Saturday 1 November 2008

ഉപാസനയിലേക്ക് വീണ്ടും...

ചന്നം പിന്നം പെയ്യുന്ന ചാറ്റമഴയുടെ അകമ്പടിയോടെയാണ` അങ്കമാലിയിൽ നിന്നും യാത്ര തിരിച്ചത്‌. കാർമേഘത്തിന്റെ ആവരണം ആകാശമാകെ പടർന്നുകിടന്നതിനാൽ എപ്പോൾ വേണമെങ്കിലും മഴ ശക്തിപ്പെടുമെന്ന് ഉറപ്പായിരുന്നു. ഈ അവധിക്കാലത്ത്‌ മഴ ഒരു കൂട്ടുകാരിയെപ്പോലെ കൂടെക്കൂടിയിരിക്കുകയാണ`. ഏതൊക്കെ സ്ഥലങ്ങളിൽ പോയോ, അവിടെയൊക്കെ അവൾ ഒപ്പം വന്നു - സാന്ത്വനിപ്പിച്ചും താരാട്ടുപാടിയും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും ഇടയ്ക്കിടെ ദേഷ്യപ്പെട്ടും - എനിക്കവളെ അത്രയ്ക്ക്‌ ഇഷ്ടമാണെന്ന് മനസ്സിലാക്കിയതുപോലെ...

ഞായറാഴ്ച ആണെങ്കിലും റോഡിൽ വാഹനങ്ങൾക്ക്‌ യാതൊരു കുറവും ഇല്ല. അതിരാവിലെ എഴുന്നേറ്റ്‌ പള്ളിയിൽപോയി കുർബാനയൊക്കെ കൂടി പുറപ്പെടാം എന്നതായിരുന്നു തലേദിവസം രാത്രിയിൽ എടുത്ത തീരുമാനം. പക്ഷേ കൂടുതൽ ഉത്തരവാദിത്വത്തോടെ ഉറങ്ങിയതിനാൽ രാവിലത്തെ കുർബാന സൗകര്യപൂർവ്വ്വം വൈകുന്നേരത്തേക്ക്‌ മാറ്റി! ഒരു വഴിക്കുപോകുന്നതല്ലേ എന്നുകരുതിയാവണം, കൂട്ടുകാരൻ ജോജി വഴിവക്കിലുള്ള എല്ലാ പള്ളികളുടെ മുൻപിലും കുരിശുവരച്ചു... അതിന` അകമ്പടിയെന്നവണ്ണം, സിഡി പ്ലെയറിൽ ഭക്തിഗാനങ്ങൾ ഒഴുകുന്നു...

മഴയുടെ ശക്തി കൂടുകയാണ`... പാതി കയറ്റിവച്ച ചില്ലുജാലകത്തിനിടയിലൂടെ മഴത്തുള്ളികൾ വണ്ടിക്കുള്ളിലേക്ക്‌ തലനീട്ടിത്തുടങ്ങി. ഒടുവിൽ, മനസ്സില്ലാമനസ്സോടെ കണ്ണാടി മുഴുവനായും ഉയർത്തിവച്ച്‌ ആ താന്തോന്നികളെ അവരുടെ ഇഷ്ടത്തിന` വിട്ടു. കനത്ത മഴയിലൂടെയും ചീറിപ്പായുന്ന വാഹനങ്ങളുടെ നീണ്ട നിര... കൂടുതലും കല്ല്യാണവണ്ടികളാണ`; സന്തോഷകരമായ ഒരു പുതുജീവിതത്തെ സ്വപ്നം കാണുന്ന വധൂവരന്മാർ അതിലേതെങ്കിലും വാഹനങ്ങളിലുണ്ടാവാം... ഇന്നത്തെ ദിവസം അവർക്കു സ്വന്തം!

