തായ്ലന്റ് - ബുദ്ധവിഹാരങ്ങൾക്കും വിനോദസഞ്ചാരത്തിനും
പേരുകേട്ട നാട്. ചക്രി (Chakri) രാജവംശത്തിന്റെ
പിന്തുടർച്ചാവകാശിയായ ‘രാമ-IX‘ രാജാവിന്റെ ഭരണത്തിൻകീഴിൽ ‘അതിവേഗം ബഹുദൂരം’ വികസനത്തിന്റെ പാതയിലൂടെ കുതിയ്ക്കുന്ന ആ
മനോഹരഭൂമിയിൽ ചിലവഴിച്ച
നിമിഷങ്ങളിലൂടെ..
വിസാ നടപടികളൊക്കെ
പൂർത്തിയാക്കി, ബാഗുമെടുത്ത്
ബാങ്കോക്ക് ‘സുവർണ്ണഭൂമി’ എയർപോർട്ടിൽ നിന്നും നേരെ പത്തയ (Pattaya - പട്ടായ എന്ന് പറഞ്ഞ്
ശീലിച്ചത്, കുറേക്കൂടെ മൃദുവായി ‘പത്തയ‘
എന്നാണ്
ഉച്ചരിക്കുന്നതെന്ന് അവിടെ
ചെന്നപ്പോളല്ലേ
മനസ്സിലായത്.) എന്ന വിഖ്യാതമായ സ്ഥലത്തേയ്ക്കാണ് വണ്ടി വിട്ടത്. ബാങ്കോക്കിൽ നിന്നും ഏതാണ്ട് 2 മണിക്കൂർ ഡ്രൈവ് ചെയ്യണം, പത്തയ-യിലെത്താൻ. ആദ്യ 2 ദിവസങ്ങൾ അവിടെ ചിലവിട്ടിട്ട് തിരികെ ബാങ്കോക്കിലെത്താനാണ്
പരിപാടി. ഹോട്ടൽ
റൂമിലെത്തി തലചായ്ക്കുമ്പോൾ
സൂര്യോദയത്തിന്
വല്ല്യ താമസമൊന്നും ഉണ്ടായിരുന്നില്ല.. രാവിനെ പകലാക്കിയും പകലിനെ രാവാക്കിയും ആഘോഷിച്ച് തിമിർക്കുന്ന
പത്തയ-യിലെ തെരുവോരങ്ങളിലൂടെ
അപ്പോളും
സഞ്ചാരികൾ ഒഴുകിക്കൊണ്ടേയിരുന്നു.
യാത്രാക്ഷീണവും ഉറക്കക്ഷീണവുമൊക്കെ
തീർത്ത് നേരം വെളുത്തപ്പോൾ ഉച്ചയായി. സമയം വെറുതെ പാഴാക്കാനില്ല - സൂര്യൻ ഉച്ചിയിലെത്തിയിട്ടും
മയക്കം വിട്ടുണരാത്ത പത്തയ-യുടെ
വീഥികളിലേയ്ക്ക് കാഴ്ചകൾ തേടിയിറങ്ങി.
ബീച്ച് റോഡ്. (ബ്രേക്ഫാസ്റ്റ് കഴിക്കാൻ കയറിയ റെസ്റ്റോറന്റിൽ നിന്നുള്ള കാഴ്ച.) പത്തയ-യിലെ ഏറ്റവും
പ്രധാനപ്പെട്ട റോഡ് എന്ന് തന്നെ വിശേഷിപ്പിക്കാം. റോഡിന്റെ വീതി കൂട്ടാനുള്ള പണികൾ നടന്നുകൊണ്ടിരിക്കുന്നു.
