Thursday, 26 September 2013

സുവർണ്ണബുദ്ധന്റെ നാട്ടിൽ - 3

(വൈകി വന്നവർക്കുവേണ്ടി.. ആദ്യഭാഗങ്ങൾ വായിക്കുവാൻ ഈ വഴിയേ - ഒന്നാം ഭാഗം / രണ്ടാം ഭാഗം)

ഇനി ബാങ്കോക്ക് നഗരത്തിലെ കാഴ്ചകളിലേയ്ക്ക്.. ആദ്യയാത്ര സുവർണ്ണ ബുദ്ധനെ തേടിയാണ്.




Wat Indravihan എന്ന ബുദ്ധവിഹാരത്തിൽ തിളക്കത്തോടെ നിൽക്കുന്ന, ശ്രീബുദ്ധന്റെ പൂർണ്ണകായ പ്രതിമ.  ഇത്തരത്തിൽ നിവർന്നുനിൽക്കുന്ന രീതിയിലുള്ള ബുദ്ധപ്രതിമകൾ അപൂർവമായിട്ടേയുള്ളു എന്ന് കേട്ടിട്ടുണ്ട്. (Wat - തായ് ഭാഷയിൽ ബുദ്ധവിഹാരങ്ങളെ സൂചിപ്പിക്കുന്നു.)


32 മീറ്റർ ഉയരത്തിലുള്ള ഈ ബുദ്ധപ്രതിമ, വലിപ്പത്തിന്റെ കാര്യത്തിൽ തായ്‌‌ലന്റിലെ ഉന്നതസ്ഥാനീയനാണ്. 

വളരെ ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന ഈ അമ്പലത്തിന്റെ ചുറ്റുപാടുകളെല്ലാം കലാചാതുരിയോടെ തയ്യാറാക്കിയിരിക്കുന്ന വിവിധ നിർമ്മിതികൾകൊണ്ട് സമ്പന്നമാണ്. ബുദ്ധമതത്തിലെ കുലപതികളുടേതെന്ന് തോന്നിക്കുന്ന നിരവധി പ്രതിമകളും അക്കൂട്ടത്തിലുണ്ട്; പുഷ്പങ്ങളും ചന്ദനത്തിരികളുമൊക്കെയായി ആകെ പ്രാർത്ഥനാനിർഭരമായ സെറ്റപ്പ്. 

പ്രാർത്ഥനയ്ക്കായി എത്തുന്നവരെ കാത്ത് തൊട്ടടുത്തുള്ള ചെറിയ കടകളിൽ താമരമൊട്ടുകളും ചന്ദനത്തിരികളും മറ്റ് പൂജാദ്രവ്യങ്ങളുമൊക്കെയുണ്ട്. ആദ്യമായിട്ടാണ് താമരമൊട്ടും പൂവും കാണുന്നത്. എന്താ അതിന്റെയൊരു ഭംഗി!!

തായ്ലന്റ് പാർലമെന്റ് മന്ദിരം. അതീവസുരക്ഷാ മേഖല ആയതിനാൽ ഇറങ്ങി നടന്ന് കാണാനുള്ള അനുവാദമില്ല. അതുകൊണ്ട് കാറിലിരുന്ന് കണ്ട് തൃപ്തിയടഞ്ഞു.

Wat Benchamabophit - ‘മാർബിൾ അമ്പലംഎന്നറിയപ്പെടുന്ന അതിമനോഹരമായ മറ്റൊരു ബുദ്ധവിഹാരം. തൂണുകളും ഭിത്തിയും തറയുമൊക്കെ ഇറ്റാലിയൻ മാർബിളിൽ തീർത്തിരിക്കുന്ന ഈ അമ്പലത്തിന് ചുറ്റും വിശാലമായ പുൽത്തകിടികളും ഇരിപ്പിടങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്.

പ്രധാന ഹാളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബുദ്ധജിനരാജവിഗ്രഹം. 
 

