പിന്നിട്ട വഴികൾ:
മണലാരണ്യത്തിലൂടെ... (ഭാഗം 1)
മണലാരണ്യത്തിലൂടെ... (ഭാഗം 2)
സമയം 6 മണി ആയിട്ടേയുള്ളു.. ഇരുൾ പൂർണമായി മാറിയിട്ടില്ലെങ്കിലും കണ്മുന്നിൽ തെളിഞ്ഞുവരുന്ന കാഴ്ച തെല്ല് അമ്പരപ്പെടുത്താതിരുന്നില്ല. ശാന്തമായിക്കിടക്കുന്ന കടലിന്റെ നടുവിൽ ഒരു തുരുത്ത് പോലെ പാറക്കെട്ടുകൾ. അങ്ങേക്കരയിലെ മലനിരകളിൽ ഇനിയും പ്രകാശം പരന്നുതുടങ്ങിയിട്ടില്ല. സത്യത്തിൽ, കടലിനോട് ഇത്രയ്ക്ക് ചേർന്നാണ് ഇന്നലെ രാത്രി കാർ നിർത്തിയിരിക്കുന്നതെന്ന് യാതൊരു ബോധ്യവുമില്ലായിരുന്നു!
ചെക്ക് പോസ്റ്റിന്റെ പരമാവധി ഉള്ളിലേയ്ക്ക് ചെന്ന്, ഇനി മുന്നോട്ട് പോയാൽ തിരികെ വരാൻ ബുദ്ധിമുട്ടാവും എന്ന ഘട്ടത്തിൽ ഇടത്തേയ്ക്ക് തിരിഞ്ഞ്, മറുവശത്തെ വഴിയിലൂടെ തിരികെ ബീച്ചിലേയ്ക്ക് മടങ്ങി.
പുലർകാലമാണെങ്കിലും ബീച്ചിൽ അത്യാവശ്യം തിരക്കുണ്ട്. പുരുഷവർഗ്ഗം കൂടുതലും ഫുട്ബോൾ കളിയിൽ വ്യാപൃതരാണ്; കുട്ടികൾ വെള്ളത്തിലും സ്ത്രീജനങ്ങൾ തങ്ങളുടെ കൂടാരങ്ങളുടെ സമീപത്തുമായി നേരംപോക്കുന്നു. ആൾത്തിരക്കില്ലാത്ത ഒരിടം നോക്കി കാർ പാർക്ക് ചെയ്ത്, തൊട്ടടുത്തുള്ള ‘ഹട്ട്’-ലേയ്ക്ക് സ്റ്റൌ-ഉം പാത്രങ്ങളുമൊക്കെ ഇറക്കിവച്ചു. ഞങ്ങൾ അവിടെ ‘സ്ഥിരതാമസത്തിന്‘ വന്നതാണെന്ന് കരുതിയാവണം, അവിടെയിരുന്നിരുന്ന ഒരു യെമനി ‘ഇത് എന്റെ സ്ഥലമാണ്’ എന്ന് തടസ്സവാദമുന്നയിച്ചു. ‘പ്രശ്നമാക്കേണ്ട, ഭക്ഷണം കഴിച്ച് ഞങ്ങൾ ഉടനെ സ്ഥലം വിടും’ എന്നറിയിച്ചപ്പോൾ ചെങ്ങായി ഒന്നയഞ്ഞു.
ഇടയ്ക്ക് കുടുംബക്കാരുടെ അടുത്തേയ്ക്ക് പോയെങ്കിലും, അച്ചായൻ ലാപ്ടോപ്പെടുത്ത് സ്വന്തം വീട്ടുകാരത്തിയുമായി കത്തിവെച്ച് തുടങ്ങിയതോടെ അങ്ങേർ മടങ്ങിവന്ന് അച്ചായന്റെ മുന്നിലിരുപ്പായി. ആ നേരത്താണ് ഈയുള്ളവൻ ക്യാമറയുമായി പടം പിടിയ്ക്കാനിറങ്ങിയത്, അതോടെ ശ്രദ്ധ ക്യാമറയിലായി. ‘സൂം ഉണ്ടോ?, അകലെയുള്ളത് അടുത്ത് കാണുമോ’ എന്നൊക്കെയായി സംശയങ്ങൾ.. ഇതൊന്നുമില്ല എന്ന് പറഞ്ഞത് തൃപ്തി വരാഞ്ഞിട്ടാവണം, ക്യാമറ വാങ്ങി ‘വ്യൂ ഫൈൻഡറി’ലൂടെ അകലേയ്ക്ക് നോട്ടമെറിഞ്ഞ്, തെല്ല് നിരാശയോടെ തിരികെ തന്നു. കക്ഷി ‘സൂം’ ചെയ്യാൻ ശ്രമിച്ചത് തെല്ല് ദൂരെയുള്ള ‘കരി’ വേഷങ്ങളെയാണെന്ന് മനസ്സിലാക്കിയതോടെ സകലസാധനങ്ങളും തിരികെ കാറിലെടുത്ത് വച്ച് പെട്ടെന്ന് തന്നെ അവിടം കാലിയാക്കി!
