Thursday 20 March 2014

അബഹ – മരുഭൂമിയിലെ ‘മൂന്നാർ‘


വീക്ക് എൻഡ് അല്ലേ.. നമുക്കെവിടെയെങ്കിലും കറങ്ങാൻ പോയാലോ?’
 
 
വെള്ളി-ശനി ദിവസങ്ങൾ അടുക്കളയിലുംവയസ്സൻക്ലബിലുമായി ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന തോമസ് അച്ചായൻ ഇങ്ങനെ ഒരു ഓഫർ മുന്നോട്ട് വച്ചപ്പോൾ കരുതിയത്, ജിദ്ദയിലെ ഏതെങ്കിലും പാർക്കിലോ ബീച്ചിലോ അവസാനിക്കുന്ന പതിവ് കറക്കമായിരിക്കുമെന്നാണ്.
 
 
ഞാൻ എപ്പോഴേ റെഡി !!
 
 
സമ്മതം മൂളാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല; അല്ലെങ്കിൽത്തന്നെ ഇതിലൊക്കെ ആലോചിക്കാനെന്തിരിക്കുന്നു.. അങ്ങ് പോവുക തന്നെ.. അപ്പോളാണ് അച്ചായൻ അടുത്ത ചോദ്യം തൊടുത്തത്..
 
 
നമുക്ക് അൽ  സൂദയിൽ പോയി വന്നാലോ?’
 
 
സൌദിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്,  ജിദ്ദയിൽ നിന്നും ഏകദേശം 800 കിലോമീറ്ററുകൾ അകലെയുള്ള അബഹ-യ്ക്ക് അടുത്താണ് അൽ സൂദ പർവ്വതം. സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ ഉയരത്തിലുള്ള മലനിരകൾ സൌദിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണത്രെ. ജിദ്ദയിലെത്തി അധികകാലം കഴിയുന്നതിനുമുന്നെ തന്നെ കേട്ടു തുടങ്ങിയ സ്ഥലപ്പേരാണ് അബഹ.. നമ്മുടെ നാട്ടിലെ മൂന്നാർ പോലെ, മലകളാൽ ചുറ്റപ്പെട്ട്, എപ്പോഴും തണുപ്പുള്ള കാലാവസ്ഥയാണ് അബഹയിലെന്ന് കേട്ടിട്ടുണ്ട്. പലപ്പോഴും പോകാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സാധിച്ചില്ല. ഇപ്പോളിതാ, ജിമ്മി ഇച്ഛിച്ചതും അച്ചായൻ കൽപ്പിച്ചതും അബഹ !!
 
 
വ്യാഴാഴ്ച സന്ധ്യയോടെ യാത്ര തിരിച്ച് ശനിയാഴ്ച രാത്രി തിരിയെത്തുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തത്. ‘കിയ റിയോയുടെ ഡിക്കിയിൽ ഗ്യാസ് സ്റ്റൌ, പാത്രങ്ങൾ, വെള്ളം ,കുക്കർ, മസാലപ്പൊടികൾ തുടങ്ങിയവയൊക്കെയായി ഒരുമിനി കിച്ചൻതന്നെ ഒരുക്കി വൈകിട്ട് 7 മണിക്ക് യാത്രയാരംഭിച്ചു. അൽ സൂദ-യിലെത്തി ഭക്ഷണം പാകം ചെയ്ത് കഴിയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം, ഒപ്പം പരമാവധി കാഴ്ചകൾ കാണുകയും വേണം. ഉറക്കം, പ്രാഥമികാവശ്യങ്ങളുടെ നിറവേറ്റൽ എന്നിവ സാഹചര്യങ്ങളുടെ സമ്മർദ്ദവും സ്ഥലകാല സൌകര്യവും പ്രയോജനപ്പെടുത്തി വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാമെന്നാണ് ധാരണ. തണുപ്പിനെ പ്രതിരോധിക്കാനുള്ള ബ്ലാങ്കറ്റുകളും ജാക്കറ്റുമൊക്കെ പിൻസീറ്റിൽ എടുത്ത് വയ്ക്കാൻ മറന്നില്ല.


