Wednesday 4 August 2010

അമ്മമനസ്സ്…

അമ്മ... രണ്ടക്ഷരങ്ങളിൽ സമ്മേളിക്കുന്ന സ്നേഹപ്രവാഹം.. അമ്മയെന്ന് കേൾക്കുമ്പോൾ സ്വന്തം അമ്മയെ ഓർക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. പത്ത് മാസം തന്റെ ചോരയും നീരും പകർന്ന്, നൊന്ത് പ്രസവിച്ച്, അമ്മിഞ്ഞപ്പാലിന്റെ മാധുര്യമൂട്ടി, നമ്മെ നാമാക്കിയ നമ്മുടെ അമ്മമാർ!

ഇവിടെയിതാ ഒരമ്മ.. ഊണും ഉറക്കവുമുപേക്ഷിച്ച്, കണ്ണുതുറക്കാത്ത തന്റെ കുഞ്ഞിന്‌ കാവലിരിക്കുന്ന മാതൃത്വം. ഇന്നലെ രാവിലെയാണ്‌, ഫ്ലാറ്റിലെ കോണിപ്പടികൾക്കു താഴെ ഈ അതിഥികളെത്തിയത്... വൈകീട്ട് ഓഫീസിൽ നിന്ന് തിരികെ ചെല്ലുമ്പോഴും രണ്ടാളും അവിടത്തന്നെയുണ്ട്; ഒരേ കിടപ്പ്! രാത്രിയിൽ, ഭക്ഷണം കഴിച്ച് മടങ്ങി വരുമ്പോളാണ്‌, രണ്ടാളുടെയും പടം പിടിക്കാമെന്ന കൗതുകം തോന്നിയത്..

ടൈൽസ് പതിച്ച തറയുടെ തണുപ്പിൽ തലചേർത്ത്, ക്ഷീണിതയായി കിടക്കുന്ന സുന്ദരിയമ്മ! ആ കിടപ്പിലും അവളുടെ നോട്ടമെത്തുന്നത് തന്നോട് ചേർന്നുകിടക്കുന്ന പൊന്നോമനയിലേക്ക് തന്നെ.. ഗർഭപാത്രത്തിലെ സുഖസുഷുപ്തിയിൽ നിന്നും ഭൂമിയിലേക്ക് വിളിച്ചുണർത്തിയതിന്റെ ദേഷ്യത്തിലെന്നവണ്ണം, കണ്ണുകൾ ഇറുകെപ്പൂട്ടി കിടക്കുന്ന കൊച്ചുമിടുക്കി (അതോ, മിടുക്കനോ?).
മൊബൈൽ ക്യാമറയുടെ ഫ്ലാഷ് മിന്നിയപ്പോൾ, കണ്ണുകളുയർത്തി ഒന്നുനോക്കിയതല്ലാതെ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല ആ അമ്മ. കുഴപ്പക്കാരനല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടോ, അല്ലെങ്കിൽ വയ്യായ്ക കൊണ്ടോ ആവാം. അവരെ കൂടുതൽ ശല്യപ്പെടുത്താതെ റൂമിലേക്ക് പോകാൻ തുടങ്ങവെയാണ്‌ ഒരു ചിന്ത മനസ്സിലുദിച്ചത് - ഇവൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ? രാവിലെ കണ്ടപ്പോൾ മുതൽ ഇതേ കിടപ്പാണ്‌, കുഞ്ഞിന്റെ അരികിൽ നിന്ന് മാറിയ ലക്ഷണമൊന്നും കാണുന്നില്ല.

