കുട്ടപ്പന്‍ നേഴ്സറി വാഴും കാലം... നേരത്തെ പറഞ്ഞപോലെ മഹത്തായ 3 വര്‍ഷം കയറിയിറങ്ങീട്ടാണ` കുട്ടപ്പന്‍ നേഴ്സറി പാസ്സായത്. ഏതുകാര്യവും മനസ്സിരുത്തി മനസ്സിലാക്കി പഠിക്കണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല കുട്ടപ്പന്‍ ഇക്കണ്ടകാലമൊക്കെ നേഴ്സറിയുടെ പടി ചവിട്ടിയത്. അതിന` കാരണം, മരിയ എന്നുപേരുള്ള ഒരു കന്യാസ്ത്രീ ആയിരുന്നു. സ്നേഹമയിയായ ആ മഠത്തിലമ്മയെ വിട്ട് വേറൊരു ലാവണത്തിലേക്ക് കുടിയേറുന്ന കാര്യം കുട്ടപ്പന` ആലോചിക്കന്‍ പോലും സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ, അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ നമ്മുടെ കഥനായകന്‍ പ്രസ്താവന ഇറക്കും, "ഞാന്‍ ഇക്കൊല്ലവും നേഴ്സറിയിലേക്ക് തന്നെ". പക്ഷേ, കുട്ടപ്പന്റെ ഈ "നേഴ്സറിപ്രേമത്തില്‍" കഷ്ടപ്പെട്ടത് അവന്റെ നേരെ മൂത്തപെങ്ങള്‍ അന്നമ്മയാണ`. കുട്ടപ്പന്റെ പ്രായവും "സ്വഭാവശുദ്ധിയും" പരിഗണിച്ച്, അവന്റെ നേഴ്സറിയാത്രകളുടെ "ഫസ്റ്റ് ഇയറില്‍" അകമ്പടിപോകേണ്ട ഗതികേട് ആ പാവത്തിനുണ്ടായി. അങ്ങനെ കുട്ടപ്പനെപ്പോലെ തന്നെ അന്നമ്മയ്ക്കും 3 വര്‍ഷം നേഴ്സറില്‍ പോകേണ്ടിവന്നു എന്നത് ഒരു പരസ്യമായ രഹസ്യമാണ`. (പില്‍ക്കാലത്ത് അന്നമ്മയ്ക്ക് വന്ന പല കല്ല്യാണ ആലോചനകളും ഇക്കാരണത്താല്‍ മുടങ്ങിപ്പോയെന്നും മുടങ്ങാന്‍ മടികാണിച്ച കല്ല്യാണങ്ങളെ ചിലര്‍ ബലംപ്രയോഗിച്ച് മുടക്കിയെന്നും അനുബന്ധം)
നേഴസറിയില്‍ കുട്ടപ്പന്‍ രാജാവായിരുന്നു। അകമ്പടി സേവിക്കുന്ന പരിവാരങ്ങളേക്കാള്‍ അടുത്തിരിക്കുന്ന "തരുണീമണികളോട്" കുട്ടപ്പന്‍ കൂടുതല്‍ സ്നേഹം കാണിക്കുന്നത് പ്രായത്തിന്റെ ചാപല്ല്യമായിട്ടേ എല്ലാവരും കണക്കാക്കിയുള്ളു. "അവിടെ തിരിഞ്ഞാല്‍ പ്രിന്‍സ്... ഇവിടെ തിരിഞ്ഞാല്‍ പ്രിന്‍സ്..." എന്ന