വല്ല്യപ്പൻ മരിക്കുമ്പോൾ കുട്ടപ്പന് നാലോ അഞ്ചോ വയസ്സ്; എന്നുവച്ചാൽ നേഴ്സറിയിൽ കയിലുകുത്തണ കാലം। കുറച്ചു വർഷങ്ങൾക്ക് ശേഷം ഇളയ അമ്മായിയുടെ കല്ല്യാണം കൂടി കഴിഞ്ഞതോടെ വലിയ വീട്ടിൽ വല്ല്യമ്മ തനിച്ചായി. പക്ഷേ അധികം താമസിയാതെ തന്നെ വല്ല്യമ്മയ്ക്ക് കൂട്ടുകിടക്കാൻ പോവുക എന്ന മഹത്തായ ഉത്തരവാദിത്വം കുട്ടപ്പന്റെ തലയിലായി. കുട്ടപ്പന്റെ വീട്ടിൽ നിന്നും വല്ല്യമ്മ താമസിക്കുന്ന തറവാട്ടിലേക്ക് കുറഞ്ഞത് അരമണിക്കൂർ നടക്കണം. വീണ്ടും പതിനഞ്ച് മിനിട്ടുകൾ കൂടി നടന്നാലേ സ്കൂളിലെത്തുകയുള്ളു. അങ്ങനെ കാലത്തും വൈകിട്ടും ഈ കണ്ട ദൂരമൊക്കെ താണ്ടി കുട്ടപ്പൻ തന്റെ സേവനം തുടർന്നു.
തറവാട്ടിലെ പഴയ റേഡിയോ ആയിരുന്നു കുട്ടപ്പന്റെ പ്രധാന കൂട്ടുകാരൻ। ആ റേഡിയോയിലൂടെ, അന്നാട്ടിൽ മറ്റാർക്കും കിട്ടാത്ത സ്റ്റേഷനുകൾ തപ്പിയെടുത്ത് പാട്ടുകൾ കേൾക്കുന്നത് കുട്ടപ്പന് ഒരു വീക്നെസ്സ് ആയിരുന്നു. വൈകെന്നേരം തറവാട്ടിലേക്ക് പോകുമ്പോൾ അന്നത്തേക്കാവശ്യമായ മിഠായികൾ, ചിപ്സ്, കഥപുസ്തകങ്ങൾ തുടങ്ങിയവയെല്ലാം ചീരേട്ടന്റെ കടയിൽ നിന്നും സംഭരിച്ചാണ് യാത്ര. പ്രായമായ വല്ല്യമ്മ പ്രാർത്ഥനയൊക്കെ ചൊല്ലി നേരത്തെ ഉറക്കം പിടിച്ചാലും മേൽപ്പറഞ്ഞ സാധനങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ടേ കുട്ടപ്പൻ കിടക്കാറുള്ളൂ.
അങ്ങനെയിരിക്കെയാണ് കുട്ടപ്പന്റെ ചിറ്റപ്പന്റെ മോൻ തോമസുകുട്ടി പട്ടാളത്തിൽ ചേരുന്നത്। നാട്ടിലെ അറിയപ്പെടുന്ന കൈപ്പന്തുകളിക്കാരനായ തോമസുകുട്ടിയെ പട്ടാളത്തിലേക്ക് വിളിച്ചതിൽ വീട്ടുകാരോടൊപ്പം നാട്ടുകാരും അഭിമാനിച്ചു. 'ഹാ ഗുണികളൂഴിയിൽ നീണ്ടുവാഴാ' എന്ന കവിതാ ശകലത്തെ 'അതാ ആ കാണുന്ന കുഴിയിലൊരു നീണ്ട വാഴ' എന്ന് കെങ്കേമമായി വിവർത്തനം ചെയ്ത് പത്താം ക്ലാസ്സ് പാസ്സായവനാണ് തോമസുകുട്ടി. അവനെ പട്ടാളത്തിലെടുത്തില്ലെങ്കിൽ വേറെ ആരെ എടുക്കും?
