Thursday 29 September 2011

വാൽ‌പ്പാറയിലേയ്ക്ക്...

രു പാലക്കാടൻ യാത്രയുടെ തുടർച്ചയായിട്ടാണ് പൊള്ളാച്ചി വരെ പോയത്.. ആദ്യ പൊള്ളാച്ചി യാത്രയ്ക്ക് മാറ്റേകിയത് വാൽ‌പ്പാറ - ആതിരപ്പള്ളി വഴിയുള്ള മടക്കയാത്രയായിരുന്നു.. ആ അവിസ്മരണീയ യാത്രയുടെ നേർക്കാഴ്ചകളാവട്ടെ ഇനി .. 


സൂര്യൻ ഉച്ചിയിലേയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു; കാണേണ്ടവരെ കണ്ട്, കാര്യമൊക്കെ സാധിച്ച് പൊള്ളാച്ചിയിൽ നിന്നുമുള്ള മടക്കയാത്രയ്ക്കുള്ള സമയമായി. ഒരു കൊച്ചുചായക്കടയിൽ നിന്നും ദോശയും ഇഡ്ഡലിയുമൊക്കെ വയറുനിറയെ കഴിച്ച്, വണ്ടിയിൽക്കയറി.. വാൽ‌പ്പാറ വഴി ചാലക്കുടി - ഇതാണ് ലക്ഷ്യം.. പുതിയ വഴികൾ, കാണാത്ത സ്ഥലങ്ങൾ.. ആലോചിച്ചപ്പോൾത്തന്നെ മനസ്സിൽ ആവേശം നിറയുന്നു.. പൊള്ളാച്ചി പട്ടണത്തിൽക്കൂടെ രണ്ട് തവണ വട്ടം ചുറ്റി (വഴി തെറ്റിയിട്ടാണേ, അല്ലാതെ നേർച്ചയൊന്നുമല്ലായിരുന്നു..) ഒരുതരത്തിൽ വാൽ‌പ്പാറയിലേയ്ക്കുള്ള റോഡ് കണ്ടുപിടിച്ചു...


പാലക്കാട് - പൊള്ളാച്ചി ഭാഗങ്ങളിലെ ഒരു പതിവ് വേനൽക്കാഴ്ച...

പ്രധാന റോഡിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുന്നെയാണ് ഈ ചങ്ങാതിയെ കണ്ടത്; ഒരു M80-യിൽ നിറയെ പനങ്കരിക്കുകൾ തൂക്കി, പനയോലകൾ ചാർത്തി നല്ല സ്റ്റൈലിൽ നിൽക്കുന്നു ഒരു പൊള്ളാച്ചിപ്പയ്യൻസ്! ഇന്നലെ പൊള്ളാച്ചിയിലേക്ക് വരുമ്പോൾ വഴിയിൽ പലയിടത്തും കണ്ടിരുന്നു, ഇമ്മാതിരി സെറ്റപ്പ്.. എന്താണ് സംഗതി എന്ന് അറിയണമെന്നുള്ള അതിയായ ആഗ്രഹം ഇന്നലെ മുതൽ തന്നെ മനസ്സിൽ ഉദിച്ച് നിൽ‌പ്പാണ്..  അത് നിറവേറ്റിയിട്ട് തന്നെ ബാക്കി കാര്യം എന്ന് ചിന്തിച്ച് വണ്ടി സൈഡിലൊതുക്കി.. ഒരു കച്ചവടം ഒത്തുകിട്ടിയ സന്തോഷം മുഖത്ത് കാണിക്കാതെ പയ്യൻസ് പെട്ടെന്ന് തന്നെ ജോലി തുടങ്ങി..


ഈ പനങ്കരിക്ക് പാനീയം രുചിയിലും ഗുണത്തിലും ബഹുകേമം...

