പിന്നിട്ട വഴികൾ
മണലാരണ്യത്തിലൂടെ... (ഭാഗം 1)
മണലാരണ്യത്തിലൂടെ... (ഭാഗം 2)
മണലാരണ്യത്തിലൂടെ... (ഭാഗം 3)
തൊട്ടരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലറുകളിലൊന്നിന്റെ മുരൾച്ച, സുഖകരമായ ഉറക്കത്തിന്റെ അന്തകനായി. കാറ്റിന്റെ മേളങ്ങളൊന്നുമില്ലാതിരുന്നതിനാൽ ദീർഘമായ ഉറക്കം തന്നെ തരപ്പെട്ടുവെങ്കിലും ട്രെയിലറിന്റെ ‘ഉണർത്തുപാട്ട്’ കേട്ട് എണീക്കാതെ നിവർത്തിയില്ലെന്നായി. സമയം 6 ആയിട്ടേയുള്ളു, പക്ഷേ അച്ചായനും കൂടാരത്തിൽ നിന്നും പുറത്ത്ചാടിയിരിക്കുന്നു!
മണലാരണ്യത്തിലൂടെ... (ഭാഗം 1)
മണലാരണ്യത്തിലൂടെ... (ഭാഗം 2)
മണലാരണ്യത്തിലൂടെ... (ഭാഗം 3)
തൊട്ടരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലറുകളിലൊന്നിന്റെ മുരൾച്ച, സുഖകരമായ ഉറക്കത്തിന്റെ അന്തകനായി. കാറ്റിന്റെ മേളങ്ങളൊന്നുമില്ലാതിരുന്നതിനാൽ ദീർഘമായ ഉറക്കം തന്നെ തരപ്പെട്ടുവെങ്കിലും ട്രെയിലറിന്റെ ‘ഉണർത്തുപാട്ട്’ കേട്ട് എണീക്കാതെ നിവർത്തിയില്ലെന്നായി. സമയം 6 ആയിട്ടേയുള്ളു, പക്ഷേ അച്ചായനും കൂടാരത്തിൽ നിന്നും പുറത്ത്ചാടിയിരിക്കുന്നു!
തലേരാത്രിയിൽ അവിടെ നിർത്തിയിട്ടിരുന്നവയിൽ
ഭൂരിഭാഗം ട്രെയിലറുകളും പോയിക്കഴിഞ്ഞിരിക്കുന്നു; ശേഷിക്കുന്നവയും അധികം താമസിയാതെ
തന്നെ പുറപ്പെടാനുള്ള തയ്യാറെടുപ്പുകളിലാണ്. പമ്പിനോട് ചേർന്ന് വൃത്തിയായി പരിപാലിക്കുന്ന ശുചിമുറികളുള്ളതിനാൽ
രാവിലത്തെ ‘കലാപരിപാടി’കളൊക്കെ ഭംഗിയായി നിറവേറ്റി. ഓരോ ചൂട് ചായയും വാങ്ങി വണ്ടിയിൽ
കയറിയതോടെ അടുത്ത ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം ആരംഭിക്കുകയായി…
നാലാം ദിനത്തിലെ യാത്രാപഥം |
ദിവസം #4 - യാത്ര #1 : അറാർ - റഫ
കാറിന്റെ ഓയിൽ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു;
ഏറ്റവും ആദ്യം കാണുന്ന സർവീസ് സെന്ററിൽ നിന്നും ആ പണി തീർക്കുക എന്നതിനാണ് പ്രഥമ പരിഗണന.
എന്നിട്ട്, ഇന്നത്തെ അവസാനലക്ഷ്യമായ ജുബൈലിലേയ്ക്ക്.. ഇടയ്ക്ക് എവിടെയെങ്കിലും വച്ച്
ഉച്ചഭക്ഷണം പാകം ചെയ്ത് കഴിക്കണം.. ഏതാണ്ട് 1000 കിലോമീറ്ററുകൾ താണ്ടിയെത്തേണ്ട യാത്രയ്ക്കിടയിൽ
മറ്റ് ലക്ഷ്യങ്ങൾ ഏതുമേയില്ല..