മലയാളികളെ തോല്പിക്കാനാവില്ല മക്കളേ..
ജിദ്ദയുടെ നഗരത്തിരക്കിൽ നിന്നും കാർ തീരദേശപ്പാതയായ ജിസാൻ ഹൈവേ-യിൽ പ്രവേശിച്ച് ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു - ഡ്രൈവിംഗ് സീറ്റിൽ അച്ചായൻ, മൊബൈലിലെ ജി.പി.എസിൽ അബഹ-യിലേയ്ക്കുള്ള റൂട്ട് ക്രമീകരിച്ച് അരികിലെ സീറ്റിൽ ഈയുള്ളവനും. രാത്രി ഏറെ വൈകിയാൽ ആഹാരം കിട്ടാൻ ബുദ്ധിമുട്ടാകുമോ എന്ന് ശങ്കിച്ച്, ഒരു പെട്രോൾ ബങ്കിലെ റെസ്റ്റോറന്റിൽ നിന്നും വയറിന്റെ കത്തലടക്കി യാത്ര തുടർന്നു. (ഇവിടെ ഹൈവേകളിലെ പെട്രോൾ പമ്പുകൾ ചെറിയൊരു ടൌൺഷിപ്പ് പോലെയാണ്. യാത്രികർക്ക്, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ, ഒരു നിർത്തൽ കൊണ്ട് തങ്ങളുടെ അത്യാവശ്യം വേണ്ട കാര്യങ്ങൾ നിറവേറ്റാനുള്ള ഇടത്താവളം. നമ്മുടെ നാട് എന്നാണാവോ ഇത്തരത്തിൽ പുരോഗമിക്കുക?)

അൽ ലിത് എന്ന പട്ടണവും കടന്ന് വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. ഇടയ്ക്ക് ഏതോ ഒരു ബീച്ചിന്റെ ബോർഡ് കണ്ടതോടെ അവിടേയ്ക്ക് തിരിഞ്ഞു; രാത്രിയിൽ ആരെങ്കിലും ബീച്ചിലുണ്ടോ എന്നറിയണമല്ലോ.. അവിടെ ചെല്ലുമ്പോൾ പൂരപ്പറമ്പിലെ ആൾക്കൂട്ടം പോലെ കുട്ടികളും സ്ത്രീകളുമടക്കം ധാരാളമാളുകൾ. അവിടെയൊന്ന് വട്ടം കറങ്ങി കാർ വീണ്ടും ഹൈവേയിലേയ്ക്ക്..

സമയം 10 മണി കഴിഞ്ഞിരിക്കുന്നു. അടുത്ത കേന്ദ്രത്തിൽ വണ്ടിയൊതുക്കി രാവിലെ യാത്ര തുടരാമെന്ന അച്ചായന്റെ പ്രഖ്യാപനത്തിന് പിന്തുണ നൽകി, കേന്ദ്രംഏതായിരിക്കും എന്ന് ആകാംഷയോടെ കാത്തിരുന്നു. അധികം വൈകാതെ തന്നെ ആ കാര്യത്തിൽ തീരുമാനമായിഅൽ ഖുൻഫുദ ചെക്ക് പോയിന്റ്. അവിടത്തെ പോലീസുകാരുടെ കൺ‌‌വെട്ടത്ത് ആശങ്കയില്ലാതെ കിടന്നുറങ്ങാമല്ലോ. മെയിൻ റോഡിൽ നിന്നും വിട്ട് പാർക്ക് ചെയ്തിരുന്ന ഒരു ട്രെയിലറിന്റെ അരികിലായി കാർ ഒതുക്കിയിട്ട്, നിലത്ത് ഷീറ്റ് വിരിച്ച് അച്ചായൻ ഉറക്കത്തിലൂടെയുള്ള പ്രയാണം തുടർന്നു. കാറിന്റെ മുൻസീറ്റ് നിവർത്തിയിട്ട് ആറടി ഉയരത്തെ ഞെക്കിക്കൊള്ളിച്ച് ഈദേഹവുംഉറക്കത്തിന്റെ തോളിലേറി.

