Tuesday, 13 May 2014

പൈതലാം വൈതൽ

മുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4500 അടി ഉയരത്തിൽ, പശ്ചിമഘട്ടത്തിന്റെ ഭാഗമായി കേരള-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കുടക് മലനിരകളോട് ചേർന്ന്, കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശമാണ് പൈതൽ മല അഥവാ വൈതൽ മല. (പൈതൽ മല എന്നാണ് യഥാർത്ഥ വിളിപ്പേരെന്ന് ചിലർ.. വൈതൽ ആണ് ശരിയെന്ന് മറുവാദം.. തൽക്കാലം പൈതൽ എന്ന് ഉറപ്പിക്കാം..)  ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശം കൂടെയായ പൈതൽ മലയിലേയ്ക്കെത്താൻ പ്രധാനമായും 2 വഴികളെയാണ് സഞ്ചാരികൾ ആശ്രയിക്കുന്നത്. താരതമ്യേന എളുപ്പത്തിൽ എത്തിച്ചേരാവുന്ന കുടിയാന്മല-പൊട്ടൻപ്ലാവ് റൂട്ട്, അല്ലെങ്കിൽ ആലക്കോട്-കാപ്പിമല-മഞ്ഞപ്പുല്ല് വഴിയുള്ള കഠിനപാത.. (കുറെയേറെ നടക്കാൻ, അതിലേറെ കാനനഭംഗി ആസ്വദിക്കാൻ താല്പര്യവും ആരോഗ്യവുമുള്ളവർ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുന്നത് അഭികാമ്യം എന്ന് അനുഭവസ്തർ.)
 
ഏറ്റവും ഇടത് വശത്ത് പൈതൽ മല.. അങ്ങ് ദൂരെക്കാണുന്ന ആ വെളുത്ത പൊട്ടാണ് അന്തിയുറങ്ങാനുള്ള റിസോർട്ട് കുടിയാന്മല റോഡിൽ നിന്നുള്ള കാഴ്ച
സ്വന്തം ജില്ലയിൽ ഉൾപ്പെട്ടതും വീട്ടിൽ നിന്നും കഷ്ടിച്ച് ഒരു മണിക്കൂർ യാത്ര ചെയ്താൽ (കുടിയാന്മല വഴി) എത്തിച്ചേരാവുന്നതുമാണെങ്കിലും പൈതൽ മലയുടെ വിളികേൾക്കാൻ ഇക്കണ്ട കാലമത്രയും കാത്തിരിക്കേണ്ടി വന്നു എന്നത് നിർഭാഗ്യകരം. (പൈതൽ മലയുടെ അടിവാരത്തിലുള്ള പുലിക്കുരുമ്പ-യിലാണ് അമ്മവീട്.. എന്നിട്ടും? എല്ലാറ്റിനും അതിന്റേതാ സമയമുണ്ട് ദാസാ..)

മലമുകളിൽ കയറി അസ്തമയം ആസ്വദിക്കുക, തിരിച്ചിറങ്ങി അടുത്തുതന്നെയുള്ള റിസോർട്ടിൽ രാപ്പാർക്കുക, അതിരാവിലെ തന്നെ തിരികെ വീട്ടിലെത്തുകപെട്ടെന്ന് തയ്യാറാക്കിയ പദ്ധതിയുമായി, അധികമാലോചിച്ച് സമയം കളയാതെ ലക്ഷ്യസ്ഥാനത്തേയ്ക്ക് വണ്ടി പുറപ്പെട്ടു. ‘വൈതൽബോർഡും വച്ച് കുണുങ്ങിയോടുന്ന കെ.എസ്.ആർ.ടി.സി ബസിനെനടുവിൽ’ (സ്ഥലപ്പേരാണേ..) വച്ച് മറികടന്ന് പുലിക്കുരുമ്പ വഴി കുടിയാന്മലയിലേയ്ക്ക്.. ചെങ്കുത്തായ മലമ്പാതയിലൂടെ എത്രയോ തവണ വന്നുപോയിട്ടുണ്ടെങ്കിലും, അന്നൊന്നും ഈ ‘പൈതലി’ന്റെ വിളികേട്ടില്ല! (തളിപ്പറമ്പ്-ബായിക്കമ്പ മലയോരഹൈവേയിൽ നിന്നും വേർപിരിഞ്ഞ്, ഒടുവള്ളിത്തട്ട് മുതൽ കുടിയാന്മല വരെയുള്ള പാത ‘ആന’ വണ്ടികൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നതാണ്. കുന്നും മലയുമൊക്കെ താണ്ടാൻ കരുത്തേറിയ ലെയ്ലന്റ് ബസ്സുകൾ മാത്രമേ വർഷങ്ങളായി ഇതിലെ സർവീസ് നടത്തുന്നുള്ളൂ..)

