മുൻകൂർ ജാമ്യം: ഇത് ഒരു യഥാർത്ഥ സംഭവം തന്നെ... സത്യമായിട്ടും നേര്. എന്നുവച്ച്, ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ഈ കഥാപാത്രങ്ങൾ ആരെങ്കിലും വല്ല പരാതിയുമായി വന്നാൽ ‘പോയി പള്ളീൽ പറഞ്ഞാൽ മതി’ എന്ന് പറയും... (അല്ലാതെ വേറെ വഴിയില്ല... എനിക്ക് എന്റെ തടി നോക്കണ്ടേ?)
മുന്നറിയിപ്പ്: മുഴുവൻ വായിച്ചിട്ടും ‘യേ പഞ്ചാബി കാ വെട്ട് കിതർ ഹെ, ക്യാ ഹെ, കൈസേ ഹെ’ എന്നോ മറ്റോ ‘മണസാ കൊണസാ’ ചോദിച്ചാൽ, അതിന്റെ പൂർണ ഉത്തരവാദിത്തം ചോദ്യകർത്താവിന് തന്നെ ആയിരിക്കും. (ഞാനെന്തിനാ വെറുതെ ‘ഡിസ്ക്’ എടുക്കുന്നത്?)
ഇത്തിരി വർഷങ്ങൾക്ക് മുന്നെ, കുറച്ചുകൂടെ കൃത്യമായി പറഞ്ഞാൽ അമേരിക്കയുടെ അഹങ്കാരത്തിന്റെ നിറുകംതലയിൽ ബിൻലാദനിക്ക വിമാനം ഓടിച്ചുകളിക്കാൻ പദ്ധതിയിടുന്ന അതേ സമയത്താണ് “എന്നാലിനി ബോംബെയിൽ ചെന്ന് കാലം കഴിക്കാം” എന്ന തീരുമാനവുമായി ഈയുള്ളവനും ചില കൂട്ടുകാരും കൂടെ അങ്ങോട്ടേയ്ക്ക് വണ്ടി കയറുന്നത്. ഞങ്ങൾ അവിടെ എത്തിയതിന്റെ ആഹ്ലാദസൂചകമെന്നോണം തൊട്ടടുത്ത ദിവസം തന്നെ ലാദനിക്ക അങ്ങ് അമേരിക്കയിൽ ആദ്യവിമാനം പൊട്ടിച്ചു! പക്ഷേ, മലാഡിലെ 'മാൽവാണി പാഞ്ച് നമ്പർ' എന്ന (കു)പ്രസിദ്ധ കോളനിയിൽ, ഒരു മറാത്തിയുടെ വീടിന്റെ മുകൾ നിലയിലെ മുറിയിൽ മത്തി ഉണങ്ങാനിട്ടതുപോലെ ഒരുമയായി ചടഞ്ഞുകൂടിയിരുന്ന ഞങ്ങൾ ഈ വാർത്ത അറിയുന്നത് പിന്നെയും രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ്... (നേരത്തെ അറിഞ്ഞിട്ടും വല്ല്യ പ്രയോജനമൊന്നുമില്ല... എന്നാലും അതല്ലല്ലോ അതിന്റെ ഒരിത്... ഏത്?)
ദിവസങ്ങളങ്ങനെ കടന്നുപൊയ്ക്കൊണ്ടിരുന്നു... ഓടുന്ന തീവണ്ടിയിൽ എങ്ങനെ ചാടിക്കയറാം, തീവണ്ടിക്കുള്ളിൽ ‘പെരുമാറേണ്ട’ വിധം, ഓടുന്ന തീവണ്ടിയിൽ നിന്നും എങ്ങനെ ചാടിയിറങ്ങാം, ടിക്കറ്റ് പരിശോധകരെ എങ്ങനെ ഒഴിവാക്കാം, ബസ് ടെർമിനലിൽ ക്യൂ പാലിക്കുന്ന രീതി, ഹിജഡകളുമായി എങ്ങനെ ഇടപെടണം തുടങ്ങി ലോകത്ത് ഒരു കോളേജിലും പഠിപ്പിക്കാത്ത വിഷയങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട്തന്നെ എല്ലാവരും പ്രാവീണ്യം തെളിയിച്ചുതുടങ്ങി.