പകൽ സമയങ്ങളിൽ തീരെ തിരക്കുകുറവാണെങ്കിലും വൈകുന്നേരത്തോടുകൂടി വാഹനങ്ങളുടെയും
തട്ടുകടക്കാരുടെയുമൊക്കെ തിക്കും തിരക്കും കാരണം ഇതിലെയുള്ള കാൽനട യാത്രപോലും
ദുഷ്കരമാണ്. ആ നിരത്തിവച്ചിരിക്കുന്ന ബൈക്കുകളൊക്കെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നവയാണ്. റെന്റ്-എ-ബൈക്ക് പരിപാടി ഇവിടെ
സർവ്വസാധാരണമായ ഏർപ്പാട്. അപ്പുറത്ത് കടലിൽ ചില പരിപാടികളൊക്കെ നടക്കുന്നുണ്ട് - എല്ലാം സഞ്ചാരികൾക്കുവേണ്ടി.
ബീച്ച് റോഡ് അവസാനിക്കുന്നിടത്ത് ‘വാക്കിംഗ് സ്ട്രീറ്റ്’ ആരംഭിക്കുന്നു. ഇവിടെ പ്രാധാന്യം
കാൽനടയാത്രക്കാർക്കാണ്, വാഹനങ്ങൾക്ക് ഇതിലേ പ്രവേശനമില്ല. (ഇടത്തേയ്ക്ക് തിരിഞ്ഞ് യാത്ര തുടരാം.) പക്ഷേ വൈകിട്ട് മുതൽ
രാവിലെ വരെയേ ഈ നിയന്ത്രണം ബാധകമുള്ളൂ - പകൽ സമയങ്ങളിൽ വാഹനങ്ങൾക്ക് പ്രവേശിക്കാം. ഏതാണ്ട് ഒന്നര കിലോമീറ്റർ
ദൂരമുള്ള തെരുവിന്റെ ഇരുഭാഗങ്ങളിലും ഡാൻസ് ബാറുകളും മസാജ് പാർലറുകളും ചെറിയ ഭക്ഷണശാലകളും തട്ടുകടകളും തരുണീമണികളും
ഒക്കെ ചേർന്ന് ഇവിടെ എന്നും ആഘോഷരാവുകളാണ്. സന്ധ്യയാവുന്നതോടെ എല്ലാവഴികളും ഈ തെരുവിലേയ്ക്ക്
എത്തിച്ചേർന്ന്, ആൺ-പെൺ വ്യത്യാസമില്ലാതെ
ഒത്തുചേർന്ന് ആഘോഷിച്ച് പിരിയുമ്പോളേയ്ക്കും നേരം പുലർന്ന് തുടങ്ങിയിട്ടുണ്ടാവും.
ഇനി ഇത്തിരി കടൽയാത്ര.
ഏകദേശം 40 മിനുറ്റുകളോളം
ഇതുപോലെയുള്ള കുഞ്ഞൻ ബോട്ടിൽ കയറി
യാത്ര ചെയ്താൽ ‘കോറൽ‘ ദ്വീപിലെത്തും. അവിടേയ്ക്കുള്ള യാത്രയ്ക്കിടയിൽ ചില
കാര്യങ്ങൾ ചെയ്യാനുണ്ട് - അതൊക്കെ വഴിയേ പറഞ്ഞുതരാം. എന്നാൽ ബോട്ടിൽ കയറിക്കോളൂ.. ചെറിയ ബോട്ടായതിനാൽ
എടുത്തടിച്ചും കുത്തിമറിഞ്ഞും
ഒക്കെയാണ് യാത്ര. ലൈഫ് ജാക്കറ്റ് ധരിക്കുന്ന പതിവൊന്നും ഇവിടില്ല, അതുകൊണ്ട് മുറുക്കെ പിടിച്ചിരുന്നാൽ കടലിൽ വീഴാതെ
അങ്ങെത്താം.