അധികം ആലോചിക്കാൻ നിന്നില്ല; രാവിലെ ചായയുടെ കൂടെ കഴിക്കാനായി വാങ്ങിയ ബിസ്കറ്റിൽ ഒരെണ്ണം പൊട്ടിച്ച് അവളുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു... ചിക്കനും മട്ടനും കഴിച്ചുവളരുന്ന ഇവിടത്തെ പൂച്ചകൾ മധുരം കഴിക്കുമോ എന്ന സംശയം ഉടനെ തന്നെ മാറിക്കിട്ടി; ഒരു മടിയും കൂടാതെ അവൾ കഴിച്ചു തുടങ്ങി. കുഞ്ഞിനെ ബുദ്ധിമുട്ടിക്കാതിരിക്കാനാവണം, കിടന്ന കിടപ്പിൽ തല മാത്രം അനക്കിയാണ്‌ തീറ്റ! ഒരു കഷണം കഴിച്ചിട്ട് അവളാദ്യം ചെയ്തത് , ആ കുരുന്നുജീവനെ നന്നായൊന്ന് നക്കിത്തുടക്കുകയാണ്‌! എന്തായിരിക്കും അതിന്റെ ഗുട്ടൻസ് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല. കുഞ്ഞിനെയും അമ്മയെയും അവരുടെ സ്വകാര്യതയിൽ വിട്ട് റൂമിലെത്തിയിട്ടും ആ ചിത്രം മനസ്സിൽ തങ്ങി നിന്നു.

ഇത്രമാത്രം പറയാൻ ഈ ‘പൂച്ചക്കഥ’യിൽ എന്താണിത്ര പ്രത്യേകത എന്നാവും ഇപ്പോ ചിന്തിക്കുന്നത് അല്ലേ? അതിന്‌ എനിക്കും ഉത്തരമില്ല. പക്ഷേ; നവജാത ശിശുവിനെ കുളിമുറിയിലോ കുപ്പത്തൊട്ടിയിലോ ഉപേക്ഷിക്കുന്ന അമ്മമാരുടെ, പിഞ്ചുകുഞ്ഞിന്റെ കയ്യും കാലും പിരിച്ചൊടിക്കുന്ന മാതാപിതാക്കളുടെ, അമ്മത്തൊട്ടിലുകളിൽ ദിനേനയെന്നോണം കൂടുന്ന അംഗസംഖ്യയുടെ വാർത്തകൾ നിറയുന്ന പത്രത്താളുകളിൽ നിന്നും ഈ ‘പൂച്ചമ്മ’യിലേക്കുള്ള ദൂരം എത്ര വിദൂരം!! (തള്ളുമ്പോഴും കൊള്ളുമ്പോഴും തല്ലുമ്പോഴും കൊല്ലുമ്പോഴും തന്റെ കുഞ്ഞിനോടുള്ള സ്നേഹം മാത്രമാവും ഏതൊരു അമ്മയുടെയും മനസ്സിലുണ്ടാവുക എന്ന് സ്വയം ആശ്വസിക്കുന്നു...)

ഇന്ന് രാവിലെ ഓഫീസിലേക്ക് പോകാനായി കോണിപ്പടികൾ ഇറങ്ങുമ്പോൾ ആദ്യം തിരഞ്ഞത് ആ അമ്മയെയും കുഞ്ഞിനെയുമാണ്‌... പക്ഷേ, ഇന്നലെ കൊടുത്ത ബിസ്കറ്റിന്റെ ചില കഷണങ്ങളല്ലാതെ പൂച്ച കിടന്നിടത്ത് പൂട പോലുമില്ല! പെട്ടെന്ന്, പുറത്തൊരു കരച്ചിൽ... ചെന്നുനോക്കുമ്പോൾ അവളാണ്‌, എന്നെ കാത്തുനില്ക്കുന്ന ഭാവത്തിൽ... ‘നിന്റെ കുഞ്ഞെവിടെ?’ എന്ന് മനസ്സിൽ ചോദിച്ചു... അത് മനസ്സിലാക്കിയിട്ടോ എന്തോ, അവൾ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. ഇത്തിരി നേരം അവിടെ നിന്നിട്ട്, ഓഫീസിലേക്കുള്ള നടത്തം തുടരുമ്പോഴും പിന്നിൽ അവളുടെ ശബ്ദമുയരുന്നു...
 