ചെന്നെത്തിയത്, അതേ ബീച്ചിന്റെ മറ്റൊരു ഭാഗത്ത്.. ഇരിപ്പിടങ്ങളും പുൽത്തകിടികളും ശുചിമുറികളുമൊക്കെയായി വളരെ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന കടൽത്തീരം. നീലക്കടലിന്റെ അക്കരെ ‘സീനായ്’ മലനിരകൾ സൂര്യപ്രഭയിൽ വിളങ്ങി നിൽക്കുന്നു. ബീച്ചിന് അതിരിട്ട് കിടക്കുന്ന പ്രധാനപാത വിജനമെന്ന് തന്നെ പറയാം.
നല്ല വൃത്തിയായും വെടിപ്പായും പരിപാലിക്കപ്പെടുന്ന ശുചിമുറികളിലൊന്നിൽ നിന്നും വിശാലമായ കുളിയും മറ്റ് കലാപരിപാടികളും പൂർത്തിയാക്കി ഹഖ്‌ൽ പട്ടണത്തോട് വിട പറയാൻ തയ്യാറായി. തബൂക്ക് വഴി സകാക്ക പിന്നിട്ട് അറാർ - ഇതാണ് ഇന്നത്തെ ലക്ഷ്യം. ഏതാണ്ട് 850 കിലോമീറ്ററുകൾ പിന്നിട്ട് രാത്രി 9 മണിയോടെ അറാറിൽ യാത്ര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയോടെ കാർ നീങ്ങിത്തുടങ്ങി.
കിലോമീറ്ററുകളോളം നീളത്തിൽ, ഹൈവേയ്ക്ക് സമാന്തരമായി കിടക്കുന്ന ചില
കൃഷിയിടങ്ങൾക്ക് ഒലിവ് ചെടികൾ അതിരിടുന്നു. മണൽ മൂടിക്കിടക്കുന്ന നാട്ടിലെ ഹരിതശോഭ
കണ്ട് മനം കുളിരുമ്പോൾ, ജന്മനാട്ടിലെ ഹരിതാഭയുടെ തിളക്കം കുറഞ്ഞുവരുന്നതിനെപ്പറ്റി ചിന്തിക്കാതിരുന്നില്ല.
(തുടരും)
കടപ്പാട്:
മണലാരണ്യത്തിലൂടെ... (ഭാഗം 1)
മണലാരണ്യത്തിലൂടെ... (ഭാഗം 2)
ശക്തമായി വീശിയടിക്കുന്ന
കാറ്റ്,
അല്പം മാത്രം താഴ്ത്തി വച്ചിരിക്കുന്ന ജനാലകൾക്കിടയിലൂടെ കാറിന്റെ അകത്തേയ്ക്ക് കടന്ന് മയക്കത്തിൽ നിന്നും വിളിച്ചുണർത്തി.
ആദ്യം നോക്കിയത്,
വണ്ടിയുടെ അരികിലായി,
മണലിൽ ടെന്റ് ഉറപ്പിച്ച് കിടന്നുറങ്ങിയ മഹാന്റെ ‘സ്ഥാവരജംഗമ‘ വസ്തുക്കളൊക്കെ അവിടെ തന്നെയുണ്ടോ
എന്നാണ്.
ഭാഗ്യം!
ടെന്റിനെ ഉറപ്പിച്ച് നിർത്താനായി അടിച്ചിറക്കിയ ആണികളൊക്കെ കാറ്റിന്റെ ശക്തിയിൽ ഊരിത്തെറിച്ച് പോയിട്ടുണ്ടെങ്കിലും സ്വന്തം ശരീരഭാരം കൊണ്ട് അച്ചായൻ ആ
ടെന്റിനെ നിലനിർത്തുന്നുണ്ട്!!