ഇതാണ് നേരത്തെ പറഞ്ഞ പരിപാടികളിലൊന്ന് - പാരാ സെയ്ലിംഗ്. അങ്ങനെ തന്നെയല്ലേ ഇതിനുപറയുന്ന പേര്? ഇനി അഥവാ അങ്ങനെയല്ലെങ്കിൽ ക്ഷമിച്ചേരെ. കടലിൽ ഒരു പ്ലാറ്റ്ഫോം സെറ്റ്
ചെയ്തിട്ട്, അതിൽ നിന്നും മറ്റൊരു
ബോട്ടിന്റെ സഹായത്തോടെ പാരച്ച്യൂട്ട് കെട്ടിവലിച്ച് ഇതുപോലെ വാനിലുയർത്തും. പിന്നെ കുറച്ചുനേരം
പറന്നുനടക്കാം. എന്തൊക്കെയാണെങ്കിലും ഈ പറക്കൽ നല്ല രസമുള്ള ഏർപ്പാട് തന്നെ.. പക്ഷേ സുഖം പിടിച്ച്
വന്നപ്പോളേയ്ക്കും പഹയന്മാർ താഴെയിറക്കിക്കളഞ്ഞു. വീണ്ടും ബോട്ടിൽ കയറിക്കോളൂ, അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങാം.
ഇതൊരു കിടിലൻ ഏർപ്പാടാണ് - അണ്ടർ വാട്ടർ വാക്കിംഗ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, കടലിന്നടിയിൽ കറങ്ങിനടന്ന് കാഴ്ചകൾ കാണാം, മീനുകൾക്ക് തീറ്റ കൊടുക്കാം, കരയിലേതിനേക്കാൾ മികച്ച വർണ്ണങ്ങളിൽ
കടൽത്തട്ടൊരുക്കിയ പ്രപഞ്ചശില്പിയുടെ കരവിരുതിനെയോർത്ത് അന്തംവിട്ട് കണ്ണും മിഴിച്ച് നിൽക്കാം! പാരച്യൂട്ട്
യാത്രയുടേതുപോലെ തന്നെ കടലിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടിൽ നിന്നും, ഓക്സിജൻ മാസ്കും ധരിച്ച് ഗൈഡിന്റെ സഹായത്തോടെ 4-5 ആൾ താഴ്ചയിലേയ്ക്ക് ഇറങ്ങാം. അവിടെ നമ്മളെ
കാത്തിരിക്കുന്നത് പവിഴപ്പുറ്റുകളും പലനിറങ്ങളിൽ നീന്തിക്കളിക്കുന്ന
മത്സ്യങ്ങളുമൊക്കെയായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകം. മനസ്സില്ലാമനസ്സോടെയാണ്
തിരികെ കയറിയത് - ആ കാഴ്ചകളിൽ നിന്നും കണ്ണും മനവും തിരിച്ചെടുക്കാൻ ഏറെ പാടുപെട്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത
അനുഭവമായിരുന്നു ആ ‘നടത്തം’. ബോട്ട് യാത്ര തുടരാം - ഇനി ‘കോറൽ ദ്വീപി’ലേയ്ക്ക്.
ദാ, കണ്ടില്ലേ.. നല്ല
പഞ്ചാരമണൽ വിരിച്ച് തീരമൊരുക്കി, സഞ്ചാരികളെ കാത്തിരിക്കുകയാണ് കോറൽ ദീപ്. പത്തയ-യിൽ നിന്നും ബോട്ടുകളിലെത്തുന്ന
യാത്രികർക്കായി റിസോറ്ട്ടുകളും മറ്റ് വിനോധ ഉപാദികളും ഇവിടെ ലഭ്യമാണ്. ഉച്ചയോടെ ദ്വീപിലെത്തി, വൈകുന്നേരത്തോടെ പ്രധാന തീരത്തേയ്ക്ക് (പത്തയ) മടങ്ങുന്നവരാണ് അധികവും. ഓരോ
മണിക്കൂർ ഇടവിട്ടും ബോട്ട് സർവീസുണ്ട്. തിരികെ പോകാനുള്ള ബോട്ട് വന്നുകഴിഞ്ഞു; പത്തയ-യിലേയ്ക്ക്.
