Tuesday, 10 August 2010

ഇന്ത്യന്‍ കോഫീ ഹൗസിലേക്ക്...


ഇന്ത്യൻ കോഫീ ഹൗസ്‌... കേൾക്കുമ്പോൾ തന്നെ ഉള്ളം കുളിർക്കും, അപ്പോൾപ്പിന്നെ അവിടെ ചെന്നാലത്തെ കാര്യം പറയണോ? 3 വർഷത്തോളം നീണ്ടുനിന്ന കമ്പ്യൂട്ടർ പഠനകാലത്താണ്‌ എന്റെ 'കോഫീ ഹൗസ്‌' പ്രണയം മൊട്ടിട്ട്‌ വിരിഞ്ഞത്‌. 40-ൽ അധികം കിലോമീറ്ററുകൾ അകലെയുള്ള പഠനകളരിയിലേക്ക്‌ അതിരാവിലെ പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും പ്രാതൽ കഴിക്കുക എന്നത്‌ ഒരിക്കലും സാധിക്കാറില്ല. അങ്ങനെയാണ്‌, കണ്ണൂർ റെയിൽവേ സ്റ്റേഷന്‌ അടുത്തുള്ള പ്ലാസ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസിൽ ഒരു പതിവുകാരനായി മാറുന്നത്‌... കുറഞ്ഞവിലയ്ക്ക്‌ ഗുണമേന്മയുള്ള ഭക്ഷണം, ഒപ്പം സൗകര്യപ്രഥമായ അന്തരീക്ഷവും - ഇതായിരുന്നു അവിടേയ്ക്ക്‌ ആകർഷിക്കാനുള്ള പ്രധാന ഘടകങ്ങൾ. പതിയെപ്പതിയെ, 'പ്ലാസ' കോഫീ ഹൗസ്‌ സ്വന്തം വീടുപോലെ പ്രിയങ്കരമായി..

പ്ലാസ കോഫീ ഹൗസിലെ പ്രഭാതങ്ങൾക്ക്‌ എന്നും റൊമാന്റിക്‌ ഭാവമാണ്‌. ഫോർട്ട്‌ റോഡിലെ വാഹനങ്ങളുടെയോ ജനസഞ്ചയങ്ങളുടെയോ ബഹളങ്ങളൊന്നും ആ ഇടുങ്ങിയ ഇടനാഴിയിലൂടെ ഉള്ളിലേക്ക്‌ കടന്നുവരില്ല. ഹാളിൽ പ്രകാശത്തിന്റെ അതിപ്രസരമില്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത... സമാധാനമായിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റിയ അന്തരീക്ഷം. (പക്ഷേ, ആ ശാന്തതയൊന്നും ഉച്ചഭക്ഷണ സമയത്ത്‌ കണികാണാൻ കിട്ടില്ല... മറ്റേതൊരു കോഫീ ഹൗസിലേയുമെന്നതുപോലെ 'കസേരകളിക്കാരുടെ' ബഹളം ഗ്യാരണ്ടി..)


പൂരി - മസാല... കൂടെ ഒരു കാപ്പി; ഇതായിരുന്നു മിക്കവാറും എന്റെ മെനു. കീശയിലെ കാശിന്റെ കനത്തിനനുസരിച്ച്‌ പൂരികളുടെ എണ്ണം കൂടിയും കുറഞ്ഞുമിരുന്നു. പിന്നെയൊരു വീക്നെസ്‌ ഉപ്പുമാവ്‌ ആണ്‌.. (ഇന്നും അങ്ങനെ തന്നെ.. :)). കണ്ണൂർ ആസ്ഥാനമായുള്ള കോഫീ ഹൗസുകളിൽ 'നോൺ വെജ്‌' ഭക്ഷണം കിട്ടില്ല.. (ഇന്നും ആ പതിവ്‌ തുടരുന്നു എന്നാണെന്റെ വിശ്വാസം.) നോൺ വെജ്‌ വേണ്ടവർക്ക്‌ 'ബുൾസ്‌ ഐ' (പ്രാതലിന്‌) അല്ലെങ്കിൽ 'ഓംലറ്റ്' (ഉച്ചയൂണിന്‌) കഴിച്ച്‌ സമാധാനിക്കാം. പക്ഷേ, ഇതൊക്കെ പരീക്ഷിച്ചുനോക്കാനുള്ള ചങ്കൂറ്റം അന്നുണ്ടായിരുന്നില്ല.