ഇതുവരെ കണ്ടുശീലിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ബുദ്ധശില്പം. ആ ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

“An image of the Buddha seated cross-legged in the attitude subduing himself by fasting. This image which shows the (Greek) style of Gandhara sculptures, was cast after a stone original kept in the museum at Lahore, Pakistan.“

വിഹാരത്തിന്റെ വശങ്ങളിലായി തീർത്തിരിക്കുന്ന ഹാളുകളിൽ, ഇതുപോലെ വ്യത്യസ്തങ്ങളായ 52 ബുദ്ധപ്രതികൾ സൂക്ഷിച്ചിട്ടുണ്ട്.  ഓരോന്നിലും, അതിന്റെ യഥാർത്ഥ മാതൃക എവിടെ നിന്ന് കണ്ടെടുത്തുവെന്നും അത് എന്ത് സന്ദേശം നൽകുന്നുവെന്നും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. (ദം‌റോംഗ് രാജാനുഭാബ് എന്ന രാജകുമാരനാണത്രേ ഈ മാതൃകകളൊക്കെ ശേഖരിച്ചത്..)

വെള്ളയും കറുപ്പുംയൂണിഫോമിൽ, കാഴ്ചകൾ കണ്ട് പാറിനടക്കുന്ന തായ് കൌമാരം.. ഓർമ്മയിലോടിയെത്തിയത്, പണ്ട് സ്കൂളിൽ നിന്നും പോയിട്ടുള്ള വിനോദയാത്രകളാണ്..

അമ്പലത്തിന്റെ മുന്നിലെ വഴിയരികിൽ ഈ അമ്മച്ചി ചക്കപ്പഴം ഇരിഞ്ഞുവയ്ക്കുന്ന തിരക്കിലാണ്. ശ്രദ്ധിച്ചുനോക്കിയാൽ, അങ്ങേയറ്റത്തായി ചക്കക്കുരു ശേഖരവും കാണാം. മലയാളികളെപ്പോലെ തന്നെ തായ്ലന്റുകാർക്കും ചക്ക ഇഷ്ടവിഭവമാണെന്ന് തോന്നുന്നു. 




ഇനി അൽ‌പ്പം ട്രെയിൻ യാത്ര.. ആദ്യം സ്കൈ (BTS) ട്രെയിൻ (നമ്മുടെമെട്രോയ്ക്ക് ഇവർ ഇട്ടിരിക്കുന്ന ഓമനപ്പേര് സ്കൈഎന്നാണ്.. ഓരോരോ പരിഷ്കാരങ്ങൾ!). ഈ ചെങ്ങാതിയുടെ സഞ്ചാരം ആകാശപ്പാതയിലൂടെ..

ഇടതുവശത്ത്സ്കൈ ട്രെയിൻസ്റ്റേഷനാണ്.. റോഡിന് മുറുകെയുള്ള ഈ നടപ്പാലത്തിലൂടെ വലതുവശത്തേയ്ക്കിറങ്ങിയാൽ ചെന്നെത്തുന്നത് മറ്റൊരു സ്റ്റേഷനിലേയ്ക്ക് -റ്റ്യൂബ് ട്രെയിൻഅഥവാ ഇവിടുത്തെ മെട്രോ റെയിൽ (MRT)’. (സിയാം / അശോക്, ചതുചക് പാർക്ക് / മോ ചിറ്റ് എന്നീ സ്റ്റേഷനുകളിൽ നിന്ന് മാത്രമേ സ്കൈ’-യിൽ നിന്നും 'റ്റ്യൂബിലേയ്ക്ക് (തിരിച്ചും) ഇങ്ങനെ എളുപ്പത്തിൽ മാറിക്കയറാൻ സാധിക്കുകയുള്ളൂ.)

ചതുചക് പാർക്ക് MRT സ്റ്റേഷന്റെ കവാടം. തൊട്ടരികെയുള്ള പാർക്കിന്റെ പേരിലാണ് സ്റ്റേഷൻ അറിയപ്പെടുന്നത്. ട്രെയിനിൽ കയറാനായി പുറപ്പെടുന്നതിനുമുന്നെ പാർക്കിലൊന്ന് നടന്നിട്ട് വരാം.

വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന പാർക്ക്. നഗരത്തിരക്കിനിടയിലും ഇത്ര വിശാലമായ സ്ഥലം പാർക്കിനുവേണ്ടി മാറ്റിവച്ചിരിക്കുന്നത് അഭിനന്ദനീയം തന്നെ.