ഖുൻ‌ഫുദയിൽ ‘തവ സുപ്രഭാതം..’
 
      ലോക്കൽ അടുക്കള V/s ഇന്റർനാഷണൽ അടുക്കള

സമയം രാവിലെ 7 മണി. സൂര്യൻ വന്ന് വിളിച്ചിട്ടും കൂസലില്ലാതെ കിടക്കുന്ന അച്ചായനെ കുത്തിപ്പൊക്കി.. അത്യാവശ്യം വേണ്ട പ്രഭാതകൃത്യങ്ങളൊക്കെ നിർവഹിച്ച്, കട്ടൻ ചാ‍യ തയ്യാറാക്കുന്നതിനായി ‘അടുക്കള’ തുറന്ന് സ്റ്റൌ  വെളിയിലേയ്ക്കെടുക്കുമ്പോളാണ് ട്രെയിലർ ഡ്രൈവർ രംഗപ്രവേശം ചെയ്തത്.. അവനും തുറന്നു അടുക്കള – നല്ല ഉഗ്രൻ സെറ്റപ്പ്!!
 
വളരെ ഭംഗിയായി അടുക്കി വച്ച പാത്രങ്ങളും അനുബന്ധ സാമഗ്രഹികളും.. എന്തിന്, പച്ചക്കറികളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനായി ചെറിയൊരു ഫ്രീസർ വരെ അതിലുണ്ട്‌! തുർക്കിയിൽ നിന്നും ട്രെയിലർ ഓടിച്ച് വരുന്ന അവന് ഇതൊക്കെ നിത്യഭ്യാസത്തിന്റെ ഭാഗം.. ‘അടുക്കള’ കാണലും കഴിഞ്ഞ്, ഒരു കട്ടനും കുടിച്ച് യാത്രയാരംഭിച്ചു. .

 
 
ഫ്രൈഡേ ഹോളിഡേ.. തിരക്കൊഴിഞ്ഞ വീഥികൾ

മർഹബ, യാ സൈദ്..
വഴിവക്കിൽ ഒരു തനിനാടൻ ചന്ത.. ‘ഉപ്പ് തൊട്ട് കർപ്പൂരം വരെഒരുമാതിരി എല്ലാവിധ സാധനങ്ങളും നിരത്തിവച്ചിട്ടുണ്ട്. കച്ചവടക്കാരും ഉപഭോക്താക്കളുമൊക്കെ തികച്ചും സാധാരണക്കാരായ (ബദു) സൌദികൾ. ജിദ്ദയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന സാധനങ്ങളാണ് കൂടുതലും വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഒരു പിക്ക്-അപ് വാനിൽ ആട്ടിറച്ചി കച്ചവടം പൊടിപൊടിയ്ക്കുന്നു! തൊട്ടടുത്തായി ജീവനുള്ള ആട്ടിൻകുട്ടികളെ ലേലം ചെയ്യുന്നുമുണ്ട്. തേൻ കിനിയുന്ന ഈന്തപ്പഴങ്ങളുടെ ഒരു പായ്ക്കറ്റുമായിട്ടാണ്, ചന്തയിലെ തിരക്കിൽ നിന്നും അച്ചായൻ തിരികെ വണ്ടിയിൽ കയറിയത്.


മരുഭൂമിയെയും കടലിനെയും വേർതിരിക്കുന്ന വിശാലമായ വഴിയിലൂടെ, മാറിമാറി വരുന്ന നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി’-കളുടെ സൌന്ദര്യമാസ്വദിച്ചുകൊണ്ടുള്ള യാത്ര അതീവ ഹൃദ്യം.

