഒരു പതിവുകാരനായി മാറുന്നത്‌... കുറഞ്ഞവിലയ്ക്ക്‌ ഗുണമേന്മയുള്ള ഭക്ഷണം, ഒപ്പം സൗകര്യപ്രഥമായ അന്തരീക്ഷവും - ഇതായിരുന്നു അവിടേയ്ക്ക്‌ ആകർഷിക്കാനുള്ള പ്രധാന ഘടകങ്ങൾ. പതിയെപ്പതിയെ, 'പ്ലാസ' കോഫീ ഹൗസ്‌ സ്വന്തം വീടുപോലെ പ്രിയങ്കരമായി..

പ്ലാസ കോഫീ ഹൗസിലെ പ്രഭാതങ്ങൾക്ക്‌ എന്നും റൊമാന്റിക്‌ ഭാവമാണ്‌. ഫോർട്ട്‌ റോഡിലെ വാഹനങ്ങളുടെയോ ജനസഞ്ചയങ്ങളുടെയോ ബഹളങ്ങളൊന്നും ആ ഇടുങ്ങിയ ഇടനാഴിയിലൂടെ ഉള്ളിലേക്ക്‌ കടന്നുവരില്ല. ഹാളിൽ പ്രകാശത്തിന്റെ അതിപ്രസരമില്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത... സമാധാനമായിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റിയ അന്തരീക്ഷം. (പക്ഷേ, ആ ശാന്തതയൊന്നും ഉച്ചഭക്ഷണ സമയത്ത്‌ കണികാണാൻ കിട്ടില്ല... മറ്റേതൊരു കോഫീ ഹൗസിലേയുമെന്നതുപോലെ 'കസേരകളിക്കാരുടെ' ബഹളം ഗ്യാരണ്ടി..)


പൂരി - മസാല... കൂടെ ഒരു കാപ്പി; ഇതായിരുന്നു മിക്കവാറും എന്റെ മെനു. കീശയിലെ കാശിന്റെ കനത്തിനനുസരിച്ച്‌ പൂരികളുടെ എണ്ണം കൂടിയും കുറഞ്ഞുമിരുന്നു. പിന്നെയൊരു വീക്നെസ്‌ ഉപ്പുമാവ്‌ ആണ്‌.. (ഇന്നും അങ്ങനെ തന്നെ.. :)). കണ്ണൂർ ആസ്ഥാനമായുള്ള കോഫീ ഹൗസുകളിൽ 'നോൺ വെജ്‌' ഭക്ഷണം കിട്ടില്ല.. (ഇന്നും ആ പതിവ്‌ തുടരുന്നു എന്നാണെന്റെ വിശ്വാസം.) നോൺ വെജ്‌ വേണ്ടവർക്ക്‌ 'ബുൾസ്‌ ഐ' (പ്രാതലിന്‌) അല്ലെങ്കിൽ 'ഓംലറ്റ്' (ഉച്ചയൂണിന്‌) കഴിച്ച്‌ സമാധാനിക്കാം. പക്ഷേ, ഇതൊക്കെ പരീക്ഷിച്ചുനോക്കാനുള്ള ചങ്കൂറ്റം അന്നുണ്ടായിരുന്നില്ല.

ഫോർട്ട്‌ റോഡിൽ തന്നെയുണ്ട്‌ മറ്റൊരു ശാഖ... അക്കാലത്ത്‌ ഉച്ചയൂണ്‌ അവിടെ നിന്നാണ്‌. 14 രൂപയ്ക്ക്‌ അത്ര നല്ല ചോറും കറികളും വേറെ എവിടെ കിട്ടാൻ! ഇരിപ്പിടം കിട്ടാനുള്ള പരക്കംപാച്ചിലൊഴിച്ചാൽ ബാക്കിയെല്ലാം ബഹുകേമം. 'കാൽടെക്സി'ലാണ്‌ ഇനിയൊരെണ്ണം. ഹൈവേയുടെ ഓരത്തായതിനാൽ ഇവിടെ തിരക്കൊഴിഞ്ഞ നേരമില്ല.