ചെറിയ പനയോല ഒരു പ്രത്യേക രീതിയിൽ വളച്ച് കെട്ടി പാത്രമുണ്ടാക്കുന്നതാണ് ആദ്യത്തെ ചടങ്ങ്.. (വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഇഷ്ടൻ ഇതുപോലെ നിരവധി പാത്രങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്.) പിന്നെ, ആ പാത്രത്തിലേയ്ക്ക് 3-4 പനങ്കരിക്കുകൾ പൊട്ടിച്ചൊഴിക്കും, വെള്ളം മാത്രമല്ല അതിന്റെ കാമ്പും (നൊങ്ക്).. എന്നിട്ട് ഈ കരിക്ക് + വെള്ളം മിശ്രിതം വലിച്ചങ്ങ് കുടിക്കുക.. അത്ര തന്നെ! എല്ലാം പ്രകൃതിദത്തം.. കൃത്രിമമായത് ഒന്നും ചേരുന്നില്ല.. രുചിയോ, ബഹുകേമം! (ഇത് കഴിക്കാൻ സ്ട്രോ അല്ലെങ്കിൽ സ്പൂൺ ആവശ്യമില്ലാത്തതിനാൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തെല്ലുമില്ല)

കച്ചവടം കഴിഞ്ഞെങ്കിലും ആശാൻ തിരക്കിലാണ്; പാത്ര നിർമ്മാണം പൊടിപൊടിക്കുന്നു.. ഫോട്ടോ എടുക്കുന്നതൊന്നും കാര്യമാക്കാതെ കക്ഷി തന്റെ ജോലി തുടരുന്നു; ഇതൊക്കെ ഞാനെത്ര കണ്ടതാ എന്ന ഭാവത്തിൽ..

അതാ, ആ കാണുന്ന മലനിരകൾക്കപ്പുറത്താണ് വാൽ‌പ്പാറ..

യാത്ര ആരംഭിക്കുകയായി.. പ്രധാന പാതയിലൂടെ വാഗൺ-ആർ കുതിച്ചു തുടങ്ങി.. രണ്ട് വരിയാണെങ്കിലും നല്ല റോഡ്.. അകന്നും അടുത്തും കണ്മുന്നിലെത്തുന്ന വഴിയോരക്കാഴ്ചകൾ.. അങ്ങ് ദൂരെ കാണുന്ന ആ മലകൾക്കപ്പുറത്ത് എവിടെയോ ആണ് ലക്ഷ്യസ്ഥാനം..

ഈ വഴി വിജനമല്ല..

രണ്ടുദിശയിലേക്കും നിരവധി വാഹനങ്ങളുടെ പ്രവാഹം... ഇടയ്ക്ക് കുറെ ചെറുപ്പക്കാർ ബൈക്കുകളിൽ റോഡ് നിറഞ്ഞ് സഞ്ചരിക്കുന്നു.. ചെറുപ്പത്തിന്റെ ആവേശവും യാത്രയുടെ ഹരവും.. ഇത്തിരി നേരം വഴിമുടക്കികളായെങ്കിലും ഒടുവിൽ ഒരു ഔദാര്യം പോലെ അവർ വഴി തന്നു.. 

മലയടിവാരം.. ചുരം തുടങ്ങുകയായി.. ഇടതുവശത്ത് ആളിയാർ ഡാം നിറഞ്ഞുകിടക്കുന്നു.. വനമേഖലയിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി ഒരു ചെക് പോസ്റ്റ്.. പരിശോധനകളൊന്നും കൂടാതെ തന്നെ തുടർ‌യാത്ര അനുവദിക്കപ്പെട്ടു.. 

താഴ്വാരത്ത് ജലസമൃദ്ധിയൊരുക്കി ആളിയാർ ഡാം...

പതിവുപോലെ, ചുരത്തിൽ റോഡിന് വീതി കുറവാണ്.. എങ്കിലും നന്നായി പരിപാലിക്കപ്പെട്ടിരിക്കുന്നു.. ആകെ 40 ഹെയർ‌പിൻ വളവുകൾ.. ഒരു വശത്ത്, പച്ചപിടിച്ചു കിടക്കുന്ന അഗാധതയ്ക്കപ്പുറം ആളിയാർ ഡാമിന്റെ ദൃശ്യഭംഗി.. മറുവശത്ത്, ഒരു ഭിത്തി കണക്കെ ചെത്തിയൊരുക്കപ്പെട്ട കരിമ്പാറകൾ.. കയറ്റമാണെങ്കിലും യാതൊരു ആയാസവും കൂടാതെ കാർ സഞ്ചാരിച്ചുകൊണ്ടേയിരിക്കുന്നു..