സിനിമാപ്പാട്ട് പോലെ, ഇടത്തും വലത്തും ഓരോ പെണ്‍കുട്ടികളുടെ സാമീപ്യത്തിലായിരുന്നു കുട്ടപ്പന്‍ ക്ലാസ്സിലിരുന്നിരുന്നത്. ആദ്യരണ്ടുവര്‍ഷങ്ങള്‍ വല്ല്യ അപകടമൊന്നും കൂടാതെ കടന്നുപോയി. എന്നാല്‍ "ഫൈനല്‍ ഇയറില്‍" കുട്ടപ്പന്‍ "സ്റ്റാറായി". ആ കൊല്ലത്തെ നേഴ്സറി വാര്‍ഷികത്തിന` കുട്ടികള്‍ അവതരിപ്പിച്ച നാടകത്തിലെ "ഹീറോ" ആയിരുന്നു കുട്ടപ്പന്‍. രൂപത്തിലും ഭാവത്തിലും മറ്റ് കുട്ടികളേക്കാള്‍ കേമനായതുകൊണ്ടാണ` താന്‍ "ഹീറോ" ആയത് എന്ന ഭാവമൊന്നും കുട്ടപ്പന്‍ പുറത്തുകാണിച്ചില്ല. നാടകത്തിന്റെ "റിഹേഴ്സല്‍" പുരോഗമിക്കവേയാണ`, ഞെട്ടിപ്പിക്കുന്ന ഒരു സത്യം കുട്ടപ്പന്‍ മനസ്സിലാക്കിയത്. അത് മറ്റൊന്നുമായിരുന്നില്ല - ക്ലാസ്സില്‍ തന്റെ 'വാമഭാഗം' അലങ്കരിച്ചിരുന്ന സൂസി നാടകത്തില്‍ പെങ്ങളാകുന്നു! ഈ വിവരം അറിഞ്ഞപ്പോളുണ്ടായ "ഷോക്കില്‍" നിന്നും കരകയറാനെടുത്ത കാലതാമസം കുട്ടപ്പന്റെ ജീവിതത്തിലെ കറുത്ത അധ്യായമായി അവശേഷിച്ചേനെ. എന്നാല്‍ തന്റെ അഭാവം മുതലാക്കി, നായകനാവാന്‍ വള്ളിട്രസറും ഇട്ടുവന്ന അന്തോണിക്കുട്ടിയുടെ മനസ്സിലിരുപ്പ് "ഐ എസ് ഐ" ചാരന്മാരെ വെല്ലുന്ന തന്റെ "ഇന്റലിജെന്‍സ് ബ്യൂറോ" വഴി കണ്ടുപിടിച്ചതോടെ "പെങ്ങള്‍ എങ്കില്‍ പെങ്ങള്‍... സൂസി എന്റെ കൂടെയുണ്ടേല്‍ ജീവിക്കാന്‍ വേണ്ടി ഞാന്‍ മരിക്കാനും തയ്യാറാണ`" എന്ന ധീരപ്രഖ്യാപനവും നടത്തി കുട്ടപ്പന്‍ വീണ്ടും തട്ടകത്തില്‍ കയറി. ഒടുവില്‍, വാര്‍ഷിക ദിനത്തില്‍ വല്യ അപകടങ്ങളൊന്നും കൂടാതെ നാടകം അരങ്ങേറി. എന്നാല്‍ നാടകമദ്ധ്യേ, അറിയാതെ എന്ന മട്ടില്‍ കുട്ടപ്പന്‍ സൂസിയുടെ കയ്യില്‍ രണ്ടുമൂന്നുതവണ പിടിച്ചത്, സംവിധായകന്റെ മാത്രമല്ല, കണ്ടുകൊണ്ടിരുന്ന അന്തോണിക്കുട്ടിയുടെ ഉള്ളിലും തീ കോരിയിട്ട പ്രതീതി ഉണ്ടാക്കി.
