Tuesday 24 September 2013

സുവർണ്ണബുദ്ധന്റെ നാട്ടിൽ - 2


(ആദ്യഭാഗം വായിക്കുവാൻ ഈ വഴിയേ കടന്നുവരൂ..)

നൊംഗ്നൂച്ച് ട്രോപ്പിക്കൽ ഗാർഡനിലെ കാഴ്ചകൾ തുടരുന്നു.. ‘ഗജമേള‘യിലേയ്ക്ക്..



ആബാലവൃദ്ധംആനകളും അണിനിരന്ന ഘോഷയാത്രയ്ക്ക് ശേഷം സഭാവന്ദനത്തോടെ കാര്യപരിപാടികൾ ആരംഭിക്കുകയായി. 



ഇടയ്ക്കിടെ ഇതുപോലെ ചിലർ വന്ന് കൈ നീട്ടും - കാണികളുടെയടുക്കൽ നിന്നും പഴം അടിച്ചുമാറ്റുകയാണ് ലക്ഷ്യം. (പഴം അവിടെ തന്നെ വിൽക്കുന്നുണ്ട്, കാശ് മുടക്കി മേടിച്ച്  കൊടുക്കണമെന്നേയുള്ളു.)


ആദ്യത്തെ ഐറ്റം - ബലൂൺ പൊട്ടിക്കൽ. ഉന്നം പിടിച്ച്, കൃത്യമായി ലക്ഷ്യത്തിൽ കൊള്ളിക്കുന്നതിൽ ഇവൻ തന്റെ എതിരാളിയേക്കാൾ മികച്ചുനിന്നു. ആന മിടുക്കൻ!


അതാ വരുന്നു, സൈക്കിളും ചവിട്ടി ഒരു വിരുതൻ!



ഇവിടെ ചില കലാകാരികൾ തകൃതിയായ പടം വരയിലാണ്.. ഒരാൾ ഹൃദയത്തിൽ സ്നേഹംനിറച്ചപ്പോൾ മറ്റ് രണ്ടുപേരും പ്രകൃതി സ്നേഹികളായി.. ടി-ഷർട്ടുകൾ ക്യാൻ‌വാസ് ആക്കിയാണ് അഭ്യാസം. ചിത്രരചനയ്ക്കൊടുവിൽ അവിടെവച്ചുതന്നെ ആ ഷർട്ടുകൾ കാശ് മുടക്കി വാങ്ങുവാനും സാധിക്കും.


ഓപ്പൺ ഗഗ്നം സ്റ്റൈലിന്റെ താളത്തിൽ ഒരു ഡാൻസ് പാർട്ടി..



കറുമ്പികളും കുറുമ്പികളും.. ആനകളുമായി ചങ്ങാത്തം കൂടാൻ മുതിർന്നവരെക്കാൾ കൂടുതൽ ആവേശം കൊച്ചുകുട്ടികൾക്കായിരുന്നു. യാതൊരു പേടിയും കൂടാതെ അവർ ആനകളോടൊപ്പം കളിച്ച് തിമിർത്ത് നടന്നു.


അമ്മയുടെ സംരക്ഷണയിൽ, ഏറ്റവും അവസാനമായി കളത്തിലിറങ്ങിയ ഈ ഇത്തിരിക്കുഞ്ഞനായിരുന്നു ഏവരുടെയും മനംകവർന്ന താരം! വലിയവരൊക്കെ പഴം തിന്നാൻ ഇടികൂടുമ്പോൾ, ആരെയും ശ്രദ്ധിക്കാതെ കുഞ്ഞുതുമ്പിക്കൈകൊണ്ട് മണ്ണ് വാരിത്തിന്നുന്ന തിരക്കിലായിരുന്നു ഈ കുറുമ്പൻ (അതോ കുറുമ്പത്തിയോ?)



