പിന്നിട്ട വഴികൾ
മണലാരണ്യത്തിലൂടെ... (ഭാഗം 1)
8 മണിയ്ക്ക് അലാറം സെറ്റ് ചെയ്തിട്ടാണ് കിടന്നതെങ്കിലും, അടുത്തെവിടെയോ പൊട്ടിത്തെറിക്കുന്ന പടക്കങ്ങൾ സുഖകരമായ ഉറക്കത്തെ 7 മണിയ്ക്ക് മുന്നെതന്നെ ആട്ടിയകറ്റി. വെടി പൊട്ടിയാൽ പുകയെന്ന മട്ടിൽ അച്ചായൻ കൂർക്കം വലിച്ചുറക്കമാണ്. ഹോട്ടലിന്റെ പിന്നിലുള്ള പള്ളിയുടെ മുറ്റത്ത് കുറച്ച് കുട്ടികൾ ചേർന്ന് പടക്കം പൊട്ടിച്ച് പെരുന്നാളാഘോഷിക്കുന്നത് ജനാലയിലൂടെ കാണാം. മറ്റൊരുഭാഗത്ത് കുറച്ച് മുതിർന്നവർ കൂട്ടംകൂടി നിൽക്കുന്നു – തിടുക്കത്തിൽ പണിയെടുക്കുന്ന കശാപ്പുകാരനിൽ നിന്നും തങ്ങളുടെ പങ്ക് ആട്ടിറച്ചി മേടിക്കാൻ വേണ്ടി കാത്തുനിൽക്കുന്നവർ.
ഓരോ സാൻഡ്വിച്ച് വീതം ഓർഡർ ചെയ്തിട്ട് കാത്തിരിക്കുമ്പോളാണ് എതിരെയിരിക്കുന്ന ‘കുട്ടി സൌദി’യെ ശ്രദ്ധിച്ചത്. ഏറിയാൽ 5 വയസ് പ്രായമുണ്ടാവും അവന്. പെരുന്നാൾ പ്രമാണിച്ചാവണം, അലങ്കാരപ്പണികളൊക്കെ ചെയ്ത നല്ല തൂവെള്ള അറബിക്കുപ്പായവും തലയിൽ വട്ടംചുറ്റിയ ഉറുമാലും കൂളിംഗ് ഗ്ലാസ്സുമൊക്കെ ധരിച്ച് സ്റ്റൈലിലാണ് ആശാന്റെ ഇരിപ്പ്. ടിഷ്യുപേപ്പറിൽ പൊതിഞ്ഞ സാൻഡ്വിച്ച് കൊച്ചുവട്ടികയിലാക്കി ഒരു പായ്ക്കറ്റ് ജ്യൂസിനൊപ്പം മേശയിൽ വച്ചുകൊടുത്തിട്ടുണ്ടെങ്കിലും അവന്റെ ശ്രദ്ധ കൌണ്ടറിലേയ്ക്കാണ്. റോഡിലെ ശുചീകരണ ജോലികൾ ചെയ്യുന്ന ഒരു ബംഗ്ലാദേശിയും ഏതാനും സൌദി ചെക്കന്മാരുമാണ് അന്നേരത്ത് അവിടെയുള്ളത്. ആ സൌദിപ്പിള്ളേരുടെയൊപ്പം ഭക്ഷണം കഴിക്കാനായിരിക്കും ആ കുട്ടി കാത്തിരിക്കുന്നത് എന്ന് ചിന്തിച്ച് അവനിൽ നിന്നും നോട്ടം പിൻവലിക്കാൻ തുടങ്ങുമ്പോളാണ് അവൻ ആരെയോ വിളിക്കുന്നത് കണ്ടത്..
ആരാണ് ആ ‘അഹമ്മദ്’ എന്നറിയാൻ
ആകാംക്ഷയോടെ തിരിഞ്ഞുനോക്കി. കൌണ്ടറിൽ നിന്നും
ഭക്ഷണവും വാങ്ങി, ആ കടയുടെ
ഒരു മൂലയിൽ ഒതുങ്ങി നിന്ന്
കഴിക്കാൻ തുടങ്ങുന്ന ബംഗ്ലാദേശിയെയാണ് അവൻ
തന്റെ തൊട്ടുമുന്നിൽ ഒഴിഞ്ഞുകിടക്കുന്ന കസേരയിലേയ്ക്ക് ക്ഷണിക്കുന്നത്!! മുഷിഞ്ഞ പണിക്കുപ്പായവും ധരിച്ച് മറ്റുള്ളവരുടെ ഇടയിലിരുന്ന്
ബുദ്ധിമുട്ടുണ്ടാക്കേണ്ട എന്ന് കരുതിയാവണം
അയാൾ ഒതുങ്ങി നിന്നത്, പക്ഷേ പയ്യൻ
വിടുന്ന മട്ടില്ല.
“താൽ ഹിനാ..” (ഇവിടെ വാ..)
മടിച്ചുമടിച്ച് അയാൾ
ആ കസേരയിലിരുന്ന് ഭക്ഷണം കഴിക്കാൻ തയ്യാറെടുത്തു.
പയ്യൻസ് അപ്പോഴും തികഞ്ഞ ഗൌരവത്തിലാണ്..
“ഫേൻ അസീർ..?” (ജ്യൂസ് എവിടെ?)
ജ്യൂസ് ഇല്ലാതെ
എങ്ങനെ ഭക്ഷണം കഴിക്കും എന്ന
ആ കുഞ്ഞുമനസ്സിലെ ചിന്ത അവൻ ചോദ്യരൂപത്തിൽ
തൊടുത്തു. ഒരു സാൻഡ്വിച്ച് കഴിച്ച്
ചിലവുചുരുക്കാമെന്ന് കരുതിയ ബംഗ്ലാദേശി ആ ചോദ്യത്തിന്
മുന്നിൽ ഒന്നു പരുങ്ങി. പക്ഷേ, കുട്ടിസൌദിയ്ക്ക് അയാളുടെ
ഉത്തരത്തിന്റെ ആവശ്യമില്ലായിരുന്നു, അടുത്ത തീരുമാനമെടുക്കാൻ..
“അഹമ്മദ്.. ജീബ് വാഹിദ്
അസീർ..” (സുഹൃത്തേ, ഒരു ജ്യൂസ് കൊണ്ടുവരൂ..)
കൌണ്ടറിലെ ചില്ലകൂടിനപ്പുറത്ത് നിൽക്കുന്ന കടക്കാരനെ നോക്കി അവൻ
ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഏതാനും നിമിഷങ്ങൾ
കഴിഞ്ഞിട്ടും കടക്കാരൻ ജ്യൂസ് എത്തിച്ച്
കൊടുക്കാത്തതിൽ അവൻ അക്ഷമനായി..
“യാ അള്ളാഹ്… സൂറാ.. സൂറാ..” (പെട്ടെന്നാവട്ടെ..)
ആ കുട്ടിയുടെ
പെരുമാറ്റത്തിൽ അന്തംവിട്ടിരിക്കുന്ന ബംഗ്ലാദേശിയുടെ മുന്നിലേയ്ക്ക് അവൻ ജ്യൂസ് പായ്ക്കറ്റ്
എടുത്ത് വച്ചു. എന്നിട്ട് കൌണ്ടറിലേയ്ക്ക് അടുത്ത ഓർഡർ കൊടുത്തു..
