Monday 3 August 2009

മഴയിലലിഞ്ഞവര്‍...

"പുറത്ത്‌ മഴ പെയ്തുതുടങ്ങിയിരിക്കുന്നു.."

അവള്‍ പതിയെ അവന്റെ കാതില്‍ കുറുകി.

വേനല്‍ ചൂടില്‍ വിണ്ടുകീറിയ മണ്ണിലേക്ക്‌ മഴത്തുള്ളികള്‍ കിനിഞ്ഞിറങ്ങുന്നതുപോലെ, അവന്റെ ഹൃദയത്തില്‍ അവളും പെയ്തിറങ്ങുകയായിരുന്നു അപ്പോള്‍... പ്രേമത്തിന്റെ ഉറവകള്‍ എന്നോ വറ്റിവരണ്ട അവനിലേക്ക്‌, ചാഞ്ഞുപെയ്യുന്ന മഴത്തുള്ളികളുടെ ചാരുതയോടെ വന്നുചേര്‍ന്നവള്‍!

"നമുക്ക്‌ പുറത്തേക്കിറങ്ങിയാലോ?"

എന്തോ ഒരാവേശത്തോടെ അവന്‍ ചോദിച്ചു.

"എന്നിട്ട്‌....?"

അവളുടെ വാക്കിലും നോക്കിലും നിഴലിച്ചത്‌ കൗതുകമോ അതോ കുസൃതിയോ...?

മറുപടി പറയാന്‍ നില്‍ക്കാതെ അവളുടെ കയ്യും പിടിച്ച്‌ അവന്‍ മഴയിലേക്ക്‌ ഓടിയിറങ്ങി.

മഴയുടെ ശക്തി കൂടിത്തുടങ്ങി; അവരുടെ ശരീരങ്ങളിലൂടെ വെള്ളം, ചാലുകള്‍ കീറുകയും ചെയ്തിരിക്കുന്നു... അവളെ ചേര്‍ത്തുനിര്‍ത്തി, അവന്‍ ആകാശത്തിലേക്ക്‌ കൈകളുയര്‍ത്തി നിന്നു - താഴേക്ക്‌ പതിക്കുന്ന ജലകണങ്ങളെ പിടിക്കാനെന്നവണ്ണം...

ആ മഴത്തുള്ളികള്‍ക്കിടയില്‍ അവരും അലിഞ്ഞുതുടങ്ങി... അലിഞ്ഞലിഞ്ഞ്‌ ഒന്നായി... ഒരു പ്രവാഹമായി... ഒടുവില്‍ ഒന്നുമല്ലാതെയായി..

മഴ പെയ്ത്‌ തോര്‍ന്നു, എന്നിട്ടും മരങ്ങള്‍ പെയ്തുകൊണ്ടേയിരുന്നു; ഒന്നും ബാക്കി വയ്ക്കാനില്ലാത്തതുപോലെ...