Saturday 24 July 2010

സീമകളില്ലാതെ...



കൊച്ചിയിലെ ജോലിക്കാലം... പതിവുപോലെ, ആഴ്ചവട്ടം ചിലവിടാനായി പോകാറുള്ള കൂട്ടുകാരന്റെ വീട്ടിൽ, ഒരു ഗ്ലാസ്സ് കാപ്പിയുടെ അകമ്പടിയോടെ ‘മനോരമ’ പത്രത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്ന ഒരു പ്രഭാതം... 


‘ആത്മഹത്യാശ്രമം: വിദ്യാർത്ഥിനി ആശുപത്രിയിൽ’ 


മറിഞ്ഞുപോകുന്ന താളുകളിലൊന്നിൽ തെളിഞ്ഞ ആ ചെറിയ തലക്കെട്ട് കണ്ണുകളിൽ ഉടക്കിയെങ്കിലും ഒരു പതിവ് വാർത്ത എന്നതിലപ്പുറം പ്രാധാന്യം കൊടുക്കാതെ അടുത്ത പേജിലേക്ക് കടക്കുമ്പോളാണ്‌, ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ മിന്നിയത്... ആ ഫോട്ടോ.. എവിടെയോ കണ്ടുപരിചയമുള്ള മുഖം... ഈശ്വരാ, ഇത് ശ്യാമയല്ലേ!!


വാർത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന പേരിലേക്കാണ്‌ പെട്ടെന്ന് കണ്ണോടിച്ചത്... അതെ, അത് ശ്യാമ തന്നെ. പത്താം ക്ളാസ്സുവരെ, വ്യത്യസ്ത ക്ലാസ്സുകളിലാണെങ്കിലും, ഒരേ സ്കൂളുകളിൽ പഠിച്ചുവളർന്നവർ... പഠനത്തിൽ കേമിയായിരുന്ന ശ്യാമ, ടീച്ചേഴ്സിന്റെ വാത്സല്യഭാജനവുമായിരുന്നു; അതുകൊണ്ടുതന്നെ മറ്റ് കുട്ടികൾക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾക്ക്, അവളോട് ഇത്തിരി അസൂയ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്‌. സദാ പുഞ്ചിരി തൂവുന്ന മുഖവുമായി, പ്രസന്നവതിയായി നടന്നിരുന്ന ശ്യാമയ്ക്ക് ഇങ്ങനെ ഒരു ഗതി വന്നുചേരുകയോ? ഉൾക്കൊള്ളാൻ സാധിക്കുന്നില്ല...


താൻ പഠിക്കുന്ന കോളേജിലെ അധ്യാപകനുമായി സ്നേഹബന്ധത്തിലേർപ്പെടുകയും, ഒടുവിൽ രണ്ടാളും ചേർന്നുള്ള ആത്മഹത്യാശ്രമത്തെ തുടർന്ന്, ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്‌ വാർത്തയുടെ ചുരുക്കം. എന്നിട്ടും സംശയം ബാക്കി... ശ്യാമ എന്തിനിതു ചെയ്തു? 


സിനിമാ നടി മേനകയുടെ മുഖഛായയായിരുന്നു ശ്യാമയ്ക്ക്... ആരെയും ആകർഷിക്കുന്ന, സൗമ്യമായ പെരുമാറ്റവും സംസാരവും. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനും അമ്മയും അനുജത്തിയും അനുജനും അടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ വിളക്കായിരുന്നു അവൾ..


ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒപ്പിച്ച ഒരു കുരുത്തക്കേടാണ്‌, ശ്യാമയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത്... ഉച്ചഭക്ഷണസമയത്തെ ഇടവേള... രണ്ട് കൂട്ടുകാരികൾക്കൊപ്പം ശ്യാമ പുറത്തേക്കെവിടേക്കോ നടന്നുനീങ്ങുന്നു. ആ നേരത്താണ്‌ എവിടെനിന്നെന്നറിയാതെ ഒരു തുമ്മൽ എന്നെ തേടിയെത്തിയത്.. വല്ല്യ ‘തെറ്റില്ലാത്ത’ മട്ടിൽ തുമ്മൽ അവസാനിപ്പിച്ച്, തലയുയർത്തിനോക്കുമ്പോൾ, തുമ്മൽ പരാക്രമം കണ്ടിട്ടെന്ന മട്ടിൽ ചിരിച്ചുകൊണ്ട് പോകുന്ന ശ്യാമയും കൂട്ടരും!! എരിതീയിൽ എണ്ണയൊഴിക്കാനെന്ന വണ്ണം, കൂട്ടുകാരൻ ഷാനവാസ് കൈകൊട്ടിച്ചിരിക്കുന്നു..! ആ പെൺകുട്ടികളുടെ ചിരിയേക്കാൾ അവന്റെ ആ പ്രകടനം ചങ്കുതകർത്തു... ആലോചിക്കാൻ നേരമില്ല, ചമ്മൽ മറയ്ക്കാൻ എന്തെങ്കിലും മാർഗം പെട്ടെന്ന് കണ്ടെത്തിയേ മതിയാവൂ...


‘തുമ്മൽ തുമ്മലേന ശാന്തി..’ വീണതു വിദ്യയാക്കുക തന്നെ... വീണ്ടും തുമ്മി - നല്ല ഒറിജിനൽ ഡ്യൂപ്ളിക്കേറ്റ് തുമ്മൽ.. പക്ഷെ സാധാരണ കേട്ടുപരിചയമുള്ള ‘ഹാ...ച്ഛീ..’ എന്ന തുമ്മൽ ശബ്ദത്തിന്‌ ചെറിയ മാറ്റം വരുത്തി ‘ശ്യാമാ...ച്ഛീ’ എന്നാണ്‌ പ്രയോഗിച്ചത്.. ഒന്നല്ല, പല തവണ. ആ തുമ്മലുകളുടെ ശബ്ദം ലക്ഷ്യത്തിൽ തന്നെ എത്തിയെന്ന്, രണ്ടുമൂന്നുതവണ തിരിഞ്ഞുനോക്കിക്കൊണ്ട് നടന്നുനീങ്ങിയ ശ്യാമയുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായി... ഷാനവാസ് ‘കൈകൊട്ടിക്കളി’ തുടർന്നു... അധികം വൈകാതെ തന്നെ, ഇടവേളയുടെ അവസാനമറിയിച്ചുകൊണ്ടുള്ള മണി മുഴങ്ങി, കുട്ടികളൊക്കെ അവരവരുടെ ക്ലാസ്സുകളിലേക്ക് ചേക്കേറി..


‘ജിമ്മിയെ ഹെഡ്മാസ്റ്റർ വിളിക്കുന്നു...’


നേരത്തെ ശ്യാമയുടെ കൂടെ നടന്നിരുന്ന പെൺകുട്ടികളിലൊരുവൾ ക്ലാസ്റൂമിന്റെ വാതില്ക്കൽ തലകാണിച്ച് വിളംബരം നടത്തി... സ്കൂൾ ലീഡർ ആയതിനാൽ, അടുത്തദിവസത്തെ അസംബ്ലിയിൽ ചെയ്യേണ്ട എന്തെങ്കിലും പ്രത്യേക കാര്യത്തെക്കുറിച്ച് പറയാനാവും ഹെഡ്മാസ്റ്റർ വിളിച്ചത് എന്ന് കരുതി ഗമയിൽ പുറപ്പെട്ടെങ്കിലും ഓഫീസിന്റെ വാതില്ക്കൽ എത്തിയപ്പോളേ പന്തികേട് മണത്തു. ആദ്യലക്ഷണമായി, ശ്യാമയുടെ കൂട്ടുകാരികൾ ഓഫീസ് റൂമിന്റെ വെളിയിൽ നില്പ്പുണ്ട്. എന്തോ മഹത്തായ കാര്യം ചെയ്തമട്ടിൽ നില്ക്കുന്ന അവരുടെ നോട്ടം അവഗണിച്ച് ഓഫീസിന്റെ ഉള്ളിലേക്ക് കടന്നപ്പോൾ അടുത്ത സൂചനയായി അവിടെ ശ്യാമ... 