ഫോർട്ട്‌ റോഡിൽ തന്നെയുണ്ട്‌ മറ്റൊരു ശാഖ... അക്കാലത്ത്‌ ഉച്ചയൂണ്‌ അവിടെ നിന്നാണ്‌. 14 രൂപയ്ക്ക്‌ അത്ര നല്ല ചോറും കറികളും വേറെ എവിടെ കിട്ടാൻ! ഇരിപ്പിടം കിട്ടാനുള്ള പരക്കംപാച്ചിലൊഴിച്ചാൽ ബാക്കിയെല്ലാം ബഹുകേമം. 'കാൽടെക്സി'ലാണ്‌ ഇനിയൊരെണ്ണം. ഹൈവേയുടെ ഓരത്തായതിനാൽ ഇവിടെ തിരക്കൊഴിഞ്ഞ നേരമില്ല.

കണ്ണൂരിലെ പഠനത്തിൽ നിന്നും തളിപ്പറമ്പിലെ ജോലിയിലേക്ക്‌ കാലുമാറ്റിച്ചവിട്ടിയപ്പോൾ, ഉച്ചഭക്ഷണത്തിന്‌ ഹൈവേയിലെ കോഫീ ഹൗസായിരുന്നു ആശ്രയം. കൂട്ടുകറിയും തൈരും കൂട്ടിക്കുഴച്ചുള്ള ആ 'അവസാന പിടുത്ത'ത്തിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ നിൽക്കുന്നു.. തലശ്ശേരി സ്റ്റേഡിയത്തിന്‌ സമീപം, പാലക്കാട്‌ ബസ്റ്റാന്റിന്‌ അരികെ, തൃശ്ശൂർ റൗണ്ടിൽ, എറണാകുളം സൗത്തിൽ, ബോട്ട്‌ ജെട്ടിക്കരികിൽ, കാലടിക്കടുത്ത് മറ്റൂര്‍ ജംഗ്ഷനില്‍... അങ്ങനെ ഒറ്റയ്ക്കും തെറ്റയ്ക്കും കയറിയിറങ്ങിയ കോഫീ ഹൗസുകളുടെ ലിസ്റ്റ്‌ നീളുന്നു...

തൊഴിലാളിവർഗ്ഗത്തിന്റെ ഒരുമയുടെയും സഹനത്തിന്റെയും അധ്വാനത്തിന്റെയുമൊക്കെ വിജയഗാഥയാണ്‌ ഇന്ന് ഇന്ത്യൻ കോഫീ ഹൗസുകൾക്ക്‌ പറയാനുള്ളത്‌.. 1940-കളിൽ, ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 'കോഫീ ബോർഡി'ന്റെ കീഴിൽ തുടക്കമിട്ട 'ഇന്ത്യ കോഫീ ഹൗസു'കളായിരുന്നു ഇന്നത്തെ 'ഇന്ത്യൻ കോഫീ ഹൗസു'കളുടെ പൂർവ്വികർ. എന്നാൽ 1950-കളുടെ മദ്ധ്യത്തോടെ, എന്തോ ചില നയപരമായ മാറ്റങ്ങളുടെ പേരിൽ, 'ബോർഡ്‌' കുറെയേറെ 'കോഫീ ഹൗസു'കൾ അടച്ചുപൂട്ടുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഒരു വലിയ തൊഴിലാളി മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു അത്‌... പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവായ സഖാവ്‌ എ. കെ. ഗോപാലന്റെ (എ.കെ.ജി) നേതൃത്വത്തിൽ, പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ ഒരുമിച്ചുകൂട്ടി, ഇന്ത്യയൊട്ടാകെ 'ഇന്ത്യ കോഫീബോർഡ്‌ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റി' എന്ന പേരിൽ സോസൈറ്റികൾ രൂപീകരിക്കുകയും അതിൽ ആദ്യത്തേത്‌ 1957 ആഗസ്ത്‌ മാസത്തിൽ ബാംഗ്ലൂരിൽ തുടക്കമിടുകയും ചെയ്തു. രണ്ട്‌ മാസങ്ങൾക്കു ശേഷം (1957 ഒക്ടോബർ 27), ഡെൽഹിയിൽ, ഇന്നുകാണുന്ന ഇന്ത്യൻ കോഫീ ഹൗസുകളുടെ ആദ്യശാഖ തുറന്നു. കേരളത്തിലെ ആദ്യ സോസൈറ്റി രൂപീകൃതമാവുന്നത്‌ 1958 ഫെബ്രുവരിയിൽ തൃശ്ശൂരിലാണ്‌. അതേവർഷം മാർച്ച്‌ 8-ന്‌, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ നാലാമത്തേതുമായ കോഫീ ഹൗസ്‌ ശാഖ, സാക്ഷാൽ എ.കെ.ജി തന്നെ തൃശ്ശൂരിൽ ഉത്ഘാടനം ചെയ്തു. ഇന്ന്, 50-ൽ അധികം ശാഖകളുമായി കേരളം, മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്‌...