കുടിയാന്മല ടൌണിൽ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ്, വീതി കുറഞ്ഞ ടാർ റോഡിലൂടെ പൊട്ടൻപ്ലാവിലെത്തി. പൈതൽ മലയിലേയ്ക്കുള്ള അവസാന ലാപ്പിന് മുന്നെയുള്ള  ചെറിയൊരു ഗ്രാമച്ചന്ത. ഞായറാഴ്ചയുടെ ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന വഴിയിലൂടെ മുന്നോട്ട്.. റോഡിന്റെ വീതി കൂട്ടി റീ-ടാറിംഗ് നടക്കുന്നുണ്ട്.. ഇപ്പോൾ ഉള്ളതും നല്ല റോഡ് തന്നെ, വീതി അല്പം കുറവാണെന്ന് മാത്രം. കരുത്തോടെ നിൽക്കുന്ന വൃക്ഷലതാദികൾക്കിടയിലൂടെ, കയറ്റങ്ങളും വളവുകളുമൊക്കെ പിന്നിട്ട്, വഴി ചെന്നവസാനിക്കുന്നത് പൈതൽ മലയുടെ നെറുകയിലേയ്ക്കുള്ള നടപ്പാതയുടെ തുടക്കത്തിലാണ്. യാത്രികരുമായെത്തിയ ചില വാഹനങ്ങൾ അങ്ങിങ്ങായി ഒതുക്കിയിട്ടിട്ടുണ്ട്.


സഞ്ചാരികളെ, ഇതിലേ.. ഇതിലേ..
തൊട്ട് വലതുവശത്തായി വലിയൊരു കെട്ടിടം അനാഥമായി കിടക്കുന്നു. കണ്ണൂർ ജില്ലാ ടൂറിസം വകുപ്പിന്റെ വകയായി പണി കഴിപ്പിച്ചിട്ടുള്ള റിസോർട്ടാണത്, പക്ഷെ ഇതുവരെയായി അത് നോക്കിനടത്താനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കാര്യക്ഷമമായി പ്രവർത്തിക്കുന്ന 2 സ്വകാര്യ റിസോർട്ടുകളാണ് നിലവിൽ സഞ്ചാരികൾക്ക് ആശ്രയം. കുന്നുകളിൽ പലയിടങ്ങളിലായി പുതിയ പുതിയ കെട്ടിടങ്ങൾ ഉയരുന്നുണ്ട്പൈതൽ മലയുടെ വികസനക്കുതിപ്പ് ലക്ഷ്യമാക്കി ഒരു മുഴം മുന്നെ എറിയുന്നവർ! (വികസനം, റിസോർട്ടുകൾ പോലെയുള്ള കോൺക്രീറ്റ് സൌധങ്ങൾക്ക് വേണ്ടി മാത്രമായി ഒതുങ്ങാതിരിക്കട്ടെ..)
 
മൺപാതയിലൂടെ ഏതാണ്ട് മുക്കാൽ മണിക്കൂറോളം നടക്കേണ്ടിവരുമെന്ന് സഹയാത്രികന്റെ അനുഭവസാക്ഷ്യം. പറഞ്ഞതിന് ബലം പകരാൻ, അങ്ങ് ദൂരെയായി എത്തിച്ചേരേണ്ട കുന്നിൻപരപ്പ് ചൂണ്ടിക്കാണിച്ചുതന്നു. പക്ഷേ പിൻവിളികളെയൊക്കെ അവഗണിച്ച്, ലക്ഷ്യത്തിലേയ്ക്കുള്ള നടത്തമാരംഭിച്ചു.
 
