കുട്ടപ്പന്റെ ജീവചരിത്രത്തിന്റെ ആരംഭം എന്നാണെന്ന് കൃത്യമായി പറയാന്‍ കുട്ടപ്പന്റെ അമ്മയായ തങ്കമ്മക്കോ അച്ഛനായ തങ്കപ്പനോ സാധിക്കില്ല എന്നതില്‍ അതിശയോക്തിയില്ല। മൂന്നാം ലോകമഹായുദ്ധം പോലെയുള്ള ഭാരിച്ച പലകാര്യങ്ങളും ഓര്‍ത്തിരിക്കാനുള്ളതുകൊണ്ട് തങ്കപ്പനച്ഛന്‍ ഇത്തരം "സില്ലി മാറ്റേഴ്സ്" ഒന്നും തന്റെ തലയില്‍ കയറ്റിയില്ല. തങ്കമ്മായാവട്ടെ, തന്റെ വയറുകഴുകി വന്നവനല്ലേ എന്നുകരുതി, ആ മഹത്തായ ദിവസം മനസ്സില്‍ കുറിച്ചിട്ടു. എന്നാല്‍, കുട്ടപ്പന്റെ തലയില്‍ ഹാനാന്‍ വെള്ളം (മാമ്മോദീസ വെള്ളം എന്ന് "കൊളോക്കിയല്‍" മറുഭാഷ) ഒഴിച്ചിട്ട്, പള്ളീലച്ചന്‍ തന്റെ തടിച്ച പുസ്തകത്തില്‍ കുറിച്ചിട്ടത് വേറെ ഏതോ തിയ്യതിയാണെന്ന കാര്യം തങ്കമ്മ മനസ്സിലാക്കിയത്, കുട്ടപ്പനെ ഞായറാഴ്ച പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ മൂത്തമോളായ ഏലിക്കുട്ടിയുടെ കൂടെ പറഞ്ഞുവിട്ടപ്പോളാണ`.
പ്രായത്തില്‍ ഇത്തിരി വ്യത്യാസം വന്നലെന്താ, ചെറുക്കനെ പള്ളിക്കാര്‍ തള്ളിക്കളഞ്ഞില്ലല്ലോ എന്നശ്വസിച്ചു തങ്കമ്മ। അങ്ങനെയിരിക്കവേയാണ` അടുത്ത മാരണം വന്നുപെട്ടത്. 3 വര്‍ഷത്തില്‍ കൂടുതല്‍ നേഴ്സറിയില്‍ കുട്ടപ്പനെ ഇരുത്താന്‍ സധ്യമല്ല എന്ന് പള്ളിവക നേഴ്സറിയിലെ സിസ്റ്റര്‍ കടുപ്പിച്ചു പറഞ്ഞപ്പോള്‍, അവനെ സ്കൂളില്‍ അയക്കാതെ വേറെ നിവര്‍ത്തിയില്ലാതെയായി. അങ്ങനെ ഏഴാമത്തെ വയസ്സില്‍ കുട്ടപ്പന്‍ ഒന്നാംക്ലാസ്സില്‍ ചേരാന്‍ പുറപ്പെട്ടു. സ്കൂളിലെ "തല മൂത്തസാറ`", ജോസഫ് മാഷ്, തന്റെ കണ്ണട ഒന്നു നേരെ വച്ചു, കുട്ടപ്പനെ അടിമുടി നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു. "കുട്ടപ്പനെ ഇവിടെ ചേര്‍ക്കാം, പക്ഷെ, 2 വയസ്സ് വെട്ടിക്കുറക്കും... സമ്മതമാണോ?" കുട്ടപ്പന്റെ ശല്ല്യം വീട്ടില്‍ കൂടിക്കൂടി വരുന്നകാര്യം മനസ്സില്‍ എപ്പോഴും തികട്ടിവരുന്നതിനാല്‍ ജോസഫ് മാഷിന്റെ ആവശ്യം, തങ്കമ്മ തലകുലുക്കി സമ്മതിച്ചു. ചെറുക്കന്റെ 2 വയസ്സ് ഒരു ചെലവുമില്ലാതെ കുറച്ചെടുത്തതിന്റെ അഹങ്കാരത്തില്‍ തങ്കമ്മ വീട്ടിലേക്ക് നടന്നു. നാളെ മുതല്‍ ഇവനെ സ്കൂളിലെ സാറന്മാര്‍ സഹിച്ചുകൊള്ളുമല്ലോ എന്ന് ആശ്വാസം ഉള്ളിലൊതുക്കാന്‍ അവള്‍ പാടുപെട്ടു.
പക്ഷെ, ഈ നീക്കുപോക്കുകളുടെയും വെട്ടിക്കുറയ്ക്കലിന്റെയും അനന്തരഫലമായി, തങ്കമ്മയ്ക്ക് കുട്ടപ്പന്റെ ജന്മദിനത്തിലുള്ള "പേറ്റന്റ്" നഷ്ടപ്പെട്ടു എന്ന സത്യം ഏച്ചുകെട്ടിയ കയറുപോലെ മുഴച്ചുനിന്നു. എന്നാല്‍ "ഇതൊന്നും വല്ല്യ കാര്യമല്ലന്നേ" എന്ന ആജീവനാന്ത "പോളിസി" ജനിച്ചുവീണപ്പോഴേ സ്വന്തമാക്കിയ കുട്ടപ്പന്‍, ബട്ടന്‍സ് പൊട്ടിയ നിക്കര്‍ ഒന്നുകൂടി മുറുക്കികുത്തി, ആറാംതമ്പുരാന്‍ സ്റ്റെയിലില്‍ നടത്തമാരംഭിച്ചു...