Monday, 4 October 2010

ബിരിയാണിച്ചായക്ക്‌ ഉപ്പില്ല!

'ട്രോജൻസ്‌ മീഡിയ' അവതരിപ്പിക്കുന്ന പുത്തൻ പുതിയ ജനോപദ്രവകാരിയായ കലോപഹാരം 'ബിരിയാണിച്ചായക്ക്‌ ഉപ്പില്ല!' എന്ന ഏകാങ്കനാടകത്തിന്റെ കലാശക്കൊട്ട്‌ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുന്നു... അതിന്‌ മുമ്പായി, ഈ നാടകത്തിന്റെ അണിയറപ്രവർത്തകരെ സസന്തോഷം നിങ്ങൾക്കായി പരിചയപ്പെടുത്തട്ടെ..

Susha
സുഷ ജോർജ്ജ്‌ - Wild Rose എന്ന ബ്ലോഗാങ്കന.. Daffodils In Desert എന്ന യാഹൂ ഗ്രൂപ്പിന്റെ സാരഥികളിൽ ഒരാൾ... കഴിഞ്ഞ ഏതാനും വർഷങ്ങളായി ദുബായിയിൽ അൽപസ്വൽപം ബിസിനസ്സുകളൊക്കെ ചെയ്ത്‌ സ്ഥിരതാമസമാക്കിയ കുടുംബിനി.

Arun
അരുൺ രാജ്‌ - തിരുവനന്തപുരത്തുനിന്നും കുറ്റിയും പറിച്ചുപോന്നതാണ്‌, ഇപ്പോ സൗദി അറേബ്യയിലെ ജുബെയിലിൽ ഒരു പ്രമുഖ കമ്പനിയിൽ ജോലി. ഒരു പായ്കറ്റ്‌ സിഗരറ്റ്‌ ഒന്നിച്ച്‌ വലിക്കുന്നതിനെപ്പറ്റിയുള്ള ഗവേഷണത്തിലാണ്‌ ടിയാൻ.. 'അരുണേട്ടൻ' എന്നുവിളിക്കപ്പെടാൻ തീരെ താൽപ്പര്യമില്ല, പക്ഷെ എന്തുചെയ്യാം... കുഴിയിലേക്ക്‌ കാലുംനീട്ടിയിരിക്കുന്ന വല്ല്യപ്പന്മാർ വരെ ഇദ്ദേഹത്തെ 'അരുണേട്ടാ' എന്നല്ലാതെ വിളിക്കില്ല..

Notty
നിഖിൽ നോട്ടി - Kerala Peers എന്ന യാഹൂ ഗ്രൂപ്പിന്റെ അമരക്കാരൻ.. പേരിന്റെ അവസാനഭാഗം സൂചിപ്പിക്കുന്നതുപോലെ തന്നെയാണ്‌ കയ്യിലിരിപ്പും... ദുബായിക്കാരനാണെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ല. തങ്കപ്പെട്ട മനുഷ്യൻ.. ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്യുക എന്നതാണ്‌ പ്രധാന ഹോബി. 'ഉദയനാണ്‌ താര'ത്തിലെ ജഗതിച്ചേട്ടനെപ്പോലെ, മുഖം മുഴുവൻ 'രസങ്ങൾ' വാരിപ്പൂശിയിരിക്കുന്നതിനാൽ, ഏത്‌ രസത്തിൽ ക്ലിക്ക്‌ ചെയ്യുമെന്നറിയാതെ ഫോട്ടോ എടുക്കുന്നവൻ കുഴങ്ങും!

Suresh - Jimmy - Prashanth
ഇവരെക്കൂടാതെ പ്രശാന്ത്, സുരേഷ് എന്നീ അതിഥിതാരങ്ങളും പിന്നെ ഈയുള്ളവനും! (വേറെ ഒരു പണിയുമില്ലാഞ്ഞിട്ട് എല്ലാവനും കൂടെ, ഈദ്‌ അവധിയുടെ പേരിൽ, കെട്ടും കെട്ടി ദുബായിയിലേക്ക് വണ്ടി കയറിയിരിക്കുകയാണ്‌..)



ഞങ്ങൾക്ക് ഈ വേദി ഒരുക്കിത്തന്ന ദുബായ് - കരാമയിലെ കാലിക്കറ്റ് പാരഗൺ ഹോട്ടലിലെ എല്ലാ നല്ലവരായ പ്രവർത്തകർക്കും ‘ട്രോജൻസ്‌ മീഡിയ’യുടെ അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ....

