Wednesday 12 June 2013

മരണമെത്തുന്ന നേരത്ത്..



രാൾ തന്റെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്, ചിന്തിച്ചുതുടങ്ങുന്നത് എപ്പോളായിരിക്കും? ഗുരുതരമാ രോഗാവസ്ഥയിൽ? അല്ലെങ്കിൽ വാർധക്യത്തിന്റെ പാരമ്യതയിൽ? അതുമല്ലെങ്കിൽ  എന്തെങ്കിലും കാരണത്താൽ ആത്മഹത്യയ്ക്ക് തയ്യാറെടുക്കുമ്പോൾ? ഇങ്ങനെ ഏതെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിലെത്താതെ, സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കുന്നവർ വിരളമായിരിക്കുമല്ലേ. എല്ലാവർക്കും, മരണത്തേക്കാളുപരി, ജീവിതത്തെപ്പറ്റി ആലോചിക്കാനാണ് ഏറെ താൽപ്പര്യം.

എന്താണിപ്പോൾ മരണത്തെക്കുറിച്ച് ഇത്ര ചിന്തിക്കാൻ എന്നായിരിക്കും മനസ്സിൽ ചോദിക്കുന്നത്.. പ്രത്യേകിച്ച് കാരണമൊന്നുമില്ലഏത് വിധേനയും പണമുണ്ടാക്കാൻ ആധുനിക മനുഷ്യൻ തത്രപ്പെടുന്നത് കാണുമ്പോൾ, ശ്വാസത്തിന്റെ ഗതിവിഗതികൾ നിലയ്ക്കുന്ന ഒരു നിമിഷത്തിൽ പൊലിയുന്ന നീർക്കുമിളയാണല്ലോ ജീവിതം എന്ന അവബോധം ഉള്ളിന്റെയുള്ളിൽ ഇടയ്ക്കിടെ തലപൊക്കുമ്പോൾ ചിന്തിച്ചുപോയി എന്നുമാത്രം.

`മനുഷ്യജീവിതം പുല്‍ക്കൊടിക്ക്‌ തുല്ല്യമാണ്‌. അത് വയലിലെ പുഷ്പം പോലെ വിരിയുകയും ചുടുകാറ്റടിക്കുമ്പോൾ വാടിപ്പോവുകയും ചെയ്യുന്നു` - ഇത്രേയുള്ളു മനുഷ്യന്റെ കാര്യം.

അടുത്തിടെ ഞങ്ങളുടെ ഓഫീസിൽ പുതിയതായി ചേർന്നതായിരുന്നു, സുമയ്യ അംബ എന്ന സൌദി വനിത. എല്ലാവരോടും വളരെ സൌഹാർദ്ദത്തോടെ ഇടപെട്ട്, തമാശകൾ പറഞ്ഞ് വളരെ പെട്ടെന്ന് തന്നെ അവർ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയിലെ അംബ എന്ന സ്ഥലത്തുനിന്നും സൌദിയിലേയ്ക്ക് കുടിയേറി, പിൽക്കാലത്ത് സൌദികളായി മാറിയ അവരുടെ കുടുംബചരിത്രം വിശദമായിത്തന്നെ ഒരിക്കൽ പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഏതാനും ദിവസങ്ങൾക്കുമുന്നെ റിയാദിലേയ്ക്ക് ജോലി സംബന്ധമായ ഒരു യാത്ര പോയ സുമയ്യ, അവിടെ ഹോട്ടലിൽ വച്ച് അബോധാവസ്ഥയിലാവുകയും ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. രോഗാവസ്ഥയിൽ നിന്നും പഴയതിലും ഊർജ്ജസ്വലയായി ഒഫീസിലേയ്ക്ക് അവർ വരുന്നതും കാത്തിരുന്ന സഹപ്രവർത്തകർക്കെല്ലാം സുമയ്യയുടെ വേർപാട് തികച്ചും അപ്രതീക്ഷിതമായിരുന്നു. Brother Jimmy, Can I disturb you for a while?എന്ന ചോദ്യവുമായി, നിറഞ്ഞ പുഞ്ചിരിയോടെ എന്റെ ഓഫീസ് മുറിയുടെ വാതിൽക്കൽ നിൽക്കുന്ന രൂപം ഇനിയുള്ള കാലവും മനസ്സിൽ നിന്നും മായുമെന്ന് തോന്നുന്നില്ല.