 
ചെറിയ കയറ്റിറക്കങ്ങളും വഴിമുടക്കികളായി വീണുകിടക്കുന്ന കാട്ടുമരങ്ങളും വരണ്ടുണങ്ങിയ നീർച്ചാലുകളുമൊക്കെയായി ഒരു തനത് കാട്ടുപാതയുടെ രൂപഭാവങ്ങളോടെ വഴി, മലഞ്ചെരുവുകളിലൂടെ മുന്നേറുന്നു.
 
സൂക്ഷിച്ച് നടക്കണേ..
 
വള്ളികളിൽ ഊയലാടാം..
 താഴ്വാരത്തിന്റെ മനോഹരദൃശ്യം ഇടയ്ക്കിടെ, മരച്ചില്ലകൾക്കിടയിലൂടെ തെളിയുന്നുണ്ട്.
 

 
‘അശോകന് ക്ഷീണമാവാം..!‘
 
കുടിയാന്മല, പുലിക്കുരുമ്പ, ചെമ്പേരി, ശ്രീകണ്ഠാപുരം തുടങ്ങി എണ്ണമറ്റ മലയോരപ്രദേശങ്ങൾ പച്ചപ്പട്ടു വിരിച്ചതുപോലെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്നു.
 
അതുവരെ നടന്ന ക്ഷീണമൊക്കെ അവിടെയുപേക്ഷിച്ച് നടത്തം തുടരാം..


ഹരിതാഭ മായുന്നുവോ?
ഒരു കിളിവാതിൽ തുറന്ന് പുറത്തേയ്ക്ക് നോക്കുന്നതുപോലെ, പെട്ടെന്ന് ചെന്നെത്തുന്നത് വളരെ വിശാലമായ ഒരു കുന്നിന്റെ മുകളിലേയ്ക്കാണ്. യാത്ര അവിടെ തീരുന്നില്ലഅകലെയാണെങ്കിലും അരികിലെന്ന് തോന്നിക്കുന്ന വിധത്തിൽ നിലകൊള്ളുന്നവാച്ച് ടവർ’-ലേയ്ക്ക്.
 
ദാ, അവിടെയാണ് വാച്ച് ടവർ.. നടന്നോളൂ..
 വലിയൊരു കുന്നിറങ്ങി, കുറച്ച് ദൂരത്തിൽ നടന്നുചെല്ലേണ്ട മറ്റൊരു കുന്നിന്റെ നെറുകയിലാണ് വാച്ച് ടവർ നിർമ്മിച്ചിരിക്കുന്നത്. തൊട്ടടുത്തായി ഒരു മഴവെള്ള സംഭരണിയും. പിന്നെയും മുന്നോട്ട് നടന്നാൽ ചെന്നെത്തുന്നത്ആത്മഹത്യാ മുനമ്പിലേയ്ക്ക്..
 
 
 
ശിലാഫലകം


മലമുകളിൽ നിന്നുള്ള ദൃശ്യഭംഗി വിവരിക്കുവാൻ വാക്കുകൾ മതിയാവില്ല!

കേരള-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി കാക്കുന്ന കുടക് മലനിരകൾ ഒരു ഭാഗത്ത് തലയുയർത്തി നിൽക്കുന്നു.


 
 
മറുവശത്താവട്ടെ, അനന്തവിശാലമായി പച്ചപുതച്ച് നിൽക്കുന്ന കണ്ണൂരിന്റെ, മലയാളത്തിന്റെ മനോഹാരിത!
 
 
കാപ്പിമല-മഞ്ഞപ്പുല്ല് വഴി വരുന്നവർ എത്തിച്ചേരുന്നത്  അടുത്ത ഫോട്ടോയിൽ കാണുന്ന കുന്നിന്റെ നെറുകയിലേയ്ക്കാണ്.. അവർ വരേണ്ട വഴി കല്ലും മുള്ളും നിറഞ്ഞതും കാഠിന്യമേറിയതുമാകുന്നു!
 
