പിന്നിട്ട വഴികൾ:
മണലാരണ്യത്തിലൂടെ… (ഭാഗം 1)
മണലാരണ്യത്തിലൂടെ… (ഭാഗം 1)
പിന്നിട്ട നാല് ദിവസങ്ങളിലെ യാത്രകൾക്ക്
അവധി നൽകിക്കൊണ്ട് അഞ്ചാം ദിനം വിശ്രമത്തിനായി മാറ്റി വച്ച് കൂട്ടുകാരന്റെ ഫ്ലാറ്റിൽ
തന്നെ കഴിഞ്ഞുകൂടി. സന്ധ്യാനേരത്ത് ബീച്ചിലൂടെയൊന്ന്
കറങ്ങിവന്നതൊഴിച്ചാൽ രണ്ട് രാത്രികളും ഒരു പകലും പൂർണ്ണവിശ്രമം എന്ന് തന്നെ പറയാം.
അൽ നഖീൽ ബീച്ച് - ജുബൈൽ |
ദിവസം #6 – യാത്ര #1 : ജുബൈൽ - റിയാദ് – അൽ-മുവേയ
വിശ്രമത്തിന് വിട പറഞ്ഞ് ആറാം ദിവസം
രാവിലെ തന്നെ മടക്കയാത്രയ്ക്ക് തയ്യാറായി. ഏതാണ്ട് 2 ദിവസമായി അനക്കമില്ലാതെ കിടന്ന
കാറിന്റെ എഞ്ചിൻ ഉറക്കത്തിൽ നിന്നുണർന്ന് അടുത്ത കുതിപ്പിന് തുടക്കമിട്ടു. ഹൈവേയിലെ
തിരക്കിലേയ്ക്ക് കയറുന്നതിനുമുന്നെ തന്നെ ഓരോ സാൻഡ്‌വിച്ച് കഴിച്ച് വിശപ്പിന്റെ വളർച്ചയെ
തടഞ്ഞു. ജുബൈലിൽ നിന്നും ദമ്മാം വഴി റിയാദ് പിന്നിട്ട്, (Wahbah Crater) വഹ്ബ ക്രേറ്ററിലേയ്ക്ക്
തിരിയാനുള്ള സൌകര്യം നോക്കി തമ്പടിക്കണം – ഇതാണ് ഇന്നത്തെ യാത്രയുടെ ലക്ഷ്യം.
ആറാം ദിവസത്തെ സഞ്ചാരം |
അവധിദിനങ്ങളൊക്കെ കഴിഞ്ഞതിനാൽ ഹൈവേയിൽ
നല്ല തിരക്കാണ്, പ്രത്യേകിച്ച് ചെറുവാഹനങ്ങളുടെ. നിരയായൊഴുകുന്ന വാഹനപ്രളയത്തിൽ പങ്കുചേർന്ന്
റിയാദ് ലക്ഷ്യമാക്കി കാർ കുതിച്ചുകൊണ്ടേയിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടടുത്ത് റിയാദിലെത്തി. പട്ടണത്തിൽ പ്രവേശിക്കുന്നതിന് മുന്നെതന്നെ
ഒരു കേരളാ ഹോട്ടലിൽ കയറി ‘ഊണ് കാലം’ കേമമാക്കി.
റിയാദ് |
റിയാദിലെ സൌഹൃദസന്ദർശനങ്ങളോ മറ്റ്
കാഴ്ചകളോ യാത്രാപരിപാടിയിൽ ഉൾപ്പെട്ടിരുന്നില്ല എന്നതിനാൽ ഭക്ഷണശേഷം ഒട്ടും സമയം കളയാതെ
യാത്ര തുടർന്നു.
‘ചായ് പേ ചർച്ച’ |
പെട്രോൾ നിറയ്ക്കാനും ചായ തയ്യാറാക്കി
കുടിയ്ക്കാനുമായി ഇടയ്ക്കൊരു പമ്പിൽ ഇത്തിരിനേരം നിർത്തിയപ്പോളല്ലാതെ കാറിന് വിശ്രമം
കിട്ടിയതേയില്ല.
