Thursday 27 November 2014

മണലാരണ്യത്തിലൂടെ… (ഭാഗം 1)


തീരെ പ്രതീക്ഷിക്കാതെയാണ് തവണത്തെ ഹജ്ജ് അവധി, വാരാന്ത്യ അവധി ദിനങ്ങളടക്കം 9 ദിവസത്തേക്കാണെന്ന് ഓഫീസിൽ നിന്നും അറിയിപ്പ് വന്നത്!! സാധാരണ ഗതിയിൽ, ഏറിപ്പോയാൽ 5 ദിവസം.. ഇതുവരെ തുടർന്നുവന്ന പതിവ് തെറ്റിച്ച് 9 ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചപ്പോൾ എല്ലാവരിലും അമ്പരപ്പ്, അവിശ്വസനീയത തുടങ്ങിയവികാരങ്ങളുടെ വേലിയേറ്റം..  ഒടുവിൽ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടപ്പോൾ 9 നാളുകൾ എങ്ങനെ ചിലവഴിക്കും എന്നതായി ചിന്ത.. ഇത്രയും ദിവസം മുറിയ്ക്കുള്ളിൽ തന്നെ കഴിയുക എന്നത് ഊഹിക്കാനേ പറ്റുന്നില്ല.. എവിടേയ്ക്കെങ്കിലും യാത്ര പോകാമെന്നുവച്ചാൽ തിരക്കൊഴിഞ്ഞിട്ട് സമയമില്ലാത്തവരെ ഒത്തുകിട്ടാൻ പ്രയാസം.. വരാനുള്ള അച്ചായൻ വഴിയിൽ തങ്ങില്ല എന്ന് പറയുംപോലെ അതാ വരുന്നു ഒരു അരുളപ്പാട്..

“9 ദിവസം അവധിയല്ലേ.. എവിടേയ്ക്കെങ്കിലും വണ്ടിയെടുത്ത് വിട്ടാലോ?”

തേടിയ അച്ചായൻ വണ്ടിയുമായി മുന്നിൽ വന്ന് നിൽക്കുന്നു!! ചോദ്യകർത്താവ് തോമസ് അച്ചായൻ ആയതിനാൽഞാൻ റെഡിഎന്ന് ഉത്തരം കൊടുക്കാൻ ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടിവന്നില്ല.

അബഹയ്ക്ക് പോയതുപോലെ തന്നെ, നമ്മൾ വണ്ടിയെടുത്ത് യാത്ര പോകുന്നു.. വെള്ളിയാഴ്ച പുറപ്പെട്ട് അടുത്ത വ്യാഴാഴ്ച തിരികെ ജിദ്ദയിലെത്തും.. വഴിയിൽ കിടന്ന് ഉറങ്ങും.. ഭക്ഷണം പാകം ചെയ്ത് കഴിക്കും.. കുളിയും മറ്റ് കാര്യങ്ങളുമൊക്കെ സൌകര്യം പോലെ..” - അച്ചായൻ നയം വ്യക്തമാക്കി.
 

അലഞ്ഞുതിരിഞ്ഞൊരു സഞ്ചാരം.. അതിനിടയിൽ കടന്ന് പോകാൻ സാധിക്കുന്ന പ്രധാന പട്ടണങ്ങളുടെ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയൊക്കെ അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ ഗൂഗിളിൽ നിന്നും പരതിയെടുത്തു. ഒപ്പം, പട്ടണങ്ങളെയൊക്കെ ചേർത്ത് വച്ച് ഗൂഗിൾ മാപ്പിൽ നിന്നും ഒരു പകർപ്പെടുക്കാനും മറന്നില്ല. (ജിപിഎസ് കൂടാതെ തന്നെ വഴിയും സ്ഥലവുമൊക്കെ മനസ്സിലാക്കിയെടുക്കാൻ പ്രിന്റൌട്ട് വളരെയേറെ സഹായിച്ചു എന്നതാണ് വാസ്തവം.) ജിദ്ദ - മദീനതബൂക്ക്അറാർ - ഹഫർ അൽ ബാത്ജുബൈൽറിയാദ്ജിദ്ദ ഇതാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന സഞ്ചാരപഥം. സാഹചര്യങ്ങളുടെ സമ്മർദ്ദമനുസരിച്ച് റൂട്ടിൽ മാറ്റം വന്നേക്കാമെന്ന് അച്ചായന്റെ മുന്നറിയിപ്പ്.

 

ജിദ്ദ മുതൽ ജിദ്ദ വരെ.. സഞ്ചാരത്തിന്റെ നാൾവഴികൾ

 
ദിവസം #1 : ലക്ഷ്യം #1മദീന വഴി വാദി ജിന്ന്
 
കാലത്ത് നേരത്തെ ഉറക്കമുണർന്ന് യാത്രപുറപ്പെടാം എന്ന ദൃഢനിശ്ചയത്തോടെയാണ് കിടന്നതെങ്കിലും പതിവുപോലെ വെള്ളിയാഴ്ച താമസിച്ചാണ് നേരം വെളുത്തത്! ഉർവ്വശീ ശാപം ഉപകാരപ്രഥം എന്നുപറഞ്ഞതുപോലെ, ഇത്തിരി താമസിച്ചുപോകുന്നതാണ് നല്ലതെന്ന് അച്ചായൻ. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്ക്ക് ശേഷം മദീനയിലെത്തിയാൽ തിരക്ക് കുറയാനുള്ള സാധ്യതയാണ് അതിനുള്ള ന്യായം.
 