വാച്ച് ടവറിൽ നിന്നും ഒരു തിരിഞ്ഞുനോട്ടം
 
ഇതിലെ നടന്നിറങ്ങിയാൽ, ആ കാണുന്ന ആത്മഹത്യാ മുനമ്പിലെത്താം
മാമലകൾക്കപ്പുറത്ത് പകലോൻ വിടപറയാനുള്ള ഒരുക്കത്തിലാണ്. അത്രനേരം നടന്നതിന്റെ ക്ഷീണമൊക്കെ മറന്ന്, കുറെനേരം കൂടെ മലമുകളിൽ നിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും വെട്ടവും വെളിച്ചവുമൊന്നുമില്ലാതെ കാട്ടുപാതയിലൂടെ തിരികെ നടക്കേണ്ടിവരുമെന്ന ചിന്ത ആഗ്രഹത്തിന്റെ ചിറകരിഞ്ഞു.
 
യാത്രയായ് സൂര്യാങ്കുരം..
 
യാത്രാമൊഴി, വീണ്ടുമെത്താമെന്ന പ്രതീക്ഷയോടെ..
 അന്തിവെയിൽ നിഴൽ വിരിച്ച വഴിയിലൂടെ തിരികെയുള്ള നടത്തം താരതമ്യേന എളുപ്പമായി തോന്നി. കാർ പാർക്കിംഗിൽ തിരികെയെത്തിയപ്പോളേയ്ക്കും ഇരുട്ട് വീണുതുടങ്ങി. നേരത്തെ അവിടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും സ്ഥലം വിട്ടിരിക്കുന്നു. റിസോർട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ, അന്നവിടെ തങ്ങാനുള്ള തീരുമാനം സഹയാത്രികർ അട്ടിമറിച്ചു! അങ്ങനെ കാഴ്ചകളുടെ, പ്രകൃതിയുടെ, സഞ്ചാരത്തിന്റെ ഒരു പുതിയ അനുഭവം പകർന്നുതന്നെ പൈതൽ മലയോട് വിട ചൊല്ലി തിരികെ നാട്ടിലേയ്ക്ക്..


ശുഭം!


Reference : Wikipedia
Photos: Blackberry Q5

 

15 comments:

  1. സഞ്ചാരം തുടരുന്നു.. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പൈതൽ മലയിലേയ്ക്ക്..

    ReplyDelete
  2. ലളിതമായ വിവരണം ഇഷ്ടപ്പെട്ടു. ഒരു മൊട്ടക്കുന്നിന്റെ പരിതാപകരമായ അവസ്ഥയാണ് ചില ചിത്രങ്ങളില്‍ നിന്നും തെളിഞ്ഞത്..

    ReplyDelete
    Replies
    1. ആദ്യവായനയ്ക്കും അഭിപ്രായത്തിനും നന്ദി..

      വാഗമൺ മൊട്ടക്കുന്നുകളെപ്പോലെ, പൈതൽ മലയുടെ മുകൾപ്പരപ്പും കാലങ്ങളായി മൊട്ടയാണ്..

      സമീപത്തുള്ള മലകളും അധികം താമസിയാതെ മൊട്ടയാകുമോ എന്നാണ് എന്റെ ആശങ്ക..

      Delete
  3. വൌ! അടിപൊളി സ്ഥലമാണല്ലോ... പൈതല്‍ മല എന്ന് കേട്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല.

    എന്തായാലും പടങ്ങള്‍ കണ്ടപ്പോള്‍ തന്നെ ശരിയ്ക്കും ത്രില്‍ തോന്നുന്നു...

    [അടിക്കുറുപ്പുകള്‍ക്ക് 'ബോണസ്' പോയന്റ്] ;)

    ReplyDelete
    Replies
    1. ശ്രീക്കുട്ടാ... ഇപ്പോൾ കേട്ടല്ലോ? ഇനി കേട്ടില്ലാന്ന് പറയരുതേ.. :)

      ഈ കമന്റിനേക്കാൾ നല്ല ബോണസ് എവിടെ കിട്ടാൻ.. :)

      Delete
  4. കുടജാദ്രിയില്‍ പോയപ്പോള്‍ എനിക്കും തോന്നിയിരുന്നു, മലമുകളില്‍ നിന്നും കാണുന്ന കാഴ്ച വിവരിക്കാന്‍ വാക്കുകള്‍ പോരാ. ശ്രീ പറഞ്ഞതുപോലെ അടിക്കുറിപ്പ് അസ്സലായി.
    കണ്ടപോലെ ഒരു പ്രതീതിയുണ്ടാക്കി. അതാണല്ലോ യാത്രാവിവരണത്തിന് വേണ്ടത്.
    ജിമ്മി, ഒരു സല്യൂട്ട്

    ReplyDelete
    Replies
    1. അഭിപ്രായമറിയിച്ചതിന് സുകന്യേച്ചിക്കും ഒരു സല്യൂട്ട്.. :)

      ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി’യെ കാണാൻ ഞാനും കുറെയായി കൊതിക്കുന്നു..

