Wednesday, 28 October 2020

ചിരി !!


ചിരിച്ചുകൊണ്ടിരിക്കണം, എപ്പോളും !

പുഞ്ചിരി പോരാ, നിറഞ്ഞു ചിരിക്കണം..

ആ ചിരി കണ്ട്, ചുറ്റിലുമുള്ളവരും ചിരിക്കണം.

അങ്ങനെ എല്ലാവരുമൊന്നിച്ച് ചിരിച്ചുകൊണ്ടിരിക്കണം.

ചിരിച്ചുമടുത്തവർ തോറ്റ് പിൻ‌വാങ്ങും, ചിലർ പിന്നെയും കൂടെച്ചിരിക്കും..

ഒടുവിൽ അവരും ചിരി നിർത്തും, പക്ഷേ അപ്പോളും നീ ചിരിക്കണം!

ചിരി നിർത്താൻ നിനക്കാവില്ല, അവകാശമില്ല..

ചിരി നിർത്തിയവർ ചിരിച്ചുകൊണ്ടിരിക്കുന്ന നിന്നെ നോക്കി അടക്കം പറയും.

നിന്റെ ചിരി നിർത്താനുള്ള വഴികൾ തേടും.

പക്ഷേ അപ്പോളും നീ ചിരിക്കണം!

ചിരിച്ച് ചിരിച്ച് നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകും, ശ്വാസം മുട്ടും, വയറ് വലിക്കും..

എങ്കിലും ചിരി നിർത്താൻ നിനക്കാവില്ല, അവകാശമില്ല..

ദേഷ്യപ്പെടരുത്, ദു:ഖിക്കരുത്, സങ്കടമരുത്;

നിനക്ക് വിധിച്ചത് ചിരി മാത്രം, നിറഞ്ഞ ചിരി..

ചുറ്റിനും നിന്നവർ കല്ലെറിഞ്ഞ് വീഴ്തുമ്പോളും ചിരിച്ചുകൊണ്ടിരിക്കണം.

നിന്റെ ചോര മണ്ണിൽ കുതിരുമ്പോളും ചിരിക്കണം, നിർത്താതെ.

ആ ചിരി കണ്ട്, ചുറ്റിലുമുള്ളവരും ചിരിക്കണം.

അങ്ങനെ എല്ലാവരുമൊന്നിച്ച് ചിരിച്ചുകൊണ്ടിരിക്കണം.

മണ്ണിലലിയുമ്പോളും പുഴുക്കളരിക്കുമ്പോളും

പിന്നെ തലയോടിനുള്ളിൽ പുനർജ്ജനിക്കുമ്പോളും

ചിരിച്ചുകൊണ്ടിരിക്കണം, ഭ്രാന്തമായ്..

ചിരി നിർത്താൻ നിനക്കാവില്ല, അവകാശമില്ല..

ചിരിച്ചുകൊണ്ടിരിക്കണം, എപ്പോളും !

Thursday, 27 December 2018

കൂ.. കൂ.. കൂവും, കൂവാതെ പായും..


റെയിൽ‌വേ സ്റ്റേഷനിലേക്കാണോ?”

മൊബൈലിലെ ആപ്ലിക്കേഷനിൽ നോക്കി സൌദി ഡ്രൈവർ പോകാനുള്ള സ്ഥലം ഒന്നുകൂടെ ഉറപ്പ് വരുത്തി.

“അതേ”

“എവിടേയ്ക്കാ യാത്ര?”

ചെങ്ങായി വിടാനുള്ള ഭാവമില്ല.

“മദീന”

“മദീനയയിലേയ്ക്കാണെങ്കിൽ നിനക്ക് കാറിലോ ബസ്സിലോ പൊയ്ക്കൂടേ?”

കൌതുകം ഇമ്മിണി കൂടുതലുള്ള കൂട്ടത്തിലാ ചേട്ടാ’ എന്ന് അറബിയിൽ പറയാൻ അറിയാത്തത് കൊണ്ട് “ട്രെയിനിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്” എന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചു.

‘ഹറമേയ്ൻ  ഹൈസ്പീഡ് ട്രെയിൻ‘ – ഇതാണ് ആ കൌതുകത്തിന്റെ അടിസ്ഥാനം. സൌദിയിലെ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിച്ച് ഈ അതിവേഗ തീവണ്ടി ഓടിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പുതുമ നഷ്ടപ്പെടുന്നതിനുമുന്നെ തന്നെ ഈ അതിവേഗക്കാരനിൽ യാത്ര ചെയ്യണമെന്ന മോഹമാണ് സഫലീകരിക്കാൻ പോകുന്നത്.  നിലവിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ സർവീസുകൾ നടത്തുന്നുള്ളു. അതുകൊണ്ട് തന്നെ, മുൻ‌കൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ ടിക്കറ്റ് ലഭിക്കുന്നത് ദുഷ്കരമാണ്.

“ദിവസത്തിൽ പലപ്രാവശ്യം ഈ സ്റ്റേഷനുമുന്നിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഇന്ന് വരെ അതിന്റെ ഉള്ളിലേയ്ക്ക് പോയിട്ടില്ല.. ഇന്ന് അത് സാധിക്കുമല്ലോ..”

കാറിന്റെ വേഗം കൂടുന്നതിനൊപ്പം ‘ഊബറു’കാരന്റെ സംസാരവും ഉഷാറാവുന്നുണ്ട്. ഇടയ്ക്കിടെ ‘ഐവ’യും ‘കൊയിസും’ ഒക്കെ ചേർത്ത് പ്രോത്സാഹിപ്പിക്കാൻ തെല്ലും മടി കാണിച്ചില്ല.

“കയ്യിൽ കുറെ കാശുണ്ടായിരുന്നെങ്കിൽ ഞാനീ ലോകം മുഴുവൻ കറങ്ങിയേനെ..”

ഹൈവേയിൽ നിന്നും റെയിൽ‌വേ സ്റ്റേഷനിലേയ്ക്കുള്ള ‘എക്സിറ്റ്’ തിരിയുമ്പോൾ ഡ്രൈവറണ്ണനിലെ ‘സഞ്ചാരി’ വാചാലനായി. സൌദിയിലായാലും ഇന്ത്യയിലായാലും ഒട്ടുമിക്ക സഞ്ചാരപ്രിയരും ചിന്തിക്കുന്നത് ഒരേ രീതിയിൽ തന്നെയെന്ന് മനസ്സിലോർത്തു.

സ്റ്റേഷനിലെ ‘ടാക്സി’ ഏരിയയിലിറങ്ങി, നന്ദി പറഞ്ഞ് എസ്കലേറ്ററിലേയ്ക്ക് നീങ്ങുമ്പോൾ പിന്നിൽ നിന്നും അങ്ങേരുടെ ശബ്ദം വീണ്ടും മുഴങ്ങി..

“പ്രാർത്ഥനയിൽ ദയവായി എന്നെയും ഉൾപ്പെടുത്തണം..”

ഈ യാത്ര കൊണ്ട് സാധിക്കാവുന്ന കാര്യമല്ലെങ്കിലും അദ്ദേഹത്തെ നിരാശനാക്കിയില്ല. ആ നിയോഗവുമേറ്റെടുത്ത് എസ്കലേറ്ററിന്റെ പടികളിലേയ്ക്ക് കയറി.