“കമാൻ വാഹിദ് സന്ത്വിച്ച്.. നഫ്സു
അവ്വൽ..” (ഒരു സാൻഡ്വിച്ച് കൂടെ… ആദ്യത്തെപ്പോലെ തന്നെ..)
താൻ മേടിച്ച
സാൻഡ്വിച്ച് കഴിച്ചിട്ട് ജ്യൂസുമെടുത്ത് പോകാൻ തുടങ്ങിയ അയാളെ പിടിച്ചിരുത്തി രണ്ടാമത്തേതും കഴിപ്പിച്ചു ആ ബാലൻ. എന്നിട്ട്
തന്റെ കുട്ടിക്കുപ്പായത്തിന്റെ പോക്കറ്റിൽ
നിന്നും കാശെടുത്ത് രണ്ടാളുടെ ഭക്ഷണത്തിന്റെ
ബില്ലും കൊടുത്തു ആ മിടുക്കൻ!
ഭക്ഷണം കഴിച്ചിട്ട്
കടയിൽ നിന്നിറങ്ങി തിരികെ
ഹോട്ടലിലേയ്ക്ക് നടക്കുമ്പോഴും ആ കൊച്ചുകുട്ടിയുടെ ചെയ്തികളായിരുന്നു മനസ്സിൽ നിറയെ. റൂമിൽ ചെന്ന്
ബാഗുമെടുത്ത് തിരികെ വന്ന് പുതിയ
ദിവസത്തിലെ യാത്രയ്ക്ക് തുടക്കം
കുറിയ്ക്കാൻ തയ്യാറെടുക്കുമ്പോളാണ് പിൻചക്രങ്ങളിലൊന്നിന്റെ കാറ്റ് കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടത്. ഏറെ ദൂരം
യാത്ര ചെയ്യേണ്ടതിനാൽ, ടയറിൽ കാറ്റ്
നിറച്ചിട്ട് യാത്ര തുടങ്ങാമെന്ന് കരുതിയെങ്കിലും പെരുന്നാൾ ദിനമായതിനാൽ പഞ്ചർ
കടകളൊന്നും തുറന്നിട്ടില്ല.. വിനാശകാലേ വിപരീത
ബുദ്ധി! ഒരു വർക്ക് ഷോപ്പിന്റെ അരികിലായി
വണ്ടിയൊതുക്കിയിട്ട് അച്ചായൻ കർമ്മനിരതനായി. ഞൊടിയിയക്കുള്ളിൽ ഡിക്കിയിൽ
കിടന്നിരുന്ന സ്റ്റെപ്പിനി ടയറിന്
സ്ഥാനക്കയറ്റം നൽകി, പകരം കാറ്റുവീഴ്ചയുള്ള ടയറിനെ ഡിക്കിയിലേയ്ക്ക് വിശ്രമം
അനുവദിച്ച് രണ്ടാം ദിവസത്തെ യാത്ര
ആരംഭിച്ചു..
ദിവസം #2 : യാത്ര #1 – മദേൻ സാലെ (Madein Salih)
തിരക്കൊഴിഞ്ഞ പട്ടണവീഥികളെ
പിന്നിലാക്കി, നഗരകവാടവും കടന്ന് കാർ
പതിയെ ലക്ഷ്യസ്ഥാനമായ അൽ ഹിജർ (Al
Hijr) അഥവാ
മദേൻ സാലെ-യിലേയ്ക്ക് നീങ്ങി. പച്ചപ്പുനിറഞ്ഞ താഴ്വാരത്തിന്റെ പശ്ചാത്തലത്തിൽ പടുകൂറ്റൻ ചെങ്കൽ മലകൾ അതിരിടുന്ന
വഴിയോരക്കാഴ്ചകൾ അതിമനോഹരം.
തലേരാത്രിയിൽ ഈ വഴിയിലൂടെ
കടന്നുപോയപ്പോൾ അവ്യക്തമായിക്കണ്ട ഇരുണ്ട
രൂപങ്ങൾ പകൽ വെളിച്ചത്തിൽ ഭീമാകാരങ്ങളായ
പാറകളും മലകളുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു!
ഇരുവശങ്ങളിലെയും കാഴ്ചകളിൽ
ശ്രദ്ധിച്ചിരുന്നാൽ ഏതോ ശിലായുഗത്തിലൂടെ സഞ്ചരിക്കുകയാണെന്ന് തോന്നും; ഇടയ്ക്കിടെ കണ്മുന്നിലേയ്ക്ക് കടന്നുവരുന്ന
വാഹനങ്ങളും കെട്ടിടങ്ങളുമൊക്കെയാണ് വർത്തമാന കാലത്തിന്റെ യാഥാർത്ഥ്യത്തിലേയ്ക്ക് തിരികെയെത്തിക്കുന്നത്.
നാലുവരിപ്പാത ഇടയ്ക്ക്
രണ്ടുവരിയായി ഇണങ്ങിയും വീണ്ടും നാലുവരിയായി
പിണങ്ങിയും, പാറമലകൾക്കിടയിലൂടെ വളഞ്ഞ്
പുളഞ്ഞ് മുന്നേറുന്നു. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം’ കൂറ്റൻ പാറക്കെട്ടുകൾ മാത്രം!
ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ കൃത്യം 10 മണി.. നേരത്തെയെത്തിയ സന്ദർശകരുടെ വാഹനങ്ങൾ ഗേറ്റിന് മുന്നിൽ
കാത്തുകിടപ്പുണ്ട്.
അകത്തേയ്ക്ക് പ്രവേശിക്കാൻ ടിക്കറ്റ് എടുക്കേണ്ട കാര്യമില്ലെങ്കിലും സന്ദർശകരുടെ പേര്, ഐഡി നമ്പർ, വാഹന നമ്പർ തുടങ്ങിയ വിവരങ്ങൾ ഗേറ്റിലെ കാവൽപ്പുരയിൽ രേഖപ്പെടുത്തണം. ആ ചടങ്ങുകളൊക്കെ കഴിഞ്ഞതോടെ വാഹനങ്ങൾ ഓരോന്നായി അകത്തേയ്ക്ക് കടന്നു.
2008-ൽ സൌദിയിലെ ആദ്യത്തെ
UNESCO ‘വേൾഡ്
ഹെറിറ്റേജ് സൈറ്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ട അൽ ഹിജർ പ്രദേശത്ത്, ബി. സി. 3-ആം നൂറ്റാണ്ടിൽ
ജീവിച്ചിരുന്ന സാലെ പ്രവാചകന്റെ അനുയായികളായ
തമുദ് (Thamud) വംശജർ അധിവസിച്ചിരുന്നതായി വിശുദ്ധ
ഖുറാനിലെ ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതുകൂടാതെ, മറ്റ് ചില
പുരാലിഖിതങ്ങളുടെ അടിസ്ഥാനത്തിലും, ബി.സി. ഒന്നാം നൂറ്റാണ്ടിൽ
‘നബതിയൻ’ വംശജർ എത്തുന്നതിനുമുന്നെ തന്നെ, ഇവിടെ
ജനവാസമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നുവത്രെ.