      ഒരുനാൾ വരും.. :)

      Delete
  5. അശോകന് ക്ഷീണമാകാം... പക്ഷേ, അപ്പുക്കുട്ടന് ക്ഷീണം പാടില്ല... കുടിക്ക് ഹോർലിക്സ്...

    ഒന്നിനൊന്ന് രസകരമായ അടിക്കുറിപ്പുകളോടെയുള്ള ഈ യാത്രാവിവരണം മനോഹരമായി... കുറച്ച് നാൾ മുമ്പ് ശാന്ത ടീച്ചറുടെ മോഹപ്പക്ഷികളിൽ ഈ വൈതൽ മലയെക്കുറിച്ച് വായിച്ചിരുന്നു...

    ReplyDelete
  6. കാവുമ്പായിൽ നിന്നും വൈതൽ മലയിലേയ്ക്ക് അധികദൂരമില്ല. വിനുവേട്ടാ...

    ഹോർലിക്സ് കുടിച്ചു.. ക്ഷീണമൊക്കെ മാറി.. ഇനി അടുത്തത് എഴുതിത്തുടങ്ങാം.. :)

    ReplyDelete
  7. ഒരു സുന്ദരിയായ പൈതലിനെ പോലെ വൈതലിനെ
    കാട്ടിതന്നത് ഉഗ്രനായിട്ടുണ്ട് കേട്ടൊ ഭായ് ,ഒപ്പം നല്ല കിണ്ണങ്കാച്ചി പടങ്ങളും

    ReplyDelete
    Replies
    1. നന്ദി ബിലാത്തിയേട്ടാ.. :)

      Delete
  8. കൂറേ കാലം മുന്‍പ് 2002 ലാണ്‍ ഇവിടെ പോയിട്ടുള്ളത്, ഇതു വായിച്ച് ഉടനെ കമന്റിടും മുന്‍പു തന്നെ അന്നു കൂടെ ഉണ്ടായിരുന്ന കണ്ണൂര്‍ സ്നേഹങ്ങളെ വിളിക്കുകയായിരുന്നു ചെയ്തത്..ഒരു പാട് നൊസ്റ്റാള്‍ജിയ ഈ പോസ്റ്റ് മനസ്സിലുണര്‍ത്തി.. അന്നു കണ്ട ഓര്‍മ്മ മാഞ്ഞു തുടങ്ങിയിരുന്നു..ഒരു പാട് നന്ദിയുണ്ട്..നല്ലെഴുത്ത്, അതിലെരെ മനോഹരം പടങ്ങള്‍

    ReplyDelete
    Replies
    1. വളരെ നന്ദി, ഗൌരിനാഥൻ.. പഴയ ഓർമ്മകൾ പൊടിതട്ടിയെടുത്തു എന്നറിഞ്ഞതിൽ സന്തോഷം.. :)

      Delete
  9. പൈതല്‍മല കൊള്ളാലോ
    ഈ അവധിക്കാലത്ത് ഞാന്‍ കൂടുതല്‍ സമയവും ഗിരിനിരകളിലായിരുന്നു.
    അത് പറഞ്ഞപ്പഴാ ഒരു കാര്യം ഓര്‍ത്തത്. എന്റെ ഗാലക്സി എസ്-4 ല്‍ ഞാന്‍ എടുത്ത പത്തഞ്ഞൂറ് ഫോട്ടോകള്‍ അങ്ങ് ഡിലീറ്റ് ആയിപ്പോയി. രണ്ട് സോഫ്റ്റ് വേര്‍ ഉപയോഗിച്ച് നോക്കിയിട്ടും റിക്കവര്‍ ചെയ്യാന്‍ പറ്റിയില്ല. എന്തെങ്കിലും മാര്‍ഗം??

    ReplyDelete
  10. പൊളിച്ചു

    ReplyDelete