ഇനി എന്തെങ്കിലും വയ്ക്കാനുണ്ടോ ആവോ..
 
യാത്രയ്ക്ക് ആവശ്യമായ വസ്തുവഹകൾ ഓരോന്നായി കാറിലേയ്ക്ക് നീങ്ങി.. കിടന്നുറങ്ങാൻ ടെന്റ്, ബ്ലാങ്കറ്റുകൾ, തലയിണകൾ പാചകത്തിനുള്ള ഗ്യാസ് സ്റ്റൌ, മസാലപ്പൊടികൾ, പാത്രങ്ങൾ, കത്തി, കുടിവെള്ളം, വസ്ത്രങ്ങൾ എന്നിങ്ങനെ അവശ്യം വേണ്ടുന്ന സാധനങ്ങളൊക്കെ കാറിന്റെ ഡിക്കിയിലും പിൻസീറ്റിലുമൊക്കെയായി സ്ഥാനം പിടിച്ചു.
 

സഞ്ചാരികൾ
പുതുക്കി നിശ്ചയിച്ച സമയം കൃത്യമായി പാലിച്ച്, മദീനാ റോഡിലൂടെ കാർ നീങ്ങിത്തുടങ്ങി.



വെള്ളിയാഴ്ച ആണെങ്കിലും വഴിയിൽ വാഹനങ്ങൾക്ക് കുറവൊന്നുമില്ല. കെട്ടും ഭാണ്ഡവുമായി മറികടന്നുപോകുന്ന ഏറിയ വാഹനങ്ങളിലും ദീർഘദൂര സഞ്ചാരികളാണെന്ന് തോന്നുന്നു..
 
 
 
വഴിയിലുടനീളം സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളെ പറ്റിക്കാൻ മിക്ക വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ ഭാഗികമായി മറച്ചിട്ടുണ്ട്! (മദീന ചെക്ക് പോസ്റ്റിനു മുന്നെയായി, നമ്പർ പ്ലേറ്റുകൾ മറയ്ക്കാൻ ഉപയോഗിച്ച സെല്ലോ ടേപ്പുകൾ ഇളക്കി കളഞ്ഞത് എമ്പാടും കാണാം.. മലയാളികളെ വെല്ലുന്ന സൌദി കുരുട്ടുബുദ്ധി..)
 
മദീനയിൽ നിന്നും ഏകദേശം 40 കിലോമീറ്ററുകൾ അകലെയുള്ളവാദി ജിന്ന് (Wadi Jinn)എന്ന സ്ഥലമാണ് യാത്രയുടെ ആദ്യലക്ഷ്യം.
 
ചെക്ക് പോയന്റിൽ തടസ്സങ്ങളൊന്നും ഉണ്ടാവാതിരുന്നതിനാൽ മദീന ഹറം മസ്ജിദിന്റെ മുന്നിലൂടെ തന്നെയാക്കി യാത്ര..
 

മദീനയിലേയ്ക്ക് സ്വാഗതം!
ജുമാ നമസ്കാരം കഴിഞ്ഞെങ്കിലും മസ്ജിദിന്റെ പരിസരങ്ങളിൽ തിരക്കൊഴിഞ്ഞിട്ടില്ല. ചുറ്റും ആഡംബര ഹോട്ടലുകൾ നിരന്നിരിക്കുന്നതിനാൽ, സുന്ദരമായ നിർമ്മിതിയുടെ ആകാര ഭംഗി പൂർണമായി ആസ്വദിക്കുക എന്നത് അസാദ്യം തന്നെ. ഇടതടവില്ലാതെ ഒഴുകുന്ന ജനങ്ങളും വാഹനങ്ങളും ഒക്കെ ചേർന്ന് സ്വതവേ വീതികുറഞ്ഞ ഇടവഴികളിലൂടെയുള്ള യാത്രയെ ഞെരുക്കുന്നുണ്ട്.
 

മദീനത്തെ മിനാരങ്ങൾ ഒരു ദൂരക്കാഴ്ച
 പള്ളിയ്ക്ക് വലംവെച്ച്, തിരക്കിൽ നിന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ട് വീണ്ടും പ്രധാനപാതയിലേയ്ക്ക് കടന്നു. ജിപിഎസ്‌- തെളിഞ്ഞ വഴിയിലൂടെയാണ് ഇപ്പോളത്തെ സഞ്ചാരം.
 