പട്ടാമ്പിയിലേക്കാണ` യാത്ര - പാച്ചുവിനെ കാണാൻ... ഇടയ്ക്ക്‌ പാലക്കാട്‌ പോയിരുന്നുവെങ്കിലും അവന്റെ അടുക്കൽ പോകാൻ സാധിച്ചിരുന്നില്ല. സമയക്കുറവായിരുന്നു പ്രധാനകാരണം... മാത്രമല്ല, ഓടിപ്പോയി ഒന്നു മുഖം കാണിച്ച്‌, പെട്ടെന്നു തന്നെ തിരികെ വരുന്നതിനോട്‌ യോജിപ്പുമില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ`, അവനെക്കാണാൻ, അവന്റെ അരികിലിരുന്ന് വിശേഷങ്ങൾ കൈമാറാൻ ഒരു ദിവസം തന്നെ മാറ്റിവച്ചത്‌.

തൃശ്ശൂരിൽ നിന്നും കുന്ദംകുളം വഴി പട്ടാമ്പിയിലെത്താനാണ` എളുപ്പമെന്നാണ` പാച്ചുവിന്റെ ഉപദേശം. അടുത്ത ദിവസം കണ്ണൂർക്ക്‌ പോയതിനാൽ, കുന്ദംകുളം വരെയുള്ള വഴി പരിചിതമാണ`. എന്നാൽ അവിടെ നിന്നും പട്ടാമ്പിക്ക്‌ തിരിയുന്നതിനെക്കുറിച്ച്‌ യാതൊരു അറിവുമില്ല, എങ്കിലും വണ്ടി മുന്നോട്ട്‌ തന്നെ നീങ്ങി. മഴ ശമിച്ചതിനാൽ, ചില്ലുകൾ താഴ്ത്തി വഴിയരികിലെ സകല വഴികാട്ടികളെയും അരിച്ചുപെറുക്കിയാണ` യാത്ര. അധികം പോകുന്നതിനുമുന്നേ തന്നെ, ആരും ശ്രദ്ധിക്കാത്ത രീതിയിൽ റോഡിന്റെ ഓരത്തായി സ്ഥാപിച്ചിരിക്കുന്ന 'പെരിന്തൽമണ്ണ - പട്ടാമ്പി - പൊന്നാനി' എന്ന ബോർഡ്‌ ഭാഗ്യത്തിന` കണ്ണിൽപ്പെട്ടു.

'ആലോചിച്ചിട്ട്‌ ഒരു അന്തോമില്ല, ആലോചിച്ചില്ലെങ്കിൽ ഒരു കുന്തോമില്ല' എന്ന ആഗോള തത്ത്വത്തിന്റെ പിൻബലത്തിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ, മേൽക്കണ്ട റോഡിലൂടെ 'ഗാഡി' പാഞ്ഞുതുടങ്ങി. അത്ര നിരപ്പല്ലാത്ത വഴി... ഇടക്കിടെയുള്ള കുഴികളും വളവും തിരിവുമൊക്കെ തട്ടിക്കിഴിച്ചാൽ ഒരു തനി നാടൻ കേരളാ റോഡ്‌... വയലുകളും വീടുകളുമൊക്കെ അതിരിടുന്ന ആ വഴിത്താരയിലൂടെ 'ലക്ഷ്യം' അടുത്തെത്തിക്കൊണ്ടേയിരുന്നു. ഒരു കൊല്ലം മുന്നേ, ഒരു മെയ്മാസ സന്ധ്യയിൽ ഇതേ വഴിയിലൂടെ ഒരു ബസ്‌യാത്ര നടത്തിയതാണ`. ഇരുൾ വീഴുന്ന മുറ്റത്തിന്റെ അതിർത്തിയും കടന്ന് ആരോ വരുമെന്ന പ്രതീക്ഷയിൽ, പാതിചാരിയ വാതിൽപ്പടികൾക്കു പിന്നിൽ കാത്തുനിന്നിരുന്ന തിളക്കമാർന്ന കണ്ണുകളുടെ ഓർമ്മയിൽ ദീപ്തമാവുന്ന ഒരു യാത്ര. പകൽ ആയതിനാലാവാം, ഇന്ന് ആ കതകുകളൊക്കെ മുഴുവനായും അടച്ചിരിക്കുന്നു. ഒരുപക്ഷേ, അവരുടെയൊക്കെ കാത്തിരിപ്പിന` ഫലമുണ്ടായതാവാനും മതി. അതോ, ഇനി ആരും വരുവാനില്ലെന്നുകരുതി കാത്തിരിപ്പ്‌ അവസാനിപ്പിച്ചതോ?

