Friday 19 April 2013

ജബൽ ഗാര-യിലെ കളിമൺ ശില്പങ്ങൾഇക്കഴിഞ്ഞ റംസാൻ അവധിക്കാലത്ത് ദമ്മാമിലേയ്ക്കുള്ള യാത്രയ്ക്ക് വേണ്ടി ഭാണ്ഡം മുറുക്കുമ്പോൾ, അൽ ഹസ്സയിലെജബൽ ഗാരഎന്ന ഈ വിസ്മയക്കാഴ്ചയെക്കുറിച്ച് കേട്ടറിവ് പോലുമുണ്ടായിരുന്നില്ല.. സൌദിയിലെ കിഴക്കൻ പ്രവിശ്യയുടെ ആസ്ഥാനമായ ദമാമിൽ നിന്നും ഏതാണ്ട് 130 കിലൊമീറ്ററുകൾ അകലെ, ഈന്തപ്പനകളുടെ പച്ചപ്പിൽ പുതച്ചുനിൽക്കുന്ന അൽ ഹസ്സ പട്ടണത്തിന്റെ അടുത്തായി, അൽ ഹൊഫുഫ് എന്ന സ്ഥലത്ത് തലയുയർത്തി നിൽക്കുന്ന കളിമൺ കുന്നുകൾ! ‘ഈ ഭൂലോകത്ത് ഇങ്ങനെയും ഒരു സ്ഥലമോഎന്നോർത്ത് അമ്പരന്നുനിന്ന നിമിഷങ്ങളിലൂടെ വീണ്ടും.. 
 ================================================================

ദമാമിൽ നിന്നും അൽ ഹസ്സ ലക്ഷ്യമാക്കി യാത്ര പുറപ്പെടുമ്പോൾ സമയം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. ‘നേരത്തെ ഉറക്കമുണർന്ന്, പ്രഭാതഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ പുറപ്പെടണംഎന്നൊക്കെ പറഞ്ഞുറപ്പിച്ചാണ് തലേദിവസം കിടന്നതെങ്കിലും നേരം പുലർന്നപ്പോൾ സമയം അതിന്റെ വഴിക്ക് പോയി!! ‘സമയം പോയല്ലോ.. ഇനി നമ്മൾ പോകണോഎന്നുള്ള ചില കൊനഷ്ട് ചിന്തകൾ ഉയർന്നുവന്നെങ്കിലും അതിനെയൊക്കെ അവഗണിച്ച് വണ്ടി ചലിച്ചുതുടങ്ങി.. ജിദ്ദയിൽ നിന്നും കൂടെക്കൂടിയ തോമസ് അച്ചായൻ, ദമാമ്മിൽ ഞങ്ങളുടെപ്രായോജകരായ അരുണേട്ടൻ, സുരേഷ് അണ്ണൻ, ‘ശാന്തനായ പ്രശാന്ത് തുടങ്ങിയവർക്കൊപ്പം ഈയുള്ളവനും.. കാർ, മണലാരണ്യത്തിലെ ഹൈവേയിലൂടെ കുതിച്ചു.

ഗൾഫ് നാടുകളുടെ മുഖമുദ്രയായ നല്ല റോഡുകളുടെ പരിച്ഛേദമെന്നോണം, സുന്ദരമായ ഹൈവേ നീണ്ടുനിവർന്നു കിടക്കുന്നു.. ഇടയ്ക്ക് ഒരു വലിയ കെട്ടിട സമുച്ചയം അകലെനിന്നേ കണ്ണിൽപ്പെട്ടു.. സിമന്റ് ഫാക്ടറിയാണ്.. ആ ഫാക്ടറിയിലേയ്ക്കുള്ള ഒരു കൺവെയർ ബെൽറ്റ്, തലയ്ക്കു മുകളിലൂടെ ഹൈവേയെ കുറുകെ മുറിച്ച് മരുഭൂമിയുടെ അകത്തളത്തിലെവിടെനിന്നോ കടന്നുവരുന്നു.. 