പക്ഷേ കിം ഫലം? ഒരുത്തനും ജോലിയില്ല ! നേരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലിയുണ്ടായിരുന്ന 2 സഹമുറിയന്മാർക്കും കൂടെ ജോലി നഷ്ടപ്പെട്ടതോടെ ഞങ്ങളുടെ റൂമിനെ സമ്പൂർണ്ണ തൊഴിൽരഹിത മേഖലയായി പ്രഖ്യാപിച്ചു. തൊട്ടടുത്തുതന്നെയുള്ള ചന്ദ്രൻ ചേട്ടന്റെ ‘മെസ്സി’ൽ ചെല്ലുമ്പോളാണ് ഇത്തിരി ആശ്വാസം കിട്ടുന്നത്... കാരണം അവിടെ ഞങ്ങളേക്കാൾ വിദഗ്ദരായ, എണ്ണത്തിലും വണ്ണത്തിലും ഞങ്ങളെ കവച്ചുവയ്ക്കുന്ന ഒരു കൂട്ടം മലയാളികൾ നേരം കൊല്ലുന്നുണ്ട്... എല്ലാവരും ഗൾഫ് മോഹികൾ... വിസ ഇന്നുവരും നാളെ വരും എന്ന് നാളുകളെണ്ണിയിരിക്കുന്നവർ... ഗൾഫ് കാണാതെ തിരികെ വീട്ടിലേക്കില്ല എന്ന് മസ്സിലുപിടിച്ചിരിക്കുന്നവർ..
എല്ലാവർക്കും ആശ്രയം ചന്ദ്രേട്ടന്റെ ചായക്കടയും അതിനോട് ചേർന്നുള്ള ഇമ്മിണി ബല്ല്യ മുറിയുമാണ്... ചായക്കടയുടെ മേല്ക്കൂര (എന്നുവച്ചാൽ, വലിച്ചുകെട്ടിയ താർപ്പായ) റോഡിലേക്ക് ഇറങ്ങിനില്ക്കുന്നതിനാൽ മുൻസിപ്പാലിറ്റിക്കാർ ഇടയ്ക്കിടെ വന്ന് ‘ലോഹ്യം’ പറയും... സ്ഥിരമുള്ള ഏർപ്പാടായതിനാൽ ചന്ദ്രേട്ടൻ തിരികെ ലോഹ്യം പറയാൻ നില്ക്കത്തില്ല... അടുത്ത ദിവസം താർപ്പായ വീണ്ടും വലിച്ചുകെട്ടി കച്ചവടം തുടരും, അത്ര തന്നെ..
പഴകിയ പലഹാരങ്ങൾ അത്ര പെട്ടെന്നൊന്നും ചന്ദ്രേട്ടൻ കളയാറില്ല.. പരമാവധി ദിവസം ചില്ലലമാരയിൽ പ്രദർശിപ്പിക്കും... പഞ്ചാബി-സിന്ധി-ഗുജറാത്തി-മറാത്തി-ദ്രാവിഡ്-ഉല്പലാക്ഷൻ തുടങ്ങിയ എല്ലാ വങ്കന്മാരും സുല്ലിട്ടെങ്കിൽ മാത്രമേ ചന്ദ്രേട്ടന്റെ മനമിളകൂ.. (പക്ഷേ, എത്ര പഴകിയിട്ടും, കണ്ടക ശനി കൊണ്ടേ പോകൂ എന്നതുപോലെ അങ്ങേരെ വിട്ടുപോകാത്ത ഒരാളുണ്ട് - ഭാര്യ സുമതി !)
ദോഷം പറയരുതല്ലോ, ചന്ദ്രേട്ടന്റെ കടയിലെ ഭക്ഷണത്തിന് പ്രത്യേക സ്വാദാണ്. മീൻ കറികൂട്ടിയുള്ള ഊണും ബഹുകേമം. ‘ഇന്നത്തെ മീൻ കറിയുണ്ടോ ചന്ദ്രേട്ടാ’ എന്ന് ചോദിച്ചാൽ ‘ഇന്നത്തേതാണോ, നീ പോയിട്ട് 4 ദിവസം കഴിഞ്ഞു വാ’ എന്ന് വളരെ നിഷ്കളങ്കമായി ഉത്തരം കിട്ടും.
