“നിങ്ങൾക്കൊക്കെ എന്താ സുഖം... പകൽ നോയമ്പ് നോക്കിയാൽ, രാത്രി മുഴുവൻ തീറ്റയോട് തീറ്റയല്ലേ..”
“എന്നാപ്പിന്നെ നീയൊന്ന് നോമ്പ് നോക്കി നോക്ക്... എന്നിട്ട്
പറ, സുഖമാണോ അല്ലയോ ന്ന്..”
വർഷങ്ങൾക്ക് മുന്നെ ഒരു സുഹൃത്ത് വളരെ നിർദ്ദോഷമായി
ഉയർത്തിയ വെല്ലുവിളി, ഇത്തിരി ആശങ്കയോടെയാണെങ്കിലും, ഏറ്റെടുത്ത
കാലം മുതലാണ് റമദാൻ നോമ്പും ഞാനും തമ്മിലുള്ള സ്നേഹബന്ധം ആരംഭിക്കുന്നത്!! (പകൽ
മുഴുവൻ നോമ്പ് നോക്കി, രാത്രി മുഴുവൻ തീറ്റയെന്ന മനോഹര
സങ്കൽപ്പം ആദ്യനാളുകളിൽ തന്നെ തകർന്ന് തരിപ്പണമായി എന്ന് പ്രത്യേകം പറയേണ്ടല്ലോ.)
കുട്ടിക്കാലത്ത് മീൻ, ഇറച്ചി, മുട്ട
ഇവയിലേതെങ്കിലും (ചിലപ്പോൾ എല്ലാം കൂടെ ഒന്നിച്ച്) ഒഴിവാക്കി ക്രിസ്തുമസ് കാലത്ത്’25
നോയമ്പ്’ എടുത്തിരുന്നതാണ്, ഈ മേഖലയിൽ ആകെയുള്ള മുൻപരിചയം. ആ
25 ദിവസങ്ങളിൽ മുടങ്ങാതെ പള്ളിയിൽ പോയാൽ സമ്മാനം കിട്ടും എന്ന ഓഫർ ഉള്ളതിനാൽ
നോയമ്പ് തെറ്റിയാലും പള്ളിയിൽ പോക്ക് മുടക്കിയിരുന്നില്ല.
ഗൾഫിലെത്തുന്നത് വരെ, റംസാൻ നോമ്പ് കാലം മറ്റ് ദിനങ്ങൾ പോലെ
കടന്ന് പോകുന്നതല്ലാതെ മറ്റ് പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല – പെരുന്നാൾ
ദിവസം കിട്ടുന്ന അവധി ഒഴികെ. (നാട്ടിലെ മുസ്ലിം പള്ളിയുടെ മുന്നിലൂടെ പോകുമ്പോൾ
കിട്ടിയിരുന്ന തരിപ്പായസത്തിന്റെ രുചി ഇന്നും നാവിലൂറുന്നു.) സുഹൃത്തിന്റെ
വെല്ലുവിളി ഏറ്റെടുക്കുന്നത് വരെ ഗൾഫിലെ നോമ്പ് കാലവും പതിവ് പോലെ തന്നെ..
ആകെയുണ്ടായിരുന്ന മാറ്റം, ഓഫീസ് സമയത്ത് (രാവിലെ 10 മുതൽ
വൈകുന്നേരം 4 വരെ) ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ഓഫീസിൽ പോകുന്നതിനുമുന്നെയും
തിരികെ എത്തിയതിന് ശേഷവും കഴിക്കുക എന്നതായിരുന്നു.
അതിരാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണവും വെള്ളവുമൊക്കെ
ഉപേക്ഷിച്ച്, നോമ്പ് അനുഷ്ഠിക്കുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ
ഗൾഫിലെ ആദ്യ നോമ്പ് കാലത്ത് അത്ഭുതപ്പെടുത്തി. (ആ സമയങ്ങളിൽ പൊതുസ്ഥലത്ത് വച്ച്
ഭക്ഷണം കഴിക്കുന്നത് അനിഷ്ടമുണ്ടാക്കുമെന്ന് മനസ്സിലായത്, ഒരു
സഹമുറിയൻ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ പതിവ് പോലെ “ടേസ്റ്റ്” ചെയ്യാൻ ഒരു ഈന്തപ്പഴം
വായിലിട്ടപ്പോളാണ്.. അത് കണ്ട ഒരു ഈജിപ്ഷ്യൻ ഒച്ചയിട്ടു, ആളുകൂടി,
അലമ്പായി... ഒടുവിൽ “ലേലു അല്ലു” കുറെ വാരി വിതറി, അറിയാവുന്ന ഭാഷയിലൊക്കെ മാപ്പപേക്ഷിച്ച് തടി രക്ഷിച്ചു.)