കേരളത്തിൽ 2 സോസൈറ്റികളാണുള്ളത്‌; തൃശ്ശൂർ ഒഴികെയുള്ള മലബാർ ജില്ലകളിലെ കോഫീ ഹൗസുകളുടെ ആസ്ഥാനം കണ്ണൂരിലും, ബാക്കി ജില്ലകളുടെ കേന്ദ്രം തൃശ്ശൂരിലും... നേരത്തെ പറഞ്ഞതുപോലെ 'മലബാർ' കോഫീ ഹൗസുകൾ ശുദ്ധ വെജിറ്റേറിയന്മാരും 'തെക്കൻ' കോഫീ ഹൗസുകൾ നോൺ വെജുമാണ്‌... (ഈ പറഞ്ഞത്‌ സ്വയം രുചിച്ചറിഞ്ഞ്‌ കണ്ടെത്തിയത്‌..)

'മലബാറികൾക്ക്‌' പിന്നെയുമുണ്ട്‌ പ്രത്യേകത.. അതാത്‌ സമയങ്ങളിലെ ഭക്ഷണം മാത്രമേ കിട്ടുകയുള്ളൂ... എന്നുവച്ചാൽ, ഊണിന്റെ നേരത്ത്‌ ചായ ചോദിച്ചാൽ കിട്ടില്ല... പ്രാതലിന്‌ ഉപ്പുമാവ്‌, പൂരി-മസാല, ചപ്പാത്തി, പൊറോട്ട തുടങ്ങിയവ... ഉച്ചയ്ക്ക്‌ ചൂടുചോറും കറികളും മാത്രം.. കൂട്ടത്തിൽ കേമന്മാർ വൈകുന്നേരമാണ്‌ എത്തുക - മസാല ദോശ, വെജിറ്റബിൾ കട്‌ലറ്റ്‌.. സ്വന്തം കോഫീ ബോർഡിൽ നിന്നുമുള്ള പൊടി ചേർത്ത ഒരു കാപ്പിയോ ചായയോ കൂടെ ആയാൽ ബലേഭേഷ്‌! നല്ല ഒന്നാന്തരം കാപ്പിപ്പൊടിയും ഇവിടെ വാങ്ങാൻ കിട്ടും എന്നത്‌ മറക്കേണ്ട.



സമൂഹത്തിലെ ഉന്നതന്മാർ മുതൽ താഴേത്തട്ടിലെ സാധാരണക്കാർ വരെയെത്തുന്ന കോഫീഹൗസുകളിലെ ഭക്ഷണപ്രിയർക്കുമുണ്ട്‌ ചില പ്രത്യേകതകൾ... കൂടുതൽ പേരും കുടുംബത്തോടൊപ്പാണ്‌ ഇവിടെയെത്തുന്നത്‌.. സ്വന്തം വീട്ടിലെന്നതുപോലെ, ശാന്തത്തയോടെ, സന്തോഷത്തോടെ ഭക്ഷണം ആസ്വദിക്കുന്നവർ... എത്ര തിരക്കുണ്ടായാലും ക്ഷമയോടെ കാത്തിരിക്കുന്നവർ... 'വീട്‌ വിട്ടാൽ മറ്റൊരു വീട്‌' എന്ന പരസ്യവാചകം പോലെ, എല്ലാവരെയും സ്വീകരിക്കാൻ പ്രസന്നഭാവത്തോടെ, സദാ സന്നദ്ധരായി നിൽക്കുന്ന ജീവനക്കാർ... അവരുടെ ആതിഥേയത്വമൊക്കെ ആസ്വദിച്ച്‌, സംതൃപ്തിയോടെ മടങ്ങുമ്പോൾ 'അടുത്ത വരവ്‌ എപ്പോൾ' എന്നാവും ഓരോരുത്തരും ചിന്തിക്കുന്നുണ്ടാവുക.
 