ഷോ അവസാനിക്കുകയായി.. ആനകൾക്കൊപ്പം നിന്നും അവയുടെ തുമ്പിക്കൈകളിൽ ഊഞ്ഞാലാടിയും പടമെടുക്കാൻ താല്പര്യമുള്ളവർക്ക് ചെറിയ സംഖ്യ ഫീസ് അടച്ചാൽ അതിനുള്ള അവസരം ലഭിക്കും. 

നമ്മുടെ നാട്ടിലും ഇതുപോലെ ആനകളുണ്ടെങ്കിലും എന്തുകൊണ്ട് ഇത്തരം വിനോദങ്ങളിലൊന്നും അവയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് മനസ്സിൽ മുളപൊട്ടിയ ചോദ്യത്തെ അവഗണിച്ച്, അടുത്ത ലക്ഷ്യമായ ഫ്ലോട്ടിംഗ് മാർക്കറ്റിലേയ്ക്കുള്ള യാത്ര തുടരുന്നതിനായി പാർക്കിൽ നിന്നും പുറത്തുകടന്നു.

നൊംഗ്‌നൂച്ച് ഗാർഡനിൽ നിന്നും ഫ്ലോട്ടിംഗ് മാർക്കറ്റിലേയ്ക്ക് അധികദൂരമില്ല. മുൻ‌പേ ഗമിക്കുന്ന ഗോപു തന്റെ, പിൻ‌പേ ഗമിക്കുന്നു ബഹുഗോക്കളെല്ലാംഎന്നുപറഞ്ഞതുപോലെ പാനിന്റെ പിന്നാലെ മാർക്കറ്റിന്റെ ഉള്ളിലേയ്ക്ക്..  


ഒരു ലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, വെള്ളത്തിൽ ഉറപ്പിച്ച തൂണുകൾക്ക് മുകളിലായി തടികൾ പാകി, കച്ചവടമുറികളും ഹാളുകളും നടപ്പാതകളുമൊക്കെ ഒരുക്കിയെടുത്തിരിക്കുന്ന ഈ ഒഴുകും ചന്തയിൽ കൊച്ചുവഞ്ചികളിലെത്തുന്ന കച്ചവടക്കാരുടെ സൌകര്യാർത്ഥം ജലപാതകളും തീർത്തിരിക്കുന്നു. തായ്‌ലന്റിലെ 4 ഭാഗങ്ങളെ അനുസ്മരിപ്പിച്ച് ഈ ചന്തയെയും നോർത്ത് - സെൻ‌ട്രൽ - നോർത്ത്-ഈസ്റ്റ് - സൌത്ത് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. രാജ്യത്തെ ഓരോരോ ഭാഗങ്ങളിൽ ലഭിക്കുന്ന സാധനങ്ങൾ, മാർക്കറ്റിൽ അതാത് ഭാഗത്ത് ലഭ്യമാകും എന്ന് സാരം. 


നൂറുകണക്കിന് കച്ചവടമുറികളുള്ള ഈ ചന്തയിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെഎന്തും കിട്ടും. ഒപ്പം മസാജിംഗ് സെന്ററുകൾ, ഭക്ഷണശാലകൾ, മാർക്കറ്റിനെ ചുറ്റിയുള്ള ബോട്ടിംഗ് തുടങ്ങി പലപല പരിപാടികൾ.


എല്ലാ വഞ്ചികളിലും ഇതുപോലെ ചൈനയുടേയും തായ്‌ലന്റിന്റെയും പതാകകൾ കുത്തിയിട്ടുണ്ട്. ചൈനക്കാർക്കെന്താ ഈ വഞ്ചിയിൽ കാര്യംഎന്നറിയാൻ ഗൂഗിൾ മൊത്തം അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. (ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞുതരണേ..)


മാർക്കറ്റിന്റെ പ്രധാനകവാടം. മറ്റൊരു ഗേറ്റിലൂടെയാണ് അകത്തേയ്ക്ക് പ്രവേശിച്ചതെങ്കിലും, തിരക്കിനിടയിൽ വഴി തെറ്റി, ഒടുക്കം വന്നെത്തിയത് ഇവിടെ. പാൻ അന്വേഷിച്ച് വന്ന് കൂട്ടിക്കൊണ്ട് പോകുന്നതുവരെ ഇവിടെ കാത്തുനിൽക്കേണ്ടി വന്നു. 