യാത്ര അൽ-ഹസ്സയിലെത്തി.. എങ്ങും ഈന്തപ്പനത്തോട്ടങ്ങളുടെ ഹരിതാഭ.. ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ചയാണ് അൽ-ഹസ്സിലെ ഈന്തപ്പനകൾ ഒരുക്കിയിരിക്കുന്നത്.. മിക്ക തോട്ടങ്ങളുടെയും കവാടത്തിൽ അവിടത്തെ സംസ്കരണശാലയുടെ പേരുവിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊതുവെ തിരക്കുകുറഞ്ഞ ഒരു പട്ടണമാണ് അൽ-ഹസ്സ എന്ന് ആദ്യകാഴ്ചയിൽ തോന്നി.. ചിലപ്പോൾ അവധിദിനങ്ങളുടെ ആലസ്യത്തിൽ ഉറങ്ങിക്കിടക്കുന്നതുമാവാം.. ജബൽ ഗാര’യിലേയ്ക്കുള്ള വഴി ആർക്കും തിട്ടമില്ല.. ഒടുവിൽ ജിപി‌എസ് സഹായത്തോടെ “ചോദിച്ച് ചോദിച്ച്” ലക്ഷ്യത്തിലെത്തിച്ചേർന്നു..

വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ, ഉയർന്നുനിൽക്കുന്ന കുറച്ച് മൺകൂനകളും റോഡിന് അൽ‌പ്പം താഴെയായി പരന്നുകിടക്കുന്ന ഈന്തപ്പനത്തോട്ടത്തിന്റെ പച്ചപ്പും.. പാർക്കിംഗ് ഏരിയയിൽ വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക്.. കൂടുതലും ഇന്ത്യ-പാക്കിസ്ഥാൻ-ബംഗ്ലാദേശ് ദേശക്കാരാണ്.. ഇടയിലൂടെ ചുരുക്കം ചില സൌദികുടുംബങ്ങളും. കുന്നുകൾക്കിടയിലെ പ്രവേശനകവാടത്തിലൂടെ അകത്തേയ്ക്ക് കടന്നു.


നൂറ്റാണ്ടുകൾ പിന്നിലേയ്ക്കാണ് ആ കവാടം തുറക്കുന്നതെന്ന്, ഉള്ളിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന മാത്രയിൽത്തന്നെ മനസ്സിലാവും. പലരൂപത്തിൽ, പലഭാവത്തിൽ മൺകൂനകളും കുന്നുകളും കാഴ്ചയുടെ വിസ്മയലോകം ഒരുക്കി കാത്തിരിക്കുന്നു.. 

സ്വാഗതമോതുന്ന ഒട്ടകരൂപിണി

ആദ്യത്തെ അമ്പരപ്പ് തെല്ലൊന്നകന്നപ്പോൾ നടത്തം തുടർന്നു..


കുന്നുകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ്, തലങ്ങും വിലങ്ങും വഴിത്താരകൾ.. അതിലൂടെയൊക്കെ നടന്ന്, എത്തിച്ചേരാൻ സാധിക്കുന്ന കുന്നുകളുടെയൊക്കെ തലപ്പത്ത് ആൾ സാന്നിധ്യമുണ്ട്..