തറനിരപ്പിൽ നിന്നും വളരെ ഉയരത്തിലാണ് ജിദ്ദ സ്റ്റേഷന്റെ അറൈവൽ / ഡിപാർച്ചർ ടെർമിനൽ. അതുകൊണ്ട് തന്നെ എസ്കലേറ്റർ യാത്ര, ആകാശത്തേയ്ക്ക് കോവണി വച്ച് കയറുന്നത് പോലെ അങ്ങനെയങ്ങ് പോകും!




എസ്കലേറ്ററിന്റെ തുഞ്ചത്ത് നിന്നുമിറങ്ങി ഉള്ളിലേയ്ക്ക് നടന്നു. ടെർമിനൽ കെട്ടിടത്തിന്റെ ഇരുഭാഗത്തുമായി ഒരുക്കിയിരിക്കുന്ന പാർക്കിംഗ് ഏരിയ, അധികം അകലെയല്ലാതെയായി കാണാം.  വിശാലമായ കോറിഡോർ ചെന്നെത്തുന്നത് വലിയൊരു ലോഞ്ചിലേയ്ക്കാണ്.





ഡിപാർച്ചർ കൌണ്ടറിൽ ടിക്കറ്റ് പരിശോധിച്ച് “Checked” സ്റ്റാമ്പ് പതിപ്പിച്ച് മുന്നോട്ട് നീങ്ങി. അടുത്തത്, ബാഗ് സ്കാനിംഗും  സെക്യൂരിറ്റി പരിശോധനയും. ബുദ്ധിമുട്ടൊന്നും കൂടാതെ ആ കടമ്പയും കടന്നു.  ഇ-മെയിൽ വഴി കിട്ടിയ ടിക്കറ്റിൽ അറബിയിലാണ് വിശദാംശങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. കോച്ച്, സീറ്റ് എന്നിവയുടെ കാര്യം ഒന്നുകൂടെ ചോദിച്ച് ഉറപ്പിക്കുന്നതിനായി മുന്നിൽ കണ്ട യൂണിഫോം ധാരിയുടെ നേരെ.. ഒന്ന് നോക്കിയതേയുള്ളു, മനോഹരമായി ചിരിച്ച് ടിയാൻ അരികിലേയ്ക്കെത്തി.


“വെൽകം സർ.. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?”


പതിയെ ഒന്ന് പിന്നിലേയ്ക്ക് നോക്കി... സംശയിക്കേണ്ട, ആ ചോദ്യം എന്നോട് തന്നെ..


ടിക്കറ്റ് കാണിച്ച് ആവശ്യമറിയിച്ചു.. പിന്നെ കുറച്ച് നേരത്തേയ്ക്ക് നല്ല ഒന്നാന്തരം സ്റ്റഡി ക്ലാസ് എടുത്തു തന്നു, ആ ചെറുപ്പക്കാരൻ! സംശയങ്ങളൊക്കെ നിവർത്തിച്ച്, നന്ദി ചൊല്ലി, ‘പുതിയൊരു മനുഷ്യനായി’ ഇരിപ്പിടത്തിലേയ്ക്ക് നീങ്ങവേ പിൻ‌വിളിയെത്തി..


“ബ്രദർ, ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ?”

“തീർച്ചയായും, ഡിയർ”

ആരെന്നോ എന്തെന്നോ അറിയാതെ, അവനേൽപ്പിച്ച ‘കുഞ്ഞുഭാരവും’ പേറി, കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ ട്രെയിൻ വരുന്നതും കാത്തിരിക്കുന്നു. വിമാനത്താവളത്തിലെ സൌകര്യങ്ങളെ വെല്ലുന്ന രീതിയിലാണ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. വൃത്തിയും വെടിപ്പും ബഹുകേമം. യാത്രക്കാരെ സഹായിക്കുന്നതിനായി ചുറുചുറുക്കോടെ ഓടിനടക്കുന്ന സൌദി ജോലിക്കാർ.




ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിയതായി അറിയിപ്പ് വന്നതോടെ യാത്രക്കാർ ഇലക്ടോണിക് കവാടം കടന്ന്, യന്ത്രപ്പടികളിറങ്ങി, താഴത്തെ നിലയിലേയ്ക്ക് നീങ്ങി. വിശാലമായ പ്ലാറ്റ്ഫോമിനോട് ചേർന്ന്അതിവേഗക്കാരൻ’ കുതികൊള്ളാൻ വെമ്പൽകൊണ്ട് കിടപ്പുണ്ട്.



 

ഓരോ കോച്ചിന്റെ മുന്നിലും യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ‘ട്രെയിൻ ഹോസ്റ്റസുമാർ’ പ്ലാറ്റ്ഫോമിൽ നിരന്ന് നിൽക്കുന്നു. യാത്രികരുടെ സൌകര്യാർത്ഥം കോച്ചിന്റെ നമ്പർ, ആ കോച്ചിലെ സീറ്റുകളുടെ ക്രമം, സീറ്റ് നമ്പർ തുടങ്ങിയവയൊക്കെ സൂചിപ്പിക്കുന്ന ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡ് ഓരോ വാതിലിന്റെയും അരികിലായി ട്രെയിൻ ബോഡിയിലും മറ്റൊരു സാധാ ബോർഡ് പ്ലാറ്റ്ഫോമിലും വച്ചിരിക്കുന്നു. എന്നിട്ടും ചില യാത്രക്കാർആചാര ലംഘനം’ നടത്താതെ തെറ്റായ ബോഗികളിൽ കയറിയിറങ്ങി !


നല്ല നിലവാരത്തിലുള്ള കുഷ്യൻ സീറ്റുകളാണ് ‘ഇക്കണോമി ക്ലാസ്സി’ലുള്ളത്. 2 സീറ്റുകൾ വീതം 2 വശങ്ങളിലുമായിട്ടാണ് ക്രമീകരണം. സീറ്റുകൾക്ക് നടുവിലൂടെ സുഗമമായി നടക്കാൻ പാകത്തിൽ സ്ഥലം വിട്ടിരിക്കുന്നു. കൂടുതൽ സീറ്റുകൾ മുഖാഭിമുഖമായും (face to face) കുറച്ച് സീറ്റുകൾ ഒരേ ദിശയിലേയ്ക്കും ഒരുക്കിയിരിക്കുന്നു. വിശാലമായ ജനാലയിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിക്കാം. വണ്ടിയുടെ വേഗത, റൂട്ട് മാപ്, സ്റ്റോപ്പുകൾ, താപനില തുടങ്ങിയവ സൂചിപ്പിക്കാൻ കോച്ചിന്റെ മുകൾ ഭാഗത്ത് സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.




കൃത്യസമയത്ത് തന്നെ ജിദ്ദയിൽ നിന്നും മദീനയിലേയ്ക്കുള്ള യാത്രയാരംഭിച്ചു. സ്റ്റേഷൻ പരിധി വിട്ടതോടെ ട്രെയിനിന്റെ വേഗത അനുനിമിഷം കൂടിക്കൊണ്ടിരിന്നു. ഡിസ്പ്ലേ മോണിട്ടറിലെ വേഗസൂചിക അതിവേഗം കുതിച്ച് 199 km വരെയെത്തി, ഇടയ്ക്ക് ഒരു തവണ 200km തൊട്ടു, പിന്നെ ഇത്തിരി പിൻ‌വലിഞ്ഞ് 195നും 199നും ഇടയിൽ തത്തിക്കളിച്ചു. (ട്രെയൽ റണ്ണിൽ വേഗത 300km കടന്നിരുന്നു)

ചെറുപ്പക്കാരായ നിരവധി സ്വദേശി ജോലിക്കാർ ട്രെയിനിൽ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ളവരാണെന്ന് അവരുടെ പെരുമാറ്റത്തിൽ വ്യക്തമാണ്.