'നാട്ടകം' ആരംഭിക്കുന്നു!!

------------------ --------------------------------------------- ----------------------
ദുബായ്‌ പര്യടനത്തിന്റെ മഹത്തായ ആറാം ദിനം... ഔട്ട്‌ ലറ്റ്‌ മാളിലും 'സ്നോ വൈറ്റി'ലുമൊക്കെ അൽപ്പം ഷോപ്പിംഗ്‌, ഉച്ചയൂണിന്റെ നേരത്ത്‌ സുഷയുമായി കൂടിക്കാഴ്ച.. വൈകുന്നേരം അരുണേട്ടന്റെ ബന്ധുവിനെ കാണാൻ ജബൽ അലി ഫ്രീ സോണിലേക്കൊരു യാത്ര... തലേദിവസം രാത്രിയിൽ തന്നെ പരിപാടികളൊക്കെ തയ്യാറാക്കി കിടന്നെങ്കിലും പതിവുതെറ്റിക്കാതെ എല്ലാവരും താമസിച്ചുതന്നെ ഉറക്കമുണർന്നു!

നോട്ടിച്ചേട്ടൻ കാലേക്കൂട്ടി ഹാജർ വച്ചിരിക്കുന്നു... ഇനിയിപ്പോ രക്ഷയില്ല, വേഗം റെഡിയായി ഇറങ്ങുക തന്നെ... ഇടയ്ക്ക്‌ ഷാർജയിൽനിന്നും സുഷയുടെ ഫോൺ കോൾ... ഞങ്ങളുടെ നീക്കങ്ങൾ അറിഞ്ഞിട്ടുവേണം കക്ഷിക്ക്‌ അവിടെനിന്നും പുറപ്പെടാൻ... ലഞ്ച്‌ ഒന്നിച്ചുകഴിക്കുന്ന കാര്യം ഒന്നുകൂടെ ഓർമ്മിപ്പിക്കാൻ അവൾ മറന്നില്ല.

ഔട്ട്‌ ലറ്റ്‌ മാളിനെയും ദുബായ്‌ മാളിനെയുമൊക്കെ അവരുടെ പാട്ടിനുവിട്ട്‌ നേരെ Carrefour-ലേക്ക്‌ വണ്ടി വിട്ടു. അവിടെ നടത്താൻ പറ്റുന്ന ഷോപ്പിംഗ്‌ നടത്തി വേഗം സ്ഥലം വിട്ടോ എന്ന മട്ടിലാണ്‌ നോട്ടിച്ചേട്ടന്റെ നടപ്പ്‌. അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി എല്ലാവരും പുറത്തുകടന്നു. സുഷ എത്തിച്ചേരാൻ ഇനിയും സമയമുണ്ട്‌.. അപ്പോളേക്കും 'ദുബായ്‌ മ്യൂസിയം' കാണാമെന്നുള്ള നോട്ടിച്ചേട്ടന്റെ നിർദ്ദേശം ഐക്യകണ്ഠേന പാസ്സാക്കപ്പെട്ടു... പെട്ടെന്ന് തോന്നിയ ഐഡിയ ആയിരുന്നെങ്കിലും, അവിടം കാണാതെ പോയിരുന്നെങ്കിൽ ചെറുതല്ലാത്തൊരു നഷ്ടം തന്നെ ആയേനേയെന്ന് ആ മ്യൂസിയത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തോന്നി. അടുത്ത ലക്ഷ്യം 'സ്നോവൈറ്റ്‌'... അവിടെയെത്തി അധികം താമസിയാതെ തന്നെ സുഷയുടെ വിളി വീണ്ടും - ആൾ 'ലുലു'വിന്റെ മുന്നിൽ ഹാജർ വച്ചിരിക്കുന്നു. 'ഞങ്ങൾ ഇതാ വരുന്നു' എന്ന് ഉറപ്പുകൊടുത്ത്‌ 'സ്നോവൈറ്റി'ലെ തുണികൾക്കിടയിലൂടെ ഊളിയിട്ടു.