ആകെ 44 ഹെയർ പിൻ വളവുകൾ! അതിലെ 9-ആം വളവിൽ നിന്നുള്ള മനം മയക്കുന്ന കാഴ്ച..

കാഴ്ചകളുടെ വിസ്മയമൊരുക്കി കാത്തിരിക്കുന്ന ഒൻപതാം വളവ് അഥവാ ലോംസ് വ്യൂ.. 1886-ൽ ഈ റോഡിന്റെ പ്ലാൻ തയ്യാറാക്കി, പൂർത്തീകരണത്തിനായി പ്രയത്നിച്ച പി.ഡബ്ല്യു.ഡി എഞ്ചിനീയർ മാത്യു ലോം എന്ന സായിപ്പിന്റെ ഓർമ്മയ്ക്കായാണ് ഈ പേരിടൽ.. വാക്കുകളിലൂടെ വിവരിക്കാവുന്നതിലും അപ്പുറമാണ് ഈ വളവിൽ നിന്നുള്ള കാഴ്ചകൾ.. അങ്ങ് താഴെ, ഒരു നീലത്തടാകം പോലെ ആളിയാർ ഡാം.. കണ്ണെത്താ ദൂരത്തോളമുള്ള ഹരിതാഭ.. വളഞ്ഞുപുളഞ്ഞ്, ഒരു പാമ്പിനെപ്പോലെ ചുരം ചുറ്റിക്കിടക്കുന്ന റോഡ്.. അതിലൂടെ കൊച്ചുകളിപ്പാട്ടങ്ങൾ പോലെ ഉരുളുന്ന വാഹനങ്ങൾ.. മലയിറങ്ങി വരുന്ന വാഹനങ്ങളുടെ മുരളിച്ച തലയ്ക്ക് മീതെ..

1886-ൽ ഈ റോഡ് പണിതൊരുക്കാൻ മെനക്കെട്ട ലോം സായിപ്പിന്റെ ഓർമ്മയ്ക്ക്..

ഈ ചുരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ, ലോംസ് വ്യൂവിൽ നിന്നും കാണുന്നവ തന്നെ എന്ന് നിസ്സംശയം പറയാം.. അതിനായി പ്രകൃതിയാലൊരുക്കപ്പെട്ട ഒരു വ്യൂ പോയന്റുംഇവിടെയുണ്ട്.. (സായിപ്പിനോടുള്ള ഇഷ്ടക്കൂടുതൽകൊണ്ടാവണം, അദ്ദേഹത്തിന്റെ പേരെഴുതിയ ആ ബോർഡ് ആരോ വളച്ചു വച്ചിരിക്കുന്നു..)


ആളിയാർ ഡാമിന്റെ മറ്റൊരു മനോഹര ദൃശ്യം, ‘ലോംസ് വ്യൂ‘-വിൽ നിന്നും..

നട്ടുച്ച നേരമാണ്.. എന്നിട്ടും ലോംസ് വ്യൂവിൽ നിന്നും യാത്ര തുടരാൻ തോന്നുന്നില്ല... അത്രയ്ക്ക് വശ്യമാണ് അവിടെ നിന്നുള്ള കാഴ്ചകൾ.. മനസ്സില്ലാ മനസ്സോടെ യാത്ര തുടർന്നു, കാരണം ഇനി താണ്ടാനുള്ള ദൂരത്തെക്കുറിച്ചോ വഴികളെക്കുറിച്ചോ യാതൊരു നിശ്ചയവുമില്ല എന്നത് തന്നെ.. 

കണ്ണുകൾക്ക് കുളിർമയേകാൻ തേയിലക്കാടുകളുടെ ഹരിതഭംഗി..