ഇന്ന് രാവിലേയെന്നതുപോലെ, ഗൃഹാതുരമായ ഓർമ്മകളിൽ കോഫീഹൗസുകൾ തിളങ്ങുന്നു.. തലയിൽ പ്രത്യേകരീതിയിൽ മെടഞ്ഞ തൊപ്പിയും ധരിച്ച്‌, കയ്യിലെ ട്രേയിൽ നിന്നും ചൂടുകരിങ്ങാലിവെള്ളം നിറച്ച ഗ്ലാസ്സ്‌ മേശപ്പുറത്തുവച്ച്‌, 'എന്താണ്‌ കഴിക്കാൻ വേണ്ടത്‌?' എന്ന ചോദ്യഭാവത്തിൽ നിൽക്കുന്ന ഒരു വെള്ള വസ്ത്രധാരി കണ്മുന്നിൽ തെളിയുന്നു..
 
ഇന്ത്യൻ കോഫീ ഹൗസുകളിലെ എല്ലാ തൊഴിലാളികൾക്കും അഭിവാദനങ്ങൾ... ആശംസകൾ..



വാൽക്കഷണം: കോഫീഹൗസുകളിൽ പൊതുവായി കാണുന്നത്‌ ഒരാളുടെ ചിത്രം മാത്രം - തങ്ങളുടെ 'രക്ഷകനായി' അവതരിച്ച സഖാവ്‌ എ.കെ.ജി-യുടേത്‌!


(കടപ്പാട്‌: ഗൂഗിൾ, ഐ.സി.എച്ച്‌. വെബ്സൈറ്റ്‌, വിക്കിപീഡിയ)

13 comments:

  1. ഏറെ നാളുകള്‍ എന്‍റെ നാവിന് രുചി പകര്‍ന്ന്‍, ഇന്നും ഇനിയെന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഇന്ത്യന്‍ കോഫീ ഹൌസിന്.. സ്നേഹത്തോടെ, നന്ദിയോടെ..

    കോഫീ ഹൌസിന്റെ തികഞ്ഞ 'ഭക്തനായ' പപ്പേട്ടന് ഈ കുറിപ്പ് സമര്‍പ്പിക്കുന്നു..

    (വിശദാംശങ്ങളില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക... തിരുത്താന്‍ സദാ സന്നദ്ധം..)

    ReplyDelete
  2. "കൂട്ടുകറിയും തൈരും കൂട്ടിക്കുഴച്ചുള്ള ആ 'അവസാന പിടുത്ത'ത്തിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ നിൽക്കുന്നു."
    "തലയിൽ പ്രത്യേകരീതിയിൽ മെടഞ്ഞ തൊപ്പിയും ധരിച്ച്‌, കയ്യിലെ ട്രേയിൽ നിന്നും ചൂടുകരിങ്ങാലിവെള്ളം നിറച്ച ഗ്ലാസ്സ്‌ മേശപ്പുറത്തുവച്ച്‌, 'എന്താണ്‌ കഴിക്കാൻ വേണ്ടത്‌?' എന്ന ചോദ്യഭാവത്തിൽ നിൽക്കുന്ന ഒരു വെള്ള വസ്ത്രധാരി കണ്മുന്നിൽ തെളിയുന്നു."

    AGREE with you 100%. The saga of Coffee House is extra ordinary..

    ReplyDelete
  3. സെന്റ്‌ തോമസില്‍ നിന്ന്‌ എം.ഒ. റോഡിലേക്ക്‌ ദിനവുമുള്ള നടപ്പിനിടയില്‍ റൗണ്ട്‌ സൗത്തിലെ കോഫീ ഹൗസിന്റെ മുന്നിലെത്തുമ്പോള്‍... ആഹാ... ആ സുഗന്ധം... ഏത്‌ തിരക്കിനിടയിലും അതൊരു അനുഭൂതി തന്നെയായിരുന്നു...

    കോഫീ ഹൗസുകളുടെ ചരിത്രം കാര്യമായി തന്നെ ചികഞ്ഞെടുത്തിട്ടുണ്ടല്ലോ... സമ്മതിച്ചിരിക്കുന്നു... അടുത്ത പ്രോജക്റ്റ്‌ എന്താണ്‌?...

    ReplyDelete
  4. ഈ ഓര്‍മപ്പെടുത്തലിനുനന്ദി. ഇനി അവിടെയും നന്ദി സ്വീകരിക്കില്ലെ? എങ്കിലിതാ ഒരു കപ്പ്‌ ICH കോഫി :-)

    http://www.harding.edu/international/images/coffee%20cup.jpg

    ReplyDelete
  5. അനോണി.. (ആരാണാവോ?) - നന്ദി, ഇന്ത്യന്‍ കോഫീ ഹൌസുകള്‍ എന്നും നിലനില്‍ക്കട്ടെ എന്ന് ആശംസിക്കാം...