ജിദ്ദയ്ക്കും മദീനയ്ക്കുമിടയിൽ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി (KAEC) റാബിക്, ജിദ്ദ എയർ‌പോർട്ട് (ടെർമിനൽ 3) എന്നീ 2 സ്റ്റേഷനുകളാണുള്ളതെങ്കിലും നിലവിൽ KAEC സ്റ്റേഷനിൽ മാത്രമേ പ്രവേശിക്കുന്നുള്ളു. എയർ പോർട്ട് പുതിയ ടെർമിനലിന്റെ പണി പൂർത്തിയായി പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ അവിടേയ്ക്കുള്ള തീവണ്ടിയാത്രയും തുടങ്ങിയേക്കും. (എല്ലാ സർവീസുകൾക്കും KAEC-ൽ സ്റ്റോപ് ഇല്ല.)

ബഡ്ജറ്റ് വിമാനയാത്രയ്ക്ക് സമാനമായി പായ്ക്കറ്റ് ചിപ്സ്, ശീതളപാനീയങ്ങൾ തുടങ്ങിയവ ട്രോളിയിൽ നിരത്തി ഇടയ്ക്ക് ജീവനക്കാരെത്തി. ആവശ്യക്കാർക്ക് കാശ് കൊടുത്ത് വാങ്ങിക്കഴിക്കാം. (ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സൌജന്യ ലഘുഭക്ഷണം ലഭിക്കുന്നതാണ്, പക്ഷെ ഉയർന്ന ടിക്കറ്റ് നിരക്ക് ബാധകം.) കൂടാത, കോച്ച് #5-ൽ സജ്ജീകരിച്ചിരിക്കുന്ന കഫറ്റീരിയയിൽ നിന്നും വിവിധ സാൻഡ്‌വിച്ചുകൾ, കാപ്പികൾ തുടങ്ങിയവ നേരിട്ട് വാങ്ങിക്കുകയുമാവാം. (1 മുതൽ 4 വരെ ബിസിനസ് ക്ലാസ്, 5 കഫെറ്റീരിയ, 6 മുതൽ 10 വരെ ഇക്കണോമി ക്ലാസ് എന്ന മട്ടിലാണ് കോച്ചുകൾ സജ്ജീകരിച്ചിരിക്കുന്നത്)

ആകാശപാതയിലും തറനിരപ്പിലുമൊക്കെയായി ട്രെയിൻ കുതിച്ചുകൊണ്ടേയിരിക്കുന്നു. മലകളും മരുഭൂമിയുമൊക്കെ കണ്ണിൻ മുന്നിൽ മാറി മറിഞ്ഞു. KAEC സ്റ്റേഷനിലേയ്ക്ക് ട്രെയിൻ എത്തുന്നതിന് മുന്നോടിയായിട്ടുള്ള അറിയിപ്പ് അറബി, ഇംഗ്ലീഷ് ഭാഷകളിൽ മുഴങ്ങി.


വേഗം കുറഞ്ഞ്, പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ച് നിശ്ചലമായ വണ്ടിയിൽ നിന്ന് ഇറങ്ങാനും കയറാനും അധികം ആളുകളുണ്ടായില്ല. വിശാലമായ സ്റ്റേഷന്റെ പരിസരങ്ങളിലും ആളനക്കം കുറവാണ്. കൃത്യം 5 മിനിറ്റ് വിശ്രമിച്ച് യാത്ര പുന:രാരംഭിച്ചു. നഷ്ടപ്പെട്ട വേഗത വീണ്ടെടുക്കാൻ അധികസമയം വേണ്ടി വന്നില്ല.

അടുത്തയിടെ പെയ്ത മഴ, മരുഭൂമിയെ നന്നായി അനുഗ്രഹിച്ചിരിക്കുന്നു. പൊതുവെ വരണ്ട് കാണപ്പെടുന്ന  പാതയോരത്ത് പച്ചപ്പിന്റെ നേർത്ത ആവരണം പൊതിഞ്ഞത് പോലെ പുൽച്ചെടികൾ.. മദീനയിലേയ്ക്ക് എത്തുംതോറും ഹരിത നിറത്തിന്റെ മനോഹാരിത കൂടിക്കൊണ്ടിരുന്നു.


അതിശയിപ്പിക്കുന്ന സമയനിഷ്ഠയോടെ മദീന സ്റ്റേഷനിൽ യാത്രയവസാനിച്ചു. പ്ലാറ്റ്ഫോമിലേയ്ക്കിറങ്ങി ഒരു നിമിഷം നിന്നു; ജിദ്ദയിൽ നിന്നും മനസ്സിൽ കുടിയേറിയ ആ രണ്ട് ചെറുപ്പക്കാരെ സ്മരിച്ചു. അവരുടെ പ്രാർത്ഥനകൾ സഫലമാവട്ടെ. ട്രെയിനിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയവരുടെ തിരക്ക്, വിശാലമായ പ്ലാറ്റ്ഫോമിനെ തെല്ലും ബാധിച്ചില്ല..  ആദ്യയാത്രയുടെ ഓർമ്മയ്ക്ക്, ട്രെയിനിനൊപ്പം ഫോട്ടോ പകർത്തുന്നവരുടെ കൂടെച്ചേർന്ന്  ചിത്രങ്ങളെടുത്ത് പുറത്തേയ്ക്ക് നടന്നു. സ്റ്റേഷനുകളെല്ലാം ഒരേ കെട്ടിലും മട്ടിലും അണിയിച്ചൊരുക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്.


മദീന ഓഫീസിലെ സഹപ്രവർത്തകൻ, സക്കീർ ഭായ് കാത്ത് നില്പുണ്ട്; പക്ഷെ ചിലവഴിക്കാനുള്ള സമയം ഒന്നേകാൽ മണിക്കൂർ മാത്രം. ചെറിയൊരു ഡ്രൈവ് നടത്താമെന്ന് പറഞ്ഞ് സക്കീർ ഭായ് കാറെടുത്തു. ‘ഹറം’ ഏരിയയിലേയ്ക്ക് ‘കാഫിറി’ന് പ്രവേശനം നിഷിധമായതിനാൽ, അത്തരം പ്രശ്നമൊന്നുമില്ലാതെ എയർപോർട്ട് വരെ പോയിവരാനാണ് പരിപാടി. (എയർപോർട്ട്, റെയിൽ‌വേ സ്റ്റേഷൻ, പ്രമുഖ ആശുപത്രികൾ അങ്ങനെ പലതും ‘ഹറം’ പരിധിക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ‘ഹറം’ പരിധിയിൽ പ്രവേശിക്കാതെ ഇവിടങ്ങളിലേയ്ക്ക് എത്തുവാനും സാധിക്കും.)