ചുരം ഒട്ടുമുക്കാലും താണ്ടിക്കഴിഞ്ഞിരിക്കുന്നു.. തിങ്ങിവളർന്നു നിൽക്കുന്ന പടുകൂറ്റൻ മരങ്ങൾ നിറഞ്ഞ കാട്ടിലൂടെയാണ് ഇപ്പോളത്തെ യാത്ര.. കുറെ കഴിഞ്ഞപ്പോൾ, മരങ്ങൾ തേയിലക്കാടുകൾക്ക് വഴി മാറിയിരിക്കുന്നു.. എങ്ങും പച്ചനിറം.. ഇടയ്ക്ക്, തേയില ഫാക്ടറി എന്ന് തോന്നിക്കുന്ന കുറച്ച് കെട്ടിടങ്ങളൊരുക്കിയ ഗ്രാമഭംഗി.. വാൽ‌പ്പാറയിലേക്ക് ഇനി ഏതാനും കിലോമീറ്ററുകൾ മാത്രമെന്ന് ഒരു മയിൽക്കുറ്റി പറഞ്ഞു...

വാൽ‌പ്പാറ ടൌണിന്റെ വരവറിയിച്ച് മുന്നിലെത്തുന്ന കാഴ്ചകൾ..

അവസാനത്തെ വളവിൽ എത്തിയിരിക്കുന്നു.. ഹെയർ‌പിൻ # 40 !! ഇവിടത്തെ കാഴ്ച കൌതുകകരമാണ്.. നിരന്നിരിക്കുന്ന വഴികാട്ടികൾ.. പലതിലും എഴുതിയിരിക്കുന്നത് വായിക്കണമെങ്കിൽ വണ്ടിയിൽ നിന്ന് ഇറങ്ങിച്ചെല്ലണം! ആ ബോർഡുകളൊക്കെ നോക്കിയാൽ, വന്ന വഴിയും പോകേണ്ട വഴിയും മറന്നുപോകും, അത്രയ്ക്കുണ്ട് വഴികൾ.. എല്ലാ വഴികാട്ടികളെയും നിരത്തിനിർത്തി ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല..

40 വളവുകളുടെ അവസാനം വഴി കാട്ടാൻ നിൽക്കുന്നവർ ! 

അങ്ങനെ വാൽ‌പ്പാറ ടൌണിലെത്തിയിരിക്കുന്നു.. കേരളത്തിലെ ഏതൊരു മലയോര പട്ടണത്തെയും പോലെ തന്നെ; പഴയ വാഹനങ്ങളും തനി ഗ്രാമീണരായ ആളുകളും.. സമയം 2 മണി കഴിഞ്ഞിരിക്കുന്നു.. വിശപ്പിന്റെ വിളി അതിന്റെ പാരമ്യതയിലായതുകൊണ്ട്, മറ്റൊന്നും ആലോചിക്കാതെ ആദ്യം കണ്ട ഹോട്ടലിലേയ്ക്ക് കടന്നു.. കൈ കഴുകി ഇരിക്കേണ്ട താമസം, വാഴയിലയിൽ ആവി പറക്കുന്ന നല്ല പച്ചരിച്ചോറും പച്ചക്കറികളും മുന്നിലെത്തി.. കൈ മെയ് മറന്നുള്ള പോരാട്ടത്തിനൊടുവിൽ ഇല മാത്രം ബാക്കിയായി !

ഇത് വാൽ‌പ്പാറ ടൌൺ.. കാനന നടുവിൽ ഒരു കൊച്ചുപട്ടണം..
 
തുടർ‌യാത്രയ്ക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി.. അല്ലെങ്കിൽ മനസ്സിലാക്കിയതുപോലെ യാത്ര തുടർന്നു.. ഷോളയാർ-വാഴച്ചാൽ-ആതിരപ്പള്ളി.. ഇതാണ് അടുത്ത റൂട്ട്.. ഒരു കൂട്ടം ആളുകൾ കാണിച്ചുതന്ന വഴിയിലൂടെ മുന്നോട്ട്.. (അവരിൽ ചിലർ പല ദിശകളിലേയ്ക്ക് വിരൽ ചൂണ്ടിയത് കണ്ടില്ലെന്ന് നടിച്ചു..)

തേയിലക്കാടുകൾ താണ്ടി, വാഴച്ചാൽ വഴി ആതിരപ്പള്ളിയിലേക്ക്..
 