കടലിനക്കരെ.. |
സമയം 6 മണി ആയിട്ടേയുള്ളു.. ഇരുൾ പൂർണമായി മാറിയിട്ടില്ലെങ്കിലും കണ്മുന്നിൽ തെളിഞ്ഞുവരുന്ന കാഴ്ച തെല്ല് അമ്പരപ്പെടുത്താതിരുന്നില്ല. ശാന്തമായിക്കിടക്കുന്ന കടലിന്റെ നടുവിൽ ഒരു തുരുത്ത് പോലെ പാറക്കെട്ടുകൾ. അങ്ങേക്കരയിലെ മലനിരകളിൽ ഇനിയും പ്രകാശം പരന്നുതുടങ്ങിയിട്ടില്ല. സത്യത്തിൽ, കടലിനോട് ഇത്രയ്ക്ക് ചേർന്നാണ് ഇന്നലെ രാത്രി കാർ നിർത്തിയിരിക്കുന്നതെന്ന് യാതൊരു ബോധ്യവുമില്ലായിരുന്നു!
കര കാണും കടലല മേലേ.. |
കാറ്റിന്റെ കൈകൾക്ക്
നല്ല തണുപ്പ് തോന്നിയതിനാൽ കാറിന് വെളിയിലേയ്ക്കിറങ്ങാതെ കാഴ്ചകൾ കണ്ടിരുന്നു.
അങ്ങകലെ,
ഒരു കപ്പൽ വളരെ സാവധാനം നീങ്ങുന്നുണ്ട്;
അതിനെ മറികടന്ന് ചില ചെറുബോട്ടുകളും.
സൌദിയുടെ വടക്കുപടിഞ്ഞാറായി,
അഖബ ഉൾക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന,
ചെറുതെങ്കിലും മനോഹരമായ പട്ടണമാണ് ഹഖ്‌ൽ. കരയിൽ ജോർദ്ദാൻ
അതിർത്തിയോട് ചേർന്നിട്ടാണെങ്കിലും ഹഖ്‌ൽ തീരത്ത്
നിന്ന് നോക്കിയാൽ മറുകരയിൽ ഈജിപ്ത്,
ഇസ്രായേൽ,
ജോർദ്ദാൻ എന്നീ മൂന്ന് രാജ്യങ്ങളുടെ തീരപ്രദേശങ്ങൾ ഒന്നിച്ച് കാണാമെന്നത് ഒരുപക്ഷേ ഈ
കൊച്ചുപട്ടണത്തിന്റെ മാത്രം സവിശേഷതയാകാം.
ജോർദ്ദാനിലേയ്ക്ക് അസംസ്കൃത എണ്ണയുമായി കടന്നുപോകുന്ന ടാങ്കർ കപ്പലുകളും ഷരം അൽ-ഷെയ്ഖ് (ഈജിപ്ത്), അഖബ (ജോർദ്ദാൻ) തുടങ്ങിയ
വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള ക്രൂയിസ് കപ്പലുകളുമാണ് ഈ
ഉൾക്കടൽ പാതയിലെ പ്രധാന സഞ്ചാരികൾ.
ഹഖ്‌ൽ |
‘കാറ്റ്
താരാട്ടും’
സുഖസുഷിപ്തിയ്ക്ക് വിടചൊല്ലി അച്ചായൻ എണീറ്റതോടെ ഒരു ദിവസം കൂടെ തുടങ്ങുകയായി.
ടെന്റ് മടക്കി ഡിക്കിയിലിട്ട്,
കാറ്റിന്റെ ശല്യമില്ലാതെ, സ്റ്റൌ കത്തിച്ച് ഒരു കട്ടനടിക്കാൻ പറ്റിയ സ്ഥലമന്വേഷിച്ച് കാർ ചലിച്ചുതുടങ്ങി.
തലേരാത്രിയിൽ ബീച്ച് റോഡിലേയ്ക്ക് തിരിഞ്ഞ
‘റൌണ്ട്-എബൌട്ട്’-ൽ നിന്നും
ജോർദ്ദാൻ അതിർത്തിലേയ്ക്കുള്ള പ്രാധാനപാതയിലൂടെ മുന്നോട്ട്..
തിരക്കില്ലാത്ത,
ഇരുവശങ്ങളും പച്ചപ്പ് നിറഞ്ഞ വീഥിയിലൂടെയുള്ള സഞ്ചാരം അതീവ ഹൃദ്യം.
ഇടയ്ക്ക് ഒരു കടയിൽ നിന്നും കുറച്ച് മുട്ടയും കുബൂസുമൊക്കെ വാങ്ങി വച്ചു യാത്ര തുടർന്നു.
ഹഖ്‌ൽ |
മനോഹരമായി തയ്യാറാക്കിയിരിക്കുന്ന ഒരു ബീച്ചിന്റെ ചാരത്തുകൂടെ കടന്ന്, അവസാനത്തെ ചത്വരവും പിന്നിട്ട് കാർ അതിർത്തിയിലെ ചെക്ക് പോയന്റിലേയ്ക്ക് കടന്നു.