ചായകുടിയ്ക്കാനും നാട്ടിലേയ്ക്കുള്ള
‘കിന്നാരം ചൊല്ലലുമായി’ കുറച്ച് നേരം. ഹൈവേയിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളിലൊക്കെ ചെഞ്ചായം
പൂശിക്കൊണ്ട് മരുഭൂമിയിലെ മലകൾക്ക് പിന്നിലേയ്ക്ക് മറയുന്ന അസ്തമയ സൂര്യന്റെ കാഴ്ച
അതിമനോഹരം. വിശ്രമമവസാനിപ്പിച്ച് വീണ്ടും ഹൈവേയിലേയ്ക്ക്..
സന്ധ്യമയങ്ങി; നേരമിരുട്ടി. ഇന്നത്തെ ലക്ഷ്യസ്ഥാനത്തേയ്ക്ക് ഇനി അധികദൂരമില്ലെന്ന്
ഗൂഗിളാശാൻ മൊഴിഞ്ഞു. എന്തെങ്കിലും കഴിച്ചിട്ട് എവിടെയെങ്കിലും തലചായ്ക്കാമെന്ന് പറഞ്ഞ്
അച്ചായൻ പ്രധാന പാതയിൽ നിന്നും വലത്തേയ്ക്ക് കണ്ട വഴിയിലേയ്ക്ക് കാർ തിരിച്ചു. അധികം
ആളനക്കമോ വാഹനസഞ്ചാരമോ ഇല്ലാത്ത ആ പാത ചെന്നെത്തിയത് അൽ മുവേയാ അൽ ജദീദ് (New Al-Muwayh) എന്നൊരു ചെറുപട്ടണത്തിലാണ്.
ഹൈവേയിൽ നിന്നും അകന്ന സ്ഥലമായതുകൊണ്ടാവണം,
ഒട്ടുമിക്ക കടകളും അടഞ്ഞ് കിടക്കുന്നു. ഭാഗ്യത്തിന് ഒരു ബൂഫിയ (സാൻഡ്‌വിച്ച് കട) പ്രവർത്തിക്കുന്നുണ്ട്;
ഒരു മലപ്പുറം മലയാളിയുടെ ഒറ്റയാൾ പ്രസ്ഥാനം. ചൂടോടെ ഓരോ ഓമ്ലറ്റും കഴിച്ച് കടക്കാരനോട്
യാത്ര പറഞ്ഞ് വീണ്ടും യാത്ര തുടർന്നു. തിരികെ ഹൈവേയിൽ പ്രവേശിച്ച് ഏതാനും കിലോമീറ്ററുകൾ
കൂടെ സഞ്ചരിച്ചതോടെ വഹ്ബ ക്രേറ്ററിലേയ്ക്ക് തിരിയുന്ന പാത കണ്ണിൽപ്പെട്ടു. അവിടെത്തന്നെ
കണ്ട ഒരു പെട്രോൾ പമ്പിൽ കാർ ഒതുക്കിയിട്ട്, പതിവുപോലെ അച്ചായൻ കൂടാരത്തിനുള്ളിലേയ്ക്ക്
ഊളിയിടുമ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു.
ദിവസം #7 – യാത്ര #1 : അൽ-മുവേയാ – ഉം അൽ-ദൂം - വഹ്‌ബ ക്രേറ്റർ
ഈ യാത്രയുടെ അവസാനദിനം.. ഏറെ നാളുകളായി
കാണണമെന്ന് ആഗ്രഹിച്ചിരിക്കുന്ന ഒരു കാഴ്ചയോടെയാണ് കലാശക്കൊട്ട്. ആ ആഗ്രഹപൂർത്തീകരണത്തിന്റെ
സന്തോഷത്തിൽ വഹ്‌ബ ക്രേറ്റർ എന്ന പ്രകൃതിയൊരുക്കിയ അത്ഭുതക്കാഴ്ചയിലേയ്ക്ക് എത്തിച്ചേരാൻ
രാവിലെ തന്നെ പുറപ്പെട്ടു.