തോമസുകുട്ടി പട്ടാളത്തിൽ പോയതോടെ കോളടിച്ചത് കുട്ടപ്പനാണ്; നിനച്ചിരിക്കാതെ ഒരു സൈക്കിൾ സ്വന്തമായി കിട്ടി। അതുവരെ തോമസുകുട്ടി ഉപയോഗിച്ചിരുന്നതാണ്, തോമസുകുട്ടി പോയതോടെ അനാഥമായ സൈക്കിളിനെ ചിറ്റപ്പൻ കുട്ടപ്പന്റെ കൈകളിലേക്ക് ഏൽപ്പിച്ചു. പഴയ റാലി സൈക്കിളാണ്... ബ്രേക്ക് കമ്മിയാണെങ്കിലും നല്ല ബലവും കനവും - അതാണ് റാലി സൈക്കിളുകളുടെ പ്രത്യേകത. ദാനം കിട്ടിയ സൈക്കിളിന് ബ്രേയ്ക് ഉണ്ടോ എന്ന് നോക്കേണ്ട ആവശ്യമില്ല എന്ന തിരിച്ചറിവുണ്ടായിരുന്നതുകൊണ്ട്, കിട്ടിയ പാതി കിട്ടാത്ത പാതി കുട്ടപ്പൻ സൈക്കിളിൽ യാത്ര ആരംഭിച്ചു.
പിന്നീടുള്ള സഞ്ചാരം മുഴുവൻ കുട്ടപ്പൻ സൈക്കിളിലാക്കി. നാട്ടിലെ വഴിയായ വഴികളിലൂടെയൊക്കെ കുട്ടപ്പനും സൈക്കിളും കയറിയിറങ്ങി. സൈക്കിൾ കിട്ടിയതോടെ രാവിലേയും വൈകിട്ടുമുള്ള യാത്ര എളുപ്പമായി. പക്ഷെ തണുപ്പുകാലമായപ്പോൾ കുട്ടപ്പൻ വിവരമറിഞ്ഞു; കടുത്ത മഞ്ഞിലൂടെ സൈക്കിൾ ചവിട്ടുന്നത് വളരെ പ്രയാസകരം. വായ, മൂക്ക്, ചെവി തുടങ്ങിയ തുളകളിലൂടെയെല്ലാം തണുപ്പിന്റെ ശക്തമായ ആക്രമണം. ഒടുവിൽ അതിന് പ്രതിവിധി കണ്ടെത്തിയത് കുട്ടപ്പന്റെ അമ്മയായ തങ്കമ്മയാണ്. എവിടെയോ യാത്രപോയപ്പോൾ മേടിച്ചുകൊണ്ടുവന്ന ഒരു കമ്പിളിത്തൊപ്പിയായിരുന്നു തങ്കമ്മയുടെ ഒറ്റമൂലി. ആ തൊപ്പി ധരിച്ചാൽ കണ്ണ് ഒഴികെ തല മൊത്തം മറയും. ആദ്യം അൽപ്പം മടി തോന്നിയെങ്കിലും പുതിയ സംവിധാനവുമായി കുട്ടപ്പൻ പെട്ടെന്നുതന്നെ പൊരുത്തപ്പെട്ടു.
ആയിടക്കാണ് നാട്ടിലൊക്കെ 'റിപ്പർ' തരംഗം ശക്തമായത്। റിപ്പർ ചന്ദ്രന്റെ വിളയാട്ടം കാരണം യാതൊരുവിധ ആയുധങ്ങളും വീടിനു വെളിയിൽ വയ്ക്കാത്ത കാലം. കറിക്കത്തി, വാക്കത്തി ആധിയായ കത്തികളും തൂമ്പാ, മൺവെട്ടി, പിക്കാസ് തുടങ്ങിയ അപ്പർ ഗ്രേഡ് ആയുധങ്ങളും അലമാരയിൽ വച്ചുപൂട്ടിയിരുന്ന കാലം.
സാഹചര്യം ഇങ്ങനെ തീർത്തും അനുകൂലമല്ലാത്ത സമയത്താണ്, ഒരു ദിവസം കുട്ടപ്പൻ തന്റെ സൈക്കിളിൽ 'കൊരങ്ങൻ തൊപ്പി'യും ധരിച്ച് വീട്ടിലേക്ക് വരുന്നത്। നേരം പരപരാ വെളുത്തുവരുന്നതേയുള്ളു. സ്കൂളിൽപോകുന്നതിനുമുന്നേ എന്തോ അത്യാവശ്യ പണികൾ ചെയ്തുതീർക്കേണ്ടതിനാൽ പതിവിലും നേരത്തെയാണ് കുട്ടപ്പന്റെ എഴുന്നെള്ളത്ത്. കല്ലുകളും കുഴികളുമൊക്കെയുള്ള വഴിയിലൂടെ സൈക്കിളിനെ നോവിക്കാതെയെന്നവണ്ണമാണ് വരവ്. ഇടയ്ക് ചെറിയ ഒരു തോടും കയറ്റവും ഒന്നിച്ചുള്ളതിനാൽ അവിടെ ഇറങ്ങി സൈക്കിൾ തള്ളിക്കയറ്റാതെ രക്ഷയില്ല. കുട്ടപ്പനും സൈക്കിളും കയറ്റം കയറിത്തുടങ്ങി; പെട്ടെന്ന് അത്യുച്ചത്തിൽ ഒരു കരച്ചിൽ...