അവധി ദിനമാണെങ്കിലും അതിർത്തി കടന്നുപോകാൻ നിരവധി ട്രെയിലറുകൾ കാത്തുകിടക്കുന്നുണ്ട്; അവയുടെ സാരഥികളൊക്കെ റോഡരികിൽ പലയിടത്തായി സൊറ പറഞ്ഞിരിക്കുന്നു.
ബോഡർ ചെക്ക് പോയന്റ് |
ചെക്ക് പോസ്റ്റിന്റെ പരമാവധി ഉള്ളിലേയ്ക്ക് ചെന്ന്, ഇനി മുന്നോട്ട് പോയാൽ തിരികെ വരാൻ ബുദ്ധിമുട്ടാവും എന്ന ഘട്ടത്തിൽ ഇടത്തേയ്ക്ക് തിരിഞ്ഞ്, മറുവശത്തെ വഴിയിലൂടെ തിരികെ ബീച്ചിലേയ്ക്ക് മടങ്ങി.
തിരയും തീരവും.. |
പുലർകാലമാണെങ്കിലും ബീച്ചിൽ അത്യാവശ്യം തിരക്കുണ്ട്. പുരുഷവർഗ്ഗം കൂടുതലും ഫുട്ബോൾ കളിയിൽ വ്യാപൃതരാണ്; കുട്ടികൾ വെള്ളത്തിലും സ്ത്രീജനങ്ങൾ തങ്ങളുടെ കൂടാരങ്ങളുടെ സമീപത്തുമായി നേരംപോക്കുന്നു. ആൾത്തിരക്കില്ലാത്ത ഒരിടം നോക്കി കാർ പാർക്ക് ചെയ്ത്, തൊട്ടടുത്തുള്ള ‘ഹട്ട്’-ലേയ്ക്ക് സ്റ്റൌ-ഉം പാത്രങ്ങളുമൊക്കെ ഇറക്കിവച്ചു. ഞങ്ങൾ അവിടെ ‘സ്ഥിരതാമസത്തിന്‘ വന്നതാണെന്ന് കരുതിയാവണം, അവിടെയിരുന്നിരുന്ന ഒരു യെമനി ‘ഇത് എന്റെ സ്ഥലമാണ്’ എന്ന് തടസ്സവാദമുന്നയിച്ചു. ‘പ്രശ്നമാക്കേണ്ട, ഭക്ഷണം കഴിച്ച് ഞങ്ങൾ ഉടനെ സ്ഥലം വിടും’ എന്നറിയിച്ചപ്പോൾ ചെങ്ങായി ഒന്നയഞ്ഞു.
ഓളങ്ങൾ താളം തുള്ളുമ്പോൾ.. |
അയാൾ ബുർജി ഉണ്ടാക്കുകയാണ്... |
ചായയും ‘ബുർജി’യും പെട്ടെന്ന് തന്നെ തയ്യാറാക്കി; ഞങ്ങളുടെ പ്രവർത്തികളൊക്കെ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന യെമനിച്ചേട്ടനെയും കഴിക്കാൻ ക്ഷണിച്ചെങ്കിലും അങ്ങേർ സ്നേഹത്തോടെ നിരസിച്ചു. അതിനിടയിൽ അങ്ങേരുടെ ‘കുടിക്കടം‘ പകർത്താൻ അച്ചായൻ മറന്നില്ല! അവധിക്കാലം ആഘോഷിക്കാൻ യെമനിൽ നിന്നും സകുടുംബം എത്തിയതാണ് കക്ഷി.. അവിടെ കാണുന്ന രണ്ട് കൂടാരങ്ങളും അതിന്റെ മുന്നിലിരിക്കുന്ന പെണ്ണുങ്ങളും അപ്പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരും കുട്ടികളും 3 വാഹനങ്ങളും ഉൾപ്പെടുന്ന ഇമ്മിണി ബല്യ സംഘത്തിന്റെ നേതാവാണ് ടിയാൻ.