വഴികാട്ടാനൊരു ‘വെള്ളക്കാരൻ’
ഇവിടുത്തെ പ്രധാന ജലശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ അൽ ഷുഖേക് പ്ലാന്റിലേയ്ക്കുള്ള സൂചികയെ പിന്നിലാക്കി യാത്ര അദ് ദർബിലെത്തിയിരിക്കുന്നു. പ്രധാനപാത (അഞ്ചാം നമ്പർ ഹൈവേ) ഇവിടെനിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ജിസാൻ വഴി യെമനിലേയ്ക്ക് നീളുന്നു. അബഹയിലേയ്ക്ക്, നേരെ പത്താംനമ്പർ ഹൈവേയിലൂടെ പോകണം.


അങ്ങ് ദൂരെ മലനിരകൾ തലയുയർത്തിത്തുടങ്ങി.. പാതയിൽ വാഹനങ്ങളുടെ തിരക്ക് കൂടിയിരിക്കുന്നു.
 
 
മലയടിവാരത്തിലൂടെ ഒരു കൊച്ചുതോട് സാമാന്യം വേഗതയിൽ, കരുത്തോടെ കുതിക്കുന്നുണ്ട്!!
 
‘തോട്ടിലേയ്ക്കുള്ള വഴി ഇടുങ്ങിയതും തകർന്നതുമാകുന്നു..’
നല്ല വെള്ളമാണ്.. അച്ചായൻസ് ഗ്യാരന്റി
ശാന്തം.. സുന്ദരം..
അക്കരയ്ക്ക് യാത്ര ചെയ്യും ഏതോ സഞ്ചാരി
ആ നീർച്ചാലും അതിന്റെ സമൃദ്ധിയിൽ കരുത്തോടെ വളർന്ന് നിൽക്കുന്ന വാഴത്തോട്ടവുമൊക്കെ കാണുമ്പോൾ ‘ഇത് സൌദിയിൽ തന്നെയോ’ എന്ന് ആരും സംശയിച്ചുപോകും.. അവിടെയിറങ്ങിച്ചെന്ന്, അൽപ്പനേരം ചിലവഴിച്ച് യാത്ര തുടർന്നു.
 
 
ഒരു മലയിൽ നിന്നും മറ്റൊരു മലയിലേയ്ക്ക് എന്ന മട്ടിൽ വളഞ്ഞ്തിരിഞ്ഞ് ചെങ്കുത്തായി കിടക്കുന്ന ചുരത്തിലൂടെ പതുക്കെയാണ് യാത്ര. തായിഫ് ചുരത്തിനേക്കാൾ ദൈർഘ്യമുണ്ട്, വന്യമായ വശ്യതയും. എവിടെയുമെന്നതുപോലെ, ഇടയ്ക്കിടെ ചിലർ സാഹസികമായി മറികടന്നുപോകുന്നുണ്ട്.. ഇനി ചില കാഴ്ചകൾ..

 
 









സമയം 12.30.. യാത്ര, ചുരം താണ്ടി അബഹ പട്ടണത്തിലെത്തിയിരിക്കുന്നു. പാകം ചെയ്ത് കഴിക്കാനുള്ള ഇറച്ചിയും വാങ്ങി, അൽ സൂദ-യിലേയ്ക്കുള്ള വഴിയൊക്കെ ചോദിച്ച് മനസ്സിലാക്കി യാത്ര തുടർന്നു.  ലക്ഷ്യസ്ഥാനത്തെത്താൻ ഏതാണ്ട് അരമണിക്കൂർ കൂടെ സഞ്ചരിക്കണമത്രേ. വർഷങ്ങൾക്ക് മുൻപ് അച്ചായൻ ഇതുവഴിയൊക്കെ വന്നിട്ടുണ്ടെങ്കിലുംഅബഹ പഴയ അബഹഅല്ലെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോളത്തെ നിലപാട്. ദിവസങ്ങൾക്കുള്ളിൽ പുതിയ കെട്ടിടങ്ങളും റോഡുകളുമൊക്കെ പണിതീർക്കപ്പെടുന്ന സൌദികളുടെ വികസനക്കുതിപ്പിൽ നിലപാട് മാറ്റം തികച്ചും സ്വാഭാവികം.