ഒരു ഞായറാഴ്ച... അവധി ദിനത്തിന്റെ ആലസ്യത്തിൽ വലിയ ആളനക്കമൊന്നുമില്ലാതെ ചന്ദ്രേട്ടന്റെ ചായക്കടയിലെ ചില്ലുകൂട്ടിൽ ഉണ്ടക്കയും പൊറോട്ടയുമൊക്കെ വിറങ്ങലിച്ചു കിടക്കുന്നു.. കടയുടെ മേൽനോട്ടം സുമതി ചേച്ചിയെ ഏല്പ്പിച്ച് ചന്ദ്രേട്ടൻ എവിടേയ്ക്കോ പോയിരിക്കുകയാണ്. പരിസരപ്രദേശങ്ങളിലുള്ള അമ്പലത്തിലും പള്ളിയിലുമൊക്കെ സന്ദർശനം നടത്തി ‘അഭയാർത്ഥികൾ’ ഓരോരുത്തരായി എത്തിച്ചേർന്ന് വെടിപറച്ചിൽ, ചീട്ടുകളി തുടങ്ങിയ നാടൻ കലകളിൽ മുഴുകിയിരിക്കുന്നു... ജോലിയുള്ളവനും ഇല്ലാത്തവനും ഒരുപോലെ ബാധകമായ ‘സൺഡേ ഹോളിഡേ’യ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ അന്തരീക്ഷം. പക്ഷേ, വരാനുള്ളത് വഴിയിലോ വരമ്പത്തോ തങ്ങില്ലല്ലോ..
ചീട്ടുകളിക്കാരെ വകഞ്ഞുമാറ്റി മുറിക്കുള്ളിലേക്ക് കയറിയ മുരളിയേട്ടൻ ആദ്യം കണ്ട വേക്കൻസിയിൽ തന്റെ ആസനമുറപ്പിച്ചു... അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികളിൽ പ്രായം കൊണ്ടും അഭിപ്രായം കൊണ്ടും മുതിർന്ന ആളാണ് ഈ പറഞ്ഞ മുരളിയേട്ടൻ... കാഴ്ചയിൽ അരസികനെങ്കിലും സംസാരത്തിലൂടെ ‘അ’ ഒഴിവാകും. എന്നിരുന്നാലും ഇപ്പോളത്തെ ഈ ഇരിപ്പിൽ എല്ലാവരും എന്തോ പന്തികേട് മണത്തു. ചീട്ടൊക്കെ മടക്കി വച്ച്, കളിക്കാർ മുഖത്തോട് മുഖം നോക്കി കഥകളിയാടി.. റൂമിന്റെ മൂലയിൽ കിടന്ന ബാബു മെല്ലെ തല പൊക്കി ‘ഹയ്യ’ എന്ന് വിഷമിച്ച് പറഞ്ഞിട്ട് തിരിഞ്ഞു കിടന്നു! (‘ഹമ്മേ... വയ്യ’ എന്ന് മുഴുവൻ പറയാനുള്ള ആരോഗ്യമില്ലാത്തതുകൊണ്ടാണ് ‘ഹയ്യ’യിൽ ഒതുങ്ങുന്നത്).
ഒടുവിൽ, സ്വതവേ അല്പ്പം ശുഷ്കാന്തി കൂടുതലുള്ള സുരേഷ് രണ്ടും കല്പ്പിച്ച് ചോദിച്ചു;
‘എന്താ മുരളിയേട്ടാ പറ്റിയേ?’
ടിയാൻ തലയും താഴ്ത്തി ഒരേയിരിപ്പാണ്... ആ തിരുവായിൽ നിന്നും നിന്നും പൊഴിയാൻ സാധ്യതയുള്ള മൊഴിമുത്തുകൾക്കായി ആളുകൾ ആകാംഷാഭരിതരായി കാത്തിരിക്കുന്നു. നോ രക്ഷ! സുരേഷ് ചോദ്യം ആവർത്തിച്ചു..