കാത്തുനിൽക്കാൻ കൂട്ടാക്കാതെ ഘടികാരസൂചികൾ നടന്നകലുന്നു; യാത്ര തുടരുന്നതിനായി  തിരികെ റെയിൽ‌വേ സ്റ്റേഷനിലേയ്ക്ക് മനസ്സില്ലാമനസ്സോടെ..

റ്റ്യൂബിനുള്ളിൽ എല്ലാവരും സ്വന്തം കാര്യം സിന്ദാബാമൂഡിലാണ്. സ്കൈ ട്രെയിനിലും യാത്രക്കാർക്ക് ഇതേ രീതി തന്നെ. മൊബൈലിലും ടാബ്‌ലറ്റിലുമൊക്കെ കൊത്തിപ്പെറുക്കി നേരം‌പോക്കുന്നു, പരസ്പരം സംസാരിക്കുന്നത് പോലുമില്ല. നമ്മുടെ നാട്ടിലാണെങ്കിൽ, തീവണ്ടിയുടെ ശബ്ദത്തിനേക്കാൾ ഉയർന്നു കേൾക്കുന്നത് യാത്രക്കാരുടെ ബഹളമാണ്. ഇന്നാട്ടിലെ തീവണ്ടികളിൽ കേൾക്കുന്നത് അടുത്ത സ്റ്റേഷൻ ഏതാണെന്ന അറിയിപ്പ് മാത്രം!! (സ്കൈ-യും റ്റ്യൂബും കൂടാതെ, രാജ്യത്തിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് സാധാ തീവണ്ടിയും തായ്ലന്റിൽ സേവനം നടത്തുന്നുണ്ട്.)

നമ്മുടെ ഓട്ടോ, അവരുടെ ടുക് ടുക്‘. കാഴ്ചയിലുള്ള ഈ പരുക്കൻ സ്വഭാവം യാത്രയിലും അനുഭവപ്പെടും. നമ്മുടെ നാടൻ ഓട്ടോറിക്ഷകളെപ്പോലെ അത്ര സുഖകരമല്ല ഇതിലെ യാത്ര, എന്നാലോ കൂലി തെല്ലും കുറവില്ല താനും. അക്കാര്യത്തിൽ ഇവർ ടാക്സി കാറുകളുമായി മത്സരത്തിലാണെന്ന് തോന്നുന്നു.

കരയിൽ, കടലിൽ, കടലിന്നടിയിൽ, അന്തരീക്ഷത്തിൽ.. വൈവിധ്യമാർന്ന യാത്രാനുഭവങ്ങളും നേർക്കാഴ്ചകളും സമ്മാനിച്ച ഒരു സഞ്ചാരം ഇവിടെ അവസാനിക്കുകയാണ്. കണ്ട കാഴ്ചകൾ മനോഹരം, കാണാത്ത കാഴ്കൾ അതിമനോഹരം.മനോഹരവും അതിമനോഹരവുമായ കാഴ്ചകളിലേയ്ക്ക് എന്നെങ്കിലും ഒരിക്കൽകൂടെ വരണമെന്ന ആഗ്രഹം മനസ്സിൽ അരക്കിട്ടുറപ്പിച്ചായിരുന്നു മടക്കയാത്ര. 

 
കൃതജ്ഞത: തായ്ലന്റ് യാത്രയുടെ അമരക്കാരായി ഒപ്പമുണ്ടായിരുന്ന പ്രിയസുഹൃത്തുക്കൾക്ക്..

 
വിവരങ്ങൾക്ക് കടപ്പാട് : ഗൂഗിൾ
ചിത്രങ്ങൾക്ക് കടപ്പാട്: ബ്ലാക്ബെറി മൊബൈൽ

Tuesday, 24 September 2013

സുവർണ്ണബുദ്ധന്റെ നാട്ടിൽ - 2


(ആദ്യഭാഗം വായിക്കുവാൻ ഈ വഴിയേ കടന്നുവരൂ..)

നൊംഗ്നൂച്ച് ട്രോപ്പിക്കൽ ഗാർഡനിലെ കാഴ്ചകൾ തുടരുന്നു.. ‘ഗജമേള‘യിലേയ്ക്ക്..