അറേബ്യൻ പെനിൻസുലയുടെ
തെക്ക്-വടക്ക് പ്രദേശങ്ങളെയും മെസപ്പൊട്ടേമിയ,
സിറിയ, നൈൽ താഴ്വര തുടങ്ങിയവയെയുമൊക്കെ തമ്മിൽ
ബന്ധിപ്പിക്കുന്ന പുരാതന കച്ചവട പാതയിലെ
തന്ത്രപ്രധാനമായ ഭാഗമായിരുന്നു അൽ ഹിജ്ർ. തെക്ക്
നിന്നുള്ള വഴി അൽ-ഹിജ്റിൽ വച്ച്
രണ്ടായി തിരിഞ്ഞ്, ഒരു വഴി
മെസപ്പെട്ടേമിയയിലേയ്ക്കും മറ്റൊന്ന് ‘നബതിയൻ’ രാജവംശത്തിന്റെ ആസ്ഥാനമായ
പെട്ര (Petra)-യിലേയ്ക്കും നീളുന്നു.
പ്രവേശനകവാടത്തിൽ നിന്നും
അധികദൂരം പോകേണ്ടി വന്നില്ല, പുരാതന സംസ്കാരത്തിന്റെ അവശേഷിപ്പുകൾ കണ്മുന്നിൽ നിരന്നുതുടങ്ങി..
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഓട്ടോമൻ ഭരണാധികാരിയായിരുന്ന സുൽത്താൻ
അബ്ദുൾ ഹമീദ് രണ്ടാമന്റെ കൽപ്പനപ്രകാരം
ദമാസ്കസിനെയും ജറുസലെമിനെയും മക്ക-മദീന
പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി പണികഴിപ്പിച്ച ‘ഹിജാസ് റെയിൽവേ’യുടെ ഭാഗമായിരുന്ന
അൽ ഹിജർ സ്റ്റേഷനാണ് ആദ്യകാഴ്ച.
പുണ്യനഗരങ്ങളിലേയ്ക്കുള്ള തീർഥാടകരുടെ സൌകര്യാർത്ഥം
തയ്യാറാക്കിയ റെയിൽപ്പാതയിലെ ട്രെയിനുകളുടെ
അറ്റകുറ്റപ്പണികൾക്കായിട്ടാണ് ഈ സ്റ്റേഷൻ
പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഒപ്പം, ഓഫീസുകളും തൊഴിലാളികൾക്കായുള്ള താമസസ്ഥലങ്ങളും അവിടെയുണ്ടായിരുന്നു. ഏറെ പണച്ചിലവോടെ
നിർമ്മിച്ച ഹിജാസ് റെയിൽപ്പാത, 1917-ൽ ഒന്നാം
ലോക മഹായുദ്ധകാലത്ത് ഈ മേഖലയിലുണ്ടായ
‘അറബ് കലാപ’ത്തിൽ തകർക്കപ്പെട്ടു.
സ്റ്റേഷനിലേയ്ക്ക് എത്തിച്ചേരുന്നതിനുമുന്നെ നിന്നുപോയതെന്ന് തോന്നിക്കും
വിധം നിശ്ചലമായിക്കിടക്കുന്ന ഒരു
തീവണ്ടിയാണ് അവിടുത്തെ പ്രധാന ആകർഷണം.
നേരത്തെ
കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാരൊക്കെ അവിടെയിറങ്ങി ഫോട്ടോയെടുക്കൽ ആരംഭിച്ചിരിക്കുന്നു.
റിയാദിൽ നിന്നും സകുടുംബം എത്തിയിട്ടുള്ള ഒരു കൂട്ടം മലയാളികളാണവർ. സംഘത്തിലെ ചില ‘ന്യൂ
ജനറേഷൻ’, പർദ്ദയുടെ കറുപ്പിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ
‘ഓൾഡ് ജനറേഷ’നും ‘കളർഫുൾ’ ആയി. തീവണ്ടിയുടെ മുകളിൽ
കയറിയും വശങ്ങളിൽ നിന്നുമൊക്കെ തകർപ്പൻ
ഫോട്ടോ സെഷനുകൾ.
Railway Museum |
പണ്ടത്തെ തീവണ്ടിയാപ്പീസ് ഇപ്പോൾ മ്യൂസിയമായി നിലനിർത്തിയിട്ടുണ്ടെങ്കിലും അവധി ദിനമായതിനാൽ അത്
അടഞ്ഞ് കിടപ്പാണ്. തൊട്ടടുത്തായി, തീവണ്ടികൾക്കാവശ്യമായ കൽക്കരി
സൂക്ഷിച്ചിരുന്ന ഭൂഗർഭ അറയും കുറെയധികം
ചെറിയ കെട്ടിടങ്ങളും പഴമയുടെ
പെരുമയും പേറി നിൽക്കുന്നു.
Coal chamber |
ഇസ്ലാമിക കാലഘട്ടത്തിൽ,
സിറിയൻ തീർത്ഥാടന പാതയിലെ ഒരു
പ്രധാന സ്റ്റേഷനായിരുന്നു അൽ-ഹിജ്ർ. തീർത്ഥാടകരുമായി വരുന്ന വാഹനങ്ങൾ ‘ബിർ അൽ-നഖാഹ് (Bir
Al-Naqah)‘ എന്നറിയപ്പെട്ടിരുന്ന കിണറിനരികിൽ വെള്ളമെടുക്കുന്നതിനായി നിർത്തുക പതിവായിരുന്നു.
Well protecting Fort |
ഹിജാസ് റെയിൽവേ സ്റ്റേഷൻ പ്രദേശത്ത്, ആ കിണർ സംരക്ഷിക്കാനായി ഓട്ടോമൻ ഭരണാധികാരികൾ തീർത്ത ഒരു കോട്ടയ്ക്കുള്ളിലാണ്, ഇന്ന് പ്രസ്തുത കിണർ സ്ഥിതിചെയ്യുന്നത്.
റെയിൽവേ സ്റ്റേഷനിലെ
കാഴ്ചകളിൽ നിന്നും പതിയെ പിന്തിരിഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും ശവകുടീരങ്ങളും
കിണറുകളും മറ്റുമൊക്കെയായി നോക്കെത്താ
ദൂരത്തോളം പരന്നുകിടക്കുന്ന പ്രദേശമാകെ
ചൂടിന്റെ കാഠിന്യമേറുന്നതിനുമുന്നെ കറങ്ങിത്തീർക്കാനുള്ളതാണ്.
മൺപാതയിൽ നിന്നും
അല്പം ഉള്ളിലായി ചില നിർമ്മിതികൾ
ദൃഷ്ടിയിൽപ്പെട്ടു. വണ്ടിയിൽ നിന്നിറങ്ങി അവയ്ക്കരികെയെത്താൻ താമസമുണ്ടായില്ല. ഏതോ യുഗത്തിൽ ആളുകൾ
താമസിച്ചിരുന്ന വീടുകളുടെ അവശേഷിപ്പുകളാണ്.
മൺകട്ടകൾ ചേർത്തുണ്ടാക്കിയ ഭിത്തികൾ മണ്ണുകൊണ്ട് തന്നെ
തേച്ച് ബലപ്പെടുത്തിയിരിക്കുന്നു. വാതിലുകളും മച്ചും
ജനാലകളുമൊക്കെ പുതിയതായി കൂട്ടിച്ചേർത്തവയാണെന്ന് തോന്നിക്കുന്നു.