മദീന പട്ടണത്തിന്റെ തിരക്കുകളിൽ നിന്നും തെല്ലകലെയെത്തിയപ്പോളാണ് ഉച്ച ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചത്. നേരം വൈകിയിരിക്കുന്നു, ഇനി വല്ലതും കിട്ടുമോ എന്ന് ശങ്കിച്ച്, ഭക്ഷണശാല തേടി റോഡിനിരുവശവും കണ്ണുകളോടിച്ച് പതിയെ പോകുമ്പോളാണ് ഒരു പാക്കിസ്താനി ഹോട്ടൽ കണ്ണിൽ‌പ്പെട്ടത്. കാശ്മീരിന്റെ കാര്യത്തിൽ കുറച്ച് കശപിശയുണ്ടെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ അമ്മാതിരി വിരോധമൊന്നും വച്ചുപുലർത്തേണ്ട കാര്യമില്ലല്ലോ.. സമയമൊട്ടും പാഴാക്കാതെ ‘വട്ടം തിരിയുന്ന’ കോഴിയും ബിരിയാണിച്ചോറും കഴിച്ച് യാത്ര തുടർന്നു.
 
ചെറിയ ചില ടൌണുകൾ പിന്നിട്ടതോടെ, അതുവരെയുണ്ടായിരുന്ന നാലുവരിപ്പാതയിൽ നിന്നും രണ്ടുവരിപ്പാതയായി റോഡിന്റെ വീതി കുറഞ്ഞു. എണ്ണത്തിൽ കുറവാണെങ്കിലും ഇരുവശങ്ങളിലേയ്ക്കും ഇടയ്ക്കിടെ വാഹനങ്ങൾ ചീറിപ്പായുന്നുണ്ട്.
 
പ്രധാനപാതയിൽ നിന്നും കുറച്ചകലെയായി ഒരു തടാകം പോലെ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽ‌പ്പെട്ടതോടെ കാറിന്റെ സഞ്ചാരം ആ ദിശയിലേക്കായി. ചുറ്റും പച്ചപ്പ് നിറഞ്ഞ ആ തടാകക്കരയിൽ ഒന്നുരണ്ട് ടാങ്കർ ലോറികൾ നിർത്തിയിട്ടുണ്ട്. പൊടി പാറുന്ന മൺപാതയിലൂടെ ഒരുവിധത്തിൽ ആ വെള്ളക്കെട്ടിന്റെ അരികിലെത്തി.
 
 
വെറുതെ ഒരു വെള്ളക്കെട്ടല്ല, സംഭവം ഇമ്മിണി ബല്ല്യ ഒരു ഡാം തന്നെയാണ്. അതിൽ നിന്നും ചെറിയ മോട്ടോറുകൾ ഉപയോഗിച്ച് ടാങ്കറുകളിലേയ്ക്ക് വെള്ളം നിറയ്ക്കുകയാണ് പാക്കിസ്താനി ഡ്രൈവർമാർ. നയതന്ത്രവിദഗ്ദനായ അച്ചായൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.. അൽ ഖുലൈൽ എന്നാണ് ഡാമിന്റെ പേര്. തെളിനീരുപോലെ തിളങ്ങിക്കിടക്കുന്ന ആ ജലം മുഴുവൻ സമീപപ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന നല്ല വളക്കൂറുള്ള “പാഴ്ജല’മാണ്. ഒപ്പം, ചുറ്റുപാടുമുള്ള മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളവും ഇവിടെ സംഭരിക്കപ്പെടുന്നു. തങ്ങളുടെ സ്പോൺസർമാരുടെ കൃഷിയിടങ്ങളിൽ നനയ്ക്കുവാൻ വേണ്ടിയാണത്രെ അവരിത് കൊണ്ടുപോകുന്നത്!! വെള്ളത്തിന്റെ തനിനിറം മനസ്സിലാക്കിയതോടെ, ഒരു മുങ്ങിക്കുളി തരപ്പെടുത്താൻ വന്ന അച്ചായൻ തിരികെ വണ്ടിയിൽ കയറി ബെൽറ്റ് മുറുക്കി.
 
ലക്ഷ്യസ്ഥാനമായ വാദി ജിന്ന് (Wadi Jinn) അഥവാ വാദി അൽ ബൈദ (Wadi Al Baida)-യിലേയ്ക്ക് ഇനി അധികദൂരമില്ലെന്ന് ജി.പി.എസ് മുന്നറിയിപ്പ് നൽകി. ഇടയ്ക്ക് വഴിയിൽ കുറച്ചാളുകൾ കൂട്ടംകൂടി നിൽക്കുന്നു; ചില വാഹനങ്ങൾ വളരെ പതുക്കെ മുന്നിലേയ്ക്കും പിന്നിലേയ്ക്കും നീങ്ങുന്നു.. എവിടെയൊ കണ്ടുപരിചയമുള്ള സ്ഥലം പോലെ.. പിടികിട്ടീ.. വാദി ജിന്നിലെ “ജിന്നിന്റെ” സാന്നിധ്യമറിയാൻ ആളുകൾ നടത്തുന്ന ഇത്തരം പരീക്ഷണങ്ങളുടെ വീഡിയോകൾ യുട്യൂബിൽ കണ്ടിട്ടുണ്ട്. വഴിവക്കിൽ കാർ ഒതുക്കിയിട്ട് അൽ‌പ്പസമയം ആ കസർത്തുകൾ കണ്ടുനിന്നു.
 