ഇടയ്ക്കൊരിടത്ത് ഒരു ആൾക്കൂട്ടം.. ഒരു ഇരുമ്പ് ഗെയിറ്റിനുമുന്നിൽ നിന്നും കുറച്ച് കാവൽക്കാരുടെ നേതൃത്വത്തിൽ ആളുകളെ വഴി തിരിച്ചു വിടുകയാണ്.. എന്താണ് കാര്യമെന്നറിയാൻ, സഹജമായമലയാളിത്തത്തോടെഗെയിറ്റിന്റെ അരികിലേയ്ക്ക് നടന്നു.. അത്ഭുതമെന്ന് പറയട്ടെ, ആ ഭാഗത്തെ അന്തരീക്ഷത്തിന് മഞ്ഞിന്റെ കുളിർമ!!  ഗെയിറ്റിന്റെ അരികിലേയ്ക്ക് ചെല്ലുംതോറും തണുപ്പ് കൂടിക്കൂടി വന്നു.. അകത്തെവിടെയോ ഏ.സി വച്ചിട്ടുണ്ടെന്നാണ് ആദ്യം തോന്നിയത്.. എന്നാൽ അതായിരുന്നില്ല യാഥാർത്ഥ്യംവളരെ ഉയരത്തിൽ നിൽക്കുന്ന മലകൾക്കിടയിലെ ആ ഇടുങ്ങിയ ഭാഗത്ത് സ്വാഭാവികമായി രൂപപ്പെട്ട ശീതമേഖലആയിരുന്നു അത്

ഇവിടം ‘ഏസി’-യാണ്..

നിർഭാഗ്യം, അല്ലാതെന്ത് പറയാൻ! അതിന്റെയകത്തേയ്ക്ക് കുടുംബവുമായി വന്ന സന്ദർശകർക്ക് മാത്രമേ അപ്പോൾ പ്രവേശനം അനുവദിക്കുന്നുള്ളൂ.. അവധി ദിനങ്ങൾ കഴിഞ്ഞിട്ടേ മറ്റുള്ളവർക്ക് അനുമതിയുള്ളുവത്രേ.. (ജിദ്ദയിൽ നിന്നും വന്നതാണ്, അവധി ദിനങ്ങൾ കഴിയുന്നതുവരെ കാത്തുനിൽക്കാനാവില്ല, അതുകൊണ്ട് അകത്തുകയറാൻ അനുവദിക്കണം എന്നൊക്കെ പറഞ്ഞ് അച്ചായൻ ഒരു അവസാനശ്രമം കൂടെ നടത്തി നോക്കി.. നോ രക്ഷ!). സെക്യൂരിറ്റിക്കാരൻ ശബ്ദമുയർത്തി ആട്ടിപ്പായിച്ചതോടെ മറ്റുള്ളവർക്കൊപ്പം തൊട്ടടുത്ത കുന്നിൻ മുകളിലേയ്ക്ക് നടത്തം തുടർന്നു.

വലിഞ്ഞുകയറുന്നത് കണ്ടാൽ തോന്നും, വേറെ വഴിയില്ലെന്ന്..

അള്ളിപ്പിടിച്ച് കയറിയും നിരങ്ങിയിറങ്ങിയുമൊക്കെ ആ കളിമൺകുന്നുകളുടെ നെറുകയിലൂടെ ഏറെ നേരം നടന്നു. 

ഇത്തിരി വിശ്രമം, ഒത്തിരി കാഴ്ചകൾ..

ചരിത്രമുറങ്ങിക്കിടക്കുന്ന ഈ മൺകൂനകളിൽ എത്രയെത്ര കാലടികൾ പതിഞ്ഞിട്ടുണ്ടാവാം! വെയിലിന്റെ കാഠിന്യം കുറയുന്നതിനൊപ്പം സന്ദർശകരുടെ എണ്ണവും കൂടുന്നുണ്ട്.


ചില സാഹസികന്മാർ കുന്നുകൾക്കിടയിലെ അഗാധഗർത്തതിന്റെ മുകളിലൂടെ ചാടിക്കടക്കുന്നു.. ചാട്ടം അൽ‌പ്പം പിഴച്ചാൽ !! (ഇത്തിരി മണ്ണ് കൂടെ ഇടിച്ചിടുന്നതായിരിക്കും, അവരെ തിരികെയെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പം.)