ഇനി അഥവാ ബിരിയാണി കിട്ടിയാലോ..? |
ഇടയ്ക്ക് കുടുംബക്കാരുടെ അടുത്തേയ്ക്ക് പോയെങ്കിലും, അച്ചായൻ ലാപ്ടോപ്പെടുത്ത് സ്വന്തം വീട്ടുകാരത്തിയുമായി കത്തിവെച്ച് തുടങ്ങിയതോടെ അങ്ങേർ മടങ്ങിവന്ന് അച്ചായന്റെ മുന്നിലിരുപ്പായി. ആ നേരത്താണ് ഈയുള്ളവൻ ക്യാമറയുമായി പടം പിടിയ്ക്കാനിറങ്ങിയത്, അതോടെ ശ്രദ്ധ ക്യാമറയിലായി. ‘സൂം ഉണ്ടോ?, അകലെയുള്ളത് അടുത്ത് കാണുമോ’ എന്നൊക്കെയായി സംശയങ്ങൾ.. ഇതൊന്നുമില്ല എന്ന് പറഞ്ഞത് തൃപ്തി വരാഞ്ഞിട്ടാവണം, ക്യാമറ വാങ്ങി ‘വ്യൂ ഫൈൻഡറി’ലൂടെ അകലേയ്ക്ക് നോട്ടമെറിഞ്ഞ്, തെല്ല് നിരാശയോടെ തിരികെ തന്നു. കക്ഷി ‘സൂം’ ചെയ്യാൻ ശ്രമിച്ചത് തെല്ല് ദൂരെയുള്ള ‘കരി’ വേഷങ്ങളെയാണെന്ന് മനസ്സിലാക്കിയതോടെ സകലസാധനങ്ങളും തിരികെ കാറിലെടുത്ത് വച്ച് പെട്ടെന്ന് തന്നെ അവിടം കാലിയാക്കി!
കടലേ... നീലക്കടലേ... |
ചെന്നെത്തിയത്, അതേ ബീച്ചിന്റെ മറ്റൊരു ഭാഗത്ത്.. ഇരിപ്പിടങ്ങളും പുൽത്തകിടികളും ശുചിമുറികളുമൊക്കെയായി വളരെ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന കടൽത്തീരം. നീലക്കടലിന്റെ അക്കരെ ‘സീനായ്’ മലനിരകൾ സൂര്യപ്രഭയിൽ വിളങ്ങി നിൽക്കുന്നു. ബീച്ചിന് അതിരിട്ട് കിടക്കുന്ന പ്രധാനപാത വിജനമെന്ന് തന്നെ പറയാം.
ശാന്തം... നിശ്ചലം.. |
തൊട്ടടുത്തായുള്ള പെട്രോൾ ബങ്കിൽ വാഹനങ്ങൾ എണ്ണ
നിറയ്ക്കുന്നതിൽ എന്തോ ഒരു സവിശേഷത; ലോഹത്തകിടുകൾ കൊണ്ട്, അല്പം ഉയരത്തിൽ
തയ്യാറാക്കിയ സ്റ്റാന്റ് എല്ലാ കൌണ്ടറുകൾക്ക് മുന്നിലുമുണ്ട്. ഈ സ്റ്റാന്റിന്
മുകളിലേയ്ക്ക് വണ്ടി കയറ്റി ഒരു വശം ചെരിച്ച് നിർത്തിയാണ് ടാങ്കിലേയ്ക്ക് എണ്ണ
പകരുന്നത്. അല്പം പോലും ഇടം ബാക്കി വയ്ക്കാതെ ടാങ്ക് പൂർണമായും നിറയ്ക്കാൻ ഏതോ
വിരുതൻ കണ്ടെത്തിയ പോംവഴിയുടെ പൊരുളെന്താണെന്ന് അച്ചായൻ പറഞ്ഞുതന്നു – ഈ പാതയിൽ,
സൌദി അതിർത്തിയിലെ അവസാനത്തെ പമ്പാണിത്. താരതമ്യേന ഉയർന്ന ഇന്ധനവില നൽകേണ്ട നാടായ ജോർദ്ദാനിലേയ്ക്ക് കടക്കുന്നതിന്
മുൻപ്, കുറഞ്ഞ നിരക്കിൽ കൂടുതൽ ഇന്ധനം നിറയ്ക്കുന്നത് സ്വാഭാവികം മാത്രം.
മാത്രമല്ല, സൌദിയിൽ നിന്നും ഇന്ധനം നിറച്ച് ജോർദ്ദാനിലെത്തിച്ച് മറിച്ച്
വിൽക്കുന്നത് ചില സൌദികളുടെ ജീവനോപാധിയുമാണത്രെ! അക്കരെയിക്കരെ കടക്കാൻ
(കടത്താനും) അവർക്ക് വിസയും പാസ്പോർട്ടുമൊന്നും വേണ്ടല്ലോ.