തൂതപ്പുഴയ്ക്ക്‌ കുറുകെയുള്ള പാലവും കടന്ന് പട്ടാമ്പി പട്ടണത്തിലൂടെ വണ്ടി പെരിന്തൽമണ്ണ റോഡിലേക്ക്‌ കയറി. ഇനി അൽപ്പം കൂടി പോയാൽ 'ഉപാസന'യിലെത്താം. കഴിഞ്ഞ തവണ വന്നപ്പോൾ മനസ്സിൽ പതിഞ്ഞ അടയാളങ്ങൾ ഓർത്തെടുത്ത്‌, അതിന്റെ ബലത്തിലാണ` യാത്ര. പാച്ചുവിന്റെ വീട്ടിലേക്ക്‌ തിരിയാൻ സഹായിക്കുന്ന '110 KV സബ്‌ സ്റ്റേഷൻ' ചൂണ്ടുപലക കൂടി പിന്നിട്ടതോടെ ഹൃദയം സന്തോഷപൂരിതമായി...

'ഉപാസന'യുടെ മുന്നിലെ ചെറിയ റോഡിൽ കാർ ഒതുക്കിയിട്ട്‌ പുറത്തിറങ്ങി ഉച്ചത്തിൽ വിളിച്ചു;

"പാച്ചുവേയ്‌..."

വഴിയിലേക്ക്‌ തുറന്നിട്ടിരിക്കുന്ന ജനലിലൂടെ അവന്റെ ശബ്ദം...

"ഹോയ്‌... ജിമ്മിച്ചാ... കയറി വാ..."

ഗേറ്റ്‌ തുറന്ന് കൂട്ടുകാരനൊപ്പം അകത്തേക്ക്‌ കടന്നു; ശബ്ദം കേട്ടിട്ടാവണം, രണ്ട്‌ കുസൃതിക്കുരുന്നുകൾ ഓടിവന്നു. ഒരുവനെ കഴിഞ്ഞ തവണ കണ്ടതാണ`, പാച്ചുവിന്റെ ചേച്ചിയുടെ മകൻ. അതുകൊണ്ട്തന്നെ രണ്ടാമനെ തിരിച്ചറിയാൻ പാടുപെടേണ്ടിവന്നില്ല. പിന്നാലെ മുൻപരിചയമില്ലാത്ത 2 സ്ത്രീകഥാപാത്രങ്ങൾ കൂടിയെത്തി - ചേച്ചിമാർ. ഉമ്മ കൂടെ രംഗപ്രവേശം ചെയ്തതോടെ സ്വീകരണക്കമ്മറ്റി പൂർത്തിയായി.

എല്ലാവരോടും കുശലം പറഞ്ഞ്‌ നേരെ പാച്ചുവിന്റെ റൂമിലേക്ക്‌ കടന്നു. സുസ്മേരവദനനായി അവൻ നീട്ടിയ കൈയിൽ പിടിച്ചപ്പോൾ ഒരു പ്രത്യേക ഊർജ്ജം കൈവന്നതുപോലെ... പാച്ചുവിന` തടി അൽപ്പം കൂടിയിരിക്കുന്നു, എന്നിരുന്നാലും വാക്കിലും നോക്കിലും അവനിപ്പോളും 'പുലി' തന്നെ. വിശേഷങ്ങളുടെ ഭാണ്ടക്കെട്ടുകൾ അഴിച്ച്‌ നിരത്തി, പരസ്പരം കൈമാറിക്കൊണ്ടിരുന്ന ഞങ്ങളുടെയിടയിൽ കൂട്ടുകാരൻ ജോജി മിക്കവാറും ഒരു സ്രോതാവായി മാറി.