വീടിന് ചുറ്റും വിശാലമായ മുറ്റം
മതിൽ കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്.
ഏറെ അകലെയല്ലാതെ,
വീടുകൾ പോലെ തോന്നിക്കുന്ന മറ്റ്
ചില നിർമ്മിതികളും കാണപ്പെടുന്നുണ്ട്.
60-ൽ അധികം കിണറുകളാൽ
സമ്പന്നമാണ് ഈ സ്ഥലം. അവയിൽ ചിലതിന് 30 മീറ്ററിൽ
കൂടുതൽ ആഴമുണ്ട്. വൃത്താകൃതിയിൽ മുകൾ
ഭാഗം വിശാലവും അടിഭാഗം ഇടുങ്ങിയതുമായ
രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അവയിൽ
പലതും കാലഹരണപ്പെട്ടു. കിണറുകളെയും ജലസംഭരണികളെയും തമ്മിൽ ബന്ധിപ്പിച്ച് കനാലുകൾ
നിലനിന്നിരുന്നതായി ഗവേഷണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
കണ്മുന്നിൽ തെളിയുന്ന
പാറകളിലും കുന്നുകളിലുമൊക്കെ പ്രത്യേക
രീതിയിലുള്ള കൊത്തുപണികളും വാതിലുമൊക്കെ
കാണുന്നുണ്ട്. ആളുകൾ താമസിച്ചിരുന്ന മുറികളാണെന്നാണ് ആദ്യം കരുതിയത്. പക്ഷെ അവയൊക്കെ
ശവകുടീരങ്ങളാണ്! ഒറ്റപ്പെട്ട ചില
വീടുകളും കിണറുകളും കഴിഞ്ഞാൽ സിംഹഭാഗവും
ശവകുടീരങ്ങളാൽ നിറഞ്ഞ സ്ഥലമാണ് അൽ-ഹിജ്ർ എന്ന്
പറയാം.
അടക്കം ചെയ്യപ്പെടേണ്ടവരുടെ കുടുംബ-സ്ഥാന മഹിമകൾക്കനുസരിച്ചാണ് കല്ലറകൾ
പണിതിരിക്കുന്നത്. രാജകുടുംബത്തിൽപ്പെട്ടവരുടെ കുടീരങ്ങൾ
കൊത്തുപണികൾക്കൊണ്ട് അലംകൃതമാണ്.
നബതിയൻ കാലഘട്ടത്തിലെ
മതവിശ്വാസത്തിന്റെ പ്രതീകമായി പരുന്തിന്റെ രൂപം
മിക്ക കുടീരങ്ങളുടെയും കവാടത്തിൽ
കൊത്തി വച്ചിരിക്കുന്നു. (നിലവിൽ പരുന്തുകൾക്കൊന്നും തലയില്ല; ‘വിശ്വാസം’ മാറിയപ്പോൾ
കൊയ്തെടുത്തതാവണം.) വലിയ കല്ലറകളിലെല്ലാം ഒന്നിലധികം
ആളുകൾ ‘വിശ്രമി‘ക്കുന്നതിന്റെ സൂചനകൾ കാണുന്നുണ്ട്.
ഒരു ഭാഗത്ത്, 4
‘ലാൻഡ് റോവർ’ വാഹനങ്ങൾ നിരയായി
നിർത്തിയിട്ടിരിക്കുന്നു. ജിദ്ദയിൽ നിന്നും ഒരു
കൂട്ടം സഞ്ചാരികളെയും കൊണ്ട്
എത്തിയതാണവ.
അവിടെ നിന്നും നടന്നെത്തുന്നത്,
മതപരമായ കൂടിച്ചേരലുകൾക്ക് വേണ്ടി
ചതുരാകൃതിയിൽ പാറയിൽ തുരന്നെടുത്ത ദിവാൻ (The Diwan) എന്നറിയപ്പെടുന്ന സ്ഥലത്തേയ്ക്കാണ്.
നൂറ്റാണ്ടുകൾക്ക് മുന്നെ
രൂപപ്പെടുത്തിയെടുത്ത ആ മുറിയുടെ
മുൻപിൽ തെല്ല് അത്ഭുതത്തോടെയാണ് നിന്നത്.
The Diwan |
സഞ്ചാരികളുടെ
കൂടെയെത്തിയിട്ടുള്ള സൌദി ഗൈഡ് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞുകൊടുക്കുന്നുണ്ട്. (അവർ കേൾക്കുന്നതിന്റെ ബാക്കി വല്ലതും കിട്ടുകയാണെങ്കിൽ പിടിച്ചെടുക്കാൻ ചെവി വട്ടം പിടിച്ച് ഞങ്ങളും
പിന്നാലെ കൂടി.)
ദിവാന്റെ മുന്നിലൂടെയുള്ള,
പ്രകൃത്യാ നിർമ്മിതമായ, ഇടുങ്ങിയ പാത (The
Siq) നയിക്കുന്നത് മറ്റൊരു ലോകത്തേയ്ക്കാണ്.
ഭീമാകാരങ്ങളായ പാറകളാൽ
ചുറ്റപ്പെട്ട അവിടെ അമ്പലമൊരുക്കി പരിശുദ്ധമായ
സ്ഥലമായിട്ടാണ് നബതിയൻസ് കരുതിപ്പോന്നത്. കുത്തനെയുള്ള പാറക്കെട്ടിലൂടെ സൂക്ഷിച്ചുനടക്കണമെന്ന് സൌദി ഗൈഡ്
ഓർമ്മിപ്പിക്കുന്നുണ്ട്. എവിടെ നോക്കിയാലും എന്തെങ്കിലുമൊക്കെ കൊത്തുപണികൾ കാണാം.
മലമുകളിലേയ്ക്കുള്ള എളുപ്പവഴി
കാണിച്ച് ‘മുൻപേ ഗമിക്കുന്ന’ ഗൈഡിന്റെ ‘പിൻപേ ഗമിക്കുന്ന
ബഹുഗോക്കളെ’പ്പോലെ ഒരുവിധത്തിൽ കയറിപ്പറ്റി.
അവിടെ നിന്നുള്ള കാഴ്ചയുടെ ഭംഗിയിൽ, അവിടെവരെ കയറാനെടുത്ത കഷ്ടപ്പാടുകളൊക്കെ മറന്നു! മുൻപ്
ജബൽ ഗാര-യിലെ മലമുകളിൽ
നിന്നും അനുഭവിച്ച ദൃശ്യചാരുതയ്ക്ക് സമാനം.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിനോദയാത്രികർ വിവിധ പോസുകളിൽ ഫോട്ടോകളെടുത്ത് ആസ്വദിക്കുന്നുണ്ട്. അവരെ പിന്നിലാക്കി മലയിറങ്ങി; മിനുസപ്പെട്ട് കിടക്കുന്ന പാറകളിൽക്കൂടെ തിരികെയിറങ്ങാൻ കയറിപ്പോയതിനേക്കാൾ ശ്രദ്ധിക്കണം.