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയിലക്കാടുകൾ.. വഴി തെറ്റിയോ എന്നൊരു സംശയം.. ആരോടെങ്കിലുമൊന്ന് ചോദിക്കാമെന്ന് കരുതിയാൽ, ആ പരിസരത്തെങ്ങും ആരുമില്ല.. എതിരെയോ പിന്നാലെയോ ഒരു വണ്ടി പോലുമില്ല.. വഴിയും മോശം.. കാറിന്റെ ടയറുകൾ നാലും കോഴിമുട്ട പോലെ മിനുസപ്പെട്ടവ ആയതിനാൽ സ്പീഡിൽ വിടാനും സാധിക്കുന്നില്ല..


തലയിൽ ജീവിതഭാരവുമായി, ഇടയ്ക്കിടെ കണ്മുന്നിലെത്തുന്നവർ..

ഒടുവിൽ, ഒരു എസ്റ്റേറ്റ് മാനേജറുടെ രൂപത്തിൽ രക്ഷകൻ പ്രത്യക്ഷപ്പെട്ടു.. കൊമ്പൻ മീശയും കൂളിംഗ് ഗ്ലാസ്സും ഒക്കെ ഫിറ്റ് ചെയ്ത്, കുട്ടി നിക്കറും ടി-ഷർട്ടും കറുത്ത ഷൂസുമൊക്കെ ധരിച്ച, സിനിമകളിലൊക്കെ കണ്ട് പരിചയമുള്ള, ഒരു ടിപ്പിക്കൽ എസ്റ്റേറ്റ് മാനേജർ.. പോകേണ്ട സ്ഥലം പറഞ്ഞ് വഴി ചോദിച്ചപ്പോൾനേരെ വിട്ടോഎന്ന രീതിയിൽ മേൽ‌പ്പടിയാൻ കൈ കാണിച്ചു.. (യഥാർത്ഥ വഴിയിലൂടെ തന്നെയാണോ അപ്പോൾ സഞ്ചരിച്ചിരുന്നത് എന്ന കാര്യത്തിൽ ഇപ്പോളും സംശയം മാറിയിട്ടില്ല. വഴി തെറ്റിയാലും കുഴപ്പമില്ല, അതുകൊണ്ടാണല്ലോ ഈ കാഴ്ചകളൊക്കെ തരപ്പെട്ടത്..)

അന്നന്നു വേണ്ടുന്ന അപ്പത്തിനായി, അദ്ധ്വാനത്തിന്റെ കണക്കെടുപ്പ്..
 
ഏതാണ്ട് 2 മണിക്കൂറോളം തേയിലക്കാടുകളിലൂടെ സഞ്ചരിച്ച്, പെട്ടെന്ന് ഒരു പ്രധാന പാതയിലെത്തി.. അതൊരു പ്രധാന പാതയാണെന്ന് മനസ്സിലായത് മുന്നിലൊരു ചെക്ക് പോസ്റ്റിന്റെ ബോർഡ് കണ്ടപ്പോളാണ്‌.. അതിലെഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ആശ്വാസം; വഴി ഇതു തന്നെ..


ഷോളയാർ വനത്തിനുള്ളിലെ, കേരളത്തിന്റെ ചെക്ക് പോസ്റ്റ്..
 
ഷോളയാർ വനമേഖലയിലേക്കാണ് ഇനി കടക്കേണ്ടത്.. ചെക് പോസ്റ്റിൽ മലയാളി സാറന്മാരുടെ കർശന പരിശോധന.. പേരും മറ്റ് വിവരങ്ങളുമൊക്കെ റെജിസ്റ്ററിൽ കുറിപ്പിച്ചു.. എന്നിട്ടൊരു ചോദ്യം;

"കുപ്പി വല്ലതും വണ്ടിയിലുണ്ടോ?”

കൂടെയുണ്ടായിരുന്നവൻ തെല്ലുമാലോചിക്കാതെ മറുപടി കൊടുത്തു..

ഒരു തുള്ളി വെള്ളംപോലുമില്ല സാർ.. ആകെ ഇത്തിരി ഉണ്ടായിരുന്നത്, വഴി തെറ്റിയോ എന്ന ടെൻഷനിൽ അടിച്ചു.. ഇനി എവിടെ ചെന്നാലാണോ കിട്ടുക...