കുട്ടപ്പന്റെ "നാടക"ത്തെ കടത്തിവെട്ടിക്കൊണ്ട് ഒരു ഡാന്‍സ് പ്രകടനം തുടര്‍ന്നു നടന്നു... "കീയാം കീയാം കുരുവി" എന്ന ഗാനത്തിനൊപ്പിച്ചു കുട്ടികള്‍ അരങ്ങുവാഴുന്നു. കാലൊടിഞ്ഞ കുരുവിക്ക് കൂടുവെയ്ക്കാന്‍ ഇടംനല്‍കാത്ത മരങ്ങളൊക്കെ കാറ്റടിച്ചുവീഴുന്നതും ഇടം നല്‍കിയ മരം മാത്രം നിലനില്‍ക്കുന്നതുമാണ` ഡാന്‍സിന്റെ "സെന്റര്‍ ബോള്‍ട്ട്". കുരുവിയായി ഒരു കുട്ടി സ്റ്റേജ് മുഴുവന്‍ ഓടിനടക്കുന്നു. പലതരത്തിലുള്ള മരച്ചില്ലകളും പിടിച്ചു വേറെ കുറെ കുട്ടികള്‍ സ്റ്റേജില്‍ അവിടവിടെയായി നില്‍ക്കുന്നു. കുറെ പാടുപെട്ടെങ്കിലും ഒടുവില്‍ കുരുവിക്കു കൂടുവെയ്ക്കാന്‍ ഒരു ചില്ല കിട്ടി. അധികം താമസിയാതെ കാറ്റടിക്കാന്‍ തുടങ്ങി. മാവ്, തെങ്ങ് തുടങ്ങി ഒരുമാതിരി മരങ്ങളൊക്കെ നിലംപറ്റി. ഇനി വീഴാനുള്ളത് പ്ലാവാണ`, അതും കുരുവിക്ക് ഇടംകൊടുക്കാത്ത ലിസ്റ്റില്‍ പെട്ട മരമാണ`. വീഴാനുള്ള സൂചനയൊക്കെ കൊടുത്തിട്ടും "പ്ലാവിന`" അനക്കമില്ല. "ഈ കാറ്റത്ത് ഒരു പുല്ലും വീഴില്ല" എന്ന മട്ടില്‍ പ്ലാവിന്റെ കൊമ്പും പിടിച്ചുനില്‍ക്കുന്നത് മറ്റാരുമല്ല, കുട്ടപ്പന്റെ "ബോണ്‍ എനിമി" അന്തോണിക്കുട്ടി.
കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലല്ലോ എന്ന് ആളുകള്‍ ചിന്തിച്ചുതുടങ്ങിയപ്പോളാണ` പെട്ടെന്ന് പ്ലാവ് പെടന്നുവീണത്. എന്താണ` സംഭവിച്ചതെന്നറിയാന്‍ തലപൊക്കി നോക്കിയവര്‍ കണ്ടത്, അന്തോണിക്കുട്ടിയുടെ പിന്നില്‍ നിന്നും നാട്ടിലെ പ്രമാണിമാരിലൊരാളും സല്‍സ്വഭാവിയും സാമാന്യം ഭേദപ്പെട്ട കള്ളുകുടിക്കാരനുമായ കുഞ്ഞപ്പന്‍ ചേട്ടന്‍ നടന്നുപോകുന്നതാണ`. അങ്ങേര്‍ അന്തോണിക്കുട്ടിയെ തള്ളിയിട്ടതാണെന്നും, അതല്ല കുഞ്ഞപ്പന്‍ ചേട്ടന്റെ കൊമ്പന്‍ മീശ കണ്ടുപേടിച്ച് കുട്ടി അന്തോണി തനിയെ വീണതാണെന്നുമുള്ള തര്‍ക്കം കാണികള്‍ക്കിടയില്‍ മുറുകുമ്പോള്‍, ഇതിലൊന്നും വല്ല്യ കാര്യമില്ല എന്ന മട്ടില്‍ കുഞ്ഞപ്പന്‍ ചേട്ടന്‍ തന്റെ കൊമ്പന്‍ മീശയില്‍ അമര്‍ത്തി തടവി. ഈ സമയം, അന്തോണിക്ക് പണികൊടുത്ത്, മീശയും പിരിച്ചോണ്ടു നില്‍ക്കുന്ന കുഞ്ഞപ്പന്‍ ചേട്ടനെ രണ്ടുകണ്ണുകള്‍ ആരാധനയോടെ നോക്കിയിരുന്നു...