ഇമ്മിണി ബല്ല്യ
ബോട്ടാണ്, അതുകൊണ്ടുതന്നെ
ചാട്ടത്തിനൊക്കെ ഒരു മയമുണ്ട്.
കാറ്റിനെ
കീറിമുറിച്ചും അലമാലകളിൽ തെന്നിത്തെറിച്ചുമൊക്കെ അതങ്ങനെ കുതിച്ചുപാഞ്ഞു. തീരത്തോട് അടുക്കുംതോറും
സ്രാങ്കിന് ആവേശം കൂടിയെന്ന്
തോന്നുന്നു
- അതിവേഗതയിൽ പായുന്ന ബോട്ട് ഇടയ്ക്കൊക്കെ വെള്ളത്തിലെ പിടിവിട്ട് അന്തരീക്ഷത്തിൽ പറക്കുന്നുമുണ്ട്.
കടലിൽ നിന്നും കരയിലേയ്ക്കുള്ള
കാഴ്ചയ്ക്ക് മിഴിവ് കൂടിക്കൂടി വന്നു. ഉച്ചയ്ക്ക് യാത്ര തിരിച്ച അതേ ജെട്ടിയിൽ (ബോട്ടുജെട്ടിയാണ്
ഉദ്ദേശിച്ചത്.. തെറ്റിദ്ധരിച്ചില്ലല്ലോ
അല്ലേ..?) തിരികെയിറങ്ങുമ്പോൾ
ആദ്യമായി പാരച്യൂട്ടിൽ
പറന്നതിന്റെയും കടലിന്നടിയിൽ നടന്നതിന്റെയും അത്ഭുതവും ആവേശവും വിട്ടൊഴിഞ്ഞിരുന്നില്ല.
ഇരുട്ട് വീണുതുടങ്ങിയതോടെ
പത്തയ-യുടെ വീഥികളിൽ തിരക്കേറിയിരിക്കുന്നു.
പകൽ മുഴുവൻ വിശ്രമത്തിലായിരുന്ന തട്ടുകടകളും
‘മൊബൈൽ’ ബാറുകളുമൊക്കെ താന്താങ്ങളുടെ ഇടങ്ങളിൽ സ്ഥാനം
പിടിച്ചുകഴിഞ്ഞു.
പാറ്റ, പുൽച്ചാടി, കരിന്തേൾ, വിവിധ വലുപ്പത്തിലുള്ള പുഴുക്കൾ തുടങ്ങിയ ‘വിശിഷ്ട’ വിഭവങ്ങളൊക്കെ വറത്തുവച്ചിരിക്കുന്നത് കണ്ടാൽ ആർക്കാണേലും കൊതി
തോന്നിപ്പോവും. ഫോട്ടോ എടുക്കാൻ ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. അവസാനം ഈ
ചോളക്കാരിയെ പകർത്തി സമാധാനപ്പെട്ടു.
പകലോൻ മറഞ്ഞതോടെ ബീച്ചിലെ കുടകളും ഇരിപ്പിടങ്ങളുമൊക്കെ എടുത്ത് വയ്ക്കുന്ന തിരക്കിലാണ് കച്ചവടക്കാർ. ഇനി എല്ലാ പാദങ്ങളും ചലിയ്ക്കുന്നത് ‘വാക്കിംഗ് സ്ട്രീറ്റ്’ ലക്ഷ്യമാക്കിയാവുമ്പോൾ ബീച്ചിലെ കാത്തിരിപ്പിന് പ്രാധാന്യമൊന്നുമില്ല.
‘വാക്കിംഗ്
സ്ട്രീറ്റി’ലെ ‘വാക്കിംഗും വായിനോട്ടവും‘ കഴിഞ്ഞ് ഹോട്ടൽ മുറിയിൽ ചേക്കേറി. നാളെ
രാവിലെ തന്നെ കാഴ്ചകൾ കാണാനിറങ്ങണം.