പോയ് വരുമ്പോളെന്തു കൊണ്ടുവരും....? |
നല്ല വൃത്തിയായും വെടിപ്പായും പരിപാലിക്കപ്പെടുന്ന ശുചിമുറികളിലൊന്നിൽ നിന്നും വിശാലമായ കുളിയും മറ്റ് കലാപരിപാടികളും പൂർത്തിയാക്കി ഹഖ്‌ൽ പട്ടണത്തോട് വിട പറയാൻ തയ്യാറായി. തബൂക്ക് വഴി സകാക്ക പിന്നിട്ട് അറാർ - ഇതാണ് ഇന്നത്തെ ലക്ഷ്യം. ഏതാണ്ട് 850 കിലോമീറ്ററുകൾ പിന്നിട്ട് രാത്രി 9 മണിയോടെ അറാറിൽ യാത്ര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയോടെ കാർ നീങ്ങിത്തുടങ്ങി.
ദിവസം #3 - യാത്ര #1 : ഹഖ്‌ൽ - തബൂക്ക്
തലേരാത്രിയിൽ കടന്നുവന്ന
അതേ പാതയിലൂടെയാണ് ഹഖ്ലിൽ നിന്നും
തബൂക്കിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.
പക്ഷേ ഇരുളകന്ന്,
വഴിയോരക്കാഴ്ചകളാൽ സമ്പന്നമാണ് യാത്ര. ചെറിയൊരു ചെക്ക് പോയന്റ് കടന്നതോടെ, അതുവരെ
പൂച്ചെടികളാൽ അലങ്കരിച്ചിരുന്ന നഗരപാതയുടെ രൂപവും ഭാവവും മാറിത്തുടങ്ങി.
പാറക്കല്ലുകൾ നിറഞ്ഞ മലകളും ഇടയ്ക്ക് തെളിയുന്ന മണൽക്കാടുകളുമൊക്കെയായി ഏതാണ്ട്
‘അൽ ഊല’യിലെ ഭൂപ്രകൃതി തന്നെ. രണ്ടുവരിപ്പാതയെ നാലുവരിയാക്കാനുള്ള പണികൾ ഏതാണ്ട്
പൂർത്തിയായിരിക്കുന്നു. തിരക്ക് നന്നെ
കുറവായതിനാൽ സുഗമമായ സഞ്ചാരം.
തബൂക്കിലേയ്ക്കുള്ള പ്രധാനപാതയിൽ (ഹൈവേ # 15)
പ്രവേശിച്ചതോടെ അതുവരെ പിന്നിട്ട മരുക്കാഴ്ചകൾ വീണ്ടും പച്ചപ്പിന് വഴിമാറി. (ജോർദ്ദാനിലേയ്ക്കുള്ള
മറ്റൊരു കവാടമായ ഹാലത് അമ്മർ (Halet Ammar)-നെയും തബൂക്കിനെയും ബന്ധിപ്പിക്കുന്ന
ഹൈവേയാണ് #15). പാതയ്ക്കിരുവശവും ചെറുതും വലുതുമായ കൃഷിയിടങ്ങൾ ഹരിതാഭ ചൂടി
നിൽക്കുന്നു. ഏതെങ്കിലും ഒരു കൃഷിയിടത്തിൽ കയറിക്കാണണമെന്ന മോഹവുമായി
ചെന്നെത്തിയത് ഒരു പെട്രോൾ പമ്പിൽ..
മലയാളികളാണ് അവിടുത്തെ ജീവനക്കാർ.. ജിദ്ദയിൽ നിന്നും
ഊരുചുറ്റാനിറങ്ങിയവരെ കണ്ടപ്പോൾ അവർക്ക് പെരുത്ത് സന്തോഷം. ടാങ്ക് നിറച്ച്
പോരാനിറങ്ങിയപ്പോൾ ‘ഇവിടെ അടുത്ത് ഏതെങ്കിലും ഫാമിൽ കയറി കൃഷിയൊക്കെ കാണാൻ
സാധിക്കുമോ’ എന്ന് അച്ചായന്റെ വക നിഷ്കളങ്കമായ ഒരു ചോദ്യം. ‘നിങ്ങളെന്തിനാ വേറെ
പോകുന്നത്.. ദാ, ആ വഴിയിലൂടെ പൊയ്ക്കോളീ..’ പമ്പിന്റെ പിന്നിലേയ്ക്ക്
കടന്നുപോകുന്ന ഒരു ഇടവഴിയാണ് ‘ആ വഴി’. പുറമെ നിന്ന് നോക്കിയിട്ട് ആ ഭാഗത്ത് ഒരു
കൃഷിയിടമുള്ളതായി തോന്നുന്നില്ല. എന്തായാലും പോയിനോക്കാമെന്ന് കരുതി; കാർ പതിയെ ആ
മൺവഴിയിലൂടെ ഉരുണ്ടുതുടങ്ങി.
