Thursday, 4 February 2010

ചില്ലുജാലകത്തിനപ്പുറം...



ഇന്നലെ അവൾ വന്നു, പതിവില്ലാതെ... പ്രിയ കൂട്ടുകാരി, മഴ... രാത്രിയുടെ ഏകാന്തതയിൽ, കണ്ണുകളിൽ ചേക്കേറാൻ മടി കാണിച്ച് അലഞ്ഞുനടക്കുന്ന ഉറക്കത്തിന്‍റെ വരവും കാത്ത് തലയിണയിൽ മുഖമമർത്തി കിടക്കുമ്പോളാണ്, ഒരു താരാട്ടുപാട്ട് പോലെ അവൾ വന്നണഞ്ഞത്!
പതിഞ്ഞ താളത്തിൽ അവൾ പാടിത്തുടങ്ങിയിരുന്നു... പെട്ടെന്നാണ് കണ്ണാടികൊണ്ട് തീർത്ത ജനാലയിൽ ആരോ ശക്തമായി മുട്ടിവിളിച്ചത്... ആരായിരിക്കും രാത്രിയിൽ? ആലോചിച്ചിരിക്കുമ്പോൾ, മുട്ടിവിളിയുടെ ശബ്ദവും ആവർത്തിയും കൂടിക്കൂടി വന്നു.. ഒടുവിൽ, മനസ്സില്ലാമനസ്സോടെ തലവരെ മൂടിയിട്ടിരുന്ന കമ്പടം വലിച്ചുമാറ്റി എണീറ്റ്‌ ജനാലക്കരികിലെത്തി പതിയെ തുറന്നു..
അല്‍പ്പം മാത്രം തുറന്ന ജനാലപ്പാളിക്കിടയിലൂടെ മുറിയിലേക്ക് തെന്നിത്തെറിച്ചെത്തിയ അതിഥികളെ കണ്ട് അമ്പരക്കാതിരുന്നില്ല... ആലിപ്പഴങ്ങൾ! പല വലിപ്പത്തിലും രൂപത്തിലും... ആവേശത്തോടെ, ജനാലയിലൂടെ തല പുറത്തേക്ക് നീട്ടിയപ്പോൾ കണ്ണിന് വിരുന്നായി രാമഴ മഴത്തുള്ളികൾക്കൊപ്പം മത്സരിക്കാനെന്ന വണ്ണം ശക്തിയായി താഴേക്കു പതിക്കുന്ന ആലിപ്പഴങ്ങൾ, ഇടക്കിടെ മിന്നുന്ന ഇടിമിന്നലിന്റെ പ്രഭയിൽ മിന്നാമിനുങ്ങുകളെപ്പോലെ തിളങ്ങുന്നു.. അതിൽ അസൂയ പൂണ്ടിട്ടെന്നപോലെ കാറ്റ് വീശിയടിക്കുന്നു...
ദൃതതാളത്തിലുള്ള ജുഗല്‍ബന്ദി അരങ്ങേറുന്നതുപോലെ... മഴയുടെ വന്യമായ സംഗീതം... ആലിപ്പഴങ്ങളുടെ പക്കമേളം... കാറ്റിന്റെ ലാസ്യനൃത്തം... തലയാട്ടി ആസ്വദിക്കാൻ തെങ്ങുകളും ഈന്തപ്പനകളും...
അറിയാതെ കൈകൾ വെളിയിലേക്ക് നീട്ടി, അസുലഭ നിമിഷങ്ങളിൽ പങ്കാളിയാകാനെന്നവണ്ണം ചാഞ്ഞും ചരിഞ്ഞും പതിക്കുന്ന മഴത്തുള്ളികളും ചിതറിത്തെറിച്ചെത്തുന്ന ആലിപ്പഴങ്ങളും കൈകളിൽ ആഞ്ഞുപതിച്ചുഒരു നീണ്ട കാത്തിരിപ്പിന്റെ ഒടുവിൽ ഒന്നുചേരുന്ന മിഥുനങ്ങളേപ്പോലെ അവളുടെ കുളിരാർന്ന കൈവിരലുകൾ ശരീരത്തിലാകെ പടരുന്നതിന്റെ സുഖത്തിൽ പതുക്കെ ജനാല ചേർത്തടച്ച് കമ്പിളിപ്പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറി
അവളെന്നും തലചായ്ച്ചുറങ്ങാൻ ഇഷ്ടപ്പെടുന്ന ഇടനെഞ്ചിലേക്ക് കൈകൾ ചേർത്തുവച്ച് കണ്ണടച്ചു കിടന്നു ആലിപ്പഴങ്ങളുടെ മേളവും കാറ്റിന്റെ താളവും നിലച്ചിരിക്കുന്നു ദ്രുതതാളത്തിൽ നിന്ന് അവളും താരാട്ടിന്റെ പതിഞ്ഞ താളക്രമത്തിലേക്ക് ചുവട് മാറ്റിയിരിക്കുന്നു പിന്നെയെപ്പോളോ, ഉറക്കത്തിന്റെ തേരിലേറി യാത്രപോകുമ്പോളും അവളുടെ മുഖം മാത്രം ഒരു കെടാവിളക്കുപോലെ കണ്മുന്നിൽ തെളിഞ്ഞുനിന്നിരുന്നു

