Friday 7 October 2011

‘തല‘ മറന്നൊരു ഖോവാർ യാത്ര..

വീണ്ടുമൊരു യാത്ര.. ജിദ്ദയിൽ നിന്നും ഏതാണ്ട് നൂറ്റിയൻപത് കിലോമീറ്ററുകൾക്കപ്പുറം, ‘ഉസ്ഫാൻ’ കഴിഞ്ഞ് ‘ഖലൈസി’നടുത്തായി ‘തല’ എന്ന കൊച്ചുഗ്രാമമാണ് ലക്ഷ്യം.. യാത്രക്കാർക്കും വാഹനവ്യൂഹത്തിനും കാര്യമായ മാറ്റങ്ങളൊന്നുമില്ല; തായിഫ് യാത്രയിലെ ഒട്ടുമിക്ക അംഗങ്ങളും ഇത്തവണയും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.. അപ്രതീക്ഷിതമായി കിട്ടിയ ഒരു വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര ‘തല’യും കടന്ന് ‘ഖോവാർ’ വരെയെത്തി.. വിനുവേട്ടൻ എല്ലാം ഇവിടെ വിശദമായി കുറിച്ചിരിക്കുന്നു; ചിത്രങ്ങൾ സഹിതം.. അവിടെ വെളിച്ചം കാണാതിരുന്ന കുറച്ച് ചിത്രങ്ങൾ ഇവിടെ ഒട്ടിക്കുന്നു.. 

അപ്പോൾ പുറപ്പെടുവല്ലേ?

മദീന എക്പ്രസ്സ് ഹൈവേയിൽ നിന്നും തിരിഞ്ഞ് ‘ഉസ്ഫാൻ’ ലക്ഷ്യമാക്കിയുള്ള പ്രയാണം..

ആ കാണുന്ന മലയടിവാരമാണ് ഉസ്ഫാൻ..

അടുത്ത എക്റ്റിറ്റിൽ വലത്തേയ്ക്ക് തിരിഞ്ഞാൽ ഖലൈസ്..

വഴിവക്കിൽ, ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഒരു ഒട്ടകസുന്ദരി..

ഖോവാറിലേയ്ക്കുള്ള യാത്ര..


ഡാമും വാഴത്തോപ്പും തേടിയുള്ള യാത്ര തുടരുന്നു..

ആ കാണുന്നതാണ് ഡാം.. വെള്ളമില്ലെങ്കിലും പ്രൌഢിക്കൊരു കുറവുമില്ല...

വരവേൽക്കാൻ വാഴക്കൈകൾ..

കലാപരിപാടികൾ ആരംഭിക്കുന്നു.. ആദ്യയിനം - മീൻ പൊരിക്കൽ

മീനിനെ നോവിക്കാതെ മറിച്ചിടണം; ദാ, ഇതുപോലെ..

അടുത്ത പരിപാടി; പടം പിടുത്തം - ക്യാമറയുമായി കറങ്ങി നടക്കുന്ന അഭിനവ ക്യാമറാമാൻ...

അടുത്തത്; തോട്ടം മുടിപ്പിക്കൽ - തോട്ടിയുമായി ഇറങ്ങിയിരിക്കുന്നു ചിലർ..

കയ്യിൽ കിട്ടിയതുമായി മുങ്ങുന്ന ഒരു കൊച്ചുവിരുതി.. (ഹസാന)

ഇത് മുഴുവൻ കായ്ച്ചിരുന്നെങ്കിൽ !

മാനം മുട്ടാൻ പപ്പായ മരത്തിന്റെ വാശി..

ചെറുനാരങ്ങയാണേ.. നേരിട്ടുകാണാൻ ഇത്ര വലിപ്പമൊന്നുമില്ല..

കണ്ടാലൊരു നാടൻ ലുക്കില്ലേ...?

കാൽ‌പ്പാടുകൾ ഒപ്പിയെടുക്കാൻ..

പനയെ വെല്ലാൻ പാവലിന്റെ കുതിപ്പ്..

കുഞ്ഞൻ പാവയ്ക്കകൾ..

നിറയെ പഴങ്ങളുമായി ഈന്തപ്പനകൾ...

ഭക്ഷണം കഴിക്കാൻ നേരമായില്ലേ...? (ക്യാമറാമാന്റെ വിഷമത)

ഭക്ഷണം തയ്യാർ! സമയം കളയാതെ ഒരു പിടി പിടിക്കാം.. എന്നിട്ടാവാം ഇത്തിരി വിശ്രമം..

ഇനി മടക്കയാത്ര..

ഇത്രനേരം ഈ തോപ്പിലായിരുന്നു..

ചെറിയ കുന്നുകളും ചെറുതല്ലാത്ത വളവുകളും താണ്ടി...

‘തല’യിലേയ്ക്കൊരു ചെറുദൂരം..

യാത്ര.. യാത്ര... യാത്ര...

ഒട്ടകങ്ങൾ വരി വരി വരിയായ്..

അങ്ങനെയങ്ങ് പോവാതെ.. 

അടുക്കുന്ന ലക്ഷ്യം.. കുറയുന്ന ദൂരം...

അവിചാരിതമായി വീണുകിട്ടിയ ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി സഞ്ചാരം തുടരുന്നു; പുതിയ കാഴ്ചകൾ തേടി..

*** *** ***

മുറിവാൽ: വാഴത്തോപ്പിന്റെ വീഡിയോ ദൃശ്യമിതാ..


Thursday 29 September 2011

വാൽ‌പ്പാറയിലേയ്ക്ക്...

