ഉണ്ണാനിരുന്ന
അച്ചായന് ഉൾവിളിയുണ്ടായി എന്ന് പറഞ്ഞതുപോലെ, എടുപിടീന്നൊരു യാത്ര പോകാൻ തീരുമാനമായി!!
‘വ്യാഴാഴ്ചക്കൂട്ടായ്മ’യുടെ
മുന്നോടിയായി, എല്ലാ വാരാന്ത്യത്തിലും ടെലിഫോൺ വഴി നടത്താറുള്ള ആലോചനകൾക്കൊടുവിലാണ്
അച്ചായൻ ആ കുരുക്കെറിഞ്ഞത്..
“എനിക്കൊരു
ക്രേയ്സി ഐഡിയ തോന്നുന്നു..”
“എന്റെ
ഓഫീസിൽ നിന്നും ഒരുവൻ തായിഫ്-ൽ പോയിരിക്കുന്നു..
ഊതുമ്പോൾ വായിൽ നിന്നും പുക വരുന്നത്രയും തണുപ്പാണത്രെ, ഇപ്പോളവിടെ… നമുക്കൊന്ന് പോയി നോക്കിയാലോ..
അവൻ പറഞ്ഞത് ശരിയാണോ എന്നറിയണമല്ലോ..”
അപ്പോ
അതാണ് കാര്യം.. സംഗതി അല്പം ക്രേയ്സി തന്നെ.. തണുപ്പ് കാലം, രാത്രി യാത്ര.. ആലോചിക്കുമ്പോൾത്തന്നെ
കുളിരുകോരുന്നു..
“അതിനിപ്പോ
എന്താ.. നമുക്ക് പോയി ഊതി നോക്കാമല്ലോ… ഞാൻ റെഡി..”
“ഉറക്കം
വഴി വക്കിൽ… മറ്റ് ‘കാര്യപരിപാടി’കളൊക്കെ
സൌകര്യം പോലെ കാട്ടിലും മേട്ടിലും.. OK അല്ലേ?”
“അതൊക്കെ
പ്രത്യേകം പറയാനുണ്ടോ.. എന്തിനും ഞാൻ റെഡി..”
അങ്ങനെ
അഞ്ച് മിനിറ്റിനുള്ളിൽ ആ കാര്യത്തിന് തീരുമാനമായി.. ഒരു സഹപ്രവർത്തകനെ നാട്ടിലേയ്ക്ക്
യാത്ര അയയ്ക്കാൻ എയർപ്പോർട്ടിൽ പോകേണ്ടിവന്നതിനാൽ ‘ക്രേയ്സി യാത്ര’ തുടങ്ങുമ്പോൾ സമയം
രാത്രി 8 മണി കഴിഞ്ഞു.
വാരാന്ത്യമായതിനാൽ
ജിദ്ദ-മക്ക ഹൈവേയിൽ (ഹൈവേ # 40) നല്ല വാഹനപ്പെരുപ്പം. പെട്ടെന്ന് തായിഫിലെത്തിയിട്ട്
പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാൽ തിരക്കില്ലാത്ത ട്രാക്കിലൂടെ “കിയ റിയോ” ലക്ഷ്യത്തിലേയ്ക്ക്
മുന്നേറിക്കൊണ്ടിരുന്നു.
‘അമുസ്ലിങ്ങൾ’
കടന്നുപോകേണ്ട പാത ചൂണ്ടിക്കാണിച്ച് ബോർഡുകൾ നിരന്നുതുടങ്ങി. ഇത്രകാലം ഷുമൈസി ചെക്ക് പോയന്റ് എത്തുന്നതിന് തൊട്ട്
മുന്നെയുള്ള ‘EXIT’ –ലൂടെ ആയിരുന്നു ‘Non Muslims’ കടന്നുപോകേണ്ടിയിരുന്നത്, പക്ഷേ
ഇത്തവണ അല്പം പിന്നിലേയ്ക്ക് മാറ്റി തിരിച്ച് വിട്ടിരിക്കുന്നു. (പഴയ EXIT നിലവിലുണ്ട്
എന്നത് മടക്കയാത്രയിൽ ശ്രദ്ധയിൽപ്പെട്ടു.) ‘Public Services Area’ എന്ന് ചൂണ്ടിക്കാണിച്ച
വഴിയിലൂടെ വലത്തേയ്ക്ക് തിരിഞ്ഞ്, Deportation Center-ന്റെ വിശാലമായ മതിൽക്കെട്ടിനെ
ചുറ്റി അല്പം വട്ടം കറങ്ങിയെങ്കിലും, ഒടുവിൽ കൃത്യമായ വഴിയിൽത്തന്നെ എത്തിച്ചേർന്നു.