കണ്ണൂരിലെ പഠനത്തിൽ നിന്നും തളിപ്പറമ്പിലെ ജോലിയിലേക്ക്‌ കാലുമാറ്റിച്ചവിട്ടിയപ്പോൾ, ഉച്ചഭക്ഷണത്തിന്‌ ഹൈവേയിലെ കോഫീ ഹൗസായിരുന്നു ആശ്രയം. കൂട്ടുകറിയും തൈരും കൂട്ടിക്കുഴച്ചുള്ള ആ 'അവസാന പിടുത്ത'ത്തിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ നിൽക്കുന്നു.. തലശ്ശേരി സ്റ്റേഡിയത്തിന്‌ സമീപം, പാലക്കാട്‌ ബസ്റ്റാന്റിന്‌ അരികെ, തൃശ്ശൂർ റൗണ്ടിൽ, എറണാകുളം സൗത്തിൽ, ബോട്ട്‌ ജെട്ടിക്കരികിൽ, കാലടിക്കടുത്ത് മറ്റൂര്‍ ജംഗ്ഷനില്‍... അങ്ങനെ ഒറ്റയ്ക്കും തെറ്റയ്ക്കും കയറിയിറങ്ങിയ കോഫീ ഹൗസുകളുടെ ലിസ്റ്റ്‌ നീളുന്നു...

തൊഴിലാളിവർഗ്ഗത്തിന്റെ ഒരുമയുടെയും സഹനത്തിന്റെയും അധ്വാനത്തിന്റെയുമൊക്കെ വിജയഗാഥയാണ്‌ ഇന്ന് ഇന്ത്യൻ കോഫീ ഹൗസുകൾക്ക്‌ പറയാനുള്ളത്‌.. 1940-കളിൽ, ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 'കോഫീ ബോർഡി'ന്റെ കീഴിൽ തുടക്കമിട്ട 'ഇന്ത്യ കോഫീ ഹൗസു'കളായിരുന്നു ഇന്നത്തെ 'ഇന്ത്യൻ കോഫീ ഹൗസു'കളുടെ പൂർവ്വികർ. എന്നാൽ 1950-കളുടെ മദ്ധ്യത്തോടെ, എന്തോ ചില നയപരമായ മാറ്റങ്ങളുടെ പേരിൽ, 'ബോർഡ്‌' കുറെയേറെ 'കോഫീ ഹൗസു'കൾ അടച്ചുപൂട്ടുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഒരു വലിയ തൊഴിലാളി മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു അത്‌... പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവായ സഖാവ്‌ എ. കെ. ഗോപാലന്റെ (എ.കെ.ജി) നേതൃത്വത്തിൽ, പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ ഒരുമിച്ചുകൂട്ടി, ഇന്ത്യയൊട്ടാകെ 'ഇന്ത്യ കോഫീബോർഡ്‌ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റി' എന്ന പേരിൽ സോസൈറ്റികൾ രൂപീകരിക്കുകയും അതിൽ ആദ്യത്തേത്‌ 1957 ആഗസ്ത്‌ മാസത്തിൽ ബാംഗ്ലൂരിൽ തുടക്കമിടുകയും ചെയ്തു. രണ്ട്‌ മാസങ്ങൾക്കു ശേഷം (1957 ഒക്ടോബർ 27), ഡെൽഹിയിൽ, ഇന്നുകാണുന്ന ഇന്ത്യൻ കോഫീ ഹൗസുകളുടെ ആദ്യശാഖ തുറന്നു. കേരളത്തിലെ ആദ്യ സോസൈറ്റി രൂപീകൃതമാവുന്നത്‌ 1958 ഫെബ്രുവരിയിൽ തൃശ്ശൂരിലാണ്‌. അതേവർഷം മാർച്ച്‌ 8-ന്‌, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ നാലാമത്തേതുമായ കോഫീ ഹൗസ്‌ ശാഖ, സാക്ഷാൽ എ.കെ.ജി തന്നെ തൃശ്ശൂരിൽ ഉത്ഘാടനം ചെയ്തു. ഇന്ന്, 50-ൽ അധികം ശാഖകളുമായി കേരളം, മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്‌...