ഓർമ്മയിൽ തങ്ങി നിൽക്കുന്ന ആദ്യത്തെ മരണവാർത്ത, അച്ചായി (അച്ഛന്റെ അച്ഛൻ)-യുടേതാണ്. മൂന്നോ നാലോ വയസ്സുണ്ടാവും അന്ന്.. മഴ കോരിച്ചൊരിയുന്ന, ജൂൺ മാസത്തിലെ ഒരു വൈകുന്നേരമാണ് (കൃത്യമായി പറഞ്ഞാൽ ജൂൺ 12), അടുത്തവീട്ടിലെ ചേട്ടൻ അച്ചായിയുടെ മരണവാർത്തയുമായി എത്തുന്നത്. വിവരമറിഞ്ഞ് അമ്മ കരയുന്നതും, കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാതെ ഞാൻ, വീടിന്റെ അരഭിത്തിയിൽ കയറി നിന്ന് ഉത്തരത്തിൽ തൂങ്ങിയാടിയതുമൊക്കെ ഇപ്പോളും ഓർക്കുന്നു. സന്ധ്യാനേരത്ത്, കനത്ത മഴയിലൂടെ അമ്മയുടെ കയ്യിൽ പിടിച്ച് തറവാട്ടിലേയ്ക്ക് നടന്നതും അവിടത്തെ തിരക്കുകളും ഫോട്ടോ എടുക്കലും മറ്റ് ചടങ്ങുകളുമൊക്കെ ഇന്നും മനസ്സിൽ തെളിഞ്ഞ് നിൽക്കാൻ എന്താവും കാരണമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

വർഷങ്ങൾക്ക് ശേഷം, വല്ല്യമ്മച്ചി (അച്ഛന്റെ അമ്മ)-യുടെ കാവലാളായി തറവാട്ടിൽ പോയിരുന്ന രാത്രികളിലൊന്നിലാണ് മരണത്തെക്കുറിച്ചും മരണാനന്തരം എന്തായിരിക്കും സംഭവിക്കുക എന്നൊക്കെ ആലോചിച്ച് ആദ്യമായി ഉറക്കം നഷ്ടപ്പെട്ടത്. തുടർന്നുള്ള കുറെയേറെ ദിവസങ്ങളുടെ അവസാനത്തിൽ, ഇരുട്ടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച്, മരണത്തെക്കുറിച്ച് ആലോചിച്ച് വെറുതെ ടെൻഷനടിച്ചു. ആത്മഹത്യ ചെയ്യുന്നവരുടെ ധീരതയെ ഓർത്ത് അത്ഭുതം തോന്നിത്തുടങ്ങിയത് അക്കാലത്താണെന്ന് തോന്നുന്നു. സ്വയം മരണത്തെ വരിക്കാൻ തെല്ല് ധൈര്യമൊക്കെ വേണമെന്നാണ് ഞാൻ ഇപ്പോളും ഉറച്ച് വിശ്വസിക്കുന്നത്.. (ആരും കൊടുവാൾ എടുക്കേണ്ട.. J ഒരു തർക്കത്തിന് ഞാനില്ല, എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു.)

മരണവീട്ടിൽ പോയാലും, ചേതനയറ്റ ശരീരം പരമാവധി അകലെ നിന്ന് കാണാനേ ശ്രമിക്കാറുള്ളു - ഇത്തിരിയെങ്കിലും പരിചയമുള്ളവരാണ് പരലോകം പൂകിയതെങ്കിൽ പ്രത്യേകിച്ചും. ഓർമ്മയിൽ തെളിയുന്ന അവരുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കലും മായാതിരിക്കാനുള്ള ഒരു കരുതൽ. പക്ഷേ, ആത്മാർത്ഥ സുഹൃത്തിന്റെ വല്ല്യപ്പൻ മരിച്ചപ്പോൾ പതിവ് തെറ്റിക്കേണ്ടി വന്നു. അവന്റെ നിർബന്ധത്തിന് വഴങ്ങി, അന്ന് അവിടെ വീഡിയോ ചിത്രീകരിക്കേണ്ടി വന്നപ്പോൾ ക്യാമറയുടെ സ്ക്രീനിലൂടെ വല്ല്യപ്പന്റെ മുഖംക്ലോസപ്പിൽപലതവണ കണ്മുന്നിലെത്തി.