രു പാലക്കാടൻ യാത്രയുടെ തുടർച്ചയായിട്ടാണ് പൊള്ളാച്ചി വരെ പോയത്.. ആദ്യ പൊള്ളാച്ചി യാത്രയ്ക്ക് മാറ്റേകിയത് വാൽ‌പ്പാറ - ആതിരപ്പള്ളി വഴിയുള്ള മടക്കയാത്രയായിരുന്നു.. ആ അവിസ്മരണീയ യാത്രയുടെ നേർക്കാഴ്ചകളാവട്ടെ ഇനി .. 


സൂര്യൻ ഉച്ചിയിലേയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു; കാണേണ്ടവരെ കണ്ട്, കാര്യമൊക്കെ സാധിച്ച് പൊള്ളാച്ചിയിൽ നിന്നുമുള്ള മടക്കയാത്രയ്ക്കുള്ള സമയമായി. ഒരു കൊച്ചുചായക്കടയിൽ നിന്നും ദോശയും ഇഡ്ഡലിയുമൊക്കെ വയറുനിറയെ കഴിച്ച്, വണ്ടിയിൽക്കയറി.. വാൽ‌പ്പാറ വഴി ചാലക്കുടി - ഇതാണ് ലക്ഷ്യം.. പുതിയ വഴികൾ, കാണാത്ത സ്ഥലങ്ങൾ.. ആലോചിച്ചപ്പോൾത്തന്നെ മനസ്സിൽ ആവേശം നിറയുന്നു.. പൊള്ളാച്ചി പട്ടണത്തിൽക്കൂടെ രണ്ട് തവണ വട്ടം ചുറ്റി (വഴി തെറ്റിയിട്ടാണേ, അല്ലാതെ നേർച്ചയൊന്നുമല്ലായിരുന്നു..) ഒരുതരത്തിൽ വാൽ‌പ്പാറയിലേയ്ക്കുള്ള റോഡ് കണ്ടുപിടിച്ചു...


പാലക്കാട് - പൊള്ളാച്ചി ഭാഗങ്ങളിലെ ഒരു പതിവ് വേനൽക്കാഴ്ച...

പ്രധാന റോഡിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുന്നെയാണ് ഈ ചങ്ങാതിയെ കണ്ടത്; ഒരു M80-യിൽ നിറയെ പനങ്കരിക്കുകൾ തൂക്കി, പനയോലകൾ ചാർത്തി നല്ല സ്റ്റൈലിൽ നിൽക്കുന്നു ഒരു പൊള്ളാച്ചിപ്പയ്യൻസ്! ഇന്നലെ പൊള്ളാച്ചിയിലേക്ക് വരുമ്പോൾ വഴിയിൽ പലയിടത്തും കണ്ടിരുന്നു, ഇമ്മാതിരി സെറ്റപ്പ്.. എന്താണ് സംഗതി എന്ന് അറിയണമെന്നുള്ള അതിയായ ആഗ്രഹം ഇന്നലെ മുതൽ തന്നെ മനസ്സിൽ ഉദിച്ച് നിൽ‌പ്പാണ്..  അത് നിറവേറ്റിയിട്ട് തന്നെ ബാക്കി കാര്യം എന്ന് ചിന്തിച്ച് വണ്ടി സൈഡിലൊതുക്കി.. ഒരു കച്ചവടം ഒത്തുകിട്ടിയ സന്തോഷം മുഖത്ത് കാണിക്കാതെ പയ്യൻസ് പെട്ടെന്ന് തന്നെ ജോലി തുടങ്ങി..


ഈ പനങ്കരിക്ക് പാനീയം രുചിയിലും ഗുണത്തിലും ബഹുകേമം...

ചെറിയ പനയോല ഒരു പ്രത്യേക രീതിയിൽ വളച്ച് കെട്ടി പാത്രമുണ്ടാക്കുന്നതാണ് ആദ്യത്തെ ചടങ്ങ്.. (വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഇഷ്ടൻ ഇതുപോലെ നിരവധി പാത്രങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്.) പിന്നെ, ആ പാത്രത്തിലേയ്ക്ക് 3-4 പനങ്കരിക്കുകൾ പൊട്ടിച്ചൊഴിക്കും, വെള്ളം മാത്രമല്ല അതിന്റെ കാമ്പും (നൊങ്ക്).. എന്നിട്ട് ഈ കരിക്ക് + വെള്ളം മിശ്രിതം വലിച്ചങ്ങ് കുടിക്കുക.. അത്ര തന്നെ! എല്ലാം പ്രകൃതിദത്തം.. കൃത്രിമമായത് ഒന്നും ചേരുന്നില്ല.. രുചിയോ, ബഹുകേമം! (ഇത് കഴിക്കാൻ സ്ട്രോ അല്ലെങ്കിൽ സ്പൂൺ ആവശ്യമില്ലാത്തതിനാൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തെല്ലുമില്ല)

കച്ചവടം കഴിഞ്ഞെങ്കിലും ആശാൻ തിരക്കിലാണ്; പാത്ര നിർമ്മാണം പൊടിപൊടിക്കുന്നു.. ഫോട്ടോ എടുക്കുന്നതൊന്നും കാര്യമാക്കാതെ കക്ഷി തന്റെ ജോലി തുടരുന്നു; ഇതൊക്കെ ഞാനെത്ര കണ്ടതാ എന്ന ഭാവത്തിൽ..

അതാ, ആ കാണുന്ന മലനിരകൾക്കപ്പുറത്താണ് വാൽ‌പ്പാറ..