'Go on and on...' |
‘ദിവാനി’ൽ നിന്നുമിറങ്ങി
അല്പം അകലെയായി, ഒറ്റപ്പെട്ട് കാണപ്പെട്ട
ശവകുടീരത്തിലേയ്ക്കെത്തി. ഖസർ അൽ-ഫരിദ് (Qasr Al-Farid) എന്നറിയപ്പെടുന്ന ഈ ഭീമൻ കുടീരം മറ്റുള്ളവയിൽ നിന്നും
വ്യത്യസ്തനാണ്.
Qasr Al-Farid |
അടിഭാഗത്ത്, വാതിലിനോട് ചേർന്ന്, അധികമായി
കൊത്തിവയ്ക്കപ്പെട്ടിട്ടുള്ള രണ്ട് തൂണുകളാണ്
ആ വ്യത്യസ്തതയ്ക്ക് പ്രധാന കാരണം. (സാധാരണ ഒരു
കുടീരത്തിൽ ആകെ രണ്ട് തൂണുകളേ
കാണപ്പെടുന്നുള്ളു, പക്ഷേ ഇവിടെ നാല്
തൂണുകളുണ്ട്.)
മാത്രമല്ല, ഇതൊരു പണിതീരാത്ത
“വീടാണ്”. വാതിലിനു മുന്നിലായുള്ള തുറന്ന
സ്ഥലവും കുടീരത്തിന്റെ അടിഭാഗം
ഭംഗിയാക്കാത്തതുമൊക്കെ ബാക്കി വന്ന
ജോലികളെ സൂചിപ്പിക്കുന്നു.
ഉളി, ചുറ്റിക തുടങ്ങിയ നാടൻ പണിയായുധങ്ങൾകൊണ്ട് വെറും കയ്യാൽ എങ്ങനെ ഇത്ര ബൃഹത്തായ കുടീരങ്ങൾ തീർക്കുന്നു എന്നത് വിശദീകരിക്കുന്ന ഒരു ഫലകം അവിടെ കണ്ടു:
Method of Tomb Carving |
View from Qasr Al Farid |
'The Guide' |
എവിടെ നിന്നെന്നറിയില്ല, ആ നേരത്ത് ഒരു പോലീസ് വാഹനം അവിടെയെത്തി സൈറൺ മുഴക്കി. സൌദി ഗൈഡ് ഇറങ്ങിച്ചെന്ന് പോലീസുകാരോട് എന്തൊക്കെയോ കുശുകുശുക്കുന്നത് കണ്ടു.
അല്പനേരം അവിടെ
തങ്ങിയതിനുശേഷം ആ പോലീസ് വാഹനം
മുന്നോട്ട് കടന്നുപോയി. പാർക്കിംഗ് സ്ഥലവും
കടന്ന് സഞ്ചാരികളുടെ വാഹനങ്ങൾ
കുടീരത്തിനരികിലേയ്ക്ക് കൊണ്ടുവന്നതോ സ്ത്രീകൾ
പർദ്ദ ധരിക്കാതിരുന്നതോ ഒക്കെയാവാം
അവരെ പ്രകോപിപ്പിച്ചത്. എന്തായാലും കൂടെ
ഒരു സൌദി ഉണ്ടായിരുന്നത് രക്ഷയായി.
‘ഖസർ അൽ-ഫരിദ്’-ൽ നിന്നുമിറങ്ങി
‘മദേൻ സാലെ’-യിലെ വിശാലമായ
മരുഭൂവിലൂടെ യാത്ര തുടർന്നു. തകർന്നുകിടക്കുന്ന ചില
കിണറുകളൊക്കെ അങ്ങിങ്ങായി കാണാം.
ഒൻപത്
കുന്നുകളിലായി തയ്യാറാക്കിയിരിക്കുന്ന 53 കുടീരങ്ങളടങ്ങിയ അൽ-ഖുറയ്മത്
സിമിത്തേരി (Al-Khuraymat Necropolis)-യുടെ മുന്നിലേയ്ക്കാണ് എത്തിച്ചേർന്നത്. ഒരുവശത്ത് പാർക്കിംഗ് ഏരിയയും
അതിനോട് ചേർന്ന് ശൌച്യാലയവുമൊക്കെയുണ്ട്.
റോഡ് കുറുകെ
കടന്ന് സിമിത്തേരിയുടെ കാഴ്ചകളിലേയ്ക്ക് നടന്നു. കൊത്തുപണികളുടെ വൈവിധ്യത്താൽ സമ്പന്നമായ
കുടീരങ്ങൾ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടെ സ്വാഗതമോതുന്നു. പക്ഷേ, പതിവിന് വിപരീതമായി
താഴ്ന്നയിടങ്ങളിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന കുടീരങ്ങളിൽ
മിക്കവയിലും കാലപ്പഴക്കവും വെള്ളപ്പൊക്കം
പോലെയുള്ള പ്രകൃതിദുരന്തങ്ങളും ഏൽപ്പിച്ചിട്ടുള്ള ആഘാതം വളരെ വ്യക്തമാണ്.
അൽ-ഖുറായ്മത് സിമിത്തേരിയിലെ ഇഗ്ന് 100
(Tomb IGN 100) എന്ന കുടീരമാണ്, അൽ-ഹിജ്റിലെ തന്നെ
ഏറ്റവും മികച്ച മുഖവാരം (façade) കൊണ്ട് അലംകൃതമായതത്രേ.
മേൽഭാഗത്ത് കൊത്തിവയ്ക്കപ്പെട്ട 4 തൂണുകളും, മനുഷ്യശിരസ്സോട് കൂടിയ 2 സാങ്കൽപ്പിക
രൂപങ്ങൾ വാതിലിന് മുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന തുമൊക്കെ ഈ കുടീരത്തിന്റെ മാത്രം
സവിശേഷതകളാണ്.
ചെറുതും വലുതുമായ നിരവധി
അറകൾ നിറഞ്ഞതാണ് കുടീരത്തിന്റെ ഉൾഭാഗം.
കാഴ്ചകൾ കണ്ട് 3 മണിക്കൂർ പിന്നിട്ടതറിഞ്ഞില്ല; ഒരു മണിയായിരിക്കുന്നു. അൽ ഹിജ്റിലെ വിസ്മയങ്ങളോട് വിട പറയാൻ നേരമായി. പ്രദേശത്ത് സന്ദർശകരുടെ അംഗബലം ഏറിവരുന്നുണ്ട്.
അല്പനേരത്തെ വിശ്രമത്തിന് ശേഷം അടുത്ത യാത്രയ്ക്ക് തയ്യാറായി. നൂറ്റാണ്ടുകൾക്കപ്പുറം, അധിവസിച്ചിരുന്ന ജനതതിയുടെ സാംസ്കാരിക പാരമ്പര്യങ്ങളുടെ അവശേഷിപ്പുകൾ പുതുതലമുറയ്ക്കായി കാത്തുപരിപാലിക്കുന്ന മദേൻ സാലെ-യുടെ കാവൽപ്പുരയെ പിന്നിലാക്കി കാർ പ്രധാന പാതയിലേയ്ക്ക് കടന്നു.