റഫ-യിലേയ്ക്ക് |
പിന്നിട്ടുവന്ന ദിനങ്ങളിലേതുപോലെയല്ല,
വഴിയിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചിരിക്കുന്നു. ട്രെയിലറുകളാണ് എണ്ണത്തിൽ കൂടുതൽ.
യെമൻ, തുർക്കി, ജോർദാൻ, യു.എ.ഇ, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിലേയ്ക്ക് ചരക്കുകളുമായി
പോകുന്നവ. നിരനിരയായി പോയ്ക്കൊണ്ടിരിക്കുന്ന ട്രക്കുകളെ പിന്നിലാക്കി അച്ചായൻ മുന്നേറിക്കൊണ്ടിരുന്നു.
ട്രെയിലറുകൾ നിര നിര നിരയായ്.. |
പച്ചപ്പിന്റെ കണിക പോലുമില്ലാത്ത
പ്രദേശങ്ങളാണ് റോഡിനിരുവശവും കടന്നുപോകുന്നത്. അനന്തമായി പരന്നുകിടക്കുന്ന മണലിന്റെ
മേലാപ്പിൽ ആരോ അലക്ഷ്യമായിട്ട കറുത്ത നൂല് പോലെ വളഞ്ഞുപുളഞ്ഞ് പോകുന്ന വഴിത്താര.
റഫ പട്ടണം |
ഏതാണ്ട് 300 കിലോമീറ്ററുകൾ പിന്നിട്ട
ശേഷമാണ്, പ്രധാനപാതയോട് ചേർന്ന് ഒരു ചെറിയ ടൌൺ കാണപ്പെട്ടത്. ചെറുവാഹനങ്ങളുടെ തിരക്കും
നിറയെ കടകളുമൊക്കെയായി ഒരു തനത് സൌദിപ്പട്ടണം – അതാണ് റഫ (Rafha). വർക് ഷോപ് തേടി അധികം
അലയേണ്ടി വന്നില്ല, വഴിയരികിലായിത്തന്നെ ഒരു വലിയ സർവീസ് സ്റ്റേഷൻ ഒത്തുകിട്ടി. അവിടുത്തെ
തൊഴിലാളികൾ മലയാളികളാണെന്ന് അറിഞ്ഞതോടെ അച്ചായന് സന്തോഷമായി. ജിദ്ദയിൽ നിന്നെത്തിയ
യാത്രികരെ കണ്ടപ്പോൾ അവർക്കും സന്തോഷം. ഓയിൽ മാറ്റവും അത്യാവശ്യം വേണ്ടുന്ന മറ്റ് ചില
തട്ട്മുട്ട് പണികളും പെട്ടെന്ന് തന്നെ കഴിഞ്ഞു. വിശപ്പിന്റെ വിളിയ്ക്കുകൂടെ ഉത്തരം
നൽകിയിട്ട് യാത്ര തുടരാമെന്നുറച്ച് അടുത്തുള്ള കഫറ്റീരിയയിലേയ്ക്ക് നടന്നു.
കണ്ടാൽ മലയാളിയെന്ന് തോന്നിക്കുന്ന,
ബംഗ്ലാദേശിയായ ഒരു ചെറുപ്പക്കാരൻ സുസ്മേരവദനനായി സ്വാഗതം ചെയ്തു. (മലയാളത്തിൽ ഓർഡർ
ചെയ്തപ്പോൾ താൻ മലയാളിയല്ല എന്ന് ഹിന്ദിയിൽ പറഞ്ഞ് തന്നതുകൊണ്ടാണ് ഈ തിരിച്ചറിവുണ്ടായത്..