‘സത്യാന്വേഷികൾ’
അതിലെ കടന്നുപോകുന്ന ഒട്ടുമിക്ക എല്ലാ വാഹനങ്ങളും ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നുണ്ട്. പരീക്ഷണം എന്താണെന്ന് വച്ചാൽ, റോഡിന് കുറുകെയുള്ള, തീരെ ചെറുതല്ലാത്ത വെള്ളച്ചാലിൽ (Dip) വാഹനം ‘ന്യൂട്രൽ’ ഗിയറിൽ നിർത്തിയിടും. അവിടെ നിന്നും വാഹനം ആക്സിലറേറ്റർ പ്രയോഗിക്കാതെ തന്നെ ചാലിൽ നിന്നും പുറത്തേയ്ക്കുരുളും. മന്ദഗതിയിൽ തുടങ്ങി ക്രമേണ നല്ല വേഗതയിൽ വാഹനം മുൻപിലേയ്ക്കോ പിൻപിലേയ്ക്കോ (വാഹനം നിർത്തിയിടുന്ന ദിശയ്ക്കനുസരിച്ച്) സഞ്ചരിക്കും. ആക്സിലറേറ്ററിന്റെ സഹായമില്ലാതെ, ചാലിലെ സ്വഭാവികമായ ചരിവിനെ അതിജീവിച്ച് വാഹനം പുറത്തേയ്ക്കുരുളുന്നത് ഏതോ അദൃശ്യശക്തി (ജിന്ന്) കാരണമാണെന്ന വിശ്വാസമായിരിക്കാം ‘ജിന്നുകളുടെ താഴ്‌വര’ എന്ന പേരിന്നാധാരം. ചിലർ വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വച്ചും പരീക്ഷണം നടത്തുന്നുണ്ട്; യാതൊരു മടിയും കൂടാതെ ആ കുപ്പികളും കുണുങ്ങിയോടുന്നു, പക്ഷേ ‘തല തിരിഞ്ഞ’ ഓട്ടം!
 
(അച്ചായന്റെ സത്യാന്വേഷണ പരീക്ഷണത്തിന്റെ വീഡിയോ ഇതാ..)
 
 
തിരക്ക് അല്പം കുറഞ്ഞപ്പോൾ അച്ചായനും നടത്തി കാർ പരീക്ഷണം. പക്ഷേ, പലവട്ടം പരീക്ഷിച്ചിട്ടും അച്ചായന്റെ സംശയം മാറിയില്ല എന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. ജിന്നും മണ്ണാങ്കട്ടയുമൊന്നുമല്ല, ഏതോ തരത്തിലുള്ള ‘ഇല്യൂഷൻ’ ആണെന്ന് അച്ചായൻ തറപ്പിച്ച് പറയുന്നു. (ഇന്റർനെറ്റിൽ പരതിയപ്പോൾ കിട്ടിയ ചില പഠനങ്ങളും ആ വാദത്തെ ശരി വയ്ക്കുന്നുണ്ട്. ആ പ്രദേശത്തിന്റെ ഭൂമിശാത്രപരമായ സവിശേഷതകൾ മൂലം ചെരിഞ്ഞ പ്രതലം ചെരിവില്ലാത്തതായി തോന്നിക്കുന്നതാണത്രെ. രണ്ടുവശവും മലകളാൽ ചുറ്റപ്പെട്ട്, ഏകദേശം 14 കിലോമീറ്ററുകളോളം ദൂരത്തിൽ കിടക്കുന്ന ഈ പ്രദേശത്തിന്റെ ചെരിവ് മനസ്സിലാക്കിയെടുക്കാൻ നമ്മുടെ കണ്ണുകൾക്ക് സാധിക്കുന്നില്ല പോലും.)
 

അല്പദൂരം കൂടെ മുന്നിലേയ്ക്ക് പോയിട്ട്, മലകൾ അതിരിടുന്ന ഒരുറൌണ്ട് എബൌട്ട്ചുറ്റി വഴി വന്ന ദിശയിലേയ്ക്ക് തന്നെ മടങ്ങുന്നു. ഒരു താക്കോൽ ദ്വാരത്തിന്റെ ആകൃതിയിലുള്ള റൌണ്ട് എബൌട്ട്മുതൽഅൽ ഖുലൈൽഡാം വരെയാണ് ഭൂഗുരുത്വാകർഷണത്തിന് എതിരായിട്ടുള്ളത് അല്ലെങ്കിൽ മായാദർശനം (optical illusion) എന്ന പ്രതിഭാസം അനുഭവപ്പെടുന്നത്.
 

ആകെമൊത്തം ‘പച്ച’
സ്ഥലവും പാക്കിസ്ഥാൻകാരുടെ അധീനതയിലാണെന്ന് തോന്നുന്നു; എങ്ങും നാട്ടുകാർ മാത്രം. അവരുടെ സ്വന്തം നാട്ടിൽ പോലും ഇത്രയധികം ആളുകൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല! മലമുകളിലെ വലിയ പാറകളിൽ പാക്കിസ്ഥാൻ ദേശീയ പതാക പച്ചനിറത്തിൽ തിളങ്ങുന്നുണ്ട്..
 
