ഏപ്രില്‍ 27, 2009
അൽപ്പം ചരിത്രം...
കൂടുതൽ വിവരങ്ങൾക്ക് http://www.malayattoorkurisumudy.in/ സന്ദർശിക്കുക
അവധി ദിനങ്ങള്‍ തീരുന്നു; പക്ഷെ ഒരു കാര്യം മാത്രം ബാക്കി - ഏറെ ആഗ്രഹിച്ചു വന്ന മലയാറ്റൂര്‍ മലകയറ്റം. അത് നിറവേറ്റാതെ മടങ്ങാന്‍ മനസ്സ് വരുന്നില്ല. അങ്ങനെ, മടക്കയാത്രയുടെ തലേദിവസം കൂട്ടുകാരന്റെ അനുജനെയും കൂട്ടി പുറപ്പെട്ടു. വേനല്‍ കാലമായതിനാല്‍ ഉച്ചകഴിഞ്ഞ് മല കയറുന്നതാണ് ഉചിതമെന്ന പൊതുജനാഭിപ്രായം മാനിച്ച്, വൈകുന്നേരം 5 മണിയോടെയാണ് യാത്ര തിരിച്ചത്. അടിവാരത്ത് വണ്ടി ഒതുക്കിയിട്ട്, പതുക്കെ മലകയറ്റം ആരംഭിച്ചു.
![]() |
പൊന്നുംകുരിശ് മുത്തപ്പാ, പൊൻമല കയറ്റം.. |
പെരുന്നാള്‍ കഴിഞ്ഞതുകൊണ്ട് തിരക്ക് കുറവാണ്. എങ്കിലും സ്ത്രീകളും കുട്ടികളും പ്രായമായവരും കന്യാസ്ത്രീകളും ഒക്കെ അടങ്ങുന്ന ചെറുതും വലുതുമായ സംഘങ്ങള്‍ മലമുകളിലേക്ക് കയറുന്നു. മല ഇറങ്ങുന്നവര്‍ വശങ്ങളിലൂടെ ശ്രദ്ധിച്ചു കടന്നു പോകുന്നു.
![]() |
മലമുകളിലേയ്ക്ക്.. |
20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മല ചവിട്ടുന്നത്. പണ്ട് അമ്മച്ചിയുടെ കയ്യില്‍ തൂങ്ങി നടന്നു കയറിയ പാതയില്‍ കാലാന്തരത്തിലും വലിയ മാറ്റങ്ങള്‍ പ്രകടമല്ല. അനേകായിരങ്ങളുടെ പാദ സ്പര്‍ശമേറ്റ് മുനയറ്റുപോയ പാറക്കൂട്ടങ്ങള്‍ . മലമുകളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിന് യാതൊരു മാറ്റവുമില്ല. എന്നാല്‍ അതിന്റെ പരിസരങ്ങളിലെ കുറ്റിക്കാടുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. അവയെല്ലാം സമീപത്തെ വനത്തിനുള്ളിലേക്ക് ഒതുങ്ങിക്കൂടി.
'പൊന്നിന്‍ കുരിശു മുത്തപ്പാ, പൊന്മല കയറ്റം' എന്ന് ഉറക്കെ ചൊല്ലിയാണ് മിക്കവരും മല കയറുന്നത്. അങ്ങനെ ചൊല്ലിയാല്‍ ക്ഷീണം അനുഭവപ്പെടില്ല എന്നാണ് വിശ്വാസം. (തിരികെയിറങ്ങുമ്പോൾ ‘പൊന്നിൻ കുരിശു മുത്തപ്പാ, പൊൻമല ഇറക്കം’ എന്നും ചൊല്ലണം.) 'മുത്തപ്പാ, ശരണമയ്യപ്പാ' എന്ന് ഉച്ചത്തില്‍ പറഞ്ഞ് ഒരു കൊച്ചുമിടുക്കി തന്റെ കുഞ്ഞിക്കാലുകള്‍ ആഞ്ഞു ചവിട്ടുന്നു.