;) ). ഓരോ സാൻഡ്‌വിച്ച് വീതം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോളാണ് 2 സൌദി യുവാക്കൾ അവിടേയ്ക്ക്
കടന്നുവന്നത്. ഉച്ചത്തിൽ സലാം പറഞ്ഞ് വന്ന അവരിലൊരുവൻ, ഞങ്ങളുടെ മേശക്കരികിലെത്തിയപ്പോൾ
“ഹായ്, ഹൌ ആർ യു?” എന്ന് ചോദിച്ച് ലോഹ്യത്തിലായി. സൌദികളിൽ നിന്നും അവിചാരിതമായി വന്ന കുശലാന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയിൽ
സംശയം തോന്നാതിരുന്നില്ലെങ്കിലും സൌഹൃഭാവം വെടിഞ്ഞില്ല. ഏതായാലും, കൂടുതൽ സംശയങ്ങൾക്കിടനൽകാതെ
അവർ ഭക്ഷണവുമായി മറ്റൊരു മേശയിലേയ്ക്ക് ചേക്കേറി അവരുടേതായ ലോകത്ത് മുഴുകി.
സ്വർഗ്ഗം താണിറങ്ങി വന്നതോ.. |
ഭക്ഷണം കഴിച്ച് ആദ്യം എണീറ്റത് അവരാണ്.
പക്ഷേ, അതൊന്നും ശ്രദ്ധിക്കാതെ കഴിച്ചുകൊണ്ടിരുന്ന ഞങ്ങളെ ലക്ഷ്യമാക്കി ആ സൌദിപ്പയ്യൻസിന്റെ
ശബ്ദമെത്തി..
“okey gentlemen… see you again.. your bill is already paid.. have a nice trip..”
അമ്പരപ്പോടെ തിരിഞ്ഞുനോക്കുമ്പോൾ
വാതിൽക്കൽ നിന്നും അവൻ കൈ വീശിക്കാണിക്കുന്നു!! കാശ് ഞങ്ങൾ കൊടുത്തുകൊള്ളാം എന്ന് പലവട്ടം
പറഞ്ഞെങ്കിലും അതൊന്നും ഗൌനിക്കാതെ അവൻ നടന്നകന്നു. സത്യം പറഞ്ഞാൽ, ഒരുകാര്യവുമില്ലാതെ
‘സൌദികൾ‘ വീണ്ടും അത്ഭുതപ്പെടുത്തി.
ദിവസം #4 - യാത്ര #2 : റഫ – ഹഫർ അൽ-ബാതേൻ - ജുബൈൽ
കാർ വീണ്ടും ഉരുണ്ടുതുടങ്ങി; കൊച്ചുപട്ടണത്തിനെ
പിന്നിലാക്കി ഹൈവേയുടെ തിരക്കിലലിയാൻ അധികനേരം വേണ്ടിവന്നില്ല. കണ്മുന്നിൽ തെളിയുന്ന
കാഴ്ചകൾ, ഇതുവരെ കണ്ടുവന്നവ പോലെ തന്നെ - കണ്ണെത്താ ദൂരത്തിൽ പരന്നുകിടക്കുന്ന മണൽക്കാടും
അതിനെ കീറിമുറിച്ച് പായുന്ന റോഡും അതിലെ വാഹനങ്ങളും.
ഏതാണ്ട് 2 മണിയോടെ ഹഫർ അൽ-ബാതേൻ പട്ടണത്തിലെത്തിച്ചേർന്നു.
ഉച്ചഭക്ഷണം തയ്യാറാക്കാൻ പരിപാടിയിട്ടതിനാൽ കുറച്ച് ആട്ടിറച്ചി, മോര് ഇത്യാദി സാധനങ്ങളൊക്കെ
മേടിച്ച് യാത്ര തുടരാമെന്ന് കരുതി ടൌണിലേയ്ക്ക് വണ്ടി തിരിച്ചു. ഉച്ചസമയമായതിനാലാവണം
ചെറിയ കടകളൊക്കെ അടഞ്ഞാണ് കിടക്കുന്നത്. ഭാഗ്യത്തിന് ഒരു സൂപ്പർ മാർക്കറ്റ് കിട്ടി;
ഉദ്ദേശിച്ച സാധനങ്ങളൊക്കെ വാങ്ങി ‘അടുക്കള’ തുറക്കാൻ പറ്റിയ സ്ഥലമന്വേഷിച്ച് ഹൈവേയിലൂടെ
യാത്ര തുടർന്നു.