കോറൽ
ദ്വീപ് യാത്രയുടെ ഇടപാടുമായി പരിചയപ്പെട്ട പാൻ
എന്ന ടൂറിസ്റ്റ് ഗൈഡ്
തന്റെ കാറുമായി എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. നോംഗ്‌നൂച്ച് ട്രോപിക്കൽ ഗാർഡൻ, ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവയാണ് ലക്ഷ്യം. മാത്രമല്ല, വൈകുന്നേരത്തോടെ തിരികെ ബാങ്കോക്കിലേയ്ക്ക് പുറപ്പെടുകയും വേണം.
നേരത്തെ കാലത്തെ ഉറക്കമുണർന്ന്, പ്രാതലൊക്കെ കഴിച്ച് റെഡിയായപ്പോഴേയ്ക്കും പാൻ കാറുമായെത്തി; ഹൃദ്യമായ പെരുമാറ്റം, ശാന്തമായ ഡ്രൈവിംഗ്, കൃത്യനിഷ്ഠ - ഒരു നല്ല ഗൈഡിനുവേണ്ട സവിശേഷതകളെല്ലാം ആ ചെറുപ്പക്കാരിയിൽ
ഒത്തുചേർന്നിരിക്കുന്നു. യാത്ര തുടങ്ങിക്കഴിഞ്ഞു, പത്തയ-യുടെ വടക്കൻ ഭാഗങ്ങളിലേയ്ക്ക്.
നൊംഗ്‌നൂച്ച് ഗാർഡന്റെ പ്രവേശന കവാടം. സർവ്വാലംകൃതമായി കാണുന്ന ആ ചിത്രം തായ് രാജാവിന്റെ പത്നിയുടേതാണ്. (ആയമ്മയുടെ പിറന്നാൾ ഈ അടുത്ത നാളുകളിലൊന്നിലാണത്രേ. സന്തോഷസൂചകമായി എല്ലായിടത്തും ഇതുപോലെയുള്ള ചിത്രങ്ങളും ബാനറുകളുമൊക്കെ നിരന്നിരിക്കുന്നുണ്ട്.) നിരവധി ഉദ്യാനങ്ങളും റിസോർട്ടും ഒക്കെയുള്ള ഒരു പ്രത്യേകലോകം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രവേശനകവാടത്തിലെ കാഴ്ചകൾ തന്നെ അത്യാകർഷകമാണ്. കൂടുതൽ കാഴ്ചകൾ തേടി
പാർക്കിനുള്ളിലേയ്ക്ക്..
ഇടത് ഭാഗം ചേർന്ന് ഒരു നീലക്കുപ്പായക്കാരിയെ കണ്ടില്ലേ? അതാണ് പാൻ. ടിക്കറ്റെടുക്കാൻ വേണ്ടിയാണ് കക്ഷി തിരക്കിട്ട്
പായുന്നത്.
പാർക്കിംഗിൽ നിന്നും ഇത്തിരി നടന്ന് പാർക്കിന്റെ ഉള്ളിലേയ്ക്ക് കയറിയപ്പോൾ ഏതോ പൂരപ്പറമ്പിലെത്തിയ
പ്രതീതി. തലങ്ങും വിലങ്ങും നടക്കുന്ന ആളുകളും ഇടയ്ക്കിടെ കടന്നുപോകുന്ന ആനസവാരിക്കാരുമൊക്കെയായി
ആകെ ആഘോഷക്കൂട്ടം. ഷോപ്പിംഗ് സെന്ററും ലഘുഭക്ഷണശാലകളും ജ്യൂസ് കടകളും എന്ന് വേണ്ട, സകല കുണ്ടാമണ്ടികളുമുണ്ട്. എന്നാലോ, നല്ല വൃത്തിയും വെടിപ്പും! കൾച്ചറൽ ഷോ തുടങ്ങാൻ ഇനിയും
സമയമുണ്ട്, അപ്പോളേയ്ക്കും ഒന്ന്
ചുറ്റിയടിച്ചുവരാം.