നിലവിലുള്ള ഇരട്ടവരിപ്പാത (ഹൈവേ # 298) വീതി
കൂട്ടുന്ന പണികൾ ഒരുവശത്ത് തകൃതിയായി നടന്നുവരുന്നു. ഇരുവശങ്ങളിലേയ്ക്കും ഇടയ്ക്കിടെ
പാഞ്ഞുപോകുന്ന വാഹനങ്ങൾ.. യാതൊരു മയവുമില്ലാതെയാണ് മിക്കവരുടെയും ഡ്രൈവിംഗ്..
“Non-Muslim”
പാതയിൽ നിന്നും വീണ്ടും തിരക്കുപിടിച്ച പ്രധാനപാതയിലേയ്ക്ക് (ഹൈവേ # 15) പ്രവേശിച്ചു.
(അങ്ങേത്തലക്കൽ ജോർദ്ദാൻ അതിർത്തിയിൽ നിന്നും ആരംഭിച്ച് യെമൻ അതിർത്തി വരെ നീണ്ടുനിവർന്ന്
കിടക്കുന്ന ഹൈവേയാണിത്.. ഒരുപക്ഷേ, സൌദിയിലെ ഏറ്റവും നീളം കൂടിയ ഹൈവേയും ഇതുതന്നെ ആവണം.)
‘അൽ-ഹദ’ ചുരം കയറിത്തുടങ്ങിയതോടെ തണുപ്പ് കൂടിത്തുടങ്ങി. നിരനിരയായി ചുരം കയറിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞ് പോകുന്നു ചില വിദ്വാന്മാർ.. അധികം താമസിയാതെ തന്നെ കനത്ത മൂടൽ മഞ്ഞ് പാതയെ മൂടിത്തുടങ്ങി. കുട്ടിക്കാനത്തോ വയനാട്ടിലോ മറ്റോ എത്തിപ്പെട്ടതുപോലെ.. ചുരത്തിന് മുകളിൽ, തണുപ്പിന്റെ കാഠിന്യമറിയാൻ, കാർ നിർത്തി പുറത്തിറങ്ങിയെങ്കിലും പെട്ടെന്ന് തന്നെ തിരികെ കയറി – മോശമല്ലാത്ത തണുപ്പ്!!
“അൽ
ഷഫ” ലക്ഷ്യമാക്കി കാർ വീണ്ടും നീങ്ങി. തായിഫ് പട്ടണത്തിലേയ്ക്ക് കടക്കാതെ, വലത്തേയ്ക്ക്
തിരിഞ്ഞ് അൽ ഷഫ റോഡിൽ പ്രവേശിച്ചതോടെ വാഹനങ്ങളുടെ തിരക്ക് തീരെയില്ലാതായി. സൌകര്യപ്രഥമായ
ഒരിടത്ത് കാർ ഒതുക്കി, ഭക്ഷണം പാകം ചെയ്ത് കഴിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അധികം
താമസിയാതെ തന്നെ പാതയോരത്തെ ഒരു പാർക്കിൽ അതിനുള്ള സൌകര്യം ഒത്തുകിട്ടി.
കയ്യിൽ
കരുതിയ ജാക്കറ്റും ബ്ലാങ്കറ്റുമൊന്നും ഈ തണുപ്പിനെ പ്രതിരോധിക്കാൻ പ്രാപ്തമല്ലെന്ന്,
കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾത്തന്നെ മനസ്സിലായി.. പെട്ടെന്ന് തന്നെ സ്റ്റൌ കത്തിച്ച്
അതിന്റെ ചൂടിലേയ്ക്ക് ചേർന്നിരുന്നു. തണുപ്പുമായി പൊരുത്തപ്പെട്ട് കഴിഞ്ഞപ്പോൾ പാചകത്തിനുള്ള
തയ്യാറെടുപ്പായി. സവാളയും മുളകും ഇഞ്ചി-വെളുത്തുള്ളിയുമൊക്കെ മസാലയിൽ മുങ്ങിക്കുളിച്ച്
ഇറച്ചിയ്ക്കൊപ്പം പ്രഷർ കുക്കറിലേയ്ക്ക് ചേക്കേറാൻ താമസമുണ്ടായില്ല. 11 മണി കഴിഞ്ഞിരിക്കുന്നു..
വിശപ്പിൻറ്റെ സൈറൺ തൊണ്ടപൊട്ടി കീറിവിളിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.
കാർ
ഒതുക്കിയിട്ട് ഉറങ്ങാനായി ഒരിടം കിട്ടുന്നതുവരെയേ ആ യാത്രയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളു.
കാറിലെ സീറ്റുകൾ നിവർത്തി, ചില്ലുകൾ ഒരല്പം താഴ്ത്തിവച്ച് ഉറക്കം പൂകാൻ അധികനേരം വേണ്ടിവന്നില്ല.