ആ മറുമൊഴിയിൽ പന്തികേട് തോന്നിയിട്ടാവണം, ഒരു ഉദ്യോസ്ഥൻ ഇറങ്ങിവന്ന് വാഹനവും ബാഗുകളും അരിച്ചുപെറുക്കി.. കിട്ടിയത് കുറെ പ്ലാസ്റ്റിക് ബോട്ടിലുകൾ... അവ വനത്തിൽ ഉപേക്ഷിക്കരുത് എന്നൊരു താക്കീതോടെ ചെക്ക് പോസ്റ്റിന്റെ ഗേറ്റ് തുറക്കപ്പെട്ടു..

യാത്ര വീണ്ടും വനത്തിനുള്ളിൽക്കൂടെയായി.. ആനയോ മറ്റോ വഴിയിൽക്കാണുമോ എന്ന പേടി ഇല്ലാതില്ല.. തികച്ചും ഒറ്റപ്പെട്ട യാത്ര.. കുറെ നേരമായിട്ട് ഔട്ട് ഓഫ് റേഞ്ച്ആയ മൊബൈൽ ഫോണിന് വാളയാർ റേഞ്ചിലും അനക്കമില്ല.. ഇടയ്ക്കൊരിടത്ത്, ചില യാത്രികർ യാത്രാക്ഷീണം തീർക്കാനെന്ന വണ്ണം വഴിയരികിൽ വിശ്രമിക്കുന്നു.. കാട്, കറുത്ത കാട്‌!

സമയം 6 മണി.. വാഴച്ചാലും കടന്ന് ആതിരപ്പള്ളിലെത്തി.. ചെറിയ ചാറ്റൽ മഴയുണ്ട്, മാത്രമല്ല സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു.. വെള്ളച്ചാട്ടങ്ങളെ റോഡിൽ നിന്നുകൊണ്ടുതന്നെ ഇത്തിരി നേരം ആസ്വദിച്ചു.. മഴയ്ക്ക് ശക്തി കൂടി.. ഒരു വരവുകൂടെ വരേണ്ടി വരുംഎന്ന് മനസ്സിൽ പറഞ്ഞ് വീണ്ടും വണ്ടിയിൽ കയറി.. മെക്കാഡം ടാറിംഗിൽ മിന്നിത്തിളങ്ങുന്ന ആ മലമ്പാതയിലൂടെ ചാലക്കുടി ലക്ഷ്യമാക്കി കാർ കുതിച്ചുകൊണ്ടേയിരുന്നു..

നമ്മുടെ സ്വന്തം ആതിരപ്പള്ളി !

 പ്രകൃതി ഭംഗി ആസ്വദിച്ച്, ദീർഘനേരം യാത്ര ചെയ്യാൻ താല്പര്യമുള്ളവരോട് ഒരു വാക്ക് - ഇതുവരെ നിങ്ങൾ ഇതുവഴി സഞ്ചരിച്ചിട്ടില്ലെങ്കിൽ, ഇനി താമസിപ്പിക്കേണ്ട.. ഒരിക്കലും മറക്കാനാവാത്ത, ഒന്നാന്തരമൊരു യാത്ര ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.. 

ശ്രദ്ധിക്കുക - യാത്രയിൽ കൂടുതൽ നേരവും നമ്മൾ കാട്ടിനുള്ളിലാണ്! മൊബൈൽ റേഞ്ച് ഇല്ലേയില്ല.. വളരെ അപൂർവമായി മാത്രമേ മറ്റ് യാത്രക്കാരെ കണ്ടുമുട്ടാൻ സാധിക്കൂ.. വഴിയരികിൽ വീടുകളോ കടകളോ ഇല്ലാത്ത തികച്ചും വിജനമായ, കുണ്ടുകുഴികൾ നിറഞ്ഞ വഴിത്താരകൾ.. അതുകൊണ്ട്, യാത്രയ്ക്കിടയിൽ അത്യാവശ്യം വേണ്ട ഭക്ഷണം കരുതുന്നത് ഉത്തമം. ഒപ്പം, വാഹനത്തിന്റെ ടയർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് സുഗമമായ യാത്ര ഉറപ്പുവരുത്തുക.. കാട്ടിലൂടെയുള്ള യാത്ര പകൽ സമയത്ത് തന്നെ ആയിരിക്കാൻ ശ്രദ്ധിക്കുമല്ലോ.. 