എയർപോർട്ടിലെ പുതിയ ടെർമിനലിന്റെ മുന്നിലൂടെ കയറിയിറങ്ങി. മുൻപൊരിക്കൽ പഴയ ടെർമിനലിൽ വന്നിട്ടുണ്ട്. അതിനേക്കാളേറെ സൌകര്യങ്ങളോടെയാണ് പുതിയത് പണിതിരിക്കുന്നത് എന്ന് പുറമേ നിന്ന് നോക്കുമ്പോൾ തന്നെ അറിയാം. സക്കീർ ഭായിയുടെ നിർബന്ധത്തിന് വഴങ്ങി ചെറിയൊരു ചായ സൽക്കാരവും കഴിഞ്ഞ് തിരികെ സ്റ്റേഷന്റെ മുന്നിൽ വണ്ടിയിറങ്ങുമ്പോൾ ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കി!


ഒന്നിച്ചൊരു ഫോട്ടോ കൂടെ എടുത്തിട്ട് പോകാമെന്ന് സക്കീർ ഭായ്ക്ക് നിർബന്ധം, പക്ഷേ അങ്ങേർ എത്ര ശ്രമിച്ചിട്ടും മൊബൈൽ ക്യാമറ ഓണാവുന്നില്ല!!  മൊബൈലുമായി മൽപ്പിടുത്തത്തിലാണ് അദ്ദേഹം.



ഇതൊക്കെ ശ്രദ്ധിച്ച് തെല്ലകലെ നിന്നിരുന്ന ഒരു സൌദി സെക്യൂരിറ്റിക്കാരൻ വിളിച്ചു പറഞ്ഞു;


യാത്ര പോവാനുള്ളതാണോ? 1 മിനിറ്റ് കൂടെ കഴിഞ്ഞാൽ ഗേറ്റടയ്ക്കും.”


ഭാഗ്യം, മൽപ്പിടുത്തത്തിൽ സക്കീർ ഭായ് ജയിച്ചിരിക്കുന്നു!!


പിന്നെ ഫോട്ടോ എടുക്കലും നന്ദിപറച്ചിലുമൊക്കെ പെട്ടെന്നായിരുന്നു..  ഗേറ്റിലേയ്ക്ക് ഓടി.. ഓട്ടത്തിന് സ്പീഡ് പോരാത്തതുകൊണ്ടാവണം, ഒനുരണ്ടു ജോലിക്കാർ കയ്യടിച്ചും ഒച്ചവച്ചും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ടിക്കറ്റ് ചെക്കിംഗും സെക്യൂരിറ്റി ചെക്കിംഗുമൊക്കെ നിമിഷങ്ങൾ കൊണ്ട് പൂർത്തിയാക്കി, യന്ത്രപ്പടികൾ ഓടിയിറങ്ങി, പ്ലാറ്റ്ഫോമിൽ പുറപ്പെടാൻ തയ്യാറായി കിടന്നിരുന്ന ട്രെയിനിൽ കയറിപ്പറ്റിയപ്പോളാണ് ശ്വാസം നേരെ വീണത്.


മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്തിരിക്കുന്നത് ബിസിനസ് ക്ലാസിലാണ്. നിർദ്ദിഷ്ട സീറ്റിനരികിലെത്തിയപ്പോളാണ് അടുത്ത പണി കിട്ടിയത് – തൊട്ടടുത്ത സീറ്റിൽ ഒരു സൌദി യുവതി, എതിർ വശത്തെ സീറ്റുകളിൽ 2 കൊച്ചുപെൺകുട്ടികൾ. മറ്റ് സീറ്റുകളൊന്നും ഒഴിവില്ല താനും. ഇരിക്കാൻ മടിച്ച് കുറച്ച് നേരം മാറി നിന്നു. ഒടുവിൽ രണ്ടുംകൽപ്പിച്ച് ആയമ്മയോട് സങ്കടമുണർത്തിച്ചു;


ഇത് എന്റെ സീറ്റാണ്..”


പറഞ്ഞ് മുഴുമിപ്പിക്കുന്നതിനുമുന്നെ തന്നെ അവരുടെ മറുപടിയെത്തി.


“അതിനെന്താ.. അവിടിരുന്നോളൂ..”


മടിയോടെ സീറ്റിലിരിക്കാൻ തുടങ്ങുമ്പോൾ അവർ ‘പ്ലാൻ ബി’ നിർദ്ദേശിച്ചു; എതിർ സീറ്റിലിരിക്കുന്ന കുട്ടികളിൽ ഒരാളോട് അവിടേയ്ക്ക് കടന്നിരിക്കാൻ. അതേസമയത്ത് തന്നെയാണ് പിന്നിലെ സീറ്റിൽ നിന്നും ‘പ്ലാൻ സി’യുമായി മറ്റൊരാളെത്തിയത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന, ഇത്തിരി പ്രായമേറിയ സ്ത്രീ മുൻസീറ്റിലേയ്ക്ക് കയറിയിരിക്കുകയും ആ സീറ്റ് ഈയുള്ളവന് ലഭിക്കുകയും ചെയ്തു. (അവരെല്ലാവരും ഒരേ കുടുംബക്കാർ ആണെന്ന് പിന്നീട് മനസിലായി.) രോഗി ഇച്ഛിച്ചതും പകരം കിട്ടിയതും വിൻ‌ഡോ സീറ്റ്!! ഈ കലാപരിപാടികളൊക്കെ കഴിയുമ്പോളേയ്ക്കും ട്രെയിൻ ചലിച്ച് തുടങ്ങിയിരുന്നു.

നല്ല നിലവാരമുള്ള ലെതർ സീറ്റുകളാണ് ബിസിനൽ ക്ലാസിലേത്. ഒരു വശത്ത് 2 സീറ്റുകളും മറുവശത്ത് 1 സീറ്റും എന്ന രീതിയിലാണ് ക്രമീകരണം. ഗ്രൂപ്പ് / ഫാമിലി യാത്രികർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ‘face to face’ സീറ്റുകളാണ് കൂടുതലായുള്ളത്. വിമാനത്തിലെ സീറ്റുകളിലേത് പോലെ ചെറിയ വീഡിയോ സ്ക്രീനുകൾ സജ്ജീകരിച്ചിരിക്കുന്നു.




ജ്യൂസുകൾ, അറബിക് കോഫി (കാവ), സാൻഡ്വിച്ച്, ചായ – ബിസിനസ് ക്ലാസിൽ സൌജന്യമായി നൽകുന്ന ഐറ്റംസൊക്കെ ഒന്നിനുപിറകെ ഒന്നായി വന്നുചേർന്നു. എല്ലാം അകത്താക്കി കാഴ്ചകൾ കണ്ടിരിക്കുമ്പോൾ, ട്രെയിൻ അതിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള കുതിപ്പ് തുടർന്നു.







++++++ ++++++++ ++++++++

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:


- ടിക്കറ്റുകൾ മുൻ‌കൂട്ടി ബുക്ക് ചെയ്യണം. സ്റ്റേഷനിൽ നിന്നും നിലവിൽ ടിക്കറ്റ് ലഭ്യമല്ല. (കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും https://www.hhr.sa/sites/sro/Pages/Home.aspx )

- നിലവിൽ ആഴ്ചയിൽ 4 ദിവസങ്ങളിൽ (വ്യാഴം, വെള്ളി, ശനി, ഞായർ) മാത്രമേ സർവീസുള്ളു.