നാളിതുവരെയുള്ള വേർപാടുകളിൽ ഏറ്റവും വേദനിപ്പിച്ചത്, ലില്ലിക്കുട്ടി അമ്മായിയുടെ മരണമാണ്. അച്ചായിയുടെ അനുജന്റെ ഭാര്യയായിരുന്ന അമ്മായി, ഏതാനും വർഷങ്ങൾക്ക് മുന്നെ, ഒരു രാത്രിയിലെ ഉറക്കത്തിൽ നിന്നും പിന്നെ ഒരിക്കലും ഉണർന്നില്ല. പക്ഷേ, വിവരം ഞാൻ അറിയുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്വേദനയുടെ ആഴം കൂട്ടാൻ അതുമൊരു കാരണമായി. കഥപ്പുസ്തകങ്ങൾ വായിച്ചു തന്നും, വായിക്കാൻ പഠിപ്പിച്ചും എന്നെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയത് സ്നേഹമയിയാണ്. തറവാട്ടിലെത്തിയാൽ ആദ്യം ഓടുന്നത്, തൊട്ടടുത്തുതന്നെയുള്ള അമ്മായിയുടെ വീട്ടിലേയ്ക്കാണ്. വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ്, എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ തരാതെ വിടത്തില്ല. (അങ്ങനെ എന്തെങ്കിലും കിട്ടിയാലല്ലാതെ ഞാൻ മടങ്ങാറില്ലായിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.) അമ്മയോളം സ്നേഹം പകർന്ന അമ്മായിയുടെ പുഞ്ചിരിക്കുന്ന മുഖം എന്നും എന്നോർമ്മകളിൽ ഒളിമങ്ങാതെ വിളങ്ങുന്നു.

ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോൾ പങ്കെടുക്കാനിടയായ ഒരു ശവസംസ്കാര ചടങ്ങിൽ വച്ചാണ്, ഇത്രകാലവും ഏറ്റുപാടിയിരുന്ന ഒരു മരണപ്പാട്ടിന്റെ വരികൾ മനസ്സിൽ കുടുങ്ങിയത്.. കേരളത്തിലെ ക്രിസ്ത്യാനികളിൽ, റോമൻ കത്തോലിക്കാ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് വളരെ അർത്ഥവത്തായ വരികളുള്ള പാട്ട് ആലപിക്കാറുള്ളത്.. തുടക്കം ഇങ്ങനെ;

മരണം വരുമൊരുനാൾ, ഓർക്കുക മർത്യാ നീ
കൂടെപ്പോരും നിൻ ജീവിത ചെയ്തികളും
സത്കൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ..”

ലളിതമായ പദപ്രയോഗങ്ങളിലൂടെ ഗാനം ഓർമ്മപ്പെടുത്തുന്നത് എത്ര മഹത്തായ സന്ദേശമാണെന്ന്, വിലാപയാത്രയിൽ പങ്കെടുക്കുന്ന ഒരാളെങ്കിലും മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു.

ജീവിച്ചിരിക്കുമ്പോൾ നല്ല കാര്യങ്ങൾ ചെയ്തവർക്കും ചെയ്യാത്തവർക്കും തങ്ങളുടെ മരണാനന്തരം ചെയ്യാൻ പറ്റുന്ന മഹനീയമായ ഒരു കാര്യമുണ്ട് – അവയവദാനം! മതപരമാ‍യ വിശ്വാസങ്ങൾ ചിലരെയെങ്കിലും പിന്തിരിപ്പിച്ചേക്കാം, പക്ഷേ കുറഞ്ഞപക്ഷം കണ്ണുകളെങ്കിലും ദാനം ചെയ്ത് വെളിച്ചമുള്ള ലോകത്തേയ്ക്ക് മറ്റൊരാളെ കൈപിടിച്ച് നടത്താൻ സാധിക്കുമെങ്കിൽ അതിൽ‌പ്പരം സത്കർമ്മം മറ്റെന്തുണ്ട്?

ആദ്യത്തെ ചോദ്യം ആവർത്തിക്കാം.. എപ്പോളാണ് നിങ്ങൾ നിങ്ങളുടെ മരണത്തെപ്പറ്റി ചിന്തിച്ചുതുടങ്ങുക?

**** **** ****

ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം?’ - ബൈബിൾ


21 comments:

  1. എല്ലാവർക്കും സ്വർഗ്ഗത്തിൽ പോകാനാണ് ആഗ്രഹം, എന്നാലോ മരിക്കാൻ ആരും തയ്യാറല്ല താനും!!