കാണാൻ എന്താ ചേല്... |
കാവൽക്കാരൊന്നുമില്ലാത്ത
പ്രവേശനകവാടത്തിലൂടെ അല്പം ശങ്കിച്ചാണ് അകത്തേയ്ക്ക് കടന്നത്. “ധൈര്യമായി
പൊയ്ക്കോളീ.. നമ്മുടെ സ്വന്തം സ്ഥലമാണ്’ എന്ന ‘മലയാളീസ്’ ഉറപ്പാണ് ആകെയുള്ള
ആശ്വാസം. നിറഞ്ഞ പച്ചപ്പിലേയ്ക്കാണ് പ്രവേശിച്ചിരിക്കുന്നത് – കായ്ച്ച് നിൽക്കുന്ന
ഓറഞ്ച് മരങ്ങളും ഒലീവ് ചെടികളും സ്വാഗതമോതുന്ന സുന്ദരമായ കാഴ്ച.
തനി നാടൻ... |
നാരകം, മാതളം
തുടങ്ങിയ പഴവർഗ്ഗങ്ങളും വെണ്ട, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്നു. കാറിൽ നിന്നിറങ്ങി തോട്ടത്തിലൂടെ കാഴ്ചകൾ
കണ്ട് നടന്നു.
വെണ്ടപ്പാടം |
ഇടയ്ക്കൊരിടത്ത്, കുറെ തൊഴിലാളികൾ ഒലീവ് കായകൾ
പറിച്ചെടുക്കുന്നുണ്ട്. നിലത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച്, സവിശേഷമായി
തയ്യാറാക്കിയിരിക്കുന്ന തോട്ടികൾ ഉപയോഗിച്ചാണ് വിളവെടുപ്പ്. വലിപ്പമേറിയ
പല്ലുകളുള്ള ചീർപ്പ് ഘടിപ്പിച്ചതുപോലെയുള്ള തോട്ടിയുടെ അറ്റം, ചില്ലകൾക്കിടയിലൂടെ
കയറ്റി താഴേയ്ക്ക് ഒരു വലി, അതോടെ കായകൾ താഴെ വിരിച്ചിരിക്കുന്ന ഷീറ്റുകളിലേയ്ക്ക്
വീഴും.
ഒലിവ് കായ വിളവെടുപ്പ് |
ഒലിവെണ്ണ നിർമ്മാണത്തിനായി തൊട്ടടുത്ത് തന്നെയുള്ള ഫാക്ടറിയിലേയ്ക്കാണ് ഈ
കായകൾ ചെന്നെത്തുന്നത്. (അതേ ഫാക്ടറിയിലെ തൊഴിലാളികൾ, അവധി ദിനങ്ങൾ
“ആദായകരമാക്കാൻ” ഈ തോട്ടത്തിൽ വിളവെടുപ്പിനെത്തിയിരിക്കുന്നു!)
ഒലിവിൻ ചില്ലകൾ |
നോക്ക് കൂലി.. ;) |
കൃഷിയിടത്തിലെ
കാഴ്ചകൾക്ക് മനസില്ലാ മനസ്സോടെ വിട ചൊല്ലി, തിരികെ പമ്പിലെത്തി ‘വഴികാട്ടി’കളോടും
യാത്ര പറഞ്ഞ് വീണ്ടും ഹൈവേയുടെ തിരക്കിലേയ്ക്ക് ലയിച്ചു.
ദിവസം #3 – യാത്ര #2 : തബൂക്ക് – അറാർ - സകാക്ക
തബൂക്ക് പട്ടണത്തിലേയ്ക്ക് പ്രവേശിക്കാതെ
സകാക്ക-യിലേയ്ക്കുള്ള ഹൈവേ പിടിയ്ക്കാൻ ‘ഗൂഗിളാശാൻ’ കൽപ്പിച്ച വഴിയിലൂടെ കാർ
തിരിഞ്ഞു. സമയം രണ്ടര കഴിഞ്ഞിരിക്കുന്നു; ഉച്ചഭക്ഷണമാണ് അടുത്ത ലക്ഷ്യം. തലേദിവസം
ഏറെ അന്വേഷിച്ചുവെങ്കിലും കണ്ടുപിടിക്കാൻ സാധിക്കാതെ പോയ ‘മലയാളി ഹോട്ടൽ’ ഇത്തവണ
കൃത്യമായി പിടിതന്നു. മീൻ പൊരിച്ചതും കൂട്ടിയുള്ള ഊൺ തരക്കേടില്ല എന്ന് തന്നെ
പറയണം. വയറിന്റെ കത്തലടങ്ങിയതോടെ യാത്രയ്ക്ക് വീണ്ടും ജീവൻ വച്ചു.