അബഹ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിന്റെ മകുടമാണ് അങ്ങ് ദൂരെ തിളങ്ങുന്നത്
അൽ സൂദയിലേയ്ക്കുള്ള വഴിയും ചെറിയൊരു ചുരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.. കാലാവസ്ഥയും പെട്ടെന്ന് മാറിയതുപോലെ.. കാറിനുള്ളിലേയ്ക്ക് കടന്നുവരുന്ന കാറ്റിൽ തണുപ്പിന്റെ കാഠിന്യം അനുനിമിഷം കൂടിക്കൊണ്ടിരിക്കുന്നു.

മഞ്ഞണിഞ്ഞ താഴ്വരകൾ
താഴ്വാരത്തിൽ തെളിയുന്ന അബഹ-യുടെ മനോഹരകാഴ്ചകൾ വർണ്ണനാതീതം. ഇടയ്ക്കിടെ കടന്നുവരുന്ന കോടമഞ്ഞിന്റെ ആവരണങ്ങളെയൊക്കെ മറികടന്ന്, 2 മണിയോടെ കുന്നിൻ മുകളിലെത്തി, വിശാലമായ പാർക്കിൽ, സൌകര്യപ്രഥമായ ഒരിടം കണ്ടെത്തി വണ്ടിയൊതുക്കി.



എല്ലുതുളയ്ക്കുന്ന തണുപ്പിലും ജഠരാഗ്നിയ്ക്ക് യാതൊരു ദാക്ഷിണ്യവുമില്ല!! നിലത്ത് വിരിച്ച ഷീറ്റിൽ  പെട്ടെന്ന് തന്നെ അടുക്കളതട്ടിക്കൂട്ടി.. ‘തത്കാൽപദ്ധതി പ്രകാരം ആദ്യം കുബൂസും ബുർജിയും, തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കിയ ചോറും മട്ടൺ കറിയും.. വയറ്റിലെ തീനാളങ്ങൾ അണഞ്ഞു.. കോടമഞ്ഞിന്റെ ആവരണങ്ങൾക്ക് കട്ടികൂടിത്തുടങ്ങി, ഒപ്പം അസഹനീയമായ തണുപ്പും.. ‘അടുക്കളയെ തിരികെ കാറിലേക്കെടുത്ത് വച്ച് പെട്ടെന്ന് തന്നെഅൽ സൂദയിൽ നിന്നും മടങ്ങി..


5 മണിയാവുന്നതേയുള്ളു, പക്ഷേ ഇന്നത്തെ കറക്കം മതിയാക്കി സൂര്യൻ കുന്നിനുമപ്പുറം ഒളിച്ചതിനാൽ താഴ്വാരത്ത് ഇരുട്ട് പരന്നുതുടങ്ങി.

കുന്നിറങ്ങി, അബഹ പട്ടണത്തിൽ നിന്നും തൊട്ടടുത്ത പ്രധാന കേന്ദ്രമായ ഖമീസ് മുഷിയത്ത് ലക്ഷ്യമാക്കി വണ്ടിയോടിത്തുടങ്ങി. പുറമെ, തണുപ്പിനും ഇരുട്ടിനും ഒരുപോലെ കാഠിന്യം കൂടി വരുന്നു.വൈദ്യുതിവിളക്കുകളുടെ പ്രഭയിൽ തിളങ്ങിനിൽക്കുന്ന, മനോഹരമായ തെരുവോരങ്ങൾ.. പക്ഷേ വഴിവക്കിലെവിടെയും ആളനക്കമില്ലതണുപ്പ് കാരണമാവാം.

ടൌണിൽ സൌകര്യപ്രഥമായ എവിടെയെങ്കിലും വണ്ടിയൊതുക്കി അടുത്തദിവസം കാലത്ത് യാത്ര തുടരാമെന്ന പരിപാടിയിൽ പെട്ടെന്ന് തന്നെ മാറ്റം വരുത്തി. പട്ടണത്തിലൊന്ന് ചുറ്റിക്കറങ്ങി, ഒരു ചായയും കുടിച്ച് അപ്പോൾ തന്നെ മടക്കയാത്ര ആരംഭിച്ചു.