9
മണിയായപ്പോൾ നേരം ചറപറാന്ന് വെളുത്തു! പാതയോരമാണെങ്കിലും ഒരുഭാഗം മുഴുവൻ കുറ്റിച്ചെടികളും
പാറക്കൂനകളും മറവൊരുക്കുന്നതിനാൽ എല്ലാം കൊണ്ടും സൌകര്യമായി.. “കാര്യപരിപാടികളൊക്കെ”
നിറവേറ്റി, ചായകുടിക്കുവാനായി വണ്ടി തായിഫ് പട്ടണത്തിലേയ്ക്ക് തിരിച്ചു.
ജിദ്ദയിൽ
നിന്നും അൽ-ഹദ ചുരം കയറാതെ നേരെ അൽ-ഷഫയിൽ എത്തിച്ചേരാൻ ഗൂഗിൾ മാപ്പിൽ ഒരു വഴി തെളിയുന്നുണ്ട്
എന്ന കാര്യം തലേരാത്രിയിൽ തന്നെ അച്ചായനോട് സൂചിപ്പിച്ചിരുന്നെങ്കിലും അങ്ങനെയൊരു സാധ്യതയ്ക്ക്
പോലും സാധ്യതയില്ല എന്ന് പറഞ്ഞ് അക്കാര്യം അങ്ങേർ അപ്പോൾത്തന്നെ തള്ളിക്കളഞ്ഞിരുന്നു.
എങ്കിലും, ഷഫയിൽ നിന്നുള്ള മടക്കയാത്രയിൽ വീണ്ടും അതേ റൂട്ട് തെളിഞ്ഞതിനാൽ “എങ്കിൽ
നമുക്ക് ആ വഴി പോയിനോക്കാം” എന്ന് പറഞ്ഞ് അച്ചായൻ അനുസരണയുള്ള കുഞ്ഞാടായി രൂപാന്തരപ്പെട്ടു.
ഇരുവരിപ്പാതയാണ് - കൃത്യമായി അടയാളപ്പെടുത്തി, നല്ല വീതിയിൽ പണിതീർത്തിരിക്കുന്നു. ഏറെ ചെല്ലുന്നതിനുമുന്നെ തന്നെ, റോഡിന്റെ പണികൾ പൂർത്തിയായിട്ടില്ല എന്നതിന്റെ സൂചനയായി യന്ത്രസാമഗ്രഹികൾ പാതവക്കിൽ പ്രത്യക്ഷപ്പെട്ടു.
ചെങ്കുത്തായ മലകൾ അരിഞ്ഞും തുരന്നുമാണ് പാതയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ചെറിയ റോഡ് വീതി കൂട്ടി വിശാലമാക്കുന്ന പണികൾ. മലകളുടെയും താഴ് വാരത്തിന്റെയും കാഴ്ചകൾ അതീവഹൃദ്യം.. മിക്ക വളവുകളിലും റോഡിന്റെ ഒരുവശം അപ്പാടെ ഇടിഞ്ഞ് പോയിട്ട്, ഒരുവരിപ്പാതയായി ചുരുങ്ങുന്നു. കല്ലും മണ്ണും ഇടിഞ്ഞ് വീണതിന്റെ അവശിഷ്ടങ്ങളും പാതയിലെങ്ങും കാണാം.
മലവെള്ളപ്പാച്ചിലിൽ റോഡിലൂടെ കുത്തിയൊഴുകിയ കല്ലും മണ്ണും നീക്കാതെ കിടപ്പുണ്ട്. ഇടയ്ക്കിടെ പുതിയ കലുങ്കുകൾ പണിയുന്നതിനാൽ പലയിടത്തും വഴി തിരിച്ച് വിട്ടിരിക്കുന്നു. രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നത് ദുഷ്കരമാവും. ശരിക്കും സാഹസികമായ യാത്ര തന്നെ…
മൺപാതയിൽ നിന്നും മുക്തി നേടി കാർ, നിരപ്പായ ടാർ റോഡിലൂടെ പാഞ്ഞ്തുടങ്ങി.. ചെന്നെത്തിയത് ഹൈവേ # 298-ൽ.. ഇടത്തേയ്ക്ക് തിരിഞ്ഞ് ഷുമൈസി ചെക്ക് പോയന്റിന്റെ ദിശലേയ്ക്ക് സഞ്ചാരം തുടരുമ്പോൾ, പിന്നിട്ട് വന്ന പുതിയ പാതയിലെ മനോഹരമായ കാഴ്ചകളായിരുന്നു മനസ്സുനിറയെ..
******* ****** ******
മുറിവാൽ: ജിദ്ദയിൽ നിന്നും പോകുമ്പോൾ ഷുമൈസി ചെക്ക് പോയന്റ് കഴിഞ്ഞ് “Dafaq
Center”എന്ന് ചൂണ്ടിക്കാണിക്കുന്ന വഴിയേ, മേൽപ്പറഞ്ഞിരിക്കുന്ന പാതയിലൂടെ എതിർ സഞ്ചരിച്ചാൽ
അൽ ഷഫ-യിൽ എത്തിച്ചേരാം