- അമുസ്ലിം (Non-Muslim) യാത്രക്കാർ മക്ക (Makkah) സ്റ്റേഷനിലേയ്ക്ക് യാത്ര ഒഴിവാക്കുക.

- ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 10 മിനിറ്റ് മുന്നെയെങ്കിലും ചെക്കിൻ (check-in) ചെയ്യാൻ ശ്രദ്ധിക്കക.




























Tuesday, 22 May 2018

അഹ്ലൻ റമദാൻ!!




“നിങ്ങൾക്കൊക്കെ എന്താ സുഖം... പകൽ നോയമ്പ് നോക്കിയാൽ, രാത്രി മുഴുവൻ തീറ്റയോട് തീറ്റയല്ലേ..”


“എന്നാപ്പിന്നെ നീയൊന്ന് നോമ്പ് നോക്കി നോക്ക്... എന്നിട്ട് പറ, സുഖമാണോ അല്ലയോ ന്ന്..”


വർഷങ്ങൾക്ക് മുന്നെ ഒരു സുഹൃത്ത് വളരെ നിർദ്ദോഷമായി ഉയർത്തിയ വെല്ലുവിളി, ഇത്തിരി ആശങ്കയോടെയാണെങ്കിലും, ഏറ്റെടുത്ത കാലം മുതലാണ് റമദാൻ നോമ്പും ഞാനും തമ്മിലുള്ള സ്നേഹബന്ധം ആരംഭിക്കുന്നത്!! (പകൽ മുഴുവൻ നോമ്പ് നോക്കി, രാത്രി മുഴുവൻ തീറ്റയെന്ന മനോഹര സങ്കൽപ്പം ആദ്യനാളുകളിൽ തന്നെ തകർന്ന് തരിപ്പണമായി എന്ന് പ്രത്യേകം പറയേണ്ടല്ലോ.)


കുട്ടിക്കാലത്ത് മീൻ, ഇറച്ചി, മുട്ട ഇവയിലേതെങ്കിലും (ചിലപ്പോൾ എല്ലാം കൂടെ ഒന്നിച്ച്) ഒഴിവാക്കി ക്രിസ്തുമസ് കാലത്ത്’25 നോയമ്പ്’ എടുത്തിരുന്നതാണ്, ഈ മേഖലയിൽ ആകെയുള്ള മുൻപരിചയം. ആ 25 ദിവസങ്ങളിൽ മുടങ്ങാതെ പള്ളിയിൽ പോയാൽ സമ്മാനം കിട്ടും എന്ന ഓഫർ ഉള്ളതിനാൽ നോയമ്പ് തെറ്റിയാലും പള്ളിയിൽ പോക്ക് മുടക്കിയിരുന്നില്ല.


ഗൾഫിലെത്തുന്നത് വരെ, റംസാൻ നോമ്പ് കാലം മറ്റ് ദിനങ്ങൾ പോലെ കടന്ന് പോകുന്നതല്ലാതെ മറ്റ് പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല – പെരുന്നാൾ ദിവസം കിട്ടുന്ന അവധി ഒഴികെ. (നാട്ടിലെ മുസ്ലിം പള്ളിയുടെ മുന്നിലൂടെ പോകുമ്പോൾ കിട്ടിയിരുന്ന തരിപ്പായസത്തിന്റെ രുചി ഇന്നും നാവിലൂറുന്നു.) സുഹൃത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നത് വരെ ഗൾഫിലെ നോമ്പ് കാലവും പതിവ് പോലെ തന്നെ.. ആകെയുണ്ടായിരുന്ന മാറ്റം, ഓഫീസ് സമയത്ത് (രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ) ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ഓഫീസിൽ പോകുന്നതിനുമുന്നെയും തിരികെ എത്തിയതിന് ശേഷവും കഴിക്കുക എന്നതായിരുന്നു.


അതിരാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണവും വെള്ളവുമൊക്കെ ഉപേക്ഷിച്ച്, നോമ്പ് അനുഷ്ഠിക്കുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ ഗൾഫിലെ ആദ്യ നോമ്പ് കാലത്ത് അത്ഭുതപ്പെടുത്തി. (ആ സമയങ്ങളിൽ പൊതുസ്ഥലത്ത് വച്ച് ഭക്ഷണം കഴിക്കുന്നത് അനിഷ്ടമുണ്ടാക്കുമെന്ന് മനസ്സിലായത്, ഒരു സഹമുറിയൻ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ പതിവ് പോലെ “ടേസ്റ്റ്” ചെയ്യാൻ ഒരു ഈന്തപ്പഴം വായിലിട്ടപ്പോളാണ്.. അത് കണ്ട ഒരു ഈജിപ്ഷ്യൻ ഒച്ചയിട്ടു, ആളുകൂടി, അലമ്പായി... ഒടുവിൽ “ലേലു അല്ലു” കുറെ വാരി വിതറി, അറിയാവുന്ന ഭാഷയിലൊക്കെ മാപ്പപേക്ഷിച്ച് തടി രക്ഷിച്ചു.)


സമൂഹ നോമ്പ് തുറയും ഒന്നിച്ചിരുന്ന്, ഒരേ പാത്രത്തിൽ നിന്നുള്ള ഭക്ഷണം കഴിക്കലുമൊക്കെ ആദ്യമുണ്ടാക്കിയ അമ്പരപ്പ് പതിയെ ആവേശത്തിനും ഉത്സാഹത്തിനും വഴി മാറി. ഷംസുവിനും ഷൈജുവിനുമൊക്കെ ഒപ്പം എത്രയെത്ര മനോഹരമായ ഇഫ്താർ സന്ധ്യകൾ!! അന്നൊക്കെ സെയ്ദ് ഉസ്താദിന്റെ പള്ളിയിലായിരുന്നു മിക്കവാറും നോമ്പ് തുറ. നിരന്നിരിക്കുന്ന വിവിധ രാജ്യക്കാരായ ആളുകളുടെ മുന്നിലെ വിരിയിൽ നോമ്പ് തുറക്കാനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ നിരത്തുന്നതും ആളുകളെ സ്വീകരിച്ചിരുത്തുന്നതുമൊക്കെ നൽകിയ സന്തോഷം ചെറുതൊന്നുമല്ല. ഓണവും പെരുന്നാളും ക്രിസ്തുമസുമൊക്കെ ജാതിമത ചിന്തകൾക്കും മേലെയാണെന്ന് മനസ്സിലാക്കി തന്ന നല്ല നാളുകൾ.


