യു.എ.ഇ-യിലെ റാസ്
അൽ-ഖൈമ-യ്ക്കടുത്തുള്ള ജബൽ അൽ-ജൈസ് (Jebel Al Jais) മലനിരകളിലെ
കാഴ്ചകൾ തേടിയാണ് ഈ യാത്ര. അൽ-ഐൻ-ലെ ജബൽ
അൽ-ഹഫീത്
(Jabal Al
Hafeet) ആണ് നിലവിൽ യു.എ.ഇ-ലെ സഞ്ചാരികളെ
ആകർഷിക്കുന്ന പ്രധാന മലമ്പ്രദേശം. ലോകോത്തര നിലവാരമുള്ള
റോഡും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമൊരുക്കിയതോടെ ജബൽ അൽ-ഹഫീത് ആഗോളതലത്തിൽ
വിനോദസഞ്ചാരികളുടെ ശ്രദ്ധനേടിയിട്ടുണ്ട്. ഒരുപക്ഷേ, ജബൽ അൽ-ഹഫീതിന്
കിട്ടിയ ഈ സ്വീകാര്യതയാവാം ജബൽ
അൽ-ജൈസിനെ
അണിയിച്ചൊരുക്കാൻ അധികാരികളെ പ്രേരിപ്പിച്ചത്.
ദുബായിൽ നിന്നും
ഏതാണ്ട് 180 കിലോമീറ്ററുകൾ അകലെയായിട്ടാണ് ജബൽ
അൽ-ജൈസ്
സ്ഥിതി ചെയ്യുന്നത്. യു.എ.ഇ - ഒമാൻ അതിർത്തിയിലെ
ഈ മലനിരകളിൽ ജബൽ ബിൽ അയ്സ്
(Jabal Bil Ays) എന്ന കൊടുമുടിയാണ് ഉയരത്തിൽ
മുന്നിൽ - 6345 അടി (1934 മീറ്റർ). പക്ഷേ ഈ ഭാഗം
ഒമാൻ അതിർത്തിക്കുള്ളിലാണ്. 6266 അടി ഉയരത്തിൽ
യു.എ.ഇ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന, എന്നാൽ ഇതുവരെ
നാമകരണം ചെയ്യപ്പെടാത്തതുമായ മലയാണ്
യു.എ.ഇ-യിലെ
ഏറ്റവും ഉയർന്ന പ്രദേശം.
ഗൂഗിൾ മാപ്പിന്റെ
സഹായത്തോടെ പോകാനുള്ള വഴി കണ്ടുപിടിച്ച്
ജി.പി.എസ്-ൽ സെറ്റ്
ചെയ്തു; മൂവർ സംഘത്തെയും വഹിച്ച് ടൊയോട്ട
കാമ്രി ലക്ഷ്യത്തിലേയ്ക്ക് പ്രയാണമാരംഭിച്ചു.
ദുബായിയിൽ നിന്നും എമിറേറ്റ്സ് റോഡ്
വഴി റാസ് അൽ-ഖൈമ - അവിടെ നിന്നും
ഖുസാം റോഡിലൂടെ മലമുകളിലെത്താനുള്ള വഴിയിലേയ്ക്ക്
തിരിയാമെന്നാണ് ഗൂഗിൾ ഭഗവാന്റെ അരുളപ്പാട്.
മാപ്പോട് മാപ്പ്!! |
പക്ഷേ, മലമുകളിലേയ്ക്കുള്ള പാതയുടെ സൂചിക ‘മാപ്പി’ൽ കണ്ടപ്പോൾ ഇത്തിരി ആശങ്ക തോന്നാതിരുന്നില്ല. ആകെ മൊത്തം വളഞ്ഞ്പുളഞ്ഞ് ഒരു വല്ലാത്ത രൂപത്തിൽ കാണപ്പെടുന്ന റോഡിലൂടെ കാർ യാത്ര സാധ്യമാകുമോ എന്ന് പോലും നിശ്ചയമില്ല. വരുന്നിടത്ത് വച്ച് കാണാമെന്ന് മനസ്സിലുറപ്പിച്ച് യാത്ര തുടരുകയാണ്.