സമയം ഏതാണ്ട്‌ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു, ഷോപ്പിംഗിന്റെ ഹരത്തിനിടയിൽ ആരും അതത്ര കാര്യമായി എടുത്തില്ല. പക്ഷേ ഇനിയും താമസിച്ചാൽ ചിലപ്പോൾ നാരീകോപത്തിന്‌ ഇരയാവേണ്ടി വരും എന്ന തിരിച്ചറിവിൽ പുറപ്പെട്ടു ചെല്ലുമ്പോൾ, 'ലുലു'വിന്റെ മുന്നിലും പിന്നിലും ഉള്ളിലുമൊന്നും സുഷയെ കാണാനില്ല! തിരികെ പോയോ എന്ന സംശയത്തിൽ ഫോൺ വിളിച്ചു. ഇല്ല, പോയിട്ടില്ല... ലുലുവിന്റെ മുന്നിൽ കാത്തുനിന്ന് മടുത്തിട്ട്‌, അടുത്തുള്ള ബസ്‌ ഷെൽട്ടറിൽ കയറിയിരിപ്പാണ്‌ കക്ഷി. കനം വച്ച മുഖവുമായി ആൾ രംഗപ്രവേശം ചെയ്തു; അത്രനേരം കാത്തിരുന്ന് മുഷിഞ്ഞതിന്റെ സകല ഐശ്വര്യവും ആ മുഖത്ത്‌ കാണാനുണ്ട്‌! ഹോ, എന്തൊരു തേജസ്‌!!

'നിങ്ങളെന്താ, ദുബായ്‌ മുഴുവൻ വാങ്ങിക്കോണ്ട്‌ പോവാൻ വന്നതാണോ?'

ആൾ നല്ല ചൂടിൽ തന്നെ. തിരുവായ്ക്ക്‌ എതിർ വാ ഇല്ലെന്ന മട്ടിൽ, ആരും മറുത്തൊന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ, കൊടുങ്കാറ്റ്‌ വീശുമ്പോൾ ആരും ഓലക്കുട ചൂടില്ലല്ലോ... ഇത്തിരി കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞപ്പോൾ രംഗം ശാന്തമായി. അപ്പോളേക്കും അജണ്ടയിലെ അടുത്ത ഇനം അവതരിപ്പിക്കപ്പെട്ടു - ലഞ്ച്‌. വിശപ്പിന്റെ കാര്യത്തിൽ സൗദിയെന്നോ ദുബായിയെന്നോ വ്യത്യാസമില്ലാത്തതിനാൽ, അധികം ചർച്ചകളൊന്നും കൂടാതെ തന്നെ തീരുമാനമായി. അങ്ങനെ 'കാലിക്കറ്റ്‌ പാരഗണി'ലെ 2 മേശകൾക്ക്‌ ചുറ്റും എല്ലാവരും അക്ഷമയോടെ ആസനസ്ഥരായി...

ചോറും കറികളുമൊക്കെ നിരന്നു; ആക്രാന്തത്തിന്റെ കാര്യത്തിൽ ആരും മോശമായില്ല. ഫോൺ വിളിക്കുമ്പോളെല്ലാം ഭക്ഷണം കഴിക്കുന്ന കാര്യം ഓർമ്മിപ്പിക്കാൻ സുഷ കാണിച്ച ശുഷ്കാന്തിയുടെ ഗുട്ടൻസ്‌ പിടികിട്ടി; അത്ര നല്ല പോളിംഗ്‌. ഇന്നത്തെ ഈ ഉച്ചയൂണിനായി പുള്ളിക്കാരി ഇന്നലത്തെ അത്താഴം വരെ ഉപേക്ഷിച്ച ലക്ഷണമുണ്ട്‌. 'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യം തീന്മേശയിലെങ്കിലും പ്രാവർത്തികമാക്കാൻ എല്ലാവർക്കും സാധിച്ചു എന്നത്‌ ചെറിയ കാര്യമാണോ?. 'അധ്വാനിച്ച്‌' ഭക്ഷണം കഴിച്ചതിന്റെ ക്ഷീണത്തിൽ ഇരിക്കുമ്പോളാണ്‌ 'ചായ വേണോ, ഐസ്ക്രീം വേണോ' എന്നൊക്കെ ചോദിച്ച്‌ വെയിറ്ററുടെ വരവ്‌..

'ഓരോ ബിരിയാണിച്ചായ ആയാലോ?'

ചോദ്യം സുഷയുടെ വകയാണ്‌... ബിരിയാണിച്ചായ? അങ്ങനെ തന്നെയാണോ കേട്ടത്‌ എന്നുറപ്പിക്കാൻ നോട്ടം അവളുടെ നേരെ തിരിച്ചു.

'ഇതുവരെ കുടിച്ചിട്ടില്ലേ, ബിരിയാണിച്ചായ?'