സവാള ഗിരി ഗിരി |
അധികം പോകേണ്ടിവന്നില്ല, വഴിയരികിൽ തന്നെയുള്ള വിശാലമായ ഒരു പാർക്കിൽ
തണൽക്കുടകളൊരുക്കി ‘സൌദി ടൂറിസം വകുപ്പ്’ അതാ കാത്തിരിക്കുന്നു! ഒട്ടും ആമാന്തിച്ചില്ല,
സൌകര്യപ്രഥമായ ഒരിടം നോക്കി കാറിന് വിശ്രമം നൽകി കാര്യപരിപാടികളിലേയ്ക്ക് കടന്നു. മുക്കാൽമണിക്കൂറിനുള്ളിൽ
ചോറും മട്ടൺ കറിയും തയ്യാർ!
വിശ്രമസമയം വെട്ടിച്ചുരുക്കി, സാധനസാമഗ്രഹികളൊക്കെ
തിരികെ ഡിക്കിയിൽ അടുക്കിവച്ച്, കാർ ഹൈവേയിലൂടെ കുതിപ്പ് തുടർന്നു. രാവേറെ ചെല്ലും
മുൻപേ ജുബൈലിലെ കൂട്ടുകാരന്റെ കൂരയിൽ ചേക്കേറാനായി ഇനിയുമുണ്ട് ഏറെ ദൂരം.
ലൈറ്റായിട്ടൊരു ലഞ്ച്.. :) |
ഹൈവേയിൽ ഇടയ്ക്കൊരു താൽക്കാലിക ചെക്
പോയന്റ്. നാലഞ്ച് പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങുമിട്ട് കാര്യമായ പരിശോധനയാണ്. വണ്ടി
നിർത്താൻ കൈ കാണിച്ച ഉദ്യോഗസ്ഥന്റെയടുത്തേയ്ക്ക് പോകാൻ ‘ബുക്കും പേപ്പറും’ (എന്നുവച്ചാൽ
ഇവിടുത്തെ ഇസ്തിമാറ (രജിസ്ട്രേഷൻ)-യും റുക്സ (ലൈസൻസ്)-യും) എടുത്ത് അച്ചായൻ ഡോർ തുറക്കുമ്പോളേയ്ക്കും
അതേ ഉദ്യോഗസ്ഥൻ കാറിനരികിലെത്തി..
“No.. No.. No need to come out..
you please sit there.. give me the Isthimara and Ruksa..”
കുനിഞ്ഞ്, ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയോടെ
കാറിനുള്ളിലേയ്ക്ക് നീട്ടിയ അദ്ദേഹത്തിന്റെ കയ്യിലേയ്ക്ക് ആവശ്യപ്പെട്ട കാർഡുകൾ കൊടുത്തിട്ട് എന്റെ നേരെ തിരിയുമ്പോളും അച്ചാന്റെ മുഖത്തെ അതിശയഭാവം
മാഞ്ഞിരുന്നില്ല. എങ്ങനെ അതിശയിക്കാതിരിക്കും? സൌദി പോലീസിൽ നിന്നും ഇത്തരം “ഇംഗ്ളീഷ്”
മര്യാദയയൊക്കെ പ്രതീക്ഷകൾക്കുമപ്പുറത്താണ്.
“your Iquama, please..”
അതും കൊടുത്തു; എല്ലാം ഒത്തുനോക്കിയിട്ടും
എന്തോ ഒരു തൃപ്തിക്കുറവ്.
“I will check in the system..
please wait… and sorry for the delay..”