ഓണാവധി പ്രമാണിച്ച്‌ ചേച്ചിമാരും കുട്ടികളും എത്തിയിരിക്കുന്നതിനാൽ വീട്ടിൽ നല്ല അരങ്ങാണ`. കാരണവരുടെ അധികാരം ഇടയ്ക്കിടെ കുട്ടികളുടെ നേരേ പ്രയോഗിച്ച്‌ പാച്ചു നല്ലപിള്ള ചമഞ്ഞു. പള്ളിയിൽ പോയിരുന്ന ബാപ്പകൂടി എത്തിയതോടെ രംഗം കൊഴുത്തു. സംസ്സാരത്തിനിടയിലെപ്പോളോ, തന്റെ പ്രചോദനമായ ചേഗുവേരെയെക്കുറിച്ച്‌ അവൻ വാചാലനായി; പറഞ്ഞുതന്ന പലകാര്യങ്ങളും ആദ്യ അറിവുകളുമായി...

കല്ല്യാണമുറപ്പിച്ചിരുന്ന സമയത്ത്‌ റിജു മേനോൻ എന്ന ദില്ലിവാലയെ സമർത്ഥമായി പറ്റിച്ച കഥകൾ പറഞ്ഞുകൊണ്ടിരിക്കുമ്പോളാണ` പാവം വിനുവണ്ണന` (റെജി റാം) ഒരു പണികൊടുക്കാൻ അവൻ തീരുമാനിച്ചത്‌. പിന്നെ താമസിച്ചില്ല, അണ്ണന്റെ മൊബൈലിലേക്ക്‌ വിളിപോകാൻ...

"ഹലോ, റെജിറാമല്ലേ?"

"അതെ, ആരാണ` വിളിക്കുന്നത്‌?" - മറുതലക്കൽ അണ്ണന്റെ ശബ്ദം സ്പീക്കറിലൂടെ മുഴങ്ങി..

"ഞാൻ പട്ടാമ്പിയിൽ നിന്നാണ`...." - പേര` പറയാതെ പാച്ചു വിദഗ്ദമായി രക്ഷപ്പെട്ടു!

ആളെ മനസ്സിലാകാതെ സംശയിച്ചുനിൽക്കുന്ന അണ്ണന്റെ മുന്നിലേക്ക്‌ അടുത്ത ചീട്ടിറക്കി

"അതേയ്‌... നിങ്ങൾ കൂറച്ചു കാശ്‌ കടം വാങ്ങിയിട്ടുണ്ടായിരുന്നല്ലോ, അത്‌ തിരികെ തന്നുകൂടെ?"

"എന്ത്‌? കാശോ? ഏത്‌ കാശ്‌?" - അണ്ണന്റെ സ്വരത്തിൽ അൽപ്പം ഇടർച്ച...

"അതെ... 5 കൊല്ലം മുന്നേ നിങ്ങൾ വാങ്ങിയ ആ 1000 രൂപ... അതിന്റെ കാര്യം തന്നെ..."

"ഹേയ്‌... ഞാൻ ആരോടും കാശൊന്നും വാങ്ങിയിട്ടില്ല... നിങ്ങൾക്ക്‌ ആളുമാറിയതായിരിക്കും..." - ശബ്ദത്തിലെ പതറിച്ച മറയ്ക്കാൻ അണ്ണന്റെ വിഫലശ്രമം.

കൂടുതൽ കുഴപ്പിക്കേണ്ട എന്നുകരുതിയാവണം പാച്ചു കളംമാറ്റിച്ചവിട്ടി...