യാത്ര ആരംഭിക്കുകയായി.. പ്രധാന പാതയിലൂടെ വാഗൺ-ആർ കുതിച്ചു തുടങ്ങി.. രണ്ട് വരിയാണെങ്കിലും നല്ല റോഡ്.. അകന്നും അടുത്തും കണ്മുന്നിലെത്തുന്ന വഴിയോരക്കാഴ്ചകൾ.. അങ്ങ് ദൂരെ കാണുന്ന ആ മലകൾക്കപ്പുറത്ത് എവിടെയോ ആണ് ലക്ഷ്യസ്ഥാനം..

ഈ വഴി വിജനമല്ല..

രണ്ടുദിശയിലേക്കും നിരവധി വാഹനങ്ങളുടെ പ്രവാഹം... ഇടയ്ക്ക് കുറെ ചെറുപ്പക്കാർ ബൈക്കുകളിൽ റോഡ് നിറഞ്ഞ് സഞ്ചരിക്കുന്നു.. ചെറുപ്പത്തിന്റെ ആവേശവും യാത്രയുടെ ഹരവും.. ഇത്തിരി നേരം വഴിമുടക്കികളായെങ്കിലും ഒടുവിൽ ഒരു ഔദാര്യം പോലെ അവർ വഴി തന്നു.. 

മലയടിവാരം.. ചുരം തുടങ്ങുകയായി.. ഇടതുവശത്ത് ആളിയാർ ഡാം നിറഞ്ഞുകിടക്കുന്നു.. വനമേഖലയിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി ഒരു ചെക് പോസ്റ്റ്.. പരിശോധനകളൊന്നും കൂടാതെ തന്നെ തുടർ‌യാത്ര അനുവദിക്കപ്പെട്ടു.. 

താഴ്വാരത്ത് ജലസമൃദ്ധിയൊരുക്കി ആളിയാർ ഡാം...

പതിവുപോലെ, ചുരത്തിൽ റോഡിന് വീതി കുറവാണ്.. എങ്കിലും നന്നായി പരിപാലിക്കപ്പെട്ടിരിക്കുന്നു.. ആകെ 40 ഹെയർ‌പിൻ വളവുകൾ.. ഒരു വശത്ത്, പച്ചപിടിച്ചു കിടക്കുന്ന അഗാധതയ്ക്കപ്പുറം ആളിയാർ ഡാമിന്റെ ദൃശ്യഭംഗി.. മറുവശത്ത്, ഒരു ഭിത്തി കണക്കെ ചെത്തിയൊരുക്കപ്പെട്ട കരിമ്പാറകൾ.. കയറ്റമാണെങ്കിലും യാതൊരു ആയാസവും കൂടാതെ കാർ സഞ്ചാരിച്ചുകൊണ്ടേയിരിക്കുന്നു..

ആകെ 44 ഹെയർ പിൻ വളവുകൾ! അതിലെ 9-ആം വളവിൽ നിന്നുള്ള മനം മയക്കുന്ന കാഴ്ച..

കാഴ്ചകളുടെ വിസ്മയമൊരുക്കി കാത്തിരിക്കുന്ന ഒൻപതാം വളവ് അഥവാ ലോംസ് വ്യൂ.. 1886-ൽ ഈ റോഡിന്റെ പ്ലാൻ തയ്യാറാക്കി, പൂർത്തീകരണത്തിനായി പ്രയത്നിച്ച പി.ഡബ്ല്യു.ഡി എഞ്ചിനീയർ മാത്യു ലോം എന്ന സായിപ്പിന്റെ ഓർമ്മയ്ക്കായാണ് ഈ പേരിടൽ.. വാക്കുകളിലൂടെ വിവരിക്കാവുന്നതിലും അപ്പുറമാണ് ഈ വളവിൽ നിന്നുള്ള കാഴ്ചകൾ.. അങ്ങ് താഴെ, ഒരു നീലത്തടാകം പോലെ ആളിയാർ ഡാം.. കണ്ണെത്താ ദൂരത്തോളമുള്ള ഹരിതാഭ.. വളഞ്ഞുപുളഞ്ഞ്, ഒരു പാമ്പിനെപ്പോലെ ചുരം ചുറ്റിക്കിടക്കുന്ന റോഡ്.. അതിലൂടെ കൊച്ചുകളിപ്പാട്ടങ്ങൾ പോലെ ഉരുളുന്ന വാഹനങ്ങൾ.. മലയിറങ്ങി വരുന്ന വാഹനങ്ങളുടെ മുരളിച്ച തലയ്ക്ക് മീതെ..

1886-ൽ ഈ റോഡ് പണിതൊരുക്കാൻ മെനക്കെട്ട ലോം സായിപ്പിന്റെ ഓർമ്മയ്ക്ക്..

ഈ ചുരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ, ലോംസ് വ്യൂവിൽ നിന്നും കാണുന്നവ തന്നെ എന്ന് നിസ്സംശയം പറയാം.. അതിനായി പ്രകൃതിയാലൊരുക്കപ്പെട്ട ഒരു വ്യൂ പോയന്റുംഇവിടെയുണ്ട്.. (സായിപ്പിനോടുള്ള ഇഷ്ടക്കൂടുതൽകൊണ്ടാവണം, അദ്ദേഹത്തിന്റെ പേരെഴുതിയ ആ ബോർഡ് ആരോ വളച്ചു വച്ചിരിക്കുന്നു..)


ആളിയാർ ഡാമിന്റെ മറ്റൊരു മനോഹര ദൃശ്യം, ‘ലോംസ് വ്യൂ‘-വിൽ നിന്നും..