മഴവെള്ളപ്പാച്ചിലുകളുടെ സഹായത്താൽ രൂപം കൊണ്ടതാവണം, കുന്നുകൾക്കിടയിലെ ഈ വലിയ വിടവുകളും വഴികളും.. കളിമണ്ണും ചുണ്ണാമ്പുകല്ലുകളും കൂടിച്ചേർന്ന, പ്രകൃതിദത്തമായ ഈ നിർമ്മിതിയിൽ മഴയും കാറ്റുമൊക്കെ നൂറ്റാണ്ടുകളായി തങ്ങളുടെ കരവിരുതുകൾ പരീക്ഷിക്കുന്നുണ്ടാവാം. 

ഗതകാലസ്മരണയിൽ..

സൌദിയുടെ മത-സാംസ്കാരിക-വ്യവസായ മേഖലകളിൽ “ജബൽ ഗാര-യ്ക്കും സമീപപ്രദേശങ്ങൾക്കും നിർണായക പങ്കാണുള്ളത്.


കുന്നുകൾക്ക് മുകളിൽ നിന്നും നോക്കുമ്പോൾ അനന്തവിശാലമായി പരന്നുകിടക്കുന്ന മരുപ്പച്ച ഒരു സവിശേഷ കാഴ്ച തന്നെ..

അനന്തമജ്ഞാതമവർണ്ണനീയം!!

മടക്കയാത്രയ്ക്കുള്ള സമയമായിരിക്കുന്നു.. കുന്നിൻ മുകളിൽ നിന്നുമിറങ്ങി പുറത്തേയ്ക്ക് നടക്കുമ്പോളും മരുഭൂമിയിലെ ഈ അത്ഭുതലോകത്തെത്തിയതിന്റെ ആശ്ചര്യം മനസ്സിൽ നിന്നും വിട്ടുപോയിരുന്നില്ല.  

പ്രകൃതിയുടെ വികൃതി..

പ്രവേശനകവാടത്തിൽ തിരക്ക് കൂടിയിരിക്കുന്നു; പാർക്കിംഗ് ഏരിയയിലും ആളുകളുടെ പൂരം.. കുതിര-ഒട്ടക സവാരിക്കാരും കളിപ്പാട്ടക്കച്ചവടക്കാരുമൊക്കെ ചേർന്ന് ബഹളമയം..  

ഇവനെ മെരുക്കിയിട്ട് ബാക്കി കാര്യം..
സുന്ദരൻ ഞാനും സുന്ദരി നീയും..

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ പകർന്നുതന്ന ‘ജബൽ ഗാര’യ്ക്ക് നിശ്ശബ്ദം നന്ദിപറഞ്ഞ് കാറിലേയ്ക്ക് കയറുമ്പോൾ ചക്രവാളസൂര്യൻ ചെമ്പട്ടുമണിഞ്ഞ് വിടവാങ്ങിയിരുന്നു..

ആകെ മൊത്തം കളിമണ്ണ്!

വാൽക്കഷണം : സൌദിയിലെ മറ്റിടങ്ങളിലെപ്പോലെ, ‘പ്രാർത്ഥന (സല) സമയത്ത്കടകളും മറ്റും അടയ്ക്കുന്ന പതിവ് അൽ-ഹൊഫുഫ് പ്രദേശത്ത് ബാധകമല്ലെന്ന് തോന്നുന്നു.. ‘ബാങ്ക്കൊടുക്കുന്നത് കേട്ടിട്ടും, കടയടയ്ക്കുന്ന ലക്ഷണമൊന്നും കാണിക്കാതെ, കച്ചവടം തുടരുന്ന ജോലിക്കാരോട്സല ആയില്ലേ, ഇപ്പോൾ അടയ്ക്കുമോഎന്ന് ചോദിച്ചപ്പോൾസലയോ? എന്ത് സല? ഇവിടെ അത്തരം ഏർപ്പാടൊന്നുമില്ലഎന്നതായിരുന്നു മറുപടി. (ജബൽ ഗാര കണ്ടതിലധികം അത്ഭുതവും അമ്പരപ്പും ഒരുമിച്ച് ഉടലെടുത്തു, ആ പ്രതികരണം കേട്ടപ്പോളും കണ്ടപ്പോളും..)