ഏഴാം ദിവസത്തെ സഞ്ചാരം |
വഹ്‌ബ ക്രേറ്റർ (അറബിയിൽ മക്ല താമിയ (Makla Tamyah))-നെക്കുറിച്ച് ആദ്യമായി
വായിച്ചറിയുന്നത് ശ്രീ. ബഷീർ വള്ളിക്കുന്ന് എന്ന പ്രശസ്ത ബ്ലോഗറുടെ ഒരു പോസ്റ്റിലൂടെയാണ്.
എന്നെങ്കിലുമൊരിക്കൽ അവിടം സന്ദർശിക്കുന്നതിനായി അന്ന് തന്നെ ഗൂഗിൾ മാപ്പിൽ പരതി വഴി
കണ്ട് പിടിച്ച് പ്രിന്റ് എടുത്ത് വയ്ക്കുകയും ചെയ്തിരുന്നു. (അത് ഈ യാത്രയിൽ ഉപകാരപ്പെട്ടില്ല..
കാരണം ശ്രീ. ബഷീറും കൂട്ടരും ജിദ്ദയിൽ നിന്നും ഞങ്ങൾ റിയാദിൽ നിന്നുമാണല്ലോ പുറപ്പെട്ടത്..
രണ്ടും രണ്ട് വഴിക്ക്..)
ജിദ്ദ-റിയാദ് ഹൈവേയിൽ, തായിഫിൽ നിന്നും
ഏതാണ്ട് 160 കിലോമീറ്ററുകൾ അകലെയായിട്ടാണ് വഹ്ബ ക്രേറ്ററിലേയ്ക്കുള്ള വഴി തിരിയുന്നത്.
(റിയാദിൽ നിന്നും വരുമ്പോൾ 625 കിലോമീറ്ററുകൾ) – ഉം അൽദൂം എക്സിറ്റ്.
ഉം അൽദൂം - വഹ്ബ വഴികാട്ടികൾ |
ആ വഴിയിലൂടെ ഏതാണ്ട്
30 കിലോമീറ്ററുകൾ പിന്നിട്ട് ഇടത്തേയ്ക്ക് തിരിഞ്ഞ് അല്പം കൂടെ പോയാൽ ഉം അൽദൂം എന്ന ഗ്രാമപ്രദേശം എത്തുകയായി.
ഉം അൽ-ദൂം |
അവിടെ നിന്നും പിന്നെയും ഏകദേശം 90 കിലോമീറ്ററുകൾ കൂടെ കഴിഞ്ഞാൽ
വഹ്ബ ക്രേറ്ററിലേയ്ക്കുള്ള ചൂണ്ടുപലക വലത്ത് വശത്തേയ്ക്ക് വഴികാട്ടും.
ചെറിയൊരു കുന്നുകയറി
ആ പാത ചെന്ന് നിൽക്കുന്നത് ക്രേറ്ററിന്റെ അരികിൽ!!
ഏതാണ്ട് 250 മീറ്റർ ആഴത്തിൽ, 2 കിലോമീറ്റർ
ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ പ്രദേശമാണ് വഹ്ബ ക്രേറ്റർ. അതിന്റെ ഉള്ളിൽ അടിഭാഗത്ത്
സോഡിയം ഫോസ്ഫേറ്റ് ക്രിസ്റ്റലുകൾ ഒരു ആവരണം തീർത്തിരിക്കുന്നു.
വഹ്ബ ക്രേറ്റർ |
ആദ്യകാലത്ത്, ഉൽക്കാപ്രഹരത്തിൽ
രൂപീകൃതമായതെന്ന് വിശ്വസിച്ചിരുന്നുവെങ്കിലും പിൽക്കാല പഠനങ്ങൾ ആ സങ്കൽപ്പത്തിൽ മാറ്റം
വരുത്തി. ഭൂമിക്കടിയിൽ, അഗ്നിപർവ്വത സ്ഫോടനം പോലെയുണ്ടായ വലിയ പൊട്ടിത്തെറിയുടെ ഭാഗമായി
രൂപപ്പെട്ട ഗർത്തമാണിതെന്നാണ് നിലവിൽ ഭൂരിഭാഗം ഭൌമശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്.