നേരത്തെ നടത്തിയ പരീക്ഷണങ്ങൾ ഇവിടെയും ആവർത്തിക്കുകയാണ് അച്ചായൻ; കിം ഫലം! തൃപ്തിവരാതെ, കാർ നേരെ മലയടിവാരത്തേയ്ക്ക് വിട്ടു. അവിടെയിറങ്ങി ഉയർന്ന ഒരു പാറയുടെ മുകളിൽക്കയറി നിന്ന് റോഡിന്റെ ചെരിവിനെനിവർത്താനുള്ളശ്രമം തുടങ്ങി.
 
അല്ല ജിമ്മീ.. സൂക്ഷിച്ച് നോക്കിക്കേ.. റോഡിന് അങ്ങോട്ടേയ്ക്ക് ഇറക്കമല്ലേ?“
 
അച്ചായന്റെ പ്രായത്തെ മാനിച്ച് വീണ്ടും വീണ്ടും റോഡിലേയ്ക്ക് നോക്കിയിട്ടും അത് കയറ്റമായിട്ടാണ് തോന്നുന്നത്.. അക്കാര്യം തുറന്ന് പറയുകയും ചെയ്തു.. പക്ഷേ അച്ചായൻ സമ്മതിക്കുന്നില്ല..
 

ഇറക്കമോ അതോ കയറ്റമോ?
ഭൂമിയുടെ ലെവൽ അളക്കുന്ന ഉപകരണം കൊണ്ടുവന്നിരുന്നെങ്കിൽ എളുപ്പമായേനെ..”
 
ഇല്യൂഷൻചിന്തകൾ അച്ചായന്റെ മനസ്സിൽപൊല്യൂഷൻഉണ്ടാക്കിയ ലക്ഷണമുണ്ട്.
 
ഒടുവിൽ, മനസ്സില്ലാമനസ്സോടെ പരീക്ഷണങ്ങളൊക്കെ അവസാനിപ്പിച്ച് അച്ചായൻ തിരികെ കാറിൽ കയറി. ഇത്രയൊക്കെ ഗവേഷങ്ങൾ നടത്തി ക്ഷീണിച്ചതല്ലേ, ഒരോ കട്ടൻ ചായ കുടിച്ച് ഊർജ്ജം വീണ്ടെടുക്കാനായി സഞ്ചാരികൾക്ക് വേണ്ടി പന്തൽ പോലെ തയ്യാറാക്കിയിരിക്കുന്നയിടത്ത് വണ്ടിയൊതുക്കി.
 

ചായ റെഡി
സ്റ്റൌ-ഉം ചായപാത്രവുമൊക്കെ ഡിക്കിയിൽ നിന്നും പുറത്തെടുത്ത്, ആവി പറക്കുന്ന കട്ടനൊരെണ്ണം തയ്യാറാക്കി കൊടുക്കുമ്പോളും അച്ചായൻഇല്യൂഷൻ എഫക്റ്റി നിന്നും മുക്തനായിട്ടുണ്ടായിരുന്നില്ല.
 
 
 
 
ദിവസം #1 : യാത്ര #2 – അൽ-ഊല
 
സമയം 4 മണി കഴിഞ്ഞിരിക്കുന്നു, ആദ്യദിവസം തമ്പടിക്കാനായി നിശ്ചയിച്ചിരിക്കുന്ന അൽ-ഊല പട്ടണത്തിലേയ്ക്ക് ഇനിയുമേറെ പോകാനുണ്ട്. രാവേറെയാവും മുന്നേ ലക്ഷ്യത്തിലെത്തേണ്ടതിനാൽ വിശ്രമസമയം വെട്ടിച്ചുരുക്കി യാത്ര പുനരാരംഭിച്ചു.
 
ചെറിയ ചില ടൌണുകളൊക്കെ പിന്നിട്ട്, തബൂക്ക് ഹൈവേയിലൂടെയായി യാത്ര. വാദി ജിന്ന്-ന്റെ ഭൂപ്രകൃതിയുടെ തുടർച്ചയെന്നോളം വഴിയുടെ ഇരുവശങ്ങളും പാറമലകളെക്കൊണ്ട് സമ്പന്നമാണ്.
 
 
മലകളുടെ അടിവാരത്ത് പച്ചവിരിച്ചിരിക്കുന്ന കൃഷിയിടങ്ങളെ ചെമ്പട്ടുടുപ്പിച്ച് നിന്നിരുന്ന സൂര്യൻ പതിയെ മറഞ്ഞു. വഴിവിളക്കുകൾക്കൊപ്പം വാഹനങ്ങളുടെ മിഴികളും മിന്നിത്തുടങ്ങി. ഇരുൾ പരന്നതോടെ വഴിയോരക്കാഴ്ചകൾ അസാധ്യമായി.
 