"അയ്യോ, അമ്മച്ചിയേ... റിപ്പർ വരുന്നേ..."
കുട്ടപ്പൻ തലയുയർത്തി ചുറ്റും നോക്കി, റോഡരികിൽത്തന്നെയുള്ള തങ്കച്ചൻ ചേട്ടന്റെ വീട്ടിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നത്. അവിടത്തെ ഇളയ പെൺകുട്ടിയാണ് കൊച്ചുവെളുപ്പാം കാലത്ത് 'സാധകം' ചെയ്യുന്നത്. ഈ തണുപ്പത്ത് റിപ്പർ ചേട്ടൻ ഇവിടെ എന്തുചെയ്യുകയാണ്, ഇങ്ങേർക്കു ഉറക്കവുമില്ലേ എന്നൊക്കെ ചിന്തിച്ച് കാടുകയറുമ്പോളാണ് ഒരു കാര്യം കുട്ടപ്പൻ ശ്രദ്ധിച്ചത് - തന്റെ നേരെ വിരൽചൂണ്ടിയാണ് അവൾ അലറുന്നത്. ഇനി റിപ്പർ തന്റെ പിന്നിലൂടെയാണോ വരുന്നത് എന്ന് സംശയിച്ച് കുട്ടപ്പൻ ചെറിയ വിറയലോടെ തിരിഞ്ഞുനോക്കി, ആരെയും കാണാനില്ല.
അപ്പോളേക്കും കരയുന്ന കൊച്ചിന്റെ അടുക്കലേക്ക് ആരെക്കെയോ വന്നെത്തി... അടുത്ത വീടുകളിലൊക്കെ ആളനക്കം... റിപ്പറെ കയ്യോടെ പിടിക്കാനുള്ള തയ്യാറെടുപ്പാവാം, പക്ഷെ കക്ഷി എവിടെ?
"ഡാ, കുട്ടപ്പാ..."
ആ ബഹളത്തിനിടയിലും തങ്കച്ചൻ ചേട്ടന്റെ സ്വരം കുട്ടപ്പൻ തിരിച്ചറിഞ്ഞു।
"നീ എന്നതാടാ തലയിൽ വച്ചിരിക്കുന്നത്? പിള്ളാരെ പേടിപ്പിക്കാൻ ഓരോ കോലവും കെട്ടി രാവിലെ ഇറങ്ങിക്കോളും... ഊരെടാ ആ തൊപ്പി..."
കാര്യത്തിന്റെ ഗൗരവം അപ്പോൾ പിടികിട്ടിയില്ലെങ്കിലും കുട്ടപ്പൻ അറിയാതെ തൊപ്പിയൂരി, എന്നിട്ട് സൈക്കിളും തള്ളി മുന്നോട്ട് നടന്നു. റിപ്പറെ കാണാൻ വന്നവരൊക്കെ നിരാശരായി മടങ്ങി. തന്റെ തൊപ്പിക്കും റിപ്പർ ചന്ദ്രനും ഏതാണ്ടോ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ കുട്ടപ്പൻ പിന്നീടൊരിക്കലും 'കൊരങ്ങൻ തൊപ്പി' ധരിച്ചിട്ടില്ല.
ശുഭം!
ഇമ്മിണി ബല്ല്യ ഒരു ഇടവേളയ്ക്ക് ശേഷം ‘കുട്ടപ്പചരിത‘ത്തിലേക്ക് ഒരു സംഭാവന...
ReplyDeleteമുന്നെ പോയ വല്ല്യപ്പനെ അന്വേഷിച്ച് കുട്ടപ്പന്റെ വല്ല്യമ്മ കഴിഞ്ഞയാഴ്ച്ച യാത്രയായി...
രണ്ടുപേർക്കും സ്വർല്ലോകത്തിൽ ഒരു നല്ല ജീവിതം ആശംസിച്ച്, ബൂലോക വാസികൾക്കായി ഈ പോസ്റ്റ് സമർപ്പിക്കുന്നു...
കുട്ടപ്പാ ... വീണ്ടും പോയ കാലം പൊടിതട്ടിയെടുത്തു തുടങ്ങിയല്ലേ? റാലി സൈക്കിളുകളുടെ എതിരാളിയായിരുന്നു ഹെര്‍ക്കുലിസ്. ഭാരം വഹിക്കാനുള്ള അവന്റെ കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു.
ReplyDeleteപോരട്ടെ പോരട്ടെ കൂടുതല്‍ വിശേഷങ്ങള്‍ ...
http://thrissurvisheshangal.blogspot.com/