നട്ടുച്ച നേരമാണ്.. എന്നിട്ടും ലോംസ് വ്യൂവിൽ നിന്നും യാത്ര തുടരാൻ തോന്നുന്നില്ല... അത്രയ്ക്ക് വശ്യമാണ് അവിടെ നിന്നുള്ള കാഴ്ചകൾ.. മനസ്സില്ലാ മനസ്സോടെ യാത്ര തുടർന്നു, കാരണം ഇനി താണ്ടാനുള്ള ദൂരത്തെക്കുറിച്ചോ വഴികളെക്കുറിച്ചോ യാതൊരു നിശ്ചയവുമില്ല എന്നത് തന്നെ.. 

കണ്ണുകൾക്ക് കുളിർമയേകാൻ തേയിലക്കാടുകളുടെ ഹരിതഭംഗി..

ചുരം ഒട്ടുമുക്കാലും താണ്ടിക്കഴിഞ്ഞിരിക്കുന്നു.. തിങ്ങിവളർന്നു നിൽക്കുന്ന പടുകൂറ്റൻ മരങ്ങൾ നിറഞ്ഞ കാട്ടിലൂടെയാണ് ഇപ്പോളത്തെ യാത്ര.. കുറെ കഴിഞ്ഞപ്പോൾ, മരങ്ങൾ തേയിലക്കാടുകൾക്ക് വഴി മാറിയിരിക്കുന്നു.. എങ്ങും പച്ചനിറം.. ഇടയ്ക്ക്, തേയില ഫാക്ടറി എന്ന് തോന്നിക്കുന്ന കുറച്ച് കെട്ടിടങ്ങളൊരുക്കിയ ഗ്രാമഭംഗി.. വാൽ‌പ്പാറയിലേക്ക് ഇനി ഏതാനും കിലോമീറ്ററുകൾ മാത്രമെന്ന് ഒരു മയിൽക്കുറ്റി പറഞ്ഞു...

വാൽ‌പ്പാറ ടൌണിന്റെ വരവറിയിച്ച് മുന്നിലെത്തുന്ന കാഴ്ചകൾ..

അവസാനത്തെ വളവിൽ എത്തിയിരിക്കുന്നു.. ഹെയർ‌പിൻ # 40 !! ഇവിടത്തെ കാഴ്ച കൌതുകകരമാണ്.. നിരന്നിരിക്കുന്ന വഴികാട്ടികൾ.. പലതിലും എഴുതിയിരിക്കുന്നത് വായിക്കണമെങ്കിൽ വണ്ടിയിൽ നിന്ന് ഇറങ്ങിച്ചെല്ലണം! ആ ബോർഡുകളൊക്കെ നോക്കിയാൽ, വന്ന വഴിയും പോകേണ്ട വഴിയും മറന്നുപോകും, അത്രയ്ക്കുണ്ട് വഴികൾ.. എല്ലാ വഴികാട്ടികളെയും നിരത്തിനിർത്തി ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല..

40 വളവുകളുടെ അവസാനം വഴി കാട്ടാൻ നിൽക്കുന്നവർ ! 

അങ്ങനെ വാൽ‌പ്പാറ ടൌണിലെത്തിയിരിക്കുന്നു.. കേരളത്തിലെ ഏതൊരു മലയോര പട്ടണത്തെയും പോലെ തന്നെ; പഴയ വാഹനങ്ങളും തനി ഗ്രാമീണരായ ആളുകളും.. സമയം 2 മണി കഴിഞ്ഞിരിക്കുന്നു.. വിശപ്പിന്റെ വിളി അതിന്റെ പാരമ്യതയിലായതുകൊണ്ട്, മറ്റൊന്നും ആലോചിക്കാതെ ആദ്യം കണ്ട ഹോട്ടലിലേയ്ക്ക് കടന്നു.. കൈ കഴുകി ഇരിക്കേണ്ട താമസം, വാഴയിലയിൽ ആവി പറക്കുന്ന നല്ല പച്ചരിച്ചോറും പച്ചക്കറികളും മുന്നിലെത്തി.. കൈ മെയ് മറന്നുള്ള പോരാട്ടത്തിനൊടുവിൽ ഇല മാത്രം ബാക്കിയായി !

ഇത് വാൽ‌പ്പാറ ടൌൺ.. കാനന നടുവിൽ ഒരു കൊച്ചുപട്ടണം..
 
തുടർ‌യാത്രയ്ക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി.. അല്ലെങ്കിൽ മനസ്സിലാക്കിയതുപോലെ യാത്ര തുടർന്നു.. ഷോളയാർ-വാഴച്ചാൽ-ആതിരപ്പള്ളി.. ഇതാണ് അടുത്ത റൂട്ട്.. ഒരു കൂട്ടം ആളുകൾ കാണിച്ചുതന്ന വഴിയിലൂടെ മുന്നോട്ട്.. (അവരിൽ ചിലർ പല ദിശകളിലേയ്ക്ക് വിരൽ ചൂണ്ടിയത് കണ്ടില്ലെന്ന് നടിച്ചു..)

തേയിലക്കാടുകൾ താണ്ടി, വാഴച്ചാൽ വഴി ആതിരപ്പള്ളിയിലേക്ക്..
 
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയിലക്കാടുകൾ.. വഴി തെറ്റിയോ എന്നൊരു സംശയം.. ആരോടെങ്കിലുമൊന്ന് ചോദിക്കാമെന്ന് കരുതിയാൽ, ആ പരിസരത്തെങ്ങും ആരുമില്ല.. എതിരെയോ പിന്നാലെയോ ഒരു വണ്ടി പോലുമില്ല.. വഴിയും മോശം.. കാറിന്റെ ടയറുകൾ നാലും കോഴിമുട്ട പോലെ മിനുസപ്പെട്ടവ ആയതിനാൽ സ്പീഡിൽ വിടാനും സാധിക്കുന്നില്ല..