 
8 മണിയോടെ അൽ-ഊല പട്ടണത്തിലെത്തി. ‘മദേൻ സാലേഹ് (Madain Salih)എന്ന ഹെറിറ്റേജ് സൈറ്റ്, പട്ടണത്തിൽ നിന്നും ഏതാണ്ട് 25 കിലോമീറ്ററുകളോളം അകലെയാണെന്ന് ജിപിഎസ്- തെളിഞ്ഞു.
 
 
അത്രേയല്ലേയുള്ളു.. നമുക്ക് അവിടം വരെയൊന്ന് പോയി നോക്കാം.. അതുകഴിഞ്ഞിട്ടാവാം ടെന്റടിക്കൽ..” – അച്ചായന് തെല്ലുമില്ല ക്ഷീണം.
 
ജിപിഎസ്ചൂണ്ടിക്കാണിച്ച വഴിയിലൂടെ കാർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.  ഇരുട്ടിന് കട്ടിയേറിയതിനാൽ റോഡിനിരുവശങ്ങളിലും കാണുന്ന കറുത്തരൂപങ്ങളെ വ്യക്തമായി തിരിച്ചറിയാനാവുന്നില്ല. പല ആകൃതിയിലും വലിപ്പത്തിലുമൊക്കെ ഉയർന്നുനിൽക്കുന്ന രൂപങ്ങളെ പിന്നിട്ട് യാത്ര മദേൻ സാലേഹ്’-യിലെത്തിയിരിക്കുന്നു. ഒരു മനുഷ്യജീവിയെപ്പോലും അവിടെയെങ്ങും കാണാനില്ല. അസമയത്ത് കാർ വന്നുനിന്നത് കണ്ടിട്ടാവണം,  അടഞ്ഞുകിടക്കുന്ന ഗേറ്റിന്റെ അപ്പുറത്ത് ഒരു പട്ടാളക്കാരൻ പ്രത്യക്ഷപ്പെട്ടു.  കാർ നിർത്തിയിറങ്ങിച്ചെന്ന് അയാളുമായി എന്തൊക്കെയോ സംസാരിച്ച് അച്ചായൻ തിരികെയെത്തി വണ്ടി തിരിച്ചു.
 
രാവിലെ 10 മണിയ്ക്കേ ഗേറ്റ് തുറക്കൂ.. സമയത്ത് വരാനാണ് അയാൾ പറയുന്നത്. ഇവിടെയെങ്ങാനും ടെന്റ് അടിച്ച് കിടന്നോട്ടെയെന്ന് ചോദിച്ചപ്പോൾഅത് വേണോ?’ എന്നാണ് തിരികെ ചോദിച്ചത്.. നമുക്ക് ടൌണിലെവിയെങ്കിലും കിടന്നിട്ട് രാവിലെ തിരികെ വരാം.. അതാ നല്ലത്..
കാർ തിരിച്ചെടുക്കുന്നതിനിടയിൽ അച്ചായന്റെ അറിയിപ്പ്. വന്ന വഴിയിലൂടെ തിരികെ അൽ-ഊല ടൌണിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ ടെന്റടിച്ച് കിടന്നുറങ്ങാൻ സൌകര്യപ്രഥമായ സ്ഥലം തിരഞ്ഞെങ്കിലും എവിടെയും ഒത്തുകിട്ടിയില്ല. ഒടുവിൽ, താരതമ്യേന നിരക്ക് കുറഞ്ഞതും എന്നാൽ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഒരു ലോഡ്ജിൽ മുറിയെടുത്ത് അന്നത്തെ യാത്രയ്ക്ക് വിരാമമിട്ടു.
തൊട്ടടുത്ത ദിവസം ഹജ്ജ് പെരുന്നാളാണ്രാവിലെ എവിടുന്നെങ്കിലും പ്രഭാതഭക്ഷണം കിട്ടുമെങ്കിൽ അതും കഴിച്ചിട്ട് നേരെമദേൻ സാലേഹ്’-യിലേയ്ക്ക് പുറപ്പെടാമെന്നുള്ള തീരുമാനത്തോടെ ബെഡിലേയ്ക്ക് ചാഞ്ഞു..
 
 
(തുടരും)
 
 
**********
 

മദേൻ സാലേഹ്’-യിലെ വിശേഷങ്ങൾക്കും കാഴ്ചകൾക്കുമായി ഈ വഴിയേ.. 

 
 
 
കടപ്പാട്:
-       തോമസ് അച്ചായൻ (യാത്ര)
-       ഗൂഗിൾ (മാപ്)
-       വിക്കിപീഡിയ (വിശദാംശങ്ങൾ)
-       BBQ5 / Canon (ചിത്രങ്ങൾ)

 

26 comments:

  1. ഏഴ് ദിനരാത്രങ്ങൾ.. 5000-ലധികം കിലോമീറ്ററുകൾ.. സൌദി അറേബ്യയിലെ മണലാരണ്യത്തിലൂടെ വിവിധ നഗരങ്ങൾ താണ്ടിയൊരു യാത്ര..

    സഞ്ചാരം തുടരുന്നു..