ഇത്തവണ പ്രതികരണമുണ്ടായി... കുനിഞ്ഞിരുന്ന തല പതുക്കെ ഉയർന്നു, ചുറ്റിലുമൊന്ന് കണ്ണോടിച്ചു. എന്നിട്ട് വളരെ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു;
“ഒരു പഞ്ചാബി എന്നെ വെട്ടിയെടാ..”
എന്ത്?!! മുരളിയേട്ടനെ പഞ്ചാബി വെട്ടിയെന്നോ? അങ്ങനെ വെട്ടിനിരത്താൻ ഇങ്ങേരെന്താ പഞ്ചാബിലെ ഗോതമ്പുപാടമോ? ചന്ദ്രേട്ടന്റെ ചായക്കടയിലെ പരിപ്പുവടയും നെയ്യപ്പവും തിന്നുകൊഴുത്ത മലയാളി ചോരകൾ തിളച്ചുതുടങ്ങി. പക്ഷേ കാര്യകാരണം അറിയാതെ ഏത് പഞ്ചാബിക്കിട്ട് തിരിച്ചുവെട്ടും?
“കാര്യം തെളിച്ചുപറ മുരളിയേട്ടാ..” - തിളച്ചുമറിയുന്ന ചോരയുടെ സമ്മർദ്ദത്തിൽ സുരേഷ് അക്ഷമനായി. മറ്റുള്ളവരുടെ അവസ്ഥയും വിഭിന്നമല്ല.
“ഒന്നും പറയേണ്ടടാ... ട്രെയിനിൽ വച്ച് ഒരു പഞ്ചാബിയുമായി കോർത്തു... നിസ്സാരകാര്യം... പക്ഷേ ആ കാലമാടൻ അവന്മാരുടെ കത്തിയെടുത്ത് ഒരു വെട്ട്.. പിന്നെ ഒരുവിധത്തിലാ ഇവിടം വരെ എത്തിയത്..”
മുരളിയേട്ടൻ കാര്യം അവതരിപ്പിച്ചു. അങ്ങേരുടെ ക്ഷീണം കൂടിയതിനൊപ്പം ചുറ്റുംകൂടിയിരിക്കുന്നവരുടെ ജിജ്ഞാസയും വർദ്ധിച്ചു. (അതുപിന്നെ നമ്മൾ മലയാളികളുടെ വർഗ്ഗസ്വഭാവമാണല്ലോ..) ‘എവിടെയാ വെട്ടിയത്? എങ്ങനെയാ വെട്ടിയത്? അപ്പോൾ കൃത്യം എത്ര മണിയായിരുന്നു’ തുടങ്ങി ഒരുപിടി ചോദ്യങ്ങൾ അവിടമാകെ കറങ്ങിത്തിരിഞ്ഞു..
സുരേഷ് വീണ്ടും മൈക്ക് കയ്യിലെടുത്തു... അവന്റെ ക്ഷമയുടെ ‘കണ്ട്രോൾ’ നെല്ലിപ്പലകയും കടന്ന് മുന്നേറാൻ തുടങ്ങിയിരിക്കുന്നു. ചുളുവിൽ ഹീറോ ആയ മുരളിയേട്ടന്റെ മെല്ലെപ്പോക്ക് നയമാണ് പ്രശ്നം. തികട്ടിവരുന്ന ആവേശം അടിച്ചമർത്തി സുരേഷ് മർമ്മപ്രധാനമായ അടുത്ത ചോദ്യം തൊടുത്തു..
“എവിടെയാ അവൻ വെട്ടിയത്? നല്ലോണം മുറിഞ്ഞോ??”