‘എന്താ ജിമ്മീ കാര്യം? നീ ശ്യാമയെ കളിയാക്കിയോ?’ 


കസേരയിൽ ഒന്ന് ഇളകിയിരുന്ന്, മേശപ്പുറത്ത് വിശ്രമിക്കുന്ന തന്റെ സന്തതസഹചാരിയായ ചൂരലിൽ പതുക്കെ വിരലുകളോടിച്ച്, ജോസഫ് സാർ നേരേ കാര്യത്തിലേക്ക് കടന്നു. പിടി വീണു എന്നുറപ്പായി, കാരണം ജോസഫ് സാറിന്റെ മുന്നിൽ ഒരുമാതിരിപ്പെട്ട നമ്പറുകളൊന്നും വിലപ്പോവില്ല. എന്നാലും പെട്ടെന്ന് കീഴടങ്ങുന്നത് ശരിയല്ലല്ലോ.. 


‘ഇല്ല സാർ... ഒരിക്കലുമില്ല... എപ്പോ?‘


ആദ്യത്തെ രണ്ടുവാക്കുകൾ സാറിനെ നോക്കിയും അവസാനത്തെ ചോദ്യം ശ്യാമയുടെ നേരെയും, പരമാവധി നിഷ്കളങ്കതയുടെ മേമ്പൊടിയോടെ പറഞ്ഞൊപ്പിച്ചു.


’അതുപിന്നെ, ഞാൻ നേരത്തെ അതിലെ നടന്നുപോകുമ്പോൾ ജിമ്മി പിന്നിൽ നിന്നും തുമ്മുന്ന രീതിയിൽ കളിയാക്കി വിളിച്ചില്ലേ.. എന്റെ കൂടെയുള്ളവരും കേട്ടതാ...‘ 


ശ്യാമ വിടുന്ന മട്ടില്ല. സാക്ഷി പറയാൻ രണ്ടുപേർ മുറിയുടെ വെളിയിൽ കാത്തുനില്ക്കുന്നു... ഇനി രക്ഷയില്ല... അവസാന ശ്രമമെന്ന നിലയിൽ സംഭവത്തെ എന്റേതായ ’രീതി‘യിൽ ചുരുക്കി പറഞ്ഞുകൊടുത്ത് ജോസഫ് സാറിന്റെ വിധിപ്രസ്താവനയ്ക്കായി കാത്തുനിന്നു. മേശപ്പുറത്തുനിന്നും ചൂരലുമെടുത്ത്, സാർ മെല്ലെ എന്റെ അരികിലെത്തി... ആദ്യം വിധി;


’സ്കൂൾ ലീഡർ എന്ന നിലയിൽ മറ്റ് കുട്ടികൾക്ക് മാതൃകയാവേണ്ട നിന്നിൽ നിന്നും ഇത്തരമൊരു പ്രവർത്തി ഒരിക്കലും ഉണ്ടായിക്കൂടാ. ആയതിനാൽ, എല്ലാവർക്കും ഇത് ഒരു പാഠമായിരിക്കട്ടെ... കൈ നീട്ട്.. ഇനി മേലാൽ ആവർത്തിക്കരുത്..‘


പിന്നെ ശിക്ഷ; മുന്നോട്ട് നീട്ടിപ്പിടിച്ച എന്റെ വലതുകയ്യിലേക്ക് ജോസഫ് സാർ വക ’ചൂരല്ക്കഷായം‘ ആഞ്ഞുപതിച്ചു... ഭാഗ്യം, കഷായം ഒരു ഡോസ് കൊണ്ട് അവസാനിച്ചു.. അടിയുടെ തരിപ്പ് മാറ്റാൻ കൈ ചുരുട്ടിപ്പിടിച്ച് ക്ലാസ്സിലേക്ക് തിരികെ നടക്കുമ്പോൾ, പിന്നിലുയർന്ന കളിയാക്കിച്ചിരികൾ കേട്ടില്ലെന്ന് നടിച്ചു. പിന്നെ കുറെ കാലത്തേക്ക് ശ്യാമയുടെ മുന്നില്പ്പോലും ചെന്നുപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