"അങ്ങനെ പറഞ്ഞ്‌ ഒഴിയാമെന്നൊന്നും കരുതേണ്ട... നിങ്ങൾ പൈസ വാങ്ങിയതിന` സാക്ഷിയുണ്ട്‌, ഇതാ അയാളോടു സംസ്സാരിക്കൂ..."

ഇതുപറഞ്ഞ്‌, പാച്ചു ഫോൺ ഈയുള്ളവനെ ഏൽപ്പിച്ചു. ആകപ്പാടെ അന്തംവിട്ടുനിൽക്കുന്ന അണ്ണന്റെ 'കൺഫ്യൂഷൻ' അതോടെ പൊട്ടിച്ചിരിയിലേക്ക്‌ വഴിമാറി. അത്‌ മറ്റുള്ളവരും ഏറ്റുപിടിച്ചതോടെ അൽപ്പനേരം റൂമിലാകെ ചിരിയുടെ മാലപ്പടക്കം പൊട്ടിയ പ്രതീതി. വിശേഷങ്ങൾ കൈമാറി, വീണ്ടും വിളിക്കാമെന്ന ഉറപ്പിൽ അണ്ണൻ വിടപറഞ്ഞു.

സംസ്സാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. അതിനിടയിൽ, നോമ്പ്കാലമായിരുന്നിട്ടും ചേച്ചിമാർ പെട്ടെന്നുതന്നെ ഭക്ഷണം തയ്യാറാക്കി - നല്ല ഒന്നാംതരം കോഴിക്കറിയും പത്തിരിയും. അവ എങ്ങനെ ശാസ്ത്രീയമായി കഴിക്കാം എന്ന് വിവരിച്ച്‌ ചേച്ചിമാർ അരികിൽത്തന്നെ നിന്നിരുന്നതിനാൽ പ്ലേറ്റിലെ പത്തിരികൾ മുഴുവനും തീർക്കാതെ രക്ഷയുണ്ടായില്ല.

മടക്കയാത്രയ്ക്കുള്ള സമയമായിരിക്കുന്നു... ആകാശം ചെറുതായി ഇരുണ്ടുകൂടിത്തുടങ്ങി. എന്നെ പിൻതുടർന്ന് മഴ ഇവിടെയുമെത്തിയെന്ന് കളി പറഞ്ഞപ്പോൾ 'ഇതു പെയ്യാനുള്ള കോളല്ല' എന്നു പാച്ചു തീർത്തുപറഞ്ഞു. മനസ്സിനുള്ളിലെ മഴക്കാറുകളെ അവിടെത്തന്നെ ഒതുക്കിവച്ച്‌, പാച്ചുവിനോട്‌ യാത്ര ചോദിച്ചു, അടുത്ത തവണ വീണ്ടും കാണാമെന്ന ഉറപ്പിൽ. ആദ്യമായിട്ടാണ` കാണുന്നതെങ്കിലും ചിരപരിചിതരെപ്പോലെ ഇടപെട്ട ചേച്ചിമാരും, ഉമ്മയും വാപ്പയുമൊക്കെ പടിക്കൽ നിന്ന് യാത്രയാക്കി.

ഇടവഴിയിൽനിന്നും വണ്ടി പ്രധാനവീഥിയിലേക്ക്‌ കടന്നു. അതുവരെ മടിച്ചുനിന്ന മഴത്തുള്ളികൾ വർദ്ധിത വീര്യത്തോടെ താഴേക്ക്‌ പതിച്ചുതുടങ്ങി. ദിവസങ്ങളായി മഴ പെയ്യാതിരുന്ന പട്ടാമ്പിയുടെ മണ്ണിലൂടെ മഴവെള്ളത്തിന്റെ തേരോട്ടം... പട്ടണവും പാലവുമൊക്കെ കടന്ന് കാർ കുതിക്കുമ്പോളും പട്ടാമ്പിയിലെ 'മഴ നൃത്തം' അവസാനിച്ചിരുന്നില്ല...