തലയിൽ ജീവിതഭാരവുമായി, ഇടയ്ക്കിടെ കണ്മുന്നിലെത്തുന്നവർ..

ഒടുവിൽ, ഒരു എസ്റ്റേറ്റ് മാനേജറുടെ രൂപത്തിൽ രക്ഷകൻ പ്രത്യക്ഷപ്പെട്ടു.. കൊമ്പൻ മീശയും കൂളിംഗ് ഗ്ലാസ്സും ഒക്കെ ഫിറ്റ് ചെയ്ത്, കുട്ടി നിക്കറും ടി-ഷർട്ടും കറുത്ത ഷൂസുമൊക്കെ ധരിച്ച, സിനിമകളിലൊക്കെ കണ്ട് പരിചയമുള്ള, ഒരു ടിപ്പിക്കൽ എസ്റ്റേറ്റ് മാനേജർ.. പോകേണ്ട സ്ഥലം പറഞ്ഞ് വഴി ചോദിച്ചപ്പോൾനേരെ വിട്ടോഎന്ന രീതിയിൽ മേൽ‌പ്പടിയാൻ കൈ കാണിച്ചു.. (യഥാർത്ഥ വഴിയിലൂടെ തന്നെയാണോ അപ്പോൾ സഞ്ചരിച്ചിരുന്നത് എന്ന കാര്യത്തിൽ ഇപ്പോളും സംശയം മാറിയിട്ടില്ല. വഴി തെറ്റിയാലും കുഴപ്പമില്ല, അതുകൊണ്ടാണല്ലോ ഈ കാഴ്ചകളൊക്കെ തരപ്പെട്ടത്..)

അന്നന്നു വേണ്ടുന്ന അപ്പത്തിനായി, അദ്ധ്വാനത്തിന്റെ കണക്കെടുപ്പ്..
 
ഏതാണ്ട് 2 മണിക്കൂറോളം തേയിലക്കാടുകളിലൂടെ സഞ്ചരിച്ച്, പെട്ടെന്ന് ഒരു പ്രധാന പാതയിലെത്തി.. അതൊരു പ്രധാന പാതയാണെന്ന് മനസ്സിലായത് മുന്നിലൊരു ചെക്ക് പോസ്റ്റിന്റെ ബോർഡ് കണ്ടപ്പോളാണ്‌.. അതിലെഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ആശ്വാസം; വഴി ഇതു തന്നെ..


ഷോളയാർ വനത്തിനുള്ളിലെ, കേരളത്തിന്റെ ചെക്ക് പോസ്റ്റ്..
 
ഷോളയാർ വനമേഖലയിലേക്കാണ് ഇനി കടക്കേണ്ടത്.. ചെക് പോസ്റ്റിൽ മലയാളി സാറന്മാരുടെ കർശന പരിശോധന.. പേരും മറ്റ് വിവരങ്ങളുമൊക്കെ റെജിസ്റ്ററിൽ കുറിപ്പിച്ചു.. എന്നിട്ടൊരു ചോദ്യം;

"കുപ്പി വല്ലതും വണ്ടിയിലുണ്ടോ?”

കൂടെയുണ്ടായിരുന്നവൻ തെല്ലുമാലോചിക്കാതെ മറുപടി കൊടുത്തു..

ഒരു തുള്ളി വെള്ളംപോലുമില്ല സാർ.. ആകെ ഇത്തിരി ഉണ്ടായിരുന്നത്, വഴി തെറ്റിയോ എന്ന ടെൻഷനിൽ അടിച്ചു.. ഇനി എവിടെ ചെന്നാലാണോ കിട്ടുക...

ആ മറുമൊഴിയിൽ പന്തികേട് തോന്നിയിട്ടാവണം, ഒരു ഉദ്യോസ്ഥൻ ഇറങ്ങിവന്ന് വാഹനവും ബാഗുകളും അരിച്ചുപെറുക്കി.. കിട്ടിയത് കുറെ പ്ലാസ്റ്റിക് ബോട്ടിലുകൾ... അവ വനത്തിൽ ഉപേക്ഷിക്കരുത് എന്നൊരു താക്കീതോടെ ചെക്ക് പോസ്റ്റിന്റെ ഗേറ്റ് തുറക്കപ്പെട്ടു..

യാത്ര വീണ്ടും വനത്തിനുള്ളിൽക്കൂടെയായി.. ആനയോ മറ്റോ വഴിയിൽക്കാണുമോ എന്ന പേടി ഇല്ലാതില്ല.. തികച്ചും ഒറ്റപ്പെട്ട യാത്ര.. കുറെ നേരമായിട്ട് ഔട്ട് ഓഫ് റേഞ്ച്ആയ മൊബൈൽ ഫോണിന് വാളയാർ റേഞ്ചിലും അനക്കമില്ല.. ഇടയ്ക്കൊരിടത്ത്, ചില യാത്രികർ യാത്രാക്ഷീണം തീർക്കാനെന്ന വണ്ണം വഴിയരികിൽ വിശ്രമിക്കുന്നു.. കാട്, കറുത്ത കാട്‌!

സമയം 6 മണി.. വാഴച്ചാലും കടന്ന് ആതിരപ്പള്ളിലെത്തി.. ചെറിയ ചാറ്റൽ മഴയുണ്ട്, മാത്രമല്ല സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു.. വെള്ളച്ചാട്ടങ്ങളെ റോഡിൽ നിന്നുകൊണ്ടുതന്നെ ഇത്തിരി നേരം ആസ്വദിച്ചു.. മഴയ്ക്ക് ശക്തി കൂടി.. ഒരു വരവുകൂടെ വരേണ്ടി വരുംഎന്ന് മനസ്സിൽ പറഞ്ഞ് വീണ്ടും വണ്ടിയിൽ കയറി.. മെക്കാഡം ടാറിംഗിൽ മിന്നിത്തിളങ്ങുന്ന ആ മലമ്പാതയിലൂടെ ചാലക്കുടി ലക്ഷ്യമാക്കി കാർ കുതിച്ചുകൊണ്ടേയിരുന്നു..