10 comments:

  1. ഈ മണലാരണ്യത്തിലെ വരണ്ട രാത്രികളിലൊന്നില്‍ അപ്രതീക്ഷിതമായി വിരുന്നുവന്ന ഒരു രാത്രിമഴയുടെ ഓര്‍മ്മയ്ക്ക്…

    ReplyDelete
  2. മരുഭൂമിയില്‍ അപ്രതീക്ഷിതമായി എത്തിയ മഴ മനോഹരമായിരിക്കുന്നു. അതും ആലിപ്പഴങ്ങളുടെ അകമ്പടിയോടെ...

    വിരഹത്തിന്റെ നൊമ്പരം മനസ്സിനെ സ്പര്‍ശിക്കുന്നു... അതൊരു നീറുന്ന വേദനയായി അവശേഷിക്കുന്നു...

    ReplyDelete
  3. Aalippazham peythu tornna prateethi... munpum kettittundu saudiyil aalippazham veena kadha... ippo pakshe kelkkukayalla kaanuvaanum anubhavikkanum kazhinju... ninte vakkukaliloode.

    ReplyDelete
  4. Jim,

    Most of the people love rain..maybe coz rain creates a wave of feelings inside your heart. Love your post.short and sweet, and your narration is very touching...the feelings which you conveyed through this post, is a bit lasting....The sound of rain is in my ears and that feeling in my heart....

    Good writing..keep it up.

    ReplyDelete
  5. mazha enikku enthishttamaanenno...., mazha pole aardhramaaya post......

    ReplyDelete
  6. മനോഹരമായി എഴുതിയിരിയ്ക്കുന്നു.

    ReplyDelete
  7. മനോഹരമായിരിക്കുന്നു...

    ReplyDelete
  8. ആലിപ്പഴം എന്നും കുട്ടിക്കാലത്തി ന്‍റെ ഓര്‍മ്മയാണ്. അച്ഛന്‍റെ തറവാട് വീട്ടില്‍ ഒരു ഒഴിവുകാലത്ത് ചേട്ടന്മാരോടും അമ്മൂമ്മയോടും ഒപ്പം ആലിപ്പഴം പറക്കിയ വളരെ നോസ്ടല്ഗിക് ആയ ഓര്‍മ്മ :) .thanks ...
    പിന്നെ പ്രണയത്തെ നിസ്സാരവല്ക്കരിച്ചതല്ല.. പ്രണയം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നതൊരു ആഗ്രഹമാണ്,,ഏകാന്തതയെ ചെറുക്കാന്‍ . ഇനിയും വരുമല്ലോ, നന്ദി

    ReplyDelete
  9. Jimmi, better late than never എന്നല്ലേ :) thanks for comin :) ഇനിയും വരുക... നഷ്ടബോധം മാറ്റാന്‍ എന്‍റെ വരികള്‍ക്കായോ?? സന്തോഷം

    ReplyDelete
  10. പതിഞ്ഞ താളത്തില്‍, പിന്നെ പതുക്കെ പതുക്കെ ആരോടൊക്കെയോ ദേഷ്യം തീര്‍ക്കാനെന്ന മട്ടില്‍ പെയ്തു തീരുന്ന മഴയെ ആര്‍ക്കാണിഷ്ടം തോന്നാത്തതു്!

    ReplyDelete