എല്ലാം നിശ്ചലമായിരിക്കുന്നു... ഒപ്പം കനത്ത നിശ്ശബ്ദതയും. അരുതാത്തതെന്തോ ഇനിയും അരങ്ങേറാനുള്ളതിന്റെ സൂചനപോലെ... മനസ്സില് ചാഞ്ഞുപെയ്തിരുന്ന മഴത്തുള്ളികള് എങ്ങോ അലിഞ്ഞില്ലാതായിരിക്കുന്നു... എത്രപെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്.. ഹേ കാറ്റേ, ഒരു കുളിര്തെന്നലായി കടന്നുവന്ന് ഒടുവില് കൊടുങ്കാറ്റായി രൂപം മാറിയ നീ എന്റെ മഴത്തുള്ളികളെ എവിടേക്കാണ് അടിച്ചുതെറിപ്പിച്ചത്?
ചുറ്റിലും ഭൂമി തിളയ്ക്കുന്നു... ഉമിത്തീയിലെന്നപോലെ, ദേഹമാസകലം പടരുന്ന ചൂട്... മനസ്സും ശരീരവും ഒരുപോലെ വേവുന്ന തീ... ഈ തീയൊന്നണയ്ക്കാന്, ചൂടൊന്നു കുറച്ചുകിട്ടാന് എന്റെ മഴത്തുള്ളികളെ തേടി ഞാനലഞ്ഞു, പക്ഷേ നിന്റെ സംഹാരതാണ്ഡവത്തില് പേടിച്ചരണ്ടവള് ഏറെ അകലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു... എന്റെ പിന്‌വിളികളെല്ലാം വൃഥാവിലായി... അപ്രതീക്ഷിതമായി കാറ്റിന്റെ കൈകളിലേക്ക് തന്നെ എറിഞ്ഞുകൊടുത്തതിന്റെ വാശി തീര്ക്കാനെന്നവണ്ണം എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച വിധത്തിലുള്ള അവളുടെ മട്ടും ഭാവവും...
പാതിതുറന്ന വാതിലിലൂടെ അനുവാദമില്ലാതെ അകത്തുകടന്ന്, എന്റെ രഹസ്യങ്ങളുടെ മണിയറയില് നീ തന്നിഷ്ടം കാണിച്ചപ്പോള് അനാവൃതമാക്കപ്പെട്ടത്, നാളിതുവരെയും ഞാന് അമൂല്യമായി കാത്തുസൂക്ഷിച്ച ആ മഴത്തുള്ളികളാണ്... തീരെ പ്രതീക്ഷിച്ചില്ല നിന്റെയീ വിളയാട്ടം... ഏതോ മരുഭൂവില് മരുപ്പച്ച തേടിയിറങ്ങി, ഒടുവില് എന്റെ ഹൃദയത്തിന്റെയുള്ളില് കുടിയിരിക്കുമ്പോള് അവളും നിനച്ചുകാണില്ല ഈ ചതി...
സത്യത്തില് ആര് ആരെയാണ് ചതിച്ചത്? മഴത്തുള്ളികളെ ഹൃദയത്തിലൊളിപ്പിച്ച രഹസ്യം പറയാതെ ഞാന് നിന്നെയോ? (അല്ലെങ്കില്ത്തന്നെ എന്റെ രഹസ്യങ്ങളുടെ കാവലാള് ഞാന് തന്നെയല്ലേ.. അത് നിന്നോട് പറയാതിരിക്കുന്നത് എങ്ങനെ ചതിയാവും?) അതിക്രമിച്ച് കടന്ന് എന്റെ രഹസ്യങ്ങള് കൈക്കലാക്കിയ നീ എന്നെയോ? അതോ, സകല രഹസ്യങ്ങളും സ്വന്തമാക്കാന് നിനക്ക് അവസരം തന്ന ഞാന് എന്റെ മഴത്തുള്ളികളെയോ?
ചൂട് കൂടൂന്നു.. വീശിയടിക്കുന്ന ഉഷ്ണക്കാറ്റിന് തീയുടെ ചൂര്... കാത്തിരിക്കുന്നു, എന്റെ മഴത്തുള്ളിക്കിലുക്കത്തിനായി...