    ReplyDelete
  2. ശ്ശെ! വായിച്ച്‌ ആവേശമായി വന്നപ്പഴയ്ക്കും 'തൊടരും' ന്ന്... ഹും!

    കാഴ്ചകൾ കലക്കി. ആ ജിന്നുകളുടെ താഴ്‌വര നല്ലവണ്ണം ഇഷ്ടപ്പെട്ടു...

    ReplyDelete
    Replies
    1. ക്ഷമീര് ശ്രീക്കുട്ടാ... ഉടനെ തന്നെ ‘തൊടരാം’.. :)

      Delete
  3. നിങ്ങളെ രണ്ടു പേരെയും സമ്മതിച്ചിരിക്കുന്നു... പറയാതെ വയ്യ. 5000 കിലോമീറ്റർ എന്ന് പറഞ്ഞാൽ നിസ്സാര കളിയൊന്നുമല്ല. അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ...

    ReplyDelete
    Replies
    1. സമ്മതിക്കണം, ഇല്ലെങ്കിൽ ഞാൻ സമ്മതിക്കൂല്ലാ... :)

      അടുത്ത ലക്കം പണിപ്പുരയിൽ...

      Delete
  4. ബഹറിനില്‍ വന്ന് നിങ്ങ്ങള്‍ക്ക് 5000 കിലോമീറ്റര്‍ ഡ്രൈവ് ചെയ്യാന്‍ ധൈര്യമുണ്ടോ? ഞാന്‍ വെല്ലുവിളിക്കുകയാണ്.


    (അല്ലപിന്നെ!!!!! ഇങ്ങനെയൊക്കെയാ നമ്മള് അസൂയ തീര്‍ക്കുന്നത്)

    ReplyDelete
    Replies
    1. ബഹ്‌റൈനിൽ 5000 കിലോമീറ്റർ ഡ്രൈവ് ചെയ്യണമെങ്കിൽ ആ രാജ്യത്തിനെ 10 തവണയെങ്കിലും വലംവയ്ക്കേണ്ടിവരുമല്ലോ അജിത്തേട്ടാ... :)

      അധികം താമസിയാതെ ആ വഴിക്കും ഒരു യാത്ര പ്രതീക്ഷിക്കാം.. അവിടെത്തന്നെ കാണുമല്ലോ അല്ലേ.. ;)

      Delete
  5. ആശംസകൾ
    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ

    ReplyDelete
    Replies
    1. ഉടൻ പ്രതീക്ഷിപ്പിൻ... :)

      Delete
  6. ഞമ്മള് പിന്നാലെണ്ട്ന്ന് കൂട്ടിക്കോ...

    ReplyDelete
    Replies
    1. പിന്നാലെയാക്കേണ്ട, കൂടെത്തന്നെ കൂടിയ്ക്കോ സുധീർഭായ്.. :)

      Delete
  7. ഈ ചതി വേണ്ടായിരുന്നു, ഒരു മാതിരി ആഴ്ചപ്പതിപ്പിലൊക്കെ കാണുന്ന പോലെ 'തുടരും' എന്നത്.... നല്ല രസമായി വായിച്ചു വരുവായിരുന്നു...

    അടുത്തത് വേഗം പോസ്റ്റണേ .... അറിയാത്ത നാടുകൾ, ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും മനസ്സിൽ തെളിയുന്നു....

    ReplyDelete
    Replies
    1. ന്റെ കുഞ്ഞൂസേച്ച്യേ.. ങ്ങള് ബേജാറാവാതേന്ന്.. അടുത്ത ലക്കം ഞമ്മള് ഉടനെ തന്നെ ഇറക്കി ബിടാട്ടാ.. :)

      Delete
  8. ഇക്കണക്കിനു പോയാല്‍ അയ്യായിരം കിലോമീറ്റര്‍ പോകാന്‍ അഞ്ഞൂറ് പോസ്റ്റ്‌ എങ്കിലും വേണ്ടി വരുമല്ലോ.. പോസ്റ്റിനു കുറച്ചൂടെ നീളം ആവാം.. പടങ്ങള്‍ കൂടിയാലും വിവരണം കുറയരുത്‌.

    ReplyDelete
    Replies
    1. 500 പോസ്റ്റ് എന്നൊക്കെ പറഞ്ഞ് എന്നെക്കൂടെ പേടിപ്പിക്കല്ലേ ശ്രീജിത്തേ.. ഇതുതന്നെ എഴുതിയൊപ്പിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ.. :)


      പടങ്ങൾ കൂടിയാലും വിവരണം കുറയരുത്!! ന്റെ പഹയാ..

      Delete
  9. പരിചയമുള്ള സ്ഥലങ്ങള്‍, കണ്ട കാഴ്ചകള്‍ എന്നാലും വീണ്ടും വീണ്ടും വായിക്കുമ്പോള്‍ ഒരു കൌതുകം.... "തുടരും" അത്ര ശരിയായില്ലാട്ടോ.. അതവിടെ എഴുതിയതോടെ പോസ്റ്റിന്റെ ഭംഗി പോയി... :(

    ReplyDelete
    Replies
    1. ‘പരിചയമുള്ള സ്ഥലങ്ങൾ.. കണ്ട കാഴ്ചകൾ..’