കേരളത്തിൽ 2 സോസൈറ്റികളാണുള്ളത്‌; തൃശ്ശൂർ ഒഴികെയുള്ള മലബാർ ജില്ലകളിലെ കോഫീ ഹൗസുകളുടെ ആസ്ഥാനം കണ്ണൂരിലും, ബാക്കി ജില്ലകളുടെ കേന്ദ്രം തൃശ്ശൂരിലും... നേരത്തെ പറഞ്ഞതുപോലെ 'മലബാർ' കോഫീ ഹൗസുകൾ ശുദ്ധ വെജിറ്റേറിയന്മാരും 'തെക്കൻ' കോഫീ ഹൗസുകൾ നോൺ വെജുമാണ്‌... (ഈ പറഞ്ഞത്‌ സ്വയം രുചിച്ചറിഞ്ഞ്‌ കണ്ടെത്തിയത്‌..)

'മലബാറികൾക്ക്‌' പിന്നെയുമുണ്ട്‌ പ്രത്യേകത.. അതാത്‌ സമയങ്ങളിലെ ഭക്ഷണം മാത്രമേ കിട്ടുകയുള്ളൂ... എന്നുവച്ചാൽ, ഊണിന്റെ നേരത്ത്‌ ചായ ചോദിച്ചാൽ കിട്ടില്ല... പ്രാതലിന്‌ ഉപ്പുമാവ്‌, പൂരി-മസാല, ചപ്പാത്തി, പൊറോട്ട തുടങ്ങിയവ... ഉച്ചയ്ക്ക്‌ ചൂടുചോറും കറികളും മാത്രം.. കൂട്ടത്തിൽ കേമന്മാർ വൈകുന്നേരമാണ്‌ എത്തുക - മസാല ദോശ, വെജിറ്റബിൾ കട്‌ലറ്റ്‌.. സ്വന്തം കോഫീ ബോർഡിൽ നിന്നുമുള്ള പൊടി ചേർത്ത ഒരു കാപ്പിയോ ചായയോ കൂടെ ആയാൽ ബലേഭേഷ്‌! നല്ല ഒന്നാന്തരം കാപ്പിപ്പൊടിയും ഇവിടെ വാങ്ങാൻ കിട്ടും എന്നത്‌ മറക്കേണ്ട.



സമൂഹത്തിലെ ഉന്നതന്മാർ മുതൽ താഴേത്തട്ടിലെ സാധാരണക്കാർ വരെയെത്തുന്ന കോഫീഹൗസുകളിലെ ഭക്ഷണപ്രിയർക്കുമുണ്ട്‌ ചില പ്രത്യേകതകൾ... കൂടുതൽ പേരും കുടുംബത്തോടൊപ്പാണ്‌ ഇവിടെയെത്തുന്നത്‌.. സ്വന്തം വീട്ടിലെന്നതുപോലെ, ശാന്തത്തയോടെ, സന്തോഷത്തോടെ ഭക്ഷണം ആസ്വദിക്കുന്നവർ... എത്ര തിരക്കുണ്ടായാലും ക്ഷമയോടെ കാത്തിരിക്കുന്നവർ... 'വീട്‌ വിട്ടാൽ മറ്റൊരു വീട്‌' എന്ന പരസ്യവാചകം പോലെ, എല്ലാവരെയും സ്വീകരിക്കാൻ പ്രസന്നഭാവത്തോടെ, സദാ സന്നദ്ധരായി നിൽക്കുന്ന ജീവനക്കാർ... അവരുടെ ആതിഥേയത്വമൊക്കെ ആസ്വദിച്ച്‌, സംതൃപ്തിയോടെ മടങ്ങുമ്പോൾ 'അടുത്ത വരവ്‌ എപ്പോൾ' എന്നാവും ഓരോരുത്തരും ചിന്തിക്കുന്നുണ്ടാവുക.
 
ഇന്ന് രാവിലേയെന്നതുപോലെ, ഗൃഹാതുരമായ ഓർമ്മകളിൽ കോഫീഹൗസുകൾ തിളങ്ങുന്നു.. തലയിൽ പ്രത്യേകരീതിയിൽ മെടഞ്ഞ തൊപ്പിയും ധരിച്ച്‌, കയ്യിലെ ട്രേയിൽ നിന്നും ചൂടുകരിങ്ങാലിവെള്ളം നിറച്ച ഗ്ലാസ്സ്‌ മേശപ്പുറത്തുവച്ച്‌, 'എന്താണ്‌ കഴിക്കാൻ വേണ്ടത്‌?' എന്ന ചോദ്യഭാവത്തിൽ നിൽക്കുന്ന ഒരു വെള്ള വസ്ത്രധാരി കണ്മുന്നിൽ തെളിയുന്നു..
 