തലേരാത്രിയിലെന്നതുപോലെ, രാവേറെയായപ്പോൾ വഴിവക്കിലെ ഒരു പെട്രോൾ ബങ്കിൽ കാറൊതുക്കിയിട്ട്, കാറിനുള്ളിൽത്തന്നെ നീണ്ട്നിവർന്ന് കിടന്നു. വെളിയിലെ ഊഷ്മാവിന്റെ അളവ് 6 ഡിഗ്രി എന്ന് തെർമോമീറ്ററിൽ തെളിഞ്ഞതിനാൽ, ഷീറ്റ് വിരിച്ച് തറയിൽ കിടക്കാമെന്ന മോഹം അച്ചായൻ ഉപേക്ഷിച്ചു. (അത് നന്നായി, അല്ലെങ്കിൽ നേരം വെളുക്കുമ്പോൾ വിറകുകൊള്ളി പോലെ കിടന്നേനെ..) കാലത്ത് എണീറ്റ് നോക്കുമ്പോളല്ലേ രസംകോടമഞ്ഞിന്റെ ആവരണം കാറിനെ മൂടിയിരിക്കുന്നു. വല്ല്യ ഉത്സാഹത്തോടെ പുറത്തേയ്ക്കിറങ്ങിയെങ്കിലും അതിനേക്കാൾ വേഗത്തിൽ തിരികെ കയറി. തണുത്തിട്ടൊന്നുമല്ല, വെറുതെ മഞ്ഞ് കൊള്ളേണ്ടല്ലോ എന്ന് കരുതിയിട്ടാ..


വായിലൊരുതുള്ളി പച്ചവെള്ളവുമൊഴിച്ച് യാത്ര തുടങ്ങി.. (കൂടുതൽ ഒഴിച്ചാൽ, പല്ല് മരച്ചുപോകും.. അതുകൊണ്ട് വെള്ളം പാഴാക്കിയില്ല!) സൂര്യകിരണങ്ങൾ ഇപ്പോളും ശൈശവദശയിൽ തുടരുന്നതിനാൽ, കോടമഞ്ഞ് ഇടയ്ക്കിടെ വഴിമുടക്കിയായി എത്തുന്നുണ്ട്. അൽ നമാസ്ബൽജുറേഷ്അൽ ബാഹ - തായിഫ് വഴി ജിദ്ദയിലേയ്ക്കുള്ള മലയോര ഹൈവേ-യിലൂടെയാണ് മടക്കസഞ്ചാരം. സൌദിയിലെ പ്രധാന കാർഷികമേഖലകൾ കൂടെയാണ് ഇവിടം. (അധികം താമസിയാതെ തന്നെ, ഒരു മോസ്ക്കിൽ, സഞ്ചാരികൾക്കുകൂടെ പ്രയോജനപ്പെടുന്ന തരത്തിലൊരുക്കിയിരിക്കുന്ന സൌകര്യങ്ങൾ പ്രയോജനപ്പെടുത്തി, രാവിലെ ബാക്കിവച്ച ‘കാര്യപരിപാടികൾ’ പൂർത്തിയാക്കാൻ മറന്നില്ല..)


കുന്നുകൾ ഇടിച്ച് റോഡിന്റെ വീതി കൂട്ടാനുള്ള പണികൾ മിക്കയിടത്തും നടക്കുന്നതിന്റെ ഭാഗമായി വഴിയിലുള്ള തടസ്സങ്ങൾ യാത്രയുടെ വേഗതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. (ഈ പണികൾ തുടങ്ങിയിട്ട് വർഷങ്ങളായെന്നും തീരാൻ ഇനിയും വർഷങ്ങളെടുക്കുമെന്നും പിന്നീട് അറിയാൻ സാധിച്ചു.)