കാലവരിയിലേക്ക് കുരിശുമെടുത്ത് നടന്ന ക്രിസ്തുവിന്റെ പീഡാനുഭവയാത്രയെ പ്രതിനിധാനം ചെയ്ത് മൊത്തം 14 സ്ഥലങ്ങള്‍ . അതില്‍ ഒന്നാം സ്ഥലമാണ് ഏറ്റവും ദൂരമേറിയത്, മറ്റ് സ്ഥാനങ്ങളെല്ലാം അടുത്തടുത്താണ്. ഒന്നാം സ്ഥലം കയറുമ്പോള്‍ തന്നെ മടുത്ത് മതിയാക്കുന്നവരും അനവധി.
കല്ലുകളില്‍ നിന്നും കല്ലുകളിലേക്ക് മാറിച്ചവിട്ടി ഒരുവിധം ഒന്നാം സ്ഥലം താണ്ടി. കാലുകള്‍ കുഴഞ്ഞു തുടങ്ങി. ഷര്‍ട്ടും പാന്റ്സുമൊക്കെ വിയര്‍പ്പില്‍ കുതിര്‍ന്നു. ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിനോട് മത്സരിക്കാന്‍ നില്‍ക്കാതെ വിയര്‍പ്പുതുള്ളികള്‍ ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്നു. നടപ്പിന്റെ വേഗത കുറഞ്ഞപ്പോള്‍ വിശ്രമവേളകളുടെ എണ്ണം കൂടി.
പതിയെയാണെങ്കിലും പതിനാല് സ്ഥലങ്ങളും പിന്നിട്ട് യാത്ര മലമുകളിലെത്തി. എവിടെനിന്നൊക്കെയോ, പല ആളുകള്‍ ചുമന്നെത്തിച്ച മരക്കുരിശുകള്‍ സ്വാഗതമോതി നിൽക്കുന്നു. തനിയെ നടന്നു കയറാന്‍ പോലും കഷ്ടപ്പെടുന്ന ഈ മലമുകളിലേക്ക് എങ്ങനെയാവണം ഇതൊക്കെ ആളുകള്‍ ചുമന്ന് കയറ്റിയിട്ടുണ്ടാവുക? സമീപത്തായി തയ്യാറാക്കിയിരിക്കുന്ന പൈപ്പില്‍ നിന്നും വെള്ളം കുടിച്ച്, മുഖമൊക്കെ കഴുകി ഉഷാറായി മലമുകളിലെ കാഴ്ചകളിലേക്ക് നടന്നു.
![]() |
മരത്തിൽ തറയ്ക്കപ്പെട്ട കുരിശുകൾ.. |
'ആന കുത്തിയ പള്ളി'യുടെ ഭിത്തിക്ക് ഗ്ലാസ്സ് കൊണ്ട് ഒരു ആവരണം പണിതിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും ഭിത്തിയെ കാത്തു സൂക്ഷിക്കാനുള്ള ശ്രമം. ഇവിടം നിബിഡവനമായിരുന്ന കാലത്ത്, ആനകളുടെ ആക്രമണത്തില്‍ തകര്‍ന്ന ഭിത്തിയില്‍ ഇപ്പോളും അതിന്റെ പാടുകള്‍ അവശേഷിച്ചിരിക്കുന്നു. ചെറുപ്പത്തിൽ, കണ്ണാടിക്കൂടുകളുടെ തടസ്സമില്ലാതിരുന്ന ആ ഭിത്തിയിൽ തൊട്ടുനോക്കിയിരുന്നത് ഓർമ്മയിൽ തെളിഞ്ഞു.