പാർക്ക് മുഴുവൻ നടന്ന് കാണണമെങ്കിൽ ഒരു ദിവസം വേണ്ടിവരും. സമയക്കുറവും യാത്രാക്ഷീണവും പരിഗണിച്ച് ഇത്തരം ബസ്സുകളിലൊന്നിൽ
ടിക്കറ്റെടുത്ത് കയറി. ഉദ്യാനത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൂടെയൊക്കെ കണ്ണോടിച്ച്, ഏതാണ്ട് ഒരു മണിക്കൂറിലൊതുങ്ങുന്ന ഓട്ടപ്രദക്ഷിണം. അവിടത്തെ
ദൃശ്യഭംഗി മുഴുവനും ഇവിടെ പകർത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ചുരുക്കം ചില
ചിത്രങ്ങളിൽ സംഗ്രഹിക്കാം..
ബോൺസായ് താഴ്വര..
കണ്ണെത്താ ദൂരത്തിൽ കുള്ളന്മാരായ ചെടികളും മരങ്ങളും നിരന്നിരിപ്പാണിവിടെ..
വിവിധ തരത്തിൽപ്പെട്ട
കള്ളിമുൾച്ചെടികളുടെ ശേഖരം.. കൂട്ടിന് കളിമൺ ചെടികളും..
വിവിധ ഭാവത്തിലും രൂപത്തിലും
വെള്ളക്കടുവകൾ നിരന്നിരിക്കുന്നത് കണ്ടോ?
ഇതുപോലെ ഒട്ടകങ്ങൾ, പെൻഗ്വിൻ തുടങ്ങി പലതരം ജീവികളുടെ ജീവൻ
തുളുമ്പുന്ന രൂപങ്ങൾ പാർക്കിലെങ്ങും
കാണാം.
എത്ര കണ്ടാലും മതിവരാത്ത
കാഴ്ചകളാണ് എല്ലായിടത്തും, പക്ഷേ, യാത്ര തുടരാതെ നിവർത്തിയില്ലല്ലോ.
പാർക്കിലൊന്ന്
കറങ്ങി തിരികെയെത്തിയപ്പോളേയ്ക്കും
കൾച്ചറൽ ഷോ തുടങ്ങാനുള്ള സമയമായിരിക്കുന്നു. ഹാളിനുള്ളിലെ കസേരകളെല്ലാം ആളുകളെക്കൊണ്ട്
നിറഞ്ഞുകഴിഞ്ഞു. ഇരിപ്പിടം
കിട്ടാത്തവർ
ഹാളിന്റെ അരികിൽ, കിട്ടാവുന്ന
സ്ഥലത്തൊക്കെ നിലയുറപ്പിച്ച്
കാത്തിരുന്നു.
തരുണികളും അവരെ വെല്ലുന്ന ചേലിൽ തരുണന്മാരും വേദിയിലെത്തി വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു തുടങ്ങി.
വിശാലമായ തട്ടകത്തെ
നിമിഷങ്ങൾക്കുള്ളിൽ പോർക്കളമാക്കി പരസ്പരം മല്ലിടാൻ തയ്യാറെടുക്കുന്ന അഭിനവ അഭ്യാസികൾ. തായ്
കിക്ക് ബോക്സിംഗ് ഉൾപ്പെടെ
രസകരമായ അവതരണങ്ങൾ വേദിയിൽ നിറഞ്ഞാടി..