പട്ടണപ്രദേശങ്ങൾ പിന്നിട്ടതോടെ പാതയോരത്തെ കാഴ്ചകളുടെ
സ്വഭാവവും മാറി – എങ്ങും സ്വർണ്ണവർണ്ണം പൂശിയ മണൽക്കാടുകൾ മാത്രം. ഏറെക്കുറെ
വിജനമായ വഴി. ഇടയ്ക്ക് പിന്നിട്ട് പോവുന്ന ചില ജനവാസ പ്രദേശങ്ങളെല്ലാം പ്രധാന
പാതയിൽ നിന്നും അകന്നാണ് സ്ഥിതി ചെയ്യുന്നത്. ടൌണിലെ തിരക്കുകൾക്കിടയിൽപ്പെടാതെ
യാത്ര ചെയ്യാൻ വളരെയേറെ പ്രയോജനകരമായ സംവിധാനം.
പോകുവാനതേറെയുണ്ട് ദൂരമെന്നതോർക്കണം.. |
രാത്രി 8 മണിയോടെ സകാക്ക-യുടെ പരിസരത്തെത്തി, ചെറിയൊരു
ഇടവേളയ്ക്ക് ശേഷം അറാറിലേയ്ക്കുള്ള പ്രയാണം തുടർന്നു. രാവിലെ മുതൽ വളയം തിരിച്ച്
മടുത്തതുകൊണ്ടാവണം, ആ കുറഞ്ഞ ദൂരം, ഏതാണ്ട് 200 കിലോ മീറ്ററുകൾ, താണ്ടാൻ കാർ
ഈയുള്ളവനെ ഏൽപ്പിച്ചിട്ട് അച്ചായൻ സൈഡ് സീറ്റിലേയ്ക്ക് ‘കൂട് മാറി’. ഇടയ്ക്കൊരു
ചെക്ക് പോയന്റിൽ ‘ഇക്കാമ മൌജൂദ്?’ (ഐഡി ഉണ്ടോ?) എന്ന ചോദ്യം നേരിടേണ്ടി
വന്നെങ്കിലും ‘മൌജൂദ് (ഉണ്ട്’)’ എന്ന ഉത്തരത്തിൽ ആ പോലീസുകാരൻ തൃപ്തനായതിനാൽ
കൂടുതൽ ചോദ്യോത്തരങ്ങളേതുമില്ലാതെ യാത്ര തുടരാനായി.
അറാറിലെത്തുമ്പോൾ സമയം 10 മണിയോടടുത്തു. പട്ടണത്തിരക്കുകളിൽ
നിന്നൊഴിഞ്ഞ്, ദമ്മാമിലേയ്ക്കുള്ള ഹൈവേയിലെ ഒരു പെട്രോൾ പമ്പിൽ നിരയായി
നിർത്തിയിട്ടിരിക്കുന്ന ട്രെയിലറുകൾക്കിടയിൽ കാർ ഒതുക്കി നിർത്തി. ഡിക്കിയിൽ
മടക്കിവച്ചിരുന്ന ടെന്റ് ഞൊടിയിടയിൽ
പൂർണരൂപം പ്രാപിച്ചു; നേരമൊട്ടും കളയാതെ അച്ചായൻ
അതിനുള്ളിലേയ്ക്ക് അപ്രത്യക്ഷനായി. ചില്ലുകൾ അൽപം താഴ്ത്തി, ഡോറുകൾ ലോക്ക് ചെയ്ത്,
സീറ്റ് നിവർത്തിയിട്ട് കാറിന്റെയുള്ളിൽ ഉറക്കത്തെ വരവേൽക്കാൻ ഞാനും കാത്തുകിടന്നു..
(തുടരും)
------------------------------------------------------------------------
അറാറിൽ നിന്നും ഹഫർ അൽ ബാതേൻ വഴി ജുബൈലിലേയ്ക്കുള്ള യാത്രാവിശേഷങ്ങൾ അറിയാൻ ഇതുവഴിയേ പോരൂ..
കടപ്പാട്:
-
തോമസ് അച്ചായൻ (യാത്ര)
-
ഗൂഗിൾ (മാപ്)
-
വിക്കിപീഡിയ (വിശദാംശങ്ങൾ)
-
BBQ5 / Canon (ചിത്രങ്ങൾ)