    ReplyDelete
  2. നീറ്റിലെ പോളക്ക് തുല്ല്യമാം ജീവനെ
    പോറ്റുവാനെത്ര ദു:ഖിക്കുന്നു മാനുഷ്യർ...

    അപ്പോൾ ഈ ജീവനും ആവ്തും ഉള്ള കാലം
    വരെ നമുക്ക് അടിച്ച് പൊളിക്കാം കേട്ടൊ ഭായ്

    ബോഡിപാർട്സ് ഡൊനേഷൻ ചാർട്ടിൽ എന്റെ പേരും
    ഉള്ളതുകൊണ്ട് പെട്ടെന്നെങ്ങാനും ചാവാണ്യെങ്കിൽ ഏതെങ്കിലും ഏഷ്യൻ വംശജർക്ക് കാര്യാവും...!

    ReplyDelete
    Replies
    1. നന്ദി ബിലാത്തിയേട്ടാ..

      ജീവിതം നന്നായി ഓടിത്തീർക്കാം..

      Delete
  3. ഞങ്ങളിത് ആലോചിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി ജിമ്മീ... അതു കൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ജീവിച്ച് തീർക്കുക... (ജിമ്മിയ്ക്ക് അപ്പോൾ വയസ്സായിത്തുടങ്ങി അല്ലേ?)

    ReplyDelete
    Replies
    1. എനിക്ക് വയസ്സായിത്തുടങ്ങി ചേച്ചീ... ഇവിടെ ചിലരെപ്പോലെ അത് സമ്മതിച്ചുകൊടുക്കാൻ എനിക്ക് മടിയൊട്ടുമില്ല.. :)

      Delete
  4. ഞാന്‍ ഒരിയ്ക്കലും മരിക്കില്ല
    അതുകൊണ്ട് ഇപ്പോള്‍ അതെപ്പറ്റി ചിന്തിയ്ക്കാനൊന്നുമില്ല


    ReplyDelete
    Replies
    1. എന്തിനാ വെറുതെ അതുമിതുമൊക്കെ ആലോചിച്ച് സമയം മെനക്കെടുത്തുന്നത്, അല്ലേ.. ;)

      Delete
  5. എന്റെ പൊന്നു കുട്ടപ്പാ..രാവിലെ തന്നെ വെറുതേ പേടിപ്പിച്ചല്ലോ..?
    പിന്നെ അജിത്തേട്ടന്റെ കമന്റു കണ്ടപ്പോഴാ ശ്വാസം നേരെ വീണത്...

    ReplyDelete
    Replies
    1. ഹാ, ഇങ്ങനെയങ്ങ് പേടിച്ചാലോ.. (അപ്പോ പേടിയുണ്ട് അല്ലേ.. :) )

      Delete
  6. "മരണവീട്ടിൽ പോയാലും, ചേതനയറ്റ ശരീരം പരമാവധി അകലെ നിന്ന് കാണാനേ ശ്രമിക്കാറുള്ളു - ഇത്തിരിയെങ്കിലും പരിചയമുള്ളവരാണ് പരലോകം പൂകിയതെങ്കിൽ പ്രത്യേകിച്ചും. ഓർമ്മയിൽ തെളിയുന്ന അവരുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കലും മായാതിരിക്കാനുള്ള ഒരു കരുതൽ"

    ഇക്കാര്യത്തില്‍ ഞാനും ഏതാണ്ട് ഇങ്ങനെ തന്നെയാണ് ജിമ്മിച്ചാ... കഴിവതും അവരുടെ മരിച്ചു കിടക്കുന്ന രൂപത്തേക്കാള്‍ പുഞ്ചിരിയ്ക്കുന്ന മുഖം എക്കാലവും ഓര്‍മ്മയില്‍ നിര്‍ത്താനാണ് എനിയ്ക്കും ഇഷ്ടം.

    എന്നാല്‍ വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ വീടുകളിലേയും മരണസാഹചര്യങ്ങളില്‍ ഇത് നടക്കാറുമില്ല.

    "ഒടുവിലാ മംഗള ദര്‍ശനയായ്
    ബധിരയായ് അന്ധയായ് മൂകയായി
    നിരുപമ പിംഗല കേശിനിയായ്
    മരണം നിന്‍ മുന്നിലും വന്നു നില്‍ക്കും..."