യാത്രാപഥം: പാലക്കാട് - പൊള്ളാച്ചി - വാൽ‌പ്പാറ - ഷോളയാർ - വാഴച്ചാൽ - ആതിരപ്പള്ളി - ചാലക്കുടി. (യാത്രയുടെ സൌകര്യത്തിനനുസരിച്ച് റൂട്ട് മാറ്റാവുന്നതാണ്.. ആതിരപ്പള്ളിയുടെ ഭംഗി നുകർന്ന് പൊള്ളാച്ചിയിലേക്ക് പോവുകയുമാവാം.. എങ്ങനെയാണെങ്കിലും സന്ധ്യയ്ക്കു മുന്നെ വനത്തിന് വെളിയിലെത്തുക എന്നതാണ് പ്രധാനം.) 


വനത്തിനുള്ളിൽ ദയവായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കരുതേ.. 


കൂടുതൽ കാഴ്ചകൾ തേടി സഞ്ചാരം തുടരുന്നു..


11 comments:

 1. മറ്റൊരു ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ്, ചില സാങ്കേതിക കാരണങ്ങളാൽ ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കുന്നു..

  ReplyDelete
 2. പാച്ചു said...
  ഒത്തിരി നാളായി ഒരു വാൽ‌പ്പാറ യാത്ര മനസ്സിലിടം പിടിച്ചിട്ട്. പല കാരണങ്ങളാലുമത് നീണ്ടുപോയി. ഈ ചിത്രങ്ങൾ പ്രലോഭിപ്പിക്കുന്നു. അടുത്ത യാത്ര ഇവിടേക്കു തന്നെ!!!
  July 11, 2011 11:47 AM

  ഒരു യാത്രികന്‍ said...
  നല്ല ചിത്രങ്ങള്‍. വിവരണത്തിന്റെ കുറവ് സൂചിപ്പിക്കാതെ വയ്യ. ഇനിയും എഴുതൂ.......സസ്നേഹം
  July 11, 2011 11:51 AM

  Sukanya said...
  Photo pole thanne vivaranavum kalakki. vazhi kaattaan nilkunnavar ennathu manoharam. Athirapalli, vazhachal kandittund. pakshe valppara iniyum kanendiyirikkunnu.
  July 11, 2011 12:23 PM

  ചിന്താമണി said...
  വാൽ‌പ്പാറ്യിൽ പൊകണം എന്നു വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി...പറ്റുന്നില്ല.. ഫോട്ടോയ്ക്കു നന്ദി.
  July 11, 2011 2:10 PM

  ഷിബു തോവാള said...
  കൊള്ളാം....ഫോട്ടോ എല്ലാം വളരെ മനോഹരം....അല്പം വിവരണം കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ....
  July 11, 2011 4:24 PM

  അലി said...
  നല്ല യാത്ര!
  July 11, 2011 5:19 PM

  ജിമ്മി ജോൺ said...
  വാൽ‌പ്പാറ വഴി ഇനിയും പോകാത്തവരേ, ആലോചിച്ച് സമയം കളയാതെ വേഗം തന്നെ യാത്ര പുറപ്പെട്ടോളൂ, എന്നിട്ടാവാം മറ്റ് കാര്യങ്ങൾ.. :)

  വിവരണത്തിന്റെ കുറവ് പരിഹരിച്ചിട്ടുണ്ട്, വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ..

  എന്റെ കുഞ്ഞൻ മൊബൈലിൽ പതിഞ്ഞ ചിത്രങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. എല്ലാവർക്കും നന്ദി..
  July 12, 2011 5:24 PM

  വിനുവേട്ടന്‍ said...
  എസ്‌.കെ പൊറ്റെക്കാടിന്‌ ഒരു പിന്‍ഗാമി... ചിത്രങ്ങളും വിവരണവും മനോഹരം... ഇനിയും ഇങ്ങനെ അനേകം യാത്ര ചെയ്യാന്‍ അവസരമുണ്ടാകട്ടെ... സത്യം പറഞ്ഞാല്‍ നമ്മുടെ നാട്‌ എത്ര മനോഹരമാണല്ലേ...?
  July 12, 2011 9:40 PM