(ശുഭം)

10 comments:

 1. എത്ര പറഞ്ഞാലും മതിവരാത്ത, എത്ര എഴുതിയാലും തീരാത്ത പാച്ചുവിനെക്കുറിച്ച്... ഒരിക്കലും ഒളിമങ്ങാത്ത വിധം, ഓർമ്മകളുടെ മണിച്ചെപ്പിൽ നിധിപോലെ കാത്തുസൂക്ഷിക്കാവുന്ന അൽ‌പ്പം നിമിഷങ്ങളെക്കുറിച്ച്...

  (പാച്ചുവിനെത്തേടി - ആദ്യഭാഗം - http://kuttappacharitham.blogspot.com/2007/08/blog-post.html)

  ReplyDelete
 2. പട്ടാമ്പി യാത്രയുടെ വിവരണം നന്നായി. ആദ്യഭാഗവും വായിച്ചു.

  ReplyDelete
 3. അഗ്രഗേറ്ററില് “ഉപാസനയിലേയ്യ്ക്ക്” എന്ന് കണ്ട് കയറിയതാണ്. പിന്നെ മനസ്സിലാക്കി ഇത് വേറെ ‘ഉപാസന’ ആണെന്ന്..!

  യാത്രാവിവരണം തരക്കേടില്ല ട്ടോ
  ഇനിയും നന്നാക്കി എഴുതുകുക.
  :-)
  ഉപാസന

  ReplyDelete
 4. യാത്രാവിവരണം നന്നായീട്ടോ

  ReplyDelete
 5. പ്രിയമുള്ളവരെ...

  അല്പസമയം എന്റെ കൂടെ ചിലവഴിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും ഒത്തിരി നന്ദി; പ്രത്യേകിച്ച് സൌഹൃദത്തിന്റെ പുഞ്ചിരിയുമായി വന്ന ബിന്ദുച്ചേച്ചിക്ക്...

  ഇത്രയൊക്കെ കഷ്ടപ്പെട്ട് പാച്ചുവിനെ കാണാന്‍ പോകാന്‍ എന്താണിത്ര പ്രത്യേകത എന്ന് ഒരു പക്ഷേ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവും... അല്ലെങ്കില്‍ ഈ യാത്രകള്‍ക്ക് എന്താ ഇത്ര പുതുമ എന്ന് കരുതിയിട്ടുണ്ടാവും... എന്നാല്‍ കേട്ടോളൂ...

  12 വര്‍ഷമായി കഴുത്തിനു താഴേക്ക് തളര്‍ന്നുകിടക്കുന്ന ഒരു ചെറുപ്പക്കാരനാണ്, ഞങ്ങള്‍ പാച്ചു എന്നു വിളിക്കുന്ന ഫൈസല്‍ ബാബു. ടിടിസി പരീക്ഷയുടെ 2 ദിവസങ്ങള്‍ക്ക് മുന്നെ, കൂട്ടുകാരോടൊപ്പം ഞാവല്‍പ്പഴം പറിക്കാന്‍ മരത്തില്‍ കയറിയതാണ്... വളരെ ഉയരത്തില്‍ നിന്നും താഴേക്ക് വീണു... ജീവന്‍ മാത്രം ബാക്കി വച്ച് ശരീരം തളര്‍ന്നുള്ള ആ കിടപ്പിലും അവന്‍ ആത്മവിശ്വാസം കൈവിട്ടില്ല... തുടര്‍ച്ചയായ തിരുമ്മല്‍ ചികിത്സയിലൂടെ കൈവിരലുകള്‍ കുറേശ്ശെ ചലിപ്പിക്കാമെന്നായപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ അവനു കൂട്ടൂകാരനായി.. അങ്ങനെ ഏകാന്തതകളെ അകറ്റിനിര്‍ത്തി അവന്‍, ആ ചെറിയ മുറിക്കുള്ളില്‍നിന്നും ഒട്ടേറെ മനസ്സുകളിലേക്ക് കുടിയേറി...