ഉത്തരമൊന്നും പറയാതെ കഥാനായകൻ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചുതുടങ്ങി... പഞ്ചാബിയുടെ വെട്ടോ, കുറഞ്ഞപക്ഷം ഒരു കെട്ടോ കാണാമെന്നുള്ള പ്രതീക്ഷയിൽ, തറയിലുറപ്പിച്ച സ്വന്തം ആസനങ്ങൾ ഇളക്കിപ്രതിഷ്ഠിച്ച് സഹമുറിയന്മാർ കണ്ണിമ വെട്ടാതെ നോക്കി.. ആക്രാന്തം മൂത്ത സുരേഷ്, ആദ്യദർശനസുഖം തനിക്കു തന്നെ കിട്ടണം എന്ന ആഗ്രഹത്തോടെ മുരളിയേട്ടന്റെ അടുക്കലേക്ക് നീങ്ങിയിരുന്നു.. എന്തിനധികം, ഉറക്കം ഒരു സ്വയംതൊഴിലായി സ്വീകരിച്ച ‘ഹ..യ്യ’ ബാബു പോലും ഉറക്കമുപേക്ഷിച്ച് വെട്ട് കാണാൻ കാത്തിരിക്കുന്നു..
കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഷർട്ട് അഴിഞ്ഞുവീണു... പണ്ട് പോളിയോ വാക്സിൻ കുത്തിയ പാട്, അഞ്ചാറ് മറുകുകൾ തുടങ്ങി മനുഷ്യശരീരത്തിൽ സർവസാധാരണമായി കാണപ്പെടുന്ന ‘വെട്ടും കുത്തു’മല്ലാതെ ‘പഞ്ചാബി വെട്ട്’ എങ്ങും കാണാനില്ല! ഇതെന്തുകൂത്ത്? വെട്ടുകാണാനിരുന്നവർ വെട്ടിലായതുപോലെയായി...
വീണ്ടും സുരേഷ്... ആവേശം മൂത്ത് അവൻ കരച്ചിലിന്റെ വക്കോളമെത്തിയിരിക്കുന്നു..
“എന്റെ മുരളിയേട്ടാ... വെട്ടുകൊണ്ട പാടെവിടെ?..”
മുരളി പതുക്കെ തറയിൽ നിന്നും എഴുന്നേറ്റു... എന്തോ സംഭവിക്കാൻ പോകുന്നു എന്ന തിരിച്ചറിവിൽ കാണികൾ കൂടുതൽ ശ്രദ്ധാലുക്കളായി... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...
ശരീരത്തിൽ ബാക്കിയുണ്ടായിരുന്ന വസ്ത്രങ്ങൾ പിൻഭാഗത്തുനിന്നും വലിച്ചുതാഴ്ത്തി, സുരേഷിന്റെ മുന്നിലേക്ക് തന്റെ പൃഷ്ഠഭാഗം കാണിച്ച്, ടെന്നിസ് കളിക്കാരെപ്പോലെ കുനിഞ്ഞുനിന്ന് മുരളിയേട്ടൻ പറഞ്ഞു;
“ശരിക്കും നോക്കെടാ... ഇനി കണ്ടില്ലെന്ന് പറയരുത്... ഇതാണ് പഞ്ചാബി വെട്ടിയ പാട്!!“
ഒരുനിമിഷത്തെ നിശബ്ദത കൂട്ടച്ചിരിക്ക് വഴിമാറി... ‘മുറിപ്പാട്’ ഏറ്റവും അടുത്ത് കാണാൻ യോഗം ലഭിച്ച സുരേഷ് തലയിൽ കയ്യും വച്ച് തറയിലേക്ക് മലർന്നു...
വാല്ക്കഷണം: തന്നെ ‘പഞ്ചാബിയുടെ വെട്ട്’ കാണിച്ച മുരളിയെ ‘തത്തയും കൂടും’ കാണിച്ച് സുരേഷ് മറുപണി കൊടുത്തു എന്നത് വേറെ കാര്യം. പക്ഷേ, ഈ ‘വെട്ടിന്’ ശേഷം എവിടെ പഞ്ചാബികളെ കണ്ടാലും അറിയാതെ ചിരിവരും. “അയാൾ ഭയങ്കര വെട്ടുകാരനാ, സൂക്ഷിച്ചോ മോനേ” എന്ന് പറഞ്ഞിരുന്ന കോഴിക്കോടുകാരൻ ഡിജിലിനെ (ഡിക്കി) ഓർമ്മ വരും.