ഇന്നലെയും നാളെയുമില്ലാതെ, ഇന്നിന്റെ കുടക്കീഴിൽ നാമൊന്നിച്ചു നടന്ന വഴികൾ വിജനമായിരിക്കുന്നു... നമ്മുടെ പാദസ്പർശമേറ്റ് തെളിഞ്ഞ വഴിത്താരയിൽ പുല്ക്കൊടികൾ നാമ്പെടുത്തിരിക്കുന്നു... പറഞ്ഞുതീരാത്ത പരിഭവങ്ങളും പകർന്നുതീരാത്ത സ്നേഹവും ബാക്കിവച്ച് പാതിവഴിയിൽ നാം വേർപിരിഞ്ഞത് പ്രകൃതിയുമറിയുന്നതുപോലെ...
ഇനിയെപ്പോളെങ്കിലും കണ്ടുമുട്ടിയാൽ എന്തുപറയണമെന്നറിയില്ല; എവിടെനിന്ന് പറഞ്ഞുതുടങ്ങണമെന്നറിയില്ല... അല്ലെങ്കിൽത്തന്നെ, ഇനി വീണ്ടും കാണാതിരിക്കുന്നതല്ലേ നല്ലത്? പറയാൻ മറന്ന പരിഭവങ്ങളും പാതിപകർന്ന സ്നേഹവും എന്നോടുകൂടെ മണ്ണടിയട്ടെ...
വിളക്കുകാലിനോട് ചേർന്നുള്ള ആ ഇരട്ടമരച്ചുവട്... മിഴിപൂട്ടിയ വിളക്കിനെ സാക്ഷിയാക്കി, ഇരുളുന്ന സന്ധ്യയിൽ , തോളിൽ തലചായ്ച്ച് എല്ലാം മറന്നിരുന്ന നിമിഷങ്ങൾ... നീയും ഞാനും നമ്മുടെ പ്രേമവും മാത്രമായ നിമിഷങ്ങൾ...
എവിടെവച്ചാണ് എനിക്ക് നിന്നെ നഷ്ടമായത്? പാതിരാവിന്റെ കൂരിരുട്ടിൽ എനിക്കായി കാത്തുനിന്ന നീ, കണ്ടുമുട്ടിയ മാത്രയിൽ മൂർദ്ധാവിൽ പകർന്ന ചുംബനത്തിന്റെ ചൂടാറും മുൻപെ തന്നെ, നിന്നെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകളെ വിടർത്തിമാറ്റി എങ്ങോട്ടാണ് പോയ്മറഞ്ഞത്?
നീ (അതോ ഞാനോ?) നടന്നകന്ന വഴിയിലേക്ക് തുറന്നിട്ട, ഒളിമങ്ങാത്ത ഓർമ്മച്ചിത്രങ്ങളുടെ ചില്ലുജാലകം ഞാൻ ചേർത്തടയ്ക്കുന്നു..
അറിയുക - അന്നും ഇന്നും എന്നും എന്റെ സ്നേഹം അളവുകളില്ലാത്ത വിധം ആത്മാർത്ഥമാണ്..
YYY