  നെരൂദയുടെ കവിതകളെയും ചെഗുവേരയുടെ ആദര്‍ശങ്ങളെയും ഇഷ്ടപ്പെടുന്ന പാച്ചു വളരെ നല്ല ഒരു കവി കൂടിയാണ്. അതിശക്തമാണ് അവന്റെ വരികള്‍...

  മറ്റുപലരെയും പോലെ, ഞാനും അവനെ പരിചയപ്പെട്ടത് ഇ-മെയില്‍ വഴിയാണ്. ആദ്യമായി കാണാന്‍ സാധിച്ചത് കഴിഞ്ഞ വര്‍ഷം... ഈ തവണ വീണ്ടും അത് സാധിച്ചു. സൌദിയിലെ ഈ വരണ്ട മണ്ണില്‍ നിന്നും അവന്റെ അടുക്കല്‍ എത്തിച്ചേരുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ് ഉണ്ടാവുന്നത്... പുണ്യസ്ഥലങ്ങളിലൊക്കെ ചെല്ലുമ്പോള്‍ അനുഭവപ്പെടുന്നതുപോലെ...

  സ്നേഹത്തോടെ...

  ReplyDelete
 6. കുട്ടപ്പാ ... പതിവ്‌ പോലെ യാത്രാവിവരണം വളരെ നന്നായിരിക്കുന്നു ... പാച്ചുവിനെ ഇതുവരെ നേരിട്ട്‌ കാണാന്‍ സാധിക്കാത്ത വിഷമം ബാക്കി നില്‍ക്കുന്നു...

  അങ്ങനെ എന്നെ ഫോണില്‍ വിളിച്ച്‌ പറ്റിച്ച കാര്യം തന്നെ ഈ പോസ്റ്റിന്‌ മേമ്പൊടിയാക്കിയല്ലേ? നടക്കട്ടെ നടക്കട്ടെ ...

  http://thrissurviseshangal.blogspot.com/

  ReplyDelete
 7. ആദ്യം ബ്ലോഗ്‌ വായിച്ചപ്പോൾ പാച്ചു ഗൾഫിൽ നിന്നോ മറ്റോ വന്ന ഒരു കൂട്ടുകാരനാൺ എന്നാ കരുത്തിയത്‌.പക്ഷെ താഴെക്ക്‌ വായിച്ചപ്പോൾ അൽപം വിഷമം തോന്നി.പക്ഷെ പെട്ടെന്ന് ആലോചിച്ചു,തളർന്നു കിടക്കുന്ന ശരീരതിനെ മനസ്‌ കൊണ്ട്‌ തോൽപിച്ച ആ മനുഷ്യനു വേണ്ടത്‌ സഹതാപമല്ല.അഭിനന്ദനമാണു.ചേഗുവേര അദ്ദേഹതിനു പ്രിയപ്പെട്ടവനായത്‌ തികച്ചും സ്വാഭാവികം.ഈ അനിയന്റെ സ്നേഹം പാചുവേട്ടനെ അരിയിക്കുന്നു.ഒപ്പം ജിമ്മിചേട്ടനും.

  ReplyDelete
 8. Vaayichapol enikkum parichayapedanam ennu thonnunnund....

  ReplyDelete
 9. Vaayichapol enikkum paachuvine parichayapedanam ennu thonnunnund.....
  Pakshe engane....!
  Ipol paachuvinde visheshangal enthaanennu ariyanam ennund.Asugham maariyo? Kuravundo ?ennokke.Enthaayalum praarthikkaam Sarvashakthanodu.Paachuvinu aarogyam thirichu kittaanum nalloru jeevitham kittaanum....

  ReplyDelete