    ReplyDelete
    Replies
    1. വെറുതെയല്ല നമ്മളൊക്കെ ‘ഒരേ തൂവൽ‌പക്ഷികൾ’ ആയത്.. :)

      നന്ദി ശ്രീക്കുട്ടാ..

      Delete
  7. ജിം... ഇത്തവണ ഇത്തിരി ഗൌരവമേറിയ വിഷയമാണല്ലോ... ഒരു ബുജി ലൈൻ... :)

    പറഞ്ഞതത്രയും കാര്യം...

    ReplyDelete
    Replies
    1. ‘ഇന്റലക്ച്വൽ ആവാനുള്ള ശ്രമമാണ്.. ചളമാക്കരുത്..’ (സിനിമ: സർവകലാശാല)

      ലൈൻ ഒന്ന് മാറ്റിപ്പിടിച്ചു നോക്കിയതാ വിനുവേട്ടാ.. :)

      Delete
  8. മരിക്കുമ്പോൾ ഇഞ്ചി ഇഞ്ചായ് മരിച്ചാൽ മരിച്ചവന് വേദനിച്ചാലും
    ജീവിച്ചിരിക്കുന്നവർക്ക് വേദന കുറവായിരിക്കും ഒറ്റ അടിക്കു മരിച്ചു
    ജീവിച്ചിരിക്കുന്നവരെ ഇഞ്ചി ഇഞ്ചിഞ്ഞായി വേദനിപ്പിക്കാതെ മരണം മന്ദം മന്ദം കടന്നു വരട്ടെ
    എളുപ്പവഴിയിൽ ക്രീയ ചെയ്‌താൽ ജീവിച്ചിരിക്കുന്നവരാരും നമ്മളെക്കാൾ മുമ്പ് മരിക്കാതിരിക്കട്ടെ വേദനിക്കാതെയും

    അജിത്‌ ഭായ് പറഞ്ഞത് തന്നെ ശരി മരിക്കാൻ എനിക്കിപ്പോ ടൈം ഇല്ല

    ReplyDelete
    Replies
    1. മരിക്കുമ്പോൾ വേദനിച്ച് ഇഞ്ചിഞ്ചായി മരിക്കണമെന്നാണോ ഉദ്ദേശിച്ചത്?

      Delete
  9. ആത്മഹത്യ ചെയ്യാൻ അസാമാന്യ ധൈര്യം വേണമെന്ന പക്ഷക്കാരനാണ് ഞാനും. ഒരു സാധാരണ മരണത്തെപ്പോലും പേടിക്കുന്നവർ എങ്ങനെ ആത്മഹത്യ ചെയ്യും !

    അവയവ ദാനം പ്രച്ചരിപ്പിച്ചേ പറ്റു. അങ്ങനെ എങ്കിലും നമ്മുടെ കണ്ണുകള ഈ മനോഹരതീരത്തെ വീണ്ടും കാണുമല്ലോ. അങ്ങനെ എങ്കിലും നമ്മുടെ ഹൃദയം നമ്മുടെ പ്രിയപ്പെട്ടവര്ക്കായി തുടിക്കുമല്ലോ !

    ReplyDelete
    Replies
    1. നന്ദി വില്ലേജ്മാൻ.. എന്റെ കൂടെ കൂടാൻ ഒരാളെങ്കിലും ഉണ്ടായല്ലോ.. :)

      Delete
  10. എല്ലാവരും ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയല്ലേ..
    പക്ഷേ അതാരും ഓര്‍ക്കുന്നില്ല എന്ന് മാത്രം.
    പിന്നെ മരണത്തെ ഓര്‍ത്തിരുന്നാല്‍ ജീവിക്കാന്‍ മറന്നു പോകും ജിമ്മി. അതോണ്ട് ജീവിക്കൂ ഓരോ നിമിഷവും.

    ReplyDelete
    Replies
    1. അതെ, ജീവിക്കാം ഓരോ നിമിഷവും.. നല്ല മനുഷ്യനായി ജീവിക്കാം..

      Delete
  11. Dont know why..I was talking the same to my eldest daughter yesterday.....

    ReplyDelete
    Replies
    1. thank you, kaattu kurinji.

      i am sure, your daughter will understand the importance of acquiring such basic human qualities once she grown-up enough.

      Delete