കേട്ടത്‌ സത്യം തന്നെ... പക്ഷേ, സീറ്റിൽ ഒന്ന് ഇളകിയിരുന്ന്, പരമാവധി പുച്ഛഭാവം മുഖത്തേക്ക്‌ ആവാഹിച്ച്‌, അവൾ തൊടുത്ത ആ ചോദ്യശരത്തിൽ എന്തോ ഒരു കുണുക്കേടില്ലേ?

'സൗദിയിൽ നിന്നും ഈ കണ്ട ദൂരം മുഴുവൻ സഞ്ചരിച്ച്‌ ദുബായ്‌ വരെ വന്നിട്ട്‌, 'ബിരിയാണിച്ചായ' എന്നൊരു ഭീക്ഷണിക്ക്‌ മുന്നിൽ തലകുനിക്കുകയോ? ഛേയ്‌, മോശം... മോശം..' - ഉള്ളിലെവിടെയോ ആരോ മന്ത്രിക്കും പോലെ... പിന്നെ ഒന്നും ആലോചിച്ചില്ല, ഒരു ലെമൺ ടീ കുടിക്കാമെന്ന അതിമോഹമൊക്കെ അടിച്ചമർത്തി, ബിരിയാണിച്ചായ എന്ന പുത്തൻ അവതാരത്തിനായി കൈ പൊക്കി... അങ്ങനെ അഞ്ചും ഒന്നും ആറ്‌ ബിരിയാണിച്ചായകൾക്കുള്ള ഓർഡറുമെടുത്ത്‌ വെയിറ്റർ മറഞ്ഞു.

മട്ടൺ ബിരിയാണി, ചിക്കൻ ബിരിയാണി എന്നൊക്കെ പറയുമ്പോലെ ബിരിയാണിച്ചായയിലും അത്തരം വകതിരിവുകളുണ്ടോ? ഏത്‌ അരിയായിരിക്കും ബിരിയാണിച്ചായയിൽ ഉപയോഗിക്കുക? ബിരിയാണിയുടെ മസാലയും ചായയും പാലുമൊക്കെ എങ്ങനെ കൂടിച്ചേരും?? ആലോചിക്കുംതോറും സംശയങ്ങൾ കൂടുന്നു... ഇതൊക്കെ സുഷയോട്‌ ചോദിച്ച്‌ മനസ്സിലാക്കാമെന്ന് വച്ചാൽ, ആ ഹോട്ടലിന്റെ മുതലാളിയെക്കാളും ഗമയിലാണ്‌ അവളുടെ ഇരിപ്പ്‌! നേരത്തെ മുഖത്തേക്ക്‌ ആവാഹിച്ചുവച്ച പുച്ഛഭാവത്തിന്‌ തെല്ലുമില്ല മാറ്റം... ബിരിയാണിച്ചായ കണ്ടുപിടിച്ചത്‌ തന്നെ താനാണ്‌ എന്ന മട്ട്‌... വെറുതെ ചോദിച്ച്‌ കൂടുതൽ കുഴപ്പങ്ങളൊന്നും ഉണ്ടാക്കേണ്ട എന്ന് കരുതി, തികട്ടി വന്ന സംശയങ്ങളെ അടക്കിപ്പിടിച്ച്‌ കാത്തിരുന്നു...

സുഷയൊഴികെ, ബാക്കിയുള്ളവരെല്ലാം തങ്ങളുടെ മുന്നിലേക്ക്‌ എത്തിച്ചേരാൻ പോകുന്ന ആ വിശിഷ്ട പാനീയത്തെക്കുറിച്ചുള്ള ആകാംഷയിലാണെന്ന് സ്പഷ്ടം. അധികം വൈകാതെ തന്നെ, ഒരു ട്രേയ്ക്കുള്ളിൽ 6 ഗ്ലാസ്സുകളും താങ്ങിപ്പിടിച്ച്‌ വെയിറ്റർ എത്തി; ഓരോരുത്തരുടെ മുന്നിലായി ഓരോ ഗ്ലാസ്സുകൾ പ്രതിഷ്ഠിക്കപ്പെട്ടു...

'ശെടാ, ഇത്‌ ബീയർ അല്ലേ? ഗ്ലാസ്സിലേക്ക്‌ ഒഴിച്ച ദ്രോഹി അതു മുഴുവൻ പതപ്പിച്ചുകളഞ്ഞല്ലോ..'