അനാവശ്യമായി ഭക്ഷണം പാഴാക്കുന്നതാണ് നോമ്പുകാലത്ത് കണ്ടുവരുന്ന ഒരു ദയനീയ കാഴ്ച. ഹോട്ടലുകളിലെ ഇഫ്താർ പാർട്ടികളിലാണ് ഈ പ്രവണത കൂടുതലും. രണ്ടും മൂന്നും പാത്രങ്ങളിലായി ആവശ്യത്തിലധികം ഭക്ഷണം തിക്കിനിറച്ച് കൊണ്ടുവന്ന് മേശയിൽ നിരത്തി, ഏതോ വലിയ യുദ്ധം നടത്താനുള്ള ഭാവത്തിലിരിക്കുന്ന ആളുകളെ ഇത്തരം പാർട്ടികളിൽ കാണാം. ‘പൊരിഞ്ഞ പോരാട്ട’ത്തിനൊടുവിൽ നല്ലൊരു പങ്ക് ആഹാരവും ചവറ്റുകുട്ടയിലേയ്ക്ക് തള്ളപ്പെടുന്നത് സങ്കടകരമായ കാഴ്ചയാണ്. ഈജിപ്ഷ്യൻസാണ് ഈ കലാപരിപാടിയുടെ മുഖ്യ പ്രായോജകരെങ്കിലും മലയാളികളും ഇക്കാര്യത്തിൽ ഒട്ടും മോശക്കാരല്ല. മാറിയ സാമ്പത്തിക പരിതസ്ഥിതിയിൽ, ഈ നോമ്പ് കാലത്തെങ്കിലും ഇമ്മാതിരി പാഴാക്കലിന് അറുതിവരുമെന്ന് ആശിക്കുന്നു.


11 മാസം ഭക്ഷണം കഴിച്ച് പുഷ്ടിപ്പെടുത്തിയ ശരീരം, 1 മാസം ഭക്ഷണം നിയന്ത്രിച്ച് മിനുക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എനിക്ക് നോമ്പ് കാലം. ഒപ്പം വിശപ്പും ദാഹവും സഹിച്ച്, ഇത്തിരിയെങ്കിലും ക്ഷമാശീലം സ്വായത്തമാക്കാനുള്ള എളിയ ശ്രമം കൂടെ..


(Cover Picture Courtesy : Google)

Wednesday, 6 April 2016

വീണ്ടും തായിഫിലേയ്ക്ക്…



ണ്ണാനിരുന്ന അച്ചായന് ഉൾവിളിയുണ്ടായി എന്ന് പറഞ്ഞതുപോലെ, എടുപിടീന്നൊരു യാത്ര പോകാൻ തീരുമാനമായി!!

‘വ്യാഴാഴ്ചക്കൂട്ടായ്മ’യുടെ മുന്നോടിയായി, എല്ലാ വാരാന്ത്യത്തിലും ടെലിഫോൺ വഴി നടത്താറുള്ള ആലോചനകൾക്കൊടുവിലാണ് അച്ചായൻ ആ കുരുക്കെറിഞ്ഞത്..

“എനിക്കൊരു ക്രേയ്സി ഐഡിയ തോന്നുന്നു..”

അച്ചായന്റെ ഐഡിയകളെല്ലാം ക്രേയ്സിയാണ്.. അതിപ്പോ ഇങ്ങനെ എടുത്ത് പറയേണ്ട കാര്യമൊന്നുമില്ലല്ലോ.. അല്ലെങ്കിൽത്തന്നെ, ഈയുള്ളവൻ ബഹുത് കഷ്ടപ്പെട്ടുണ്ടാക്കിയ മോരുകറി, മൂന്നാഴ്ചകൾ കഴിഞ്ഞപ്പോളേയ്ക്കും എടുത്ത് കുപ്പത്തൊട്ടിയിൽ കമിഴ്ത്തി എന്ന് പറഞ്ഞതിന്റെ ഷോക്കിലാണ്! ഇനി അടുത്തത് എന്താണോ എന്തോ.. വല്ല പാചക പരീക്ഷണവും ആയിരിക്കണം എന്ന പ്രതീക്ഷയിൽ കേൾക്കാൻ തയ്യാറായിരുന്നു..


“എന്റെ ഓഫീസിൽ നിന്നും ഒരുവൻ തായിഫ്-ൽ പോയിരിക്കുന്നു.. ഊതുമ്പോൾ വായിൽ നിന്നും പുക വരുന്നത്രയും തണുപ്പാണത്രെ, ഇപ്പോളവിടെ നമുക്കൊന്ന് പോയി നോക്കിയാലോ.. അവൻ പറഞ്ഞത് ശരിയാണോ എന്നറിയണമല്ലോ..”

അപ്പോ അതാണ് കാര്യം.. സംഗതി അല്പം ക്രേയ്സി തന്നെ.. തണുപ്പ് കാലം, രാത്രി യാത്ര.. ആലോചിക്കുമ്പോൾത്തന്നെ കുളിരുകോരുന്നു..

“അതിനിപ്പോ എന്താ.. നമുക്ക് പോയി ഊതി നോക്കാമല്ലോ ഞാൻ റെഡി..”

“ഉറക്കം വഴി വക്കിൽ മറ്റ് ‘കാര്യപരിപാടി’കളൊക്കെ സൌകര്യം പോലെ കാട്ടിലും മേട്ടിലും..  OK അല്ലേ?”

“അതൊക്കെ പ്രത്യേകം പറയാനുണ്ടോ.. എന്തിനും ഞാൻ റെഡി..”

അങ്ങനെ അഞ്ച് മിനിറ്റിനുള്ളിൽ ആ കാര്യത്തിന് തീരുമാനമായി.. ഒരു സഹപ്രവർത്തകനെ നാട്ടിലേയ്ക്ക് യാത്ര അയയ്ക്കാൻ എയർപ്പോർട്ടിൽ പോകേണ്ടിവന്നതിനാൽ ‘ക്രേയ്സി യാത്ര’ തുടങ്ങുമ്പോൾ സമയം രാത്രി 8 മണി കഴിഞ്ഞു.

വാരാന്ത്യമായതിനാൽ ജിദ്ദ-മക്ക ഹൈവേയിൽ (ഹൈവേ # 40) നല്ല വാഹനപ്പെരുപ്പം. പെട്ടെന്ന് തായിഫിലെത്തിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാൽ തിരക്കില്ലാത്ത ട്രാക്കിലൂടെ “കിയ റിയോ” ലക്ഷ്യത്തിലേയ്ക്ക് മുന്നേറിക്കൊണ്ടിരുന്നു.

‘അമുസ്ലിങ്ങൾ’ കടന്നുപോകേണ്ട പാത ചൂണ്ടിക്കാണിച്ച് ബോർഡുകൾ നിരന്നുതുടങ്ങി.  ഇത്രകാലം ഷുമൈസി ചെക്ക് പോയന്റ് എത്തുന്നതിന് തൊട്ട് മുന്നെയുള്ള ‘EXIT’ –ലൂടെ ആയിരുന്നു ‘Non Muslims’ കടന്നുപോകേണ്ടിയിരുന്നത്, പക്ഷേ ഇത്തവണ അല്പം പിന്നിലേയ്ക്ക് മാറ്റി തിരിച്ച് വിട്ടിരിക്കുന്നു. (പഴയ EXIT നിലവിലുണ്ട് എന്നത് മടക്കയാത്രയിൽ ശ്രദ്ധയിൽപ്പെട്ടു.) ‘Public Services Area’ എന്ന് ചൂണ്ടിക്കാണിച്ച വഴിയിലൂടെ വലത്തേയ്ക്ക് തിരിഞ്ഞ്, Deportation Center-ന്റെ വിശാലമായ മതിൽക്കെട്ടിനെ ചുറ്റി അല്പം വട്ടം കറങ്ങിയെങ്കിലും, ഒടുവിൽ കൃത്യമായ വഴിയിൽത്തന്നെ എത്തിച്ചേർന്നു.  നിലവിലുള്ള ഇരട്ടവരിപ്പാത (ഹൈവേ # 298) വീതി കൂട്ടുന്ന പണികൾ ഒരുവശത്ത് തകൃതിയായി നടന്നുവരുന്നു. ഇരുവശങ്ങളിലേയ്ക്കും ഇടയ്ക്കിടെ പാഞ്ഞുപോകുന്ന വാഹനങ്ങൾ.. യാതൊരു മയവുമില്ലാതെയാണ് മിക്കവരുടെയും ഡ്രൈവിംഗ്..