ആ കാണുന്നത് റോഡല്ല, മഴവെള്ളച്ചാലാണ്
മലകൾ കയറിയിറങ്ങി, വളഞ്ഞുപുളഞ്ഞു പോകുന്ന വഴികളിലൂടെയുള്ള സാഹസിക യാത്ര പേടിച്ചാവണം ട്രെയിലർ, ബസ് തുടങ്ങിയ വലിയ വാഹനങ്ങളെയൊന്നും എങ്ങും കാണാനേയില്ല.


സമതലപ്രദേശങ്ങൾ മിക്കതും ജനവാസകേന്ദ്രങ്ങളാണ്. ഊട്ടിയിലെ മലഞ്ചെരുവുകളിലെ കാഴ്ചകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, താഴ്വാരത്തുനിന്നും പാർപ്പിടങ്ങൾ മലമുകളിലേയ്ക്ക് കയറിത്തുടങ്ങിയിരിക്കുന്നു. വഴിയോരങ്ങളിൽ പച്ചവിരിച്ച് നിൽക്കുന്ന കൃഷിയിടങ്ങൾ.. ചിലയിടങ്ങളിൽ ആധുനികരീതിയിലുള്ള ‘പോളി ഹൌസു’കളും കണ്ടു.. തക്കാളി, വഴുതന, കക്കിരി (അറബികളുടെ കീയാർ), ചീര, പാലക് തുടങ്ങിയവയാണ് മിക്കയിടത്തും കാണാനുള്ളത്. ബൽജുറൈഷിൽ ഒരിടത്ത് ചെറിയൊരു മുന്തിരിത്തോട്ടവും കണ്ടു.

ബൽജുറൈഷ്
ഇടയ്ക്ക്, വഴിയരികിൽ ഒരു പാർക്കിലേയ്ക്കുള്ള പ്രവേശനകവാടം കണ്ടതോടെ വണ്ടിയുടെ ഗതി മാറി.. ഏക്കറുകൾ കണക്കിനുള്ള ഒരു പ്രദേശമാകെ വലിയൊരു പാർക്കായി രൂപപ്പെടുത്തിയിരിക്കുന്നു!!


മലകൾ കയറിയിറങ്ങി എല്ലായിടത്തും എത്തുന്ന തരത്തിൽ നല്ല സുന്ദരൻ റോഡുകൾ.. കുന്നിൻ മുകളിലൊക്കെ ഭക്ഷണം പാകം ചെയ്ത് കഴിക്കാനും ഇരുന്ന് വിശ്രമിക്കാനുമൊക്കെ സൌകര്യങ്ങൾ..


താഴെയുള്ള പട്ടണത്തിന്റെയും അതിര് കാക്കുന്ന കുന്നുകളും അതിനുമപ്പുറം മരുഭൂമിയുടെ വിശാലതയും കണ്ണിന് വിരുന്നേകുന്ന കാഴ്ചകൾ.. കുന്നിറങ്ങി വീണ്ടും പ്രധാനപാതയിലൂടെ യാത്ര തുടർന്നു.



യാത്ര അൽ ബാഹ-യിൽ നിന്നും തായിഫ് റോഡിലേയ്ക്ക്.. ഈ വഴിയിലെവിടെയോ ഒരു നാട്ടുകാരന്റെ കടയുണ്ട്. നാട്ടിലും വീട്ടിലുമൊക്കെ വിളിച്ച് അന്വേഷിച്ചെങ്കിലും ആളിന്റെ മൊബൈൽ നമ്പർ കിട്ടിയില്ല. കടയുടെ ലൊക്കേഷൻ ഏകദേശം മനസ്സിലാക്കിയെടുത്തിട്ടുണ്ട്, അതുവച്ച് ശ്രമിച്ചുനോക്കാമെന്ന് അച്ചായന്റെ ഉറപ്പ്. വണ്ടി വീണ്ടും ബ്രേയ്ക്കിട്ടു – ഹൈവേയുടെ അരികിൽ, ഇറങ്ങിച്ചെല്ലാൻ പാകത്തിന് ഒരു കൃഷിയിടം കണ്ടിട്ട് നിർത്തിയതാണ്. സമയം ഒട്ടും പാഴാക്കാതെ അച്ചായൻ തോട്ടത്തിലേയ്ക്ക് ഇറങ്ങിക്കഴിഞ്ഞു.
 