ദിവസം #2 : യാത്ര #2 – തബൂക്ക് - ഹഖ്ൽ
ഇവിടെ നിന്നും
ഏതാണ്ട് 400 കിലോമീറ്ററുകൾ അകലെയുള്ള ‘തബൂക്ക്’, അവിടെ നിന്ന് പിന്നെയും
200-ൽപ്പരം
കിലോമീറ്ററുകൾ താണ്ടി ‘ഹഖ്ൽ’ എന്ന അതിർത്തിപ്പട്ടണത്തിൽ ടെന്റടിച്ച് ഇന്നത്തെ യാത്രയ്ക്ക്
വിരാമമിടുക എന്നതാണ് ലക്ഷ്യം. ‘മദേൻ സാലെ’യിൽ നിന്നും
തബൂക്കിലേയ്ക്ക് നേർവഴി കാണിച്ച് ‘ഗൂഗിൾ‘ വീണ്ടും പ്രവർത്തനനിരതമായി.
വലിയ പാറക്കെട്ടുകളും കുന്നുകളും മണൽക്കൂനകളുമൊക്കെ നിറഞ്ഞ
ആ ഇരട്ടവരിപ്പാതയിലെ പ്രധാന ആകർഷണം ഇടയ്ക്കിടെ
കണ്ണുകൾക്ക് വിരുന്നേകാനെത്തുന്ന പച്ചപ്പ്
നിറഞ്ഞ പുൽപ്പാടങ്ങളാണ്.
വിശാലമായ കൃഷിയിടത്തിനുകുറുകെ,
മോട്ടോറുകൾകൊണ്ട് ചലിപ്പിക്കാവുന്ന തരത്തിൽ
പിടിപ്പിച്ചിരിക്കുന്ന പൈപ്പുകളിലൂടെയാണ് പുല്ലുകൃഷിക്കാവശ്യമായ ജലസേചനം നടത്തുന്നത്. പുൽച്ചെടികൾ വളരുന്നതിനനുസരിച്ച് ഈ സ്പ്രിംഗ്ലറുകളുടെ ഉയരം ക്രമീകരിക്കുകയും ചെയ്യാം!
പുൽപ്പാടങ്ങൾ കൂടാതെ
ഈന്തപ്പനത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും ഹരിതാഭ
ചൊരിഞ്ഞ് പിന്നിലേയ്ക്ക് ഓടിമറയുന്നു.
ഒരു മുന്തിരിത്തോപ്പിന്റെ ഗെയിറ്റ്
തുറന്ന് കിടക്കുന്നത് കണ്ടതോടെ
കാർ ആ വഴിക്ക് തിരിഞ്ഞു.
ഗെയിറ്റ് കടന്ന് വണ്ടി ഇത്തിരി ഉള്ളിലേയ്ക്ക് ചെന്നെങ്കിലും അവിടെയെങ്ങും ആളനക്കമുള്ളതായി തോന്നുന്നില്ല. അകലെയായി ചെറുവീടുകൾ പോലെ തോന്നിക്കുന്ന കെട്ടിടങ്ങൾ. മുന്തിരിച്ചെടികളുടെ അരികിലൂടെ നടന്നെങ്കിലും കാര്യമുണ്ടായില്ല; എല്ലാത്തിലും ഇലകൾ മാത്രമേയുള്ളു. തൊട്ടടുത്തുള്ള നാരകത്തോട്ടത്തിലെ അവസ്ഥയും അങ്ങനെതന്നെ. തിരികെ വണ്ടിയിലേയ്ക്ക് കയറാൻ തുടങ്ങുമ്പോളാണ് ദൂരെയുള്ള ഫാം ഹൌസിൽ നിന്നും ഒരു ATV (Quad Bike) പാഞ്ഞുവരുന്നത് കണ്ടത്. പണി പാളിയോ?
ATV-യിൽ വന്ന ദേഹം
ഉപചാരപൂർവം ‘സലാം’ പറഞ്ഞു. ഒരു ‘ബംഗാളി ലുക്ക്’ തോന്നിയതിനാലാവണം,
തിരികെ സലാം പറഞ്ഞതിനൊപ്പം ‘തോട്ടം കാണാൻ
വെറുതെ ഒന്ന് കയറിയതാണ്, ഇപ്പോൾ തന്നെ
പൊയ്ക്കോളാം’ എന്ന് അച്ചായൻ ഹിന്ദിയിൽ
കാച്ചി. ‘അതിനെന്താ.. നിങ്ങൾ കണ്ടോളൂ.. ഇവിടെ
കാണാനൊന്നുമില്ല.. തോട്ടത്തിന്റെ അങ്ങേയറ്റത്ത്
മാത്രമേ ഇപ്പോൾ ഫലങ്ങൾ ബാക്കിയുള്ളൂ.. അത് പറയാനാണ്
ഞാൻ വന്നത്..’ എന്നായി അഭിനവ
ബംഗാളി. ആശ്വാസം! പിന്നെ കുറച്ച് കുശലാന്വേഷണം – തോട്ടക്കാരൻ ദൈവം
ബംഗാളിയല്ല, യു.പി-ക്കാരനാണ്. ‘നിങ്ങൾ എത്ര
നേരം വേണമെങ്കിലും ഇവിടെ
നടന്നോ, ഏത് പഴങ്ങൾ വേണമെങ്കിലും എടുത്തോ’ എന്ന് അനുഗ്രഹിച്ച്
അദ്ദേഹം തിരികെ ഫാം ഹൌസിലേയ്ക്ക്
മടങ്ങി.
കിട്ടിയ അവസരം
പാഴാക്കാതെ അച്ചായൻ കാർ തോട്ടത്തിന്റെ
മറുഭാഗത്തേയ്ക്ക് വിട്ടു. ഏക്കറുകളോളം പരന്നുകിടക്കുന്ന ആ കൃഷിയിടത്തിൽ മുന്തിരിയും നാരകവും
കൂടാതെ ഈന്തപ്പന, തണ്ണിമത്തൻ, ഒലീവ് തുടങ്ങി
നിരവധി ചെടികൾ. എങ്ങും മണൽപ്പരപ്പുകളാണെങ്കിലും ഇത്രയധികം കൃഷിസ്ഥലങ്ങൾ ഇവിടെ
പരിപാലിക്കപ്പെടുന്നു എന്നത് അത്ഭുതം
തന്നെ.
മുന്തിരിച്ചെടികളുടെ വിളവെടുപ്പ് കഴിഞ്ഞതാണ്. അതിനുശേഷം മൂത്ത് പഴുത്ത കുലകൾ നന്നായി ഉണങ്ങി നിൽക്കുന്നു. ചില ചെടികളിൽ പച്ചമുന്തിരിക്കുലകളുമുണ്ട്. ഉണങ്ങിയ മുന്തിരിയ്ക്ക് അസാധ്യ മധുരം! കുറെയധികം ഉണക്ക മുന്തിരിക്കുലകൾ അടർത്തിയെടുത്ത് വണ്ടിയിൽ വെച്ചു; ഒരു വഴിക്ക് പോകുന്നതല്ലേ. (പക്ഷേ, തിരികെ ജിദ്ദയിലെത്തിയപ്പോളേയ്ക്കും അത് മുഴുവൻ തിന്നുതീർത്തു എന്നത് വേറെ കാര്യം.)
ഓടിയെത്താനുള്ള ദൂരമോർത്തപ്പോൾ തോട്ടത്തിലെ കറക്കം മതിയാക്കി തിരികെ
കാറിൽ കയറി.