പോകുവാനതേറയുണ്ട് ദൂരമെന്നതോർക്കണം.. |
അവധി ദിവസത്തിന്റെ ആലസ്യം വിട്ടുമാറാത്ത, വിശാലമായ എമിറേറ്റ്സ് റോഡിലൂടെ കാർ പാഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്ക് ഈയുള്ളവന് ഡ്രൈവിംഗ് സീറ്റിലേയ്ക്ക് സ്ഥാനമാറ്റം കിട്ടി; സഹയാത്രികരിൽ ഒരാൾ ജിപിഎസ്സിന്റെ പിന്നാലെ കൂടിയപ്പോൾ മറ്റേയാൾ ക്യാമറയൊക്കെ സെറ്റ് ചെയ്ത് ഫോട്ടോ ഷൂട്ട് ആരംഭിച്ചു.
ഗൂഗിളാശാന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച്, റാസ്-അൽ-ഖൈമയിൽ
നിന്നും ഖുസാം റോഡിലേയ്ക്ക് തിരിഞ്ഞു. അതുവരെ
പിന്നിട്ട വിശാലതയോ സൌന്ദര്യമോ ഒന്നും
ആ വഴിയ്ക്കില്ല.
ദൂരെ ദൂരെ മാമലകൾ.. |
ഏതോ ഉൾനാട്ടിലേയ്ക്ക് പോകുന്ന ഒരു തനിനാടൻ ഒറ്റവരിപ്പാത. നഗരപരിധി കഴിഞ്ഞതോടെ വഴി കൂടുതൽ പരുക്കനായി; ഒപ്പം അങ്ങ് ദൂരെ മലനിരകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു.
അതാ അവിടെ വരെ.. |
ഖുസാം റോഡിൽ നിന്നും വലത്തേയ്ക്ക് തിരിയാൻ ഗൂഗിളാശാന്റെ കൽപ്പന! വലത്തേയ്ക്ക് തിരിയാൻ അവിടെ അങ്ങനെ വഴിയൊന്നും കാണുന്നില്ല, എങ്കിലും ആശാൻ പറഞ്ഞതല്ലേ എന്ന് കരുതി തിരിഞ്ഞു. ചരൽ നിറഞ്ഞ ആ മൺപാതയുടെ അടിയിലെവിടെയോ ഒരു ടാർ റോഡ് ഒളിഞ്ഞുകിടപ്പുണ്ടെന്ന് അധികം താമസിയാതെ പിടികിട്ടി. മലവെള്ളം കുത്തിയൊഴുകി മൂടപ്പെട്ട ടാർ റോഡ് കുറച്ചകലെയായി തലപൊക്കി.
മാമലകൾക്കപ്പുറത്ത്.. |
തലയ്ക്ക് മീതെ ശൂന്യാകാശം, താഴെ മരുഭൂമി.. |
ദൂരെയായി നിന്നിരുന്ന മലകളൊക്കെ വളരെ അടുത്തെത്തിയിരിക്കുന്നു. സഞ്ചാരികൾക്ക് സ്വാഗതമോതുന്ന വിധത്തിൽ നിലകൊള്ളുന്ന ആദ്യമലയുടെ നെറുകയിൽ യു.എ.ഇ-യുടെ പതാക പാറിക്കളിക്കുന്ന കാഴ്ച അതിമനോഹരം!
സുസ്വാഗതം!! |
ഇടയ്ക്ക് ഒരു ചെക്ക് ഡാം. മലയടിവാരത്തിലുള്ള കൃഷിയിടങ്ങൾക്കാവശ്യമായ ജലവിതരണം ആ ഡാമിൽ നിന്നാണെന്ന് തോന്നുന്നു.
മരുഭൂവിലൊരു തടയണ.. |
മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന *വാദികളെല്ലാം കൃത്യമായി ഈ ഡാമിന്റെ പരിധിക്കുള്ളിൽ വന്നുചേരുന്ന വിധത്തിലാണ് അതിന്റെ നിർമ്മാണം.
മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന *വാദികളെല്ലാം കൃത്യമായി ഈ ഡാമിന്റെ പരിധിക്കുള്ളിൽ വന്നുചേരുന്ന വിധത്തിലാണ് അതിന്റെ നിർമ്മാണം.
വെയിൽ ശക്തിപ്രാപിക്കുന്നതിനുമുന്നെ ലക്ഷ്യത്തിലെത്തണം, അതുകൊണ്ട് ഡാമിന്റെ കാഴ്ചകളിൽ നിന്നും പെട്ടെന്ന് തന്നെ പിൻവലിഞ്ഞ് യാത്രതുടർന്നു. വളരെ അപൂർവമായി ചില വാഹനങ്ങൾ മറികടന്ന് പോകുന്നുണ്ട്.