എന്താവാം അവൾ പറയുന്നത്??

9 comments:

 1. സമര്‍പ്പണം : അമ്മിഞ്ഞപ്പാലിന്റെ മാധുര്യമൂട്ടി (ഊട്ടാതെയും) നമ്മെ നാമാക്കിയ നമ്മുടെ അമ്മമാര്‍ക്ക്...

  ReplyDelete
 2. എന്റെ ഉമ്മയെപറ്റി കുറെ കൂടി ആഴത്തിൽ ചിന്തിക്കുന്നു…
  സ്നേഹമാണ് കാരുണ്ണ്യമാണ് തണലാണ്…….. എന്റെ ഉമ്മ.

  ReplyDelete
 3. ഏതു ജീവിയിലും അമ്മ ഒന്ന് തന്നെ. നല്ല വിവരണം.

  ReplyDelete
 4. എന്നാലും ആ പൂച്ചക്കുഞ്ഞ്‌ എവിടെപ്പോയി? 'അവര്‍ എന്റെ കുഞ്ഞിനെ...' എന്നായിരിക്കുമോ ആ അമ്മ അവ്യക്തമായ ഭാഷയില്‍ ജിമ്മിയോട്‌ പറയാന്‍ ശ്രമിച്ചത്‌...? ഇപ്പോള്‍ രണ്ട്‌ ദിവസം കടന്നു പോയല്ലോ... പിന്നെ കണ്ടിരുന്നോ ആ അമ്മയെയും കുഞ്ഞിനെയും?

  തവള, പൂച്ച എന്നിങ്ങനെ ഓരോ ബിംബങ്ങളുമായി കാലികപ്രസക്തിയുള്ള പോസ്റ്റുകളുമായി ഇറങ്ങിയിരിക്കുകയാണല്ലോ എന്റെ ഫാന്‍സ്‌....

  ReplyDelete
 5. Nice posting Jimmichaaa .... Innathe thalamura vaayichirikkenda oru anibhavam ....

  ReplyDelete
 6. സാദിക്ഭായ് - ഉമ്മയെപ്പറ്റി എത്ര പറഞ്ഞാലും മതിവരില്ല അല്ലേ...
  സുകന്യാജി - കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നല്ലേ പഴമൊഴി..
  വിനുവേട്ടാ - രണ്ടുതവണ അവളെ വീണ്ടും ഞാന്‍ കണ്ടു, പക്ഷെ അപ്പോളൊന്നും കുഞ്ഞ് കൂടെയില്ലായിരുന്നു.. ഇനി അണ്ണന്‍ പറഞ്ഞതുപോലെ വല്ലതും...?
  സുധീ - നീ ഈ വഴി വരുമെന്ന് പ്രതീക്ഷിച്ചില്ല...

  വായനയ്ക്ക്, അഭിപ്രായം അറിയിച്ചതിന്, എല്ലാവര്‍ക്കും നന്ദി... വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ..

  ReplyDelete
 7. അല്ലാ ഈ പൂച്ചക്കഥയിലൂടെ ഇമ്മണി കാര്യങ്ങൾ പറഞ്ഞല്ലോ...

  നന്നായിട്ടുണ്ട് കേട്ടൊ ജിമ്മി.

  ReplyDelete
 8. ബിലാത്തിച്ചേട്ടാ... പൂച്ചക്കഥ ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം... നന്ദി..

  ReplyDelete
 9. mula kudi maarunanthode poochamma maar kunjungale "illam kadathuka" ennoru patthivumund...ennaaal janmam muzhuvanum vaalsalyam churathunna nanma manassukalum undalloo..amma thanna vaach...allenkil amma thanna paisa ithokke ippolum swakaarymaayi sookshichu veykkunnu etrayoper...(aprt from ammathottil and...)

  ReplyDelete