‘പകച്ചുപോയ ബാല്യം’ |
ക്രേറ്ററിനുള്ളിലേയ്ക്ക് ഇറങ്ങുന്നതും
തിരികെ കയറുന്നതും സാഹസികമാണ്. അല്പമെങ്കിലും എളുപ്പത്തിൽ ഇറങ്ങിക്കയറാൻ ഒരു വഴി മാത്രമേയുള്ളു,
പക്ഷേ തിരികെ കയറാൻ ആ വഴി കൃത്യമായി ഓർത്തുവച്ചില്ലെങ്കിൽ ചിലപ്പോൾ പണിപാളും. ക്രേറ്ററിന്റെ
അകത്ത് മൊബൈൽ സിഗ്നൽ കിട്ടില്ല, മുകളിൽ നിന്ന് കൂവി വിളിച്ചാൽ പോലും താഴെ കേൾക്കില്ലത്രേ..
താഴേയ്ക്ക് ഇറങ്ങാനുള്ള വഴി എവിടെയാണെന്ന്
നോക്കിയാലോ എന്ന് അച്ചായനോട് ചോദിച്ചെങ്കിലും കക്ഷി അത് കേട്ട ഭാവം നടിച്ചില്ല. ഫോട്ടോ
എടുക്കാൻ വേണ്ടി ക്രേറ്ററിന്റെ അരികിലേയ്ക്ക് നീങ്ങുമ്പോളൊക്കെ അച്ചായന്റെ സ്വരമുയർന്നു.
തികച്ചും വിജനമായ ചുറ്റുപാട്; സഞ്ചാരികൾക്കായി
സൌദി ടൂറിസം വകുപ്പ് തീർത്തിരിക്കുന്ന വിശ്രമകേന്ദ്രങ്ങൾ അങ്ങിങ്ങായി കാണാം. വെയിലിന്റെ
കാഠിന്യമേറുന്നതിന് മുന്നെ, രാവിലെയുള്ള സന്ദർശനമാണ് അനുയോജ്യം. ഇത്തിരി ധൈര്യമുണ്ടെങ്കിൽ
ഒരു രാത്രി അവിടെ ചിലവഴിക്കുകയുമാവാം..
ക്രേറ്ററിന് ചുറ്റും കാറിൽ വലംവെയ്ക്കാമെന്ന്
കരുതി മുന്നോട്ട് നീങ്ങിയെങ്കിലും പരുക്കൻ വഴി കാറിന് അനുയോജ്യമല്ലെന്ന് മനസ്സിലാക്കി ആ ഉദ്ദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു.
4-വീൽ ഡ്രൈവുള്ള വാഹനമായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.
ദിവസം #7 – യാത്ര #2 : വഹ്‌ബ ക്രേറ്റർ - മഹ്ദ് അൽ ദഹാബ് – ജിദ്ദ
സോഡിയം ഫോസ്ഫേറ്റ് ക്രിസ്റ്റലുകളെ
അടുത്ത് ചെന്ന് കാണാനുള്ള മോഹം ഉള്ളിലൊതുക്കി ‘മക്ല താമിയ’യോട് വിട ചൊല്ലി.
സൌദിയിലെ
പ്രധാനപ്പെട്ട ഖനിമേഖലയായ ‘മഹ്ദ് അൽ ദഹാബ്’ (Mahd Al Thahab) വഴിയാണ് മടക്കയാത്ര. അതിശക്തമായ
പൊടിക്കാറ്റ് ഇടയ്ക്ക് കാഴ്ച മറച്ചെങ്കിലും അധികനേരം ശല്യം ചെയ്തില്ല.