ഇന്ത്യൻ കോഫീ ഹൗസുകളിലെ എല്ലാ തൊഴിലാളികൾക്കും അഭിവാദനങ്ങൾ... ആശംസകൾ..



വാൽക്കഷണം: കോഫീഹൗസുകളിൽ പൊതുവായി കാണുന്നത്‌ ഒരാളുടെ ചിത്രം മാത്രം - തങ്ങളുടെ 'രക്ഷകനായി' അവതരിച്ച സഖാവ്‌ എ.കെ.ജി-യുടേത്‌!


(കടപ്പാട്‌: ഗൂഗിൾ, ഐ.സി.എച്ച്‌. വെബ്സൈറ്റ്‌, വിക്കിപീഡിയ)

Wednesday 4 August 2010

അമ്മമനസ്സ്…

അമ്മ... രണ്ടക്ഷരങ്ങളിൽ സമ്മേളിക്കുന്ന സ്നേഹപ്രവാഹം.. അമ്മയെന്ന് കേൾക്കുമ്പോൾ സ്വന്തം അമ്മയെ ഓർക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. പത്ത് മാസം തന്റെ ചോരയും നീരും പകർന്ന്, നൊന്ത് പ്രസവിച്ച്, അമ്മിഞ്ഞപ്പാലിന്റെ മാധുര്യമൂട്ടി, നമ്മെ നാമാക്കിയ നമ്മുടെ അമ്മമാർ!

ഇവിടെയിതാ ഒരമ്മ.. ഊണും ഉറക്കവുമുപേക്ഷിച്ച്, കണ്ണുതുറക്കാത്ത തന്റെ കുഞ്ഞിന്‌ കാവലിരിക്കുന്ന മാതൃത്വം. ഇന്നലെ രാവിലെയാണ്‌, ഫ്ലാറ്റിലെ കോണിപ്പടികൾക്കു താഴെ ഈ അതിഥികളെത്തിയത്... വൈകീട്ട് ഓഫീസിൽ നിന്ന് തിരികെ ചെല്ലുമ്പോഴും രണ്ടാളും അവിടത്തന്നെയുണ്ട്; ഒരേ കിടപ്പ്! രാത്രിയിൽ, ഭക്ഷണം കഴിച്ച് മടങ്ങി വരുമ്പോളാണ്‌, രണ്ടാളുടെയും പടം പിടിക്കാമെന്ന കൗതുകം തോന്നിയത്..

ടൈൽസ് പതിച്ച തറയുടെ തണുപ്പിൽ തലചേർത്ത്, ക്ഷീണിതയായി കിടക്കുന്ന സുന്ദരിയമ്മ! ആ കിടപ്പിലും അവളുടെ നോട്ടമെത്തുന്നത് തന്നോട് ചേർന്നുകിടക്കുന്ന പൊന്നോമനയിലേക്ക് തന്നെ.. ഗർഭപാത്രത്തിലെ സുഖസുഷുപ്തിയിൽ നിന്നും ഭൂമിയിലേക്ക് വിളിച്ചുണർത്തിയതിന്റെ ദേഷ്യത്തിലെന്നവണ്ണം, കണ്ണുകൾ ഇറുകെപ്പൂട്ടി കിടക്കുന്ന കൊച്ചുമിടുക്കി (അതോ, മിടുക്കനോ?).
മൊബൈൽ ക്യാമറയുടെ ഫ്ലാഷ് മിന്നിയപ്പോൾ, കണ്ണുകളുയർത്തി ഒന്നുനോക്കിയതല്ലാതെ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല ആ അമ്മ. കുഴപ്പക്കാരനല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടോ, അല്ലെങ്കിൽ വയ്യായ്ക കൊണ്ടോ ആവാം. അവരെ കൂടുതൽ ശല്യപ്പെടുത്താതെ റൂമിലേക്ക് പോകാൻ തുടങ്ങവെയാണ്‌ ഒരു ചിന്ത മനസ്സിലുദിച്ചത് - ഇവൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ? രാവിലെ കണ്ടപ്പോൾ മുതൽ ഇതേ കിടപ്പാണ്‌, കുഞ്ഞിന്റെ അരികിൽ നിന്ന് മാറിയ ലക്ഷണമൊന്നും കാണുന്നില്ല.