Sunday 14 April 2013

വർഷങ്ങൾ പോകുവതറിയാതെ..

23 മാർച്ച് 2003.. അങ്ങ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജോഹാനസ്ബർഗിൽ സൌരവ് ഗാംഗുലിയും കൂട്ടരും ഓസ്ട്രേലിയക്കാരുടെ തല്ലുകൊണ്ട്പെടാപ്പാട് പെടുമ്പോൾ, മുംബൈ വിമാനത്താവളത്തിൽ ഈയുള്ളവൻ സൌദിയിലേയ്ക്ക് പുറപ്പെടാൻ കച്ച മുറുക്കുകയായിരുന്നു..  അമേരിക്കൻ സഖ്യകക്ഷികൾ സദ്ദാം ഹുസൈനെ തിരഞ്ഞ് ഇറാക്കിനെ ആക്രമിക്കുന്ന സമയമാണ്.. ‘ഇപ്പോ വേണേൽ പൊയ്ക്കോ, താമസിച്ചാൽ ചിലപ്പോൾ പണിപാളുംഎന്ന ട്രാവൽ ഏജൻസിക്കാരന്റെ പറച്ചിലിൽ രണ്ടാമതൊന്ന് ആലോചിക്കാൻ മെനക്കെട്ടില്ല.. യുദ്ധമെങ്കിൽ യുദ്ധം.. കിട്ടിയ ബസ്സിന് മുംബൈയ്ക്ക്.. അവിടെ നിന്നും ദമാം വഴി ജിദ്ദയിൽ.. ഇന്നലെ കഴിഞ്ഞതുപോലെ എല്ലാം ഓർമ്മകളിൽ തെളിഞ്ഞ് നിൽക്കുന്നു..

23 മാർച്ച് 2013..ഗൾഫുകാരൻഎന്ന മോടിക്കുപ്പായമണിഞ്ഞിട്ട് 10 വർഷങ്ങൾ.. ദിവസങ്ങളിൽ നിന്നും മാസങ്ങളിലേയ്ക്കും മാസങ്ങളിൽ നിന്ന് വർഷങ്ങളിലേയ്ക്കുമുള്ള ദൂരം എത്ര വേഗത്തിലാണ് പിന്നിടുന്നത്.! അനന്തമായ ഒരു മാരത്തൺ പോലെ ജീവിതത്തിന്റെ ഓട്ടം തുടരുന്നു.. “ഞാനുമുണ്ട് കൂടെഎന്ന് പറഞ്ഞ് ഒപ്പം കൂടിയവരിൽ പലരും ഇടയ്ക്കുവച്ച് വഴി പിരിഞ്ഞോടുന്നു.. ചിലർ വഴിമുടക്കുന്നു.. ഇതൊന്നും വകവയ്ക്കാതെ, എന്നും കൂടെയുള്ള കുറെ നല്ല സൌഹൃദങ്ങൾ.. കരുത്ത്പകർന്ന്, ആവേശത്തോടെ കൂടെയോടുന്നവർ.. കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ, ചൂണ്ടിക്കാണിക്കാനുള്ളത് സൌഹൃദസമ്പത്താണ്.. അതുമാത്രമാണ് !!

നിറവേറ്റുവാൻ വാഗ്ദാനങ്ങളോ കീഴടക്കുവാൻ ലക്ഷ്യങ്ങളോ ഇല്ല.. എങ്കിലും യാത്ര തുടരുകയാണ്.. ഇന്നലെകളും നാളെകളുമില്ലാതെ, ഇന്നിന്റെ ചിറകിലേറിയുള്ള ജീവിത യാത്ര!