തായ്‌ലന്റ് ജനതയുടെ കലാ-കായിക-സാംസ്കാരിക
പാരമ്പര്യം വിളിച്ചോതുന്ന നിരവധി പ്രകടനങ്ങൾ അരങ്ങിലെത്തി. (ഹാളിന്റെ പിൻനിരയിൽ നിന്നും
മൊബൈലിൽ പകർത്തിയ ചിത്രങ്ങൾക്ക്
മിഴിവ് കുറവായതിനാൽ ഇവിടെ നിരത്താൻ സാധിക്കാത്തതിൽ ഖേദിക്കുന്നു.) ഒരു മണിക്കൂറോളം നീണ്ടുനിന്ന
നൃത്തനൃത്യങ്ങൾക്ക് ശേഷം നേരെ
ചെന്നെത്തിയത്
തായ് ‘ഗജമേള’യിലേയ്ക്കാണ്.
ആ കാഴ്ചകൾ അടുത്ത ലക്കത്തിൽ.. അതിനായി ഈ വഴിയേ പോന്നോളൂ..
സുവർണ്ണബുദ്ധന്റെ നാട്ടിലൂടെ ഒരു സഞ്ചാരം..
ReplyDeleteനല്ല വിവരണം ..അടുത്ത ലക്കം എത്രയും പെട്ടെന്ന് പോരട്ടെ..
ReplyDeleteതായ് ലാന്റ് കൊള്ളാലോ!
ReplyDeleteonnu koode poyaallo?????
ReplyDeleteഎത്ര നല്ല അനുഭവങ്ങള്‍... വിവരണം തുടരട്ടെ, ജിമ്മിച്ചാ...
ReplyDeleteനല്ല ഒന്നാംതരം വിവരണം. തായ് ഭക്ഷണം പിടിച്ചില്ലേ?
ReplyDeleteവിവരിച്ചില്ല?
ഏത് ഭക്ഷണമായാലും നമ്മൾ വെറുതെ വിടത്തില്ലല്ലോ ചേച്ചീ.. ;)
Deleteഹമ്പടാ..
ReplyDeleteകൊള്ളാലോ.. തായ്.. എനിക്ക് തായി ഫുഡ് നല്ല ഇഷ്ടം ആണ്.. അതും കൂടെ എഴുതൂ.
ബാക്കി വേഗം വരുമല്ലോ അല്ലെ.
Nalla Vivaranam...!
ReplyDeleteവളരെ നല്ല വിവരണം. കടലിനുള്ളീലെ നടത്തത്തിനു പോകുന്നവർക്ക് നീന്തലിൽ മുൻപരിചയം വേണോ?
ReplyDeleteനീന്തൽ അറിയാത്തവർക്കും അവിടെ നടക്കാം.. കൈപിടിച്ചു നടത്താൻ നീന്തൽ അറിയാവുന്നവർ (ഗൈഡ്) കൂടെയുള്ളതുകൊണ്ട് ധൈര്യമായി ഇറങ്ങാം..
Deleteപാരാ അപ്പോൾ അവിടെയുമുണ്ട് അല്ലേ ഭായ്
ReplyDeleteഞങ്ങളൊക്കെ കാണാത്ത കാഴ്ച്ചകൾ തന്നെ..
എന്നാലും തായ്ലാന്റിലെ ആ തടവലും ,മറ്റു ഉഴിച്ചിലുകളുമൊക്കെ ഇതുവരെ കണ്ടില്ലല്ലോ
ഹഹ.. ഈ ചോദ്യവുമായി ബിലാത്തിക്കാരൻ എന്തേ വരാത്തത് എന്ന് ചിന്തിക്കാതിരുന്നില്ല്ല.. ഇപ്പോ സമാധാനമായി..
Deleteഎത്ര വൃത്തിയുള്ള തെരുവുകൾ ! വിനോദസഞ്ചാരത്തെ ആശ്രയിക്കുന്നതിനാലാണോ ഇത്രയും വൃത്തിയും വെടുപ്പും !!!
ReplyDeleteസംഭവം കൊള്ളാല്ലോ....
ReplyDelete