ഫോട്ടോ: അരുൺ രാജ്


പത്തയയോട് വിട ചൊല്ലാൻ സമയമായി, ഒപ്പം പാനിനോടും. കുറെ നല്ല കാഴ്ചകൾക്ക് വഴികാട്ടിയായി വന്ന ആ സഹയാത്രികയ്ക്ക് യാത്രാമൊഴിയേകി നേരെ ബാങ്കോക്കിലേയ്ക്ക്..


ആ കാഴ്ചകൾ അടുത്ത ലക്കത്തിൽ.. അവിടേയ്ക്ക് ഈ വഴിയേ കടന്നുചെല്ലാം..


 

12 comments:

  1. നൊംഗ്നൂച്ച് ഗാർഡനിലെ ആനക്കാഴ്ചകളുമായി സഞ്ചാരം തുടരുന്നു..

    ReplyDelete
  2. ആനകള്‍ക്ക് എവിടെയും ഇതു തന്നാണോ പണി?

    :)

    ReplyDelete
    Replies
    1. ഏത് പണിയുടെ കാര്യമാണ് ശ്രീക്കുട്ടൻ ഉദ്ദേശിച്ചത്? ;)

      Delete
    2. ഹ ഹ ഹ... എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ...

      Delete
  3. ഓരോന്ന് കാണുമ്പോള്‍ “നമ്മുടെ നാട്ടില്‍ എന്തുകൊണ്ട് ഇല്ല?” എന്ന് വിചാരം വന്നുപോകും അല്ലേ? അദ്ദാണ് നമ്മുടെ നാടിന്റെ വിശേഷം!

    ReplyDelete
  4. വിവരണവും ഫോട്ടോയും കൊള്ളാം ..... ഇനിയും അവിടെ പോകണമെന്നില്ല ....... :)

    ReplyDelete
  5. ആനകൽക്കൊന്നും അവിടെ
    കുടുംബാസൂത്രണമൊന്നുമില്ല അല്ലേ

    ഒന്തോരം ആന കുട്ടികളാമ്മ്മാ‍ാ

    നല്ല ഒന്നാന്തരം കാഴ്ച്ചകൾ...!

    ReplyDelete
    Replies
    1. ആനകൾക്ക് ഇല്ലെങ്കിലും അവിടത്തെ മനുഷ്യർക്ക് നല്ല ആസൂത്രണമുണ്ട്.. അല്ലെങ്കിൽ ഈ ആനകളെയൊക്കെ നിരത്തി ഇങ്ങനെ ഓരോന്ന് കാണിക്കാൻ പറ്റുമോ.. :)

      Delete
  6. ഇടയ്ക്കിടയ്ക്ക് മദം പൊട്ടുന്ന കൊമ്പന്മാരെ മാത്രം വാങ്ങിക്കൂട്ടുന്ന നമ്മുടെ ആനപ്രേമികൾ പിടിയാനകളെ പരിപാലിക്കാനും അങ്ങനെ കൊമ്പന്റെ മദമൊന്ന് അടക്കാനും പഠിച്ചിരുന്നെങ്കിൽ ഇത്തരം രംഗം കേരളത്തിലും ഒരുക്കാമായിരുന്നു.

    ആ ഫ്ലോട്ടിങ് മാർക്കറ്റ് കിടു

    ReplyDelete
  7. ഞങ്ങളെ തായ്ലണ്ട് സന്ദർശിപ്പിച്ചേ അടങ്ങൂ അല്ലേ...?

    ReplyDelete
    Replies
    1. ഒരിക്കലെങ്കിലും ഒന്ന് പോയി ഈ കാഴ്ചകളൊക്കെ കാണണം അണ്ണാ.. :)

      Delete