SSLC പരീക്ഷയുടെ സ്റ്റഡിലീവ് സമയത്താണ്‌ ശ്യാമയുമായി സൗഹൃദം പുന:സ്ഥാപിക്കുന്നത്... പ്രതീക്ഷിച്ചതുപോലെ തന്നെ, പരീക്ഷയിൽ ഉയർന്നമാർക്കുകൾ വാങ്ങി പാസ്സായ അവൾ, കാസർഗോഡുള്ള ഒരു സർക്കാർ കോളേജിൽ പഠനം തുടരുന്നു എന്നറിഞ്ഞത് വളരെ നാളുകൾക്ക് ശേഷമാണ്‌... ഹോസ്റ്റലിൽ താമസിച്ചുപഠിച്ചിരുന്ന അവൾ, ഒരു അവധിക്കാലത്ത് അപ്രതീക്ഷിതമായിട്ടാണ്‌ ഞങ്ങളുടെ ’സായാഹ്ന സൗഹൃദ സദസ്സിലേക്ക്‘ വന്നത്. നാരായണൻമാഷിന്റെ വീടിന്റെ അടുക്കളമുറ്റത്ത്, നളിനിയേച്ചിയും കുഞ്ഞുമണിയും ജാനകിയേച്ചിയും ജയയും ജ്യോതിയും ജിഷയുമെല്ലാം ഒത്തുകൂടുന്ന വൈകുന്നേരങ്ങൾ... കുശുമ്പും കുന്നായ്മയും തമാശകളും പാട്ടുകളുമൊക്കെയുള്ള ആ കൂടിച്ചേരലുകളിലെ തന്റെ ആദ്യദിനം തന്നെ ശ്യാമ നന്നായി ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു, തുടർന്നുള്ള ദിനങ്ങളിലെ അവളുടെ സജീവ സാന്നിധ്യം. തമാശകൾ കേട്ട് കൊച്ചുകുട്ടിയേപ്പോലെ പൊട്ടിച്ചിരിക്കുന്ന ആ മുഖം വാടിയത്, അവളുടെ മടക്കയാത്രയുടെ തലേദിവസമാണ്‌.. ’എന്തു രസായിരുന്നു ഇത്രേം ദിവസം..‘ അന്നുവൈകുന്നേരം യാത്രപറഞ്ഞ് പിരിയുമ്പോൾ, ഈയൊരു കൊച്ചുവാചകത്തിൽ അവളെല്ലാമൊതുക്കി.. 


ജീവിതത്തിരക്കുകളിൽപ്പെട്ട് പലരും പലവഴിക്ക് പോയതോടെ ബന്ധങ്ങളെല്ലാം മുറിഞ്ഞു... വൈകുന്നേരങ്ങളിലെ ഒത്തുകൂടലുകൾ ഇല്ലാതായി... അങ്ങനെ ശ്യാമയും പതിയെ ഓർമ്മയുടെ ഏതോ ഏടുകളിലൊന്നിലേക്ക് സ്ഥലം മാറ്റപ്പെട്ടു.. ഇപ്പോൾ, ഈ വാർത്ത വീണ്ടും അവളെ മുന്നിലെത്തിച്ചിരിക്കുന്നു... എന്താണ്‌ അവൾക്ക് സംഭവിച്ചിട്ടുണ്ടാവുക?


വീട്ടിൽ വിളിച്ചപ്പോളാണ്‌ കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്... ആ അധ്യാപകൻ വിവാഹിതനായിരുന്നു, അതിലുപരി 2 കുട്ടികളുടെ അച്ഛനും! പ്രതിബന്ധങ്ങളുണ്ടായിട്ടും, പിരിയാനാവാത്തവിധം അന്ധമായ, ആത്മാർത്ഥമായ പ്രണയമായിരുന്നിരിക്കണം അവരുടേത്. അല്ലെങ്കിൽ, ഒരിക്കൽ അച്ഛന്റെ കാലുപിടിച്ച് മാപ്പപേക്ഷിച്ചശേഷവും അവൾ ആ ബന്ധം തുടരുകയില്ലായിരുന്നല്ലോ. അയാളുടെ പുതിയ വീടിന്റെ പാലുകാച്ചലിന്റെ അന്നുതന്നെ, അവളുടെ കഴുത്തിൽ താലി ചാർത്തി, അവരൊന്നിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതും യാദൃച്ഛികമാവില്ല.


പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ മരണത്തോട് മല്ലടിച്ച് ഏതാനും ദിവസങ്ങൾക്കൂടി... അത്രയേ ആ വിലപ്പെട്ട ജീവന്‌ ആയുസ് നീട്ടിക്കിട്ടിയുള്ളൂ... തന്നെക്കാൾമുന്നെ യാത്രയായ കാമുകനെത്തേടി ശ്യാമയും ഈ ലോകത്തോട് വിടവാങ്ങി... 


ശ്യാമ... സ്നേഹിച്ച്, ജീവിച്ച് കൊതിതീരാതെ, അകാലത്തിൽ പൊഴിയാൻ വിധിക്കപ്പെട്ട ഒരു പനിനീർപ്പൂവ് പോലെ, യാത്രപോലും പറയാതെ നീ എങ്ങോ പോയ്മറഞ്ഞിരിക്കുന്നു.. ഒരുപക്ഷേ, മാനത്തുമിന്നുന്ന താരകളിലൊന്നായി നീ പുനർജ്ജനിച്ചിട്ടുണ്ടാവാം. നീ ഏതുലോകത്തായാലും സന്തോഷവതിയായിരിക്കട്ടെ - അറിയാതെയെങ്കിലും ഓർമ്മച്ചെപ്പിന്റെ ഉള്ളറകളിലൊന്നിൽ സ്ഥാനം പിടിച്ച കൂട്ടുകാരിക്ക് സമർപ്പിക്കാൻ, ഒരുപിടി അശ്രുപൂക്കൾക്കൊപ്പം ഈ പ്രാർത്ഥന മാത്രം...

8 comments:

  1. അകാലത്തില് വിടവാങ്ങിയ ഒരു കൂട്ടുകാരിയുടെ ഓര്മ്മകള്ക്ക് മുന്നില് സമര്പ്പണം...

    ReplyDelete
  2. ജിമ്മി... അരുതാത്ത ഒരു പ്രണയം ആയിരുന്നുവെങ്കിലും ഈ കഥ... അല്ല സംഭവകഥ മനസ്സിനുള്ളില്‍ തട്ടി. കുറേ നാളത്തേക്ക്‌ ഒരു വിങ്ങല്‍ അവശേഷിപ്പിച്ചു കൊണ്ട്‌ അതങ്ങനെ നീറി നില്‍ക്കും...

    ReplyDelete
  3. they say life is a journey and some people will be there only for a season and a reason. However, very sad..

    ReplyDelete
  4. nannayittund..
    font kurachukoodi valuthakoo..

    ReplyDelete
  5. കണ്ണും മൂക്കുമില്ലാത്ത പ്രേമം..

    ReplyDelete
  6. എന്തു പറയാം.. വെറുതെ ജീവിതം നശിപ്പിച്ചു...
    നന്നായി എഴുതി ജിമ്മി... ആശംസകള്‍..

    ReplyDelete
  7. വിനുവേട്ടാ - നേരാണ്, ആ നീറല്‍ ഒരിക്കലും ഒരിക്കലും മാറില്ലെന്നാണ് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നത്..
    Susha - Rightly said
    Jishad - Not just a story..
    അനൂപ്‌ - ഫോണ്ട് വലിപ്പം കൂട്ടിയിരിക്കുന്നു (ഇത്തിരി കഷ്ടപ്പെട്ടെങ്കിലും..)
    കുമാരന്‍ - പ്രേമത്തിനുണ്ടോ കണ്ണും മൂക്കും??
    നസീഫ് - പ്രേമത്തിന്റെ, ആരും ഇഷ്ടപ്പെടാത്ത ഒരു വശം!

    എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി...

    ReplyDelete