മലഞ്ചെരുവുകളെ വെട്ടിയൊതുക്കിയും കീറിമുറിച്ചുമൊക്കെ ആ ഒറ്റവരിപ്പാത മുന്നേറുകയാണ്. തായിഫിലെയും അബഹയിലെയുമൊക്കെ പോലെ, മരുഭൂമിയിലെ മലമ്പാതകളുടെ സർവ്വ സൌന്ദര്യവും പ്രകടമാക്കുന്ന വഴിത്താര.
വശ്യം.. മോഹനം.. |
ചെന്നെത്തിയത്, ഒരു ചെറിയ “റൌണ്ട്-എബൌട്ട്”-ൽ.. വലത്തേയ്ക്കുള്ള വഴി അടച്ചിരിക്കുന്നു. ഇടത്തേയ്ക്കുള്ള വഴി നേരെയുള്ള വഴിയേക്കാൾ താരതമ്യേന പുതിയതാണെന്ന് തോന്നുന്നു. നേരെയുള്ള പാതയിലൂടെയും മലമുകളിലെത്താം, പക്ഷേ ആ വഴി കൂടുതൽ പരുക്കനാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും. ഗൂഗിളാശാൻ ഇടത്തേയ്ക്കുള്ള വഴിയിലേയ്ക്ക് വിരൽചൂണ്ടി നിൽപ്പാണ്; വണ്ടി ആ വഴിക്ക് തിരിഞ്ഞു.
പ്രകൃതിയുടെ കൊത്തുപണികൾ.. |
വഴിയോരത്ത് ഇടയ്ക്കിടെ
പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളും ആട്ടിടയന്മാരുടെ സങ്കേതങ്ങളുമൊക്കെ മിന്നിമായുന്നു. “ആടുണ്ട്, സൂക്ഷിക്കുക” എന്ന മട്ടിൽ
ആട്ടിൻ തല പതിച്ച ബോർഡുകൾ
ഇത്തരം സ്ഥലങ്ങളിലൊക്കെ തലയുയർത്തി
നിൽക്കുന്നുണ്ട് – ആടുകൾ വഴി മുറിച്ചുകടക്കാനുള്ള സാധ്യതയെപ്പറ്റി സഞ്ചാരികൾക്കുള്ള മുന്നറിയിപ്പ്.
ചിലയിടങ്ങളിൽ ഒട്ടകത്തലകളും കണ്ടു.
ഒളിഞ്ഞിരിക്കുന്ന കാഴ്ചകളിലേയ്ക്ക്.. |
സമതലത്തിൽ നിന്നും യാത്ര പതിയെ കുന്നുകയറിത്തുടങ്ങി.. ഗൂഗിൾ മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ വഴിയുടെ സ്വഭാവം വളഞ്ഞും പുളഞ്ഞും മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പാതയിൽ സഞ്ചാരം ബഹുരസം. അതിശക്തമായ ഉരുക്കുവേലിയുടെ അപ്പുറത്ത്, അഗാധ ഗർത്തങ്ങൾക്ക് പിന്നിൽ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമി.
വളവിൽ തിരിവ് സൂക്ഷിക്കുക..! |
ഓരോ വളവിനുമപ്പുറം അപ്രതീക്ഷിതമായി കടന്നുവരാൻ സാധ്യതയുള്ള വാഹനങ്ങളെ പ്രതീക്ഷിച്ച്, വളരെ ശ്രദ്ധിച്ചാണ് മലകയറ്റം. ചിലയിടങ്ങളിൽ, മലവെള്ളം കുത്തിയൊഴുകി റോഡും കലുങ്കുമൊക്കെ ഇടിഞ്ഞുപോയിട്ടുണ്ട്. ചെങ്കുത്തായ മലകളെ വെട്ടിയൊരുക്കി പാതയുണ്ടാക്കി സംരക്ഷിക്കുക എന്നത് ഇമ്മിണി ബല്ല്യ പങ്കപ്പാട് തന്നെ.