    വിനുവേട്ടാ - റൌണ്ട് സൌത്തിലെ കോഫീ ഹൌസില്‍ ഞാന്‍ രണ്ടുതവണ പോയിട്ടുണ്ട്... അടുത്ത വിഷയം? അതുതന്നെയാ എന്‍റെ മനസ്സിലും ഉള്ള ചോദ്യം... :)

    സുകന്യാജി - നന്ദി സ്വീകരിച്ചിരിക്കുന്നു... (പണം ചോദിക്കുന്നില്ല.. ഹിഹിഹി..). കോഫി സൂപ്പര്‍... നന്ദി പറഞ്ഞാല്‍ വേസ്റ്റ്‌ ആവുമോ?

    സഹൃദയരായ എല്ലാ സുഹൃത്തുക്കള്‍ക്കും അകമഴിഞ്ഞ നന്ദി...

    ReplyDelete
  6. തൃശ്ശൂരിൽ അന്ന് തുടക്കം കുറിച്ച ആ കോഫി ഹൌസിലെ പ്രഥമജോലിക്കാരുടെ പുത്തൻ തലമുറ ഇപ്പോൾ ആ ടൌണിലെ പല സ്വകാര്യ ഹോട്ടലുകളുടേയും തലതൊട്ടപ്പന്മാരാണ് കേട്ടൊ

    ഈ ചരിതം ഇഷ്ട്ടപ്പെട്ടു....

    ReplyDelete
  7. ബിലാത്തിപുരംകാരാ.. അപ്പൊ ഇന്ത്യന്‍ കോഫീ ഹൌസിന് അങ്ങനെ ഒരു ക്രെഡിറ്റ് കൂടെ അവകാശപ്പെടാം അല്ലേ...

    നന്ദി - ഈ സന്ദര്‍ശനത്തിനും അഭിപ്രായം അറിയിച്ചതിനും..

    ReplyDelete
  8. വേറിട്ട ഈ പോസ്റ്റ്‌ നന്നായിരിക്കുന്നു ട്ടോ.
    തൃശ്ശൂരിലെ റൌണ്ടിലെ ഇന്ത്യന്‍ കോഫി ഹൌസില്‍ മാത്രേ വന്നിട്ടുള്ളൂ ല്ല്ലേ? വടക്കേ ബസ്‌ സ്റാന്ടിനടുത്തുള്ള ഇന്ത്യന്‍ കോഫി ഹൌസിലെ ബീഫും,പൊറോട്ടയും കഴിച്ചിട്ടില്ലല്ലോ.അടുത്ത തവണ കഴിച്ചു നോക്ക്..ഒരു പോസ്റ്റ്‌ അതിന്റെ രുചിയെപ്പറ്റി മാത്രം ഇടും.

    ReplyDelete
  9. ഓര്‍മ്മകള്‍ നന്നായി കൊതിപ്പിച്ചു..
    മറ്റിടങ്ങളില്‍ നിന്നും വേറിട്ട അന്തരീക്ഷവും,രുചിയുമൊക്കെയാണു കോഫീഹൌസിനെ മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അല്ലേ..

    ReplyDelete
  10. സ്മിതാജി - തൃശ്ശൂരില്‍, റൌണ്ടിലെ കോഫീ ഹൌസില്‍ മാത്രമേ പോയിട്ടുള്ളൂ.. അടുത്ത തവണ വടക്കേ സ്റ്റാന്റ് വഴി പോവാം... പക്ഷെ, ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ അറിയാതെ 'പൂരി-മസാല' എന്ന് പറയുമോന്നാ ശങ്ക.. :)

    Rare Rose - അതെ, അത് തന്നെയാണ് സത്യം...

    രണ്ടാള്‍ക്കും നന്ദി...

    ReplyDelete
  11. നല്ല പോസ്റ്റ്. തൃശ്ശൂരിലെ ഈ പറഞ്ഞ രണ്ടു സ്ഥലത്തും - റൌണ്ടിലും വടക്കേ സ്റ്റാൻഡിലും, പോയിട്ടുണ്ട്, പോവാറുണ്ട്. കോഫീ ഹൌസിലെ അന്തരീക്ഷം ഒന്നു വേറെ തന്നെയാണ്.

    ReplyDelete
  12. coffey housile food pole nalla tasty post.

    ReplyDelete
  13. Malabarile coffee housilum epo non-veg section vannu, pakshe athe verthirichane,

    Caltex-il pazhaya coffee housinte mukalil non-veg section thudanghi, baki ella coffee housilum vaikuneram non-veg kitum!
    Uchayunine epo 19 rupayayi :)

    ReplyDelete