നമ്മുടെ സ്വന്തം ആതിരപ്പള്ളി !

 പ്രകൃതി ഭംഗി ആസ്വദിച്ച്, ദീർഘനേരം യാത്ര ചെയ്യാൻ താല്പര്യമുള്ളവരോട് ഒരു വാക്ക് - ഇതുവരെ നിങ്ങൾ ഇതുവഴി സഞ്ചരിച്ചിട്ടില്ലെങ്കിൽ, ഇനി താമസിപ്പിക്കേണ്ട.. ഒരിക്കലും മറക്കാനാവാത്ത, ഒന്നാന്തരമൊരു യാത്ര ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.. 

ശ്രദ്ധിക്കുക - യാത്രയിൽ കൂടുതൽ നേരവും നമ്മൾ കാട്ടിനുള്ളിലാണ്! മൊബൈൽ റേഞ്ച് ഇല്ലേയില്ല.. വളരെ അപൂർവമായി മാത്രമേ മറ്റ് യാത്രക്കാരെ കണ്ടുമുട്ടാൻ സാധിക്കൂ.. വഴിയരികിൽ വീടുകളോ കടകളോ ഇല്ലാത്ത തികച്ചും വിജനമായ, കുണ്ടുകുഴികൾ നിറഞ്ഞ വഴിത്താരകൾ.. അതുകൊണ്ട്, യാത്രയ്ക്കിടയിൽ അത്യാവശ്യം വേണ്ട ഭക്ഷണം കരുതുന്നത് ഉത്തമം. ഒപ്പം, വാഹനത്തിന്റെ ടയർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് സുഗമമായ യാത്ര ഉറപ്പുവരുത്തുക.. കാട്ടിലൂടെയുള്ള യാത്ര പകൽ സമയത്ത് തന്നെ ആയിരിക്കാൻ ശ്രദ്ധിക്കുമല്ലോ.. 

യാത്രാപഥം: പാലക്കാട് - പൊള്ളാച്ചി - വാൽ‌പ്പാറ - ഷോളയാർ - വാഴച്ചാൽ - ആതിരപ്പള്ളി - ചാലക്കുടി. (യാത്രയുടെ സൌകര്യത്തിനനുസരിച്ച് റൂട്ട് മാറ്റാവുന്നതാണ്.. ആതിരപ്പള്ളിയുടെ ഭംഗി നുകർന്ന് പൊള്ളാച്ചിയിലേക്ക് പോവുകയുമാവാം.. എങ്ങനെയാണെങ്കിലും സന്ധ്യയ്ക്കു മുന്നെ വനത്തിന് വെളിയിലെത്തുക എന്നതാണ് പ്രധാനം.) 


വനത്തിനുള്ളിൽ ദയവായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കരുതേ.. 


കൂടുതൽ കാഴ്ചകൾ തേടി സഞ്ചാരം തുടരുന്നു..


Saturday 11 June 2011

കുട്ടപ്പ വർഗീസ് ചേകവർ..

'ഒരേ തൂവല്‍ പക്ഷികള്‍ ' എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌ ഇവിടെ വായിക്കാം.. 

http://orethoovalpakshikal.blogspot.com/2011/06/blog-post.html


Monday 14 February 2011

മൗനനൊമ്പരങ്ങൾ...ന്നലെയും നാളെയുമില്ലാതെ, ഇന്നിന്റെ കുടക്കീഴിൽ നാമൊന്നിച്ചു നടന്ന വഴികൾ വിജനമായിരിക്കുന്നു... നമ്മുടെ പാദസ്പർശമേറ്റ് തെളിഞ്ഞ വഴിത്താരയിൽ പുല്ക്കൊടികൾ നാമ്പെടുത്തിരിക്കുന്നു... പറഞ്ഞുതീരാത്ത പരിഭവങ്ങളും പകർന്നുതീരാത്ത സ്നേഹവും ബാക്കിവച്ച് പാതിവഴിയിൽ നാം വേർപിരിഞ്ഞത് പ്രകൃതിയുമറിയുന്നതുപോലെ... 

ഇനിയെപ്പോളെങ്കിലും കണ്ടുമുട്ടിയാൽ എന്തുപറയണമെന്നറിയില്ല; എവിടെനിന്ന് പറഞ്ഞുതുടങ്ങണമെന്നറിയില്ല... അല്ലെങ്കിൽത്തന്നെ, ഇനി വീണ്ടും കാണാതിരിക്കുന്നതല്ലേ നല്ലത്? പറയാൻ മറന്ന പരിഭവങ്ങളും പാതിപകർന്ന സ്നേഹവും എന്നോടുകൂടെ മണ്ണടിയട്ടെ... 

വിളക്കുകാലിനോട് ചേർന്നുള്ള ആ ഇരട്ടമരച്ചുവട്... മിഴിപൂട്ടിയ വിളക്കിനെ സാക്ഷിയാക്കി, ഇരുളുന്ന സന്ധ്യയിൽ , തോളിൽ തലചായ്ച്ച് എല്ലാം മറന്നിരുന്ന നിമിഷങ്ങൾ... നീയും ഞാനും നമ്മുടെ പ്രേമവും മാത്രമായ നിമിഷങ്ങൾ... 