തെല്ലുദൂരം പിന്നിട്ടതോടെ
വഴിയിൽ മറ്റ് വാഹനങ്ങളുടെ സഞ്ചാരം
നന്നെ കുറഞ്ഞു. പൊടിക്കാറ്റ് പൊങ്ങുന്ന
മരുഭൂമിയെ കീറിമുറിച്ച് മുന്നേറുന്ന
പാത.
ഇടയ്ക്കിടെ കറുത്ത കല്ലുകൾ നിറഞ്ഞ
മലമ്പ്രദേശങ്ങൾ, മേഘക്കൂട്ടങ്ങൾ നിഴൽ
വിരിച്ചതുപോലെ മുന്നിലെത്തുന്നു. മൊബൈൽ സിഗ്നലുകൾ
ഇടയ്ക്കിടെ മുറിയുന്നതിനാൽ കയ്യിലുള്ള
മാപ് നോക്കിയാണ് സഞ്ചാരം. ദീർഘനേരത്തെ ആ ‘ഏകാന്ത
യാത്ര’ ഒടുവിൽ തബൂക്ക്-സക്കാക്ക ഹൈവേയിലെത്തിച്ചേർന്നു.
അതുവരെ പിന്നിട്ടുവന്ന മണൽപ്പരപ്പുകളൊക്കെ പെട്ടെന്ന് മാഞ്ഞുപോയതുപോലെ – റോഡിനിരുവശവും വിശാലമായ
പുൽപ്പാടങ്ങൾ!!
തബൂക്ക് പട്ടണത്തിലേയ്ക്കിനി വളരെ
ചെറിയ ദൂരം മാത്രം. സമയം 4 മണി കഴിഞ്ഞിരിക്കുന്നു.
രാവിലെ കഴിച്ച ഒരു സാൻഡ്വിച്ചിന്റെ
ബലത്തിലാണ് ഈ നേരമത്രയും പിടിച്ചുനിന്നത്.
എന്തെങ്കിലും കാര്യമായി കഴിച്ചിട്ടാവാം ഇനിയുള്ള
യാത്ര എന്നായി അച്ചായൻ. ഒപ്പം, രാവിലെ മാറ്റിയ
ടയറിന്റെ പഞ്ചറൊട്ടിക്കുകയും വേണം. തബൂക്ക്
ടൌണിലെത്തി ഈ പറഞ്ഞ രണ്ടുകാര്യങ്ങൾക്കും തീരുമാനമാക്കി. ജഠരാഗ്നി അണഞ്ഞതോടെ ഇന്നത്തെ
യാത്രയുടെ ‘ഫൈനൽ ലാപ്പി’നായി കാർ
ചലിച്ചു തുടങ്ങി.
‘സന്ധ്യ മയങ്ങും നേര’ത്ത്
നഗരത്തിരക്കുകളെ പിന്നിലാക്കി ഹഖ്ലിലേയ്ക്കാണ്
യാത്ര. ചെടികളും പാർക്കുകളുമൊക്കെയായി വളരെ
മനോഹരമാണ് പാതയോരങ്ങൾ. നഗരപ്രദേശം കഴിഞ്ഞതോടെ,
ഒലിവ് ചെടികൾ അതിരിടുന്ന വലിയ
കൃഷിയിടങ്ങൾ പാതയ്ക്കിരുവശവും നിരന്നു. പ്രധാനപാതയിൽ
നിന്നും ഹഖ്ൽ റോഡിലേയ്ക്ക്
തിരിയുന്നതിനു മുന്നെ തന്നെ ഇരുട്ടിന്റെ
കമ്പടം വഴിയോരക്കാഴ്ചകളെ മറച്ചുതുടങ്ങി.
അടുത്തദിവസം പകൽ ഇതേ വഴിയിലൂടെ
തന്നെ തിരികെ വരേണ്ടുന്നതിനാൽ, ഇരുൾ മൂടുന്ന
കാഴ്ചകൾ തെളിവോടെ കാണാമല്ലോ എന്ന്
ആശ്വസിച്ചു.
ഹഖ്ൽ എന്ന
തീരദേശ-അതിർത്തി പട്ടണത്തിലെത്തിച്ചേരുമ്പോൾ രാത്രി
പത്ത് മണി കഴിഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കൊന്നും നിൽക്കാതെ, നേരെ ചെന്നുപെട്ട
ഒരു ബീച്ചിൽ സൌകര്യപ്രഥമായ ഒരിടത്ത്
വാഹനമൊതുക്കി. ഡിക്കിയിൽ ‘ചുരുണ്ട് മടങ്ങി’ വിശ്രമിച്ചിരുന്ന ടെന്റ് അതിന്റെ യഥാർത്ഥരൂപം വീണ്ടെടുക്കാൻ
അധികനേരം വേണ്ടി വന്നില്ല. ചുറ്റുവട്ടത്ത് പന്ത്
കളിക്കുന്നവരെയും മീൻ പിടിക്കുന്നവരെയുമൊക്കെ അവഗണിച്ച്, അച്ചായൻ
ടെന്റിനകത്തും ഈയുള്ളവൻ കാറിനകത്തുമായി, ഉറക്കത്തിന്റെ തേരിലേറി.
(തുടരും)
കടപ്പാട്:
- ഗൂഗിൾ (മാപ്)
- വിക്കിപീഡിയ (വിശദാംശങ്ങൾ)
- BBQ5 / Canon (ചിത്രങ്ങൾ)
മണലാരണ്യത്തിലെ കാഴ്ചകളുമായി സഞ്ചാരം തുടരുന്നു..
ReplyDeleteജിമ്മി ജോൺ കുളങ്ങര... മിക്കവാറും ഞങ്ങൾ ഈ പേര് അങ്ങ് ചാർത്തി തരും...
ReplyDeleteപ്രൊഫഷണലിസം തുളുമ്പുന്ന ആഖ്യാനവും ചിത്രങ്ങളും... ഉണ്ടാപ്രി പറഞ്ഞത് പോലെ ഇങ്ങള് സുലൈമാനല്ല ഭായ്... :)
അധികമാരും അറിയപ്പെടാതെ പോയ ഒരു യാത്ര... ലാൽ ജോസും ബൈജുനായരും ഒക്കെ സഞ്ചരിച്ചതിൽ നിന്നും ഒട്ടും പിറകിലല്ല ഈ അയ്യായിരം കിലോമീറ്റർ യാത്ര...
അഭിനന്ദനങ്ങൾ ജിം...
എന്നിട്ട് വേണം യഥാർത്ഥ കുളങ്ങരക്കാരൻ എന്റെ സഞ്ചാരം മുടക്കാൻ.. :)
Deleteആദ്യ വായനയ്ക്കും ആദ്യ കമന്റിനും നന്ദി വിനുവേട്ടാ.. (ഇങ്ങനെയൊക്കെ കമന്റിയാൽ ആരായാലും യാത്ര ചെയ്ത് പോകും.. :) )
മ്മടെ സ്വന്തം സഞ്ചാരി..
ReplyDeleteഗോ ഓണ്‍ ഡിയർ ..
മ്മക്കായി നിറയെ പോട്ടംസും വിവരണൊമൊക്കയായി നിറയെ യാത്രകൾ നടത്തൂ ...