സുന്ദരൻ ഞാനും... |
കാഴ്ചകൾ കാണാനായി പാതവക്കിൽ സൌകര്യപൂർവം വണ്ടിയൊതുക്കി. കുറച്ച് ഫോട്ടോകളൊക്കെ എടുത്ത് മടങ്ങുമ്പോളാണ് പാറക്കല്ലുകൾക്കിടയിലൂടെ ഓടിനടക്കുന്ന ഒരു വിരുതനെ കണ്ടത് – ഒരു ഓന്ത്.. ക്യാമറമാൻ ചാഞ്ഞും ചെരിഞ്ഞും നിന്ന് ടിയാന്റെ കുറെ ചിത്രങ്ങൾ പകർത്തി. ഓന്തച്ചനും ഗമയൊട്ടും കുറച്ചില്ല, സ്റ്റൈലായി പോസ് ചെയ്ത് നിന്നു.
രുക്കാവത് കേലിയേ ഖേദ് ഹെ!! |
വീണ്ടും തുടർന്ന യാത്ര, വലിയ കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ട് ഏറിയ പങ്കും തടസ്സപ്പെടുത്തിയ വഴിയരികിൽ അവസാനിച്ചു. ടാറിട്ട് മെരുക്കിയ പാത അവിടെ അവസാനിക്കുന്നു; പക്ഷേ മലമുകളിലേയ്ക്കുള്ള ദൂരം ഇനിയും ബാക്കി! കല്ലും മണ്ണും നിറഞ്ഞ മലമ്പാതയിലൂടെ കുന്നുകയറാൻ ധൈര്യമുള്ളവർക്ക് കടന്നുപോകാനായി കുറച്ച് സ്ഥലം തുറന്നിട്ടിട്ടുണ്ട്.
താഴെ, “പോകണോ വേണ്ടയോ” എന്ന്
ശങ്കിച്ച് നിൽക്കുന്ന മറ്റ് ചിലർ. ആദ്യം
അവിടെ നിന്നുള്ള കാഴ്ചകൾ കണ്ടിട്ട്
അടുത്ത കാര്യം തീരുമാനിക്കാം എന്ന്
ഉറപ്പിച്ച് ആ പരപ്പിന്റെ അങ്ങേയറ്റത്തേയ്ക്ക് നടന്നു.
അനന്തം.. അഗാധം.. |
അഗാധമായ കൊക്കയും മലകളെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വഴിത്താരയും അങ്ങകലെ മരുഭൂമിയുടെ വിശാലതയും – എങ്ങും മനോഹരമായ കാഴ്ചകൾ.
വഴിയൊരു പുഴ പോലെ.. |
പിടി വിട്ട് പോയാൽ പൊടി പോലും കിട്ടില്ല.. |
പക്ഷേ, മനസ് കുതിക്കുന്നത് ആ മലമുകളിലേയ്ക്കാണ്.. മലയുടെ നെറുകയിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റും അക്ഷീണം പണിയെടുക്കുന്നുണ്ട്. അവിടവിടെയായി ചില വാഹനങ്ങളും ആളനക്കങ്ങളും കാണാം.
കീഴടക്കാൻ ഈ ഒരു മല കൂടെ.. |
ചെങ്കുത്തായ ആ മൺപാത താണ്ടാനുള്ള ശേഷി ‘കാമ്രി’ക്കുണ്ടോ? ഇടയ്ക്ക് വച്ച് തിരികെ പോരാമെന്ന് തോന്നിയാൽ വണ്ടി തിരിക്കാനുള്ള സൌകര്യമുണ്ടാവുമോ? ടയർ പാതിവഴിയിൽ പണി തരുമോ? “4 വീൽ ഡ്രൈവ്” വാഹനങ്ങളും പോകാൻ മടിക്കുന്ന വഴിയിൽ “2 വീൽ ഡ്രൈവ്” കാറുമായി പരീക്ഷണം വേണോ? അതുവരെ മനസ്സിന്റെ ഏഴയലത്തുപോലും എത്താതിരുന്ന നിരവധി ചോദ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി എഴുന്നെള്ളി..
അധികം ആലോചിച്ച്
സമയം കളഞ്ഞില്ല – പോയി
നോക്കുക തന്നെ..
ടാർ റോഡ് വിട്ട്, കോൺക്രീറ്റ് തടസ്സങ്ങളെ
പിന്നിലാക്കി കാർ വീണ്ടും പതിയെ
ചലിച്ച് തുടങ്ങി. ഭാഗ്യം, വഴി പ്രതീക്ഷിച്ചത്രയും മോശമല്ല.. മൺപാതയാണെങ്കിലും ഭാരമുള്ള വാഹനങ്ങൾ
കയറിയിറങ്ങി നല്ല ഉറപ്പുണ്ട് മിക്കയിടത്തും.