“Non-Muslim” പാതയിൽ നിന്നും വീണ്ടും തിരക്കുപിടിച്ച പ്രധാനപാതയിലേയ്ക്ക് (ഹൈവേ # 15) പ്രവേശിച്ചു. (അങ്ങേത്തലക്കൽ ജോർദ്ദാൻ അതിർത്തിയിൽ നിന്നും ആരംഭിച്ച് യെമൻ അതിർത്തി വരെ നീണ്ടുനിവർന്ന് കിടക്കുന്ന ഹൈവേയാണിത്.. ഒരുപക്ഷേ, സൌദിയിലെ ഏറ്റവും നീളം കൂടിയ ഹൈവേയും ഇതുതന്നെ ആവണം.)



‘അൽ-ഹദ’ ചുരം കയറിത്തുടങ്ങിയതോടെ തണുപ്പ് കൂടിത്തുടങ്ങി. നിരനിരയായി ചുരം കയറിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞ് പോകുന്നു ചില വിദ്വാന്മാർ.. അധികം താമസിയാതെ തന്നെ കനത്ത മൂടൽ മഞ്ഞ് പാതയെ മൂടിത്തുടങ്ങി. കുട്ടിക്കാനത്തോ വയനാട്ടിലോ മറ്റോ എത്തിപ്പെട്ടതുപോലെ.. ചുരത്തിന് മുകളിൽ, തണുപ്പിന്റെ കാഠിന്യമറിയാൻ, കാർ നിർത്തി പുറത്തിറങ്ങിയെങ്കിലും പെട്ടെന്ന് തന്നെ തിരികെ കയറി – മോശമല്ലാത്ത തണുപ്പ്!!

“അൽ ഷഫ” ലക്ഷ്യമാക്കി കാർ വീണ്ടും നീങ്ങി. തായിഫ് പട്ടണത്തിലേയ്ക്ക് കടക്കാതെ, വലത്തേയ്ക്ക് തിരിഞ്ഞ് അൽ ഷഫ റോഡിൽ പ്രവേശിച്ചതോടെ വാഹനങ്ങളുടെ തിരക്ക് തീരെയില്ലാതായി. സൌകര്യപ്രഥമായ ഒരിടത്ത് കാർ ഒതുക്കി, ഭക്ഷണം പാകം ചെയ്ത് കഴിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അധികം താമസിയാതെ തന്നെ പാതയോരത്തെ ഒരു പാർക്കിൽ അതിനുള്ള സൌകര്യം ഒത്തുകിട്ടി.

കയ്യിൽ കരുതിയ ജാക്കറ്റും ബ്ലാങ്കറ്റുമൊന്നും ഈ തണുപ്പിനെ പ്രതിരോധിക്കാൻ പ്രാപ്തമല്ലെന്ന്, കാറിൽ നിന്നും പുറത്തിറങ്ങിയപ്പോ‍ൾത്തന്നെ മനസ്സിലായി.. പെട്ടെന്ന് തന്നെ സ്റ്റൌ കത്തിച്ച് അതിന്റെ ചൂടിലേയ്ക്ക് ചേർന്നിരുന്നു. തണുപ്പുമായി പൊരുത്തപ്പെട്ട് കഴിഞ്ഞപ്പോൾ പാചകത്തിനുള്ള തയ്യാറെടുപ്പായി. സവാളയും മുളകും ഇഞ്ചി-വെളുത്തുള്ളിയുമൊക്കെ മസാലയിൽ മുങ്ങിക്കുളിച്ച് ഇറച്ചിയ്ക്കൊപ്പം പ്രഷർ കുക്കറിലേയ്ക്ക് ചേക്കേറാൻ താമസമുണ്ടായില്ല. 11 മണി കഴിഞ്ഞിരിക്കുന്നു.. വിശപ്പിൻറ്റെ സൈറൺ തൊണ്ടപൊട്ടി കീറിവിളിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. 

അതിനിടയിൽ അച്ചായന് തീ കായാൻ മോഹം വിശാലമാ‍യ പാർക്കിനുള്ളിൽ എവിടെ നിന്നെങ്കിലും വിറക് സംഘടിപ്പിച്ച് വരാമെന്ന് പറഞ്ഞ് പോയയാൾ തിരികെ എത്തിയത് ഉപയോഗശൂന്യമായ ഒരു ടയറിന്റെ കഷണവുമായിട്ടാണ്!!  പാതിരാത്രി സമയത്ത് ടയർ കത്തിച്ച് തീ കായുന്നതിൽ അത്ര യോജിപ്പില്ലായിരുന്നെങ്കിലും, മനസ്സില്ലാമനസ്സോടെ അച്ചായന്റെ കൂടെക്കൂടി. തീയും പുകയും കണ്ട് പോലീസുകാർ ആ വഴി വരുമോ എന്ന ആശങ്കയും ഇല്ലാതിരുന്നില്ല. ‘ക്യാമ്പ് ഫയറും’ ബീഫും കുബൂസും ഒക്കെക്കൂടെ സംഗതി ജോറായി പര്യവസാനിച്ചു. അവസാന തീനാളവും അണഞ്ഞു എന്നുറപ്പുവരുത്തി പാർക്കിൽ നിന്നും പുറത്തിറങ്ങി.

കാർ ഒതുക്കിയിട്ട് ഉറങ്ങാനായി ഒരിടം കിട്ടുന്നതുവരെയേ ആ യാത്രയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളു. കാറിലെ സീറ്റുകൾ നിവർത്തി, ചില്ലുകൾ ഒരല്പം താഴ്ത്തിവച്ച് ഉറക്കം പൂകാൻ അധികനേരം വേണ്ടിവന്നില്ല.

9 മണിയായപ്പോൾ നേരം ചറപറാന്ന് വെളുത്തു! പാതയോരമാണെങ്കിലും ഒരുഭാഗം മുഴുവൻ കുറ്റിച്ചെടികളും പാറക്കൂനകളും മറവൊരുക്കുന്നതിനാൽ എല്ലാം കൊണ്ടും സൌകര്യമായി.. “കാര്യപരിപാടികളൊക്കെ” നിറവേറ്റി, ചായകുടിക്കുവാനായി വണ്ടി തായിഫ് പട്ടണത്തിലേയ്ക്ക് തിരിച്ചു.

“ഫൂലും തമ്മീസും” കടുപ്പത്തിലോരോ ചായയും കുടിച്ച് തിരികെ ഷഫ-യിലേയ്ക്ക് തന്നെ മടങ്ങി. തായിഫിലെ പ്രശസ്തമായ റോസാപ്പൂത്തോട്ടങ്ങൾ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. അടുത്ത വരവിൽ പൂന്തോട്ടങ്ങൾ കണ്ടുപിടിക്കാം എന്ന ധാരണയിൽ ഷഫയിൽ നിന്നും മടക്കയാത്ര ആരംഭിച്ചു.. ആ യാത്രയാണ് ഈ യാത്രയിലെ ഹൈലൈറ്റ്..!!