ആബാലവൃദ്ധംആനകളും അണിനിരന്ന ഘോഷയാത്രയ്ക്ക് ശേഷം സഭാവന്ദനത്തോടെ കാര്യപരിപാടികൾ ആരംഭിക്കുകയായി. 



ഇടയ്ക്കിടെ ഇതുപോലെ ചിലർ വന്ന് കൈ നീട്ടും - കാണികളുടെയടുക്കൽ നിന്നും പഴം അടിച്ചുമാറ്റുകയാണ് ലക്ഷ്യം. (പഴം അവിടെ തന്നെ വിൽക്കുന്നുണ്ട്, കാശ് മുടക്കി മേടിച്ച്  കൊടുക്കണമെന്നേയുള്ളു.)


ആദ്യത്തെ ഐറ്റം - ബലൂൺ പൊട്ടിക്കൽ. ഉന്നം പിടിച്ച്, കൃത്യമായി ലക്ഷ്യത്തിൽ കൊള്ളിക്കുന്നതിൽ ഇവൻ തന്റെ എതിരാളിയേക്കാൾ മികച്ചുനിന്നു. ആന മിടുക്കൻ!


അതാ വരുന്നു, സൈക്കിളും ചവിട്ടി ഒരു വിരുതൻ!



ഇവിടെ ചില കലാകാരികൾ തകൃതിയായ പടം വരയിലാണ്.. ഒരാൾ ഹൃദയത്തിൽ സ്നേഹംനിറച്ചപ്പോൾ മറ്റ് രണ്ടുപേരും പ്രകൃതി സ്നേഹികളായി.. ടി-ഷർട്ടുകൾ ക്യാൻ‌വാസ് ആക്കിയാണ് അഭ്യാസം. ചിത്രരചനയ്ക്കൊടുവിൽ അവിടെവച്ചുതന്നെ ആ ഷർട്ടുകൾ കാശ് മുടക്കി വാങ്ങുവാനും സാധിക്കും.


ഓപ്പൺ ഗഗ്നം സ്റ്റൈലിന്റെ താളത്തിൽ ഒരു ഡാൻസ് പാർട്ടി..



കറുമ്പികളും കുറുമ്പികളും.. ആനകളുമായി ചങ്ങാത്തം കൂടാൻ മുതിർന്നവരെക്കാൾ കൂടുതൽ ആവേശം കൊച്ചുകുട്ടികൾക്കായിരുന്നു. യാതൊരു പേടിയും കൂടാതെ അവർ ആനകളോടൊപ്പം കളിച്ച് തിമിർത്ത് നടന്നു.


അമ്മയുടെ സംരക്ഷണയിൽ, ഏറ്റവും അവസാനമായി കളത്തിലിറങ്ങിയ ഈ ഇത്തിരിക്കുഞ്ഞനായിരുന്നു ഏവരുടെയും മനംകവർന്ന താരം! വലിയവരൊക്കെ പഴം തിന്നാൻ ഇടികൂടുമ്പോൾ, ആരെയും ശ്രദ്ധിക്കാതെ കുഞ്ഞുതുമ്പിക്കൈകൊണ്ട് മണ്ണ് വാരിത്തിന്നുന്ന തിരക്കിലായിരുന്നു ഈ കുറുമ്പൻ (അതോ കുറുമ്പത്തിയോ?)



ഷോ അവസാനിക്കുകയായി.. ആനകൾക്കൊപ്പം നിന്നും അവയുടെ തുമ്പിക്കൈകളിൽ ഊഞ്ഞാലാടിയും പടമെടുക്കാൻ താല്പര്യമുള്ളവർക്ക് ചെറിയ സംഖ്യ ഫീസ് അടച്ചാൽ അതിനുള്ള അവസരം ലഭിക്കും. 

നമ്മുടെ നാട്ടിലും ഇതുപോലെ ആനകളുണ്ടെങ്കിലും എന്തുകൊണ്ട് ഇത്തരം വിനോദങ്ങളിലൊന്നും അവയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് മനസ്സിൽ മുളപൊട്ടിയ ചോദ്യത്തെ അവഗണിച്ച്, അടുത്ത ലക്ഷ്യമായ ഫ്ലോട്ടിംഗ് മാർക്കറ്റിലേയ്ക്കുള്ള യാത്ര തുടരുന്നതിനായി പാർക്കിൽ നിന്നും പുറത്തുകടന്നു.