പൊടിയിൽ മുങ്ങിക്കുളിച്ച്, കയറ്റങ്ങളും വളവുകളുമൊക്കെ
താണ്ടി ചെന്ന് നിന്നത് ഭീമാകാരന്മാരായ ടിപ്പറുകളുടെയും മണ്ണുമാന്തി യന്ത്രങ്ങളുടെയും മുന്നിലേയ്ക്കാണ്. ഇനിയങ്ങോട്ട് തൽക്കാലം
യാത്ര സാധ്യമല്ല – റോഡുപണി നടക്കുന്നതേയുള്ളു.
കൂടുതൽ പരീക്ഷണം വേണ്ടെന്ന് കരുതി, കാർ
അരികിലൊതുക്കിയിട്ട്, അടുത്ത് കണ്ട മലമുകളിലേയ്ക്ക് നടന്നു.
വഴി തുറക്കുന്നവർ.. |
ഒരു സായിപ്പും കുടുംബവും ആ റോഡുപണി നോക്കി നിൽക്കുന്നുണ്ട്. ടെന്റും മറ്റ് കിടുപിടി സാധനങ്ങളുമൊക്കെയായിട്ടാണ് അവരുടെ വരവ്. ആദ്യമായി ടിപ്പർ കാണുന്ന മട്ടിൽ നോക്കി നിൽക്കുന്ന അവരെ പിന്നിട്ട് മലകയറ്റം തുടർന്നു. നടവഴിയുടെ ഓരത്ത് ഒരു കിണർ!! അവിടെ നിന്നും വെള്ളമെടുക്കാൻ മോട്ടോറും പൈപ്പുമൊക്കെ സ്ഥാപിച്ചിട്ടുണ്ട്. മരുഭൂമിയിലെ ആ മലമുകളിൽ ജലത്തിന്റെ ലഭ്യത അതിശയമുളവാക്കുന്നു. ചുറ്റുപാടുമുള്ള കാഴ്ചകൾ ഇരുന്നാസ്വദിക്കുവാൻ ചെറിയ ഇരിപ്പിടങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട് മലമുകളിൽ.
സഞ്ചാരികളെ കാത്ത്.. |
മലയുടെ മറുവശത്ത് ഒരു ആട്ടിൻ കൂട്ടവും അവയ്ക്കുവേണ്ട പുൽകൃഷിയുമൊക്കെയായി കാർഷികസംസ്കാരത്തിന്റെ സാന്നിധ്യം. നേരെ താഴെ, പിന്നിട്ട് വന്ന വഴികൾ.. മലമടക്കുകൾ.. അഗാധഗർത്തങ്ങൾ.. ആ കാഴ്ചകൾ വിവരിക്കുവാൻ വാക്കുകൾ പോരാതെ വരുന്നു.
ഒറ്റയടിപ്പാത!! |
അത്യുന്നതങ്ങളിലേയ്ക്ക്.. |
അങ്ങകലെ മറ്റൊരു മല തലയുയർത്തി നിൽക്കുന്നു.. അതിന്റെ മുകളിലേയ്ക്കുള്ള വഴി ഒരു നൂല് പോലെ കാണാം.. പെട്ടെന്നാണ് ഒരു വാഹനം ആ മൺപാതയിലൂടെ പൊടിപടലങ്ങളുയർത്തി പോകുന്നത് ശ്രദ്ധിച്ചത്.
ദാ പോകുന്നു സായിപ്പ്..!! |
എവിടെയോ കണ്ടുപരിചയമുള്ള വണ്ടി!! താഴേയ്ക്ക് തിരിഞ്ഞുനോക്കിയപ്പോൾ അവിടെ നിന്നിരുന്ന സായിപ്പ് & ഫാമിലിയുടെ പൊടിപോലുമില്ല കണ്ടുപിടിയ്ക്കാൻ.. മണ്ണുമാന്തിയന്ത്രങ്ങൾ വിശ്രമത്തിനായി പണിനിർത്തിയപ്പോൾ തുറന്നുകിട്ടിയ പാതയിലൂടെ വണ്ടിയുമെടുത്ത് പാഞ്ഞിരിക്കുകയാണ് സായിപ്പ്! ആ ഒരു അവസരത്തിനുവേണ്ടിയാണ് കക്ഷി ഈ കണ്ട നേരമത്രയും അവിടെ കാത്തുനിന്നത്.. (വെറുതെ തെറ്റിദ്ധരിച്ചു..)