അധികം ആലോചിക്കാൻ നിന്നില്ല; രാവിലെ ചായയുടെ കൂടെ കഴിക്കാനായി വാങ്ങിയ ബിസ്കറ്റിൽ ഒരെണ്ണം പൊട്ടിച്ച് അവളുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു... ചിക്കനും മട്ടനും കഴിച്ചുവളരുന്ന ഇവിടത്തെ പൂച്ചകൾ മധുരം കഴിക്കുമോ എന്ന സംശയം ഉടനെ തന്നെ മാറിക്കിട്ടി; ഒരു മടിയും കൂടാതെ അവൾ കഴിച്ചു തുടങ്ങി. കുഞ്ഞിനെ ബുദ്ധിമുട്ടിക്കാതിരിക്കാനാവണം, കിടന്ന കിടപ്പിൽ തല മാത്രം അനക്കിയാണ്‌ തീറ്റ! ഒരു കഷണം കഴിച്ചിട്ട് അവളാദ്യം ചെയ്തത് , ആ കുരുന്നുജീവനെ നന്നായൊന്ന് നക്കിത്തുടക്കുകയാണ്‌! എന്തായിരിക്കും അതിന്റെ ഗുട്ടൻസ് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല. കുഞ്ഞിനെയും അമ്മയെയും അവരുടെ സ്വകാര്യതയിൽ വിട്ട് റൂമിലെത്തിയിട്ടും ആ ചിത്രം മനസ്സിൽ തങ്ങി നിന്നു.

ഇത്രമാത്രം പറയാൻ ഈ ‘പൂച്ചക്കഥ’യിൽ എന്താണിത്ര പ്രത്യേകത എന്നാവും ഇപ്പോ ചിന്തിക്കുന്നത് അല്ലേ? അതിന്‌ എനിക്കും ഉത്തരമില്ല. പക്ഷേ; നവജാത ശിശുവിനെ കുളിമുറിയിലോ കുപ്പത്തൊട്ടിയിലോ ഉപേക്ഷിക്കുന്ന അമ്മമാരുടെ, പിഞ്ചുകുഞ്ഞിന്റെ കയ്യും കാലും പിരിച്ചൊടിക്കുന്ന മാതാപിതാക്കളുടെ, അമ്മത്തൊട്ടിലുകളിൽ ദിനേനയെന്നോണം കൂടുന്ന അംഗസംഖ്യയുടെ വാർത്തകൾ നിറയുന്ന പത്രത്താളുകളിൽ നിന്നും ഈ ‘പൂച്ചമ്മ’യിലേക്കുള്ള ദൂരം എത്ര വിദൂരം!! (തള്ളുമ്പോഴും കൊള്ളുമ്പോഴും തല്ലുമ്പോഴും കൊല്ലുമ്പോഴും തന്റെ കുഞ്ഞിനോടുള്ള സ്നേഹം മാത്രമാവും ഏതൊരു അമ്മയുടെയും മനസ്സിലുണ്ടാവുക എന്ന് സ്വയം ആശ്വസിക്കുന്നു...)

ഇന്ന് രാവിലെ ഓഫീസിലേക്ക് പോകാനായി കോണിപ്പടികൾ ഇറങ്ങുമ്പോൾ ആദ്യം തിരഞ്ഞത് ആ അമ്മയെയും കുഞ്ഞിനെയുമാണ്‌... പക്ഷേ, ഇന്നലെ കൊടുത്ത ബിസ്കറ്റിന്റെ ചില കഷണങ്ങളല്ലാതെ പൂച്ച കിടന്നിടത്ത് പൂട പോലുമില്ല! പെട്ടെന്ന്, പുറത്തൊരു കരച്ചിൽ... ചെന്നുനോക്കുമ്പോൾ അവളാണ്‌, എന്നെ കാത്തുനില്ക്കുന്ന ഭാവത്തിൽ... ‘നിന്റെ കുഞ്ഞെവിടെ?’ എന്ന് മനസ്സിൽ ചോദിച്ചു... അത് മനസ്സിലാക്കിയിട്ടോ എന്തോ, അവൾ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. ഇത്തിരി നേരം അവിടെ നിന്നിട്ട്, ഓഫീസിലേക്കുള്ള നടത്തം തുടരുമ്പോഴും പിന്നിൽ അവളുടെ ശബ്ദമുയരുന്നു...
 
എന്താവാം അവൾ പറയുന്നത്??