 
തക്കാളി മൂത്ത് പാകമാവുന്നതേയുള്ളു.. മത്തൻ വിളവെടുപ്പ് കഴിഞ്ഞു..

ഗ്രീസ് ഹൌസിൽ വഴുതനയും കീയാറും വിളവെടുപ്പിന് പാകമായി നിൽക്കുന്നു.. തൊട്ടടുത്തുതന്നെയുള്ള ചെറിയ കൂടാരങ്ങളിൽ കുറച്ച് ബംഗ്ലാദേശി തൊഴിലാളികൾ കൂട്ടിയിട്ടിരിക്കുന്ന വഴുതനങ്ങകളും കീയാറുമൊക്കെ പാക്ക് ചെയ്ത് പിക്കപ് വാനിൽ കയറ്റുന്ന തിരക്കിലാണ്.. ഫാം കാണാനെത്തിയവരെ കണ്ടപ്പോൾ അവർക്കും സന്തോഷം.. മൊബൈലിൽ ഫോട്ടോ എടുത്തപ്പോൾ ആ സന്തോഷം ഇരട്ടിയായി.

യാത്ര പറഞ്ഞ് പിരിയുമ്പോൾ ഒരു ചെറിയ പെട്ടി നിറയെ കായ്കൾ സമ്മാനമായി തന്നു. (‘ഇതിനെത്ര കാശാവും’ എന്ന അച്ചായന്റെ ചോദ്യത്തിന് ‘ആയിരം റിയാലാവും, എന്തേ?’ എന്നായിരുന്നു മറുചോദ്യം.. കാശ് കൊടുത്താൽ സ്നേഹം കിട്ടത്തില്ലല്ലോ എന്ന് പറഞ്ഞ് ആ ബംഗ്ലാദേശിയും വെറുതെ തത്ത്വജ്ഞാനിയായി..)





ആ ഫാമിന്റെ ഏതാണ്ട് എതിർഭാഗത്തായിട്ടാണ് നേരത്തെ പറഞ്ഞ നാട്ടുകാരന്റെ കട. ഒട്ടും കഷ്ടപ്പെടാതെ തന്നെ, കൃത്യമായി അവിടെ എത്തിച്ചേർന്നു. വർഷങ്ങൾക്ക് ശേഷം, അന്യനാട്ടിൽ വച്ച്, യാതൊരു മുന്നറിയിപ്പുമില്ലാതെ കണ്ടുമുട്ടിയപ്പോൾ അങ്ങേർക്ക് അതിശയവും സന്തോഷവും. തിരികെ ജിദ്ദയിലെത്താൻ ഇനിയുമുണ്ട് ഏറെ ദൂരം. അവിടെ അധികം സമയം പാഴാക്കാനില്ല..


വീണ്ടും കാണാമെന്ന പതിവുപല്ലവിയോടെ നാട്ടുകാരനോട് വിടപറഞ്ഞ്, യാത്ര പുന:രാരംഭിച്ചു – ഒരു നല്ല യാത്രയുടെ ഓർമ്മകളും പേറി, എന്നെങ്കിലും ഒരിക്കൽ കൂടെ ഈ വഴികളിലൂടെ പുതിയ കാഴ്ചകൾ തേടി വീണ്ടും വരാമെന്ന പ്രതീക്ഷയോടെ..

 
 
ശുഭം!
 
 *************************************************************************************************
നന്ദിയും കടപ്പാടും – ഈ യാത്രയുടെ ആദ്യന്തം കൂടെയുണ്ടായിരുന്ന തോമസ് അച്ചായനോട്.. യാതൊരു അനുസരണക്കേടും കാണിക്കാതെ ഈ ദൂരമത്രയും താണ്ടിയെത്തിയ ‘കിയ റിയോ’യോട്.. ചിത്രങ്ങളത്രെയും ഒപ്പിയെടുത്ത ഞങ്ങളുടെ മൊബൈലുകളോട്.. :-)