സമൂഹ നോമ്പ് തുറയും ഒന്നിച്ചിരുന്ന്, ഒരേ
പാത്രത്തിൽ നിന്നുള്ള ഭക്ഷണം കഴിക്കലുമൊക്കെ ആദ്യമുണ്ടാക്കിയ അമ്പരപ്പ് പതിയെ
ആവേശത്തിനും ഉത്സാഹത്തിനും വഴി മാറി. ഷംസുവിനും ഷൈജുവിനുമൊക്കെ ഒപ്പം എത്രയെത്ര
മനോഹരമായ ഇഫ്താർ സന്ധ്യകൾ!! അന്നൊക്കെ സെയ്ദ് ഉസ്താദിന്റെ പള്ളിയിലായിരുന്നു
മിക്കവാറും നോമ്പ് തുറ. നിരന്നിരിക്കുന്ന വിവിധ രാജ്യക്കാരായ ആളുകളുടെ മുന്നിലെ
വിരിയിൽ നോമ്പ് തുറക്കാനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ നിരത്തുന്നതും ആളുകളെ
സ്വീകരിച്ചിരുത്തുന്നതുമൊക്കെ നൽകിയ സന്തോഷം ചെറുതൊന്നുമല്ല. ഓണവും പെരുന്നാളും
ക്രിസ്തുമസുമൊക്കെ ജാതിമത ചിന്തകൾക്കും മേലെയാണെന്ന് മനസ്സിലാക്കി തന്ന നല്ല
നാളുകൾ.
അനാവശ്യമായി ഭക്ഷണം പാഴാക്കുന്നതാണ് നോമ്പുകാലത്ത്
കണ്ടുവരുന്ന ഒരു ദയനീയ കാഴ്ച. ഹോട്ടലുകളിലെ ഇഫ്താർ പാർട്ടികളിലാണ് ഈ പ്രവണത
കൂടുതലും. രണ്ടും മൂന്നും പാത്രങ്ങളിലായി ആവശ്യത്തിലധികം ഭക്ഷണം തിക്കിനിറച്ച്
കൊണ്ടുവന്ന് മേശയിൽ നിരത്തി, ഏതോ വലിയ യുദ്ധം നടത്താനുള്ള
ഭാവത്തിലിരിക്കുന്ന ആളുകളെ ഇത്തരം പാർട്ടികളിൽ കാണാം. ‘പൊരിഞ്ഞ പോരാട്ട’ത്തിനൊടുവിൽ
നല്ലൊരു പങ്ക് ആഹാരവും ചവറ്റുകുട്ടയിലേയ്ക്ക് തള്ളപ്പെടുന്നത് സങ്കടകരമായ
കാഴ്ചയാണ്. ഈജിപ്ഷ്യൻസാണ് ഈ കലാപരിപാടിയുടെ മുഖ്യ പ്രായോജകരെങ്കിലും മലയാളികളും
ഇക്കാര്യത്തിൽ ഒട്ടും മോശക്കാരല്ല. മാറിയ സാമ്പത്തിക പരിതസ്ഥിതിയിൽ, ഈ നോമ്പ് കാലത്തെങ്കിലും ഇമ്മാതിരി പാഴാക്കലിന് അറുതിവരുമെന്ന്
ആശിക്കുന്നു.
11 മാസം ഭക്ഷണം കഴിച്ച് പുഷ്ടിപ്പെടുത്തിയ ശരീരം, 1 മാസം
ഭക്ഷണം നിയന്ത്രിച്ച് മിനുക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എനിക്ക് നോമ്പ്
കാലം. ഒപ്പം വിശപ്പും ദാഹവും സഹിച്ച്, ഇത്തിരിയെങ്കിലും ക്ഷമാശീലം
സ്വായത്തമാക്കാനുള്ള എളിയ ശ്രമം കൂടെ..
(Cover Picture Courtesy : Google)
ആശംസകളോടെ..
ReplyDeleteഎങ്കിൽ പിന്നെ ഹാപ്പി നോമ്പ്... ക്ഷമാശീലനായി തിരികെ വരൂ മകനേ... :)
ReplyDeleteപള്ളിയിൽ ഉസ്താദിനൊപ്പം സമൂഹ നോമ്പുതുറയ്ക്ക് വിഭവങ്ങൾ ഒരുക്കാനും ഒക്കെയായി എത്ര സന്ധ്യകൾ നമ്മൾ ആവേശത്തോടെ പോയിട്ടുണ്ട്.
ReplyDeleteഎന്നേം ഈ സിൽമേല് എടുത്തേന് 100 ഇഷ്ടം.��
പണ്ട് ഒരിയ്ക്കൽ ഒരൊറ്റ ദിവസത്തെ നോമ്പ് ഞാനും മുസ്ലിം സുഹൃത്തുക്കളോടൊത്ത് എടുത്തു നോക്കിയിട്ടുണ്ട്
ReplyDeleteനീണ്ട ഇടവേളക്കു ശേഷം വീണ്ടും എത്തിയല്ലോ!
ReplyDeleteഈ നോമ്പ് നോറ്റത് ഞാൻ അറിഞ്ഞില്ല കേട്ടോ ...
ReplyDelete