7 ദിനരാത്രങ്ങൾ പിന്നിട്ട യാത്ര ഒടുവിൽ
അത് തുടക്കമിട്ട പാതയിലേയ്ക്ക് തന്നെ തിരികെയെത്തിരിക്കുന്നു. മഹ്ദ് അൽ ദഹാബ് റോഡിൽ
നിന്നും കാർ മദീന-ജിദ്ദ ഹൈവേയിലേയ്ക്ക് പ്രവേശിച്ച് “ഫൈനൽ ലാപ്പി”നായി കുതിച്ചു.
സമയം ഒന്നര.. അച്ചായന്റെ ഫ്ലാറ്റിനുമുന്നിലെ
പാർക്കിംഗിൽ കാറിന് വിശ്രമം അനുവദിച്ച് ‘സ്ഥാവരജംഗമ വസ്തുക്കളൊക്കെ’ ഡിക്കിയിൽ നിന്നുമിറക്കി.
അയ്യായിരത്തിൽപ്പരം കിലോമീറ്ററുകൾ താണ്ടി എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ
കാഴ്ചകൾ സമ്മാനിച്ച ഒരു യാത്രയ്ക്ക് ഇവിടെ പരിസമാപ്തി.
(ശുഭം)
++++++++++++++++++++++++++++++++++++++++++++++++++++++++++++
കടപ്പാട്:
-
തോമസ്
അച്ചായൻ (യാത്ര)
-
ഗൂഗിൾ (മാപ്)
-
വിക്കിപീഡിയ
(വിശദാംശങ്ങൾ)
-
BBQ5 /
Canon (ചിത്രങ്ങൾ)
മരുക്കാഴ്ചകൾക്ക് ഇവിടെ വിരാമം..
ReplyDeleteപുതിയ കാഴ്ചകൾ തേടി സഞ്ചാരം തുടരുന്നു...
അങ്ങനെ ആ മാരത്തോൺ യാത്ര അവസാനിച്ചു, ല്ലേ?
ReplyDeleteസോഡിയം ഫോസ്ഫേറ്റ് ക്രിസ്റ്റലുകളെ അടുത്തു കണ്ടാൽ കൊള്ളാമായിരുന്നുവെന്ന് എനിയ്ക്കും തോന്നാതിരുന്നില്ല.
ക്രേറ്ററിനുള്ളിൽ ഇറങ്ങാതെ തിരികെ പോന്നതിന്റെ ഇച്ഛാഭംഗം ഇതുവരെ മാറിയില്ല ശ്രീക്കുട്ടാ.. :)
Deleteഒട്ടകങ്ങള്‍ വരിവരിയായ്
ReplyDeleteയാത്രക്കാരോ നിരനിരയായ്
യാത്രാചരിതം കൊള്ളാരുന്നു കേട്ടോ!
നന്ദി അജിത്തേട്ടാ.. :)
Deleteഹാറ്റ്സ് ഓഫ് റ്റു തോമസ് അച്ചായൻ ആന്റ് ജിം...
ReplyDeleteഅവിസ്മരണീയമായ ഒരു യാത്ര... ജിം പറഞ്ഞത് പോലെ എക്കാലവും ഓർത്തിരിക്കാൻ... അയവിറക്കാൻ...
ഇനിയും തുടരട്ടെ ഇതു പോലുള്ള യാത്രകൾ...
എല്ലാ സ്തുതികളും അച്ചായന്.. ഈ യാത്രയുടെ സദുദ്ദേശത്തെ സഫലമാക്കിയത് അദ്ദേഹത്തിന്റെ പങ്കാളിത്തം ഒന്നുകൊണ്ട് മാത്രമാണ്..