  കൊല്ലേരി തറവാടി said...
  സഞ്ചാരീ.. മടിപിടിച്ചിരിക്കാതെ യാത്രകൾ തുടരൂ..
  July 13, 2011 9:11 AM

  ഫിയൊനിക്സ് said...
  അതിരപ്പിള്ളി വഴി വാഴച്ചാല്‍ വരെ പോയി. അവിടത്തെ കാഴ്ചകള്‍ കണ്ടിട്ട് സമയം പോയതിനാലും രാത്രി കാനനയാത്ര ഒഴിവാക്കിയതിനാലും തിരികെ പോന്നു. ഇനി അടുത്ത വെക്കേഷനില്‍ (സെപ്-ഒക്ടോ)ഷുവര്‍!
  July 13, 2011 10:08 AM

  ജിമ്മി ജോൺ said...
  വിനുവേട്ടൻ - എസ്.കെ.-യുടെ പിൻ‌ഗാമി!! അത് ഇത്തിരി കൂടിപ്പോയില്ലേ.. :) നേരാണ്, കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളൊരുക്കി കാത്തിരിക്കുകയല്ലേ നമ്മുടെ നാട്..

  കൊല്ലേരി - ഹേയ്, യാത്രയുടെ കാര്യത്തിൽ ഒരു മടിയുമില്ല.. യാത്രകൾ തുടരുക തന്നെ ചെയ്യും..

  ഫിയോനിക്സ് - (ഫീനിക്സ് തന്നെയാണോ ഈ ഫിയോനിക്സ്?) ആതിരപ്പള്ളി വഴി നേരെ വിട്ടോളൂ.. രാത്രിയിൽ കാനന യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.. താങ്കളുടെ ആതിരപ്പള്ളി യാത്രാവിശേഷങ്ങൾ വായിച്ചു ട്ടോ.. നന്നായിട്ടുണ്ട്..
  July 17, 2011 2:22 PM

  ReplyDelete
 3. വിവരണങ്ങൾ മാത്രമേ കാണാൻ സാധിച്ചുള്ളൂ...
  പടങ്ങൾക്ക് പകരം വെറും ത്രികോണങ്ങൾ മാത്രം
  പിന്നെ ‘യാത്ര’ യിൽ വന്നതിനഭിനന്ദനങ്ങൾ കേട്ടോ ജിമ്മി

  ReplyDelete
 4. നന്ദി ബിലാത്തിയേട്ടാ..

  പടങ്ങളുടെ പോരായ്മ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടേ.. ഇപ്പോള്‍ ശരിയായില്ലേ?

  ReplyDelete
 5. ജിമ്മി ,ആദ്യമായാണ് ഇതിലെ വരുന്നത്.
  കൊള്ളാം കേട്ടോ

  ReplyDelete
 6. യാത്ര തുടരൂ. സഞ്ചാരി. ഏതായാലും വിനുവേട്ടന്‍ വഴി ഇവിടെയെത്തി. മോശമായില്ല.

  ReplyDelete
 7. ലീല ടീച്ചർ - നന്ദി

  മനോരാജ് - വളരെ നന്ദി, ആദ്യ സന്ദർശനത്തിനും നല്ല വാക്കുകൾക്കും..

  ReplyDelete
 8. ബൈക്കിൽ പോകാൻ കഴിയുമോ? ബൈക്ക് കടത്തിവിടുമോ ,എനിക്ക് ഏപ്രിൽ മാസത്തിൽ പോകണം എന്നുണ്ട്. ബൈക്ക് ആണ് വാഹനം

  ReplyDelete
  Replies
  1. ആ വഴിക്ക് ബൈക്ക് കടത്തിവിടാതിരിക്കാൻ ന്യായമൊന്നും കാണുന്നില്ല.. മാത്രമല്ല, നിരവധി ബൈക്ക് യാത്രികരെ അന്ന് ആ റൂട്ടിൽ കണ്ടിരുന്നു..

   നല്ലൊരു യാത്ര ആശംസിക്കുന്നു.. :)

   Delete