Saturday, 15 January 2011

ക്വൊട്ടേഷന്‍!

ന്തളം അനില്‍ രാജാവിന്റെ കൊട്ടാരത്തില്‍ നിന്നും വാഗണ്-R രഥം അടൂരിലെ 'പുലി'മടയിലേക്ക് പതുക്കെ ചലിച്ചുതുടങ്ങിയിരിക്കുന്നു രാജാവ് തന്നെയാണ് തേരാളി മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള് അമര്‍ത്തി തുടച്ച്, സ്റ്റീരിയോയില്‍ നിന്നുയരുന്ന പാട്ടിന്റെ താളത്തില്‍ സ്റ്റീയറിംഗില്‍ വിരലുകള്‍ ചലിപ്പിച്ച് രാജാവ് തേരോട്ടം ആസ്വദിക്കുന്നു ഇത്തിരി മുന്നെ കഴിച്ച സേമിയ പായസ്സത്തിന്റെ ക്ഷീണത്തില്‍, ഈയുള്ളവന്‍ പിന്‍സീറ്റില്‍ ഒടിഞ്ഞുമടങ്ങിയിരിപ്പാണ് വീതികുറഞ്ഞ വഴിയിലൂടെ രഥത്തിന്റെ പ്രയാണം തുടരുന്ന വേളയിലാണ് മൊബൈല്‍ ഫോണ്‍ ചിലച്ചത്

‘0495.’ മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞ അക്കങ്ങളുമായി മുള്ളിത്തെറിച്ച ബന്ധം പോലും തോന്നുന്നില്ല എടുത്താല്‍ പൊങ്ങാത്ത 2 അറസ്റ്റ് വാറന്റുകളും എണ്ണമില്ലാത്ത വധഭീക്ഷണികളും നിലനില്‍ക്കുന്നത്തിനാല്‍ കോള്‍ എടുക്കാന്‍ ഇത്തിരി മടിച്ചു ഒടുവില്‍ സകല കൊട്ടേഷന്‍ സംഘങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആന്‍സര്‍ ബട്ടണില്‍ വിരലമര്‍ത്തി

‘ഹലോ..’ 

– ഉള്ളിലുള്ള പേടി ശബ്ദത്തിലൂടെ പുറത്തേയ്ക്ക് വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു..

‘ഹലോ..’ 

– ഓഹ്, മറുവശത്ത് ഒരു കിളിനാദം! കാലം മാറിയിരിക്കുന്നു, കൊട്ടേഷന്‍ ടീമൊക്കെ ‘കസ്റ്റമര്‍ കെയര്‍ സെന്ററില്‍‘ പെണ്‍കുട്ടികളെ ഇരുത്തി ഇരപിടുത്തം തുടങ്ങിയോ?

‘ജിമ്മിയല്ലേ’ 

– ഇനി രക്ഷയില്ല, പിടി വീണിരിക്കുന്നു ആള്‍ ഇതുതന്നെയല്ലേ എന്ന് അവസാനമായി ഉറപ്പിക്കാനുള്ള വിളിയാവണം.. ഏതു കത്തി വേണം, ഏതു സമയത്ത് മരിക്കണം, അവസാനത്തെ ആഗ്രഹം തുടങ്ങിയ ചോദ്യങ്ങള് പിന്നാലെ വരുമായിരിക്കും.. ആമാശയത്തിന്റെ ഏതോ ഇരുളടഞ്ഞ മേഖലയില്‍ നിന്നും പുറപ്പെട്ട വിറയല്‍ കടിച്ചുപിടിച്ച് മറുപടി കൊടുത്തു..

‘അതെ, ജിമ്മി തന്നെ..’

‘ആരാണെന്ന് മനസ്സിലായോ?’ 

– മനസ്സിലുള്ളത് കൂടെ മാഞ്ഞുപോയിരിക്കുന്ന വേളയില്‍ ഈ ചോദ്യത്തിന്റെ ആവശ്യമേയില്ല എന്നാലും ‘ഇല്ല’ എന്ന് പറയാനും മടി.. ഓര്‍മ്മയിലുള്ള സകല പെണ്‍ജന്മങ്ങളെയും ഞൊടിയിടയില്‍ ഓര്‍ത്തെടുത്ത് ശബ്ദപരിശോധന നടത്തി കിം ഫലം?

‘മനസ്സിലായോ എന്നു ചോദിച്ചാല്‍’ 

– പാതിവഴി എത്തിയപ്പോള്‍ തന്നെ അടുത്ത ചോദ്യം വന്നു

‘ഇപ്പോ നാട്ടിലല്ലേ?’

‘അതേ അതുകൊണ്ടാണല്ലോ ഈ നമ്പറില്‍ കോള്‍ കിട്ടിയത്..’ 

– കിട്ടിയ ചാന്‍സില്‍ ഒരു ഗോളടിക്കാനുള്ള ശ്രമം നടത്തിനോക്കിയെങ്കിലും അത്രയ്ക് ഏശിയ മട്ടില്ല..

‘പറ, ആരാണെന്ന് മനസ്സിലായോ?’

കീഴടങ്ങുക തന്നെ അല്ലാതെ വേറെ വഴിയില്ല..

‘സത്യം പറഞ്ഞാല്‍, മനസ്സിലായില്ല കേട്ടോ..’


ആഹ്, ഇപ്പോ മനസ്സിലായി എന്നാലും ഒരു സന്ദേഹം ആ ആള്‍ തന്നെയോ?

‘ഇതു ഞാനാണ് സുകന്യ

സുകന്യേച്ചി!.. പവിഴമല്ലിയുടെ സ്വന്തക്കാരി തികച്ചും അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളിയിലൂടെ ഞെട്ടിച്ചുകളഞ്ഞു!

കൊട്ടേഷന്‍ ടീമും കസ്റ്റമര്‍ കെയറുമൊക്കെ എങ്ങോ പോയ്മറഞ്ഞു ഡോയ്ഷ് ലാന്റിലെ സഹയാത്രികര്‍ക്ക് യാതൊരു അപരിചിതത്വവും തോന്നിയില്ല ദീര്‍ഘനാളത്തെ പരിചയക്കാരെന്ന ഭാവത്തില്‍ ഇത്തിരി കുശലാന്വേഷണങ്ങള്‍..

ഉച്ചയൂണും കഴിഞ്ഞ് ഓഫീസിലെ പതിവ് വെടിവട്ടങ്ങള്‍ക്കിടയില്‍ സുകന്യാജിക്ക് തോന്നിയ ഒരു ബോധോദയത്തിന്റെ പരിണിതഫലമാണ് ഈ കൊട്ടേഷന്‍ ‘ഓഫീസ് ഫോണല്ലേ, കാശ് ചിലവില്ല’ എന്ന് ഉച്ചത്തില്‍ ഒരു ആത്മഗതവും..

രഥത്തിന്റെ യാത്ര തുടരുന്നു പാട്ടിന്റെ ശബ്ദം ഇത്തിരികൂടെ ഉയര്‍ത്തി രാജാവ് തേരോട്ടത്തില്‍ മുഴുകുന്നു