Deleteപുതിയ തീരങ്ങൾ തേടി, പുതിയ കാഴ്ചകൾ തേടി സഞ്ചാരം തുടരാം.. :)
ഈ പെരുന്നാൾ ഒഴിവിന് എങ്ങോട്ടാ പോണത് ജിമ്മി?? യാത്രാവിവരണം വായിക്കാൻ നല്ല രസായിരുന്നുട്ടോ :) :)
ReplyDeleteനന്ദി മുബീത്താ, യാത്രയിലുടനീളം പിന്തുടർന്നതിന്.. :)
Deleteപെരുന്നാൾ ഒഴിവിന് ബഹ്‌റൈൻ വരെ പോയി വന്നു.. :)
അങ്ങിനെ ഒരു യാത്രാചരിതം ശുഭം
ReplyDeleteഅവിസ്മരണീയമായ മരുഭൂമി കാഴ്ച്ചകൾ
കാണിച്ച് തന്ന് ഞങ്ങളെയൊക്കെ വിസ്മയതുമ്പത്തെത്തിച്ച
കുട്ടപ്പനാശാന് ഒത്തിരി നന്ദി. തുടർന്നും ഇത്തരം സഞ്ചാരങ്ങൾ നടത്തി
ഇതുപോലെ തന്നെ ഞങ്ങളെയെല്ലാം കോരിത്തരിപ്പിക്കുമെന്ന് വിശ്വസിച്ച് കൊണ്ട്
ഇതെല്ലാം കണ്ട്
കുശുമ്പിളകിയ ഒരു വായനക്കാരൻ
കുശുമ്പിളക്കണ്ട ബിലാത്തിയേട്ടാ...
Deleteകറങ്ങിത്തിരിഞ്ഞ് ഒരു നാൾ ഞാൻ ബിലാത്തിയിലുമെത്തും.. അന്ന് നമുക്ക് തകർക്കണം ട്ടാ.. :)
മുങ്കൂട്ടി പറയണം കേട്ടൊ ഭായ്
Deleteഒരു നാൾ ഞമ്മക്കും കിട്ടുംട്ടാ ഇത് പോലൊരു അച്ചായൻ..
ReplyDeleteന്നിട്ട് എഴുതാം കേട്ടാ ...നമ്മന്റെ സഞ്ചാരോം ..
( അല്ലേൽ ആ അച്ചായനെ ഒന്ന് കടം തര്വോ ..? )
അച്ചായനെ മാത്രം ചോദിക്കരുത് ഉണ്ടാപ്രിച്ചായാ... അതൊരു rare piece ആണ്... :)
Deleteചിത്രങ്ങൾ വളരെ വാചാലമായി സംസാരിക്കുന്നു. ഇരുപത്തഞ്ചു വർഷം പഴക്കമുള്ള റോഡുകളും വിശാലമായ മരുഭൂമിയും ഒന്നുകൂടി മനസ്സിൽ ഓടിയെത്തി. പല വഴികളിലൂടെയും ഞാനും സഞ്ചരിച്ചിട്ടുണ്ട്. ആശംസകൾ....
ReplyDeleteനന്ദി അശോകൻ മാഷേ..
Delete25 വർഷങ്ങൾക്ക് മുന്നെ ഇത്രയും വഴികളൊന്നും ഉണ്ടാവില്ലല്ലോ അല്ലേ..
വഹ്ബ ക്രേറ്ററിനെ കുറിച്ചറിഞ്ഞ് വിസ്മയം തീര്‍ന്നില്ല.
ReplyDeleteഗംഭീരം ജിമ്മി ഈ യാത്രയും ഫോട്ടോസും വിവരണവും വിവരങ്ങളും.
വഹ്ബ ക്രേറ്ററിനെ അടുത്ത് കണ്ടിട്ട് എന്റെ അതിശയവും തീർന്നില്ല സുകന്യേച്ചീ.. ഒത്താൽ ഒന്നൂടെ പോണം ആ വഴിക്ക്.. :)
Deleteമനസ്സിലാകുന്ന തരത്തിൽ എഴുതിയ ഒരു യാത്രാ വിവരണം. നന്നായി.
ReplyDeleteവഹ്ബ ക്രേറ്ററിനെ` പറ്റി ഫൈസൽ ബാബു എഴുതിയത് മുമ്പ് വായിച്ചിരുന്നു....നല്ല വിവരണങ്ങളും ചിത്രങ്ങളും...`
ReplyDelete