![]() |
ആന കുത്തിയ പള്ളി |
മലയുടെ ചെരിവിലുള്ള, ഒരിക്കലും വറ്റാത്ത നീരുറവയിലേക്കുള്ള വഴി, കല്ലുകെട്ടി, കൈവരികള്‍ സ്ഥാപിച്ച് മനോഹരമാക്കിയിരിക്കുന്നു. പാറയിടുക്കിലെ ഉറവയില്‍ നിന്നും പണ്ട് ചിരട്ടയുപയോഗിച്ചായിരുന്നു വെള്ളം എടുതിരുന്നതെങ്കിൽ, ഇന്നവിടം കിണര്‍ പോലെ കെട്ടി കയറും കപ്പിയുമൊക്കെ പിടിപ്പിച്ച്, യഥേഷ്ടം വെള്ളമെടുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. കുറെ സ്ത്രീകൾ, കയ്യില്‍ കിട്ടിയ കുപ്പികളിലും പാത്രങ്ങളിലുമൊക്കെ വെള്ളം ശേഖരിക്കുന്നുണ്ട്.
![]() |
ആ കൈവരികൾക്ക് താഴെയാണ്, നീരുറവ.. |
സ്വയംഭൂവായത് എന്ന് വിശ്വസിക്കപ്പെടുന്ന കുരിശിനെ ആവരണം ചെയ്തിരിക്കുന്ന പൊന്നിന്‍ കുരിശാണ് മറ്റൊരു ആകര്‍ഷണം. പെരുന്നാള്‍ ദിവസങ്ങളില്‍ അരികിലെത്താന്‍ പോലും സാധിക്കാത്തവിധം തിരക്കനുഭവപ്പെടുന്ന, പൊന്നിന്‍ കുരിശിന്റെ കപ്പേള (ചെറിയ പള്ളി) വിജനമാണ്. അതുകൊണ്ടുതന്നെ, ആദ്യമായി വളരെയടുത്തുനിന്നും പൊന്നിൻകുരിശ് കാണുവാൻ സാധിച്ചു.
![]() |
പൊന്നിൻ കുരിശ് |
അവിടെ നിന്നും നടന്നത്, ക്രിസ്തുശിഷ്യനായിരുന്ന സെന്റ് തോമസിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്ന പാറയുടെ അരികിലേക്കാണ്. പണ്ട് തുറസ്സായി കിടന്നിരുന്ന അവിടം ചെറിയൊരു മുറിപോലെ പണിത് സംരക്ഷിച്ചിരിക്കുന്നു. ഇപ്പോൾ, കാൽപ്പാടുകൾ കാണാൻ ബുദ്ധിമുട്ടാണ്.
![]() |
ഈ ‘കൂട്ടി‘നുള്ളിലാണ് കാൽപ്പാടുകൾ.. |
അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്ന മലയാറ്റൂര്‍ മലയുടെ മുകളില്‍ നിന്നുമുള്ള ദൂരക്കാഴ്ച അതിമനോഹരം. ഒരു ഭാഗത്ത് അഗാധമായ കൊക്ക. നിബിഡ വനത്തിന്റെ വശ്യത. പെരിയാറിന്റെ ലാസ്യഭാവം. സന്ധ്യാനേരത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സമീപ പട്ടണങ്ങളിലും തെളിയുന്ന വിളക്കുകളുടെ ദൃശ്യചാരുത.
![]() |
ശാന്തമായി വിശ്രമിക്കാൻ ഒരിടം.. |
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ മറഞ്ഞിരിക്കുന്നു. രാവിന്റെ വരവറിയിച്ച്, മലമുകളിലെ ദീപങ്ങള്‍ മിഴിതുറന്നു. മലകയറുന്നവരുടെ സൌകര്യാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളും തെളിഞ്ഞുതുടങ്ങി. ഏറെ നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ സംതൃപ്തിയില്‍ പതുക്കെ മലയിറങ്ങി.
![]() |
പകലോൻ യാത്രയാവുന്നു.. |
****** ***** ****
അൽപ്പം ചരിത്രം...