ജിദ്ദയിൽ നിന്നും അൽ-ഹദ ചുരം കയറാതെ നേരെ അൽ-ഷഫയിൽ എത്തിച്ചേരാൻ ഗൂഗിൾ മാപ്പിൽ ഒരു വഴി തെളിയുന്നുണ്ട് എന്ന കാര്യം തലേരാത്രിയിൽ തന്നെ അച്ചായനോട് സൂചിപ്പിച്ചിരുന്നെങ്കിലും അങ്ങനെയൊരു സാധ്യതയ്ക്ക് പോലും സാധ്യതയില്ല എന്ന് പറഞ്ഞ് അക്കാര്യം അങ്ങേർ അപ്പോൾത്തന്നെ തള്ളിക്കളഞ്ഞിരുന്നു. എങ്കിലും, ഷഫയിൽ നിന്നുള്ള മടക്കയാത്രയിൽ വീണ്ടും അതേ റൂട്ട് തെളിഞ്ഞതിനാൽ “എങ്കിൽ നമുക്ക് ആ വഴി പോയിനോക്കാം” എന്ന് പറഞ്ഞ് അച്ചായൻ അനുസരണയുള്ള കുഞ്ഞാടായി രൂപാന്തരപ്പെട്ടു.

ഷഫ ടൌണിൽ നിന്നും തായിഫിലേയ്ക്കുള്ള വഴിയിൽ, ചെങ്കുത്തായ ഇറക്കമിറങ്ങി ആദ്യത്തെ “U” ടേൺ തിരിഞ്ഞ് തിരികെ ഷഫയിലേക്കുള്ള ദിശയിൽ മുന്നോട്ട് പോയിട്ട്, നേരത്തെ ഇറങ്ങി വന്ന കയറ്റത്തിന്റെ തൊട്ടുതാഴെ നിന്നും വലത്തേയ്ക്ക് തിരിയുന്ന പാതയിലേയ്ക്ക് പ്രവേശിച്ചാൽ അവിടെത്തുടങ്ങുകയായി അതിശയിപ്പിക്കുന്ന വഴിത്താരയും അതിനൊത്ത കാഴ്ചകളും!!





ഇരുവരിപ്പാതയാണ് - കൃത്യമായി അടയാളപ്പെടുത്തി, നല്ല വീതിയിൽ പണിതീർത്തിരിക്കുന്നു. ഏറെ ചെല്ലുന്നതിനുമുന്നെ തന്നെ, റോഡിന്റെ പണികൾ പൂർത്തിയായിട്ടില്ല എന്നതിന്റെ സൂചനയായി യന്ത്രസാമഗ്രഹികൾ പാതവക്കിൽ പ്രത്യക്ഷപ്പെട്ടു. 

അവിടം മുതൽ വഴി അല്പം പരുക്കനായെങ്കിലും യാത്രയ്ക്ക് ബുദ്ധിമുട്ടുകളൊന്നും നേരിട്ടില്ല. ആദ്യമായി സഞ്ചരിക്കുന്ന പാത ആയതിനാൽ, വേഗത കുറച്ചാണ് അച്ചായൻ കാർ ഓടിച്ചുകൊണ്ടിരിക്കുന്നത്. പിന്നിൽ വരുന്ന വാഹനങ്ങളും മര്യാദരാമന്മാരായി കൃത്യമായ അകലം പാലിച്ചാണ് വരവ്.


ചെങ്കുത്തായ മലകൾ അരിഞ്ഞും തുരന്നുമാണ് പാതയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ചെറിയ റോഡ് വീതി കൂട്ടി വിശാലമാക്കുന്ന പണികൾ. മലകളുടെയും താഴ് വാരത്തിന്റെയും കാഴ്ചകൾ അതീവഹൃദ്യം.. മിക്ക വളവുകളിലും റോഡിന്റെ ഒരുവശം അപ്പാടെ ഇടിഞ്ഞ് പോയിട്ട്, ഒരുവരിപ്പാതയായി ചുരുങ്ങുന്നു. കല്ലും മണ്ണും ഇടിഞ്ഞ് വീണതിന്റെ അവശിഷ്ടങ്ങളും പാതയിലെങ്ങും കാണാം.


യാത്ര തുടങ്ങിയിട്ട് ഏതാണ്ട് 35 കിലോമീറ്ററുകൾ പിന്നിട്ടിരിക്കുന്നു.. ഇപ്പോളും കാർ ഇറക്കത്തിൽ തന്നെ!! വളരെ അപൂർവ്വമായിട്ടേ എതിർ ദിശയിലേയ്ക്ക് വാഹനങ്ങൾ പോകുന്നുള്ളു. ഒരു ഗ്രാമപ്രദേശം പിന്നിട്ട് വണ്ടി മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നു. ഇറക്കം അവസാനിച്ചു; പുതിയതായി പണി കഴിപ്പിക്കുന്ന ഒരു “റൌണ്ട്-എബൌട്ട്” ചുറ്റി കാർ കുറച്ചുകൂടെ പരുക്കനായ പാതയിലൂടെയായി സഞ്ചാരം. കയറ്റമാണ്, വളവുകൾക്കും തിരിവുകൾക്കുമൊന്നും യാതൊരു പഞ്ഞവുമില്ല.


മലവെള്ളപ്പാച്ചിലിൽ റോഡിലൂടെ കുത്തിയൊഴുകിയ കല്ലും മണ്ണും നീക്കാതെ കിടപ്പുണ്ട്. ഇടയ്ക്കിടെ പുതിയ കലുങ്കുകൾ പണിയുന്നതിനാൽ പലയിടത്തും വഴി തിരിച്ച് വിട്ടിരിക്കുന്നു. രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നത് ദുഷ്കരമാവും. ശരിക്കും സാഹസികമായ യാത്ര തന്നെ



മൺപാതയിൽ നിന്നും മുക്തി നേടി കാർ, നിരപ്പായ ടാർ റോഡിലൂടെ പാഞ്ഞ്തുടങ്ങി.. ചെന്നെത്തിയത് ഹൈവേ # 298-ൽ.. ഇടത്തേയ്ക്ക് തിരിഞ്ഞ് ഷുമൈസി ചെക്ക് പോയന്റിന്റെ ദിശലേയ്ക്ക് സഞ്ചാരം തുടരുമ്പോൾ, പിന്നിട്ട് വന്ന പുതിയ പാതയിലെ മനോഹരമായ കാഴ്ചകളായിരുന്നു മനസ്സുനിറയെ..


******* ****** ****** 

മുറിവാൽ: ജിദ്ദയിൽ നിന്നും പോകുമ്പോൾ ഷുമൈസി ചെക്ക് പോയന്റ് കഴിഞ്ഞ് “Dafaq Center”എന്ന് ചൂണ്ടിക്കാണിക്കുന്ന വഴിയേ, മേൽപ്പറഞ്ഞിരിക്കുന്ന പാതയിലൂടെ എതിർ സഞ്ചരിച്ചാൽ അൽ ഷഫ-യിൽ എത്തിച്ചേരാം