      ബോറഡിക്കുന്നില്ലല്ലോ അല്ലേ..

      (വായനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് അടുത്ത ലക്കം മുതൽ ‘തുടരും’ ഉണ്ടായിരിക്കുന്നതല്ല.. :) )

      Delete
  10. Replies
    1. അദന്നെ... വീണ്ടുമൊരു യാത്രകൂടെ തരപ്പെട്ടു.. :)

      Delete
  11. ഹൃദ്യം. "മാരീഡ് ബാച്ചിലര്‍" ആയിരുന്ന സമയത്ത് ഇത് പോലെയുള്ള ഒരു കൂട്ടിനായി പലപ്പോഴും കൊതിച്ചിട്ടുണ്ട്. നീണ്ട യാത്രക്ക് കൂടെ വരാന്‍ തയ്യാറുള്ള ചിലര്‍ ഉണ്ടായിരുന്നെങ്കിലും മനസ്സിനിണങ്ങിയ അല്ലെങ്കില്‍ ഒരേ വേവ് ലെങ്ങ്തില്‍ ചിന്തിക്കുന്ന കൂട്ടുകാര്‍ അല്ല ദൂരയാത്രക്ക് കൂടെയുള്ളതെങ്കില്‍ പിന്നത്തെക്കാര്യം പറയേണ്ടതില്ല. Anyway good article, appreciated.

    ReplyDelete
    Replies
    1. “ഒരേ വേവ് ലെങ്ത്“

      വളരെ കൃത്യമായ നിരീക്ഷണം. ഒരു യാത്രയുടെ വിജയത്തിന്, ഒരേ ചിന്താഗതിക്കാരായ സഹയാത്രികരുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്.. ഏതെങ്കിലും ഒരു യാത്രക്കാരന്റെ ‘വേറിട്ട ചിന്തകൾ’ സകല പദ്ധതികളും മാറ്റിമറിച്ചേക്കാം.. :)

      Delete
  12. ജിദ്ദ മുതൽ ജിദ്ദ വരെ
    ഏഴ് ദിനരാത്രങ്ങൾ താണ്ടി
    ഒരു മാരത്തോൺ സഞ്ചാരം നടത്തി
    ബൂലോകത്തിലെ ഒരു മാരത്തോൺ സഞ്ചാരിയായി
    മാറിയ്യിരിക്കുകയാണല്ലോ ഈ ബൂലോക ചുള്ളൻ...!

    വർണ്ണമനോഹരമാ‍ായ
    ഒരു യാത്രാനുഭത്തിന്റെ തുടക്കം

    സമ്മതിച്ച് തന്നിരിക്കുന്നു കേട്ടൊ ജിമ്മിച്ചാ ..! !

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. കയറ്റമാണോ ഇറക്കമാണോ. അച്ചായനെ പോലെ ഞാനും നോക്കി. പിന്നേയും പിന്നെയും നോക്കി. ജിമ്മി പറഞ്ഞപോലെ കയറ്റം തന്നെ എന്നു വിചാരിച്ച് ഒന്നു കൂടി സൂക്ഷിച്ചുനോക്കിയപ്പോ ഇറക്കമല്ലേ എന്നും. ഇതെവിടെയും ചെന്ന് നില്‍ക്കില്ല എന്നുതോന്നിയപ്പോ ജിന്നിനെ ഉപേക്ഷിച്ച് ജിമ്മിയുടെ കഥ തുടര്‍ന്ന് വായിച്ചു. വിനുവേട്ടന്‍ പറഞ്ഞപോലെ നിങ്ങളെ സമ്മതിച്ചു. ഇത്താണ് ദേശാടന പക്ഷികള്‍

    ReplyDelete
  15. നിങ്ങളുടെ ഒന്നാം യാത്രയും അടുത്തയാത്രയും ഒക്കെ ഒന്നിച്ചു വായിക്കാമെന്നു കരുതി കാത്തിരുന്നെങ്കിലും പിന്നെവിടെപ്പോയി എല്ലാവരും. ജിപിയെസ് വഴിതെറ്റിച്ചോ..? അതോ നിങ്ങളെ പോലീസ് പിടിച്ചോ...? ഇനിയെല്ലാരേം ഒന്നിച്ചു കയറ്റി വിട്ടോ...? അല്ലാ.. മൂന്നാലുമാസമായേ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്...!!

    ReplyDelete
  16. വിനുവേട്ടന്റെ ബ്ലോഗിലെ ബഹളക്കാരനെ തപ്പി വന്നതാ...

    വായന മോശമാകുന്നില്ല.
    5000കിലോീമീറ്ററെന്ന് കേട്ട്‌ ചങ്കിടിച്ച്‌ പോയല്ലോ.വിവരണത്തിനു വളരെ അനുയോജ്യമായ ചിത്രങ്ങളും.

    ബാക്കി വായിച്ചിട്ട്‌ പറയാം.

    ReplyDelete