പിന്നി(യി)ട്ട വഴികൾ.. |
ദുർഘടമായ ആ വഴിയിലൂടെ ‘കാമ്രി’യുമായി പോകാനുള്ള ധൈര്യമില്ലാത്തതിനാൽ, ആ മല കൂടെ കീഴടക്കുവാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി പതിയെ കാഴ്ചകളിലേയ്ക്ക് മടങ്ങി.
നല്ല കാറ്റുള്ളതിനാൽ വെയിലിന്റെ ചൂട് അറിയുന്നില്ല. സമയം 2 മണി കഴിഞ്ഞിരിക്കുന്നു..
വയറ്റിലെ കത്തൽ, അകത്തേയ്ക്ക് ചെല്ലുന്ന
വെള്ളത്തെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് അനുനിമിഷം
ശക്തിയാർജ്ജിക്കുന്നു. വിശപ്പിന്റെ വിളി
അവഗണിക്കാനാവാത്തതുകൊണ്ട്, മടക്കയാത്രയ്ക്കായി മലയിറങ്ങി.
സഫലമീ യാത്ര!! |
മൺപാതയിലൂടെ, അങ്ങോട്ട് കയറിയതിനേക്കാൾ എളുപ്പത്തിൽ, യാതൊരു കുഴപ്പവുമില്ലാതെ കാർ തിരികെ ടാർ റോഡിലെത്തി. മുകളിലേയ്ക്കുള്ള വഴിയെപ്പറ്റി അറിയാൻ അവിടെ കാത്തുനിന്നിരുന്ന ഒരു കുടുംബത്തോട് “ഇവിടെ വരെ വന്നിട്ട് മലമുകളിൽ പോകാതെ മടങ്ങരുത്” എന്ന പ്രചോദനം നൽകി ചുരമിറങ്ങിത്തുടങ്ങി.
അധികമാരും എത്തിപ്പെടാത്ത ഈ വഴികളിലൂടെ ഇനി വരുമ്പോൾ സഞ്ചാരികളുടെ
തിരക്കായിരിക്കാം.. പാതി പണിതീർന്ന ഈ പാത
അപ്പോളേയ്ക്കും അങ്ങ് മലമുകൾ വരെ
നയിച്ചേക്കാം.. രാത്രികാലങ്ങളിൽ മിന്നാമിന്നികൾ വെളിച്ചം പകരുന്ന ഈ മലകളിലൊക്കെ
വൈദ്യുതിവിളക്കുകൾ തെളിഞ്ഞേക്കാം.. വരണം ഒരിക്കൽക്കൂടെ;
സർവ്വാലംകൃതയായി നിൽക്കുന്ന അന്നത്തെ ആ മലയോരക്കാഴ്ചകൾ കാണാൻ.. കാണാക്കാഴ്ചകളുടെ കലവറയൊരുക്കിയ ജബൽ
അൽ-ജൈസിന്
തൽക്കാലം വിട!
യാത്രികനും സഹയാത്രികരും |
===========
*വാദി (Wadi) – പ്രധാനമായും
മഴവെള്ളം ഒഴുകി രൂപപ്പെട്ട നീർച്ചാലിനെയാണ് ഈ വാക്കുകൊണ്ട് അറബികൾ ഉദ്ദേശിക്കുന്നത്. ഓരോ നാട്ടിലെയും
‘വാദി‘കൾക്ക് തനതായ പേരുകളുണ്ട്. ‘വാദി’യുടെ താഴ്വരയിലുള്ള
ജനവാസപ്രദേശവും അറിയപ്പെടുന്നത് ആ ‘വാദി’യുടെ
പേരിലായിരിക്കും. (സൌദിയിലെ ദവാസിർ താഴ്വരയിലെ
‘വാദി അൽ ദവാസിർ’ എന്ന പട്ടണം
ഉദാഹരണം.)
===========
കൃതജ്ഞത :
പടം
പിടിയ്ക്കൽ : കിരൺ. പി. ആർ. (ദുബായ്)
സാങ്കേതിക
സഹായങ്ങൾ : ആശിഷ് ജോസ് (ദുബായ്)നാട്ടറിവുകൾ : വിക്കിപീഡിയ
വഴികാട്ടി : ഗൂഗിൾ മാപ്