കാത്തിരിക്കുന്നു ബാക്കി ഭാഗങ്ങൾക്കായി
അടുത്ത ഭാഗം എഴുതിയുണ്ടാക്കട്ടെ ട്ടോ..
Deleteഗോയിംഗ് ഓൺ.. പിന്നെയും ഗോയിംഗ് ഓൺ.. :)
സൂപ്പർ ...
ReplyDeleteഅറബി പയ്യന്റെ നന്മാംശങ്ങളിലൂടെ ആരംഭിച്ച് ,
യാത്രയുടെ തുടക്കം തൊട്ട് സഞ്ചാരം പൂർത്തികരിക്കുന്ന
സകല മാനയിടങ്ങളിലും വായനക്കാരെ കൊണ്ടെത്തിച്ച്,
അവിടത്തെ മനോഹര കാഴ്ച്ചകളെല്ലാം ഛായാഗ്രഹണത്താൽ
ഒപ്പിയെടുത്ത് ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ഈ “ ജിമ്മി
ജോൺ കുളങ്ങരയുടെ’ കഴിവിനെ പ്രണമിച്ച് കൊള്ളുന്നു
ബിലാത്തിയിലേയ്ക്കൊരു യാത്ര.. അതൊരു മോഹമായി അവശേഷിക്കുന്നു... അധികം താമസിയാതെ വരും, അപ്പോ അവിടെ കാണണം കേട്ടോ.. :)
Deleteഅടിപൊളി ജോൺസായ്‌വേ....
ReplyDeleteചിത്രങ്ങൾ വാക്കുകളേക്കാൾ കഥകൾ പറഞ്ഞു തരുന്നുണ്ട്.
എല്ലാ ഭാവുകങ്ങളും നേരുന്നു.
ബാക്കി കൂടി അധികം ഇടവേളയില്ലാതെ ഇങ്ങു പോന്നോട്ടെ..
ഇടവേള മന:പൂർവ്വമല്ല മാഷേ.. അവധിയ്ക്ക് നാട്ടിൽ പോയതുകൊണ്ട് സംഭവിച്ചു പോയതാ,, :)
Deleteഅറിയാത്ത , കാണാത്ത കാഴ്ചകൾ മനോഹരമായ ചിത്രങ്ങളിലൂടെയും ലളിതമായ വർണനകളിലൂടെയും പകർന്നു തന്നതിന് നന്ദി ജിമ്മി. വിശ്രമ സമയം ഇത്രേം നീട്ടേണ്ട ട്ടോ .... വേഗം പോന്നോട്ടെ അടുത്ത ഭാഗം...
ReplyDeleteമനസ്സിൽ തൊടുന്ന ഒരു കുട്ടി നന്മയിൽ നിന്നുള്ള തുടക്കം ഏറെ നന്നായി ട്ടോ...
ഈ വഴിയുള്ള സഞ്ചാരത്തിന് നന്ദി കുഞ്ഞൂസേച്ച്യേ..
Deleteഇടയ്ക്ക് അവധിക്ക് നാട്ടിൽ പോയതുകൊണ്ടാണ് ‘വിശ്രമസമയം’ പ്രതീക്ഷിച്ചതിലും നീണ്ടുപോയത്.. അടുത്തഭാഗം പരമാവധി വേഗത്തിൽ എത്തിക്കാം.. :)
എനിക്കാ അറബിക്കുട്ടിയുടെ പ്രവൃത്തികളങ്ങിഷ്ടപ്പെട്ടുപോയി
ReplyDeleteഎനിക്കും.. :)
Deleteആ സംഭവം ഇപ്പോളും ഒരു അത്ഭുതക്കാഴ്ചയായി മനസ്സിലുണ്ട്..
ജിമ്മി, തബൂക്ക് വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു. എനിക്കിഷ്ടമുള്ള സ്ഥലമാണ് തബൂക്ക്... ഈ കാഴ്ചകൾ മനോഹരമായിരുന്നുട്ടോ :)
ReplyDeleteതബൂക്കിലെ കാഴ്ചകൾ ഉടനെയെത്തും കേട്ടോ... ഇത്തിരി കൂടെ കാത്തിരിക്കൂ... :)
Deleteകഴിഞ്ഞ അവധി ദിനങ്ങളില്‍ ഞാനും മദായിനില്‍ ആയിരുന്നു ,, ഉലയിലെ ചരിത്ര മ്യൂസിയവും ഒരു സംഭവം തന്നെ ,,, ഇനി തബൂക്ക് കാഴ്ചകള്‍ കൂടി വരട്ടെ ,, ചരിത്രത്തെ ആഴത്തില്‍ തൊട്ടറിഞ്ഞ വിവരണം ..നനായി ജിമ്മി
ReplyDeleteനന്ദി ഫൈസൽ ഭായ്.. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ ചരിത്രഭൂമിയിലെവിടെയെങ്കിലും വച്ച് കണ്ടുമുട്ടാമായിരുന്നു.. ;)
Deleteമൂങ്കൂട്ടി ഒരു മൾട്ടിപ്പിൾ ടൂറ് വിസയുമായി
ReplyDeleteവരികയാണേൽ ബിലാത്തി മാത്രമല്ല ...,
മ്ക്ക് യൂറോപ്പ് മുഴുവൻ ഒന്ന് കറങ്ങാം കേട്ടൊ ഭായ്
അധികം താമസിയാതെ തന്നെ ഞാനൊരു വരവ് വരും ബിലാത്തിയേട്ടാ... ജാഗ്രതൈ.. ;)
Deleteസഫാരിയിലെ കാഴ്ചകള്‍ പോലെ മനോഹരം !
ReplyDeleteനന്ദി, വീണ്ടും വരിക :)
Deleteമരുഭൂമിയിലെ വിസ്മയങ്ങൾ...
ReplyDeleteവിസ്മയക്കാഴ്ചകൾ തുടരുന്നു മാഷേ... :)
Deleteആദ്യ ഭാഗത്തെ കവച്ച് വെക്കുന്ന രീതിയിൽ ചിത്രങ്ങളും വിവരണവും കൊണ്ട് അതീവഹൃദ്യം.
ReplyDeleteഅടുത്ത ഭാഗം വേഗം പോരട്ടേ!!!!!
അടുത്ത ഭാഗം പോസ്റ്റ് ചെയ്ത്ട്ടുണ്ട്... വേഗം പോയി വായിച്ചോ... :)
Deleteവായിച്ചു തുടങ്ങി എന്തോ കാരണത്താല്‍ (ആപ്പീസര്‍ വിളിപ്പിച്ചിട്ടുണ്ടാകും) തുടര്‍ന്ന്
ReplyDeleteഗൌനിക്കാതെ പോയി. മൂന്നാം ഭാഗം പോസ്റ്റ് ചെയ്തപ്പോള്‍ ആണ് ഇതും വായിച്ചില്ലല്ലോ
എന്നോര്‍ത്തത്. അരണ ബുദ്ധി.
കലക്കന്‍ വിവരണവും ഫോട്ടോസും. ചരിത്രം ഭൂമിശാസ്ത്രം എല്ലാം മനസ്സിലാക്കിത്തരുന്ന
ജിമ്മി വ്യത്യസ്തന്‍ തന്നെ. ഭക്ഷണവിശേഷം ചെറുതായിപ്പോയി.