ദേ പിന്നെയും മര്യാദ!! ഈ പോലീസുകാരൻ
നമ്മളെ അതിശയിപ്പിച്ച് കൊല്ലുമല്ലോ എന്ന് മനസ്സിലോർത്തു. കാറിന്റെ പിന്നിലേയ്ക്ക് മാറി
നിന്ന് ആ ചെറുപ്പക്കാരൻ പോലീസ് ആരോടോ ഫോണിൽ സംസാരിക്കുന്നു; ഇടയ്ക്ക് വണ്ടിയുടെ റജിസ്ട്രേഷൻ
നമ്പറൊക്കെ ആവർത്തിച്ച് പറയുന്നുമുണ്ട്. ബാങ്കിൽ നിന്നും തവണവ്യവസ്ഥയിൽ വാങ്ങിയ കാർ
ആയതിനാൽ ‘ഇസ്തിമാറ’യിൽ ഉടമസ്ഥൻ ബാങ്ക് ആണ്, എന്നാൽ ലൈസൻസ് അച്ചായന്റെ പേരിലും. ഈ കാര്യങ്ങളൊക്കെ
ഏതോ ഓഫീസിൽ വിളിച്ച്, കമ്പ്യൂട്ടറിൽ പരിശോധിച്ച് ഉറപ്പുവരുത്തുകയാവും എന്ന് അച്ചായന്റെ
ന്യായീകരണം. ഫോൺ വിളിയൊക്കെ മതിയാക്കി പോലീസുകാരൻ തിരികെയെത്തി കാർഡുകളൊക്കെ അച്ചായനെ
ഏൽപ്പിച്ച് വീണ്ടും ‘മര്യാദരാമ’നായി;
“once again, sorry for the
delay.. everything is okey.. you may go now and
have a nice journey ahead..”
കാർ പതുക്കെ ഉരുണ്ടുതുടങ്ങിയിട്ടും
അമ്പരപ്പ് മാറിയിരുന്നില്ല; ഇത് സൌദി അറേബ്യ തന്നെയോ!! ആ പോലീസുകാരന്റെ സൌമ്യവും ഹൃദ്യവുമായ
പെരുമാറ്റത്തെക്കുറിച്ച് സംസാരിച്ച് വീണ്ടും ഹൈവേയിലെ തിരക്കിലേയ്ക്കലിഞ്ഞു.
നാലാം ദിവസത്തെ പകലോൻ, മരുഭൂമിയിലെ
മലകൾക്ക് പിന്നിലേയ്ക്ക് വിട ചൊല്ലി മറഞ്ഞു. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയുടെ സാന്നിധ്യം
വിളിച്ചറിയിച്ചുകൊണ്ട് ഭീമാകാരങ്ങളായ പുകക്കുഴലുകളും ഫാക്ടറികളും കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശധാരയിൽ മുങ്ങിക്കുളിച്ച് മുന്നിൽ നിരന്നുതുടങ്ങി. ജി.പി.എസ് തെളിച്ച വഴിയിലൂടെ,
പ്രധാനപാതയിൽ നിന്നുമിറങ്ങി ജുബൈൽ സിറ്റി ലക്ഷ്യമാക്കി നീങ്ങി. പ്രതീക്ഷിച്ചതിലും വളരെ
നേരത്തെ തന്നെ ലക്ഷ്യത്തിലെത്തി, പക്ഷേ ഇവിടെ കാണാമെന്നേറ്റിരിക്കുന്ന സുഹൃത്ത് ‘ബഹ്‌റൈനി’ൽ
നിന്നും പുറപ്പെട്ടിട്ടേയുള്ളു. തൊട്ടടുത്തുള്ള റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച്,
തിരകളില്ലാത്ത ബീച്ചിൽ കാറ്റേറ്റിരിക്കുമ്പോളേയ്ക്കും അദ്ദേഹം പ്രത്യക്ഷനായി. റൂമിലെത്തി,
വിശാലമായ കുളിയുടെ അകമ്പടിയോടെ ഏസി-യുടെ ശീതളിമയിൽ കരിമ്പടം ചുറ്റി ഉറക്കത്തിന്റെ തേരിലേറാൻ
തെല്ലും സമയം പാഴാക്കിയില്ല!!
(തുടരും)
====================================
കടപ്പാട്:
-
തോമസ്
അച്ചായൻ (യാത്ര)
-
ഗൂഗിൾ (മാപ്)
-
വിക്കിപീഡിയ
(വിശദാംശങ്ങൾ)
-
BBQ5 /
Canon (ചിത്രങ്ങൾ)