എവിടെവച്ചാണ്‌ എനിക്ക് നിന്നെ നഷ്ടമായത്? പാതിരാവിന്റെ കൂരിരുട്ടിൽ എനിക്കായി കാത്തുനിന്ന നീ, കണ്ടുമുട്ടിയ മാത്രയിൽ മൂർദ്ധാവിൽ പകർന്ന ചുംബനത്തിന്റെ ചൂടാറും മുൻപെ തന്നെ, നിന്നെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകളെ വിടർത്തിമാറ്റി എങ്ങോട്ടാണ്‌ പോയ്മറഞ്ഞത്?

നീ (അതോ ഞാനോ?) നടന്നകന്ന വഴിയിലേക്ക് തുറന്നിട്ട, ഒളിമങ്ങാത്ത ഓർമ്മച്ചിത്രങ്ങളുടെ ചില്ലുജാലകം ഞാൻ ചേർത്തടയ്ക്കുന്നു.. 


അറിയുക - അന്നും ഇന്നും എന്നും എന്റെ സ്നേഹം അളവുകളില്ലാത്ത വിധം ആത്മാർത്ഥമാണ്‌..


YYY

Tuesday 1 February 2011

യമനിചരിതം ആട്ടക്കഥ !


“What is this?” 

അഞ്ചുമണിയുടെ അതിർവരമ്പും ഭേദിച്ച് വാച്ചിന്റെ സൂചി മുന്നോട്ട് നീങ്ങിത്തുടങ്ങിയ നേരത്ത് എന്നാലിനി ഒരു റിയാലിന്റെയെങ്കിലും ജോലിയെടുത്തേക്കാം’ എന്ന ചിന്തയോടെ മുന്നിൽ കണ്ട ഫയലിലേക്ക് തലയും കുമ്പിട്ടിരിക്കുമ്പോളാണ്‌ മേല്പ്പറഞ്ഞ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങിയത്! 

തലയുയർത്തി നോക്കാതെ തന്നെ ആ അശരീരനെ പിടികിട്ടികഴിഞ്ഞ 8 വർഷത്തോളമായി എന്റെ കർണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന ആ വിദ്വാൻ മറ്റാരുമല്ല, എന്റെ ബോസ് തന്നെ.. (ഒറ്റനോട്ടത്തിൽ തന്നെ ഇവനൊരു യമനി’ എന്ന് പറയിക്കാൻ കെല്പ്പുള്ള കെട്ടും മട്ടും.. എത്രമാത്രം ജോലികൾ വേണമെങ്കിലും തന്ന് സഹായിക്കും, പക്ഷേ ഒരു കണ്ടീഷൻ മാത്രംശമ്പളം കൂടുതൽ ചോദിക്കരുത്..) 

കേട്ട ചോദ്യത്തിലെ this എന്താണെന്നറിയാനുള്ള ആകാംഷയിൽ തലനിവർത്തുമ്പോൾമേശപ്പുറത്ത് സ്ഥാനം പിടിച്ച രൂപത്തെക്കണ്ട് തെല്ലൊന്നമ്പരന്നു... എവിടെയോ കണ്ട നല്ല പരിചയം... അധികം ആലോചിക്കാതെ തന്നെ മനസ്സിൽ ലഡ്ഡുപൊട്ടി - നമ്മുടെ സ്വന്തം കഥകളി രൂപമാണ്‌ കഥാപാത്രം! 

“What is this?” 

വീണ്ടും അതേ ചോദ്യം... വീട്ടിലേക്ക് പോകാൻ ബാഗുമെടുത്ത് ഇറങ്ങിയ ബോസ്സൻകഥകളിച്ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ടേ അടങ്ങൂ എന്ന വാശിയിലാണെന്ന് തോന്നുന്നു.. 

ഫയലൊക്കെ മാറ്റിവച്ച് സീറ്റിൽ നിന്നും പതിയെ എണീക്കുമ്പോൾ കഥകളിയെ എങ്ങനെ യെമനിവല്ക്കരിക്കാം എന്നതായിരുന്നു ചിന്ത... വല്ല സായിപ്പന്മാരും ആയിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒപ്പിക്കാമായിരുന്നു.. ഇതിപ്പോ തറ - പന’ തൊട്ട് തുടങ്ങേണ്ടിവരും... പെട്ടെന്നാലോചിച്ചിട്ട് കഥകളിയാശാന്മാരുടെ പേരോ രൂപമോ ഒന്നും മനസ്സിൽ തെളിയുന്നുമില്ലഇനി തെളിഞ്ഞാലും വല്ല്യ പ്രയോജനമൊന്നും ഉണ്ടാവുകയുമില്ല. ഇങ്ങേർക്ക് എങ്ങനെ പറഞ്ഞുകൊടുക്കാനാണ്‌? 

കാക്ക നോക്കുന്നതുപോലെ തല ചെരിച്ചുപിടിച്ച്എന്നെത്തന്നെ ശ്രദ്ധിച്ച് നില്പ്പാണ്‌ യെമനിക്കാക്ക’... വാനപ്രസ്ഥത്തിലെ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച് മെല്ലെ ആംഗലേയത്തിൽ ആട്ടം തുടങ്ങി.. 

'This is a miniature form of a crown, using with one of our art forms called Kadhakali..' 

പറഞ്ഞുമുഴുവനാക്കുന്നതിനുമുന്നെ തന്നെ കാക്ക’ തലയൊന്നുവെട്ടിച്ചു... ഈ പറഞ്ഞതൊന്നും കക്ഷിക്ക് പിടികിട്ടിയില്ലെന്നും ഇനി കൂടുതൽ പറഞ്ഞ് വിഷമിക്കേണ്ട എന്നുമുള്ള സൂചനയാണ്‌ ആ വെട്ടിക്കൽ’ എന്ന് ഏത് ജിമ്മിക്കും മനസ്സിലാവും.. വായുവിൽ മുദ്രകളാടിയിരുന്ന കൈവിരലുകളൊക്കെ ഒതുക്കിവച്ച് ഞാൻ നല്ലകുട്ടിയായി നിന്നു.. 

