അതേ സ്വരം... അതേ ചിരി... അതേ പരിഭവങ്ങള്‍... ശബ്ദത്തില്‍ മന:പ്പൂര്‍വം കൂട്ടിയിണക്കിയ ഗൌരവത്തിലും സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശം എളുപ്പത്തില്‍ തിരിച്ചറിയാം... മനസ്സിനെ അസ്വസ്ഥമാക്കാന്‍ എന്തിനാണ് അവള്‍ വീണ്ടും വിളിച്ചത്? താന്തോന്നിയായി നടക്കരുതെന്ന് എന്തിനാണ് അവള്‍ ഉപദേശിക്കുന്നത്? മറവിയുടെ ഭാണ്ഡക്കെട്ടുകള്‍ തുറന്ന്, പൊടിപിടിച്ച ഓര്‍മ്മകളെ എന്തിനാണ് തട്ടിയുണര്‍ത്തുന്നത്?
നഷ്ടബോധത്തിന്റെ മുറിവുകളെ വീണ്ടും കുത്തിനോവിക്കാനോ? അതോ, താന്‍ ഒന്നും മറന്നിട്ടില്ല എന്ന് അറിയിക്കാനോ?
ഓര്‍മ്മകള്‍ക്ക് മരണമില്ല... ഓമനകള്‍ക്കും!
ഓര്‍മ്മിക്കാനും ഓമനിക്കാനും ഒരുപാട് ബാക്കി വച്ച് അവസാനം അവളും യാത്രയാവുന്നു... പോകരുതേ എന്ന് മനസ്സില്‍ ആയിരം വട്ടം പറഞ്ഞു... അവളത് കേട്ടുകാണണം; അവളല്ലാതെ ആര് കേള്‍ക്കാന്‍? പക്ഷേ, അവളും നിസ്സഹായയാണ്... അനിവാര്യമായ യാത്ര... അവള്‍ക്ക് പോയേ പറ്റൂ... മടക്കമില്ലാത്ത യാത്ര!
വീണ്ടും ഒറ്റയ്കാവുകയാണോ?