കണ്മുന്നിലെത്തിയ ഗ്ലാസ്സിലേക്ക്‌ നോക്കിയപ്പോൾ ആദ്യം മനസ്സിൽ തോന്നിയത്‌ ഇങ്ങനെ... ഗ്ലാസ്സിന്റെ മുക്കാൽ ഭാഗവും നല്ല വെളുവെളുത്ത പത... അടിഭാഗത്തായി നല്ല ബ്രൗൺ നിറത്തിൽ എന്തോ ദ്രാവകം കാണപ്പെടുന്നുണ്ട്‌... ഒറ്റനോട്ടത്തിൽ ബീയർ അല്ലെന്ന് മദ്യവർജ്ജന സമിതിക്കാരുപോലും പറയില്ല!

ഇനി എന്ത്‌?? സുഷയെ ഒന്ന് പാളിനോക്കി... 'മുതലാളി.. പുച്ഛം.. മസ്സിലുപിടുത്തം..' ഇല്ല, ഭാവപ്രകടനങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല...

"ക്രീം അധികമാണെന്ന് തോന്നുന്നെങ്കിൽ എടുത്ത്‌ മാറ്റിക്കോളൂ.."

ഹാവൂ, അവസാനം ഭവതി തിരുവാ മൊഴിഞ്ഞു... പറഞ്ഞതല്ലേ, ഇനി അനുസരിച്ചില്ല എന്നുവേണ്ട. ഇങ്ങനെ എടുത്ത്‌ കളയാനായിരിക്കും ഗ്ലാസ്‌ നിറയെ ക്രീം നിറച്ചുവച്ചിരിക്കുന്നത്‌.. അല്ലെങ്കിൽ, അതായിരിക്കും അതിന്റെ ഇത്‌.. എന്നുവച്ചാൽ, കഴിക്കേണ്ട രീതി... ആറ്റുനോറ്റുകിട്ടിയ ബിരിയാണിച്ചായയല്ലേ, അതിന്റേതായ ഗമയിൽ തന്നെ കഴിക്കണം...

ഒട്ടും താമസിച്ചില്ല, ഒരു സ്പൂണെടുത്ത്‌ ഗ്ലാസ്സിനുള്ളിൽ പഞ്ഞിപോലെ കിടക്കുന്ന പതയെ കോരിക്കോരി അടുത്തുകിടന്ന പ്ലേറ്റിലേക്ക്‌ 'ട്രാൻസ്പോർട്ട്‌' ചെയ്തു!! ഇടയ്ക്ക്‌ തലയുയർത്തി നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ മനംകുളിർത്തു - ഒരാളുടെ മുന്നിലൊഴികെ (അതാരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ?) ബാക്കി എല്ലാവരുടെയും മുന്നിലെ പ്ലേറ്റുകളിൽ പത നിറഞ്ഞിരിക്കുന്നു!! ഗ്ലാസ്സുകളിലെ ക്രീം ഏതാണ്ട്‌ തീർന്ന മട്ടായി..

"അയ്യോ, മുഴുവൻ കോരിക്കളയല്ലേ.. ബാക്കി അതിൽ ഇളക്കിച്ചേർക്കൂ.."

അതാ വരുന്നു അടുത്ത നിർദ്ദേശം... ഇവൾക്ക്‌ ഇതൊക്കെ ആദ്യമേ അങ്ങ്‌ പറഞ്ഞുകൂടെ? പ്ലേറ്റിൽ കിടക്കുന്ന പതയെ ഒന്നുകൂടെ നോക്കി... കോരിക്കളഞ്ഞത്‌ അധികമായോ? ആരും കാണാതെ കുറച്ചെടുത്ത്‌ ഗ്ലാസ്സിലേക്ക്‌ തിരികെയിട്ടാലോ? ആലോചിച്ച്‌ നിൽക്കാൻ സമയമില്ല, കാരണം ബിരിയാണിച്ചായ അതിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നിരിക്കുന്നു..