'I dont know, who gave me this..' 

ബോസ്സന്റെ ഉച്ചത്തിലുള്ള ആത്മഗതം.. 3 വർഷം മുന്നെഒരു വെക്കേഷൻ കഴിഞ്ഞ് തിരികെ വന്നപ്പോൾകണ്ണൂരിലെ ഖാദി-കര കൗശല ശാലയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന് ഞാൻ തന്നെ ഇങ്ങേർക്ക് സമ്മാനിച്ചതാണ്‌ ഈ കഥകളി’.. അക്കാര്യം അങ്ങേര്‌ മറന്നാലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ.. 

"Sir, I think, its me.." 

ഞാൻ തന്നതാണെന്ന് അറിയുമ്പോളെങ്കിലും മൂപ്പർക്ക് ഇത്തിരി കളിക്കമ്പം’ ഉണ്ടാവുമെന്നാണ്‌ കരുതിയത്... നോ രക്ഷ! എന്റെ കുറ്റസമ്മതം’ കേട്ടതായി നടിക്കാതെ അടുത്ത ചോദ്യശരമെയ്തു.. 

"What should I do with this one?" 

അപ്പോ അതാണ്‌ കാര്യം... പട്ടിയുടെ കഴുത്തിൽ പൊട്ടക്കലം കുടുങ്ങിയതുപോലെഇങ്ങേർ കഥകളിയാടുന്നതിന്റെ ലക്ഷ്യം ഇപ്പോളല്ലേ പിടികിട്ടിയത്.. 

"You can hang it on the wall in your home, if you like.." 

"No, I dont like.." 

ഒട്ടും ആലോചിക്കാതെ തന്നെ ഉത്തരം കിട്ടി... കൂടെ ഒരു വിശദീകരണവും.. 

"I dont like to keep something with me, which I am not aware of.." 

ആയിക്കോട്ടീശ്വരാ... ഇനി ഞാനായിട്ട് അങ്ങേരുടെ ശീലം തെറ്റിക്കേണ്ട.. അല്ലെങ്കിലും അറിയാത്ത പിള്ള’ ചൊറിയുമ്പോൾ അറിയും എന്നാണല്ലോ പണ്ടേതോ മഹാൻ പറഞ്ഞിട്ടുള്ളത്... പിള്ളമാർക്ക് മാത്രമല്ലഎന്നെങ്കിലും അത് യെമനികൾക്കും ബാധകമാവുംഅന്ന് ഇതിയാനോട് കഥകളിപരമ്പരഗതാഗത ദൈവങ്ങൾ ചോദിച്ചുകൊള്ളും എന്ന് മനസ്സിൽ മനക്കോട്ട കെട്ടി... 

കഥകളിച്ചേട്ടൻ മേശപ്പുറത്ത് ലാവിഷായി ചിരിച്ച് കിടപ്പാണ്‌.. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കണം’ എന്നമട്ടിൽ ബോസ് നില്ക്കുന്നു.. കീഴടങ്ങുകയല്ലാതെ വേറെ നിവർത്തിയില്ല.. 

"Then, I will take it back..“ 

കേട്ടപാതി കേൾക്കാത്ത പാതിഎന്തോ പുണ്യകർമ്മം ചെയ്യുന്ന ഭാവത്തിൽ അദ്ദേഹം ആ രൂപമെടുത്ത് എന്റെ കയ്യിലേക്ക് തന്നിട്ട് ഒന്നും മിണ്ടാതെ വലിച്ചുവിട്ടു..! 

3 വർഷങ്ങൾക്കുമുന്നെഒരു നട്ടുച്ചവെയിലത്ത് കണ്ണൂർ പട്ടണത്തിന്റെ വിരിമാറിലൂടെ ഈ രൂപത്തെ കയ്യിലേറ്റി നടന്ന്വിസപോലും എടുക്കാതെ സൗദിയിൽ കൊണ്ടുവന്നിട്ട്ഇപ്പോളിതാ ഒരു ജൂനിയർ മാൻഡ്രേക്കിനെപ്പോലെ ടിയാൻ എന്റെ കയ്യിൽത്തന്നെ തിരിച്ചെത്തിയിരിക്കുന്നു! ചിരിക്കണോ കരയണോ എന്നറിയാതെ കസേരയിലേക്ക് ചാഞ്ഞു...


************* ******************** **************


മുറിവാല്‍കഥകളിക്കാരനെ ഞാൻ വെറുതെ വിട്ടില്ല.. ഓഫീസ് മുറിയിൽ എന്നെക്കാൾ ഉയരത്തിൽ പുള്ളിക്കാരനെ പ്രതിഷ്ഠിച്ചു!! ഇപ്പോആര്‌ വന്നാലും ഒന്ന് നോക്കും... ചിലർ തൊട്ടുനോക്കും... മറ്റ് ചിലർക്ക് ആശാനെപ്പറ്റി കൂടുതൽ അറിയണം... എനിക്കും വേണം’ എന്ന് ഓർഡർ തരുന്നവരും ഇല്ലാതില്ല... ഇതൊക്കെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഒരു കാക്ക’, തൊട്ടടുത്ത മുറിയിലിരുന്ന് തല വെട്ടിച്ചുകൊണ്ടേയിരിക്കുന്നു!!