നൊംഗ്‌നൂച്ച് ഗാർഡനിൽ നിന്നും ഫ്ലോട്ടിംഗ് മാർക്കറ്റിലേയ്ക്ക് അധികദൂരമില്ല. മുൻ‌പേ ഗമിക്കുന്ന ഗോപു തന്റെ, പിൻ‌പേ ഗമിക്കുന്നു ബഹുഗോക്കളെല്ലാംഎന്നുപറഞ്ഞതുപോലെ പാനിന്റെ പിന്നാലെ മാർക്കറ്റിന്റെ ഉള്ളിലേയ്ക്ക്..  


ഒരു ലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, വെള്ളത്തിൽ ഉറപ്പിച്ച തൂണുകൾക്ക് മുകളിലായി തടികൾ പാകി, കച്ചവടമുറികളും ഹാളുകളും നടപ്പാതകളുമൊക്കെ ഒരുക്കിയെടുത്തിരിക്കുന്ന ഈ ഒഴുകും ചന്തയിൽ കൊച്ചുവഞ്ചികളിലെത്തുന്ന കച്ചവടക്കാരുടെ സൌകര്യാർത്ഥം ജലപാതകളും തീർത്തിരിക്കുന്നു. തായ്‌ലന്റിലെ 4 ഭാഗങ്ങളെ അനുസ്മരിപ്പിച്ച് ഈ ചന്തയെയും നോർത്ത് - സെൻ‌ട്രൽ - നോർത്ത്-ഈസ്റ്റ് - സൌത്ത് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. രാജ്യത്തെ ഓരോരോ ഭാഗങ്ങളിൽ ലഭിക്കുന്ന സാധനങ്ങൾ, മാർക്കറ്റിൽ അതാത് ഭാഗത്ത് ലഭ്യമാകും എന്ന് സാരം. 


നൂറുകണക്കിന് കച്ചവടമുറികളുള്ള ഈ ചന്തയിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെഎന്തും കിട്ടും. ഒപ്പം മസാജിംഗ് സെന്ററുകൾ, ഭക്ഷണശാലകൾ, മാർക്കറ്റിനെ ചുറ്റിയുള്ള ബോട്ടിംഗ് തുടങ്ങി പലപല പരിപാടികൾ.


എല്ലാ വഞ്ചികളിലും ഇതുപോലെ ചൈനയുടേയും തായ്‌ലന്റിന്റെയും പതാകകൾ കുത്തിയിട്ടുണ്ട്. ചൈനക്കാർക്കെന്താ ഈ വഞ്ചിയിൽ കാര്യംഎന്നറിയാൻ ഗൂഗിൾ മൊത്തം അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. (ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞുതരണേ..)


മാർക്കറ്റിന്റെ പ്രധാനകവാടം. മറ്റൊരു ഗേറ്റിലൂടെയാണ് അകത്തേയ്ക്ക് പ്രവേശിച്ചതെങ്കിലും, തിരക്കിനിടയിൽ വഴി തെറ്റി, ഒടുക്കം വന്നെത്തിയത് ഇവിടെ. പാൻ അന്വേഷിച്ച് വന്ന് കൂട്ടിക്കൊണ്ട് പോകുന്നതുവരെ ഇവിടെ കാത്തുനിൽക്കേണ്ടി വന്നു. 


ഫോട്ടോ: അരുൺ രാജ്


പത്തയയോട് വിട ചൊല്ലാൻ സമയമായി, ഒപ്പം പാനിനോടും. കുറെ നല്ല കാഴ്ചകൾക്ക് വഴികാട്ടിയായി വന്ന ആ സഹയാത്രികയ്ക്ക് യാത്രാമൊഴിയേകി നേരെ ബാങ്കോക്കിലേയ്ക്ക്..


ആ കാഴ്ചകൾ അടുത്ത ലക്കത്തിൽ.. അവിടേയ്ക്ക് ഈ വഴിയേ കടന്നുചെല്ലാം..