'ഉള്ള ക്രീമുംകൊണ്ട്‌ ഓണം പോലെ' എന്നുറപ്പിച്ച്‌, സ്പൂൺ കൊണ്ട്‌ നന്നായിളക്കി ബാക്കി ക്രീം അലിയിച്ചെടുത്തു... അതുവരെ 'ഒബാമ'യുടെ ചേലിലിരുന്നവൻ ക്രീം പുരട്ടി 'ബിൽ ക്ലിന്റണാ'യി.. ഉള്ളതുപറഞ്ഞാൽ, ആദ്യം വന്ന 'ഓബാമയ്ക്ക്‌' തന്നെ ഭംഗി.. ഇപ്പോ കണ്ടാൽ ഒരു സാദാ 'ലൈറ്റ്‌' ചായ എന്നുപറയും, അത്ര തന്നെ... പക്ഷേ, ഇത്‌ ജനുസ്സ്‌ വേറെയല്ലേ.. അതുകൊണ്ട്‌ അൽപം ബഹുമാനമൊക്കെ ആവാം..

ബിരിയാണിച്ചായ റെഡി... ഒരാളൊഴികെ (ഇല്ല, ആരാണെന്ന് പറയൂല്ല.. വേണേൽ ചൂണ്ടിക്കാണിക്കാം..) ബാക്കി എല്ലാവരും കുടിക്കാനും റെഡി... ഏതാണ്ട് ഒരേ സമയത്തുതന്നെ ആ മഹനീയ കർമ്മം നടന്നു... ആദ്യകവിൾ കുടിച്ച്, എല്ലാവരും ഗ്ലാസ്സുകൾ മേശയിൽ വച്ചു... പരസ്പരം ഒന്നുനോക്കി... ആർക്കും പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നുമില്ല... പിന്നെ എല്ലാ കണ്ണുകളും സുഷയുടെ നേരെ തിരിഞ്ഞു... അവിടെയും തഥൈവ... ‘മുതലാളി... പുച്ഛം.... മസ്സിലുപിടുത്തം..’ പ്രകടനം ഇത്തിരി കൂടിയിട്ടുണ്ടെങ്കിലേയുല്ലൂ.. അന്തരീക്ഷമാകെ, അവാർഡ് സിനിമ പ്രദർശിപ്പിക്കുന്ന തീയ്യേറ്ററിന്റെ പ്രതീതി...

കൈകൾ വീണ്ടും ഗ്ലാസ്സുകളിലേക്ക്... രണ്ടാമത്തെ കവിൾ.. ഇത്തവണ രുചിഭേദങ്ങളൊക്കെ മനസ്സിലാക്കിത്തന്നുകൊണ്ടാണ്‌ ചായയുടെ യാത്ര... ഗ്ലാസുകൾ വീണ്ടും മേശപ്പുറത്ത് മടങ്ങിയെത്തി... കണ്ണുകൾ തമ്മിലുടക്കി... തലകൾ കുലുങ്ങി..

“ഇത് നമ്മുടെ സാധാരണ ചായ തന്നെയല്ലേ? ഇതിനെന്താ പ്രത്യേകത..?”

വീർപ്പുമുട്ടലുകൾക്ക് വിരാമമിട്ട്, വാക്കുകൾ ശബ്ദരൂപേണ പുറത്തേക്ക് പോന്നു.. ആരാണ്‌ ഉത്തരം പറയേണ്ടതെന്ന് എല്ലാവർക്കും വ്യക്തമായി അറിയാവുന്നതുകൊണ്ട്, മറുപടിക്കായി കാത്തു.. മാഡം തന്റെ ഗ്ലാസ്സെടുത്ത് ഒരു കവിൾ ചായ ആസ്വദിച്ചുകുടിച്ചു.. എന്നിട്ട് പതുക്കെയെങ്കിലും തനിക്കറിയാവുന്ന മലയാളത്തിൽ ഇങ്ങനെ അരുളിച്ചെയ്തു;

“അതെ, ഇതിന്‌ സാദാ ചായയുടെ രുചി തന്നെ... പക്ഷേ, ഇത് ആദ്യം കൊണ്ടുവന്നപ്പോഴുള്ള ആ രീതി കണ്ടില്ലേ, ഓരോരൊ ലെയറുകളായി ഒഴിച്ചിരിക്കുന്നത്? അതാണ്‌ ഈ ചായയുടെ പ്രത്യേകത... അങ്ങനെ ഒ​‍ാരോ ലെയറുകളായി തയ്യാറാക്കുന്നതുകൊണ്ടാണ്‌ ഇതിനെ ബിരിയാണിച്ചായ എന്ന് വിളിക്കുന്നത്..”

എന്തോ വലിയ ഒരു രഹസ്യം വെളിപ്പെടുത്തിയ മട്ടിൽ, സുഷ പറഞ്ഞവസാനിപ്പിച്ചു...