AD52-ല്‍ ആണ് ക്രിസ്തു ശിഷ്യനായ വി. തോമസ് മത പ്രചാരണത്തിനായി ഇന്ത്യയില്‍ എത്തുന്നത്; കൊടുങ്ങല്ലൂരിൽ.. കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കൊക്കമംഗലം, ചായൽ, കൊല്ലം, നിരണം എന്നിങ്ങനെ ഏഴിടങ്ങളില്‍ വി. തോമസ് പള്ളികള്‍ സ്ഥാപിച്ചു. (ഏഴര പള്ളികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. പക്ഷെ ഇതിൽ അര-പള്ളി ഏതാണെന്ന് ഞാന്‍ മറന്നു.) AD72-ല്‍ മദ്രാസ്സിനടുത്തുള്ള മൈലാപ്പൂര്‍ എന്നാ സ്ഥലത്തുവച്ച് വി.തോമസ് മരണപ്പെട്ടു.
കൊടുങ്ങല്ലൂരില്‍ നിന്നും മദ്രാസ്സിലേക്കുള്ള യാത്രക്കിടയില്‍ മലയാറ്റൂര്‍ മലയുടെ സമീപത്ത് വച്ച് തോമാശ്ലീഹ ആക്രമിക്കപ്പെടുകയും പ്രാണരക്ഷാര്‍ഥം അദ്ദേഹം മലമുകളില്‍ കയറി തീവ്രമായ പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്തു. പ്രാര്‍ഥനാവേളയില്‍ അദ്ദേഹം സ്പര്‍ശിച്ച പാറയില്‍ നിന്നും ഒരു സ്വര്ണക്കുരിശ് ഉയര്‍ന്നു വന്നു. തുടര്‍ന്ന്‍ മാതാവ് (Mother of Jesus) പ്രത്യക്ഷപ്പെട്ട് വി. തോമസിനെ ആശ്വസിപ്പിക്കുകയും കൂടുതല്‍ ശക്തി പകരുകയും ചെയ്തു. അങ്ങനെ വി.തോമസ് തന്റെ മദ്രാസ് യാത്ര തുടര്‍ന്നു.
മലമുകളില്‍ ഉയര്‍ന്നു വന്ന പൊന്‍-കുരിശിനെപ്പറ്റി വിശ്വാസികള്‍ അറിയുകയും അവര്‍ അവിടെ വിളക്ക് തെളിയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. അത് പിന്നീട് ഒരു ആചാരമായി മാറി. അങ്ങനെ മലയാറ്റൂര്‍ മലയും മലകയറ്റവും ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ അവിഭാജ്യ ഘടകമായി. ഇതാണ് മലയാറ്റൂരിനെക്കുറിച്ചുള്ള ചരിത്രപരമായ വിശ്വാസം.
ഇപ്പോള്‍ കാണുന്ന, സ്വര്‍ണ്ണം പൂശിയ, വലിയ കുരിശിന്റെ അകത്താണ് പണ്ട് സ്വയം ഉയര്‍ന്നുവന്നത് എന്ന് വിശ്വസിക്കപ്പെടുന്ന കുരിശുള്ളത്.
വഴി - അങ്കമാലിയില്‍ നിന്നും പെരുമ്പാവൂരിലേക്കുള്ള എം. സി. റോഡിൽ, കാലടി ജംഗ്ഷനില്‍ നിന്നും മലയാറ്റൂര്‍ അടിവാരത്തേക്ക് തിരിയാം. കാലടിയില്‍ നിന്നും 13 കിലോമീറ്റർ. (കോട്ടയം ഭാഗത്ത് നിന്നും ആലുവയില്‍ നിന്നും പെരുമ്പാവൂര്‍ വഴി കാലടിയില്‍ എത്താം)
ബസ് സ്റ്റേഷന്‍ - കാലടി (13 ക. മീ) ; അങ്കമാലി (18 കി മീ)
റെയില്‍വേ സ്റ്റേഷന്‍ - അങ്കമാലി (18 കി. മീ)
വിമാനത്താവളം - നെടുമ്പാശ്ശേരി (16 കി മീ)
ജല മാര്‍ഗം - കൊച്ചി (50 കി മീ)
ഇത്രയുമാണ് എനിക്കറിയാവുന്ന ചരിത്രവും മറ്റ് സംഗതികളും. എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക...
![]() |
മലമുകളിൽ അൽപ്പം വിശ്രമം |