ദാണ്ടെ കിടക്കുന്നു...! അപ്പോ ഇതിനാണോ ഈ പങ്കപ്പാടൊക്കെ നടത്തിയത്?? ആദ്യം വന്നവനാണ്‌ ഒറിജിനൽ ബിരിയാണിച്ചായ!! സ്പൂണിട്ടിളക്കിയാൽ അവൻ വെറും സാദാ ചായ!! നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഒരു ഫോട്ടോ എടുത്തുവയ്ക്കാമായിരുന്നു.. ഇനിയിപ്പോ അതും നടക്കില്ല.. (ഒരു ഫോട്ടോ എടുക്കാൻ, വേറെ ആരെങ്കിലും ഓർഡർ ചെയ്ത ബിരിയാണിച്ചായ ആ വഴി കടന്നുപോകുന്നുണ്ടൊ എന്ന് നോക്കി കുറെ നിന്നെങ്കിലും നിരാശയായിരുന്നു ഫലം.. അവരൊക്കെ അവിടുത്തെ സ്ഥിരം കസ്റ്റമേഴ്സ് ആയിരിക്കണം!!)

എങ്കിലും, കിട്ടിയതാവട്ടെ എന്നുകരുതി, പാതിയായ ഒരു ഗ്ലാസ്സിന്റെ ഫോട്ടോ കീച്ചി... അതാണ്‌ ഈ കാണുന്നത്... നമ്മുടെ ഹീറോ - ബിരിയാണിച്ചായ!!

ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ, ഞങ്ങളിരുന്ന മേശയിലേക്ക് വെറുതെ ഒന്നു തിരിഞ്ഞുനോക്കി... കാലിയായിരിക്കുന്ന ഗ്ലാസ്സുകൾക്കിടയിലൂടെ, നിരന്നിരിക്കുന്ന പ്ലേറ്റുകളിൽ കോരിവച്ചിരിക്കുന്ന പതയുടെ തിളക്കം, ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നതുപോലെ... (ഒരബദ്ധമൊക്കെ ഏത് സൗദിക്കും പറ്റും ചേട്ടാ...)

ഇതി ചായാ!! 

22 comments:

  1. മനോഹരമായ ഒരു ദുബായ് യാത്രയുടെ ഓര്‍മ്മയ്ക്ക്...

    ReplyDelete
  2. endae jeevithathil undo button undayiruenkil ennu aashicha oru situation ayirunnu ithu...inni iganae oru abadham, athum prethkichu eee saudikaludae adukal pataruthae ennanu endae prathana...innu amruthu undel polum njan mindillae......pavam oru dubayikarri....

    ReplyDelete
  3. പാച്ചുവും കോവാലനും കൂടി ദുബായ്‌ ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോഴേ തീരുമാനിച്ചതാണ്‌ ഇതുപോലെ എന്തെങ്കിലും അബദ്ധം ഒപ്പിച്ചുകൊണ്ട്‌ വരുമെന്ന്‌... എന്തായാലും നിരാശരാക്കിയില്ല ഞങ്ങളെ...

    ഇത്‌ ആറാമത്തെ ദിവസം പറ്റിയ അക്കിടി അല്ലേ? ഇതിനു മുമ്പുള്ള അഞ്ച്‌ ദിവസങ്ങളിലും പറ്റിയ അബദ്ധങ്ങളെക്കുറിച്ച്‌ അറിയാന്‍ കാത്തിരിക്കുന്നു...

    ReplyDelete
  4. ഒരബദ്ധമൊക്കെ ഏത് ജിമ്മിക്കും പറ്റുമെന്നറിയാം...
    അഭിനേതാക്കളെ പരിചയപ്പേടുത്തിയെങ്കിലും...നാടകാവതരണത്തെ കുറിച്ചൊന്നും കാച്ചിയില്ലല്ലോ ഭായ്
    എഴുത്ത് കുഴപ്പമില്ല ..കേട്ടൊ

    ReplyDelete
  5. ബിലാത്തി പറഞ്ഞത് ഒന്ന് തിരുത്തി പറയുന്നു.
    ഏത് അബദ്ധവും ഒരു ജിമ്മിക്കു പറ്റും. ഹഹഹ...

    പറയാതിരിക്കാന്‍ കഴിയില്ല അബദ്ധം വിവരിക്കുന്നതില്‍ അപാര കഴിവുണ്ട്.

    ReplyDelete
  6. എനിക്ക്‌ ചിരിക്കാന്‍ വയ്യേ... അതൊരു സൂപ്പര്‍ ഗോളായിപ്പോയല്ലോ സുകന്യ...

    ReplyDelete
  7. സുഷ - ഹഹഹ... സാരമില്ല കേട്ടോ... ഇനിയും അവസരം തരാം.. :P

    വിനുവേട്ടാ - ചിരിച്ചോ, ചിരിച്ചോ.. എനിക്കും കിട്ടും ചാന്‍സ്... പിന്നെ, ബാക്കി അബദ്ധങ്ങള്‍ പറയുന്നതിന് മുന്നെതന്നെ 'A380' ലാന്റ് ചെയ്തില്ലേ..

    ബിലാത്തിപുരംകാരാ - നന്ദി, ഈ സന്ദര്‍ശനത്തിനും കമന്റിനും...

    സുകാന്യജീ - വല്ലാത്ത ഗോളുതന്നെ ആയിപ്പോയി ട്ടോ.. every jimmy has a day എന്നല്ലേ ആരോ പറഞ്ഞിട്ടുള്ളത്... അപ്പോ മടക്കിത്തരാം... ഇല്ലെങ്കില്‍ എന്‍റെ പേര്... (വേണ്ട, ചേച്ചി ചിലപ്പോള്‍ അങ്ങനെ ചെയ്യാന്‍ സാധ്യതയുണ്ട്...)

    പതിവില്ലാതെ ഒത്തിരിപ്പേര്‍ ഈ വഴി വന്നുപോയി.... എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  8. ജിമ്മിച്ചാ,
    ഞാനൊരു സൈക്കിളും മൈക്കുമെടുത്ത് ഇറങ്ങാന്‍ പോകുവാ..
    തന്നെം തന്റെ ബിരിയാണിച്ചായേം നാറ്റിച്ചില്ലേല്‍ തന്റെ പട്ടിക്ക് തന്റെ പേര്‍ താനിട്ടോ..
    “ടേ..!!”
    പോട്ടെ സാര്‍

    ReplyDelete
  9. ബിരിയാണിക്കഞ്ഞി കിട്ടിയില്ലല്ലോ അത് ഭാഗ്യം.

    ReplyDelete
  10. ലടുകുട്ടന്‍ - നന്ദി..

    ചാര്‍ളിച്ചായാ - സൈക്കിളും മൈക്കും എടുത്ത് ഇറങ്ങുന്നതൊക്കെ കൊള്ളാം... പക്ഷെ എന്‍റെ പേരുള്ള വല്ല പട്ടിയും കടിക്കാതെ നോക്കണേ.. :P

    യൂസുഫ്പ - ഇപ്പൊ ബിരിയാണി എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാ... നന്ദി, ഈ സന്ദര്‍ശനത്തിന്...

    ReplyDelete
  11. ബിരിയാണി ചായ അസ്സലായി.

    ReplyDelete
  12. ഹ ഹ ഹാ...ബിരിയാണിച്ചായ, പണ്ട് ഞങ്ങള്‍ക്ക് കൊള്ളി ബിരിയാണി കിട്ടിയ പോലെയായി!!

    ReplyDelete
  13. തെച്ചിക്കോടനും അരീക്കോടനും നന്ദി..

    ReplyDelete
  14. അപ്പോ ദിതാണ് ബിരിയാണിച്ചായയുടെ ഗുട്ടന്‍സ്... ല്ലേ?

    ReplyDelete
  15. പേറ്റന്റ്‌ എടുക്കാന്‍ മറക്കല്ലേ ....

    ReplyDelete
  16. അത് ശരി.വിനുവേട്ടന്റെ ടൂത്ത് പാസ്റ്റും എ-380
    ഉം കണ്ടിരുന്നു.ഇങ്ങനെ കുറേപ്പേര്‍ ഈ നാട്ടില്‍ വന്നു
    പോയത് അറിഞ്ഞില്ല.വെറുതെ അല്ല കരാമയില്‍ ഒരാഴ്ച
    നല്ല തിരക്ക് ആയിരുന്നു..

    സംഭവം രസിച്ചു..ദേ ഞാന്‍ നല്ല അടിച്ചു ആറ്റിയ മസാല ചായ
    ഉണ്ടാക്കി വെച്ചിട്ടുണ്ട്.വന്നു നോക്കു.http://vincentintelokam.blogspot.com
    (വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും).

    ReplyDelete
  17. Nice to read it. You have made made it very interesting, Jimmichaa.

    ReplyDelete